15/07/2026

നീയെൻ കാതലി

നീയെൻ കാതലി

ഓടിക്കൊണ്ടിരിക്കുന്ന കാറിൽ അവളുടെ നോട്ടം പുറത്തേക്ക് ആണെങ്കിലും അവളുടെ മനസ്സ് വല്ലാതെ അസ്വസ്ഥമാണ്..  പുറമേയുള്ള കാഴ്ചകൾ ഒന്നും അവളുടെ മനസ്സിൽ പതിയുന്നില്ല.. പിന്നെ സ്ഥിരം കാണുന്ന കാഴ്ചകളിൽ അത്ര ശ്രദ്ധയും എത്തില്ലല്ലോ..

ഒരു സമയം അവളുടെ നോട്ടം തന്റെ കഴുത്തിൽ കിടക്കുന്ന മഞ്ഞച്ചരടിന്റെ അറ്റത്ത് തൂങ്ങിക്കിടക്കുന്ന  ആ താലിയിലേക്ക് ആയി.. ആ താലി അവളെ നോക്കി കളിയാക്കുന്നത് പോലെ തോന്നി.. അവൾ അസ്വസ്ഥതയോടെ തലതിരിച്ചെങ്കിലും വീണ്ടും അവളുടെ നോട്ടം തന്റെ  കല്യാണസാരിയിലും ആഭരണങ്ങളിലുമായിരുന്നു..

തന്റെ ഇഷ്ടപ്രകാരം എടുത്ത കല്യാണസാരിയും ആഭരണങ്ങളും… അത് അണിഞ്ഞുനിൽക്കാൻ കുറെ ആഗ്രഹിച്ചിരുന്നു പക്ഷേ ഇപ്പോൾ അതൊക്കെ ഒരു പ്രഹസനം പോലെ തോന്നുന്നു.. അവളുടെ നോട്ടം പതിയെ തന്റെ തൊട്ട് അപ്പുറത്ത് ഇരിക്കുന്നവനിലേക്ക് എത്തി.. അവനാണെങ്കിൽ മൊബൈലിൽ എന്തോ ടൈപ്പ് ചെയ്യുന്നതിൽ ബിസിയാണ്.. അവനെ കണ്ടതോടെ അവളുടെ മുഖം ഇഷ്ടക്കേടോടെ ചുളിഞ്ഞു…

അവൾ കാറിലേക്ക് ചാരിയിരുന്ന പതിയെ കണ്ണടച്ചു കിടന്നു.. അവളുടെ ഓർമ്മകൾ കുറച്ചു മണിക്കൂർ മുമ്പ് നടന്ന കാര്യങ്ങളിലേക്ക് എത്തി..

ഇന്ന് രാവിലെ വരെ താൻ എന്തു സന്തോഷവതിയായിരുന്നു…. പക്ഷേ കാര്യങ്ങളൊക്കെ എന്തു പെട്ടെന്നാണ് മാറി മറഞ്ഞത്…

ഒരുമാസം മുമ്പാണ് തനിക്ക് വിനോദിന്റെ വിവാഹാലോചന വന്നത്. ഒരു സ്വകാര്യ ബാങ്കിലെ ഉദ്യോഗസ്ഥനാണ് വിനോദ്.. സുന്ദരൻ.. സുമുഖൻ..സൽസ്വഭാവി.. വിനോദിനെ കുറിച്ച് എല്ലാവരും പറയുന്ന കാര്യം… പെണ്ണുകാണാൻ വന്നപ്പോൾ ഉള്ള വിനോദിന്റെ സംസാരത്തിൽ വർഷ വളരെയധികം ഇമ്പ്രസ്ഡ് ആയിരുന്നു.. ഇന്ന് രാവിലെ വരെയും അവൻ വിളിച്ച് അവളോട് സംസാരിച്ചിരുന്നു..

   വിവാഹത്തിനായി രാവിലെ അവൻ വീട്ടിൽ നിന്ന് പുറപ്പെട്ടതും ആയിരുന്നു.. സത്യത്തിൽ അവൻ വിവാഹത്തിനായി പുറപ്പെട്ടിരുന്നു പക്ഷേ താനും ആയിട്ടുള്ളതല്ല.. അവൻ പ്രണയിച്ചിരുന്ന അന്യ മതക്കാരിയായ പെണ്ണിന്റെ കൂടെ.. അവന്റെ പ്രണയബന്ധം അറിഞ്ഞ് വീട്ടുകാർ നിർബന്ധിച്ചാണ് അവനെക്കൊണ്ട്  വർഷയെ പെണ്ണ് കാണിച്ചത്.. വർഷയെ പെണ്ണ് കണ്ടു കഴിഞ്ഞതിനുശേഷം അവളെ ഒരുപാട് ഇഷ്ടമായി എന്നും മുൻ കാമുകിയെ   മറന്നു എന്ന രീതിയിൽ ആയിരുന്നു അവന്റെ പെരുമാറ്റം.. വീട്ടുകാരുടെ കണ്ണിൽ പൊടിയിട്ട് മറ്റേ പെൺകുട്ടിയെ കല്യാണം കഴിക്കാനുള്ള ഒരു പ്ലാൻ മാത്രം.. അതിൽ ബലിയാട് ആയത് വർഷയാണ്…

” ഡി വീടെത്തി… മതി  പോത്ത് പോലെ കിടന്നുറങ്ങിയത്..” പെട്ടെന്ന് ഷോൾഡറിൽ ആരോ ശക്തിയായി അടിച്ച വേദനയിൽ കണ്ണുതുറന്നു നോക്കിയപ്പോൾ  ഒരുത്തൻ പുച്ഛത്തോടെ അവളെ നോക്കിക്കൊണ്ട് കാറിന്റെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.

” എടാ അശ്വിനെ…അങ്ങനെ കയറല്ലേ നീയും വർഷയും ഒരുമിച്ചാണ് വീട്ടിൽ കയറേണ്ടത്..”  50 വയസ്സ് പ്രായമുള്ള ഒരു സ്ത്രീ വന്ന് അവനെ തടഞ്ഞു.

” അമ്മയ്ക്ക് എന്താ…. ഇത് എന്റെ   വീടാണ് എനിക്ക് ഇതിൽ കയറാൻ ഇനി ആരുടെയെങ്കിലും അനുവാദം വേണോ..” അവന് ആകെ അരിശം കയറുന്നുണ്ടായിരുന്നു.

” നിന്റെ വീടല്ലെന്നു ഞാൻ പറഞ്ഞില്ല പക്ഷേ വിവാഹം കഴിഞ്ഞ് നിങ്ങൾ രണ്ടുപേരും ഒരുമിച്ച് വേണം വീട്ടിൽ കയറാൻ.. ” അതും പറഞ്ഞ് അവർ അകത്തേക്ക് പോയി.

