The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ഗായത്രി സുരേന്ദ്രൻ
വയലിന്റെ അതിർത്തിയിൽ അവളൊരനാഥയെ പോലെ നിൽക്കുകയായിരുന്നു വല്ലാത്ത ഒരു അപകർഷതാ ബോധം അവളെ വലയം ചെയ്തിരുന്നു…..ഒരു ഇളം കാറ്റിൽ മരച്ചില്ലയിൽ നിന്നു വീണ മഴത്തുള്ളി അവളുടെ കവിളിലെ കണ്ണുനീർ തുള്ളിയെ ഗാഢമായി ചുംബിച്ചു ഒന്നായ്ച്ചേർന്ന് താഴേക്കൊഴുകി.
പാതയോരത്തെ വെട്ടം മങ്ങി വെയിൽ ചാഞ്ഞു തുടങ്ങിയതും അവൾക്ക് കാണാനായില്ല. വാടിത്തളർന്നു കൊണ്ട് ആ മരച്ചുവടോരം ചേർന്നിരിക്കാനേ അപ്പോൾ അവൾക്കാവതുള്ളൂ….
ചെമ്പൻ രോമങ്ങൾ ഉള്ള കഴുത്തിനു കുറുകെ കെട്ടിയ ഓട്ടു മണിനാദം കേൾപ്പിച്ചു കൊണ്ട് ഒരു പൈക്കിടാവ് വയലിൽ നിന്ന് അവർക്കരികിലേക്കു കുതിച്ചു.
ഓമനത്തമുള്ള അതിന്റെ പിഞ്ചിളം ചെവിയിൽ രണ്ടിലും വെള്ള കമ്മൽ എന്നോണം വെളുത്ത പാടുകൾ ഉണ്ടായിരുന്നു. അത് അവളുടെ ചാരത്തെത്തി തന്റെ താടി കൊണ്ട് അവളുടെ ചുമലിനെ തൊട്ടുരുമ്മി മണിനാദം മുഴക്കി.
സ്വപ്നങ്ങളുടെ ചുഴിയിൽ നിന്നും മോചിതയായെന്നോണം അവൾക്കു പരിസരബോധം കൈവന്നു. നിറഞ്ഞ വാത്സല്യത്തോടെ അവളാ ആ പൈക്കിടാവിനെ തലോടി.”നന്ദേ നിൻറെ വയറുനിറഞ്ഞുവോ?? നേരം വൈകി…
പോകാം അല്ലേ??” അതിൻറെ കഴുത്തിലൂടെ വിരലോടിച്ചു കൊണ്ട് അവൾ അരുമയോടെ അതിനെക്കൊഞ്ചിച്ചു. മരച്ചുവടിനെ വിട്ടു അവൾ പാടത്തേക്ക് നടന്നു.
തുള്ളിച്ചാടി കൊണ്ട് നന്ദയും അവൾക്കൊപ്പം പോന്നു. വയലിൽ കൊയ്ത്തു കഴിഞ്ഞതിന്റെ ബാക്കി ശേഷിപ്പുകൾ തിന്നത് അയവിറക്കി കിടന്ന തള്ള പശുവിനെ അവൾ കയർ അഴിച്ചെടുത്തു നടത്തി.
അതിനു മുന്നിലായി ചിരപരിചിതമായ വഴിയെന്ന ഭാവേന കിടാവും നടന്നു. വയലിൻ അതിരും കഴിഞ്ഞു കനാൽ വക്കിന്റെ ഓരം പറ്റി അവളുടെ കാലുകൾ ചലിച്ചു…വേലി കൊണ്ട് അതിരുതീർത്ത ചെമ്പരത്തി പടർന്ന അതിരും കടന്ന് അവൾ വീട്ടിലേക്കു കയറി. പതിവുപോലെ നന്ദിനിയെ ഇലഞ്ഞിയോടു ചേർത്തുകെട്ടി.
