രചന – ജ്വാലാമുഖി
“ചിമ്മു … നിനക്ക് അറിയാലോ… ഇന്നി നിമിഷം വരെ നിന്റെ കിച്ചേട്ടൻ ഒരു പെണ്ണിനേയും തേടി പോയിട്ടില്ല… ആദ്യ രാത്രി മണിയറയിൽ നിന്നെ കാത്തിരുന്ന അതെ പ്രതീക്ഷയിൽ തന്നെയാ ഇന്നും നിനക്ക് വേണ്ടി ഞാൻ കാത്തിരിക്കുന്നത്…. ”
ആ കണ്ണുകൾ നിറഞ്ഞു വരുന്നത് കാണാൻ ഉള്ള ശക്തി എനിക്ക് ഇല്ലായിരുന്നു…
“ആ പരിശുദ്ധി ഇന്നും കാത്തു സൂക്ഷിക്കാൻ വേണ്ടിയാ തന്നെ കുളിപ്പിക്കാനും തനിക്കു എല്ലാം ചെയ്തു തരാൻ കഴിഞ്ഞിട്ടും ഒന്നും ഞാൻ ചെയ്യാതെ പകരം നളിനി ചേച്ചി നെ നിർത്തിയത്… എല്ലാം മാറി നീ തിരിച്ചു വരുമ്പോൾ… നിന്നിൽ ഉണ്ടാകുന്ന നാണം.. എനിക്കായി കാത്തു വച്ച സ്നേഹം എല്ലാം കൊതിച്ചാണ് ഇന്നും കിച്ചു ഇങ്ങനെ കഴിയുന്നത്…. മറിച്ചാണ് സംഭവിക്കുന്നത് എങ്കിൽ പിന്നെ എന്റെ ചിമ്മു ന്റെ കയ്യും പിടിച്ചു ഞാനും പോകും അങ്ങേ ലോകത്തേക്ക്…. ”
കിച്ചേട്ടന്റെ ശബ്ദം തൊണ്ടയിൽ കുടുങ്ങി കുറെ ഒന്നും പുറത്തു വന്നില്ല…. എല്ലാം കേട്ടു ഞാൻ മിണ്ടാതെ കിടന്നു…
“ഇങ്ങനെ തനിച്ചു എനിക്ക് പറ്റുന്നില്ല ചിമ്മു… എല്ലാരും കൂടി എന്നെ പ്രാന്തു പിടിപ്പിക്കുവാ… അമ്മുനെ വേളി കഴിക്കാൻ പറഞ്ഞു എന്നെ ഇവിടെ നിർബന്ധിച്ചു തുടങ്ങി… എന്റെ അനിയത്തി അല്ലേടാ അവൾ .. എനിക്ക് അതിനു കഴിയോ…. ഇത്രയും ഒക്കെ ആയിട്ടും അവളെ കൊന്ന് തള്ളാഞ്ഞത് എന്റെ ചിമ്മു അവളെ അത്രയേറെ സ്നേഹിക്കുന്നുണ്ട് എന്ന് അറിയുന്നത് കൊണ്ടാണ്… ”
പാവം…. ഒരു ഭാര്യേ ഇത്രയും മനസിലാക്കുന്ന ഒരു ഭർത്താവ് ഈ ലോകത്തു കാണില്ല എന്നെനിക്കു തോന്നി… അത്രയേറെ എന്റെ കിച്ചേട്ടൻ എന്നെ മനസിലാക്കുന്നു… സ്നേഹിക്കുന്നു
“ഇത്രയൊക്കെ ഞാൻ പറഞ്ഞിട്ടും എന്നോട് ഒന്ന് മിണ്ടു ചിമ്മു… നിന്റെ കിച്ചേട്ടൻ അല്ലെ വിളിക്കണേ… ചിമ്മു എന്നെ ഒന്ന് നോക്കെടാ …. ”
ഞാൻ ഇറുക്കിയടച്ച എന്റെ കണ്ണുകൾ തുറന്നു കിച്ചേട്ടനെ നോക്കി…
