നോവിൻ തീരം
” ഹോ… നടന്നു കാലഴച്ചു…. അമ്മയെ വിളിച്ചിട്ട് ആണെങ്കിൽ ഫോണും എടുക്കുന്നില്ല വീട്ടിൽ എന്ത് ചെയ്യുകയാണോ ആവോ.. ഇനി വല്ലയിടത്തും പോയിട്ടുണ്ടാവുമോ.. അച്ഛനെ വിളിച്ചിട്ട് ഫോൺ കിട്ടുന്നില്ല… കടയിൽ തിരക്കുള്ള സമയമല്ലേ ആ സമയത്ത് അച്ഛൻ ഫോൺ എടുക്കില്ലല്ലോ.. ” സ്വയം പറഞ്ഞുകൊണ്ട് ആ വലിയ ബാഗും പിടിച്ച് ഒമ്പതാം ക്ലാസുകാരി പതിയെ റോഡിലൂടെ നടന്നു തന്റെ വീട്ടിലെത്തി…
വീട്ടിലെത്തിയപ്പോൾ ഒട്ടും പരിചയമില്ലാത്ത ആണുങ്ങൾ ഇടുന്ന മോഡൽ ചെരിപ്പ് കിടക്കുന്നുണ്ടായിരുന്നു…
അവൾ കോലിംഗ് ബെൽ അടിക്കാതെ അമ്മ എന്ന് വിളിച്ച് വാതിൽ തുറക്കാൻ നോക്കിയപ്പോൾ വാതിൽ അകത്തുനിന്ന് കുറ്റിയിട്ടുണ്ട്..
” അമ്മ എന്താ താൻ വിളിച്ചിട്ട് വാതിൽ തുറക്കാത്തത്… ഇനി അമ്മക്ക് വയ്യേ.. ” എന്ന പേടിയോടെ അവൾ കോളിംഗ് ബെൽ അടിച്ചെങ്കിലും വാതിൽ തുറക്കുന്നില്ല.. പിന്നെ വീടിന്റെ മുൻവശത്തുള്ള ജനൽ പാളി തുറക്കാൻ പറ്റുമോ എന്ന് നോക്കി.. പക്ഷേ അത് അടച്ചിട്ടിരിക്കുകയായിരുന്നു അതിനാൽ അമ്മ എന്ന് ഉറക്കെ വിളിച്ചുകൊണ്ട് തന്നെ സൈഡ് വശത്തെ ജനൽ പാളി തുറക്കാൻ നോക്കിയപ്പോൾ അതിലെ ഒരു ജനൽ പാളി തുറന്നു വന്നു..
അവൾ ഹാളിലേക്ക് നോക്കിയപ്പോൾ ആരുമില്ല അപ്പോൾ അച്ഛന്റെയും അമ്മയുടെയും മുറി തുറക്കുന്ന ഒച്ച കേട്ടു.. അതിൽനിന്ന് അമ്മ വെപ്രാളപ്പെട്ട് ചുരിദാർ എല്ലാം വലിച്ചിട്ട് ഇറങ്ങുന്നുണ്ട്.. പുറകെ തന്നെ അവൾക്ക് പരിചയമില്ലാത്ത ഒരാൾ. ആളുടെ മുഖത്ത് പരിഭ്രമം ഒന്നുമില്ല പക്ഷേ അമ്മയുടെ മുഖത്ത് നല്ല പരിഭ്രമം ഉണ്ട്…
അമ്മ വേഗം മുമ്പിലെ ഡോർ തുറക്കാൻ പോയപ്പോൾ അയാൾ അമ്മയുടെ കയ്യിൽ പിടിച്ച് പതിയെ ചിരിയോടെ വലിക്കുന്നുണ്ട് അമ്മ അയാളെ നോക്കി കണ്ണുകൊണ്ട് വേണ്ട എന്ന് കാണിക്കുന്നുണ്ട് അപ്പോഴാണ് ജനൽ പാളിയിലൂടെ തന്നെ നോക്കി സംശയത്തോടെ നിൽക്കുന്ന തന്റെ മോളെ സിന്ധു കണ്ടത്.. അതോടെ സിന്ധുവിന്റെ കാലിലൂടെ വിറയിൽ പാഞ്ഞു പോയി.. ജനലിലൂടെ തങ്ങളെ സൂക്ഷിച്ചു നോക്കുന്ന സരയുവിനെ കണ്ട് അയാളുടെ മുഖവും മാറി.. എന്നാൽ പെട്ടെന്ന് തന്നെ മുഖത്ത് സന്തോഷ ഭാവം വരുത്തിക്കൊണ്ട്
” ആ സിന്ധു ഇതാണല്ലേ നിന്റെ മോള് നല്ല സുന്ദരിയാണല്ലോ… മോൾക്ക് എന്നെ അറിയുമോ ” അതും പറഞ്ഞ് അയാൾ ജനലിന്റെ അടുത്തേക്ക് വന്നപ്പോഴേക്കും സരയൂ മുഖം വെട്ടിച്ച് വേഗം വീടിന്റെ മുൻപിലേക്ക് നടന്നു.. അത് കണ്ട് അയാളുടെ മുഖം മാറിയെങ്കിലും സിന്ധുവിനെ നോക്കി ചിരിച്ചുകൊണ്ട് ഒന്നുമില്ല എന്ന് കണ്ണടച്ചു കാണിച്ചു ..
സിന്ധു ആണെങ്കിൽ എന്ത് ചെയ്യും അറിയാതെ പേടിച്ചു നിൽക്കുകയാണ്..
” സിന്ധു പേടിക്കാതെ… അവൾ കുഞ്ഞല്ലേ അവൾക്കൊന്നും മനസ്സിലാവില്ല.. ”
” അവൾക്കു നല്ല ബുദ്ധിയാ സതീശേട്ട അതാ എനിക്ക് പേടി… നീ അവളെ അല്ല..മാധവനെ പേടിച്ചാ മതി മാധവന് എങ്ങനെയെങ്കിലും പറഞ്ഞു നമ്മുടെ വശത്താക്കിയാൽ പിന്നെ ഈ പിക്കിരി പെൺകൊച്ചു എന്ത് ചെയ്യാൻ.. ”
അപ്പോഴേക്കും സരയൂ അകത്തേക്ക് കയറി വന്നു..
സിന്ധു തന്നെ ടെൻഷനൊക്കെ മറച്ചുവെച്ച് നിറഞ്ഞ ചിരിയൊക്കെ വരുത്തി അവളുടെ അടുത്തേക്ക് ചെന്നു..