നന്ദനയും നന്ദിനിയുടെ ചൂടേറ്റു ചുറ്റിപ്പറ്റിയിരുന്നു. ഇലഞ്ഞി മരത്തിനു കീഴെ കെട്ടിയ ഒതുക്കുകല്ലിലിരുന്നു ദൂരെ വയലിലേയ്ക്കവൾ അലസമായി മിഴികൾ നട്ടു.നെല്ലിൻറെ മണമുള്ള കാറ്റ് വയലിൽ നിന്നും അവൾക്ക് അടുത്തേക്ക് പടർന്നു നാസാരന്ധ്രങ്ങളെ മത്തു പിടിപ്പിച്ചു കടന്നുപോയി…..ചാഞ്ഞ വെയിലിന്റെ ഇഴകൾ അവളുടെ നീളൻ പാവാടയിലെ ചിത്രങ്ങളായി മാറി….വിളക്കുവയ്ക്കുവോളം അവളങ്ങനെ ഇരുന്നു… അതെപ്പോഴും ഉള്ള പതിവാണ്…. കാലും മുഖവും കഴുകി ഉമ്മറത്തേയ്ക്കു നടക്കുമ്പോൾ പതിവിനു വിപരീതമായി ആ മുഖത്ത് നിസ്സംഗയായിരുന്നു.നന്ദിനിയെ അച്ഛൻ ആലയിലേക്ക് കൊണ്ടുപോകുമ്പോൾ അത് അവളെ തിരഞ്ഞു….
എന്നും അവൾ ആണല്ലോ അവരെ നോക്കാറ്….
ഉമ്മറത്തെ നീളൻ വരാന്തയിൽ പിഞ്ഞിയ പാവാട തുമ്പിൽ തെരുപ്പിടിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ പഴയ ഓർമ്മകൾ ഒരു ഛായാചിത്രത്തിലെന്നോണം മനസ്സിലേക്ക് ക്ഷണിക്കാതെ വരികയാണ്….. എത്രതന്നെ അകറ്റി നിർത്തിയിട്ടും വീണ്ടും ഓർമ്മപ്പെടുത്തുന്ന ഓർമ്മകളെ ഇന്ന് ഒരു ശാപമായി തോന്നുന്നു….”കുഞ്ഞോളേ വന്നതിൽ പിന്നെ ഒന്നും കഴിച്ചിട്ടില്ലാലോ നീയ്യ്??ഉപ്പുമാവ് ഉണ്ടാക്കി വെച്ചിട്ടുണ്ട് ചായക്ക്… വേണെങ്കിൽ രണ്ട് പപ്പടം കാച്ചിക്കോ…”പാർവ്വതി വാതിൽക്കൽ വന്നു നിൽക്കുകയായിരുന്നു….”പാറു കഴിച്ചോ എനിക്ക് വിശക്കണില്ലാ…എന്റെതവിടെ മൂടി വെച്ചേക്കണേ…. ഞാൻ വന്നോളാം…”
അവൾക്ക് അവിടുന്ന് എഴുന്നേൽക്കാൻ തോന്നിയിരുന്നില്ല. ഭൂമിയിലെ ഏറ്റവും സുരക്ഷിതമായ ഇടം ഇവിടെ ആണെന്ന് എന്ന് തോന്നുന്നു. ഇവിടെ ആരും കളിയാക്കാൻ ഇല്ല വേദനിപ്പിക്കാനും. അങ്ങിനെ സന്തോഷം കണ്ടെത്തുന്ന ആരുംതന്നെ ഇവിടെയില്ല…..എങ്കിലും തോറ്റു കൊടുക്കില്ല…. ഈ തടസ്സങ്ങൾ ഒക്കെ മറികടന്ന് ഒരിക്കൽ ഒരു നല്ലകാലം വന്നു ചേരും. “എന്താണ് എൻറെ കുട്ടി ചിന്താവിഷ്ടയായ ശകുന്തളേ പോലെ ഇരിക്കുന്നുണ്ടല്ലോ ഇന്ന് എന്താണ് ഇത്ര കൊണ്ടുപിടിച്ച ആലോചന??!നാളത്തേക്കു പഠിക്കാനുള്ളതൊന്നും ഇല്ലേ പോയി രണ്ടക്ഷരം വായിക്കൂ….
