24/04/2026

സിദ്ധാർത്ഥിന്റെ നോട്ടം പത്തു വയസുകാരിയായ സ്വന്തം മകളിലെത്തുമെന്ന് ഞാനെന്ന ഭാര്യ ഓർത്തില്ലെങ്കിലും…

രചന – മഞ്ചാടി

രുദ്ര വീണ

“കൊന്നു…. ഞാൻ തന്നെയാണ് കൊന്നത്, എന്നെ തലോടിയിരുന്ന കൈകൾ ഞാൻ വെട്ടിയെടുത്തു, ഞാൻ ഒരിക്കൽ പ്രണയത്തോടെ കെട്ടിപ്പിടിച്ചിരുന്ന ആ ദേഹം ഞാൻ വെട്ടി വെട്ടി നുറുക്കി… എന്നിട്ടും മതിയാവാഞ്ഞിട്ടാ ഞാൻ ഇളനീര് വെട്ടണ ലാഘവത്തോടെ തല അറുത്തു മാറ്റിയത്….. ഇഞ്ചിഞ്ചായ് ഞാനാണ് കൊന്നത് …..

രുദ്രവീണ എന്ന ഞാൻ വീണയായിരുന്നു എല്ലാർക്കും… ഒരു നാട്ടുമ്പുറത്തുകാരി, 3 പെൺമക്കളെന്ന വലിയ ഭാരo വേദനയായ് അച്ഛനെയും അമ്മയെയും അലട്ടിയിരുന്നു. ദാരിദ്ര്യത്തിനൊപ്പം തന്നെ സൗന്ദര്യവും കനിഞ്ഞു നൽകിയ ഞങ്ങൾ 3 പേർ.

രണ്ട് പേരുടെ വിവാഹത്തോടെ അച്ഛനെന്ന കാളവണ്ടിയുടെ കാലുകൾ തളർന്നു… പഠിക്കാൻ മിടുക്കിയായ ഞാൻ അച്ഛനെ ബുദ്ധിമുട്ടിപ്പിക്കാതെ സ്കോളർഷിപ്പോടെ പഠിച്ചു.

പി ജി ചെയ്യുമ്പോഴായിരുന്നു സിദ്ധാർത്ഥിന്റെ ആലോചന വന്നത്, സുന്ദരൻ, സുമുഖൻ ആവശ്യത്തിലധികം പണമുള്ള സമൂഹത്തിലെ ഉന്നതകുലജാതരുടെ പ്രതീകം….
ആലോചന വന്നപ്പൊഴെ ഞാനെതിർത്തു പഠിക്കണം എന്ന ആവശ്യത്തോടെ

പക്ഷെ, നടുവൊടിഞ്ഞ, ബാങ്കുകാരുടെ കയ്യിൽ സുരക്ഷിതമായേൽപ്പിച്ച വീടിന്റാ ധാരവും മറ്റ് കടങ്ങളും ഈ മരുമകൻ വഴി വീട്ടാമെന്ന് സ്വപ്നം കണ്ട അച്ഛൻ സ്ത്രീധനം വേണ്ടാതെ വന്ന ആലോചന ഇരുകയ്യും നീട്ടി സ്വീകരിച്ചു.

പഠനം, ജോലി ഇതൊക്കെ കുത്ത് കൊണ്ട ബലൂണിൽ നിന്ന് പുറത്ത് പോകുന്ന വായു പോലെ ഒരു നിമിഷം കൊണ്ടില്ലാതായി

ആദ്യ ദിനം തന്നെ ആ വീട് എനിക്ക് ദുസ്സഹമായിരുന്നു. രാത്രി അടുത്തെത്തിയ സിദ്ധാർത്ഥിൽ നിന്നും ഉണ്ടായ പരിചിതമല്ലാത്ത മണം എന്നെ മനംപുരട്ടിച്ചു. ഒരു സന്തോഷത്തിന് എന്ന പ്രണയവായ്പിൽ ഞാനെന്ന പെണ്ണും നിന്ന് കൊടുത്തു. പക്ഷെ ആ ‘സന്തോഷം ‘ ഒരു തുടർക്കഥയായി…..

മകന്റെ ആഭാസത്തരത്തിനും മദ്യാസക്തിക്കുമുള്ള പരീക്ഷണ മരുന്നായിരുന്നു ഞാനെന്ന വില കൊടുത്തു വാങ്ങിയ അറവ് മാട്… വീണയെന്നപോൽ മീട്ടേണ്ടിയിരുന്ന എന്റെ ശരീരം ചെണ്ടപോൽ തച്ചുടച്ച് സംതൃപ്തി കൊണ്ടിരുന്ന സാഡിസ്റ്റ് ….

തിരിച്ചറിഞ്ഞ് തിരികെ പോകാനൊരുങ്ങിയെങ്കിലും സഹായമെന്ന വലിയ തടങ്കലിൽ അവരെന്നെ തളച്ചിടുന്നതോടൊപ്പം
അതിലും വലിയ ഒരു സത്യം… വീട്ടാൻ കഴിയാത്ത ഒരു കടം എന്റെ ഉദരത്തിൽ പിറവി കൊണ്ടിരുന്നു.

