22/04/2026

അന്നത്തെ ദിവസമെങ്കിലും അവർ ഒന്ന് വന്നിരുന്നെങ്കിൽ… ഒന്ന് ഉറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ… ഉറക്കം വെറും പാഴ്‌വാക്ക് മാത്രമായി മാറിയിട്ട് എത്ര ദിനരാത്രങ്ങൾ പിന്നിട്ടു.

രചന – Afsi

ചെറുകഥ

അന്ന് ഉച്ചയ്ക്ക് 12 നു ആണ് അവളുടെ സിസേറിയൻ സമയം കുറിച്ചിരിക്കുന്നത്.. രാവിലെ 5 ആവുമ്പോഴേക്കും എഴുന്നേറ്റു.. എഴുന്നേൽക്കാൻ അതിനു ഉറങ്ങാൻ കഴിഞ്ഞിരുന്നോ?.. കണ്ണടച്ചാൽ മോളുടെ മുഖമായിരുന്നു മനസ്സിൽ..
ആശുപത്രിവാസം തുടങ്ങിയിട്ട് ഒരാഴ്ചയ്ക്ക് മുകളിൽ ആയതിനാൽ അവിടുത്തെ നുഴ്സ്മാരും സ്റ്റുഡന്റ് ഡോക്ടർമാരുമെല്ലാം ചിരപരിചിതരായിരുന്നു.. രാവിലെ മുതൽ തന്നെ ഓരോരുത്തരും കൂട്ടമായും ഒറ്റയായുമെല്ലാം വന്നു കുശലാന്വേഷണങ്ങൾ നടത്തിയിരുന്നു.. എല്ലാവർക്കും അറിയണ്ടേയിരുന്നത് ഭർത്താവും മോളും വന്നില്ലേ എന്ന് തന്നെ..

അന്നത്തെ ദിവസമെങ്കിലും അവർ ഒന്ന് വന്നിരുന്നെങ്കിൽ… ഒന്ന് ഉറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ… ഉറക്കം വെറും പാഴ്‌വാക്ക് മാത്രമായി മാറിയിട്ട് എത്ര ദിനരാത്രങ്ങൾ പിന്നിട്ടു.
………………………………… ………………… …………..

മാസങ്ങൾക്ക് മുമ്പ് രണ്ടാം വിശേഷം അറിഞ്ഞ ദിവസത്തെ അവൾ ഓർത്തു.. കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥ… ഒരുകാലത്തു ഒരു കുഞ്ഞിക്കാല് കാണിക്കാതെ പരീക്ഷിച്ചിരുന്ന ദൈവം, ഇന്ന് സന്താനസൗഭാഗ്യം നൽകി പരീക്ഷിക്കുന്നു.. സന്തോഷം തോന്നിയെങ്കിലും എട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കുറിച്ചോർക്കുമ്പോൾ…
ഭർത്താവിനോട് പറഞ്ഞപ്പോൾ മുഖം ചുളിഞ്ഞു.. നാളുകളായി ഇപ്പൊ തന്നോട് കാണിക്കുന്ന അതെ മുഖം ചുളിച്ചിൽ… ഒപ്പം സംശയത്തിന്റെ തരിയും.. “ഇത്രയും മുൻകരുതൽ എടുത്തിട്ടും “……
രാത്രി കിടപ്പറ പങ്കിടാനുള്ള ശരീരവും വെച്ചുവിളമ്പാനുള്ള വേലക്കാരിയായും അവളെന്നോ മാറിയിരുന്നു.. അത് കൊണ്ട് മൂത്തയാൾക്ക് കാണിച്ച സന്തോഷമോ ചുംബനമോ അന്ന് ഉണ്ടായില്ല. സ്വന്തം ‘അമ്മ അറിഞ്ഞപ്പോൾ ആദ്യ സിസേറിയൻ കഴിഞ്ഞു അധികമായില്ലല്ലോ എന്ന് പറഞ്ഞു അലമുറയിട്ടു, അമ്മായിഅമ്മ ‘ഒരു ഭാഗ്യമില്ലത്ത കുട്ടി’എന്ന് മോളുടെ മുഖത്ത് നോക്കി കഷ്ടം വെച്ചു.. പോരാത്തേന് ‘പെണ്ണുങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നും, കുറച്ചു ദിവസമായി അവളുടെ വീട്ടിൽ ആയിരുന്നില്ലേ’ എന്ന ഒരു കുത്തും. എല്ലാം കേട്ട് സഹിച്ചു നിന്നു.. മക്കൾക്ക് വേണ്ടി.. അവളുടെ ഭർത്താവിന് വേണ്ടി… കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ തന്നെ വിശേഷം ഒന്നും ആയില്ലെന്ന് വ്യസനപ്പെട്ടിരുന്ന നാട്ടുകാർ ഇപ്പോൾ മൂക്കത്തു വിരലുവെക്കുകയാണ്..