എങ്ങനെ മനോരാജ്യം കണ്ടു കൊണ്ടിരുന്നാലിവിടെ ഇരിക്കലേ ഉണ്ടാവൂ…ഞാൻ ഉള്ള കാലം വരെ നിങ്ങൾക്ക് രണ്ടാൾക്കും ഇങ്ങനെ കഴിക്കാം… അതുകഴിഞ്ഞോ??ഞാനീ ചിരിയുടെ ഇടയിലും നെഞ്ചിൽ കനൽ കോരിയിട്ടു ഇരിക്കയാണ്….”
നേർത്ത നെടുവീർപ്പോടെ അച്ഛൻ പറഞ്ഞത് കാര്യങ്ങൾ തന്നെയാണ്. അമ്മ പോയതിൽ പിന്നെ ഞങ്ങൾ രണ്ടുപേരുടെയും കാര്യങ്ങൾ നോക്കാൻ നെട്ടോട്ടമോടുന്ന ആ മനുഷ്യനെ കാണുമ്പോൾ ഉള്ളിലൊരു പിടച്ചിൽ ആണ്…. എന്തിനാണ് ദൈവം ഇത്ര ക്രൂരനായ് മാറുന്നത്…അപ്പോഴേക്കും അടുക്കളയിൽ നിന്ന് ഓപ്പോൾ അച്ഛനു അത്താഴത്തിനു വിളിച്ചു.. തോളത്തിട്ട തോർത്ത് ഒന്നു കുടഞ്ഞു വരാന്തയ്ക്കു തെക്കുവശം ഉള്ള അയയിൽ വിരിച്ചിട്ടു അച്ഛൻ അകത്തേക്കു കയറിപ്പോയി….
വീണ്ടും നേർത്ത ഏകാന്തത വന്നു പൊതിയുന്നു…..
നാളെയെ കുറിച്ച് ഓർത്തപ്പോൾവെറുതെയിരിക്കുവാൻ തോന്നിയില്ല. അലമാരയിൽ നിന്ന് നരച്ചുതുടങ്ങിയ ചെറുപയർ പച്ച കളർ ചുരിദാർ എടുത്തു നിവർത്തി കിടക്കയുടെ അടി വശത്തേക്ക് ചുളിവ് പറ്റാതെ വിരിച്ചു വച്ചു.മേശപ്പുറത്ത് ഒതുക്കിവെച്ച ബാഗ് എടുത്തു അതിലേക്ക് തട്ടിൽ നിന്നു വേണ്ട പുസ്തകങ്ങൾ എടുത്തു നിറച്ചു. പത്തുനാൾ വെറുതെ കിടന്ന് ആലസ്യം ഉണ്ടാകും അവയ്ക്കു…
അടുക്കളയിലേക്കു നടക്കുമ്പോഴേക്കും അച്ഛൻ അത്താഴം കഴിഞ്ഞു എഴുന്നേറ്റിരുന്നു. ഓപ്പോൾ ഭക്ഷണം കഴിക്കാനിരിക്കയായിരുന്നു.
കൂടെ ചെന്നിരുന്നു. പറയാതെ തന്നെ ഓപ്പോളിനെടുത്ത പിഞ്ഞാണത്തിൽ തന്നെ തൻറെ പങ്കുകൂടി ചോറും കറികളും വിളമ്പി.
