ശലഭങ്ങൾ
” അമ്മേ….. ദേ അപ്പുറത്തെ വിട്ടിൽ ഇല്ലേ….. ”
” നാരായണി നീ അപ്പുറവും ഇപ്പുറവും നോക്കി നിൽക്കാതെ അമ്മയെ സഹായിക്ക്..”
” അമ്മേ…..എന്നെ നാരായണി എന്ന് വിളിക്കരുതെന്ന് 100 പ്രാവശ്യം പറഞ്ഞിട്ടുണ്ട്.. എന്നെ നാരായണിക്ക് പകരം നാരു എന്ന് വിളിച്ചോ”… അവൾ ദേഷ്യത്തോടെ രണ്ട് ചാട്ടം ചാടിക്കൊണ്ട് പറഞ്ഞു..
” മോളെ വീട് മാറിക്കഴിഞ്ഞാൽ കുറെ പണിയുണ്ടാവും എന്നറിയാലോ അമ്മയൊന്ന് സഹായിക്കെടീ.. ”
” ആകെ 10 പാത്രവും രണ്ടു തുണിയും ഉണ്ട് അതാണോ അമ്മക്ക് ചെയ്യാൻ മടി.. ” മടിയുടെ അംബാസിഡറായ നാരായണി ഇളിയോടെ യോടെ പറഞ്ഞു
ഇവൾ നന്നാവില്ല എന്ന ഭാവത്തോടെ അമ്മ..
” അമ്മേ ദേ നോക്കിയേ നമ്മുടെ ഓപ്പോസിറ്റ് ആയിട്ടുള്ള ആ വലിയ വീട്ടിൽ.. നാല് ചെക്കന്മാർ ഉണ്ട്.. നാലു പേരെ കാണാൻ നല്ല ഭംഗിയുണ്ട്.. പിന്നെ അവിടെ അങ്കിൾ ഉണ്ട് അങ്കിളും സുന്ദരനാ..’ നാരായണി പറഞ്ഞു കഴിയലും അവളുടെ അമ്മ രേഖ അവളുടെ കയ്യിലിട്ട് ഒരു അടി..
” ചെക്കന്മാരുടെ കണക്കെടുക്കാൻ നടക്കുന്നു.. നാരായണീ വെറുതെ ആളുകളെക്കൊണ്ട് അതും ഇതും പറയിക്കരുത്.. അറിയാത്ത നാടും അറിയാത്ത ആളുകളും..എങ്ങനെ ഉള്ള ആളുകളാണെന്ന് നമുക്കറിയില്ലല്ലോ. അമ്മയ്ക്ക് ആകെ നീ മാത്രമുള്ളൂ… നിന്റെ അച്ഛൻ ചെറുപ്പത്തിലെ മരിച്ചപ്പോൾ ഒരു സ്വന്തക്കാരും നമ്മളെ ഏറ്റെടുക്കാൻ ഉണ്ടായിരുന്നില്ല ആകെ ഉണ്ടായിരുന്നത് എന്റെ അമ്മ മാത്രം.. ഇപ്പോൾ അമ്മയും നമ്മളെ വിട്ടു പോയി… ദൈവ ഭാഗ്യത്തിനാണ് അമ്മയ്ക്ക് ഇവിടെ ഒരു സ്ഥിര ജോലി ലഭിച്ചത്.. ഞാനും എന്റെ മകളും മാത്രമുള്ള സന്തോഷത്തോടെയുള്ള ജീവിതം മാത്രം .. എന്റെ കുഞ്ഞിനെ പഠിപ്പിച്ച നല്ല നിലയിൽ വിവാഹം കഴിച്ചു കൊടുക്കണം.. അതിനുവേണ്ടിയാ അമ്മ കഷ്ടപ്പെടുന്നത്.. ”
” അമ്മേ…അച്ഛൻ മരിച്ചിട്ട് ഇപ്പോൾ കുറെ കൊല്ലമായില്ലേ..”
” മോൾക്ക് രണ്ടു വയസ്സുള്ളപ്പോഴാ അച്ഛൻ മരിച്ചത്. മോൾക്ക് ഇപ്പോൾ 16 വയസ്സ് അച്ഛൻ മരിച്ചിട്ട് 14 കൊല്ലം… ” അതു പറയുമ്പോൾ രേഖയിൽ ഒരു നെടുവീർപ്പ് മാത്രം.. ഇത്രയും കൊല്ലങ്ങൾ കൊണ്ട് കണ്ണീരെല്ലാം വറ്റി ഒരു വരണ്ടുണങ്ങിയ ജീവിതമാണ് ആ 43 വയസ്സുകാരിയാ സ്ത്രീ ജീവിക്കുന്നത് .
” അച്ഛാ… അവിടെ വാടക വീട്ടിൽ ആരോ വന്നിട്ടുണ്ടല്ലേ… ”
ആ വലിയ വിട്ടിൽ നിന്നും ആ ചെറിയ വീട്ടിലേക്കു നോക്കികൊണ്ട് നാലു മക്കളിൽ മൂന്നാമൻ ആയ വിശാഖ് തന്റെ അച്ഛനായ ശിവനോട് പറഞ്ഞു..
” അത് നമ്മുടെ ഇവിടെയുള്ള സൊസൈറ്റിയിൽ ജോലി കിട്ടി വന്ന ഒരു സ്ത്രീയും അവരുടെ മകളും ആണ്..ഈ നാട്ടുകാർ അല്ല… ”
അച്ഛൻ പറഞ്ഞത് കേട്ട് മകനൊന്നു മൂളി..
പിറ്റേദിവസം രാവിലെ മുതൽ നാരായണിയുടെ കണ്ണുകൾ ഓപ്പോസിറ്റ് ഉള്ള ആ വലിയ വീട്ടിലേക്കാണ്..
” ദേ നാരു… നീ അമ്മയുടെ കൂടെ ജോലി സ്ഥലത്തേക്ക് വാ. ഇവിടെ ഒറ്റയ്ക്ക് ഇരിക്കണ്ട.. ”
” എന്റെ അമ്മേ….ഞാനില്ല ജോലി സ്ഥലത്ത് വരാൻ…..ഞാനിവിടെ ഇരുന്നോളാം…. ”
” മോളെ അമ്മയ്ക്ക് അവിടെ ഇരുന്ന് ഒരു സമാധാനവും ഉണ്ടാവില്ല… ഒന്നാമതെ പുതിയ നാടാണ്.. മോൾ ഇവിടെ ഒറ്റയ്ക്ക് ഇരിക്കുകയാണല്ലോ ഒന്ന് ഓർത്ത് അമ്മയ്ക്ക് ആകെ ടെൻഷൻ ആകും.. ”
” ഇവിടെ കുട്ടിയെ ഒറ്റക്കിരുത്തി ജോലിക്ക് പോകുന്നതിൽ പേടിക്കേണ്ട ആവശ്യമില്ല കേട്ടോ.. ഈ ഏരിയ അത്രയ്ക്കും സേഫ് ആണ്.. ” ഏകദേശം രേഖയുടെ അതേ പ്രായമുള്ള ഒരു സ്ത്രീ അവിടേക്ക് വന്നു കൊണ്ട് പറഞ്ഞു.. അവരുടെ കൂടെ അവരുടെ ഭർത്താവും നാരായണിയുടെ അത്രയും പ്രായമുള്ള ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു..
രേഖ അവരെ നോക്കി പുഞ്ചിരിച്ചു നാരായണി ആ പെൺകുട്ടിയെ നോക്കി കൈവീശി..
” മോളും പത്താം ക്ലാസ് കഴിഞ്ഞു നിൽക്കുകയാണ് അല്ലേ.. എന്റെ മോളും പത്താം ക്ലാസ് കഴിഞ്ഞു നിൽക്കുകയാണ്.. ” നാരായണിയുടെ തലയിൽ തലോടി ആ സ്ത്രീ പറഞ്ഞു..