പണ്ടും ആ കണ്ണുകളിൽ നോക്കുമ്പോൾ ഉണ്ടാകുന്ന ഒരു മിന്നൽ ഇന്നും എന്റെ ഉള്ളിൽ വന്നു…
എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി…
“മോളെ… ചിമ്മു… ടാ….. എനിക്ക് വെണം ടാ നിന്നെ… അത്രയും കാത്തിരുന്നു സ്നേഹിച്ചു ആരെയും വെറുപ്പിക്കാതെ ഞാൻ സ്വന്തമാക്കിയ എന്റെ നിധിയാ മോളെ നീ… എനിക്ക് വെണം നിന്നെ….. ”
കിച്ചേട്ടൻ എന്റെ കണ്ണുകളിൽ മുത്തമിട്ടു… പിന്നെയും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു…
എന്റെ കണ്ണുനീർ ഒലിച്ചിറങ്ങി.. ചെവികൾ അടഞ്ഞു തുടങ്ങി…
കൊച്ചു കുട്ടിയെ പോലെ അന്ന് ആദ്യമായി കിച്ചേട്ടൻ എന്റെ ബെഡിൽ എന്നോടൊപ്പം കിടന്നു…
മനംമടുപ്പിക്കുന്ന മരുന്നുകളുടെ മണവും എല്ലാം സഹിച്ചു എന്നോട് ചേർന്ന് ഒരു പൂച്ചക്കുട്ടി ചുരുണ്ടു കിടക്കും പോലെ എനിക്ക് തോന്നി…
കിച്ചേട്ടൻ നല്ല ഉറക്കം ആയി എന്ന് കണ്ടതും …
ഞാൻ എന്റെ കൈകൾ എടുത്തു കിച്ചേട്ടന്റെ നെറുകയിൽ തടവി…
ആ കവിളുകളിൽ എന്റെ കൈ ഞാൻ ചേർത്തു വച്ചു…
അമ്മ കുഞ്ഞിനെ എന്ന പോലെ ആ തലോടൽ ഏറ്റിട്ടാകാം കിച്ചേട്ടൻ നല്ലോണം ഉറങ്ങി… കിച്ചേട്ടൻ എന്നെ വട്ടം പിടിച്ചു ഉറങ്ങുന്നത് നോക്കി ഞാൻ കിടന്നു…
മതിവരുവോളം ആ മുഖം ഞാൻ കണ്ടു…
ആ രാത്രി പുലരുന്നത് വരെ കിച്ചേട്ടൻ എന്നോട് ഒട്ടി കിടന്നു…
ഞെരക്കവും കണ്ണു ചിമ്മലും കണ്ടപ്പോൾ കൈ എടുത്തു ഞാൻ പഴയ പോലെ കിടന്നു…
“ഡോ… ചിമ്മു… ഇന്നലെ ഞാൻ ഏറെ നാളുകൾ കൂടി നല്ലോണം ഒന്ന് ഉറങ്ങി… ഉറക്കത്തിൽ ഞാൻ ഒരു സ്വപ്നം കണ്ടു ചിമ്മു… നീ എന്റെ നെറുകയിൽ തലോടുന്നതായിട്ട്… ”
എന്റെ ഉള്ളിൽ അറിയാതെ ഒരു ചിരി വന്നു… എങ്കിലും ഞാൻ കണ്ണു തുറന്നില്ല…
“ഇന്ന് മുതൽ ഞാൻ ഇവിടെ ആണ് കിടക്കണേ… ”
സമയം എട്ടുമണി കഴിഞ്ഞു കാണും… കിച്ചേട്ടൻ എണീറ്റു പോകാൻ ഉള്ള ഭാവം ഇല്ലായിരുന്നു…
അപ്പോളാണ് അങ്ങോട്ട് പ്രിയ കയറി വന്നത്…
“ആഹാ ഭാര്യേം ഭർത്താവും രാത്രി വാതിൽ ലോക്ക് ചെയ്യാതെ ആണോ കിടക്കണേ… ”