“ആ…. നിൻറെ കള്ളത്തരം എനിക്ക് മനസ്സിലായിട്ടില്ല എന്ന് വിചാരിക്കേണ്ട നീയ്യ്…
നാലു വറ്റ് നുള്ളിപ്പെറുക്കി കടന്നുകളയാൻ അല്ലേ എൻറെ പാത്രത്തിൽ തന്നെ നിനക്കു വിളമ്പിയത്?!! ഇതിൽ വരയും കുറിയും വരച്ചിരിക്കുന്നതല്ലാതെ വല്ലതും വായിലേക്കു കൊണ്ടു പോകുന്നത് ഞാൻ കാണാറില്ല പെണ്ണെ….”പുറമേ എടുത്തണിഞ്ഞ കപട ഗൗരവത്തിന്റെ മുകളിൽ ഒരു പുഞ്ചിരി പൂശി കൊണ്ട് എന്റെ പാറു അത് പറഞ്ഞപ്പോൾ അറിയാതെ കള്ളത്തരം പിടിച്ച കൊച്ചുകുട്ടിയുടെ ഭാവേന കൊഞ്ചി കൊണ്ട് ഞാൻ അവളെ കെട്ടിപ്പിടിച്ചു……..അവളുടെ കൈ പുണ്യത്തിൽ കറികൾക്കൊക്കെയും അമ്മയുണ്ടാക്കുന്ന അതേ സ്വാദ് പകർന്നിട്ടുണ്ട്…
എല്ലാം കഴിഞ്ഞ് അടുക്കളയും ശുദ്ധിയാക്കി മുറിയിലേക്ക് പോകുമ്പോൾ മടി പിടിച്ചിരുന്നു… നാളത്തെ പോക്ക് ആലോചിക്കാനേ വയ്യ ഒരൊറ്റ നല്ല സുഹൃത്ത് പോലും രണ്ടുകൊല്ലമായി അവിടെ പഠിച്ചിട്ടും ഇല്ലാത്തത് അത് സ്വന്തം കുറ്റങ്ങളും കുറവുകളും കൊണ്ടാണോ….അതോ മാറിവരുന്ന വേഷപ്പകർച്ചകൾക്കു ഒപ്പം നിൽക്കുവാൻ താൽപ്പര്യമില്ലാത്തതിനാലോ….അല്ലെങ്കിലും താൻ തന്നെയാണ് കാരണക്കാരി….ഉൾവലിഞ്ഞു നിൽക്കുന്ന ഈ തണുപ്പൻ മട്ട് കൂടപ്പിറപ്പായുള്ളതാണല്ലോ….പണ്ടേ ഇങ്ങനെയാണ്….
മറ്റുള്ളവരോട് സംസാരിക്കുന്നതിനേക്കാൾ തന്നോട് തന്നെ പറയാനല്ലോ പ്രിയം….പിന്നെങ്ങിനെ ആരെങ്കിലും ഒന്നു കൂടെ കൂടും???!!!ഒക്കെ പോട്ടേന്നു വയ്ക്കാം…പക്ഷേ ആഗ്രഹിച്ചു പഠിക്കാൻ തുടങ്ങിയ വിഷയം പോലും മനസ്സിൽ ഉറപ്പിക്കാനാവാത്ത വിധം മനസ്സു മടുപ്പിച്ച ആളുണ്ടല്ലോ അവിടെ….അവളുടെ കണ്ണുകളിൽ അവഞ്ജയുടെ നാമ്പുകൾ തിളങ്ങി പിന്നീടതു കണ്ണീരുറവകളായ് ഘനീഭവിച്ചു തുടങ്ങി….വെറുക്കപ്പെട്ട ചിന്തകളിൽ നിന്നു മനസ്സിനെ ബോധപൂർവം വ്യതിചലിപ്പിച്ചു കൊണ്ട് അവൾ മുറ്റത്തു താൻ നട്ടു വളർത്തിയ കുടമുല്ലയുടെ പുതിയ പൂമൊട്ടുകളിൽ വാത്സല്യപൂർവ്വം മിഴികളയച്ചു….