” ഓ പിന്നെ…. ഒരുമിച്ച് വിളിച്ചു കയറ്റാൻ പറ്റിയ മോതല്… എന്റെ ജീവിതം തന്നെ അമ്മ കാരണം നായ നക്കിയത് പോലെയായി.. ശോ….ലോകത്ത് എന്തോരം പെണ്ണുങ്ങളുണ്ട്.. എനിക്ക് കിട്ടിയത് ഈ അഹങ്കാരി പിശാചിനെ ആയിപ്പോയല്ലോ.. എന്റെ ജീവിതം തന്നെ തുലഞ്ഞു.. ” അശ്വിന് വർഷയെ കാണുന്തോറും അങ്ങ് ചൊറിഞ്ഞു വരികയാണ്..

”  പിന്നെ…. നിന്നെ കെട്ടിയതോടെ എന്റെ ജീവിതം അങ്ങ് നല്ല നിലയിൽ എത്തിയല്ലോ…. നിന്റെ അല്ലടാ എന്റെ ജീവിതമാണ് തകർന്നത്.. ജോലിയും കൂലിയും ഇല്ലാതെ തെക്ക് വടക്ക് തെണ്ടി നടക്കുന്ന നിന്നെ കെട്ടേണ്ട ഗതികേട്  വന്നത് എനിക്കല്ലേടാ..”

” ഡി.. ഡി…മതിയടി.. ക്യാമ്പസ്‌ ഇന്റർവ്യൂ  വഴി അവൾക്ക് ജോലി കിട്ടിയതിന്റെ അഹങ്കാരം എന്നോട് കാണിക്കേണ്ട.. ഒരു മാസം നിന്നെക്കാൾ ഇരട്ടി കാശ് എനിക്ക് ലഭിക്കുന്നുണ്ട്.. ”

” ഓ പിന്നെ… നീ അധ്വാനിക്കുന്ന കാശൊന്നും അല്ലല്ലോ അമ്മാവന്റെ മൊബൈൽ കടയിൽ പോയിരുന്ന് നീ കാശ് അടിച്ചുമാറ്റുന്നതല്ലേടാ.. ”

” എടീ അലവലാതി  നിന്റെ നാവ് അടക്കിവെച്ചോ.. എന്റെ അച്ഛന്റെ ബിസിനസ്സിൽ അവരുടെ  ഒറ്റ മോനായ ഞാൻ അല്ലാതെ വേറെ ആരാടീ അവകാശി.. അവകാശമുണ്ടെന്ന് വച്ച് ഈ അശ്വിൻ വെറുതെ ഇരിക്കുകയല്ല.. നന്നായി അധ്വാനിച്ചിട്ടാണ് ഞാൻ പൈസ കൈപ്പറ്റുന്നത്.. അല്ലാതെ നിന്നെപ്പോലെ ഓഫീസിൽ പോയി 10 മണി മുതൽ 5 മണി വരെ വെറുതെ ഇരുന്നു ഞാൻ പൈസയൊന്നും വാങ്ങിക്കൊണ്ടു വരാറില്ല.. ”  അവന്റെ പുച്ഛത്തോടെയുള്ള മറുപടിക്ക് മറു മറുപടി കൊടുക്കാൻ നേരമാണ് വർഷയുടെ അച്ഛൻ പെങ്ങൾ അതായത് അശ്വിന്റെ അമ്മ നിലവിളക്കുമായി  വരുന്നത്..

ഇത്രയും നേരം ഇത്രയും ഡയലോഗുകൾ ഇവർ തമ്മിൽ പറഞ്ഞെങ്കിലും പരസ്പരം കേൾക്കാൻ  മാത്രം പറ്റുന്ന ചെറിയ ഒച്ചയിലാണ് പറഞ്ഞത്.. ബാക്കിയുള്ളവർക്ക് ഇവർ രഹസ്യം  സംസാരിക്കുന്നത് പോലെയാണ് തോന്നിയത്.

” അമ്മായിയുടെ വർഷ മോള് വലതുകാൽ വച്ച് അകത്തു കയറ്…. അമ്മായിക്ക് മോളെ ഈ വീടിന്റെ മരുമകൾ ആക്കണമെന്ന് വളരെ ആഗ്രഹമുണ്ടായിരുന്നു പക്ഷേ സ്വന്തക്കാർ തമ്മിലുള്ള കല്യാണം വേണ്ടെന്നു എല്ലാവരും പറഞ്ഞതുകൊണ്ടാണ് മോൾക്ക് ഇവന്റെ ആലോചന കൊണ്ടു വരാഞ്ഞത്  .. പക്ഷേ ദൈവം എന്റെ പ്രാർത്ഥന കേട്ടതുപോലെയായി അവസാനം മോൾ എന്റെ മരുമകളായി ഈ വീടിന്റെ പടി കയറി..” വർഷ മരുമകളായി വന്നതിന്റെ എല്ലാ സന്തോഷവും ആ സ്ത്രീയുടെ മുഖത്തുണ്ട്..

തന്റെ അമ്മായിയെ ഇഷ്ടമുള്ളത് കൊണ്ട് അവരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൾ വിളക്ക് വാങ്ങി വലതുകാൽ വച്ച് വീടിനകത്തേക്ക് കയറി..

” ഇവൾ വീട്ടിൽ കയറുന്ന നേരത്ത് ഒന്ന് തെന്നി വീണിരുന്നെങ്കിൽ സംഭവം കളർ ആയേനെ..” അശ്വിന്റെ മനസ്സിലുള്ള ആഗ്രഹം പതിയെയാണ് പറഞ്ഞെങ്കിലും വർഷ കറക്റ്റ് ആയി അത് കേട്ടു..

” നിനക്കുള്ള പണി ഞാൻ തരാടാ.. ” അവൾ മനസ്സിൽ പറഞ്ഞു…

അവളുടെ ഡ്രസ്സ് ഒക്കെ വരുന്നതുവരെ അവൾ താഴത്തെ മുറിയിൽ ഇരിക്കാൻ പോയപ്പോൾ ഇനി മുതൽ അശ്വിന്റെ മുറിയാണ് മോളുടെ മുറി എന്നും പറഞ്ഞ് അമ്മായി അവളെ മുകളിലുള്ള അശ്വിന്റെ  മുറിയിലേക്ക് പറഞ്ഞുവിട്ടു.

അവന്റെ മുറിയിൽ കയറിയ അവൾ അവനോടുള്ള ദേഷ്യത്തിൽ ഫുട്ബോൾ പ്രേമിയായ അവന്റെ ഇഷ്ടതാരങ്ങളുടെ ഫോട്ടോ മതിലിൽ ഒട്ടിച്ചിരുന്നതെല്ലാം വലിച്ചു കീറി താഴെയിട്ടു.. അവൾക്കാണെങ്കിൽ ഫുട്ബോളിനോട് യാതൊരു താൽപര്യവുമില്ല.. ഇവനാണെങ്കിൽ ഫുട്ബോൾ എന്നാൽ ഭ്രാന്താണ്..