“എന്തിനാ ലോക്ക് പ്രിയ… അങ്ങനെ സാധാരണ ഭാര്യ ഭർത്താക്കന്മാർ ആണോ ഞങ്ങൾ… നിനക്ക് തോന്നുന്നുണ്ടോ… ”
“ഹോ രാവിലെ തന്നെ സെന്റി അടിക്കല്ലേ എന്റെ കിച്ച… നീ ഒന്ന് പുറത്തു പോയെ… ഇന്ന് നളിനി ചേച്ചി വരില്ല… ഞാൻ അവളെ ഒന്ന് തുടപ്പിക്കട്ടെ… ”
“ഓ… ആയിക്കോട്ടെ.. നേരം കുറെ ആയി.. ഞാനും ഓഫീസിൽ പോകുവാ… ”
“കുളിക്കാതെയോ… ”
“യാത്രയായി പോകുവാ എന്നാ ഉദ്ദേശിച്ചേ.. ”
“മം… നന്നായി.. വേഗം പൊക്കൊ… പിന്നെ കിച്ചുമോൻ അപ്പൊ സ്ഥിരം ഇവിടെ ആയോ കിടപ്പ്… ”
“ഉം… ഇനി എന്റെ ചിമ്മുന്റെ കൂടെ കിടക്കുള്ളൂ ഞാൻ… ഇനി ഒന്നിനും വേണ്ടി കാത്തിരിക്കാൻ ഇല്ലാലോ എനിക്ക്… ഉള്ള കാലം ഞങ്ങൾ ഇങ്ങനെ ചേർന്നു കിടക്കും… എന്നിട്ട് ഒരുമിച്ചു പോകും… ”
“സെന്റി അടിക്കാതെ നീ പോയെ കിച്ചു… പിന്നെ നളിനി ചേച്ചിയോട് അപ്പൊ താഴെ മുറിയിൽ കിടന്നോളാൻ പറഞ്ഞേക്ക്…. അവർ അല്ലെ ഇവിടെ കിടക്കാറ് .. ”
“ഉം.. ഞാൻ പറഞ്ഞോളാം… ”
കിച്ചേട്ടൻ താഴേക്കു പോയതും പ്രിയ വാതിൽ അടച്ചു എന്നെ ചാരി ഇരുത്തി.. ബ്രെഷ് ചെയ്യിച്ചു… മുഖം കഴുകിച്ചു… എനിക്കുള്ള ചായ കൊണ്ടു തന്നു ..
“പ്രിയ എന്തിനാ ഇതൊക്കെ ചെയ്യുന്നെ… നളിനി ചേച്ചി ഇല്ലേ ഇവിടെ… ”
“രണ്ടു ദിവസം കഴിഞ്ഞേ വരുള്ളൂ.. ഞാൻ രണ്ടു ദിവസം ലീവ് എടുത്തു… തനിക്ക് കൂട്ടിന്… പിന്നെ അങ്കിളും ആന്റിയും കൂടെ മൂകാംബിക പോകുവാ ഇന്ന്… തിരുപ്പതി ഒക്കെ പോയിട്ടേ മടങ്ങി വരുള്ളൂ… കുറച്ചു ദിവസം എടുക്കും… ”
“എന്റെ അടുത്ത് വന്നിരുന്നു ആന്റി… ഇവിടെ ഇരുന്നു എന്തൊക്കെയോ പറഞ്ഞു… ”
“അവർക്കൊക്കെ തന്നോട് സ്നേഹം ഉണ്ടല്ലോടാ…തന്റെ ഇല്ലത്തുന്നു ആരും വരാറില്ലേ… ”
“അച്ഛൻ വരും ഇടയ്ക്കു… മുത്തശ്ശിക്ക് വയ്യല്ലോ… ”
“പിന്നെ ഇന്ന് ഹോസ്പിറ്റലിൽ നിന്നു ഞാൻ ഒരു സാധനം കൊണ്ട് വരാൻ പറഞ്ഞിട്ടുണ്ട്… ”
“എന്താത്… ”
“അത് സർപ്രൈസ്… ”
മേലൊക്കെ തുടച്ചു എനിക്കുള്ള ഇൻജെക്ഷൻ ഒക്കെ തന്നു പ്രിയ താഴേക്കു പോയി….
