ശ്രീ ലക്ഷ്മിയുടെ സുഹൃത്ത് പറഞ്ഞപ്പോൾ ബസ്സിൽ നിന്നും തന്റെ

ഭാഗ്യക്കുറി

“എടീ നിന്റെ അച്ഛൻ അല്ലെ അത്?”

ശ്രീ ലക്ഷ്മിയുടെ സുഹൃത്ത് പറഞ്ഞപ്പോൾ ബസ്സിൽ നിന്നും തന്റെ അച്ഛനെഅവൾ നോക്കി.

സ്റ്റാൻഡിൽ നിന്ന് കുറച്ചു മാറി റോഡരികിൽ തന്റെ അച്ഛൻദാസൻ കയ്യിലുള്ള ലോട്ടറി ടിക്കറ്റ് ഒരാൾക്കു നേരെ നീട്ടിയിട്ട് വളരെ സൗമ്യനായി സംസാരിക്കുന്നു. ടിക്കറ്റ് വേണ്ട എന്ന് പറഞ്ഞു കൊണ്ട് പോയപ്പോൾ ശ്രീ ലക്ഷ്മിയുടെ അച്ഛന്റെ മുഖത്തു സങ്കടം ഉണ്ടാവുന്നത് കണ്ടു.

ഉച്ച സമയത്തെ അതി ശക്തമായ വെയിലിനാൽ നെറ്റിയിലൂടെ വിയർപ്പ് ഒഴുകുന്നു . ഷർട്ട് നന്നായി നനഞ്ഞത് കണ്ടപ്പോൾ

ഒരുപാട് ദൂരം അച്ഛൻ നടന്നിട്ടുണ്ട് എന്ന് അവൾക്ക് മനസ്സിൽ ആയി.

നെറ്റിയിലെ വിയർപ്പ് തുടച്ചു കൊണ്ട്

ദാസൻ നടന്നു പോയി.

ആ വെയിലിൽ ഉള്ള യാത്ര കണ്ടപ്പോൾ, തന്റെ അച്ഛന്റെ സങ്കടം നിറഞ്ഞ മുഖഭാവം ഓർത്തപ്പോൾ ശ്രീ ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു.അത് കണ്ടപ്പോൾ അവളുടെ സുഹൃത്ത് ചുമലിൽ തട്ടി അശ്വസിപ്പിച്ചു.

ബസ്സ്‌ ഓടികൊണ്ടിരിക്കുമ്പോൾ അവളുടെ അച്ഛന്റെ സങ്കടം നിറഞ്ഞ മുഖവും ആ അവസ്ഥയും ആയിരുന്നു മനസ്സിൽ.

നടന്നു കൊണ്ട് ലോട്ടറി വേണോ എന്ന് ചോദിച്ചു കൊണ്ട് നടക്കുന്നു.

ശരിക്കും ഒരു യാചന. പലരും വേണ്ട എന്ന് പറയുന്നു.

ഇത്രയും വർഷം ഇങ്ങനെ ആയിരിക്കില്ലേ അച്ഛൻ…എന്നിട്ടും രാത്രി വീട്ടിൽ എത്തുമ്പോൾ ചിരിച്ചു കൊണ്ട് വീട്ടിലേക്ക് വേണ്ട സാധനവുമായി വരുന്നു.

ആദ്യമായി അച്ഛന്റെ കഷ്ടപ്പാട് ശ്രീ ലക്ഷ്മി നേരിൽ കണ്ടറിഞ്ഞു.

അന്ന് രാത്രി ദാസൻ വീട്ടിൽ എത്തുമ്പോൾ കയ്യിൽ ചെറിയ കവർ ഉണ്ടായിരുന്നു.

“ചെമ്മീൻ ആണ് മോളെ “ദാസൻ ശ്രീ ലക്ഷ്മിയുടെ കയ്യിൽ കൊടുത്തു

ഒരാഴ്ച മുൻപ് ആണ് ചെമ്മീൻ കഴിക്കണം എന്ന ആഗ്രഹം അവൾ പറയുന്നത്

“ചെമ്മീനൊക്കെ നല്ല വിലയാണ് മോളെ “എന്ന് പറഞ്ഞു കൊണ്ട് അമ്മ നിരുത്സാഹപെടുത്തിയത് അവൾക്ക് ഓർമ്മവന്നു.

വെയില് കൊണ്ട് കുറെ നടന്നിട്ട് , ഒരുപാട് പേരോട് ചോദിച്ചിട്ട് തനിക്ക് വേണ്ടിചെമ്മീൻ വാങ്ങിയ അച്ഛനെ ഓർത്തപ്പോൾ അവളോട് കരഞ്ഞു പോയി.