സതീശനും വേഗം അവരുടെ അടുത്ത് ചെന്ന് സരയുവിന്റെ ഷോൾഡറിൽ കൈ വെക്കാൻ നേരം അവൾ ആ കൈ തട്ടി എറിഞ്ഞു..
” എനിക്ക് അറിയാൻ വയ്യാത്ത ആളുകൾ എന്റെ ശരീരത്ത് തൊടുന്നത് എനിക്കിഷ്ടമല്ല..” അതു പറയുമ്പോൾ അവളുടെ മുഖത്ത് തന്റെ അമ്മയെ ചിരിയോടെ കയ്യിൽ പിടിച്ചു വലിച്ച സതീശനെ കാണുമ്പോൾ ഉള്ള വെറുപ്പായിരുന്നു.. അതേസമയം തന്നെ ആദ്യമായി അവൾക്ക് തന്റെ അമ്മയോടും വെറുപ്പ് തോന്നുന്നുണ്ടായിരുന്നു..
” മോളെ ഇത് മോളുടെ അമ്മാവനാ.. ”
” അതിന് അമ്മയ്ക്ക് ആകെ രണ്ട് ആങ്ങളമാരല്ലേ ഉള്ളൂ അവരെ എനിക്ക് നന്നായി അറിയാം.. ” അവളുടെ ഇടുത്തടിച്ച വർത്തമാനത്തിൽ സിന്ധു പതറുന്നുണ്ട്
” ഇത് അമ്മാമ്മയുടെ സ്വന്തത്തിലുള്ള അമ്മയുടെ കസിൻ ആണ്.. സതീശൻ മാമൻ . മോളുടെ വല്യച്ഛന്റെയും അമ്മാവന്റെയും മക്കൾ മോളുടെ കസിൻ .. അതുപോലെ അമ്മയുടെ കസിൻ.. ”
” എന്നിട്ട് ഇത്രയും നാളും ഇയാളെ ഇവിടെ കണ്ടിട്ടില്ലല്ലോ.. ” അങ്ങനെ ഒരു ചോദ്യം അവർ പ്രതീക്ഷിച്ചിരുന്നില്ല..
” മോളെ കുറച്ചുനാൾ അങ്കിള് നോർത്ത് ഇന്ത്യയിൽ ആയിരുന്നു.. ഇപ്പോൾ രണ്ടുമൂന്നു മാസമായി നാട്ടിലെത്തിയിട്ട്.. ”
” എന്നിട്ട് അപ്പോൾ വരാതെ കുറെ നാളത്തി ഇന്നെന്താ വന്നത്.. അതു മാത്രവുമല്ല അമ്മ ഇത്രയും നാളായിട്ട് പിന്നീട് ഒരാളെ കുറിച്ച് പറഞ്ഞിട്ടില്ലല്ലോ.. ”
” ഡി.. മതി… നിർത്ത്…നീ എന്തോ പോലീസ് ആണോ ഇങ്ങനെ ചോദ്യം ചെയ്യാൻ.. കുറെ നേരമായി അവളുടെ ഒരു ചോദ്യം ചെയ്യൽ.. ഞാൻ നിന്റെ അമ്മയാ . എനിക്കറിയാം എന്ത് ചെയ്യണമെന്ന്.. നീ എന്റെ അമ്മായിയമ്മ ആവാൻ നിൽക്കല്ലേ.. ” സിന്ധു അവസാനത്തെ അടവ് എന്നതുപോലെ ദേഷ്യം അങ്ങ് പുറത്തെടുത്തു..
അതോടെ സരയു ഒന്നും മിണ്ടാതെ മുറിയിലേക്ക് കയറിപ്പോയി..
അവളുടെ പോക്ക് കണ്ട് സിന്ധുവിന് സമാധാനം തോന്നി അവൾ സമാധാനത്തോടെ സതീശനെ നോക്കി..
” ഇനി സതീശേട്ടാ ഇവിടെയുള്ള കൂടിക്കാഴ്ച നടക്കില്ല ട്ടോ… എനിക്ക് പേടിയാ ഇപ്പോൾ അവളുടെ സ്ഥാനത്ത് മാധവേട്ടനാണ് വന്നിരുന്നെങ്കിലോ.. എന്നെ കൊന്നാനെ… ”
” ഇവിടെ വേണ്ടെങ്കിൽ വേണ്ട.. ഈ നാട്ടിൽ ഹോട്ടൽ മുറികൾക്ക് പഞ്ഞമില്ലല്ലോ നമുക്ക് വേണമെങ്കിൽ റിസോർട്ടും എടുക്കാം.. ” സതീശന്റെ സംസാരം കേട്ട് സിന്ധു നാണിച്ചു നിന്നു .. ആ സമയം ആ നീചയായ സ്ത്രീ തന്നെ പൊന്നുപോലെ നോക്കുന്ന ഭർത്താവിനെയോ താൻ നൊന്ത് പെറ്റ മകളെ കുറിച്ച് ഓർത്തില്ല തന്റെ സുഖസൗകര്യം മാത്രം..
പെട്ടെന്നാണ് അവർ സരയു ആരോടോ സംസാരിക്കുന്നത് പോലെ കേട്ടത്.. അവർ മുറിയിൽ ചെന്ന് നോക്കിയപ്പോൾ സിന്ധുവിന്റെ ഫോണിൽ സിന്ധുവിന്റെ അമ്മയോട് സംസാരിക്കുകയാണ് സരയു..
” അമ്മൂമ്മ ആരാ ഈ സതീശൻ.. ”
ഫോണെടുത്ത് ഉടനെ തന്റെ കൊച്ചുമകളുടെ സംസാരം കേട്ട് ആ അമ്മൂമ്മ ഒന്നു വിറച്ചു..
” സതീശനോ അമ്മൂമ്മക്ക് അറിയില്ലല്ലോ മോളെ.. ” എന്തോ മറക്കാനുള്ള വ്യഗ്രതയിൽ അവർ പറഞ്ഞു..
” എന്നിട്ട് അയാൾ ഇവിടെ ഉണ്ടല്ലോ അമ്മൂമ്മയുടെ സ്വന്തക്കാരൻ ആണെന്നാണല്ലോ അമ്മ പറഞ്ഞത്.. ”
തന്റെ പേരമകളുടെ സംസാരത്തിൽ ആ വൃദ്ധയുടെ കാലിലൂടെ ഒരു വിറയൽ പാഞ്ഞു. തന്റെ മകളുടെ ജീവിതം തകരുമോ എന്ന് ടെൻഷനിൽ അവർക്ക് തന്റെ ഹൃദയം പൊട്ടിപ്പോകുമോ എന്ന് തോന്നി..
