അവൻ ഒറ്റയ്ക്കുള്ള ഫ്ലാറ്റിൽ നീ തനിച്ചു

#കരിനീല

ലിഫ്റ്റ് തുറന്നു പുറത്തേയ്ക്കിറങ്ങുമ്പോൾ എന്റെ മനസ്സിൽ ജയ പറഞ്ഞ വാക്കുകൾ ആയിരുന്നു

” അവൻ ഒറ്റയ്ക്കുള്ള ഫ്ലാറ്റിൽ നീ തനിച്ചു പോകണ്ടെടി. ആരെങ്കിലുമൊക്കെ അറിഞ്ഞാൽ നിനക്കു തന്നെയാണ് ചീത്തപ്പേര്”

എന്റെ സഹമുറിയത്തിയാണ് ജയ. തിരുവനന്തപുരത്തു വന്നിട്ടു എനിക്ക് ആദ്യമായി കിട്ടിയ സൗഹൃദം. ഒന്നര വർഷമായി ഒരു ഹോസ്റ്റലിൽ ഒരു മുറിയിലാണ് ഞങ്ങൾ താമസിക്കുന്നത്. എന്നെപ്പോലെ തന്നെ കോമഡി സിനിമകൾ കാണാനും റ്റിക്റ്റോക് ചെയ്യാനും ഇഷ്ടപ്പെടുന്നവൾ. ഇന്ത്യൻ കോഫി ഹൗസ്സിലെ മസാല ദോശ എന്റെയൊപ്പം മത്സരിച്ചു കഴിക്കുന്നവൾ. പ്രായത്തിൽ എന്നെക്കാൾ അല്പം മുതിർന്നവൾ എങ്കിലും എനിക്കെല്ലാം തുറന്നു പറയാൻ പറ്റുന്നത്ര അടുപ്പമാണ് ജയയുമായിട്ട്.

ഞാനെന്തു പറഞ്ഞാലും എനിക്ക് വേണ്ട കൃത്യമായ ഉപദേശവും നിർദേശവുമൊക്കെ അവൾ തരും . പക്ഷെ എന്തുകൊണ്ടോ കിരണിന്റെ കാര്യത്തിൽ മാത്രം ജയ പറയുന്നത് അനുസരിക്കാൻ എനിക്ക് തോന്നിയില്ല.

ടെക്നോപാർക്കിൽ എന്റെ കൂടെയാണ് കിരൺ ജോലി ചെയ്യുന്നത്. ഇന്ന് അവന്റെ ജന്മദിനമാണ്. ഞങ്ങൾ പ്രണയത്തിലായ ശേഷമുള്ള അവന്റെ ആദ്യത്തെ ജന്മദിനം . ഞാനും ജയയും കുറേ കടകൾ കയറി ഇറങ്ങിയ ശേഷമാണ് കിരണിനു ഏറ്റവും ചേരുന്ന കരിനീല നിറത്തിലുള്ള മനസിനിണങ്ങിയ ഷർട്ടും പിന്നെ ഒരു വാച്ചും സമ്മാനമായി വാങ്ങിയത്.

കോറിഡോറിൽ കൂടി ഞാൻ കിരണിന്റെ ഫ്ലാറ്റ് ലക്ഷ്യമാക്കി നടന്നു. 14 ബി യുടെ മുന്നിലെത്തി. കൊറിഡോറിൽ ഒരു മനുഷ്യൻ പോലുമില്ല. പോകണ്ടെടി എന്നു ജയ പറഞ്ഞത് വീണ്ടും മനസിലേക്ക് വന്നു. ജയ എന്റെ നന്മയ്ക്കു വേണ്ടിയാണ് പറയുന്നത് എന്നറിയാം . എങ്കിലും…

അവന്റെ ഫ്ലാറ്റിന്റെ മുൻപിൽ എത്തിയപ്പോൾ ഞാൻ കൈയിലിരിക്കുന്ന ഗിഫ്റ്റ് പാക്കറ്റിലേക്ക് ഒന്നുകൂടി നോക്കി. ഒരുപാട് ഇഷ്ടപ്പെട്ടു വാങ്ങിയതാണ്. ഞാൻ കൈ നീട്ടി കോളിംഗ് ബെൽ അടിച്ചു.