ഞാൻ ജനലിലൂടെ താഴേക്കു നോക്കി ഇരുന്നു…
കിച്ചേട്ടൻ യാത്ര ആയി ഓഫീസിൽ പോയി…
പെട്ടന്ന് ആ കണ്ണുകൾ എന്റെ ജനലിലേക്ക് വന്നതും ഞാൻ പിന്നാട്ട് ആഞ്ഞു…
കുറച്ചു കഴിഞ്ഞു ഒരു ഓട്ടോ വീടിന്റെ മുറ്റത്ത് വന്നു.. പ്രിയ എന്തൊക്കെയോ സംസാരിക്കുന്നതും കണ്ടു…
“ചിമ്മുസേ… ”
ഒരു വിൽചെയർ ഉന്തി വരുവാണവൾ… പാവം എനിക്ക് വേണ്ടി ഒരുപാട് കഷ്ടപെടുന്നുണ്ട് അവൾ…
“എന്തിനാടോ ഇതൊക്കെ… ”
“താൻ ഇതിൽ കയറി ഇരിക്ക്… നമുക്ക് ഇവിടെ ഒക്കെ ഒന്ന് ചുറ്റി അടിച്ചിട്ട് വരാം… ”
അപ്പോളേക്കും രണ്ടു പയ്യന്മാർ അങ്ങോട്ട് വന്നു… പ്രിയ എന്നെ താങ്ങി വീൽ ചെയറിൽ ഇരുത്തി…
ആ കുട്ടികൾ രണ്ടു പേരും കൂടെ എന്റെ വീൽ ചെയർ പൊക്കി സ്റ്റെപ് ഇറക്കി താഴെ എത്തിച്ചു..
ഈ വീടിന്റെ ഞാൻ കിടന്നിരുന്ന ഒരു മുറി മാത്രേ എനിക്ക് പരിചയം ഉള്ളു…
ഞാൻ ചുറ്റുപാടും നല്ലോണം നോക്കികണ്ടു… കൊട്ടാരം പോലെ ഒരു വീട് അന്ന് കിച്ചേട്ടന്റെ അമ്മുമ്മേടെ എൺപതാം പിറന്നാളിനാണ് ഞാൻ ആദ്യമായി ഓർമ്മയോടെ ഇങ്ങോട്ട് വന്നത്…
പിന്നെ വന്നതൊന്നും എന്റെ ഓർമയിൽ ഇല്ല…
“എന്താ ചിമ്മു താൻ ആലോചിക്കനെ… ”
“കിച്ചേട്ടൻ എങ്ങാനും വരുമോ.. ”
“ഏയ്… ”
പ്രിയ ആ പയ്യന്മാർക്ക് എന്തോ കൊടുത്തു പറഞ്ഞു വിട്ടു വൈകിട്ട് അഞ്ചു മണി ആകുമ്പോൾ വരാനും പറയുന്നത് കേട്ടു…
ഞങ്ങൾ ഗാർഡനിൽ ഒക്കെ കറങ്ങി നടന്നു…
പ്രിയ അകത്തു പോയി എനിക്ക് കഴിക്കാൻ ഉള്ളതൊക്കെ എടുത്തു ഗാർഡനിലേക്കു വന്നു…
അവിടെ ഇരുന്നു എല്ലാം കഴിച്ചു… പുറം ലോകം കണ്ട സന്തോഷത്തിൽ ആയിരുന്നു ഞാൻ…
“ചിമ്മു നമുക്ക് അകത്തേക്ക് പോയാലോ… ഇനി നാളെ വരാം… ആരെങ്കിലും കണ്ടാലോ… ”
“ഉം… ”
പോകാൻ എനിക്ക് മനസ്സ് വന്നില്ല എങ്കിലും ഞാൻ സമ്മതിച്ചു…
അകത്തു കയറി പ്രിയ വാതിൽ അടച്ചു… ഞങ്ങൾ കുറച്ചു നേരം അവിടെ സംസാരിച്ചു ഇരുന്നു..