” ഹോ സതീശൻ…അമ്മുമ്മയുടെ സ്വന്തക്കാരനാണ് മോളെ..അമ്മുമ്മ ക്ക് വയസ്സായില്ലേ അതുകൊണ്ട് പെട്ടെന്ന് ഓർമ്മ കിട്ടിയില്ല.. മോള് ആ ഫോൺ ഒന്ന് അമ്മയുടെ കയ്യിൽ കൊടുക്കുമോ.. ” അമ്മുമ്മ പറഞ്ഞതിൽ കേട്ട് അവൾ ഫോൺ അമ്മയുടെ കയ്യിലേക്ക് കൊടുത്തെങ്കിലും സിന്ധു സംസാരിക്കാതെ ഫോൺ കട്ട് ചെയ്തു കളഞ്ഞു.. ഇപ്പോൾ സംസാരിച്ചാൽ പ്രശ്നമാകുമെന്ന് അവൾക്കറിയാം..
സിന്ധുവിന്റെ അമ്മയുടെ വകയിൽ ഒരു സ്വന്തക്കാരൻ ആണ് സതീശൻ.. ഒരു തലതിരിഞ്ഞ പയ്യനായിരുന്നു.. ചെറുപ്പത്തിലെ സിന്ധുവും സതീശനും പ്രണയിതാക്കൾ ആയിരുന്നു.. സതീശന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് കാര്യം അറിഞ്ഞപ്പോൾ അവർ മാധവിന്റെ വിവാഹലോചന ഉറപ്പിച്ചു… ആ സമയത്ത് സതീശനും സിന്ധുവും ഒളിച്ചോടിയെങ്കിലും പിറ്റേദിവസം അവരെ പിടികൂടി സിന്ധുവിനെ തിരികെ കൊണ്ടുവന്നു.. ഒളിച്ചോടി പിറ്റേദിവസം ആയിട്ടും അവർ വിവാഹം ഒന്നും രജിസ്റ്റർ ചെയ്യാത്തതുകൊണ്ട് സിന്ധുവിനെ കൊണ്ടുവരാൻ എളുപ്പമായി.. ഇനി നാട്ടിൽനിന്ന് സതീശന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ അവൻ നോർത്ത് ഇന്ത്യയിലേക്ക് കടന്നു കളഞ്ഞു… സിന്ധുവിന്റെ വിവാഹം മാധവുമായി നടത്തി..
പിന്നീട് 15 വർഷങ്ങൾക്ക് ശേഷമാണ് സതീശൻ തിരികെ വന്നത്.. കൈനിറയെ പണവുമായി പുത്തൻ പണക്കാരനെ പോലെ ആയിരുന്നു വരവ്.. അതുപോലെതന്നെ വിവാഹവും കഴിച്ചിട്ടില്ല..
സതീശൻ വന്നു എന്ന് അറിഞ്ഞപ്പോൾ വീട്ടുകാർക്ക് ടെൻഷൻ ഉണ്ടായിരുന്നെങ്കിലും സിന്ധു ഇപ്പോൾ മാധവിന്റെ കൂടെ കുഞ്ഞുമായി സന്തോഷത്തോടെ ജീവിക്കുകയല്ലേ അതുകൊണ്ട് പ്രശ്നമൊന്നും ഇല്ലെന്ന് അവർ സമാധാനിച്ചു.. അവർ പരസ്പരം കാണുന്നില്ല എന്നാണ് അവർ വിചാരിച്ചിരുന്നത്.. പക്ഷേ ആ സമാധാനം ഒക്കെ പേരക്കുട്ടിയുടെ ഫോൺ കോളിലൂടെ തീർന്നു.
ഒരു മണിക്കൂറിനുള്ളിൽ സിന്ധുവിന്റെ അമ്മയും ഒരു ആങ്ങളയും അവിടെയെത്തി.. അവരെ കണ്ട സരയുവിന് ഒട്ടും പ്രതീക്ഷിക്കാതെ അവർ വന്നതിന്റെ അത്ഭുതം.. എന്നാൽ സിന്ധുവിന് ചെറിയ പേടി തോന്നാതിരുന്നില്ല.. സിന്ധു പേടിച്ചതുപോലെ തന്നെ അമ്മയും ആങ്ങളയും അവളെ സരയു അറിയാതെ ചീത്ത പറഞ്ഞു. ഞങ്ങൾ തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നും ഇന്ന് ആദ്യമായി എന്നെ കാണാൻ വന്നതാണെന്നും സിന്ധു ആണയിട്ട് പറഞ്ഞതോടെ അവർ വിശ്വസിച്ചു..
അന്ന് രാത്രി മാധവൻ വന്നപ്പോൾ സരയു പറയുന്നതിനു മുൻപ സിന്ധു അയാളോട് കാര്യങ്ങളൊക്കെ പറഞ്ഞതിനാൽ സരയു പറഞ്ഞപ്പോൾ അയാൾക്ക് ഭാര്യയെ സംശയം ഒന്നും തോന്നിയില്ല..
അച്ഛന്റെയും അമ്മയുടെയും മുറിയിൽ നിന്നുപോലും ആ അങ്കിൾ ഇറങ്ങി വന്നു എന്ന് സരയു പറഞ്ഞപ്പോൾ…
ആദ്യമായി വന്നതല്ലേ അപ്പോൾ വീടെല്ലാം കയറി കണ്ടു എന്നാണ് സിന്ധു പറഞ്ഞത്
മുന്നിലെ വാതിൽ ലോക്ക് ചെയ്താണ് അമ്മയും ആ അങ്കിളും അകത്തിരുന്നത് എന്ന് പറഞ്ഞപ്പോൾ
മുമ്പിലെ വാതിൽ ലോക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല എന്നും ഇടക്കൊക്കെ വാതിലിന് ഒരു മുറുക്കം വരുമ്പോൾ തുറക്കാൻ പാടാണ്. അതുകൊണ്ട് സരയുവിന് അടച്ചത് പോലെ തോന്നിയതാണെന്നാണ് സിന്ധു പറഞ്ഞത്
ഭാര്യയെ അത്രയും വിശ്വാസമുള്ള മാധവൻ അവർ പറഞ്ഞതെല്ലാം വിശ്വസിച്ചു… പിന്നെ മകൾ ചെറുതല്ലേ അവൾക്ക് എന്തറിയാം എന്നും വിചാരിച്ചു..
അതോടെ സിന്ധുവിനെ വീണ്ടും സതീശനെ കാണാനുള്ള ധൈര്യം ലഭിച്ചു..
