22/04/2026

എടുത്തോണ്ട് പോകുന്നുണ്ടോ ഇതിനെ…. എനിക്ക് ഇഷ്ടല്ല ഇതിനെ അമ്മേം എനിക്ക് ഇഷ്ടല്ല ..

രച്ചൂസ് പപ്പൻ

#പുഞ്ചിരി

എടുത്തോണ്ട് പോകുന്നുണ്ടോ ഇതിനെ…. എനിക്ക് ഇഷ്ടല്ല ഇതിനെ അമ്മേം എനിക്ക് ഇഷ്ടല്ല .. ന്നേ വേണ്ടാത്തത് കൊണ്ടല്ലേ അമ്മ വേറെ കൊച്ചിനെയും കൊണ്ട് ഇങ്ങോട്ട് വന്നത് എന്നെ തൊടണ്ട…. എനിക്ക് അച്ഛമ്മയുടെ കൂടെ പോയാൽ മതി…
രണ്ടാമത്തെ പ്രസവവും കഴിഞ്ഞു വീട്ടിലേക്ക് വന്ന എന്നോട് ചിലങ്കമോൾ അത് പറഞ്ഞപ്പോൾ അതിശയം ആണ് തോന്നിയത്….

എന്താ മോളെ ഇങ്ങനെ ഒക്കെ പറയണേ… നീ തന്നെ അല്ലെ അമ്പാടികണ്ണനോട് അനിയൻ വാവയെ തരണേ എന്ന് പറഞ്ഞത്… എന്നിട്ട് ഇപ്പോൾ വാവേ വേണ്ടേ ന്റെ ചിലങ്കമോൾക്….എന്ന് ഞാൻ ചോദിക്കുമ്പോൾ….

നിക്ക് അമ്മേം വേണ്ട അമ്മേടെ വാവേം വേണ്ട….. എന്ന് പറഞ്ഞു മോള് ഏട്ടന്റെ അമ്മയുടെ പിന്നിലേക്ക് മറഞ്ഞിരുന്നു…

കണ്ണൻ വാവയുടെ മുഖത്ത് നോക്കി ഇങ്ങനെ ഒക്കെ പറയാമോ മോളെ… നിന്റെ കുഞ്ഞനിയന് അല്ലെ.. അവൻ എന്ന എന്റെ ചോദ്യത്തിന്…

അച്ഛമ്മ പറഞ്ഞൂലോ… അമ്മക്ക് എന്നോടുള്ള സ്നേഹം പോയോണ്ട പുതിയ കൊച്ചിനെ കൊണ്ടുവന്നേന്ന്… ഇനി അച്ഛനും അമ്മയും എന്നെ എവിടെം കൊണ്ടോവില്ലന്നും എനിക്കൊന്നും വാങ്ങി തരില്ലാന്നും അച്ഛമ്മ പറഞ്ഞു സത്യാണോ അമ്മേ… എന്ന് ചോദിച്ചു തീർന്നതും വലിയ വായിൽ കരഞ്ഞിരുന്നു ന്റെ മോൾ..

എന്താ അമ്മേ… ഇത്…. കുഞ്ഞിനോട് ഇങ്ങനെ ഒക്കെ ആണൊ പറയേണ്ടത്… അവളുടെ കുഞ്ഞ് മനസ്സിന് അതൊക്കെ വലിയ നോവായി എന്നും കാണില്ലേ… എന്ന എന്റെ ചോദ്യത്തിന്..

നീ എന്റെ മോനെ എന്നിൽ നിന്ന് അകറ്റിയപ്പോൾ അറിഞ്ഞില്ലേ നിനക്കും ഒരു ദിവസം വരുമെന്ന്… അമ്മ പറഞ്ഞ മറുപടി ഒരിക്കലും ഞാൻ
പ്രതീക്ഷിച്ചിരുന്നില്ല…

എന്താ അമ്മേ…. ഇങ്ങനെ ഒക്കെ പറയണേ… ഞാൻ എങ്ങിനെ ഏട്ടനെ അമ്മയിൽ നിന്നും അകറ്റി എന്നാ ഈ പറയുന്നേ എന്ന് ചോദിക്കുമ്പോൾ എന്റെ ശബ്ദം ഇടറിയിരുന്നു….