മുറ്റത്തെ പാരിജാതത്തിന്റെ ചില്ലയിലേക്ക് അവളങ്ങനെ പടന്നു കയറിയിരിക്കയാണ്….തന്റെ നേർത്ത വിരലുകൾ കൊണ്ട് അവളുടെ പ്രിയപ്പെട്ടവനെ ചേർത്തു പിടിച്ചു ജീവന്റെ തുടിപ്പുള്ളേടത്തോളം വിട്ടു പോകയില്ല എന്നു ഉറപ്പു കൊടുക്കും പോലെ…..അവരുടെ പ്രണയവല്ലരിയിൽ വേനൽമഴയ്ക്കു പിന്നാലെ പിഞ്ചിളം മൊട്ടുകളാലവൾ പൂത്തുലഞ്ഞിരിക്കുന്നു…വശ്യമായ സൗരഭ്യം പൂക്കളിൽ നിന്നും ചുറ്റുപാടും പരന്നു കുർമ്മയേകുന്നതു പോലെ…..കുറച്ചു നേരം അവയെ നോക്കിനിന്നതോടെ അവളുടെ മനസ്സിനു എന്തെന്നില്ലാത്ത ആശ്വാസം തോന്നി….
നാളത്തേക്ക് എല്ലാം ശരിയായി വരും….
മനസ്സിനെ സമാധാനിപ്പിച്ചു കൊണ്ടു അവൾ പതിയെ കിടക്കയിലേക്കു ചാഞ്ഞു….കാലത്ത് തന്നെ എഴുന്നേറ്റു…..പുലരിയിലെ തണുപ്പിനെ വകവയ്ക്കാതെ രണ്ടു കപ്പ് വെള്ളം വെള്ളം തലവഴി ഒഴിച്ചു.വടക്കുഭാഗത്ത് തൊഴുത്തിലേക്ക് നടന്നു. അരിഞ്ഞു വെച്ചിരുന്ന പച്ചപ്പുല്ലിൽ ഒരു കെട്ട് എടുത്തു പുല്ലുവട്ടിയിലേക്കു കെട്ട് അഴിച്ചു ഇട്ടു കൊടുത്തു.
കിണറ്റുകരയിൽ ചെന്ന് ഒരു ഒരു ബക്കറ്റ് നിറയെ വെള്ളം കോരി ഒഴിച്ചു അതും എടുത്ത് വീണ്ടും ആലയിലേക്ക് നടന്നു. പൈക്കിടാവിന്റെ കയർ അഴിച്ചെടുത്തു അതിനെ സ്വതന്ത്രമായി വിട്ടു….
നന്ദിനി ആവേശത്തോടെ പുല്ലു തിന്നാൻ തുടങ്ങി. നന്ദ പുല്ലുവട്ടിയിലേക്ക് വെറുതെ മുഖം ഉരച്ച് കളിക്കാനും. ഇന്ന് അവളുടെ കൂടെ കണ്ടു നിൽക്കാൻ നേരമില്ല. നേരത്തിനും കാലത്തിനും ക്ലാസ്സിൽ എത്തേണ്ടതാണ്.അൽപനേരം നിന്നു തിരികെ നടന്നു. ഓപ്പോൾ അപ്പോഴേക്കും പ്രാതലിന് ഉള്ള പണി തുടങ്ങിയിരുന്നു കൂടെ ചെന്നു ആവതു സഹായിക്കും. ഈ അടുക്കളക്കരിയും പുകയും കൊണ്ട് ആ പാവം കാലം കഴിക്കുന്നത് വേണ്ടി ആണല്ലോ എന്നോർക്കുമ്പോഴാണ്…..അമ്മ പോകുമ്പോൾ ഓപ്പോളിനു കോളേജിൽ ചേരാൻ അഡ്മിഷൻ കിട്ടിയതേ ഉണ്ടായിരുന്നുള്ളൂ…..
അന്നു പത്താം ക്ലാസിൽ ആയിരുന്ന തന്നെ നോക്കാൻ തളർന്നുവീണ അച്ഛനും ആവതുണ്ടായിരുന്നില്ല….