ഇവരെയൊക്കെ കണ്ടപ്പോൾ രേഖക്ക് ഒരു ആശ്വാസം..
” ഞാൻ സുനിത ഇതെന്റെ ഭർത്താവ് അനി.. ഇത് എന്റെ മോള് ആതിര.. ഞങ്ങൾക്ക് രണ്ടുപേർക്കും ജോലിയുണ്ട്.. ജോലിക്ക് പോകുമ്പോൾ ഞങ്ങളുടെ മകൾ ഇവിടെ ഒറ്റയ്ക്ക് ആയിരിക്കും.. പക്ഷേ ഞങ്ങൾക്ക് ഇവിടെ ഒറ്റക്കാക്കി പോവാൻ പേടിയില്ല.. ഞങ്ങൾ ജനിച്ചു വളർന്ന നാടാണ് ഇവിടെയുള്ള ആളുകളെ അത്രയ്ക്കും വിശ്വാസമാണ്.. ഈയടുത്ത വീടുകളിൽ എല്ലാം അമ്മുമ്മമാരും ചേച്ചിമാരെല്ലാം ഉണ്ട്.. അവരുടെ ഒരു നോട്ടം എപ്പോഴും കുട്ടികളിൽ ഉണ്ടാകും.. അതുകൊണ്ട് ധൈര്യമായി പോകാം.. ഇനിയിപ്പോൾ ആതിരയും മോളും കൂടി ഇരുന്നോളോലോ.. ”
” അതേ അമ്മേ ഞാനും ആതിരയും കൂടി ഇരുന്നോളാം അമ്മ പോകാൻ നോക്ക്.. ” അതും പറഞ്ഞ് നാരായണി ആതിരയുടെ കയ്യിൽ ചുറ്റിപ്പിടിച്ചു.. നാരായണിയുടെ ആ പ്രവർത്തി ആതിരയ്ക്ക് ഒരുപാട് ഇഷ്ടമായി..
അങ്ങനെ അവിടെ ഒരു പുതിയ സൗഹൃദം രൂപം കൊണ്ടു. ദിവസങ്ങൾ പോയി മറഞ്ഞു..
” അപ്പോൾ നീ പറഞ്ഞുവരുന്നത് ആ വലിയ വീട്ടിൽ ആണുങ്ങൾ അല്ലാതെ പെണ്ണുങ്ങൾ ഒന്നുമില്ല എന്നാണോ.. ”
കിഴക്കേ വീട്ടിലേക്ക് എത്തിനോക്കി നാരു ആതിരയോടായി പറഞ്ഞു..
” എന്റെ നാരു നീ ഇത്രയും ദിവസമായിട്ട് അവിടെ ഏതെങ്കിലും പെണ്ണിനെ കണ്ടോ..”
“ഇനി നമ്മുടെ ഗോഡ് ഫാദർ സിനിമയിലെ പോലെ പെണ്ണുങ്ങളെ കയറ്റില്ല എന്നൊന്നും അവിടെ ഇല്ലല്ലോ..”
” മൂത്ത ചേട്ടൻ ആയ വിഷ്ണുവേട്ടന് വിവാഹം ആലോചിക്കുന്നുണ്ട്.. പിന്നെ അവിടുത്തെ വെല്ലുമ്മ.. അതായത് വിഷ്ണുവേട്ടന്റെ അമ്മ മരിച്ചിട്ട് ഇപ്പോൾ പത്തു കൊല്ലത്തോളം ആയിട്ടുണ്ട്. എനിക്കൊരു ചെറിയ ഓർമ്മയുണ്ട്.. ”
” മ്മ്….. ആ ആ രണ്ടാമത്തെ ചേട്ടനില്ലേ എന്തിനാണ് വൈഷ്ണവോ എന്തൊരു കലിപ്പനാണ്…. പിന്നെ മൂത്ത വിഷ്ണുവേട്ടൻ പാവമാണ് അത് ചിരിക്കും.. മൂന്നാമത്തെ ചേട്ടൻ ആണ് ശരിക്കും പാവം.. വിശാഖേട്ടൻ അത് പുറത്തുവച്ച് കാണുമ്പോൾ എന്തെങ്കിലും ചോദിക്കും.. ആ ഏറ്റവും ചെറിയ ചെറുക്കൻ ഇല്ലേ വിശാൽ അവന് എന്ത് ജാഡയാണ്..”
” നീ പറഞ്ഞതൊക്കെ ശരിയാണ് നാരു.. എന്നാലും ഒരു വ്യത്യാസമുണ്ട്.. നാലെണ്ണവും പാവമൊന്നുമല്ല ആകെ ശിവൻ വല്യച്ഛൻ മാത്രമാണ് പാവം.. ബാക്കി എല്ലാത്തിനും വല്ലാത്ത ഒരു ജാഡയാണ്.. സുന്ദരന്മാര്…പെണ്ണുങ്ങളുടെ ആരാധനാ പാത്രങ്ങൾ.. പഠിപ്പികൾ… ജോലിക്കാർ….അതിന്റെ ഒരു ജാഡ അവരിലുണ്ട്..”
” പക്ഷേ ശിവൻ വല്യച്ഛന്റെ അത്ര ഗ്ലാമർ വേറെ ആർക്കും ഇല്ല.. വല്യച്ഛൻ 55 വയസ്സിൽ ഇത്ര സുന്ദരൻ ആയിരുന്നെങ്കിൽ ചെറുപ്പത്തിൽ എന്ത് ഭംഗിയായിരിക്കും അല്ലേ… ”
” അത് സത്യം ആണ്… ഇപ്പോഴും ആ thar ഓടിച്ചു പോകുമ്പോൾ എന്തു ഭംഗിയാ.. ” നാരുവിന്റെ വാക്കുകൾ ആതിര ശെരി വച്ചു.
ആഴ്ചകളും മാസങ്ങളും പൊയ്ക്കൊണ്ടിരുന്നു… രേഖയും നാരുവും ആ നാട്ടിൽ സെറ്റായി… ആതിരയുടെ വീട്ടുകാരും കുറച്ചു വീട്ടുകാരുമായി അവർ നല്ല അടുപ്പത്തിലായി..
വൈഷ്ണവും വിശാലും രേഖയോട് എന്തെങ്കിലുമൊക്കെ ചോദിക്കുമെങ്കിൽ പോലും നാരുവിനെ കാണുമ്പോൾ പുച്ഛിക്കുകയാണ് പതിവ്.. എന്നാൽ വിഷ്ണുവും സംസാരിച്ചില്ലെങ്കിൽ പോലും ഒരു അവളെ കാണുമ്പോൾ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടാകും.. എന്നാൽ വിശാഖ് ഇടക്കൊക്കെ അവളോട് എന്തെങ്കിലുമൊക്കെ ചോദിക്കും..
” എന്റെ നാരു എന്തുപറ്റി കുറച്ചുദിവസം ആയല്ലോ നീ ചിന്തയോട് ചിന്ത… പുതിയ സ്കൂളിൽ എന്തെങ്കിലും പ്രശ്നമുണ്ടോ.. ” ചിന്തയോടെ ഇരിക്കുന്ന മകളുടെ തലയിൽ തലോടി രേഖ ചോദിച്ചു.
” അവിടെ ഒരു പ്രശ്നവുമില്ല അമ്മേ.. ഞാൻ കുറെ ദിവസമായിട്ട് വേറൊരു കാര്യം ചിന്തിച്ചിരിക്കുകയാണ്.. ”
” അത് എന്താണെന്ന് ആണ് ഞാൻ ചോദിച്ചത്..”