ആ സമയം മുറിയിലേക്ക് കയറിവന്ന അശ്വിൻ തന്റെ പ്രിയ താരങ്ങളുടെ ഫോട്ടോ കീറിപ്പറഞ്ഞു താഴെ കിടക്കുന്നത് കണ്ടു  ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് ചെന്നു..

” ഡി…… എന്റെ മുറിയിൽ കയറാൻ നിന്നോട് ആര് പറഞ്ഞു… ”

” മുറിയിൽ കയറാൻ ഇനി എനിക്ക് ആരുടെയും അനുവാദം വേണ്ട ഇത് ഇനി എന്റെ കൂടി മുറിയാണ്.. ”

” ഡി…. നിന്റെ മുറിയാണെന്ന് വെച്ച് എന്റെ സാധനങ്ങൾ കീറി കളയാൻ നീ ആരാടി.. ”

” ഞാൻ നിന്റെ ഭാര്യ… എനിക്ക് ഈ ഫുട്ബോൾ എന്ന് കേൾക്കുന്നതേ കലിയാണ്.. അതുകൊണ്ട് ഈ മുറിയിൽ ഇന്നുമുതൽ ഫുട്ബോൾ കളിക്കാരുടെ ഫോട്ടോയോ എന്തെങ്കിലും ഐറ്റംസോ കാണാൻ പാടില്ല.. ” അതും പറഞ്ഞ് അവൾ ഏതോ ഫുട്ബോൾ കളിക്കാരൻ സൈൻ ചെയ്തു കൊടുത്ത  അവൻ പൊന്നുപോലെ സൂക്ഷിക്കുന്ന ഫുട്ബോൾ എടുത്ത് ഒറ്റയേറ്..

അത് കണ്ടതോടെ അവന്റെ ടെമ്പർ തെറ്റി . അവൾ ദേഷ്യത്തോടെ വന്ന് അവളുടെ കയ്യിൽ ഒറ്റയടി.. അതോടെ അവളും അവന്റെ പുറത്തിട്ട് ഒറ്റ ഇടി.. പിന്നെ അടിപൊടി പൂരം.. അവൾ അവന്റെ മുടി പിടിച്ചു പറിച്ചു.. അതോടെ അവനും അവളുടെ മുടി  പിടിച്ച ശക്തമായ വലിച്ചു..

” വേദന എടുക്കുന്നടാ പട്ടി…. ” അതും പറഞ്ഞ് അവൾ അവനെ തള്ളിയപ്പോൾ അവൻ താഴെ വീണു അതിനോടൊപ്പം അവളുടെ ‘ആ ‘ എന്നൊരു ഒച്ചയും കേട്ടു..

പെട്ടെന്ന് അവൻ നോക്കിയപ്പോൾ അവന്റെ കയ്യിൽ പിന്നീട്ട് വെച്ചിരുന്ന ആ മുടി. അതുകൊണ്ട് അവനൊന്നും ഞെട്ടിയെങ്കിലും വെപ്പു കൂടിയാണല്ലോ എന്നോർത്ത് സമാധാനിച്ചു..

” എന്താണിത്…. ” ഇവരുടെ ഈ ഇടി കണ്ടു കൊണ്ടാണ് വർഷയുടെ ഏട്ടനായ വികാസ് അവിടേക്ക് വന്നത്..

വികാസിനെ കണ്ടതോടെ അവൾ വേഗം തന്നെ കണ്ണ് നിറച്ചുകൊണ്ട് അവൾ അവനെ നോക്കി.. അപ്പോഴേക്കും അശ്വിൻ താഴെ നിന്ന് പിടഞ്ഞു എഴുന്നേറ്റു..

” എന്റെ പൊന്നു വികാസ് ഏട്ടാ ഈ സാധനത്തിനെ ഇവിടെ നിന്ന് വേഗം കൊണ്ട് പോ അല്ലെങ്കിൽ ഇവൾ എന്നേ കൊല്ലും..”

” എട്ടാ ഇവൻ എന്നെ മുടി പിടിച്ചു പറിച്ചു.. എന്റെ കയ്യിൽ അടിച്ചു.. ” കള്ള കരച്ചിലോടെ അവൾ വികാസിനോട് പറഞ്ഞു..

വികാസ് ആണെങ്കിൽ വിവാഹം കഴിഞ്ഞ് കുറച്ചുനേരം ആയിട്ടുള്ള മണവാളന്റെയും മണവാട്ടിയുടെ രൂപം നോക്കുകയായിരുന്നു..

പട്ടുസാരിയിൽ സർവാഭരണ വിഭൂഷിതയായി  തലമുടി എല്ലാം അലങ്കോലമായി ഒരു ഭദ്രകാളിന്റെ ലുക്കിൽ തന്റെ പെങ്ങൾ….

ഉടുമുണ്ട് അഴിഞ്ഞുപോയത് അറിയാതെ.. വിവാഹ ഷർട്ടും  ഷോട്ട്സും ഇട്ടു നിൽക്കുന്ന അളിയൻ.. അവനും ഒരു ഭ്രാന്തന്റെ ലുക്ക്..

” എടി…പറയുമ്പോൾ നീ എന്നെ ഉപദ്രവിച്ചത് കൂടി പറയടി.. എന്റെ മുറി യിൽ കയറി വന്നു കൊണ്ട് എനിക്ക് പ്രിയപ്പെട്ടതെല്ലാം അവൾ വലിച്ചു കീറി കളഞ്ഞു ഞാൻ അവളോട് വാണിംഗ് കൊടുത്തതാണ് ഒന്നും ചെയ്യരുതെന്ന് എന്നിട്ടും അവൾ അനുസരിച്ചില്ല.. ”

” അശ്വിനെ  എനിക്ക് ഇവളോട് കുറച്ച് സംസാരിക്കണം.. ”

” എന്ത് വേണമെങ്കിലും സംസാരിച്ചോ ഇവളെ ഒന്ന് നല്ല സ്വഭാവമാക്കി തന്നാൽ മതി.. “അതും പറഞ്ഞ് അശ്വിൻ ഇറങ്ങിപ്പോകാൻ നേരം..

” എടാ… മുണ്ടെടുത്ത് പോടാ.. ” വികാസ് പറഞ്ഞത് കേട്ടപ്പോഴാണ് അവന്റെ മുണ്ട് അഴിഞ്ഞുപോയ കാര്യം അവൻ അറിഞ്ഞത്..

