18/04/2026

ഏഴിലം പാല : ഭാഗം 02

രചന – ജ്വാലാമുഖി

അതിലൊരു പാലപ്പൂ എടുത്തു ഞാൻ എന്റെ നാസികയോട് ചേർത്തു… മനുഷ്യനെ ഉന്മത്തനാക്കുന്ന ഒരു തരം വശ്യമാർന്ന മണമാണിവക്ക് ….

“ഹരിയേട്ടാ…. ഹരിയേട്ടാ… ”

“എന്താ പാറു…. ”

“എന്തിനാ ഇവിടെ വന്നിരിക്കണേ അമ്മ അവിടെ വിളിക്കനുണ്ട്‌… ”

“നീ നടന്നോ പാറു… ഞാൻ വരാം… ”

കരിയിലകളിൽ ചവുട്ടി ഞാൻ എഴുന്നേറ്റതും കാലിൽ എന്തോ തടഞ്ഞു…

ഞാൻ അതു കയ്യിൽ എടുത്തു… പൊടി പിടിച്ചു കിടക്കുന്ന ഒരുപാട് വർഷങ്ങൾ പഴക്കം ചെന്നൊരു കരിങ്കല്ലിൽ കൊത്തിയെടുത്തൊരു സ്ത്രീരൂപം… പക്ഷെ അതിന്റെ തല അടർന്നു പോയിരിക്കുന്നു…

പൊടി തട്ടി മിനുക്കി എടുക്കുമ്പോൾ എന്റെ കണ്ണുകൾ ചുറ്റുപാടും പാഞ്ഞു നടന്നു… അതിന്റെ ശിരസ്സൊന്നു കിട്ടിയെങ്കിൽ എന്നോർത്തുകൊണ്ട്..

പക്ഷെ… നിരാശയോടെ ഞാൻ അതു മാറോടു ചേർന്നു തിരിഞ്ഞു നടന്നു… ആ രൂപം അവിടെ കളഞ്ഞു പോരാൻ എനിക്ക് തോന്നിയില്ല… അതുകൊണ്ട് ആരും കാണാതെ മടിക്കുത്തിൽ അതു വച്ചു കൊണ്ടു ഞാൻ വീട്ടിലേക്കു നടന്നു…

നേരെ എന്റെ മുറിയിൽ കൊണ്ടു പോയി വച്ചു… തിരിച്ചു താഴെ അടുക്കളയിലേക്ക് നടക്കുമ്പോളും ആ രൂപം ആയിരുന്നു എന്റെ മനസ്സ് നിറയെ … തലയറ്റ സ്ത്രീ…. !!!

“ഹരി എന്തിനാ മനയ്ക്കലെ പറമ്പിൽ പോയെ …. ”

“ചുമ്മാ ഒരു രസം… ”

“അങ്ങോട്ടിനി പോകണ്ട… ആ ഇടം അത്ര കൊള്ളില്ല.. ”

“അതൊക്കെ അമ്മായിക്ക് തോന്നുവാ .. എന്തു രസമാ അവിടം… ഞാനും കണ്ണനും ഒക്കെ ഒരുപാട് കളിച്ചതല്ലേ ആ പറമ്പിൽ… ”

“മോനെ നീ ഇവിടെ കുറച്ചു നാൾ നില്കാൻ വന്നിട്ട് ആപത്തൊന്നും വിളിച്ചു വരുത്തരുത്… ”

“എന്തു ആപത്തു…??? ”

“ഇപ്പൊ പാല പൂത്ത സമയം ആണ്… യക്ഷി ഇറങ്ങുന്ന കാലം… ”

“യക്ഷി ഒക്കെ പണ്ടത്തെ ഓരോ കെട്ടുകഥൾ അല്ലെ അമ്മായി… ”

“അല്ല മോനെ… മനയ്ക്കലെ കുളത്തിൽ പലരും ചത്തുപൊങ്ങിയിട്ടുണ്ട്… ”

“അതൊക്കെ ആരെങ്കിലും മനഃപൂർവം കൊന്നിട്ടതാകും.. എന്നിട്ട് യക്ഷി എന്ന് പേരും… ”