” അത് ഞാനിപ്പോൾ അമ്മയോട് പറയുന്നില്ല അതേക്കുറിച്ച് കുറച്ചുകൂടി ചിന്തിച്ച് തീരുമാനമെടുക്കട്ടെ എന്നിട്ട് അമ്മയോട് പറയാം… ”
” ഏതെങ്കിലും കുനിഷ്ട്ട് പിടിച്ച കാര്യമാണെങ്കിൽ നീ എന്റെ കൈ വാങ്ങും..”
” എന്റമ്മേ,…. ഞാൻ കാര്യങ്ങൾക്കൊരു തീരുമാനം ഉണ്ടാകട്ടെ എന്നിട്ട് അമ്മ ഇതിന്റെ മറുപടി പറഞ്ഞാൽ മതി..”
ഒരു ദിവസം എന്റെ വീടിന്റെ മുൻപിൽ ഇരിക്കുകയാണ് നാരു കൂടെ ആതിരയും ഉണ്ട്.. രണ്ടുപേരും നല്ല ടെൻഷനിലാണ് പ്രത്യേകിച്ച് ആതിര..
” എടി നാരു…. നീ ചോദിക്കാൻ പോകുന്നത് നല്ല കാര്യമാണെങ്കിലും എനിക്ക് പേടിച്ചിട്ട് കൈകാൽ വിറക്കുന്നു..”
” നീ എന്തിനാടി സ്വയം പേടിച്ച് എന്നെക്കൂടി പേടിപ്പിക്കുന്നത്… നീയൊക്കെ ധൈര്യമുണ്ടെങ്കിൽ എന്റെ കൂടെ വാ എന്തായാലും ഞാൻ ചെന്ന് കാര്യം തുറന്നു ചോദിക്കും.. ”
” എടീ രേഖാ ആന്റി അറിഞ്ഞാൽ നിന്നെ പിണങ്ങില്ലേ..”
” പിണങ്ങുകയും ചെയ്യും ചിലപ്പോൾ അടിക്കുകയും ചെയ്യും എന്നാലും ഞാൻ ഈ കാര്യം നടത്തിയെടുക്കും… ഇത് ആവശ്യമാണ് അതിൽ കൂടുതൽ കുറച്ചു വർഷങ്ങൾ ആയിട്ടുള്ള ആഗ്രഹമാണ്… ആഗ്രഹം എങ്ങനെ നടത്തണമെന്ന് അറിയാതിരുന്നപ്പോഴാണ് കറക്റ്റ് ആയി ഞാൻ ഇവിടെ തന്നെ എത്തിയത് ഇനി എന്തായാലും എന്റെ ആഗ്രഹം നടക്കുമെന്ന് ഉറപ്പാണ്… ”
” അത് നീ മാത്രം തീരുമാനിച്ചാൽ പോയല്ലോ അവർ കൂടി തീരുമാനിക്കണ്ടേ…. ”
” നെഗറ്റീവ് പറയാതെ പോയെടി ആതിരേ… ഞാനെന്തായാലും ഇപ്പോൾ തന്നെ പോയി സംസാരിക്കാൻ പോവുകയാണ്. നീ എന്റെ കൂടെ വരുന്നുണ്ടോ.. ”
” അയ്യോ ഞാനില്ല എനിക്ക് പേടിയാണ്.. ”
അങ്ങനെ തന്റെ സ്വപ്ന സാക്ഷാൽക്കാരാത്തിനായി നാരായണി തന്റെ വീട്ടിൽ നിന്ന് പുറപ്പെട്ടു.. അവളുടെ പോക്ക് കണ്ട് പേടിയോടെ ആതിര നിന്നു.
നാരായണി നേരെ തന്റെ വീടിന്റെ ഓപ്പോസിറ്റ് ആയിട്ടുള്ള ആ വീടിന്റെ വലിയ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി.. മനസ്സിലുള്ള പേടി മറച്ചുവെച്ച് ധൈര്യം സംഭരിച്ചാണ് അവൾ അകത്തേക്ക് കയറിയത്..
അവൾ അകത്തേക്ക് ചെല്ലുമ്പോൾ വിശാഖ് അവിടെ മുറ്റത്ത് നിൽക്കുന്നുണ്ട്..
” നാരായണീയോ….എന്താ കാര്യം..” ആദ്യമായി തന്റെ വീട്ടിലേക്ക് അവൾ വരുന്നത് കണ്ട് കൗതുകത്തോടെ കാര്യം ചോദിച്ചു..
” ഇവിടെ എല്ലാവരും ഇല്ലേ എല്ലാവരെയും ഒന്ന് വിളിക്കോ.. എനിക്ക് എല്ലാവരോടുമായി ഒരു കാര്യം സംസാരിക്കാനുണ്ട്… ”
” എന്ത് കാര്യം.. ” സംശയത്തോടെ വിശാഖ് ചോദിച്ചു..
” അത് ഞാൻ എല്ലാവരോടും കൂടിയായി പറഞ്ഞോളാം…”
അതോടെ വിശാഖ് അകത്തേക്ക് കയറിപ്പോയി..
” എന്താമോളെ എന്താ കാര്യം… ” ശിവൻ പുറത്തേക്കിറങ്ങി വന്നു കൊണ്ട് അവളോട് ചോദിച്ചു..
” എല്ലാവരും വന്നിട്ട് ഒരുമിച്ച് പറയാം.. ”
” എന്നാൽ മോള് അകത്തേക്ക് കയറി ഇരിക്ക്… ”
അവൾ വീടിന്റെ ഉമ്മറത്തിട്ടിരിക്കുന്ന ഒരു കസേരയിലിരുന്നു
” 13 കൊല്ലം മുമ്പാണ് എന്റെ അച്ഛൻ മരിച്ചത് .. അന്നെനിക്ക് രണ്ടു വയസ്സ്.. എനിക്ക് അച്ഛനെ കണ്ട ഓർമ്മ കൂടിയില്ല.. എന്റെ അമ്മ എന്നെ പൊന്നുപോലെയാണ് നോക്കുന്നത്.. അച്ഛന്റെ കുറവ് തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇടക്കൊക്കെ തോന്നിയിട്ടുണ്ട്… അച്ഛന്റെ കൈപിടിച്ച് സന്തോഷത്തോടെ ഓരോ പെൺകുട്ടികളും നടക്കുന്നത് കാണുമ്പോഴും.. അച്ഛന്റെ കൂടെ വണ്ടിയിൽ പോകുമ്പോഴും… അച്ഛാ അത് വേണം ഇത് വേണം എന്നും പറഞ്ഞവർ അച്ഛനോട് കൊഞ്ചുന്നത് കാണുമ്പോഴൊക്കെ എനിക്ക് സങ്കടം തോന്നിയിട്ടുണ്ട്..” അതും പറഞ്ഞ് ഒരു നിമിഷം സങ്കടത്തോടെ ഇരിക്കുന്ന നാരായണിയെ അവർ അഞ്ചുപേരും സഹതാപത്തോടുകൂടി നോക്കി..