എന്തിനാ കരയുന്നത് എന്ന് അച്ഛനും അമ്മയും ചോദിച്ചപ്പോൾ

അവൾ അച്ഛനെ പോയി കെട്ടിപിടിച്ചു.

ദാസൻ അവളുടെ തലയിൽ തഴുകിയിട്ട്എന്ത് പറ്റി എന്റെ മോൾക്ക് എന്ന് ചോദിച്ചപ്പോൾ

ഒന്നും ഇല്ല എന്ന് പറഞ്ഞു കൊണ്ട് അവൾ അകത്തു പോയി.

ഉമ്മറത്തെ കസേരയിൽ ഇരുന്നു കൊണ്ട് റേഡിയോയിലെ പാട്ട് കേൾക്കുകയായിരുന്നു ദാസൻ. ശ്രീ ലക്ഷ്മി അച്ഛന്റെ അടുക്കൽ ഇരുന്നു.

“എന്താ മോളെ പതിവില്ലാതെ എന്റെ അടുത്ത്? ഫീസ് കൊടുക്കാൻ ആയോ “?

“അതൊന്നും അല്ല അച്ഛാ? അച്ഛൻ എന്തിനാ ലോട്ടറി വിൽക്കുന്ന ജോലി ചെയ്യുന്നേ?”

ശ്രീലക്ഷ്മി പറഞ്ഞത് കേട്ടപ്പോൾ ഒരു ഞെട്ടൽ ഉണ്ടായി.

“മോൾക്ക് നാണക്കേട് തോന്നുന്നുണ്ടോ?”

അത് കേട്ടപ്പോൾ അവൾ അച്ഛനെ കെട്ടിപിടിച്ചു

“അല്ല അച്ഛാ, അച്ഛൻ ഇങ്ങനെ കഷ്ടപ്പെടുന്നത് അറിഞ്ഞത് കൊണ്ട്, അച്ഛന്റെ സങ്കടം നിറഞ്ഞ മുഖം കണ്ടത് കൊണ്ട് “അവളുടെ കണ്ണുകൾ നിറഞൊഴുകി.

“അതൊന്നും സാരമില്ല മോളെ, ഇത്രയും കാലം അച്ഛൻ നിങ്ങളെ നോക്കിയില്ലേ? ഒരു സങ്കടവും അറിയിക്കാതെ നിങ്ങൾ സന്തോഷിക്കാൻ വേണ്ടി “ദാസൻ കസേരയിൽ ചാരി മുകളിലേക്ക് നോക്കി.

ദാസന്റെ നെറ്റിയിൽ ഉമ്മ കൊടുത്ത്‌ അവൾ റൂമിലേക്ക് പോയി.

ശ്രീ ലക്ഷ്മി ഉറങ്ങാൻ കിടന്നു.പക്ഷെ ഉറക്കം വന്നില്ല അച്ഛനെക്കുറിച്ച് ഓർക്കുകയായിരുന്നുഅവൾ . ഈ വർഷം ഡിഗ്രി കഴിഞ്ഞ ഉടനെ എന്തെങ്കിലും ജോലിക്ക് ശ്രമിക്കണം എന്ന ചിന്തയാണ് അവൾക്ക്. അച്ഛന് ഒരു ലോട്ടറി സ്റ്റാൾ ഇട്ടുകൊടുക്കണം. അതാണ് അവളുടെ ആഗ്രഹം.ഒരു ദിവസം തനിക്ക് അച്ഛന് വേണ്ടി അത് ചെയ്യാൻ കഴിയും എന്ന വിശ്വാസം ഉണ്ട് അവൾക്ക്.

പിറ്റേ ദിവസം ദാസന് തലവേദനയും തൊണ്ട വേദനയും വന്നു. ഞായറാഴ്ച ആയിരുന്നു അന്ന്. അന്ന് വിൽക്കേണ്ട ലോട്ടറി കയ്യിൽ ഉണ്ട്.