ദിവസങ്ങൾ വീണ്ടും കടന്നു പോയി.. ആ ദിവസത്തിനു ശേഷം സരയുവിനെ അമ്മയോട് എന്തോ അകൽച്ച ഉള്ളതുപോലെയാണ്.. എന്നാൽ സിന്ധുവിനെ അതൊരു കുഴപ്പവുമില്ല എന്ന ഭാവം..
അവളുടെ മനസ്സിൽ ഇപ്പോൾ ഭർത്താവോ പെറ്റു വളര്‍ത്തിയ മകളോ അല്ല..
തന്റെ സൗന്ദര്യത്തെ വർണ്ണിക്കുന്ന….. എപ്പോൾ കാണാൻ വരുമ്പോഴും കൈ നിറയെ പൈസ നോക്കാതെ സമ്മാനമായി വരുന്ന തന്റെ പഴയ പ്രണയമായ സതീശനാണ്.. അതിൽ കൂടുതൽ ഇത്രയും കൊല്ലം ആയിട്ടും സതീശൻ തന്നെ ഓർത്ത് വേറെ വിവാഹം കഴിച്ചിട്ടില്ല എന്ന് മാത്രമല്ല തന്നെ ഇപ്പോഴും സ്നേഹിക്കുന്നു എന്ന ഒരു ചിന്തയും അവളെ തന്റെ കുടുംബത്തിൽ അകറ്റി സതീശനിലേക്ക് അടുപ്പിച്ചു…
തന്റെ കള്ളത്തരം മറക്കാനായി ഭർത്താവിനെ ഓവറായി സ്നേഹിക്കുന്നതുപോലെ അഭിനയിക്കുമ്പോൾ പാവം മാധവൻ തന്റെ ഭാര്യയുടെ അവിഹിതം ഒന്നുമറിഞ്ഞില്ല.. എന്നാൽ എന്റെ അമ്മയുടെ മാറ്റം സരയു നിരീക്ഷിക്കുന്നുണ്ട്.. പക്ഷേ അച്ഛനോട് പറഞ്ഞിട്ട് കാര്യമില്ല അച്ഛൻ അത് മനസ്സിലാക്കുന്നില്ല..
ഒരു ബുധനാഴ്ച മാധവൻ കടയിൽ ഇരിക്കുകയാണ്..
” ഹേ… നീ കടയിൽ ഉണ്ടായിരുന്നു ഞാൻ ഓർത്തു… ഇന്നു നീ കട അടച്ചിട്ടിരിക്കുകയായിരുന്നു.. അപ്പോൾ അതാരാ….. ” മാധവന്റെ ഒരു കൂട്ടുകാരൻ കടയിൽ വന്നുകൊണ്ട് സംശയത്തോടെ പറഞ്ഞു..
” നീ എന്താടാ ഈ പറയുന്നത് എനിക്കൊന്നും മനസ്സിലാവുന്നില്ല.. ” കൂട്ടുകാരൻ എന്തോ പറയുന്നു അത് കേട്ട് മാധവൻ ചോദിച്ചു..
” എടാ ഞാനിന്ന് സിന്ധു ഒരു കാറിൽ കയറി പോകുന്നത് കണ്ടിരുന്നു.. വളരെ കളിച്ചു ചിരിച്ചു സന്തോഷത്തോടെ പോകുന്ന കണ്ടപ്പോൾ നീയാണെന്ന് വിചാരിച്ചു.. പക്ഷേ ഡ്രൈവിംഗ് സീറ്റിലിരുന്ന് ആരെന്ന് കണ്ടില്ല.. ”
” നിനക്ക് ആള് തെറ്റിയത് ആയിരിക്കും അവൾ വീട്ടിലുണ്ട്.. ”
“അല്ലടാ അവൾ ഇളമഞ്ഞ സാരിയൊക്കെ ഉടുത്തു…. എനിക്ക് അവളെ കണ്ടാൽ അറിയില്ലേ…. ചിലപ്പോൾ അവളുടെ ആങ്ങളമാരുടെ കൂടെ പോയതായിരിക്കും.. നീയൊന്ന് അവളെ വിളിച്ചു നോക്ക്..”
” നിന്റെ ഒരു കാര്യം.. അവൾ വീട്ടിലുണ്ട്..” കൂട്ടുകാരൻ പറഞ്ഞത് അനുസരിച്ച് മാധവൻ ഫോൺ വിളിച്ചു.. ആദ്യ കോളിൽ അവൾ ഫോൺ എടുത്തില്ല അതിൽ മാധവന് അസ്വാഭാവികത ഒന്നും തോന്നിയില്ലെങ്കിലും മാധവന്റെ കൂട്ടുകാരന് താൻ കണ്ടത് സിന്ധുവിനെ ആണ് എന്ന് ഉറപ്പുള്ളതുകൊണ്ട് വല്ലായ്മ തോന്നി.
രണ്ടാമത് ഫോൺ ബെല്ലടിച്ചു നിൽക്കാറായി പോയേക്കും കിതപ്പോടെ സിന്ധു ഫോൺ എടുത്തു..
മാധവൻ എന്തെങ്കിലും പറയുന്നതിനു മുൻപ്
” എന്റെ മാധവേട്ടാ ഞാൻ ടെറസിന്റെ മുകളിൽ തുണി എടുക്കാൻ പോയത് ആണ്.. ഓടി വന്നപ്പോഴേക്കും അണച്ചു.. വല്ല അത്യാവശ്യം ഉണ്ടായിട്ട് വിളിച്ചതാണോ..”
സിന്ധു ചോദിച്ചപ്പോൾ മാധവിന് പെട്ടെന്ന് എന്ത് പറയണമെന്നായി.. താൻ അവളെ സംശയിച്ചു വിളിച്ചതാണെന്ന് പറയാൻ പറ്റില്ലല്ലോ..
” ഇന്ന് രാത്രി ഫുഡ് ഒന്നും വെക്കേണ്ട ഞാൻ വാങ്ങിക്കൊണ്ടു വരാം.. ”
” ആണോ…എനിക്ക് ഫ്രൈഡ്രൈസ് മതി.. മാധവേട്ട ഉമ്മ…. ” അതും പറഞ്ഞ് അവൾ ഫോൺ വെച്ചു.
സ്പീക്കറിൽ കോളിട്ടിരുന്നതുകൊണ്ട് സിന്ധു മാധവന് ഉമ്മ കൊടുത്തത് കൂട്ടുകാരൻ ശരിക്കും കേട്ടു.. അതോടെ മാധവൻ ചമ്മി ചിരിച്ചു.. കൂട്ടുകാരൻ അവനെ നോക്കി ചിരിച്ചു.