ജോലിക്ക് ജോയിൻ ചെയ്തു ഏകദേശം ഒരു രണ്ടു മാസം ആയിട്ടുണ്ടാവും. ഞങ്ങളുടെ ടീമിലുള്ള അനുചേച്ചിയുടെ മോളുടെ പിറന്നാളിന്റെ ട്രീറ്റ് നടക്കുകയായിരുന്നു. ഞാനും കിരണും ഉൾപ്പടെ ടീമിലെ എല്ലാവരും ഉണ്ടായിരുന്നു. സംസാരിക്കുന്നതിനിടയിൽ എന്റെ അശ്രദ്ധ കൊണ്ടു ടേബിളിൽ ഇരുന്ന ചൂട് കോഫി മറിഞ്ഞു അടുത്തിരുന്ന കിരണിന്റെ ദേഹത്തേക്ക് വീണു . അല്ലേലും പണ്ടേ അങ്ങനെയാണല്ലോ, വാചകമടിക്കാൻ ആളെ കിട്ടിയാൽ താൻ പരിസരമൊക്കെ മറക്കും.

പെട്ടെന്ന് എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. സാരമില്ലെടോ എന്നു കിരൺ പറഞ്ഞെങ്കിലും ജാള്യത മറച്ചു കൊറേ സോറിയിക്കെ പറഞ്ഞൊപ്പിച്ചു. എനിക്കിന്നും ഓർമ്മയുണ്ട് അന്നും അവൻ ഒരു കരിനീല നിറമുള്ള ഷർട്ട് ആയിരുന്നു ഇട്ടിരുന്നത്.

ജയയോട് വന്നു പറഞ്ഞപ്പോൾ അല്ലേലും എനിക്കൊരു ശ്രദ്ധയും ഇല്ലെന്നു പറഞ്ഞു അവളും എന്നെ കുറ്റം പറഞ്ഞു. എന്തു തന്നെ ആയാലും ഞാനും കിരണും അതിനു ശേഷം നല്ല കട്ട കമ്പിനി ആയി. അഞ്ചാറു മാസത്തിനു ശേഷം എന്നോട് പ്രണയമാണെന്ന് ആദ്യം പറഞ്ഞതും കിരൺ തന്നെ ആയിരുന്നു.

അവനോട് നോ പറയാനുള്ള ഒരു കാരണവും ഇല്ലായിരുന്നു. നല്ല ജോലി, സ്വഭാവം, ഇരുനിറമെങ്കിലും കാണാനും തെറ്റില്ല.

എങ്കിലും ഞാൻ അമ്മയോട് വിളിച്ചു ചോദിച്ചു എന്തു മറുപടിയാണ് ഞാൻ പറയേണ്ടതെന്നു. ഞാൻ ഒമ്പതാം തരത്തിൽ പഠിക്കുമ്പോൾ അച്ഛന്റെ ആകസ്മികമായ മരണത്തിൽ തളർന്നുപോകാതെ പിടിച്ചു നിന്നു , വളരെ കഷ്ടപ്പെട്ടു എന്നെയും അനിയനെയും പഠിപ്പിച്ചു ജോലിക്കാരാക്കിയ അമ്മയോട് എനിക്ക് എന്നും ബഹുമാനമാണ്. അമ്മയോട് ചോദിക്കാതെ ,അമ്മയുടെ സമ്മതമില്ലാതെ ജീവിതത്തിൽ പ്രധാനപ്പെട്ട ഒരു തീരുമാനവും ഞാൻ എടുക്കില്ല.

കിരണിന്റെ കാര്യം ഞാൻ പറഞ്ഞപ്പോൾ എടുത്തുചാടി ഒരു തീരുമാനം എടുക്കേണ്ട എന്നാണ് ‘അമ്മ പറഞ്ഞത്. അമ്മയത് പറഞ്ഞപ്പോൾ എനിക്ക് ചെറിയ നീരസവും സങ്കടവും തോന്നി.

“കിരൺ നല്ലതാണമ്മേ. അവനു മോശപ്പെട്ട സ്വഭാവം ഒന്നുമില്ല”

“ശെരിയായിരിക്കാം . എങ്കിലും ജീവിതത്തിലെ പ്രധാനപ്പെട്ട ഏതു തീരുമാനം എടുക്കുമ്പോഴും നമ്മൾ ഏറ്റവും ആലോചിച്ചു വേണം തീരുമാനിക്കാൻ.”

എന്നാൽ കൂടുതൽ അറിയും തോറും എനിക്ക് കിരണിനൊടുള്ള അഭിപ്രായം കൂടിയതെയുള്ളൂ . അങ്ങനെ ഞാൻ അവനോട് എന്റെ പ്രണയവും തുറന്നു പറഞ്ഞു. എന്റെ ആദ്യ പ്രണയം.

ഞാനത് അമ്മയോട് പറഞ്ഞപ്പോൾ ഞാൻ എന്റെ തീരുമാനം വേഗത്തിൽ ആക്കിതിൽ അമ്മയ്ക്ക് ചെറിയ നീരസം ഉണ്ടായിരുന്നു . എങ്കിലും ‘അമ്മ എന്റെ സന്തോഷത്തിനു കൂട്ടു നിന്നു. അങ്ങനെ കിരൺ അവന്റെ അച്ഛനും അമ്മയുമായി വന്നു ഔദ്യോഗികമായി എന്നെ പെണ്ണ് ചോദിച്ചു. അപ്പോഴാണ് ജാതകം വില്ലനായത്. ഈ വർഷം മംഗളകർമ്മങ്ങൾ നടത്തുന്നത് എനിക്ക് നല്ലതല്ലത്രേ.