” പിന്നെ ഒരു മുണ്ട്… “അതും പറഞ്ഞ് അവൻ അവന്റെ ഷർട്ട് കൂടി ഊരി വലിച്ചെറിഞ്ഞു കൊണ്ട്  അവിടെ കിടന്നിരുന്ന ഒരു ടീഷർട്ട് എടുത്തിട്ട് കൊണ്ട് താഴേക്ക് പോയി…

” വർഷ ഏട്ടന് അറിയാം നിങ്ങൾക്ക് രണ്ടുപേർക്കും ഒട്ടും താല്പര്യമില്ലാത്ത വിവാഹമായിരുന്നു എന്ന്.. പക്ഷേ മോൾക്ക് അറിയാലോ  മോൾക്കാണ് ജാതകദോഷം ഇപ്പോൾ വിവാഹം നടന്നില്ലെങ്കിൽ മോൾക്ക് ജീവിതത്തിൽ വിവാഹ യോഗമില്ല.. അതുകൊണ്ടാണ് മോളുടെ വിവാഹം മുടങ്ങിയപ്പോൾ എത്രയും പെട്ടെന്ന് മോൾക്ക് മാച്ച് ചെയ്യുന്ന ജാതകക്കാരനെ കൊണ്ട് മോളുടെ വിവാഹം കഴിപ്പിച്ചത്.. പിന്നെ ഒരു കാര്യം അവൻ മോളുടെ ഭർത്താവാണ് കുറച്ചു മര്യാദയോട് അവനോട് പെരുമാറണം… ”

” അപ്പോൾ അവൻ എന്നോട് ചെയ്യുന്നതോ.. ”

” ചേട്ടൻ സംസാരിക്കട്ടെ… എന്നിട്ട് മോള് മറുപടി താ.. ”

” മ്മ്.. ” അവൾ മൂളി

” ഒരു ദിവസം മോളുടെ മുറിയിൽ വന്നു കൊണ്ട് അവൻ  മോൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട എല്ലാ സാധനങ്ങളും നശിപ്പിച്ചു കളഞ്ഞാൽ മോൾ എന്തു ചെയ്യും.. ”

” എന്നാൽ അവന്റെ കൈകാൽ ഞാൻ തല്ലിയൊടിക്കും.. ” പറഞ്ഞുകഴിഞ്ഞപ്പോഴാണ് താനും അവനെ ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങളാണ് നശിപ്പിച്ചത് എന്ന ഒരു ഓർമ്മ അവൾക്ക് വന്നത്…. അതോടെ അവൾക്ക് ആകെ ചമ്മൽ തോന്നി..

” സോറി ഏട്ടാ ഇനി അങ്ങനെയൊന്നും ഉണ്ടാവില്ല ഞാൻ അവനോട് തല്ല് പിടിക്കില്ല..”

” കുറച്ചു വൈകിയാണെങ്കിലും നിങ്ങൾ പരസ്പരം മനസ്സിലാക്കി സ്നേഹത്തോടെ ജീവിക്കണം.. അവനോടും ഏട്ടൻ സംസാരിച്ചോളാം.. ”  ഏട്ടനോട് ബഹുമാനവും സ്നേഹവും അധികമുള്ള വർഷ ശരിയെന്ന് തലയാട്ടി..

” ഏട്ടാ എന്റെ ഡ്രസ്സ് കൊണ്ടുവന്നോ.. ഈ സാരിയും ഓർണമെൻസ് ഒക്കെ ഇട്ടിട്ട് ആകെ എന്തോ പോലെ.. ”

” മോളെ കാണാൻ വേണ്ടി ഏട്ടൻ വേഗം പോന്നത് ഏട്ടത്തിയും അമ്മയും അച്ഛനും കൂടി   മോളുടെ ഡ്രസ്സ് മായി കുറച്ചുകഴിയുമ്പോൾ  വരും.. ഏട്ടൻ എന്നാൽ താഴേക്ക് ചെല്ലട്ടെ അവനോട് ഒന്ന് സംസാരിക്കണം.. മോൾ ഈ സ്വർണാഭരണങ്ങളൊക്കെ അഴിച്ചു വയ്ക്ക്.. ”

ഒരു അരമണിക്കൂർ കഴിഞ്ഞപ്പോൾ താഴത്തെ ഹാളിൽ നിന്ന് സംസാരിക്കുകയാണ് വികാസും അശ്വിനും അവന്റെ അച്ഛനും  അമ്മയും അപ്പോഴാണ് മുകളിലത്തെ നിലയിൽ നിന്ന്  വർഷ ഇറങ്ങിവരുന്നത്.. അവളെ കണ്ടപ്പോഴേക്കും   അശ്വിൻ ഉൾപ്പെടെ എല്ലാവർക്കും ചിരി വന്നുപോയി..

” എന്റെ ടീഷർട്ട്…എന്റെ ഷോട്ട്സ്… എന്റെ തോർത്ത്… ഇവൾക്ക് സ്വന്തമായി ഒന്നുമില്ല.. ”
കുളിയും കഴിഞ്ഞ് തന്റെ ഡ്രസ്സ് ഇട്ടു കൊണ്ടുവരുന്ന വർഷയെ നോക്കി അശ്വിൻ കളിയാക്കി ചിരിയോടെ പറഞ്ഞു..

” അങ്ങനെ പറയല്ലേ  എട്ടാ… ഇനി മുതൽ നമ്മൾ ഒന്നല്ലേ .. അപ്പോൾ ഏട്ടന്റെ ഡ്രസ്സ് എന്റെ ഡ്രസ്സ്….ഏട്ടന്റെ തോർത്ത് എന്റെ തോർത്ത്… ഏട്ടന്റെ ഫുട്ബോള് എന്റെയും ഫുട്ബോള്..  ഏട്ടന്റെ പൈസ എന്റെയും പൈസ…. ”

ഇത്രയും പെട്ടെന്നുള്ള അവളുടെ മാറ്റം കണ്ട് വികാസ് വാ പൊളിച്ചു പോയി..

” ഭാര്യേ…നീ പറഞ്ഞതെല്ലാം കേട്ട് ഞാൻ സന്തോഷവാനാണ്.. പക്ഷേ ഈ അവസാനം പൈസയുടെ കാര്യം പറഞ്ഞത് ഒന്ന് മാറ്റാൻ പറ്റുമോ… ”

” ഇല്ല ഏട്ടാ….എന്തൊക്കെ മാറ്റിയാലും അത് മാത്രം മാറ്റില്ല…”

” മതി കുട്ടികളെ നിങ്ങളുടെ ഒരു കളിയാക്കൽ… ” രണ്ടുപേരും പരസ്പരം കളിയാക്കുന്നതാണെന്ന് മനസ്സിലായ അശ്വിന്റെ അമ്മ ഇരുവരോടുമായി പറഞ്ഞു..

കുറച്ചു കഴിഞ്ഞപ്പോഴേക്കും അവളുടെ അച്ഛനമ്മയും ഏട്ടത്തിയും എല്ലാം വന്നു.. കുളി കഴിഞ്ഞ് അശ്വിന്റെ ഡ്രസ്സ് ഇട്ടാൽ പിന്നെ അവൾ അതൊന്നും മാറാൻ നിന്നില്ല.. രാത്രിയായി ഫുഡ് കഴിച്ച് അവൾ മുറിയിൽ ചെല്ലുമ്പോൾ അശ്വിൻ അവളെയും കാത്തിരിക്കുന്നുണ്ട്..