പഠനവും വീട്ടുകാര്യങ്ങളും ഒരുപോലെ കൊണ്ടു പോവാനാവില്ലെന്നു കരുതിയാകണം പരീക്ഷയ്ക്കു മാത്രം പോയെഴുതാമെന്ന കണക്കിനു വിദൂരവിദ്യാഭ്യാസം മതിയെന്നു അവർ തനിയെ തീരുമാനിച്ചത്….അമ്മയെപ്പോലെയല്ല എന്റെ അമ്മ തന്നെആയിമാറിയിരുന്നുപാറു…ചിന്തകൾക്കൊടുവിൽ ചായ പകർന്നെടുത്തു അച്ഛനു കൊണ്ടു കൊടുത്തു.ഓപ്പോൾക്കും തനിക്കും ഉച്ചയ്ക്കു കഴിക്കാനുള്ളതു പകർന്നു പാത്രങ്ങളിലാക്കി വച്ചു. അടുക്കള ഒതുക്കി വച്ചു മുറിയിലേക്കീ നടന്നു.ചുരിദാർ കിടയ്ക്കക്കടിയിൽ നിന്നെടുത്തു നിവർത്തി അതിട്ടു.ഇത്തിരി ചന്ദനം തയച്ചു കുറി തൊട്ടു.കുറച്ചു കൺമഷിയെഴുതി.വാച്ചെടുത്തു ഇടത്തേ കൈയ്യിൽ കെട്ടി.കഴിഞ്ഞു.ഓപ്പോളും അപ്പോഴേക്കും ഒരുങ്ങിയിരുന്നുടൗണിലെ സഹകരണ ബാങ്കിൽ അക്കൗണ്ടന്റ് ആയി അവൾക്കു പഠിത്തം കഴിഞ്ഞു ജോലി കിട്ടിയിരുന്നു.അമ്മയും അവിടെ ആയിരുന്നു…
അച്ഛനോട് എല്ലാം പറഞ്ഞേൽപ്പിച്ചു രണ്ടു പേരും കനാൽ വക്കിലൂടെ നടന്നു. വളവു തിരിഞ്ഞു പാടത്തേക്കു കയറി. പത്തു പതിനഞ്ചു മിനിറ്റു നടത്തം.കലപില കൂട്ടി സംസാരിക്കുവാനൊന്നും തോന്നിയില്ല. കാലുകൾ മുന്നോട്ടേയ്ക്കു ചലിക്കുന്നത് പോലും മടിച്ചു മടിച്ചാണ്….ബസ്സ് സ്റ്റോപ്പിലെത്തിയപ്പോഴേക്കും പതിവു പോലെ എട്ടരയ്ക്കുള്ള ബസ്സ് അന്നും കിട്ടിയില്ല.അവൾക്കും തനിക്കും ഒൻപതു മണിക്ക് എത്തണം…. ഒരിക്കൽ പോലും ലാസ്റ്റ് ബെൽ അടിക്കാതെ കോളേജിലെത്തീട്ടില്ല….ട്യൂട്ടർ ഡിപ്പാർട്ട്മെന്റിൽന്നു പുറപ്പെടുന്ന അതേ സമയം തന്നെയാവും താൻ പടികൾ കയറി എത്തുന്നതും.
പിന്നെ ഒരോട്ടപ്പാച്ചിലാണ്… ഓടിപ്പിടഞ്ഞ് ക്ലാസിൽ കയറി ഒരിടത്ത് ഇരിപ്പുറപ്പിക്കുമ്പോഴേക്കും വിയർത്തു കുളിച്ചു കിതപ്പു മാറ്റാനാകാതെ അങ്ങനേ ഇരിക്കും…എല്ലാ ദിവസവും ആവർത്തിക്കുന്ന കാര്യം തന്നെ. ഇനിയും ഇതു പോലെ ആവർത്തിക്കാനും വയ്യ…. കാരണം…..അവളുടെ മുഖത്തു വിദ്വേഷത്തിന്റെ നാമ്പുകൾ രക്തവർണം ചാലിച്ചു….അതേസമയം നിസ്സഹായതയുടെ വേദനയും നിഴലിച്ചു….പാറു ഇറങ്ങാനയപ്പോൾ തട്ടിവിളിച്ചതു കൊണ്ട് മാത്രമാണ് ചിന്തകളിൽ നിന്നും മോചിതയായത്. കയറിയതും സ്റ്റോപ്പ് എത്തിയതും അറിഞ്ഞതേയില്ല.ഒട്ടൊരു വിഷമത്തോടെ പാറുവിനോട് ഇറങ്ങുന്നൂവെന്നും പറഞ്ഞ് പതിയെ നടന്നു.കാൽ നിലത്തു വച്ചതും എവിടുന്നോ ബോധം വന്നെന്ന മാതിരി നിലം തൊടാതെയുള്ള ഓട്ടമായിരുന്നു.