“പ്രിയ ആ കുട്ടികൾ വന്നില്ലല്ലോ… ”
“അവർ ലേറ്റ് ആകും എന്ന് പറഞ്ഞിരുന്നു… ”
പെട്ടന്ന് ആരോ കാളിംഗ് ബെൽ അടിച്ചു…
പേടിച്ചു വിറച്ചു ഞാൻ തരിച്ചിരുന്നു….
പ്രിയ ജനലിലൂടെ നോക്കി…
“ചിമ്മു…. അമ്മുവാട…. ”
“ഞാൻ മാറി നിൽകാം… ”
“വേണ്ട താൻ വാ… ”
പ്രിയ വേഗം എന്നെ തള്ളി താഴത്തെ മുറിയിൽ ആക്കി കുറ്റിയിട്ടു…
എന്ത് ചെയ്യും എന്നറിയാതെ ഞാൻ വിറച്ചു…
പ്രിയ പോയി വാതിൽ തുറന്നു.
“ഇവിടെ വേറാരും ഇല്ലേ… ”
“കിച്ചു ആണേൽ… ഇവിടെ ഇല്ല… ”
“ഓ… അങ്കിളും ആന്റിയോ… ”
“അവർ പുറത്തു പോയി… ”
“അപ്പോ നീ കിച്ചേട്ടൻ വരണ നോക്കി നിൽകുവാകും അല്ലേടി… ”
“അമ്മു പോയിട്ടു പിന്നെ വാ… എനിക്ക് വേറെ പണി ഉണ്ട്…. ”
“അങ്കിളും ആന്റിയും വന്നിട്ട് ഞാൻ പൊനുള്ളു.. ”
“അവർ ഇന്ന് വരില്ല… ”
“എങ്കിൽ ഞാൻ ഇന്ന് പോണില്ല.. ”
പിന്നെ ഒന്നും കേൾക്കുന്നില്ല… മിക്കവാറും അമ്മു അവിടെ സെറ്റിയിൽ കാവൽ ഇരിക്കുക ആയിരിക്കും എന്നെനിക്കു തോന്നി…
പ്രിയ എന്റെ റൂമിന്റെ കതകു തുറന്നു അകത്തുന്നു കുറ്റി ഇട്ടു..
എന്നിട്ടെന്റെ ചെവിയിൽ പറഞ്ഞു…
“ആകെ പെട്ടു.. തന്റെ അനിയത്തി അവിടെ കാവൽ നിൽകുവാ.. ഞാൻ ഈ മുറി പൂട്ടി താക്കോൽ കൊണ്ടു പോകുവാ… എന്നിട്ട് ചിമ്മുന്റെ മുകളിലെ മുറി പൂട്ടി താക്കോൽ എടുത്തു വരാം. . ഇല്ലെങ്കിൽ അവൾ അങ്ങോട്ട് അന്നെഷിച്ചു ചെല്ലും…”
“ഉം… ”
പ്രിയ ആ പയ്യന്മാരെ വിളിച്ചു വരണ്ട എന്ന് പറഞ്ഞു…
അവൾ ഈ മുറി പൂട്ടി മുകളിൽ പോയി എന്റെ റൂം പൂട്ടി വരുമ്പോൾ… മുറ്റത്ത് ഫോൺ വിളിച്ചു നിൽകുവായിരുന്നു അമ്മു…
പ്രിയ വേഗം തിരിച്ചു എന്റെ അടുത്തേക്ക് വന്നു…
“ഡോ ഈ മാരണത്തിനെ ഇപ്പൊ എന്താ ചെയ്യാ… ”
“കിച്ചേട്ടൻ എങ്ങാനും വരുമോ… എനിക്ക് പേടി ആകുന്നു പ്രിയ… ”
ഇന്നത്തോടെ എല്ലാം അവസാനിക്കും എന്നെന്റെ മനസ്സ് പറഞ്ഞു…
എന്റെ രക്തയോട്ടം പിന്നെയും കൂടി കൂടി വന്നു….
തുടരും…

by