സിദ്ധാർത്ഥ് അന്യ സ്ത്രീകളുമായി പ്രണയസല്ലാപത്തിൽ ഏർപ്പെടുമ്പോൾ ഫേയ്സ്ബുക്ക്, വാട്ട്സപ്പ്, IMO, Skyp ഇങ്ങനെ ഉള്ള ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് അവരുമായി രമിക്കുമ്പോൾ നിശബ്ദം നോക്കി നിൽക്കാനെ ഞാനെന്ന പെണ്ണിന് കഴിഞ്ഞുള്ളൂ….

അനുവിന്റെ വരവോടെ അയാൾക്കെന്നെ മടുത്തു.
ഒപ്പം കിടക്കുമ്പോഴും ഒരു ശ്വാസം കൊണ്ടു പോലും പരസ്പരം സ്പർശിക്കാതെ… ഞാനെന്ന പെണ്ണിന്റെ ആഗ്രഹങ്ങളും മോഹങ്ങളും,,കാറ്റിൽ പറത്തി വിട്ട ബലൂൺ പോലെ എവിടേക്കോ പറന്ന് പോകുമ്പോഴും ശബ്ദമടക്കി തേങ്ങിക്കരയാനെ എന്റെ ഉളളിലെ പെണ്ണിന് കഴിഞ്ഞിരുന്നുള്ളൂ….

സിദ്ധാർത്ഥിനെ അന്യ സ്ത്രീകൾക്കൊപ്പം കണ്ട വിവരം പലരും പറഞ്ഞ് അറിയുമ്പോഴും കരച്ചിലിനെ ചിരിയിലൊളിപ്പിച്ച് നിരാശയെ ദീർഘനിശ്വാസത്തിന്റെ കൂട്ടുകാരിയാക്കി പ്രതിഷേധത്തെ മൗനത്തിലൊളിപ്പിക്കാനെ ഞാനെന്ന ഭാര്യയ്ക്ക് കഴിഞ്ഞുള്ളൂ, കാരണം ഞാനപ്പൊൾ അമ്മ മാത്രമായിരുന്നു ….

എന്റെ അനുമോൾടെ വളർച്ച അയാൾ കണ്ടുതുടങ്ങിയതെന്നായിരുന്നു. പത്ത് വയസുകാരിയായ എന്റെ അനുമോൾ എന്ത് കാമമോഹമായിരുന്നു അയാളിൽ ഉണർത്തിയത്… ലഹരിയുടെ കളിത്തോഴനായി അതിൽ മുങ്ങിക്കുളിച്ച സിദ്ധാർത്ഥിന്റെ നോട്ടം പത്തു വയസുകാരിയായ സ്വന്തം മകളിലെത്തുമെന്ന് ഞാനെന്ന ഭാര്യ ഓർത്തില്ലെങ്കിലും ഞാനെന്ന അമ്മ ഓർക്കണമായിരുന്നു…

“പ്രതിക്ക് ഇനി എന്തെങ്കിലും പറയാനുണ്ടോ? ”

ജഡ്ജിയുടെ ശബ്ദം രുദ്രയെ ഓർമ്മയിൽ നിന്നുണർത്തി…

ഇടയ്ക്കൊന്നെന്റെ കണ്ണു തെറ്റിയപ്പോൾ മറ്റാരിൽ നിന്നും സംരക്ഷിക്കേണ്ട, കാത്തു സൂക്ഷിക്കേണ്ട ആൾ തന്നെ ആ പിഞ്ചു ദേഹത്തിൽ കാമദാഹം തീർക്കാനൊരുങ്ങിയപ്പോൾ …..
പിന്നെ ഞാനെന്ത്
വേണമായിരുന്നു….ഞാൻ കൊന്നു, ഞാൻ തന്നെയാണ് കൊന്നത്, ഇഞ്ചിഞ്ചായ് കൊത്തിനുറുക്കി ഞാൻ തന്നെയാണത് ചെയ്തത്….

ഞാനത് ചെയ്തില്ലായിരുന്നെങ്കി ഇന്നെന്റെ സ്ഥാനത്ത് ആ പത്ത് വയസുകാരി നിന്നേനെ, കേട്ടാലറയ്ക്കുന്ന വാക്കുകൾ ചോദിച്ച് നീതിപീഠമെ നീയുമവളെ പീഡിപ്പിച്ചേനെ…. ഒന്നുമറിയാത്ത എന്റെ കുഞ്ഞിന്റെ നിഷ്കളങ്കമായ ഉത്തരങ്ങൾ നീയും മാധ്യമങ്ങളും സമൂഹവും ആഘോഷമാക്കിയേനെ ….

“ഞാൻ ചെയ്തതിൽ എന്താണ് തെറ്റ്, പിന്നെന്ത് വേണമായിരുന്നു ഞാൻ ”

രുദ്രയുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ നീതിപീഠവും തല താഴ്ത്തി നിന്നു. ‘വിധി’ എന്നത് ബാക്കി നിർത്തി.