കണ്ണും കയ്യും കാണിച്ചു അവനെ മയക്കി എടുത്തു അവന് എന്നോടുള്ള സ്നേഹം പോലും നിന്നോടാക്കിയില്ലേ… അവന് ഞാൻ എന്ന് വെച്ചാൽ ജീവനായിരുന്നു… അതെല്ലാം നീ മാറ്റിയെടുത്തില്ലേ എന്ന് പറഞ്ഞ അമ്മയുടെ വാക്കുകൾക്ക് ഇടക്ക് കയറി ഏട്ടനാണ് ബാക്കി സംസാരിച്ചത്…

അമ്മേ…ഇപ്പോൾ അവളോട്‌ പറഞ്ഞതൊക്കെ എന്നോടുള്ള സ്നേഹം കൊണ്ടാണെന്ന് എനിക്കറിയാം .. പക്ഷേ കെട്ടിയ പെണ്ണിനെ കരയിക്കരുത് എന്ന് അച്ഛൻ ആണെന്നെ പഠിപ്പിച്ചത്…

അമ്മ അവളോട്‌ ഓരോ കുത്തുവാക്കുകൾ പറയുമ്പോളും അതിനെ പറ്റി ചോദിക്കാൻ വന്ന എന്നെ തടഞ്ഞു കൊണ്ട് പെറ്റമ്മയെ നോവിക്കരുത് എന്നും അമ്മ പറയുന്ന ശകാരങ്ങളെ നിറഞ്ഞ ചിരിയോടെ നേരിടണം അമ്മ എനിക്ക് വേണ്ടി ഒത്തിരി കഷ്ടപെട്ടതാണ് എന്ന് ഇടക്കിടെ ഓർമിപ്പിച്ചത് ഇവൾ ആയിരുന്നു… എന്റെ ഭാര്യ… എന്ന് ഏട്ടൻ പറഞ്ഞു കഴിഞ്ഞതും അമ്മ ഒന്നും മിണ്ടാതെ മുറി വിട്ട് ഇറങ്ങിയിരുന്നു…

അച്ഛമ്മേ… ഞാനും കൂടെ വരുവാ… നിക്ക് ഇവിടെ നിക്കണ്ട.. ന്നേ കൂടെ കൂട്ടണം… എന്ന് പറഞ്ഞു ചിലങ്ക മോളും വാശി പിടിച്ചു കൊണ്ട് അമ്മയ്‌ക്കൊപ്പം പോകുമ്പോൾ എന്തോ എന്റെ കണ്ണും നിറഞ്ഞിരുന്നു…

പോകാൻ ഇറങ്ങിയ ഏട്ടനോട്..
എങ്കിലും ന്റെ മോളുടെ ഉള്ള് പൊള്ളിയ നോവായല്ലോ ഏട്ടാ… എന്ന് പറഞ്ഞു നെഞ്ച് നീറ്റുമ്പോൾ ഏട്ടൻ പറഞ്ഞത് അവള് കുട്ടിയല്ലേ… പോട്ടെ… നീ വിഷമിക്കണ്ട എന്നാണ്…

രാത്രി… എപ്പോഴോ ഉറങ്ങിയ എന്നെ കുഞ്ഞി കൈതട്ടി.. വിളിച്ചു എനിക്ക് അമ്മേ കാണാൻ തോന്നി അതാ ഞാൻ അച്ഛയോട് വഴക്കിട്ടു വന്നത്…

അച്ഛമ്മ പറഞ്ഞത് കേട്ട് മോൾക് സങ്കടം ആയോണ്ടാ…ഞാൻ പോയേ അല്ലാതെ നിക്ക് അമ്മയോടും വാവയോടും പിണക്കോന്നും ഇല്ല… ഇഷ്ടാണ് എനിക്ക് എന്നോട് പിണങ്ങല്ലേ അമ്മേ…
എന്ന് പറഞ്ഞതും എന്റെ കുഞ്ഞെന്നെ കെട്ടിപിടിച്ചിരുന്നു…

അവളെ എന്റെ മാറോട് ചേർക്കുമ്പോൾ പുഞ്ചിരിയിലും എന്റെ കണ്ണുകളും നിറഞ്ഞിരിന്നു … ആവോ… സന്തോഷം കൊണ്ടാവാം….