” നീ വന്ന കാര്യം ഇപ്പോഴും പറഞ്ഞില്ല.. ” എവിടെയോ പോകാൻ ധൃതിയിൽ നിൽക്കുന്ന വൈഷ്ണവ് അവളോട് ഗൗരവത്തോടെ പറഞ്ഞു
” ഞാൻ വളച്ചു കെട്ടാതെ കാര്യം പറയാം.. കുറെ നാളായുള്ള എന്റെ ആഗ്രഹമായിരുന്നു എനിക്കൊരു അച്ഛനെ വേണമെന്ന്… എനിക്ക് 18 വയസ്സ് ആവാൻ കാത്തിരിക്കുകയായിരുന്നു അമ്മയോട് രണ്ടാമത് വിവാഹം കഴിക്കണമെന്ന് നിർബന്ധം പിടിക്കാൻ… 18 വയസ്സ് കഴിഞ്ഞാൽ ഞാൻ വലിയ കുട്ടി ആയല്ലോ പിന്നെ അമ്മയ്ക്ക് ഞാൻ പറഞ്ഞത് അംഗീകരിക്കേണ്ടിവരും.. പക്ഷേ ഇപ്പോൾ ഈ നാട്ടിലെത്തി ശിവൻ വല്യച്ഛനെ കണ്ടതിൽ പിന്നെ എന്റെ ആഗ്രഹം കൂടുകയാണ് ചെയ്തത്… എനിക്ക് 18 വയസ്സാവാൻ മൂന്നും കൊല്ലം കൂടി ഉണ്ട് അത്രയും ദിവസം കാത്തുനിൽക്കാൻ തോന്നുന്നില്ല അതുകൊണ്ടാണ് എന്റെ അമ്മയുടെ കല്യാണ ആലോചനയുമായി ഞാനിപ്പോൾ ശിവൻ വല്യച്ഛന്റെ അടുത്ത് എത്തിയത് … ”
നാരായണി പറഞ്ഞത് കേട്ട് അച്ഛനും മക്കളും ഞെട്ടി കണ്ണു മിഴിച്ച് നിൽക്കുകയാണ്..
ഒരു 15 വയസ്സുകാരി തന്റെ അമ്മയ്ക്ക് വേണ്ടി വിവാഹ ആലോചനയുമായി തങ്ങളുടെ അച്ഛന്റെ നാലു മക്കൾക്കും വിശ്വസിക്കാൻ പറ്റിയില്ല..
നാരായണി ആണെങ്കിൽ ഇവരുടെ അഭിപ്രായം അറിയാനായി കാത്തിരുന്നു..
ഒത്തിരി നിമിഷത്തെ നിശബ്ദതക്കുശേഷം
” നീയെന്താ തമാശ കാണിക്കുകയാണോ… മൊട്ടത്തൊണ്ട് തലയിൽ നിന്ന് പോയിട്ടില്ല അതിനുമുമ്പ് കല്യാണ ആലോചന…. ” വൈഷ്ണവ് ദേഷ്യത്തോടെ അവളോട് പറഞ്ഞു..
” ഞാൻ നിങ്ങളെക്കാൾ ചെറുതാണെങ്കിലും നിങ്ങളെക്കാൾ ബുദ്ധി എനിക്കുണ്ട്.. എനിക്ക് എന്റെ അമ്മയുടെ ഭാവിയെ സൂക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടാണ് വിവാഹലോജനയുമായി ഇവിടേക്ക് വന്നത്.. പിന്നെ എന്റെ അമ്മയ്ക്ക് വേണ്ടി സംസാരിക്കാൻ ഈ ലോകത്തു ഞാൻ മാത്രമേയുള്ളൂ.. ” വൈഷ്ണവിനെ ശുണ്ഠിയോടെ അവൾ പറഞ്ഞു.
വൈഷ്ണവ് വേണ്ട…. ശിവൻ അവനെ തടഞ്ഞു കൊണ്ട് നാരായണിയുടെ അടുത്ത് ചെന്നു..
” മോളെ…. നീ നല്ലൊരു മകളാണ്… നിന്റെ അമ്മയ്ക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ.. മോൾക്ക് നല്ലൊരു അച്ഛനെയും കിട്ടട്ടെ…പക്ഷേ ഞാൻ മോളുടെ അമ്മയ്ക്ക് പറ്റിയ ആളല്ല.. പത്തുകൊല്ലം ആരെങ്കിലും എനിക്ക് ഇവരുടെ അമ്മയെ മറക്കാൻ സാധിച്ചിട്ടില്ല… ”
” അതിനു വല്യച്ചൻ എന്തിനാ വല്യമ്മയെ മറക്കുന്നത്… അങ്ങനെ മറക്കേണ്ട ആവശ്യമില്ലല്ലോ.. എന്റെ അമ്മയും ഒരിക്കലും എന്റെ അച്ഛനെ മറക്കില്ല… നിങ്ങൾ ആരും നിങ്ങളുടെ മുൻ പ്രണയത്തെ മറക്കണ്ട കൂട്ടത്തിൽ നിങ്ങളുടെ ജീവിതത്തെക്കുറിച്ചും മറക്കരുത്… ”
” എന്റെ ജീവിതത്തിന് ഒരു കുഴപ്പവുമില്ല മോളെ… അവളില്ലാത്ത ഒരു കുറവ് തന്നെയാണ് എന്നാലും ഞാൻ എന്റെ മക്കളുടെ കൂടി സന്തോഷവാനാണ്.
” വല്യച്ചൻ ഇപ്പോൾ സന്തോഷവാനായിരിക്കും പക്ഷേ വർഷങ്ങൾക്ക് ശേഷം ഇങ്ങനെയൊന്നും അല്ലായിരിക്കും ജീവിതം.. ഈ നാല് മക്കളും വിവാഹം കഴിച്ച് അവരും കുടുംബവും കുട്ടികളുമായി ജീവിക്കുമ്പോൾ വല്യച്ഛൻ ഒറ്റപ്പെട്ടു പോകും…. ”
” ഡി…. വീട്ടിൽ കയറി വന്ന് തോന്നിവാസം വിളിച്ചു പറയുന്നോ… ” നമ്മൾ തന്റെ അച്ഛനെ നോക്കില്ല എന്ന് അവൾ പറഞ്ഞത് കേട്ടതോടെ വൈഷ്ണവിനു ദേഷ്യം കയറി..
” തന്നെ കൊണ്ടു തോറ്റല്ലോ… ഒന്നു മിണ്ടാതിരിക്കഡോ…..എന്നെക്കാൾ മൂത്തതാണെന്ന് എന്ന് പറഞ്ഞിട്ട് കാര്യമില്ല 10 പൈസയുടെ വിവരമില്ല.. നിങ്ങൾക്കൊന്നും നിങ്ങളുടെ അച്ഛനോടുള്ള സ്നേഹം ഒന്നും കുറയില്ലായിരിക്കും.. പക്ഷേ നിങ്ങളുടെ ഭാര്യമാരുടെ കാര്യം നിങ്ങൾക്കറിയുമോ.. നിങ്ങൾ എത്രയൊക്കെ നിർബന്ധം പിടിച്ചാലും അവർക്ക് അച്ഛനോട് സ്നേഹമില്ലെങ്കിൽ എല്ലാം കഴിഞ്ഞു… അപ്പോൾ എന്തായാലും വല്യച്ഛൻ വയസ്സാൻ കാലത്ത് ഒറ്റപ്പെടൽ അനുഭവിക്കും… ഞാൻ വിവാഹം കഴിഞ്ഞ് പോയാൽ എന്റെ അമ്മയുടെ അവസ്ഥ എനിക്ക് അതുകൊണ്ട് ഞാൻ എന്തായാലും എന്റെ അമ്മയുടെ വിവാഹം നടത്താൻ തീരുമാനിച്ചു.. നല്ലൊരു ചെക്കനാണ് വല്യച്ഛൻ എന്ന് തോന്നിയത് കൊണ്ടാണ് ഇവിടെ വന്ന് വിവാഹമാലോചിച്ചത്…നിങ്ങൾക്ക് വിവാഹത്തിന് താല്പര്യമില്ലെങ്കിൽ ഓക്കേ.. അച്ഛന്റെ ഭാവിയെക്കുറിച്ച് ചിന്തയില്ലാത്ത ഈ പൊട്ടന്മാരായ മക്കളോട് സംസാരിക്കുന്നതിനേക്കാൾ നല്ലത് വീട്ടിൽ പോയിരുന്നു ഒറ്റക്ക് സംസാരിക്കുന്നതാണ്.. ” അതും പറഞ്ഞ് വൈഷ്ണവിനെയും ബാക്കി മൂന്നു പേരെയും തറപ്പിച്ചു നോക്കിക്കൊണ്ട് നാരായണി അവിടെ നിന്ന് ഇറങ്ങി പോന്നു..