പിരിമുറുക്കത്തിന്റെയും, കുത്തുവാക്കുകളുടെയും, പരിഹാസങ്ങളുടെയും നാളുകളാണ് പിന്നീട് അവളെ കാത്തിരുന്നത്.. ആ ദേഷ്യത്തിലും സങ്കടത്തിലും മോളെ എന്തേലും പറഞ്ഞുപോയാൽ,.. അല്ലെങ്കിൽ അറ്റകൈക്ക് ചെറുതായൊന്നു അടിച്ചു പോയാൽ അവൾ ക്രൂരയായ അമ്മയായി.. സഹികെട്ട് വല്ലതും തിരിച്ചു പറഞ്ഞാൽ അവൾ ലഹളക്കാരിയായി.. വയ്യാതെ കുറച്ചു തളർന്നിരുന്നാൽ പണിയെടുക്കാതിരിക്കാനുള്ള അടവായി.. ഒന്നും മിണ്ടാതെ ഇരുന്നാൽ അഹങ്കാരം ആയി.. ഒരു സ്നേഹത്തോടെ ഉള്ള വാക്ക്.. അല്ലെങ്കിൽ ഒരു നോട്ടം അവൾ എത്ര കൊതിച്ചിട്ടുണ്ട്.. ആകെ ഒരു ആശ്വാസം മോളാണ്.. അവളോട് കളികൾ പറഞ്ഞിരിക്കുമ്പോൾ അവൾ എല്ലാ സങ്കടവും മറക്കുന്നു.. വീർത്ത വയർ മോൾക്ക് കാണിച്ചു കൊടുത്തു ‘മോൾടെ അനിയന’ എന്ന് പറഞ്ഞു രണ്ടാളും ചിരിക്കുന്നു.. നിഷ്കളങ്കമായ ചിരികൾ…

ഒരിക്കൽ ചെറുതായുള്ള bleeding kandu ആശുപത്രിയിൽ പോയപ്പോൾ, ഡോക്ടർ rest പറഞ്ഞപ്പോൾ അരി ഇടിച്ച കഥയും വിറകെടുക്കാൻ പോയ കഥയും പറഞ്ഞു അമ്മായിഅമ്മ പുച്ഛിച്ചു.. അവൾ ശ്രദ്ധിക്കാണ്ടാണ്.. കുഞ്ഞിനെ കൊല്ലാൻ നോക്കുവാണെന്നൊക്കെ പറഞ്ഞു അയാൾ കുറ്റപ്പെടുത്തി.. ആ കുറ്റപ്പെടുത്തലിൽ പക്ഷെ അവൾ സന്തോഷിച്ചു.. അങ്ങനെങ്കിലും അയാൾ തന്റെ കുഞ്ഞിനെ അംഗീകരിക്കുന്നല്ലോ എന്നോർത്തു.. പക്ഷെ ആ സന്തോഷത്തിനും ആയുസ് കുറവായിരുന്നു….
പിന്നെയും എത്രയോ സംശയ ചുവയുള്ള സംസാരങ്ങൾ… മകന്റെ സംശയത്തിരി ‘അമ്മ ഊതി കത്തിച്ചു കൊണ്ടിരുന്നു.