” എടാ ഞാൻ സിന്ധുവിനെ ആയിരിക്കില്ല കണ്ടത് വേറെ ആരെങ്കിലും ആയിരിക്കും.. ” കൂട്ടുകാരൻ അങ്ങനെ പറഞ്ഞെങ്കിലും അയാളിൽ സംശയമുണ്ടായിരുന്നു.. എന്നാൽ മാധവിനോ തന്റെ ഭാര്യയെ ഒട്ടും സംശയമുണ്ടായിരുന്നില്ല..
തന്റെ ഭർത്താവിനെ പറ്റിച്ച ചിരിയോടെ സിന്ധു സതീശന്റെ നെഞ്ചിൽ ചേർന്ന് കിടന്നു..
രാത്രി വീട്ടിലെത്തി ഭക്ഷണം എല്ലാം കഴിച്ച് സന്തോഷത്തോടെ അച്ഛനും അമ്മയും മക്കളും ഇരിക്കുകയാണ്.. അപ്പോഴാണ് അവൻ വീടിന്റെ പുറത്ത് അപ്രതീക്ഷിതമായി അഴയിൽ വിരിച്ചിട്ടിരിക്കുന്ന മഞ്ഞ സാരി കണ്ടത്.
അത് കണ്ടതോടെ ആദ്യമായി മാധവിന്റെ മനസ്സിൽ ഒരു സംശയം ഉടലെടുത്തു.
” സിന്ധു ഈ നല്ല സാരി എന്താ പുറത്തിട്ടിരിക്കുന്നത്.. നീ ഇന്ന് എവിടെയെങ്കിലും പോയിരുന്നോ… ” പെട്ടെന്നുള്ള അവന്റെ ചോദ്യത്തിൽ സിന്ധു ആകെ വിയർത്തു..
” എന്താ മാധവേട്ടാ ഒരു സാരി വിരിച്ചിരുന്നതിനെയാണ് ഇനി ആരുടെയൊക്കെ അനുവാദം ചോദിക്കണം.. എന്താ മാധവേട്ടനും തുടങ്ങിയോ മകളെപ്പോലെ സംശയം.. ”
പെട്ടെന്ന് എന്തുത്തരം പറയണമെന്ന് അറിയാതെ സിന്ധു ദേഷ്യത്തിന്റെ മുഖംമൂടി എടുത്തണിഞ്ഞ് പക്ഷേ അത് മാധവനിൽ സംശയം കൂട്ടുകയാണ് ചെയ്തത്..
പിന്നെ മാധവൻ സിന്ധുവിനെ നിരീക്ഷിക്കാൻ തുടങ്ങി.. സിന്ധു എന്തോ കള്ളത്തരം ചെയ്യുന്നുണ്ട്… തന്നോട് എന്തോ മറയ്ക്കുന്നുണ്ടെന്ന് അവനു മനസ്സിലായി..
ഒരു ദിവസം മാധവൻ ഒരു ആവശ്യത്തിനായി ടൗണിലേക്ക് പോയിരിക്കുകയാണ്.. തന്റെ കട കൂട്ടുകാരനെ ഏൽപ്പിച്ചിട്ടാണ് പോയത്.. ആ സമയം ഒട്ടും പ്രതീക്ഷിക്കാതെ സിന്ധുവും സതീശനും കാറിൽ പോകുന്നത് മാധവൻ കണ്ടു.. രണ്ടുപേരും കളിച്ച് ചിരിച്ചാണ് പോകുന്നത്.. അപ്പോൾ തന്നെ മാധവൻ ഫോണെടുത്ത് സിന്ധുവിനെ വിളിച്ചു.. അപ്പോൾ ഓടിക്കൊണ്ടിരുന്ന കാറ് സ്റ്റോവ് ആവുകയും ഒരു സൈഡിൽ നിർത്തുകയും ചെയ്തു..
” ഞാൻ ടിവി കാണുകയായിരുന്നു മാധവേട്ടാ അതാണ് ഫോൺ എടുക്കാൻ വൈകിയത്.. എന്താ മാധവേട്ടാ വിളിച്ചത്.. ” ഫോൺ എടുത്ത് ഉടനെ ഒരു ഉളുപ്പുമില്ലാതെ അവൾ പറഞ്ഞു..
” ഞാനിന്ന് വരാൻ വൈകും അത് പറയാൻ വിളിച്ചതാ.. ”
” അധികം വൈകല്ലേ മാധവേട്ടാ ഞാൻ കാത്തിരിക്കും.. ” ഇത്രയും നാളും അവളുടെ ഈ കൊഞ്ചിയുള്ള സംസാരത്തിൽ അവന് സന്തോഷമായിരുന്നെങ്കിൽ ആദ്യമായി ഇപ്പോൾ അറപ്പ് തോന്നി….
വേഗം ചെന്ന് അവളെ കാറിൽ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊല്ലാനാണ് അവന് തോന്നിയത്. പക്ഷേ തന്നെ വേണ്ടാത്തവർക്ക് വേണ്ടി തന്റെയും മകളുടെയും ജീവിതം കളയേണ്ട ആവശ്യമില്ലല്ലോ.. തെളിവോടെ തന്നെ അവളുടെ വീട്ടുകാരെ അറിയിക്കണം.. അതിനാൽ കാറിന്റെ പുറകെ അവൻ അവരറിയാതെ ഫോളോ ചെയ്തു.. അവർ പോയത് നേരെ ഒരു ലോഡ്ജിലേക്കാണ്.. അതെല്ലാം കണ്ട് അവനെ ശരിക്കും ഭാര്യയോട് അറപ്പ് തോന്നുന്നുണ്ട്.. അതുപോലെതന്നെ തന്റെ മകളെ വിശ്വസിക്കാത്തതിനുള്ള കുറ്റബോധവും..
ചിരിച്ചു കളിച്ച് സതീശന്റെ കൈയിൽ ചുറ്റിപ്പിടിച്ചുകൊണ്ട് ലോഡ് മുറിയിലേക്ക് പോകുന്ന തന്റെ ഭാര്യയെ അവൻ അറപ്പോടെയും വെറുപ്പോടെയും നോക്കി നിന്നു..
അവൻ അപ്പോൾ തന്നെ അവളുടെ രണ്ട് ആങ്ങളമാരെയും വിളിച്ചുവരുത്തി..
കാര്യമറിഞ്ഞ് അവർ വളരെ ഒരു നടുക്കത്തോടെയും ജാള്യതയോടെയും ആണ് മാധവന്റെ അടുത്തേക്ക് വന്നത്. അവർ വരുന്നത് കണ്ട് മാധവൻ ഒന്നും പറയാതെ സിന്ധു സതീശനും എടുത്തിരിക്കുന്ന മുറിയിലേക്ക് പോയി..