കുത്തനെയുള്ള കുന്നിൻ പുറം ഓടിക്കയറുമ്പോൾ കാലു തളർന്നു വീണുപോകുമെന്നു തോന്നി….
എന്നിട്ടും ഓട്ടം നിർത്തിയില്ല….ആവുന്നത്ര ബലം കൊടുത്തു ശ്വാസം വലിച്ചെടുത്തു കിതപ്പിനെ വകവയ്ക്കാതെ വീണ്ടും ഓടി…..
കോണിപ്പടികൾക്കു താഴെ എത്തിയപ്പൊഴേക്കും ശ്വാസം മുട്ടി തളർന്നിരുന്നു പോയി. എങ്ങനെയോ കൈകൾ കൊണ്ടു കൈവരി മുറുക്കെ പിടിച്ചു എഴുന്നേറ്റു വീണ്ടും പടികൾ കയറി……കാലിടറി വീഴാതെ ഇരിക്കാൻ കൈവരിയെ ആശ്രയിച്ചു……മുടിയിഴകളിൽ നിന്നും നെറ്റിയിലേക്കു ചാലിട്ടൊഴുകുന്ന വിയർപ്പുകണങ്ങളെ അവഗണിച്ചു അവൾ ക്ലാസിന്റെ വാതിൽക്കലേയ്ക്കു നടന്നു….അവളുടെ പ്രതീക്ഷയെ തച്ചുടച്ചു കൊണ്ട് ക്ലാസ്മുറിയുടെ വാതിൽ ചാരിയിരുന്നു…
അപ്പോൾ ട്യൂട്ടർ വന്നിട്ടുണ്ടാകണം…
അവളാകെ നിരാശയിൽ കുതിർന്നു നിന്നു….
ഇനിയെങ്കിലും നേരത്തെ എത്തണമെന്നു കരുതിയതാണ്. എന്നിട്ടും…..
അയാളാണ് അകത്തെങ്കിൽ പറയുകയും വേണ്ടാ…..അതിലും ഭേദം ലൈബ്രറിയിൽ പോയി ഇരുന്നു വല്ലതും വായിക്കുന്നതാണ്….തന്റെ കൃത്യനിഷ്ഠ ഇല്ലായ്മയെ അവൾ മനസ്സറിഞ്ഞു ശപിച്ചു………..എങ്കിലും പാടേ തോറ്റു പിൻവാങ്ങേണ്ടതില്ലല്ലോ…. നോക്കാംഇനി ചിലപ്പോ പഴയഇന്ദുടീച്ചർതന്നെആണെങ്കിലോ…..അങ്ങനെയെങ്കിൽപിന്നെവെറുതേഒരുക്ലാസ്നഷ്ടപ്പെടുത്തേണ്ടതുമില്ലല്ലോ…….അവൾ വാച്ചിലേക്കു നോക്കി ഒൻപതു മണി കഴിഞ്ഞു അഞ്ചു മിനിറ്റ് ആയതേയുള്ളൂ…. കൽപ്പിച്ചു അവൾ വാതിൽ പതിയെ തുറന്നു തലയിട്ടു നോക്കി…..തിരിച്ചു മുപ്പതു ജോഡി കണ്ണുകൾ അവളേയും….
…..തുടരും………..
(NB: ജീവിച്ചിരിക്കുന്നവരായോ മരിച്ചവരുമായോ ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്.)