അങ്ങനെ ഞങ്ങൾക്ക് പ്രണയിക്കാൻ ഒരു വർഷം കൂടി കിട്ടി. ശെരിക്കും സന്തോഷത്തിന്റെ നാളുകൾ. വൈകുന്നേരം വരെ ഒന്നിച്ചു ജോലി ചെയ്യുമെങ്കിലും വീണ്ടും കിട്ടുന്ന സമായങ്ങളിലെല്ലാം ഞങ്ങൾ കണ്ടു. രാവുകൾ പകലുകൾ ആക്കി ഞങ്ങൾ ഫോണിലൂടെ സ്വപ്നങ്ങൾ പങ്കു വെച്ചു.

അങ്ങനെ ഇരിക്കെയാണ് അവന്റെ പിറന്നാൾ വരുന്നത്. എന്തു വാങ്ങി കൊടുക്കണമെന്ന് ആകെ കണ്ഫ്യുഷൻ ആയിരുന്നു. ഒടുവിൽ അവനിട്ടു കാണാൻ ഞാൻ ആഗ്രഹിക്കുന്ന കരിനീല നിറമുള്ള ഷർട്ടു മതിയെന്നു തീരുമാനിച്ചു. എന്തോ ആ നിറമിട്ടു അവനെ കാണാൻ പ്രത്യേക സൗന്ദര്യമാണ്.

“അമൃതാ… അകത്തേയ്ക്കു വാ”

കിരണിന്റെ സംസാരം കേട്ടപ്പോഴാണ് വാതിൽ തുറന്നത് എനിക്ക് മനസ്സിലായത് . നിറഞ്ഞ ചിരിയോടെ അവൻ എന്റെ മുന്നിൽ നിന്നു.

” എത്ര ഇല്ലെന്നു പറഞ്ഞാലും നീ ഇന്ന് ഇവിടേക്ക് വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു അംറൂസ്‌. അവനെന്നെ സ്നേഹത്തോടെ വിളിക്കുന്ന പേരാണത്.

ഞാൻ അവന്റെ പിറകെ ഫ്ലാറ്റിനുള്ളിലേക്കു കയറി. കൈയിൽ ഉണ്ടായിരുന്ന ഗിഫ്റ്റ് അവനു നേരെ നീട്ടി.

“ഹാപ്പി ബർത്ടെ കിരൺ”

“താങ്ക്യൂ മൈ ഡിയർ” അവനത് സ്നേഹത്തോടെ വാങ്ങി.

“പക്ഷേ എനിക്ക് വേണ്ടത് ഈ ഗിഫ്റ്റ് അല്ല കേട്ടോ… ഞാൻ ഫോണിൽ കൂടി പറഞ്ഞില്ലേ… ആ ഗിഫ്റ്റ്”

ഇന്നലെ പതിവ് സംസാരത്തിനിടയിലാണ് അവൻ എന്നോട് ആ കാര്യം ആവശ്യപ്പെട്ടത്‌. ഇന്ന് അവനു പിറന്നാൾ സമ്മാനമായി അവന്റെ കൂടെ ഞാൻ കിടക്ക പങ്കിടണമെന്ന് . എത്ര ഇഷ്ടം ആണെങ്കിലും വിവാഹം കഴിയാതെ ശരീരം പങ്കുവയ്ക്കുന്നത് ശെരിയല്ലന്നു ഞാൻ അവനോട് പറഞ്ഞപ്പോൾ അവൻ എന്നോട് പിണങ്ങി ഫോൺ വെച്ചു പോയി.

പിന്നെ ഇന്ന് രാവിലെയാണ് അവന്റെയൊരു മെസ്സേജ് എനിക്ക് വരുന്നത്. അതിൽ ഇത്രമാത്രം ഉണ്ടായിരുന്നുള്ളു.

” ഞാൻ കാത്തിരിക്കും. ഇന്ന് നീ വന്നില്ലെങ്കിൽ പിന്നെ നമ്മൾ തമ്മിൽ ഒരു ബന്ധവുമില്ല”

ആ മെസ്സേജ് കണ്ടതും ഞാൻ ഒരുപാട് ആലോചിച്ചു. ജയ എതിർത്തിട്ടും ഞാൻ അവന്റെ ഫ്ലാറ്റിലേക്ക് വന്നു.