” എന്താടാ നിന്റെ നോട്ടത്തിൽ ഒരു വശപ്പിശക്.. ”

” എന്താണ് ഭാര്യേ ഇങ്ങനെ പറയുന്നത് ഇന്ന് നമ്മുടെ ആദ്യരാത്രി അല്ലേ.. ”

അവൻ പറഞ്ഞു കഴിയേലും കുളപ്പുള്ളി ലീലയെ തോൽപ്പിക്കുന്ന വിധത്തിലുള്ള ഒരു ആട്ടായിരുന്നു അവളുടെ മറുപടി.. അതോടെ അശ്വിൻ വേഗം തന്നെ ഫോൺ എടുത്ത്   അവൾക്ക് എതിരെയായി തിരിഞ്ഞ് കിടന്നു.. അവളും പുച്ഛത്തോടെ ഫോണെടുത്ത് നോക്കാൻ തുടങ്ങി..

വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ഒരാഴ്ചയായി ഇനി ഒരാഴ്ച കൂടിയാണ് അവൾക്ക് ലീവ് ഉള്ളത്.. അതുകൊണ്ട് ഇവരുടെ ബോണ്ടിംഗ് ഒന്നുകൂടി വർദ്ധിപ്പിക്കാൻ ആയി വികാസ് ഇവർക്ക് ഒരു ഹണിമൂൺ പാക്കേജ് ബുക്ക് ചെയ്തു….. രണ്ടുപേരും ആദ്യം വേണ്ടെന്നു പറഞ്ഞെങ്കിലും മണാലിയാണ് പ്ലേസ് എന്നറിഞ്ഞപ്പോൾ ഒന്ന് പോകാം എന്നായി.. ഭാര്യയും ഭർത്താവിനെ പോലെയല്ല രണ്ട് ഫ്രണ്ട്സിനെ പോലെ പോയി വരാം എന്ന് ഇരുവരും കൂടി തീരുമാനിച്ചു…

അഞ്ചുദിവസമായിരുന്നു മണാലിയിലെ  അവർക്കുള്ള സ്റ്റേ.. ആദ്യ രണ്ടുദിവസം ഫ്രണ്ട്സിനെ പോലെ ആയിരുന്നെങ്കിലും പതിയെ പതിയെ അവരുടെ മനസ്സിൽ ചെറിയ ചാഞ്ചാട്ടം ഒക്കെ വന്നുകൊണ്ടിരുന്നു. അത്രയ്ക്കും സെറ്റപ്പ് ആംബിയൻസ് ആണ്  മണാലിയിലെ അവരുടെ ഹോട്ടലിൽ ഒരുക്കിയിരുന്നത്.. ഹണിമൂൺ കപ്പിൾസ്ന് പറ്റിയ ഇടം….

ഒരു മഞ്ഞുപെയ്യുന്ന രാത്രി… മുറിയിലേ ബാൽക്കണിയിൽ നിന്നുകൊണ്ട് കൈകൊണ്ട് മഞ്ഞുതട്ടി കളിക്കുന്ന വർഷയെ കണ്ട് അവനെ ഇത്രയും നാളും ഇല്ലാത്ത സൗന്ദര്യമൊക്കെ തോന്നുന്നുണ്ടായിരുന്നു.. അവൻ പോലും അറിയാതെ അവളുടെ അടുത്തെത്തി അവളെ പുറകിലൂടെ ചുറ്റിപ്പിടിച്ച് അവളുടെ കഴുത്തിൽ പതിയെ ചുംബിച്ചു.. പെട്ടെന്ന് അവനിൽ ഒരു ഞെട്ടൽ ഉണ്ടായി. കാരണം താൻ ഇപ്പോൾ എന്താണ് ചെയ്തത് എന്ന ഒരു വെളിവ് അവന് അപ്പോഴാണ് വന്നത്.. ഇപ്പോൾ അവളുടെ കയ്യിൽ നിന്ന് ഉറപ്പായും തല്ലു കൊള്ളും എന്ന് വിചാരിച്ചിരുന്നപ്പോഴാണ് അവൾ തിരിഞ്ഞു വന്നു കൊണ്ട് അവനെ കെട്ടിപ്പിടിച്ചത് ..

” മോനേ മനസ്സിൽ ലഡ്ഡു പൊട്ടി.. ” എന്നെ മനസ്സിൽ പറഞ്ഞുകൊണ്ട് അവൻ അവളെ മുറുക്കെ കെട്ടിപ്പിടിച്ചു..

ആ സമയം അവളിൽ അവൾക്കും അവനോടൊപ്പം ചേർന്നിരിക്കണം എന്ന ആഗ്രഹമായിരുന്നു.. തങ്ങൾ ഭാര്യയും ഭർത്താവും ആണെന്ന് അവർ മനസ്സാലേ അംഗീകരിച്ചു തുടങ്ങിയ സമയം.. അന്ന് രാത്രി അവർ തങ്ങളുടെ ദാമ്പത്യ ജീവിതത്തിന് തുടക്കം കുറിച്ചു.. ബാക്കിയുള്ള ദിവസം അവർ വളരെ സന്തോഷത്തോടെ മണാലിയിൽ ചിലവഴിച്ചത്..

നാട്ടിലെത്തി അവരുടെ ജീവിതം മാറ്റമില്ലാതെ തുടർന്നുകൊണ്ടിരുന്നു.. ഭാര്യയും ഭർത്താവും ഒക്കെയാണ് സ്നേഹമുണ്ട് എങ്കിലും തല്ലു പിടുത്തത്തിന്  ഒരു കുറവുമില്ല.. രണ്ടുപേരുടെയും വിട്ടുകൊടുക്കാത്ത മനോഭാവം കാരണം വീട്ടുകാര് വരെ ഇടപെടേണ്ട സന്ദർഭങ്ങൾ ധാരാളം ഉണ്ടാകാറുണ്ട്..

വീട്ടുകാർക്ക് ഇവരുടെ ഡിവോഴ്സ് ചെയ്യിപ്പിക്കാം എന്ന് വരെ തോന്നി അത്രയ്ക്കും ഇടി.. പക്ഷേ ഇടിയിട്ട് പിറ്റേദിവസം തന്നെ അവർ സെറ്റാകും അതാണ് അവരുടെ സ്വഭാവം.. ചിലപ്പോൾ ഒരാഴ്ചവരെ ഇടിയുടെ ആഫ്റ്റർ ഇഫക്ട് ഉണ്ടാവാറുണ്ട്.. അങ്ങനെ വിവാഹം കഴിഞ്ഞ് ആറുമാസം കഴിഞ്ഞു..