വൈഷ്ണവ് പ്രതികരിച്ചെങ്കിലും ബാക്കി മൂന്നുപേരും ഇപ്പോഴും ആ ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല….
” ഡി നാരൂ…. ”
” എന്റെ ദൈവമേ…. അമ്മ കുട്ടി കലിപ്പിൽ ആണല്ലോ… ഇത്ര പെട്ടെന്ന് ഈ ആലോചനയെ കുറിച്ച് അറിഞ്ഞോ… ഇന്ന് അടി പിടി പൂരം പൊടിയരി കഞ്ഞി.. ആ വൈഷ്ണവായിരിക്കും എന്റെ അമ്മയോട് പറഞ്ഞുകൊടുത്തത്.. എന്തുവന്നാലും നേരിടാം… ”
ധൈര്യത്തോടെ നാരു മുറിയിൽ നിന്ന് അമ്മയുടെ അടുത്തേക്ക് എത്തിയതും മുഖത്തൊരു ആഞ്ഞ് അടിയാണ് നാരുവിന് കിട്ടിയത്..
ആദ്യമായി അമ്മയുടെ കയ്യിൽ നിന്ന് കിട്ടിയ ശക്തമായ അടിയിൽ നാരുവിന്റെ കണ്ണുകൾ നിറഞ്ഞു..
” ഞാൻ നിന്നോട് പറഞ്ഞോ…..എനിക്ക് കല്യാണം കഴിക്കാൻ മുട്ടിയിരിക്കുകയാണെന്ന്…. അതിനാണോടി അവിടെ കല്യാണം ആലോചിച്ചു പോയത്.. ഇതൊക്കെ വളർത്തുദോഷമാണ് വേറൊന്നുമല്ല… എന്നെയാണ് തല്ലേണ്ടത്.. ഇപ്പോളും അഹങ്കാരത്തോടുള്ള അവളുടെ ഒരു നോട്ടം… ” അതും പറഞ്ഞ് രേഖാ അവളെ തലങ്ങും വിലങ്ങും അടിക്കാൻ തുടങ്ങി..
ജോലി കഴിഞ്ഞു വന്നപ്പോഴാണ് അപ്പുറത്തെ വീട്ടിലെ ഒരു വല്യമ്മ നാരായണി ശിവന്റെ വീട്ടിൽ പോയി കല്യാണം ആലോചിച്ച് കാര്യം ഇവളോട് പറഞ്ഞത്… നാരായണീം അങ്ങോട്ടേക്ക് പോകുന്നത് കണ്ട് ഈ വല്യമ്മ അവളെ ശ്രദ്ധിച്ചിരുന്നു അങ്ങനെയാണ് അവർ ഈ കാര്യമൊക്കെ അറിഞ്ഞത്.. അത് കറക്റ്റ് ആയി രേഖയുടെ അടുത്ത് പറഞ്ഞു കൊടുക്കുകയും ചെയ്തു.. വല്യമ്മ പറഞ്ഞത് കേട്ടപ്പോൾ രേഖക്കു ആകെ നാണക്കേട് തോന്നി..
അമ്മയുടെ അതുകൊണ്ടാണ് മനസ്സിൽ വിചാരിച്ച കാര്യം നടത്താതിരിക്കില്ല എന്നുറപ്പോടെ നാരായണി അനങ്ങാതെ കല്ലുപോലെ നിന്നു..
ഈ പ്രശ്നങ്ങളെല്ലാം കണ്ട് ആതിര തന്റെ അമ്മയോടും അച്ഛനോടും കാര്യം പറഞ്ഞു.. അതുപോലെതന്നെ വിഷ്ണുവും നാരായണീയ തല്ലുന്നത് കണ്ടിരുന്നു അവനും തന്റെ അച്ഛനോട് കാര്യം പറഞ്ഞു
ആതിരയുടെ അച്ഛനും അമ്മയും ഓടിവന്ന് രേഖയെ പിടിച്ചുമാറ്റി..
” സുനിതേ…..ആകെ നാണക്കേട് ആയല്ലോ … എന്റെ മോള് എന്നെ വിവാഹം കഴിപ്പിക്കാൻ നിൽക്കുന്നു…. നാട്ടുകാരുടെ മുഖത്തും ഞാൻ എങ്ങനെ നോക്കും..”
” രേഖ നീ അന്തസ്സോടെ തല ഉയർത്തിപ്പിടിച്ച് നടക്കണം…. കാരണം നിനക്ക് അത്രയും നല്ലൊരു മോളുണ്ട്.. അമ്മയുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്ന മോള്….ഇങ്ങനെ ഒരു മോളെ കിട്ടിയതാണ് നിന്റെ ഭാഗ്യം…. ഇപ്പോഴത്തെ കുട്ടികളെല്ലാം സ്വന്തം കാര്യത്തിൽ സ്വാർത്ഥരാണ്. പക്ഷേ അതിന്റെ മോള് നിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നു ഇതൊരു ഭാഗ്യമാണ്.. ” അനി പറഞ്ഞത് കേട്ട് വിശ്വസിക്കാൻ പറ്റാതെ രേഖ തല ഉയർത്തി നോക്ക്.
” അനീ ചേട്ടാ ചേട്ടൻ എന്താ പറയുന്നത്? ഇനി ഒരു വിവാഹം നടക്കുന്ന കാര്യമാണോ… ചേട്ടൻ വെറുതെ ഇവളെ ന്യായീകരിക്കല്ലേ..”
” അനീ ചേട്ടൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല അതുപോലെ നാരു ചെയ്തത് നല്ല കാര്യമാണ്.. ചെറുപ്രായത്തിൽ വിധവ ആയതല്ലേ നീ…. ഇനി ഒരു വിവാഹത്തെക്കുറിച്ച് നിനക്ക് ചിന്തിക്കാം..”
” ഇല്ല സുനിത ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇനി വിവാഹം കഴിക്കില്ല.. ”
” എന്റെയും അമ്മ വിവാഹം കഴിക്കും… ഞാൻ വിവാഹം കഴിപ്പിക്കും.. ശിവൻ വലിയച്ഛൻ അല്ലെങ്കിൽ വേറെ ഒരാൾ അമ്മയുടെ ജീവിതത്തിൽ വന്നിരിക്കും.. അത് ഈ നാരായണിയുടെ വാശിയാണ്.. എന്റെ അമ്മയും സുനിത ആന്റിയെ പോലെ സന്തോഷത്തോടെ പട്ടുസാരിയുടുത്ത് പൊട്ടുതൊട്ട് സ്വർണ്ണമിട്ട് സിന്ദൂരം തൊട്ട് മുല്ലപ്പ് വെച്ച് നടക്കണം എന്നും എനിക്ക് ആഗ്രഹമുണ്ട്… അങ്ങനെയൊക്കെ അമ്മ സന്തോഷത്തോടെ ജീവിക്കണമെങ്കിൽ അമ്മ വിവാഹം കഴിക്കണം.. അമ്മ വിവാഹം കഴിച്ചാൽ എനിക്കും ഒരു അച്ഛനെ കിട്ടും… എനിക്കിനി അച്ഛനെ വേണം.. ” വാശിയോടെ പറഞ്ഞിരുന്ന നാരായണീ അവസാനം കരഞ്ഞു പോയി..
അനി അവളെ ചേർത്ത് പിടിച്ചു.. ആതിരയും ഓടിവന്ന് അവളുടെ കൂടെ കരയാൻ തുടങ്ങി..
രേഖ എന്തുചെയ്യുമെന്ന് അറിയാതെ സുനിതയുടെ തോളിൽ ചാരി കരയാൻ തുടങ്ങി…
മതിലിനപ്പുറം ഇതെല്ലാം കേട്ടിരുന്ന അച്ഛനും മക്കളും ആകെ വല്ലാതായി….