“നീയെന്താ ആലോചിക്കുന്നത്. പേടിക്കണ്ട ഇതൊന്നും ആരും അറിയില്ല. നമ്മൾ തമ്മിൽ വിവാഹിതരാകാൻ പോകുന്നവരല്ലേ…”

അതും പറഞ്ഞവൻ ഒരു ചിരിയോടെ വാതിൽ അടയ്ക്കാൻ തുടങ്ങി.

” കിരൺ…”

“എന്താ അംറൂസെ”

“വാതിൽ അടയ്ക്കണ്ട”

“വാതിൽ അടയ്ക്കാതെ എങ്ങനെയാ…”

“വാതിൽ അടയ്ക്കണ്ട എന്നല്ലേ ഞാൻ പറഞ്ഞത്…” എന്റെ ശബ്ദം ഉയർന്നപ്പോൾ അവന്റെ മുഖം മാറി.

“നീ എന്താടീ ഈ പടയുന്നത്”

“കിരൺ…നീയെന്താണ് വിചാരിച്ചത്. നീ ഒന്നു പിണക്കം കാണിച്ചപ്പോൾ നിന്റെ കൂടെ കിടക്ക പങ്കിടാൻ വന്നതാണ് ഞാൻ എന്നോ. എങ്കിൽ നിനക്ക് തെറ്റി. ഈ അമൃതയെ അതിനു കിട്ടില്ല. നിന്നെപോലെയല്ല, നല്ല ഒരു ‘അമ്മ വളർത്തിയ പെണ്ണാ ഞാൻ. കൂടെ കിടന്നിലേൽ പ്രണയിച്ച പെണ്ണിനെ നിനക്ക് വേണ്ടെന്നു നീ പറഞ്ഞില്ലേ… അങ്ങനെ പറഞ്ഞ ഒരുത്തനെ എനിക്ക് വേണ്ടെന്നു നിന്റെ മുഖത്തു നോക്കി പറഞ്ഞിട്ട് എല്ലാം അവസാനിപ്പിച്ചിട്ടു പോകാൻ വന്നതാണ് ഞാൻ . പ്രണയത്തേക്കാൾ പെണ്ണിന്റെ ശരീരം മാത്രം ആഗ്രഹിക്കുന്ന നിന്നെയൊക്കെ എങ്ങനെ ഞാൻ വിശ്വസിക്കും ?

“എടീ…”

അവനെന്റെ കൈയിൽ കയറി പിടിച്ചു.

അപ്പോഴേക്കും എന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു..

അവന്റെ കൈ വിടുവിച്ച ശേഷം ഞാൻ അവന്റെ വലത്തേ കവിളിൽ ഒന്നു പൊട്ടിച്ചു.

“നിന്നെ കൈനീട്ടി അടിക്കണമെന്നു ഒരിക്കലും ഞാൻ ആഗ്രഹിച്ചിരുന്നതല്ല. പക്ഷെ ഇത് ഇപ്പോൾ ആവശ്യമാണ്. ”

അതും പറഞ്ഞു ഞാൻ തിടുക്കത്തിൽ അവിടുന്നിറങ്ങി ലിഫ്റ്റിൽ കയറി.

പുറത്തിറങ്ങിയതും മൊബൈൽ എടുത്ത് ആദ്യം വിളിച്ചത് അമ്മയെ ആണ്.

” അമ്മാ….”

“എന്താ മോളെ…”

“‘അമ്മ പറഞ്ഞതായിരുന്നു ശെരി. വളരെ ആലോചിച്ചിട്ടല്ലാതെ ഒരു തീരുമാനവും എടുക്കാൻ പാടില്ല . എനിക്ക് കിരണുമായുള്ള വിവാഹം വേണ്ടമ്മ….”

“എന്തുപറ്റി മോളെ….”

“ഞാൻ നാളെ വീട്ടിലേക്ക് വരുന്നുണ്ട്. എല്ലാം അമ്മയോട് നേരിട്ട് പറയാം”

“എന്റെ മോൾ സമാധാനമായിരിക്ക്. എന്തു തന്നെ ആയാലും ‘അമ്മ കൂടെയുണ്ട്.”

എനിക്ക് ആ ഉറപ്പ് മതിയായിരുന്നു. ഫോൺ വെക്കുമ്പോൾ മനസ്സ് ശാന്തമായിരുന്നു. ഹോസ്റ്റലിലേക്ക് തിരികെ പോകുമ്പോൾ ഇന്ത്യൻ കോഫി ഹൗസ്സിൽ നിന്നു പ്രിയപ്പെട്ട മസാല ദോശ കഴിക്കുമ്പോൾ ജയക്ക് പാർസൽ വാങ്ങാനും ഞാൻ മറന്നില്ല.

Rose Mary

Leave a Reply