പിന്നെയും ദിവസങ്ങളും മാസങ്ങളും കടന്നുപോയി.. അവൾ പൂർണ ഗർഭിണിയായി.. ഭർത്താവിന്റെ night ചാറ്റുകളും പതുങ്ങിയുള്ള ഫോൺ വിളികളും അവളെ അലോസരപ്പെടുത്തി.. അന്ന് അവൾ രണ്ടും കൽപ്പിച്ചു അതെ പറ്റി അയാളോട് ചോദിച്ചു.. അതിന് അയാൾ കൊടുത്ത മറുപടി “നിനക്ക് വല്ലോന്റേം കൊച്ചിനെ ചുമക്കാമെങ്കിൽ, എനിക്ക് വല്ലോരും ആയി ചാറ്റ് ചെയ്താലെന്താ “.
നെഞ്ചിൽ കൊള്ളിയാൻ കയറിയ പോലെ… വയറിൽ കുത്തേറ്റത് പോലെ.. അത്ര നാൾ ഇത് അയാൾ പറയാതെ പറഞ്ഞിരുന്നെങ്കിലും ഇന്ന് ഒറ്റടിക്കുള്ള ആ മറുപടി അവളെ ശാരീരികമായും മാനസികമായും തളർത്തി കളഞ്ഞു.. നെഞ്ചും വയറും ഒരുപോലെ വേദനിക്കുന്നു.. അയാൾ തിരിഞ്ഞ് നോക്കുന്നില്ല.. അഭിനയമാണെന്നു അമ്മായിഅമ്മയും വിധിയെഴുതി.. പക്ഷെ കുറച്ചു കഴിഞ്ഞും അവളുടെ പരാക്രമം കണ്ടപ്പോൾ അയാൾക്ക് ആദി കേറി.. ഉടനെ അവളുടെ വീട്ടിലേക്ക് വിളിച്ചു.. പാതിരായ്ക്ക് മകൻ അയാളുടെ ഭാര്യയെ എവിടെയും കൊണ്ടുപോകരുതെന്നു ‘അമ്മ ഉത്തരവ് കൊടുത്തിരുന്നു .

കുടിച്ചു ലക്കുകെട്ട് കിടക്കുന്ന അച്ഛനും രോഗിയായ അമ്മയുമാണ് അവൾക്ക് വേണ്ടപ്പെട്ടവരായി ഉള്ളത്.. മകൾക്ക് വയ്യ എന്നറിഞ്ഞാൽ ഏത് രോഗാവസ്ഥയിലാണേലും അമ്മയ്ക്ക് വരാതിരിക്കാൻ പറ്റുമോ..ആ പാതിരാക്കും തന്റെ ഏക മകളുടെ അടുത്തേക്ക് ആ മാതാവ് ഓടിവന്നു.. മകളുടെ അവസ്ഥ കണ്ടു തകർന്നു പോയി.. അമ്മായിഅമ്മ കിടന്ന കിടപ്പിൽ നിന്നും ഒന്നെഴുന്നേറ്റത് പോലുമില്ല.. ആ ‘അമ്മ അവളെ താങ്ങി പിടിച്ചു വണ്ടിയിൽ ഇരുത്തി… മോള് തൊട്ടിലിൽ കിടന്നുറങ്ങുകയാണ്.. അവൾക്കൊരു ഉമ്മ കൊടുത്തു ഇറങ്ങാൻ അവൾക്കായില്ല.. അവരുടെ വണ്ടി start ചെയ്യുന്നതിന് മുമ്പേ അയാൾ വാതിലുകൾ അവർക്ക് മുന്നിൽ കൊട്ടിയടച്ചു.

ഹോസ്പിറ്റലിൽ ചെന്ന ഉടനെ കയറ്റിയത് icu വിൽ ആണ്.. ഷുഗറും പ്രെഷറും.. അങ്ങനെ വേണ്ട സകലതും കൂടിയിരുന്നു.. പോരാത്തേന് ഈ ചെറിയ പ്രായത്തിൽ ചെറിയ heart അറ്റാക്കും.. അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ നിലനിർത്താൻ ഡോക്ടർമാർ ആഞ്ഞു പരിശ്രമിച്ചു ..
പിന്നെയും മരുന്നുകളുടെയും മറ്റു രൂക്ഷ ഗന്ധങ്ങളുടെയും ദിനങ്ങൾ..
…………………………………………………………………