ഇപ്രാവശ്യം ഒരു ശക്തമായ വാക്ക് തർക്കമാണ് നടന്നത്.. അശ്വിൻ ഫ്രണ്ട്സിന്റെ കൂടെ ട്രിപ്പ് പോയി.. അതിൽ അവരുടെ ചെറുപ്പം മുതലുള്ള രണ്ട് പെൺ കൂട്ടുകാരും ആരും ഉണ്ടായിരുന്നു.. അവരുടെ ഫ്രണ്ട്ഷിപ്പിന്റെ ആഴം വർഷയ്ക്ക് ശരിക്കും അറിയാം എങ്കിലും അവൾ പ്രശ്നമുണ്ടാക്കി.. അവരുടെ ട്രിപ്പിൽ ആൺകുട്ടികൾ മാത്രമല്ല ഇവരും ഉണ്ടെന്ന് പറഞ്ഞില്ല എന്നും പറഞ്ഞായിരുന്നു പ്രശ്നം..

അവൻ ആണെങ്കിൽ ഫ്രണ്ട്സിന്റെ കൂടെ പോകുന്നു എന്ന് പറഞ്ഞു അത് പെണ്ണാണോ ആണാണോ എന്ന് വിശദീകരിച്ചില്ല കാരണം ഫ്രണ്ട്സ് എന്ന് പറയുമ്പോൾ ഇവരെല്ലാവരും കൂടി ഉള്ളതാണെന്ന് വർഷക്കും അറിയാം അതുപോലെ എപ്പോഴും കൊല്ലത്തിൽ ഒരിക്കൽ ട്രിപ്പും പോകാറുണ്ട്..

പക്ഷേ ഓഫീസിൽ എന്തോ ടെൻഷനിൽ ഇടയിലാണ് ഈ കാര്യം അവളുടെ മുന്നിൽ എത്തിപ്പെട്ടത് അതോടെ ഇത് വലിയ സംഭവമായി മാറി…

വീട്ടുകാരൊക്കെ ശരിക്കും മടുത്തു തുടങ്ങി.

” മോൾക്ക് ഇവനെ വിശ്വാസമില്ലെങ്കിൽ നിങ്ങളുടെ ബന്ധം ഇതോടെ നിർത്തിക്കോ അല്ലാതെ ഞങ്ങൾക്ക് വയ്യ ഇങ്ങനെ സമാധാനക്കേടോടെ ജീവിക്കാൻ.. ” ഇവരുടെ ഈ സ്വഭാവം കണ്ട് അശ്വിന്റെ അച്ഛൻ ദേഷ്യത്തോടെ പറഞ്ഞു..

അശ്വിന്റെ അച്ഛന്റെ സംസാരം അവളുടെ അച്ഛനും ചേട്ടനും ഇഷ്ടമായില്ല..

” എന്റെ മകൾ കല്യാണം കഴിച്ചില്ലെങ്കിലും വേണ്ടില്ലായിരുന്നു ഈ ഒരു വിവാഹം നടത്തരുതായിരുന്നു….എന്റെ മോൾ അന്നേ പറഞ്ഞതാ വേണ്ടെന്ന് ഞങ്ങൾ കേട്ടില്ല..” അവളുടെ അച്ഛനും തിരിച്ചടിച്ചു..

   പിന്നീടുള്ള വാക്ക് തർക്കം അശ്വിനിൽ നിന്നും വർഷയിൽ നിന്നും മാറി അച്ഛന്മാർ തമ്മിലായി..

അതുകണ്ട് വർഷയ്ക്കും അശ്വിനും പേടിയായി തുടങ്ങി.. അതുപോലെ അമ്മമാർക്കും..

” അതെ ഞങ്ങൾ ഇനി തല്ലു പിടിക്കില്ല.. വർഷേ വാടി.. നമുക്ക് പുറത്തുപോയി ഫുഡ് കഴിക്കാം.. ”

അശ്വിൻ വിളിക്കാൻ കാത്തിരുന്നത് പോലെ വർഷ വേഗം തന്നെ അവന്റെ കയ്യും പിടിച്ച് പുറത്തേക്ക് പോയി..

ഇവരുടെ ഈ സ്വഭാവം കണ്ട് വീട്ടുകാർ എല്ലാവരും പല്ലുകടിച്ചു..

” അതെ.. പോകുന്നതിനു മുൻപ് ഒരു കാര്യം പറയാം ഇനി നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ രണ്ടും രണ്ടാകും അത് ഉറപ്പ്.. ” ഇപ്രാവശ്യം അമ്മായി എഴുന്നേറ്റുനിന്ന് ശക്തമായ താക്കീതോടെ പറഞ്ഞു..

” പൊന്നുമോളെ ഇനി ഇടി ഇടുമ്പോൾ  മുറിയിൽ മാത്രം മതി ഇവരെ കേൾപ്പിക്കേണ്ട.. അല്ലെങ്കിൽ സംഗതി പാളും.. ”

അവൻ പറഞ്ഞത് ശരിയാണെന്ന് രീതിയിൽ അവളും തലയാട്ടി..

പിന്നീട് കുറേ ദിവസങ്ങൾ ഒന്നും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല.. പക്ഷേ ഇവർ ഒരിക്കലും നന്നാവില്ല എന്നപോലെയാണല്ലോ.. വീണ്ടും ചെറിയ കാര്യങ്ങൾ കുത്തിപ്പൊക്കി തല്ലു പിടുത്തമായി… പക്ഷേ അത് പരമാവധി മുറിയിൽ മാത്രമായി ഒതുക്കാനായി അവർ ശ്രമിച്ചുകൊണ്ടിരുന്നു.. അമ്മായിക്കും അമ്മാവനും കാര്യങ്ങളൊക്കെ മനസ്സിലാവുന്നുണ്ടെങ്കിലും വലിയ പ്രശ്നമില്ലാത്തതിനാൽ അവർ കാര്യമാക്കിയില്ല..

” എനിക്ക് മതിയായി നിന്റെ കൂടെയുള്ള ജീവിതം… ഞാൻ നിന്റെ വീട്ടിൽ വിളിച്ചു നിന്നെ കൊണ്ടുപോകാൻ പറയാൻ പോവുകയാണ്.. ” മുകളിലത്തെ നിലയിലെ ഹാളിൽ നിന്നുകൊണ്ടാണ് രണ്ടിന്റെയും തല്ലു പിടുത്തം…

ആ സമയം അമ്മാവനും അമ്മായിയും താഴെയിരുന്ന് ഇത് കേൾക്കുന്നുണ്ട്..

” അല്ലെങ്കിലും എനിക്കും നിന്റെ കൂടെ ജീവിക്കാൻ യാതൊരു താൽപര്യവുമില്ല ഞാൻ ഇന്ന് ഇവിടെ നിന്ന് ഉറപ്പായും പോകും ഇനി ഒരിക്കലും ഇവിടേക്ക് വരില്ല.. ”

” വളരെ സന്തോഷം…. ഈ ശല്യം ഒന്നു പോയാൽ മതി.. ഏത് ഗതികെട്ട നേരത്താണോ നിന്നെ കെട്ടാൻ തോന്നിയത്.. ” അതും പറഞ്ഞ് അവൻ അവളുടെ മുടി പതിയെ പിടിച്ചു വലിച്ചു.. അവൾ ആണെങ്കിൽ അവനെ പിടിച്ചു ഒരു തള്ളും കൊടുത്ത് തിരിയുന്ന നേരം കാല് സ്ലിപ്പായി പാരപ്പറ്റിന്റെ അവിടെ തട്ടി നേരെ മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് വീണു..