തങ്ങളുടെ പ്രണയലീലകൾക്ക് തടസ്സം വന്നപ്പോൾ സതീശന്റെയും സിന്ധുവിന്റെയും മുഖത്ത് അസ്വസ്ഥത പടർന്നു…
” എന്തൊരു ശല്യമാണിത്…ആസ്വദിച്ചു വന്നപ്പോഴേക്കും…. ” ഒരു കുടുംബിനിയിൽ നിന്നും വേശ്യ സ്ത്രീയിലേക്കുള്ള മാറ്റത്തോടെ അവളുടെ പുലമ്പൽ കേട്ട്
” ഇപ്പൊ വരാം മോളെ….ആരാണെന്ന് നോക്കട്ടെ.. മിക്കവാറും ഫുഡും കൊണ്ടുവന്നതായിരിക്കും.. ” കള്ളച്ചിരിയോടെ സതീശൻ എഴുന്നേറ്റ് മുണ്ടും ഉടുത്ത് വാതിൽ തുറന്നു…
എന്തോ തെറിച്ചുവീഴുന്ന ഒച്ച കേട്ടാണ് സിന്ധുവേഗം ബെഡ്ഷീറ്റ് എടുത്ത് ശരീരം മറച്ചുകൊണ്ട് എഴുന്നേറ്റപ്പോൾ തന്നെ കൊല്ലാനുള്ള കലിയോടെ തന്റെ ആങ്ങളമാർ.. അതിൽ കൂടുതൽ അവൾ ഞെട്ടിയത് ഇതെല്ലാം കൊണ്ട് മിണ്ടാതെ നിൽക്കുന്ന മാധവിനെ കണ്ടണ്.. അവന്റെ കണ്ണിൽ ഉള്ള വെറുപ്പും അറപ്പും കണ്ടു അവൾ തലകുനിച്ചു…
അവൾ വേഗം തന്റെ ഡ്രസ്സ് എടുത്ത് ബാത്ത് റൂമിലേക്ക് ഓടിക്കയറി.. ബാത്റൂമിൽ വിറയലോടെ നിൽക്കുമ്പോൾ സതീശനെ ആങ്ങളമാർ തല്ലുന്നതിന്റെ ഒച്ചയും അവന്റെ ആർത്തനാദവും കേൾക്കുന്നുണ്ടായിരുന്നു.. അവസാനം അവൾ ഗതികെട്ട് ബാത്റൂമിൽ നിന്ന് ഇറങ്ങി വന്നു..
” തൊട്ടുപോകരുത് എന്റെ സതീശേട്ടനെ…. ” അവൾ പറയുന്നത് കേട്ട് ആങ്ങള വെറുതെ ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് ചെന്നു
” എടി ഒരുമ്പട്ടോളെ…. ” എന്നും വിളിച്ചു ഒരാങ്ങള അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു.
അവൾ ശ്വാസംമുട്ടി ചാകുമെന്ന് അപ്പോൾ അയാൾ അവളുടെ കഴുത്തിൽ നിന്ന് കൈ വിട്ടു..
അവൾ ശ്വാസം കിട്ടാതെ അണച്ചുപോയി.. വീണ്ടും തല്ലാൻ പോയ നേരം…
” നിങ്ങൾ എന്തിനാ എന്നെ തല്ലുന്നത് നിങ്ങൾ കാരണമാണ് എനിക്ക് ഈ അവസ്ഥ വന്നത്.. എനിക്ക് സതീശേട്ടനെ ഇഷ്ടമാണെന്ന് അറിഞ്ഞിട്ടല്ലേ നിങ്ങൾ നിർബന്ധപൂർവ്വം ഇയാളെ കൊണ്ട് വിവാഹം കഴിപ്പിച്ചത്.. ഇത്രയും കൊല്ലം ഒന്നിനും കൊള്ളാത്ത ഇയാളുടെ കൂടെ ജീവിച്ചു എനിക്ക് മടുത്തു.. ” അവൾ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അടുത്ത അടി പൊട്ടിയിരുന്നു..
” എടി നിന്റെ കഴപ്പിന് ഇത്രയും നല്ല മനുഷ്യനെ കുറ്റം പറഞ്ഞാൽ ഉണ്ടല്ലോ..” വീണ്ടും തല്ലാൻ കൈ പൊക്കിക്കൊണ്ട് ആങ്ങള പറഞ്ഞപോൾ.. അവൾ പേടിയോടെ തറയിൽ കുനിഞ്ഞിരുന്നു..
ആ സമയത്താണ് അവിടെയുള്ള ഒരു ടേബിളിൽ സിന്ധു ഊരി വച്ചിരുന്ന താലിമാല കണ്ടത്.. ആ താലി തന്നെ നോക്കി ഇളിക്കുന്നത് പോലെ മാധവന് തോന്നി.. അവൻ പതിയെ ചെന്ന് ആ മാല എടുത്തുകൊണ്ട് അതിൽ നിന്ന് താലി ഊരി മാറ്റി.. പിന്നെ ആ മാലയുമായി സിന്ധുവിന്റെ അടുത്തേക്ക് ചെന്നു.. ആ മാല അവളുടെ മുൻപിലേക്ക് പിച്ചക്കാശ് എറിഞ്ഞു കൊടുക്കുന്നത് പോലെ എറിഞ്ഞു കൊടുത്തു..
” അഞ്ചുപവന്റെ മാലയാണ് ലക്ഷങ്ങളോളം വിലവരും.. ഇത്രയും നാളും എന്റെ കൂടെ ഉണ്ടായിരുന്നതിന്റെ കാശ്… ” മാധവിന്റെ വാക്കുകൾ കേട്ടതോടെ അവളുടെ തലകുനിഞ്ഞു.. ഒരു വേശ്യക്ക് കണക്ക് പറഞ്ഞ് പൈസ തരുന്നത് പോലെയാണ് അവൾക്ക് തോന്നിയത്..
പിന്നെ അവൻ ഒന്നും മിണ്ടാതെ അവിടെ നിന്നും പോയി..
അന്ന് രാത്രി തന്റെ അച്ഛന്റെ നെഞ്ചിൽ ചാരി ഇരിക്കുകയാണ് സരയു..
” അച്ഛൻ വിഷമിക്കേണ്ട… അച്ഛന് ഞാനും എനിക്ക് അച്ഛനും മാത്രം മതി.. വേറെ ആരും വേണ്ട… ”
” അച്ഛന് വിഷമമൊന്നുമില്ല മോളെ എനിക്ക് മോളുണ്ടല്ലോ…. ” അതു പറയുമ്പോൾ ആ അച്ഛന്റെ നെഞ്ച് നീറി.