“അതൊന്നും അറിയില്ല… ഇവിടെ മോഹനേട്ടൻ പറഞ്ഞ് കേട്ടിട്ടുണ്ട്… ഇല്ലത്തെ കാവിലെ യക്ഷി ആരെയും ഉപദ്രവിക്കില്ല എന്ന്… എന്നാലും മോൻ അങ്ങോട്ട്‌ പോണ്ടാട്ടോ… ”

“അമ്മായി ഇങ്ങനെ പേടിക്കല്ലേ… പണ്ടത്തെ കാലം ഒന്നും അല്ല.. ചുണ്ണാമ്പും ചോദിച്ചു യക്ഷി നടക്കുന്ന കാലം.. ഒക്കെ കഴിഞ്ഞു പോയി… ”

എന്ന് പറഞ്ഞു അമ്മായിടെ കവിളിൽ ഒരു നുള്ളു കൊടുത്തു ഞാൻ അകത്തേക്ക് പോന്നു…

വാതിൽ അടച്ചു.. ആരും കാണാതെ ഒളിപ്പിച്ചു വച്ച രൂപം എടുത്തു..

അപ്പോളാണ് അതിനു ഒരു കയ്യും ഇല്ല എന്നത് ഞാൻ ശ്രദ്ധിച്ചത്… പക്ഷെ ഒരു നർത്തകിയുടെ അഴകളവുകൾ ഉള്ള ആ രൂപത്തിന് ശിരസ്സ് കൂടെ ഉണ്ടെങ്കിൽ എന്തു സുന്ദര രൂപം ആയേനെ…
ഞാൻ അത് ജനലോരം വച്ചു… പുറത്തു നിന്നു ഒഴുകി വന്ന കാറ്റിൽ എന്റെ കണ്ണുകൾ അടഞ്ഞു പോയി…

***

ദേവലോക സുന്ദരിയെ വെല്ലുന്ന ഒരു സ്ത്രീരൂപം എന്റെ നേരെ നടന്നടുത്തു… അവൾക്കു മയൂരിയുടെ മുഖം ആയിരുന്നു… കസവു പുടവ ചുറ്റിയ… നിതംബം മറഞ്ഞ മുടിയും… വലിയ കുങ്കുമ പൊട്ടും തൊട്ടു… ഇല്ലത്തെ പറങ്കിമാവിന്റ ചുവട്ടിലെ തറയിൽ ഇരുകൈകളും ഊന്നി അവൾ ഇരുന്നു….

പെട്ടെന്ന് കണ്ണു തുറന്നതും… ഞാൻ ആകെ വിയർത്തു കുളിച്ചിരുന്നു…

ജനലോരം ഇരിക്കുന്ന ആ രൂപത്തിൽ ഒരു പാല പൂ ഇരിക്കുന്നു… ആരോ കൊണ്ടു വച്ചതു പോലെ..

അത്ഭുതം വിട്ടുമാറാതെ ഇരിക്കുമ്പോൾ ആണ് പാറു ഊണ് കഴിക്കാൻ വിളിക്കാൻ വന്നത്…

താഴെ പോയി ഊണ് കഴിച്ചു കണ്ണന്റെ കൂടെ കവലയിൽ ഒക്കെ കറങ്ങി തിരിച്ചു വന്നപ്പോൾ സമയം അഞ്ചു കഴിഞ്ഞു…

“എടാ മച്ചു… ”

“പറയെടാ… ”

“നിനക്ക് യക്ഷിയിൽ വിശ്വാസം ഉണ്ടോ… ”

“ഇല്ല… ”

“അതെന്താ… ”

“ഞാൻ അതിനെ കണ്ടിട്ടില്ല… ”

“എങ്കിൽ പിന്നെ നീ എന്താ മനയ്ക്കലെ പറമ്പിൽ പോകാത്തെ… ”

“അതിനു അമ്മ വിട്ടിട്ടു വേണ്ടേ… കാണാൻ കൊള്ളാവുന്ന ആൺപിള്ളേരെ യക്ഷി മയക്കും എന്ന് പറഞ്ഞു എന്നെ വൈകുന്നേരങ്ങളിൽ പുറത്തേക്കെ വിടില്ലാലോ… ”