എന്തോ ഒന്ന് വീഴുന്ന ശബ്ദം കേട്ട് അവൻ ഞെട്ടലോടെ തിരിഞ്ഞു നോക്കിയപ്പോൾ അവളെ കാണുന്നില്ല.. അതുമാത്രമല്ല താഴെ നിന്ന് ആരുടെയൊക്കെയോ കരച്ചിൽ കേൾക്കുന്നുണ്ട്…

അവൻ വിറക്കുന്ന കാലടിയോടെ പാരപ്പറ്റിൽ നിന്ന് താഴേക്ക് നോക്കിയപ്പോൾ ചോരയിൽ കുളിച്ചു കിടക്കുന്ന വർഷ.. അവളുടെ ചുറ്റും അവന്റെ വീട്ടുകാർ മാത്രമല്ല അവളുടെ വീട്ടുകാരും ഉണ്ട്.. ആ സമയം വികാസ് കരച്ചിലോടെ മുകളിലേക്ക് നോക്കിയപ്പോഴാണ് മുകളിൽ നിൽക്കുന്ന അശ്വിനെ കണ്ടത്..

” നീ എന്റെ പെങ്ങളെ ഉന്തിയിട്ട് കൊല്ലാൻ നോക്കിയല്ലേടാ.. ” എന്നും പറഞ്ഞ് വികാസ് മുകളിലേക്ക് പാഞ്ഞു വന്നു അവനെ പട്ടിയെ തല്ലി ചതക്കുന്നത് പോലെ ചതച്ചു..

ഞാനല്ല എന്ന് പറയാൻ അവൻ ആഗ്രഹമുണ്ടെങ്കിലും അവളുടെ ആ അവസ്ഥയോർത്ത് അവന് ഒന്നും മിണ്ടാൻ പറ്റുന്നുണ്ടായിരുന്നില്ല..

തന്റെ മകനെ പട്ടിയെ തല്ലി ചതക്കുന്നത് പോലെ  തല്ലുന്നത് കണ്ടിട്ട് ആ അച്ഛനും അമ്മയ്ക്കും ഒന്നും മിണ്ടാനോ തടയാനോ പറ്റിയില്ല.. കരയാൻ മാത്രമേ അവർക്ക് പറ്റിയൊള്ളു..

അപ്പോഴേക്കും വികാസിന്റെ ഭാര്യ അവനെ പിടിച്ചുമാറ്റിക്കൊണ്ട് 

” നിങ്ങൾ അവനെ തല്ലിക്കൊല്ലാതെ… ആദ്യം വർഷയെ ഹോസ്പിറ്റലിൽ കൊണ്ടു പോകാം..”

” എടാ എന്റെ പെങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ ഇനി നീ ജീവനോടെ ഈ ലോകത്ത് ഉണ്ടാവില്ല… തീർത്തു കളയും ഞാൻ.. ” അതും പറഞ്ഞ് അവന്റെ വയറ്റിൽ ആഞ്ഞു തൊഴിച്ചുകൊണ്ട് അയാൾ താഴേക്ക് ഓടി.. അവൻ അട്ട ചുരുളുന്നതുപോലെ വേദന കൊണ്ട് ചുരുണ്ടു..

പക്ഷേ അപ്പോൾ തന്നെ അവളുടെ വീട്ടുകാർ ഹോസ്പിറ്റലിൽ കൊണ്ടുപോയി അവന്റെ അച്ഛനും അമ്മയും കൂടെ പോകാൻ പോയപ്പോൾ അവർ തടഞ്ഞു..

അശ്വിന്റെ അച്ഛനും അമ്മയും മുകളിലേക്ക് കയറി വന്നപ്പോൾ അവൻ ചുരുണ്ട് കിടന്നുകൊണ്ട് കരയുന്നുണ്ട്..

” അച്ഛാ എനിക്ക് അവളെ കാണണം.. ”

” എന്തിനാടാ ദുഷ്ട ആ പെങ്കൊച്ചിനോട് നീ ഇങ്ങനെയൊക്കെ ചെയ്തത്… ഇനി അവർ നിന്നെ വെച്ചിരിക്കും എന്ന് തോന്നുന്നുണ്ടോ.. ” അവന്റെ അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു..

ഞാനൊന്നും ചെയ്തിട്ടില്ല അമ്മേ എന്ന് പറയാൻ അവൻ ആഗ്രഹമുണ്ടെങ്കിലും തൊണ്ടയിൽ നിന്ന് സൗണ്ട് ഒന്നും വരുന്നില്ല.. അവന്റെ മനസ്സിൽ ചോരയിൽ കുളിച്ചു കിടക്കുന്ന വർഷ മാത്രം അവളെ കാണണമെന്ന ആഗ്രഹം മാത്രം..

അരമണിക്കൂറിനുള്ളിൽ പോലീസ് വീട്ടിൽ ഇരച്ചെത്തി.. അവനെ അറസ്റ്റ് ചെയ്തു സ്റ്റേഷനിലേക്ക് കൊണ്ടുപോയി.. തന്റെ മകന്റെ അവസ്ഥ കണ്ട് കരയാൻ മാത്രമേ അച്ഛനും അമ്മയ്ക്കും പറ്റിയുള്ളൂ. എങ്കിലും മകനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഓർത്ത് അയാൾ വക്കീലിനെ അന്വേഷിച്ചു പോയി…

പോലീസ് സ്റ്റേഷനിലെ സെല്ലിൽ ചുരുണ്ടു കിടക്കുകയാണ് അശ്വിൻ…

” സ്വന്തം ഭാര്യയെ ഉന്തിയിട്ട് കൊല്ലാൻ നോക്കിയവൻ കിടക്കുന്നത് കണ്ടില്ലേ.. ഭാര്യയുടെ ആങ്ങള നന്നായി കയറി മേഞ്ഞിട്ടുണ്ട്.. ഇനി ഇവൻ നേരെ നിൽക്കാൻ മാസങ്ങൾ വേണ്ടിവരും.. ” രണ്ടു പോലീസുകാർ അവനെ നോക്കി നിന്ന് പുച്ഛത്തോടെ പറഞ്ഞു.