ഒരു മാസത്തിനു ശേഷം…
” കല്യാണം ചെറുതായിട്ടാണ് നടത്തുന്നത് എങ്കിലും എനിക്കും നിനക്കും സാരിയുടുത്താലോ.. ഒരു പോലുള്ള വേറെ കളർ ഉള്ള സാരി ഉടുക്കാം.. ”
” എടി…. നമ്മൾക്ക് 16 വയസല്ലേ ആയിട്ടുള്ളു..സാരി ഉടുക്കണോ ഹാഫ് സാരി ആയാലോ..”
” ഒന്ന് പോയെടി ആതിരേ, എന്റെ അമ്മയുടെ കല്യാണം എനിക്ക് സാരി ഉടുക്കണം നീയും സാരി ഉടുക്കും..” ആതിര പറഞ്ഞത് കേട്ട് മുഖം വീർപ്പിച്ചു കൊണ്ട് നാരായണി പറഞ്ഞു..
” എടി നീ മുഖം വീർപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല.. അമ്മ സാരി ഉടുക്കാൻ സമ്മതിക്കില്ല.. ” ആതിര അമ്മയോടുള്ള പേടിയോടെ പറഞ്ഞു.
” സുനിത ആന്റിയെ ഞാൻ പറഞ്ഞു സമ്മതിക്കാം നീ ധൈര്യമായിരിക്ക്..”
” അങ്ങനെയാണെങ്കിൽ നമുക്ക് ബ്യൂട്ടിപാർലറിൽ പോയി മേക്കപ്പ് ചെയ്ത് സാരിയുടുത്ത് വരാം.. ”
” ഇവിടെ സാരി വാങ്ങാൻ ഉള്ള കാശ് എങ്ങനെ ഒപ്പിക്കും എന്ന് ആലോചിക്കുമ്പോൾ അവളുടെ ഒരു ബ്യൂട്ടിപാർലർ.. ” നാരു അവളെ അടിമുടി പുച്ഛിച്ചു..
അന്നത്തെ കരച്ചിലിന്റെ ബാക്കിപത്രമായി കാര്യങ്ങളെല്ലാം നാരു വിചാരിച്ചത് പോലെ തന്നെ നടന്നു..
തന്റെ മകളുടെ വാശിയിലും…….സുനിതയുടെയും അനിയുടെയും നിർബന്ധത്തിൽ രേഖ വിവാഹത്തിന് സമ്മതിച്ചു..
അതുപോലെതന്നെ നാരായണിയുടെ വാക്കുകൾ കേട്ട് ആ നാല് ആൺ മക്കളും തന്റെ അച്ഛനെ കുറിച്ച് ചിന്തിച്ചു.. അങ്ങനെ അവർ അച്ഛനെ നിർബന്ധിച്ച് വിവാഹത്തിന് സമ്മതിപ്പിച്ചു..
ഇനി 10 ദിവസങ്ങൾക്ക് ശേഷം വിവാഹമാണ്..
ഈ പ്രായത്തിലെ വിവാഹമായതുകൊണ്ട് ശിവനും രേഖയ്ക്കും പരസ്പരം കാണുമ്പോൾ ആകെ ഒരു ചമ്മലാണ്..
ഇപ്പോൾ ശിവനും നാരുവും നല്ല കൂട്ടാണ്.. വിവാഹം കഴിക്കാൻ സമ്മതം പറഞ്ഞ അന്നുമുതൽ അവൾ അയാളെ അച്ഛാ എന്നാണ് വിളിക്കുന്നത്..
വലിയേട്ടൻ… കൊച്ചേട്ടൻ…കുഞ്ഞേട്ടൻ.. പൊടിയേട്ടൻ..
നാല് ഏട്ടന്മാരെ അവൾ അങ്ങനെയാണ് വിളിക്കുന്നത്.. പക്ഷേ നാല് ഏട്ടന്മാരും ഇപ്പോഴും പഴയതുപോലെ തന്നെയാണ് അവളോട് യാതൊരു അടുപ്പവും കാണിക്കുന്നില്ല.. അതിൽ ചെറുതല്ലാത്ത ഒരു സങ്കടം അവൾക്കുണ്ട്..
അച്ഛനോടൊപ്പം 4 ഏട്ടന്മാരുടെ ഒറ്റ പെങ്ങളായി അടിച്ചുപൊളിക്കാം എന്നൊരു അതിമോഹം അവൾക്കുണ്ടായിരുന്നു അതിനെ അടിമുടി തകർക്കുന്ന തരത്തിലാണ് അവർ നാലുപേരുടെയും അവളോടുള്ള പെരുമാറ്റം.. എന്നാൽ അവർ രേഖയോടെ നല്ല സ്നേഹത്തോടെയാണ് പെരുമാറുന്നത്…
തന്റെ അമ്മ ആ വീട്ടിൽ ഹാപ്പി ആയിരിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് ഇവരുടെ അവഗണന അവർ അധികം കാര്യമാക്കാറില്ല..
ഒരു ദിവസം രേഖ ജോലിക്കും പോയ ദിവസം അന്ന് ക്ലാസ്സ് കഴിഞ്ഞ് നാരായണി നേരത്തെ വീട്ടിലെത്തിയിട്ടുണ്ടായിരുന്നു.. ആതിര ക്ലാസ് കഴിഞ്ഞു വന്നിട്ടുണ്ടായിരുന്നില്ല… അവർ വീടിന്റെ ഉമ്മറത്ത് ഇരിക്കുമ്പോൾ ആണ് വൈഷ്ണവ് അവന്റെ വീട്ടിലിരുന്ന് അവളെ വിളിക്കുന്നത്..
ആദ്യമായി തന്റെ പേരെടുത്ത് തന്നെ വിളിക്കുന്നത് കേട്ടപ്പോൾ അവൾ സന്തോഷത്തോടെ അങ്ങോട്ടേക്ക് ചെന്നു..
അവൾ അവിടേക്ക് വന്നപ്പോൾ നാലു മക്കളും ഉമ്മറത്തിരിപ്പുണ്ട്.. നാലുപേരുടെയും മുഖത്ത് വല്ലാത്ത ഗൗരവം..
” നാരായണി ഇവിടെ ഇരുന്നു കുറച്ച് കാര്യങ്ങൾ സംസാരിക്കാറുണ്ട്.. ” കൂട്ടത്തിലെ മൂത്തവനായ വിഷ്ണു ഗൗരവത്തോടെ പറഞ്ഞു..
” എന്താ വല്യേട്ടാ.. ”
” വിവാഹം നടക്കണമെങ്കിൽ ഞങ്ങൾക്ക് കുറെ ഡിമാൻഡ് ഉണ്ട് അതൊക്കെ സമ്മതിച്ചാലെ വിവാഹം നടക്കു..” വൈഷ്ണവിന്റെ വാക്കുകൾ കേട്ടപ്പോൾ നാരായണീടെ നെഞ്ചിൽ ഒരു ആന്തലായി..
” അമ്മയ്ക്ക് കുറച്ചു സ്വർണം മാത്രമേ ഉള്ളൂ.. കുറെ സ്വർണം വാങ്ങാൻ ഞങ്ങളുടെ കയ്യിൽ കാശില്ല.. ” സ്ത്രീധനമാണ് ചോദിക്കുന്നത് എന്ന പേടിയിൽ അവൾ പറഞ്ഞു..