ഒരു വർഷത്തിനുശേഷം
വളരെയധികം ക്ഷീണത്തോടെ തന്റെ വീടിനുമുമ്പിൽ എത്തിയപ്പോൾ സിന്ധുവിന് വളരെയധികം സമാധാനം തോന്നി…. താൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ് സതീശനെ വിശ്വസിച്ചതാണ്… മാധവേട്ടന്റെയും മകളുടെയും കൂടെ സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്.. അതിന്റെ ഇടയിലേക്ക് ആണ് സതീശൻ വന്നത്.. പഴയ ഒരു സ്നേഹം മനസ്സിന്റെ ഒരു കോണിൽ ഉണ്ടായിരുന്നു.. എന്നാൽ അതിൽ കൂടുതൽ അവൻ തിരികെ വന്നപ്പോൾ തനിക്ക് തന്ന വിലകൂടിയ സമ്മാനങ്ങളിൽ ആയിരുന്നു തന്റെ മനസ്സ് ചാഞ്ചാടിയത്. അവന്റെ കൂടെ രാജ്ഞിയെ പോലുള്ള ഒരു ജീവിതം സ്വപ്നം കണ്ട് ഇറങ്ങിച്ചെന്നതാണ്… പക്ഷേ ബോംബെയിലെത്തിയപ്പോഴാണ് കാര്യം മനസ്സിലായത്… അവൻ വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ് മാത്രവുമല്ല അവൻ തന്നെ അവന്റെ ബിസിനസിന്റെ ഉയർച്ചയ്ക്ക് വിൽക്കുവാൻ ആയി കൊണ്ടുപോയ ഒരു വേശ്യ മാത്രമായിരുന്നു താൻ… അവന്റെ യഥാർത്ഥ മുഖം മനസ്സിലാക്കി പ്രതികരിച്ചപ്പോൾ തന്നെ അവൻ പട്ടിയെ തല്ലുന്നത് പോലെ തന്നെ തല്ലി… പട്ടിണികിട്ടു…. ആ സമയമാണ് മാധവേട്ടന്റെ വില ശരിക്കും മനസ്സിലായത്.. തന്റെ തെറ്റ് പൂർണ്ണമായും മനസ്സിലായത്.. പിന്നെ ഒരു കൊല്ലത്തോളം കാലം ചിന്തിക്കാൻ പോലും പേടി തോന്നുന്ന തരത്തിലുള്ള ജീവിതം ആയിരുന്നു.. മിക്ക രാത്രി അറിയാത്ത കുറെ പേർ വന്ന് തന്നെ ഉപദ്രവിച്ചു വലിച്ചെറിഞ്ഞു പോകും …. അവൻ അതിൽ നിന്നും ലാഭം ഉണ്ടാക്കി… അങ്ങനെ ഒരു ദിവസം അവൻ വീട്ടിലില്ലാത്ത സമയത്താണ് താൻ രക്ഷപ്പെട്ടു വന്നത്.. എങ്ങനെയെങ്കിലും മാധവേട്ടന്റെ കാലുപിടിച്ചു ഈ വീട്ടിൽ തിരികെ കയറണം… മകൾ എതിർക്കും എന്നാലും മാധവൻ സമ്മതിക്കും എന്നൊരു വിശ്വാസമുണ്ട്.. ആ വിശ്വാസത്തിൽ പുറത്ത് അവൾ കോളിംഗ് ബെൽ അടിച്ചു..
കുറച്ചുനേരം കഴിഞ്ഞിട്ടും വാതിൽ തുറന്നില്ല.. പക്ഷേ അകത്ത് ഫാൻ കറങ്ങുന്ന ഒച്ച കേൾക്കുന്നുണ്ട്.. കുറച്ചുനേരം കഴിഞ്ഞപ്പോഴേക്കും വാതിൽ തുറന്നു..
മാധവൻ നോക്കിയപ്പോൾ മുഷിഞ്ഞ വേഷത്തിൽ ആകെ ഒരു കോലം പോലെ സിന്ധു.. എന്നാൽ അവന്റെ മുഖത്ത് അവളെ കണ്ട് ഞെട്ടൽ അല്ല ഒരു അപരിചിതത്വമാണ് ഉണ്ടായിരുന്നത്.. അവന്റെ ആ ഒരു ഭാവത്തിൽ അവൾക്ക് കൂടുതൽ പേടി തോന്നുന്നുണ്ടായിരുന്നു..
കാരണം അവൻ തന്നെ സ്വീകരിച്ചില്ലെങ്കിലോ എന്ന പേടി..
” മാധവേട്ടാ.. ” എന്നെ വിളിച്ച് അവൾ അകത്തേക്ക് കയറാൻ നേരം അവൻ ഒരു കൈ വെച്ച് അവളെ തടഞ്ഞു..
” നിങ്ങളാരാ എന്തുവേണം…ഒരു പരിചയവുമില്ലത്ത നിങ്ങൾക്ക്….എന്റെ വീട്ടിലേക്ക് കയറാൻ എന്ത് അവകാശം..”
” മാധവേട്ട എന്നോട് ക്ഷമിക്കണം….ഇങ്ങനെയൊന്നും പറയല്ലേ… എനിക്ക് തെറ്റ് പറ്റി… സതീശൻ എന്നെ ചതിച്ചതാ…. ” അവൾ പറയുന്നത് കേട്ട് അവന്റെ മുഖത്ത് ഒരു കുലുക്കവുമില്ല..
അപ്പോഴാണ് അവൾ പതിയെ മുടന്തി നടന്ന് മാധവന്റെ അടുത്ത് വന്നു നിൽക്കുന്ന തന്റെ ഒരു കസിൻ ചേച്ചി ആയ ശോഭനയെ കണ്ടത്…. അവരുടെ മുഖത്ത് ഞെട്ടലും ഇവളോടുള്ള അറപ്പും ഉണ്ടായിരുന്നു..
” നിങ്ങൾ എന്താ ഇവിടെ.. ” ശോഭനയുടെ മാധവനോട് ചേർന്നുള്ള നിൽപ്പും ഭാവവും കണ്ട് സംശയത്തോടെ സിന്ധു ചോദിച്ചു..
” ഞാൻ ഇപ്പോൾ കുറെ നാളായിട്ട് ഇവിടെയാണ്…. ”
” നിങ്ങളെന്തിനാ ഇവിടെ വന്ന് നിൽക്കുന്നത്..”