” ഇനി ഇവൻ നേരെ നിന്നിട്ട് കാര്യമില്ല ജീവിതകാലം മുഴുവൻ ജയിലിലാണ്.. കൊലപാതകശ്രമം ഇപ്പോൾ കൊലപാതകമായി മാറി.. ഡാ നീ ഒരേസമയം രണ്ടുപേരെ ആണല്ലോ ദുഷ്ടാ കൊന്നത്… ഒന്നും നിന്റെ ഭാര്യയെയും ഒന്ന് വയറ്റിൽ കിടക്കുന്ന കുഞ്ഞിനെയും… നിന്റെ വകുപ്പുകൾ ഒക്കെ മാറി ഇനി നീ ജീവിതകാലം പുറംലോകം കാണില്ല.. ”

അവിടേക്ക് വന്നുകൊണ്ടുള്ള വേറൊരു പോലീസുകാരന്റെ സംസാരം കേട്ട് അശ്വിൻ ആകെ ഞെട്ടിത്തരിച്ചു… തന്റെ വർഷ അവൾ മരിച്ചു എന്നത് അവന് അംഗീകരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.. അതോടൊപ്പം അവളോ  താനോ അറിയാതെ ഞങ്ങൾക്കുണ്ടായ കുഞ്ഞ്… അവനു ഹൃദയം പൊട്ടി ചത്താൽ മതിയെന്നായി അവന്..

” വർഷേ…… ” അവൻ അലറി വിളിച്ചു….

” എന്താടാ നിനക്ക് എന്നെ പതുക്കെ വിളിച്ചാൽ പോരെ…. അലറി വിളിക്കുന്നത് എന്തിനാ….ഞാൻ പേടിച്ചുപോയി.. ” അതും പറഞ്ഞ് ഉറക്കം മുറിഞ്ഞ ദേഷ്യത്തോടെ വർഷ ലൈറ്റ് ഇട്ടപ്പോൾ ആണ് പേടിച്ചുവിറച്ച് വിയർപ്പിൽ കുളിച്ചിരിക്കുന്ന അശ്വിനെ കണ്ടത്…

” ഡാ… നീ വല്ല സ്വപ്നവും കണ്ടോ… എന്താടാ അശ്വിനെ എന്തുപറ്റി..” അവൾക്കു ആകെ ടെൻഷൻ തോന്നി

അപ്പോഴാണ് അശ്വിന് ഇത്രനേരെയും താൻ കണ്ടത് ഒരു സ്വപ്നമാണെന്ന് മനസ്സിലായത്.. ഒരു കുഴപ്പവുമില്ലാതെ തന്റെ മുൻപിൽ ഇരിക്കുന്ന തന്റെ പെണ്ണിനെ കണ്ട് അവൻ പൊട്ടിക്കരച്ചിലൂടെ അവളെ ചേർത്തുപിടിച്ചു..

” എടാ നീ കരയല്ലേ എനിക്ക് കുഴപ്പമൊന്നുമില്ല നീ സ്വപ്നം കണ്ടതല്ലേ.

” നീ മുകളിലെ നിലയിൽ നിന്ന് വീണു.. ഞാൻ നിന്നെ കൊല്ലാൻ നോക്കി എന്നും പറഞ്ഞു നിന്റെ ചേട്ടൻ എന്നെ തല്ലി… പോലീസുകാരും തല്ലി.. എന്നിട്ട് നീ വീഴ്ചയിൽ എന്നേ വിട്ടു പോയി.. പിന്നെ നമ്മൾ പോലും അറിയാതെ നമ്മുടെ കുഞ്ഞും…. ”  അതും പറഞ്ഞ് അവൻ വീണ്ടും കരച്ചിൽ.. എന്നാൽ അവൻ പറഞ്ഞ ഒരു കാര്യം കേട്ട് അവളിൽ ഒരു ഞെട്ടൽ..

” ഡാ… നീ കരച്ചിൽ നിർത്ത് ഞാനൊരു കാര്യം പറയട്ടെ.. സത്യത്തിൽ മറ്റന്നാൾ ഉള്ള നിന്റെ ബർത്ത്ഡേക്ക് സർപ്രൈസ് തരാൻ വേണ്ടി വെച്ചിരുന്നതാണ്.. പക്ഷേ ഞാൻ ഇപ്പോൾ പറയാം.. ”

ഇത്രയും നേരം കരഞ്ഞുകൊണ്ടിരുന്ന അശ്വിൻ കരച്ചിൽ നിർത്തിക്കൊണ്ട് അവളുടെ മുഖത്തെ എന്തോ പറയാനുള്ള ആകാംക്ഷയും പുഞ്ചിരിയും കണ്ട് കണ്ണ് ചുരുക്കി അവളെ നോക്കി..

അവൾ ചെറിയ ചിരിയോടെ അവന്റെ കൈയെടുത്ത് അവളുടെ ഉദരത്തിൽ ചേർത്തുവെച്ചു..

” എടാ ജൂനിയർ അശ്വിനു ജൂനിയർ വർഷയോ ഇതിനുള്ളിൽ ഉണ്ടെടാ…. നിനക്ക് ബർത്ത് ഡേ സർപ്രൈസ് തരാൻ വേണ്ടി പറയാതെ വെച്ചിരുന്നതാ.. ”

ഇത്രയും നേരം നെഞ്ചിൽ തോന്നിയ ആധി എല്ലാം മാറി മനസ്സിൽ കുളിരു പടരുന്നത് അവൻ അറിഞ്ഞു.. വല്ലാത്ത ഒരു ഫീലിംഗ്..

അവളുടെ ഉദരത്തിൽ ഇരുന്ന് അവന്റെ കൈ വിറച്ചു.. തന്റെ കുഞ്ഞ് എന്ന ഒരു തോന്നലിൽ അവന്റെ ഹൃദയം കുളിർന്നു.. അവൻ വേഗം അവളെ കെട്ടിപ്പിടിച്ചു..

” നമുക്ക് ഈ മുകളിലത്തെ നില തന്നെ ഇടിച്ചു കളയാം. താഴെ മാത്രം താമസിക്കാം. ഇനി നമുക്ക് തല്ലൊന്നും പിടിക്കേണ്ട… ഞാനും നീയും നമ്മുടെ കുഞ്ഞും അച്ഛനും അമ്മയും മാത്രം.. ”

” എടാ അന്നത്തെ പ്രശ്നത്തിന് ശേഷം നമ്മൾ പിന്നെ തല്ലു പിടിച്ചിട്ടില്ലല്ലോ.. എനിക്ക് നീയോ നിനക്ക് ഞാനോ ഇല്ലാതെ പറ്റില്ല.. അതുകൊണ്ട് ടെൻഷൻ ഒക്കെ കള.. സ്വപ്നം കണ്ടു എന്ന് വിചാരിച്ച് നീ ഈ വീടൊന്നും പൊളിക്കാൻ ഒന്നും ചിന്തിക്കേണ്ട… നമ്മൾ ഇപ്പോൾ സൂപ്പർ കപ്പിൾസ് അല്ലേടാ.. ” അതും പറഞ്ഞ് അവളും അവനെ ചേർത്തുപിടിച്ചു..

അവനും തന്റെ പ്രണയത്തെയും പ്രണയ തുടിപ്പിനെയും ചേർത്ത് പിടിച്ചു…

അവസാനിച്ചു

സുബിഷ