” നിങ്ങളുടെ കയ്യിൽ ഉള്ള സ്വർണം മുഴുവൻ ഞങ്ങൾക്ക് വേണം നിന്റെ കഴുത്തിൽ മാലയുണ്ട് കാതിൽ കമ്മലും മോതിരവും എല്ലാം ഉണ്ടല്ലോ അതൊക്കെ നീ നിന്റെ അമ്മയ്ക്ക് കൊടുക്കണം.. ” വിശാൽ ഗൗരവത്തോടെ പറഞ്ഞു
” അതെല്ലാം ഞാൻ കൊടുത്തോളാം.. ” പൊട്ടി വരുന്ന സങ്കടം കടിച്ചമർത്തി നാരായണി സമ്മതം പറഞ്ഞു..
” നിന്റെ കാലിലെ പാദസരവും കൊടുക്കണം.. ”
” അത് വെള്ളിയാണ് കൊച്ചേട്ടാ….”
” വെള്ളി ആയാൽ എന്താ.. വെള്ളിക്കൊക്കെ നല്ല കാശാണ്..”
” നാരായണി ഇതൊന്നുമല്ല ശരിക്കുമുള്ള കാര്യം…ഞങ്ങൾ ഇനി പറയാൻ പോകുന്ന കാര്യത്തിന് നീ സമ്മതിച്ചാൽ മാത്രമേ ഈ വിവാഹം നടക്കു..” വിഷ്ണുവിന്റെ വാക്കുകളിൽ അവളുടെ ചങ്കിടിപ്പ് ഉയർന്നു..
” വിവാഹശേഷം അമ്മയ്ക്കൊപ്പം നീ ഇവിടെ വരാൻ പാടില്ല.. ഞങ്ങൾ അമ്മയെ മാത്രമേ സ്വീകരിക്കൂ നിന്നെ സ്വീകരിക്കേണ്ട ഒരു കാര്യവും ഞങ്ങൾക്കില്ല.. നിന്നെ ഞങ്ങൾ ഇവിടെ കയറ്റില്ല… ”
വിഷ്ണുവിന്റെ വാക്കുകൾ ഒരു ഞെട്ടലോടെയാണ് ആ പെൺകുട്ടി കേട്ടത്.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. അവർക്ക് അമ്മയെ മാത്രം മതി തന്നെ വേണ്ട.. അതിൽ അവൾക്ക് അവരെ കുറ്റം പറയാനും തോന്നിയില്ല.. അവൾക്ക് ഈ വിവാഹം വേണ്ടെന്ന് വയ്ക്കാനും തോന്നിയില്ല.. ഞാൻ കുറച്ചു ദിവസമായുള്ള അമ്മയുടെ മുഖത്തെ തെളിച്ചം അവൾ കാണുന്നതാണ്… അമ്മയോട് സന്തോഷത്തിനുവേണ്ടി ഒഴിഞ്ഞുപോകാനും അവൾ തയ്യാറാണ്..
” ഞാൻ എന്റെ വീട്ടിൽ ഒറ്റക്ക് കഴിഞ്ഞോളാം ഇവിടേക്ക് വരില്ല..” നിറകണ്ണുകൾ തുടച്ചുകൊണ്ട് അവൾ ഉറപ്പോടെ പറഞ്ഞു..
” അവിടെ നിൽക്കാനും പറ്റില്ല നീ ഞങ്ങളുടെ കൺമുമ്പിൽ ഉണ്ടാവാനേ പാടില്ല.. ” വൈഷ്ണവ് അറത്തു മുറിച്ചു പറഞ്ഞു..
” ഞാൻ പിന്നെ ഒറ്റയ്ക്ക് എവിടേക്ക് പോകും.. ” അവൾ നിസ്സഹായതയോടെ പറഞ്ഞു..
” നീ.. വല്ല അനാഥാലയത്തിലും പോകണം.. ഇപ്രാവശ്യം മറുപടി പറഞ്ഞത് വിശാലാണ്..
” മ്മ്… ” അവൾ കണ്ണുനീർ തുടച്ചുകൊണ്ട് സമ്മതം മൂളി.. അവളുടെ നെഞ്ച് വിങ്ങുന്നത് പോലെ തോന്നുന്നുണ്ടായിരുന്നു.. എന്നാലും അമ്മയുടെ സന്തോഷത്തിനുവേണ്ടി അവളെല്ലാം സഹിച്ചു..
” ഇവിടെയുള്ള അനാഥാലയത്തിൽ നിൽക്കാൻ പറ്റില്ല.. ഇവിടെ അടുത്താണെങ്കിൽ ഇടക്കൊക്കെ അമ്മയെ കാണണമെന്ന് പറഞ്ഞ് നീ വലിഞ്ഞു കേറി വരും.. അതുകൊണ്ട് ദൂരെയുള്ള അനാഥാലയത്തിൽ പൊയ്ക്കോളണം.. ” ഒരു മനസാക്ഷിയും ഇല്ലാതെ വൈഷ്ണവ് പറഞ്ഞത് കേട്ട് അവൾ സങ്കടത്തോടെ തലകുലുക്കി.
” നിനക്ക് അനാഥാലയം എവിടെയാണെന്ന് അറിയില്ലെങ്കിൽ ഞങ്ങൾ കൊണ്ടുപോയ ആക്കാം…പക്ഷേ റോഡിൽ ഇറക്കിവിടുകയുള്ളൂ നീ തനിയെ അകത്തേക്ക് പൊയ്ക്കോളണം..” വിഷ്ണു അവളോട് പറയുമ്പോൾ ഇത്രയും നേരം അടക്കിപ്പിടിച്ചിരുന്ന ചിരി പതിയെ അവന്റെ പുറത്തേക്ക് വരാൻ തുടങ്ങി..
അത് കണ്ട വൈഷ്ണവും വിശാലും അവനെ കണ്ണുരുട്ടി കാണിച്ചു.. വിശാഖിനാണെങ്കിൽ അവളുടെ അവസ്ഥയിൽ ചിരിയും വരുന്നുണ്ട് സങ്കടവും തോന്നുന്നുണ്ട്..
” ഡാ….. ” പെട്ടെന്നാണ് ശിവന്റെ കടുപ്പത്തിലുള്ള വിളി കേട്ടത്..
ആ വിലയിൽ ഞെട്ടിക്കൊണ്ട് നാരു തിരിഞ്ഞു നോക്കിയപ്പോൾ ശിവൻ തന്റെ നാല് മക്കളെയും കണ്ണുരുട്ടി നോക്കുന്നുണ്ട്…
ഇത്രയും നേരം സങ്കടം എല്ലാം പിടിച്ചു വച്ചിരുന്ന നാരു ശിവനെ കണ്ട് പൊട്ടിക്കരഞ്ഞു കൊണ്ട് കെട്ടിപ്പിടിച്ചു..
അവളുടെ ഉറക്കെയുള്ള കരച്ചിൽ കണ്ട് നാലുപേരും അയ്യോ എന്നായി.. എല്ലാവരും വൈഷ്ണവിനെ കണ്ണുരുട്ടി കാണിച്ചു..
അവൻ വേഗം നാരുവിന്റെ അടുത്തേക്ക് ചെന്നു..