” അത് ചോദിക്കാൻ നീയാരാടി… ഞാനാ ഇപ്പോൾ മോളെയും മാധവേട്ടനെയും നോക്കുന്നത്..” ശോഭന അതും പറഞ്ഞ് മാധവന്റെ അടുത്തേക്ക് ഒന്നൂടെ ചേർന്നുനിന്നു..
സിന്ധുവിനെ അതൊന്നും പിടിക്കുന്നില്ല..പക്ഷെ ഒന്നും പറയാൻ ഉള്ള ധൈര്യം ഇല്ല..
അപ്പോഴാണ് സ്കൂളിൽ നിന്ന് സരയു വരുന്നത് ..
സിന്ധുവിനെ കണ്ടിട്ട് അവൾക്ക് യാതൊരു ഭാവ വ്യത്യാസവുമില്ല..
” നിങ്ങളെന്താ ഇവിടെ… ” അവൾ ചെറുപുഞ്ചിരിയോടെ നിൽക്കുന്നു ശോഭനയെയും മാധവനെയും നോക്കിക്കൊണ്ട് സിന്ധുവിനോട് ഗൗരവത്തോടെ ചോദിച്ചു..
” മോളെ അമ്മ..”
” ഒരു അമ്മയുമില്ല.. നിങ്ങളെന്റെ ആരുമല്ല.. കണ്ടവന്റെ കൂടെ ഇറങ്ങിപ്പോയാ നിങ്ങൾ എങ്ങനെ എന്റെ അമ്മയാകും.. നിങ്ങൾ കാരണം എനിക്ക് ആകെ ലഭിച്ചത് നാണക്കേട് മാത്രമാണ്.. കണ്ടവന്റെ കൂടെ ഇറങ്ങിപ്പോയവളുടെ മകൾ എന്ന് കേൾക്കുബോൾ ഉള്ള നാണക്കേട്..”
” ഞാൻ ചെയ്തതിനാണ് നിനക്ക് കുറ്റം അപ്പോൾ നിന്റെ അച്ഛന് ഇവരും ആയിട്ടുള്ള ബന്ധമോ.. പിന്നെ നോക്കാൻ എന്ന് പറഞ്ഞ് ഇവർ വന്നിരിക്കുന്നത് നിന്റെ അച്ഛന്റെ കൂടെ…. ” സിന്ധു ദേഷ്യത്തോടെ ശോഭനയെ നോക്കി പറഞ്ഞു കഴിയുന്നതിനു മുൻപേ സരയൂ സിന്ധുവിനെ പിടിച്ച ഒരു തള്ള് കൊടുത്തു..
” ദേ നിങ്ങളുടെ വൃത്തികെട്ട നാക്ക് വെച്ച് എന്റെ അച്ഛനെയും എന്റെ ശോഭ അമ്മയും എന്തെങ്കിലും പറഞ്ഞാൽ കൊന്നുകളയും ഞാൻ…”
” നിയമപരമായി ശോഭ അമ്മ എന്റെ അച്ഛന്റെ ഭാര്യയല്ല.. പക്ഷേ വൈകാതെ ആകും.. അതിനുള്ള കോടതിവിധി വൈകാതെ വരും.. ഭാര്യ കണ്ടവന്റെ കൂടെ ഇറങ്ങിപ്പോയതുകൊണ്ട് ഡിവോഴ്സ് കിട്ടാൻ അധികം താമസം ഒന്നുമില്ല.. എന്റെ അച്ഛനും ശോഭ അമ്മയും നിയമത്തിനു മുൻപിൽ ലിവിങ് ടുഗതറിൽ ആണ്.. എന്നാൽ നാട്ടുകാരുടെ മുൻപിൽ അമ്പലത്തിൽ വിവാഹം കഴിച്ചവരാണ്..” സരയുവിന്റെ പുച്ഛത്തോടെയുള്ള വാക്കുകൾ കേട്ട് സിന്ധു ഞെട്ടിത്തരിച്ചുപോയി..
കാലിന് മുടന്ത് ഉള്ളത് കൊണ്ട് വിവാഹം നടക്കാതെ നിന്നിരുന്ന തന്റെ കസിനാണ് ശോഭന.. ആ ശോഭന തന്റെ ഭർത്താവിന്റെ രണ്ടാം ഭാര്യ ആയിരിക്കുന്നു.
” സിന്ധു…..നിന്നെ എന്നാണോ കണ്ടവന്റെ കൂടെ കണ്ടത് അന്നുമുതൽ ഞാനും നീയും തമ്മിൽ യാതൊരു ബന്ധവുമില്ല.. അതുപോലെ എന്റെ ജീവിതത്തിലോ ഈ കുടുംബത്തിലോ നിനക്ക് സ്ഥാനമില്ല.. ഞാനിപ്പോൾ ശാന്തനായാണ് പെരുമാറുന്നത്.. ഇനി നീ എനിക്കും മോൾക്കും എന്റെ ഭാര്യക്കും എന്തെങ്കിലും ശല്യം ഉണ്ടാക്കിയാൽ പിന്നെ ഞാൻ എന്താ ചെയ്യുന്നതെന്ന് പറയാൻ പറ്റില്ല.. അതുകൊണ്ട് നീ ഇവിടെ നിന്നും പോകുന്നതാണ് നല്ലത്..” മാധവിന്റെ വാക്കുകളിൽ ഇത്രയും നാളും ഒളിപ്പിച്ചുവെച്ച ദേഷ്യം പുറത്തേക്ക് വരുന്നുണ്ടായിരുന്നു.. ഇനി തനിക്ക് ഈ വീട്ടിൽ സ്ഥാനമില്ലെന്ന് അവൾക്ക് മനസ്സിലായി.. പോകാൻ വേറെ ഇടമില്ലാത്തതുകൊണ്ട് അവൾ തന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു.. തന്റെ അമ്മയ്ക്കും തന്നെ ഉപേക്ഷിക്കാൻ പറ്റില്ലല്ലോ എന്നൊരു ഉറപ്പോടെ അവൾ വീട്ടിലേക്ക് നടന്നു…. തിരികെ പോകുന്ന വഴി താൻ നഷ്ടപ്പെടുത്തിയ സ്വർഗ്ഗത്തിലേക്ക് അവൾ നഷ്ടബോധത്തോടെ ഒന്നു നോക്കി..
അവിടെ താൻ വന്നതുപോലും ശ്രദ്ധിക്കാതെ ശോഭനയേയും സരയുവിനെയും ചേർത്തുപിടിച്ച് പുഞ്ചിരിയോടെ നിൽക്കുന്നുമുണ്ട് മാധവൻ..
അവസാനിച്ചു
സുബിഷ

by