അന്ന് ആ സിസേറിയൻ ദിവസം വരെയും അയാളോ അയാളുടെ കുടുംബമോ അങ്ങോട്ടൊന്നു തിരിഞ്ഞു നോക്കിയില്ല.. എന്തിനു, അവളുടെ കുഞ്ഞിനെ കാണിക്കാനുള്ള മനസ്സ് പോലും കാണിച്ചില്ല.. ആ ആവശ്യത്തോടെ അവൾ ഒരുദിവസം വിളിച്ചതിൽ പിന്നെ അയാൾ ഫോണും എടുത്തിട്ടില്ല.. എങ്കിലും അവള് പ്രതീക്ഷയോടെ കാത്തിരുന്നു.. അങ്ങനെ ഓപ്പറേഷൻ തിയേറ്ററിൽ കയറേണ്ട സമയവും വന്നു.. അതിനുള്ളിൽ കയറുന്ന അവസാന കാലടി വരെയും അവൾ തിരിഞ്ഞു നോക്കി..കരഞ്ഞു കലങ്ങിയ കണ്ണുമായി ചുമർ ചാരി നിൽക്കുന്ന അവളുടെ അമ്മമാത്രം അവൾ കൺമറയും വരെ നോക്കി നിൽക്കുന്നു.
………………………………………………………….

വൈകീട്ട് അഞ്ചുമണിയോടെ avar വീട്ടിൽ തിരിച്ചെത്തി..സാധാരണ സിസേറിയൻ കഴിഞ്ഞാൽ 5 ദിവസം ആശുപത്രിയിൽ കിടക്കണം. ഇത് അതൊന്നും വേണ്ടി വന്നില്ല .. ചുറ്റും ഗദ്ഗദങ്ങളും ഏങ്ങലടികളും ഏറ്റുപറച്ചിലുകളും.. “പാവം എന്തൊക്കെ സഹിച്ചു” എന്ന് വിലപിക്കുന്ന നാട്ടുകാർ, അഴിഞ്ഞാട്ടക്കാരി എന്ന് മുദ്ര കുത്തിയ അമ്മായിഅമ്മ മോളെ എന്ന് വിളിച്ചു നിലവിളിക്കുന്നു, കുടിച്ചു മാത്രം കണ്ടിട്ടുള്ള അച്ഛൻ അന്നൊരിറ്റു കുടിക്കാതെ താടിക്ക് കൈകൊടുത്തിരുന്നു കണ്ണീരൊഴുക്കുന്നു, അമ്മയെ ആരൊക്കെയോ താങ്ങി പിടിച്ചിരിക്കുന്നു.. അവൾ കണ്ടിട്ടില്ലാത്ത, അവൾ ആഗ്രഹിച്ച പോലെ അവളുടെ പിഞ്ചോമന പുത്രൻ പാലിന്റെ മാധുര്യം നുണയുവാൻ അലറി കരയുന്നു.. അവൾ ഒരു നോക്ക് കാണാൻ കൊതിയോടെ കാത്തിരുന്ന,അവളുടെ മോള് ചുറ്റും നടക്കുന്നതെന്തെന്നു അറിയാതെ ഏവരെയും പകച്ചു നോക്കുന്നു.. ഒരു കാലത്തു അവളെ പൊന്നുപോലെ നോക്കിയിരുന്ന..എന്നാൽ പിന്നീട് ‘നീയെങ്ങോട്ടേലും പോയാൽ അവർക്ക് സുഗമായി ജീവിക്കാം’ എന്ന് പറഞ്ഞ, അവൾ അവളുടെ ജീവിതം പോലും മാറ്റി വെച്ച ഭർത്താവ് ‘എന്നെയും മക്കളെയും ഒറ്റക്ക് ഇട്ടേച്ചു നീ പോയല്ലോ ‘ എന്ന് ഏങ്ങലടിച്ചു അവളുടെ നെറുകയിൽ ചുംബിക്കുന്നു.. അവൾ ആഗ്രഹിച്ച ചുംബനം.. ഇതിനെല്ലാം ഇനി എന്തർത്ഥമാണുള്ളത്….ഇനി അവൾക്ക് സുഖമായി ഉറങ്ങാം മതിയാവോളം…

അതേ എല്ലാ ആഗ്രഹങ്ങളും ബാക്കി വച്ച് അവൾ അവളുടെ രണ്ടാം സിസേറിയൻ ദിവസം ലോകത്തോട് വിട വാങ്ങി……

(കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം)