മൈഥിലി
**********
“ജാലകത്തിന്റെ സ്ഫടികത്തില്‍ തട്ടി കുരുവി നിമിഷങ്ങളോളം അതിന്‍മേല്‍ പറ്റിപ്പിടിച്ചിരുന്നു. കുരുവിയുടെ നെഞ്ചില്‍നിന്നും രക്തം വാര്‍ന്ന് സ്ഫടികത്തിന്‍മേല്‍ പടര്‍ന്നു. ഇന്ന് എന്റെ രക്തം ഈ കടലാസിലേക്കു വാര്‍ന്നു വീഴട്ടെ. ആ രക്തംകൊണ്ട് ഞാന്‍ എഴുതട്ടെ. ഭാവിയുടെ ഭാരമില്ലാത്ത ഒരാള്‍ക്കുമാത്രം എഴുതാന്‍ കഴിയുന്നവിധത്തില്‍, ഓരോ വാക്കും ഒരനുരഞ്ജനമാക്കി ഞാനെഴുതട്ടെ. ഞാനിതിനെ കവിത എന്നു വിളിക്കാനിഷ്ടപ്പെടുന്നു. എന്റെ ഉളളില്‍ സുന്ദരമായ ഒരു പ്രക്ഷുബ്ധത സൃഷ്ടിച്ചിട്ട്, മുകള്‍പ്പരപ്പിലേക്കുയര്‍ന്നുവന്ന് ഗദ്യമെന്ന താരതമ്യേന ദൃഢതരമായ രൂപത്തില്‍ ഒതുങ്ങുമ്പോള്‍ വാക്കുകള്‍ക്ക് അവയുടെ സംഗീതം നഷ്ടപ്പെട്ടു പോകുന്നുവെങ്കിലും ഇതിനെ കവിത എന്നു വിളിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ഇതെഴുതാനുളള കഴിവുണ്ടാകണമെന്ന് എല്ലാക്കാലത്തും ഞാന്‍ ആഗ്രഹിച്ചു പോന്നു……”
ചുണ്ടില്‍ വിരിഞ്ഞ ഭാവം എന്തെന്ന് പോലും മനസ്സിലാകുന്നില്ല. പുസ്തകം തുറന്ന് വായിച്ച വരികളിലൂടെ മൈഥിലി ഒരിക്കല്‍ കൂടി കൈയോടിച്ചു.
”മാധവിക്കുട്ടി… അസൂയ തോന്നുന്നു നിങ്ങളോടെനിക്ക്…!!! ഓരോ വരികളിലും നിങ്ങള്‍ ഒളിപ്പിച്ചു വച്ച ആ മാന്ത്രികത…!!!”
”മൈഥീക്കാ… അവങ്കള് വന്തു…”
”നച്ചിമ്മയുടെ മലയാളം കേള്‍ക്കാന്‍ ഒരു പ്രത്യേക ചന്തമാ..”
”പോ മൈഥീക്കാ…”
പുസ്തകം മടക്കി വച്ച് കൊണ്ട് മൈഥിലി കുസൃതിയോടെ പറഞ്ഞത് കേട്ട് നാച്ചിയമ്മ എന്ന വൃദ്ധയുടെ ചുളിവു പടര്‍ന്ന മുഖത്ത് നാണം വിരിഞ്ഞു. ഇടംകൈയ്യിലിരുന്ന മദ്യഗ്ളാസ്സ് മേശമ്മേല്‍ വയ്ക്കുമ്പോള്‍, അത് പകര്‍ന്ന നേരിയ ആലസ്യം മൈഥിലിയുടെ കണ്ണുകളില്‍ ദൃശ്യമായിരുന്നു.
‘കൊഞ്ചം കൂടുതല്‍ ആണോ…???’
മാതൃതുല്ല്യമായ സ്നേഹം കലര്‍ന്ന ആ ശകാരം മൈഥിലിക്ക് ഏറെ ഇഷ്ടമാണ്.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
അച്ഛനോ അമ്മയോ ആരെന്ന് അറിയാതെ തെരുവില്‍ വളര്‍ന്നവളാണ് മൈഥിലി. അവള്‍ക്ക് ഓര്‍മ്മ വച്ച നാള്‍ മുതല്‍ അവളോടൊപ്പം ചോട്ടുവും ഉണ്ടായിരുന്നു. മാതംഗി അക്കയുടെ മകന്‍. സ്വന്തമല്ലെങ്കില്‍ പോലും അവളുടെ ആരെല്ലാമോ ആയിരുന്നു മാതംഗി അക്കയും ചോട്ടുവും.
ചോട്ടു ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മുതലാളി ആയിരുന്ന ഹര്‍ഷന്‍ലാല്‍ സേട്ട് എന്ന മധ്യവയസ്കന് അവളോട് തോന്നിയ മോഹമാണ് അവളുടെ ജീവിതമാകെ മാറ്റി മറിച്ചത്.
പതിനഞ്ചു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന അവളെ അയാള്‍ ഭാര്യയായി സ്വീകരിച്ചു. അവിടങ്ങളില്‍ അത് ഒരു സംഭവം പോലും ആയിരുന്നില്ല. കാരണം പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെക്കുറിച്ചോ അതുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചോ ഒന്നും ഇന്നും പലരും അവിടെ ബോധവാന്മാരല്ല.
രണ്ടേ രണ്ടു വര്‍ഷത്തെ വൈവാഹികജീവിതത്തിനുശേഷം അവള്‍ക്ക് രണ്ട് ചാപിള്ളകളേയും സമ്മാനിച്ച് അയാള്‍ മരണമടഞ്ഞു.
ചെറുപ്രായത്തില്‍ തന്നെയുള്ള രണ്ടു പ്രസവങ്ങള്‍ അവളുടെ ആരോഗ്യനില വഷളാക്കി. പക്ഷെ അവള്‍ ഒരു ശക്തമായ മനസ്സിനുടമ ആയിരുന്നതിനാല്‍ അതെല്ലാം അതിജീവിച്ച് ജീവിതം തിരിച്ചു പിടിച്ചു.
ചോട്ടുവുമായി ചേര്‍ന്ന് ബിസിനസ്സുകള്‍ മുന്നോട്ട് കൊണ്ട് പോയ അവള്‍ക്ക് ആ രംഗത്ത് നിരവധി ശത്രുക്കളേയും എതിരിടേണ്ടി വന്നു. സാവധാനം അവള്‍ ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത് അതില്‍ രാജ്ഞിയായി വാണു തുടങ്ങി.
തീരെ പ്രതീക്ഷിക്കാതെയാണ് ചോട്ടുവിന്‍റെ ഭാഗത്ത് നിന്ന് അവള്‍ ചതിക്കപ്പെട്ടത്. അവള്‍ പോലും അറിയാതെ അവളുടെ സ്വത്തുക്കള്‍ അവന്‍ അപഹരിച്ചു കൊണ്ടിരുന്ന കാര്യം വൈകിയാണ് അവള്‍ മനസ്സിലാക്കിയത്. മാതംഗി അക്കയും അതിന് കൂട്ടു നിന്നു എന്നതാണ് അവളെ ഏറെ തളര്‍ത്തിയത്. പണം നല്ലവരെ പോലും ചിലപ്പോള്‍ പിശാചുക്കള്‍ ആക്കി മാറ്റുമല്ലോ!
കടങ്ങളിലേയ്ക്ക് അവള്‍ കൂപ്പുകുത്തി വീണ സമയത്താണ് നാച്ചിയമ്മ അവളുടെ ജീവിതത്തിലേയ്ക്ക് എത്തുന്നത്. അവര്‍ ആരാണെന്ന് ചോദിച്ചാല്‍ അവള്‍ക്ക് ഇന്നും അറിയില്ല! എന്നാല്‍ പടികള്‍ ഓരോന്നായി തിരിച്ചു കയറാന്‍ അവര്‍ അവള്‍ക്ക് ശക്തി പകര്‍ന്നു.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
‘നിങ്ങള്‍ എന്‍റെ ആരാ നച്ചിമ്മാ…???’
അവളുടെ ചോദ്യത്തിന് നച്ചിയമ്മ നെറുകയില്‍ ഒരു മുത്തം നല്‍കി. എന്നും അതു തന്നെയാണ് പതിവ്. ആ മുത്തം നല്‍കുന്ന ഊര്‍ജ്ജമാണ് മൈഥിലി എന്ന പെണ്ണിനെ ഇന്ന് എല്ലാവരുടേയും മൈഥീക്കാ ആക്കിയത്.
അവരുടെ കൂടെ പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ അവിടെ അവളെ കാത്ത് ഒരുപാടു പേര്‍ ഉണ്ടായിരുന്നു. ‘നാരി ശക്തി’ എന്ന അവളുടെ സംഘടനയുടെ പ്രവര്‍ത്തകര്‍.
ശൈശവവിവാഹത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്ന സ്ത്രീകളുടെ ഗാര്‍ഹീക പീഡനങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന ‘നാരി ശക്തി’ പ്രവര്‍ത്തകര്‍.
അവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന മൈഥിലിയെ നച്ചിയമ്മ കൗതുകത്തോടെ നോക്കി നിന്നു. ആ കണ്ണുകളില്‍ വ്യക്തമായിരുന്നു തന്നെ പോലെ ദുരിതം അനുഭവിച്ച മറ്റൊരു സ്ത്രീയും ഇനി ഇവിടെ ഉണ്ടാകരുതേ എന്ന പ്രാര്‍ത്ഥന.
[NB: നിയമം എത്ര ശക്തമാണ് എന്നു പറയുമ്പോഴും ശൈശവവിവാഹവും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസനിഷേധവും പീഢനങ്ങളും ഭാരതത്തില്‍ ഇന്നും നിലനില്‍ക്കുന്നു]
രചന: ദിപി ഡിജു

by