ലോട്ടറിയുമായി പുറത്തു പോകാൻ നിൽക്കുന്ന ദാസന്റെ അടുത്ത് ശ്രീലക്ഷ്മി പോയി

“അച്ഛാ ഇന്ന് ഞാൻ പോകാം ലോട്ടറി വിൽക്കാൻ, അച്ഛന് സുഖം ഇല്ലല്ലോ? റസ്റ്റ്‌ എടുക്കു ”

വേണ്ട എന്ന് ദാസൻ പറഞ്ഞപ്പോൾ

“ഞാൻ ഒന്ന് ശ്രമിക്കട്ടെ അച്ഛാ, കാണുന്ന ആളുകളോട് ഒന്ന് ചോദിച്ചാൽ പോരെ, ഭാഗ്യം ഉണ്ടെങ്കിൽ ആരെങ്കിലും വാങ്ങാതെ ഇരിക്കില്ല ”

അവളോട് വേണ്ട എന്ന് പറഞ്ഞിട്ടും കേൾക്കാതെ ലോട്ടറി ടിക്കറ്റുമായി ടൗണിൽ പോയി.

വൈകുന്നേരം ശ്രീലക്ഷ്മി വീട്ടിൽ മടങ്ങി എത്തി.

“നല്ല കഷ്ടപ്പാട് ഉണ്ട് അച്ഛാ, നല്ല മത്സരം ആയിരുന്നു. ഒരു പാട് ലോട്ടറി വിൽക്കുന്ന ആൾ ഉണ്ട് എന്ന് മനസ്സിൽ ആയി. കുറച്ചു പേരെ കൊണ്ട് ഞാൻ വാങ്ങിപ്പിച്ചു . മൂന്ന് നാല് ടിക്കറ്റ് ബാക്കി ഉണ്ട് അച്ഛാ, ” അവൾ

പൈസയും ബാക്കി വന്ന ടിക്കറ്റും അച്ഛന് കൊടുത്തു.

തിങ്കളാഴ്ച്ച രാവിലെദാസൻ എന്നും പോകാറുള്ള ശിവ ക്ഷേത്രത്തിൽ പോയി ഇന്നും തന്റെ ലോട്ടറി ടിക്കറ്റ് ആളുകൾ വാങ്ങണെ എന്ന പതിവ് പ്രാർത്ഥനക്കു ശേഷം അന്നത്തെ ലോട്ടറി വിൽക്കാൻ ടൗണിലേക്ക് യാത്രയായി.

ആ സമയം ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് നോക്കിയപ്പോൾ രമേശന്റെ കാൾ ആണ്.

രാവിലെ എന്തിനാ വിളിക്കുന്നത് എന്ന ചിന്തയോടെ കാൾ എടുത്തു.

“ദാസേട്ടാ, എനിക്ക് ഇന്നലെ എടുത്ത ടിക്കറ്റിന് ഫസ്റ്റ് പ്രൈസ് കിട്ടി, ശ്രീലക്ഷ്മി എനിക്ക് ഇന്നലെ തന്ന ടിക്കറ്റിന്, ദാസേട്ടന് സുഖം ഇല്ല എന്ന് അവൾ പറഞ്ഞിരുന്നു. ഇന്ന് രാവിലെ ആണ് ഞാൻ ടിക്കറ്റ് നോക്കിയത് ”

രമേശൻ ദാസേട്ടന്റെ നാട്ടുകാരൻ ആണ് എന്നും ദാസനോട്‌ ടിക്കറ്റ് വാങ്ങുന്നവൻ.

രമേശൻ പറഞ്ഞത് കേട്ട് സന്തോഷം കൊണ്ട് ദാസന്റെ കണ്ണുകൾ നിറഞ്ഞു. മകൾ തന്റെ ഭാഗ്യം ആണ് എന്ന് അയാൾ ഓർത്തു.

എത്രയോ വർഷം ആയി ദാസൻ ടിക്കറ്റ് വിൽക്കാൻ തുടങ്ങിയിട്ട്. നൂറു മുതൽ അയ്യായിരം രൂപയും ഒരിക്കൽ അഞ്ച് ലക്ഷവും ദാസൻ വിറ്റ ടിക്കറ്റിനു സമ്മാനം കിട്ടിയെങ്കിലും ഫസ്റ്റ് പ്രൈസ് ആദ്യം ആയി ശ്രീ ലക്ഷ്മി വിറ്റ ടിക്കറ്റിന് കിട്ടിയിരിക്കുന്നു തനിക്ക് കിട്ടുന്ന കമ്മീഷൻ തുക കൊണ്ട് ശ്രീ ലക്ഷ്മിക്ക് ഒരു സമ്മാനം വാങ്ങി കൊടുക്കണം അതും മനസ്സിൽ ഓർത്ത്‌ കൊണ്ട്, ആ സന്തോഷ വാർത്ത അറിയിക്കാൻ ദാസൻ നേരെ വീട്ടിലേക്ക് നടന്നു.

വിജേഷ് ശങ്കർ

Similar Posts

Leave a Reply