“കാണാൻ കൊള്ളാവുന്ന ആൺപിള്ളേരെ മാത്രം യക്ഷി നോക്കുള്ളു എങ്കിൽ നിനക്ക് പേടിക്കേണ്ട കാര്യം ഇല്ലാലോ മച്ചു… ”

“ടാ… നീ ഇറങ്ങിക്കെ… നടന്നു വന്നാൽ മതി… ”

“ഹൈ.. ഞാൻ ചുമ്മാ പറഞ്ഞതല്ലേ ബ്രോ.. നീ ചുള്ളൻ അല്ലെ… ”

വീടിന്റെ ഉമ്മറത്തു വണ്ടി നിർത്തി… അപ്പോളേക്കും പാറു ഒരു പിഞ്ഞാണത്തിൽ ചക്ക വറുത്തത് എടുത്തു കൊണ്ടു വന്നു ഉമ്മറത്തിന്റെ കോലിറയത്ത് ഇരുന്നു കഴിക്കുന്നു… പിന്നെ ഞാനും കണ്ണനും കൂടെ കൂടി…

അങ്ങകലെ സൂര്യൻ ചെങ്കുത്തായി മാഞ്ഞു തുടങ്ങി…

മനയ്ക്കലെ പറമ്പിലെ പന്തലിച്ച വൃക്ഷങ്ങളുടെ ശിഖരത്തില്‍ വാസമുറപ്പിച്ച കൂമൻ ഇവിടുത്തെ പറമ്പിലെ ഏതോ മരത്തിൽ വന്നു ഇരുന്നു മൂളാൻ തുടങ്ങി… മൂളല്‍ ഉച്ചത്തിൽ കേട്ടു തുടങ്ങി…

അമ്മായി തൊണ്ടപൊട്ടുമാറ് കാര്‍ക്കിച്ച് തുപ്പി…

“പോ ചേട്ടെ അവിടുന്നു, നിന്റെ നാവരിഞ്ഞ് ഞാന്‍ ഉപ്പിലിടും”

എന്ന് പറഞ്ഞു അമ്മായി ഉപ്പെടുത്തു അടുപ്പിൽ ഇട്ടു…

എനിക്ക് അതു കെട്ടു ചിരി പൊട്ടി…

“വെറുതെ ആ ഉപ്പു കളഞ്ഞു… ”

“വെറുതെ ഒന്നും അല്ല… അതു വന്നു കൂവുന്നത് ചേട്ടയാ… നശിക്കും… ഉപ്പു അടുപ്പിൽ ഇട്ടാൽ അതിനു ദേഹം പൊള്ളി അതു പറന്നു പൊക്കോളും… ”

അമ്മായി പറഞ്ഞത് കെട്ടു ചിരിച്ചു കൊണ്ടു ഞാൻ മുറ്റത്തേക്ക് ഇറങ്ങി…

പടത്തിന്റെ വരമ്പു കടന്നാൽ ഇല്ലത്തെ പറമ്പാണ്.. അതിനു അരികിൽ ആയി വലിയൊരു കുന്നും പുറകിലായി ഒരു ചെറിയ തോടും ഉണ്ട്…

ഇല്ലത്തെ പറമ്പിൽ നിറയെ കുലച്ചു നിൽക്കുന്ന പനകളും മാവുകളും ആഞ്ഞിലികളും ഇരുപൂളുകളും കശുമാവുകളും നിറഞ്ഞ കാടാണ്…

രാവിലെ നേരങ്ങളിൽ കുയിലിന്റെയും വണ്ണാത്തിക്കുരുവികളുടെയും കൂകല്‍ കേൾക്കാം…

ഞാൻ പലമറച്ചുവട്ടിലേക്ക് നടന്നു… ആ മരച്ചുവട്ടിൽ ഇരിക്കുമ്പോൾ വല്ലാത്തൊരു കുളിർക്കാറ്റ് എന്നെ പുൽകി മറഞ്ഞു…

പാലപ്പൂക്കൾ ചിതറി വീണു…

“ഇവിടെ ഒറ്റക്ക് ഇങ്ങനെ വന്നിരിക്കാൻ ഹരിക്ക് പേടി തോന്നുന്നില്ലേ… ”

ഒരു സ്ത്രീ ശബ്‌ദം….. ഞാൻ തിരിഞ്ഞു നോക്കി…

ഇന്ന് ഉച്ചക്ക് സ്വപ്നത്തിൽ കണ്ട അതെ രൂപം… !!!