” അയ്യേ… ഞങ്ങളുടെ നാരു കൊച്ച് കരയുകയാണോ.. ഞങ്ങൾ ഒരു പ്രാങ്ക് ചെയ്തതല്ലേ.. ഞങ്ങൾ ഇങ്ങനെയൊക്കെ പറയുമ്പോൾ നീ നല്ല മറുപടി പറയും എന്നല്ലേ ചേട്ടൻമാർ വിചാരിച്ചിരുന്നത്.. അല്ലാതെ ഇങ്ങനെ കിടന്നു കുഞ്ഞുവാവകളെപ്പോലെ മോങ്ങുമെന്ന് ഞങ്ങൾ വിചാരിച്ചോ…. നിന്റെ കുറുമ്പ് കാണാൻ വേണ്ടി ഞങ്ങൾ പറഞ്ഞതല്ലേ
. പിന്നെ പത്ത് ദിവസത്തിന് ശേഷം നീ ഇവിടെയല്ലേ നിൽക്കുന്നത് അന്നുമുതൽ നിന്റെ ഭരണമല്ലേ ഈ വീട്ടിൽ നടക്കാൻ പോകുന്നത് അതിനുമുമ്പ് നിനക്ക് ഒരു പണി തന്നതല്ലേ… നീ ഇവിടെ എത്തിയതിനുശേഷം ഞങ്ങളെക്കൊണ്ട് നീ ശിക്ഷിക്കുമെന്ന് അറിയാം അതുകൊണ്ടാ ഞാൻ നിർബന്ധിച്ചു ഇവരെ കൂടി ചേർത്ത് പ്രാങ്ക് ചെയ്തത്.. നീ ഞങ്ങളുടെ പുന്നാര അനിയത്തിയല്ലേ… ” ശിവനെ കെട്ടിപ്പിടിച്ചുകൊണ്ട് കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു നാരു വൈഷ്ണുവിന്റെ വാക്കുകൾ കേട്ട് തല ഉയർത്തി അവനെ നോക്കി.. കൂട്ടത്തിൽ ബാക്കി മൂന്നു പേരെയും.. ഇപ്പോൾ എല്ലാവരുടെയും കണ്ണിൽ അവളോടുള്ള വാത്സല്യം ആണ്….
” സത്യത്തിൽ അമ്മയേക്കാൾ കൂടുതൽ ഞങ്ങൾക്ക് നിന്നെയാണ് ഇഷ്ടമായത്.. ഒരമ്മയെ കിട്ടുന്നതിനേക്കാൾ കൂടുതൽ ഒരു കാന്താരി അനിയത്തി കുട്ടിയെ കിട്ടുമല്ലോ എന്ന സന്തോഷത്തിലാണ് ഞങ്ങൾ നാലുപേർ… നീ കൂടെ ഇവിടെ വന്നശേഷം നമ്മുക്ക് പോകാനുള്ള ട്രിപ്പ് ഒക്കെ പ്ലാൻ ചെയ്യുകയാണ് ഏട്ടന്മാർ… ” വിഷ്ണു അവളുടെ തലയിൽ തലോടി പറഞ്ഞപ്പോൾ അവൾ അവരെ നാലു പേരെയും നോക്കി എന്നല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.. ശിവൻ ആണെങ്കിൽ പുഞ്ചിരിയോടെ ഇതെല്ലാം നോക്കി നിൽക്കുന്നുണ്ട്..
തന്റെ അഞ്ചു മക്കൾ അയാളുടെ ഉള്ളം മന്ത്രിച്ചു..
അവൾ ആരോടും ഒന്നും മിണ്ടാതെ ഉമ്മറത്തു നിന്ന് ഇറങ്ങി നേരെ ഗേറ്റീന്റെ അങ്ങോട്ടേക്ക് നടന്നു…
” പണി പാളിയോ.. ആള് പിണങ്ങി എന്ന് തോന്നുന്നു.. ” അവളുടെ പോക്ക് കണ്ട് പെട്ട രീതിയിൽ വൈഷ്ണവ് പറഞ്ഞു..
” നീ ഒറ്റ ഒരുത്തൻ കാരണമാണ്….പാവത്തിനെ പ്രാങ്ക് ചെയ്തത്.. ” വിഷ്ണു വൈഷ്ണവിനെ കുറ്റപ്പെടുത്തി..
അത് കേട്ട് വൈഷ്ണവ് ഇളിച്ചു ..
ശിവൻ അവളെ പോയി വിളിക്കാം എന്ന് വിചാരിക്കുന്ന നേരത്താണ് അവൾ അകത്തുനിന്ന് ഗെയ്റ്റ് പൂട്ടിയത്.. ഇവളെന്താ ഗേറ്റ് പൂട്ടുന്നത് എന്ന ഭാവ അഞ്ചുപേരും നിൽക്കുന്ന നേരത്താണ് അവൾ അവിടെ കിടന്നിരുന്ന നീളമുള്ള ഒരു വടി എടുക്കുന്നത് കണ്ടത്..
” എടാ പെട്ടടാ… നമ്മൾ പുറത്തേക്ക് ഓടി പോകാതിരിക്കാൻ ആണ് അവൾ ഗേറ്റ് പൂട്ടിയത്…. ജീവൻ വേണമെങ്കിൽ ഓടിരക്ഷപ്പെട്ടോ.. ” അതും പറഞ്ഞ് വൈഷ്ണവ് ഓടി… അതിനു പുറകെ ബാക്കി മൂന്നുപേരും ചന്നം പിന്നം ഓടാൻ തുടങ്ങി..
” ധൈര്യമുണ്ടെങ്കിൽ അടങ്ങി നിൽക്കടാ പൊട്ടൻ ചേട്ടന്മാരെ… ” അതും പറഞ്ഞ് അളവി കൊണ്ട് അവൾ അവരുടെ പുറകെ വടിയും പിടിച്ചു ഓടാൻ തുടങ്ങി..
അവരെ അടിക്കാനായി നാരുവും അടികൊള്ളാതിരിക്കാനായി നാലെണ്ണവും അങ്ങോട്ടേക്കും ഇങ്ങോട്ടേക്കും ഓടിക്കൊണ്ടിരുന്നു..
ആ സമയത്താണ് ജോലി കഴിഞ്ഞുള്ള രേഖയുടെ വരവ്.. ഇതെല്ലാം കണ്ട് രേഖാ മന്ദിച്ചു നിൽക്കുന്നുണ്ട്.. രേഖയുടെ നിൽപ്പ് കണ്ട് ശിവൻ പുഞ്ചിരിയോടെ ചെന്ന് ഗേറ്റ് തുറന്ന് അവളുടെ അടുത്തേക്ക് ചെന്നു
” ശിവേട്ടാ…. എന്താ ഇവിടെ.. ”
” വേറൊന്നുമില്ല ചേട്ടന്മാര് അനിയത്തിയെ ഒന്ന് പ്രാങ്ക് ചെയ്തു അതിന്റെ മറുപടി അനിയത്തി കൊടുക്കുന്നതാണ്.. ”
അപ്പോഴേക്കും അയ്യോ എന്ന വൈഷ്ണവിന്റെ ഒച്ചയും കൂട്ടത്തിൽ ഇതാണോടാ ചേട്ടാ നീ പറഞ്ഞ പാവം കൊച്ചു എന്നൊരു ഡയലോഗും പുറകെ വരുന്നുണ്ടായിരുന്നു..
ഇതെല്ലാം കേട്ട് രേഖ ഉൾപ്പെടെ എല്ലാവരും ചിരിച്ചു പോയി..
അവസാനം ഓടി തളർന്ന് നാരു മുറ്റത്ത് ഇരുന്നു… അതുകണ്ട് പുറം തടവിക്കൊണ്ട് വൈഷ്ണവ് അവളുടെ അടുത്ത് വന്ന് അവളെ ചേർത്തുപിടിച്ചു.. കൂട്ടത്തിൽ ബാക്കി മൂന്ന് പേരും..
ആദ്യമൊക്കെ കണ്ണുകൂർപ്പിച്ചു നോക്കിയെങ്കിലും പിന്നീട് അവൾ ചിരിയോടെ തന്റെ നാല് ചേട്ടന്മാരെയും ചേർത്തുപിടിച്ചു..
അവരും തങ്ങൾക്ക് കിട്ടിയ തന്റെ കുഞ്ഞി പെങ്ങളെ ചേർത്തുപിടിച്ചു..
ആ മനോഹര ദൃശ്യം നോക്കി ശിവനും രേഖയും പുഞ്ചിരിയോടെ നിന്നു.. ആ സമയം അയാളുടെ കൈകൾ രേഖയുടെ ഷോൾഡറിൽ വിശ്രമിക്കുകയായിരുന്നു..
അവസാനിച്ചു..
സുബിഷ

by