“എന്തിനാ പേടിക്കണേ… ”

ഞാൻ ഭയം ഏതും ഇല്ലാതെ ആ മുഖത്തേക്ക് നോക്കി…

“യക്ഷികൾ മനുഷ്യരെ ഉപദ്രവിക്കില്ലേ… അപ്പൊ ഹരിയെ ഞാൻ എന്തെങ്കിലും ചെയ്യില്ലേ.. ”

“എനിക്ക് അറിയില്ല… പക്ഷെ ഈ രൂപം കണ്ട അന്നുമുതൽ എന്തോ… എനിക്ക് പേടി അല്ല മറിച്ചു എന്റെ ഉള്ളിൽ വരുന്നത്… പറഞ്ഞു അറിയിക്കാൻ കഴിയാത്ത ഒരു തരം ഇഷ്ടം ആണ്… ”

“ആദ്യമായി ആണ് ഇങ്ങനെ ഒന്ന് മനുഷ്യരിൽ നിന്നും ഞാൻ കേൾക്കുന്നത്… ”

“മയൂരി…. ”

“അപ്പൊ മറന്നില്ല അല്ലെ… ”

“ഇല്ല…. ചില മുഖങ്ങൾ ഒരിക്കൽ കണ്ടാൽ മനസ്സിൽ നിന്നും മായില്ല… ”

അവൾ എഴുന്നേറ്റു… കുങ്കുമ നിറമുള്ള പാദങ്ങൾ കരിയിലകളിൽ ചവിട്ടി എനിക്ക് മുന്നിൽ വന്നു നിന്നു…

“ഹരിക്ക് ചെമ്പകം ഇഷ്ടം ആണോ…. ”

“ഉം… ഒരുപാട്… ”

അവൾ എന്റെ കണ്ണുകളിൽ നോക്കി ഒന്ന് ചിരിച്ചതും എവിടെ നിന്നോ എനിക്ക് മേലെ ചെമ്പകപ്പൂക്കൾ വന്നു വീണു കൊണ്ടിരുന്നു… അതിന്റെ ഗന്ധം എന്നിൽ ഒഴുകി നടന്നു…

“ഹരിക്ക് പുല്ലാങ്കുഴൽ ഊതാൻ അറിയുമോ… ”

“ഇല്ല… കേൾക്കാൻ ഇഷ്ടം ആണ്… ”

പെട്ടന്ന് ആരോ എനിക്ക് അരികിൽ പുല്ലാങ്കുഴൽ ഊതുന്ന പോലെ… ആ നാദം എന്റെ കാതുകളിലേക്ക് ഇരച്ചു വന്നു…

മയൂരി…അവൾ എനിക്ക് കൗതുകവും അതോടൊപ്പം ഒരു അത്ഭുതവും ആയി മാറുകയായിരുന്നു….

“നേരം വൈകുന്നു… ഹരി വീട്ടിലേക്കു പൊയ്ക്കൊള്ളൂ… ”

ഞാൻ മറുപടി പറയാതെ അവിടെ നിന്നും എഴുന്നേറ്റു…

“ഞാൻ നാളെ വരും… എനിക്ക് എന്നും കാണണം… ”

“വരൂ… ഹരിക്ക് വേണ്ടി ഞാൻ കാത്തിരിക്കും… ഇത്രയും നാൾ കാത്തിരുന്ന പോലെ… ”

അത് പറയുമ്പോൾ ആ മുഖത്തെ പ്രകാശം നിലച്ചു… സങ്കടം നിറയുന്നത് ഞാൻ അറിഞ്ഞു….

തുടരും….