രചന – ജ്വാലാമുഖി
“രാമ.. രാമ… രാമ… ”
മുത്തശ്ശിയുടെ നാമജപം കണ്ടതിനു അപ്പുറത്തെ ഗോമതി ചേച്ചിടെ വീട് വരെ കേൾക്കാം…
“എടി ചിമ്മു ചേച്ചി നാളെ കിച്ചേട്ടന്റെ വീട്ടിൽ പോകുമ്പോൾ എനിക്ക് നിന്റെ പച്ച പാട്ടുപാവാട ഇടാൻ തരോ… ”
“അയ്യടി… അത് ഞാൻ ആകെ ഒരു വട്ടം ഇട്ടിട്ടുള്ളു… നിനക്കണേൽ ഒരു സൂക്ഷം ഇല്ല.. കണ്ട ചേറിലും ചെളിയിലും ഒക്കെ നീ അത് വലിച്ചു കൊണ്ടു പോകും… ”
“എടി പ്ലീസ് ഡി ചേച്ചി… ”
“ദേ പെണ്ണേ.. കിട്ടുംട്ടൊ നിനക്ക് .. ”
“ശ്രീസന്ധ്യ നേരത്ത് ഇങ്ങനെ തല്ലിടാൻ പാടില്ല എന്ന് എത്ര പറഞ്ഞാലും ഈ കുരുത്തം കെട്ട പിള്ളേർ കേൾക്കില്ല… ”
“അത് ഇവൾ കാരണ മുത്തശ്ശി… ”
“രണ്ടാളും മോശം ഒന്നും അല്ല… എനിക്കറിഞ്ഞുടെ രണ്ടിനേം… ”
“ഡി ചേച്ചി ദേ അച്ഛൻ വരണ്… ”
ഞങ്ങൾ വേഗം തിണ്ണയിൽ നിന്നു ചാടി ഇറങ്ങി മുത്തശ്ശിടെ കൂടെ വന്നിരുന്നു നാമം ചൊല്ലി..
“അച്യുതം കേശവം….. ”
അച്ഛൻ അച്ഛന്റെ കാലൻകുടയും ബാഗും തിണ്ണയിൽ വച്ചു കുളിക്കാൻ പോയി…
ഞാൻ വേഗം അതൊക്കെ അകത്തേക്ക് എടുത്തു വച്ചു… അച്ഛനുള്ള സംഭാരം എടുത്തു കൊണ്ടു വന്നു…
അപ്പോളേക്കും അച്ഛൻ കുളി കഴിഞ്ഞു വന്നിരുന്നു…
“രണ്ടും ഈ നേരം വരെ തല്ലിടുകയായിരുന്നു അല്ലെ.. ”
ഞാൻ അമ്മുനെ നോക്കി… അവൾ ഒരു കൂസൽ ഇല്ലാതെ നിൽപ്പാണ്…
“നാളെ നേരത്തെ എണീറ്റോണം രണ്ടും… കുട്ടന്റെ വീട്ടിൽ പോണം.. ”
“ഉം.. മുത്തശ്ശി പറഞ്ഞു… ”
ഇതാട്ടോ എന്റെ ഫാമിലി.. ഇതെന്റെ അച്ഛൻ ദിവാകരൻ നമ്പൂതിരി… ഇവിടെ അടുത്ത് ഒരു ഓയിൽ മില്ലിലെ കണക്കപ്പിള്ള ആണ്…
ഞങ്ങളുടെ അമ്മ കുഞ്ഞു നാളിലെ മരിച്ചു… എന്റെ അമ്മു ഉണ്ടായതും അമ്മ പോയി… അമ്മും ഞാനും ഒരു വയസ്സ് വ്യത്യാസം ഉള്ളു… ഞങ്ങളെ വളർത്തിത് മുത്തശ്ശി ആണ്… അതുകൊണ്ട് തന്നെ ഇച്ചിരി കുറുമ്പ് കൂടുതൽ ആണ് ഞങ്ങൾക്ക്.. പ്രത്യേകിച്ച് അമ്മുന്…
അച്ഛന്റെ ഏറ്റവും അടുത്ത ഫ്രണ്ട് ആണ് കുട്ടൻ അങ്കിൾ… ഞങ്ങളുടെ അകന്ന ഒരു ബന്ധുവും… നാളെ.. ആ അങ്കിൾ ന്റെ അമ്മേടെ എൺപതാം പിറന്നാൾ ആണ്…
“എടി ചേച്ചി.. നീ ആ പച്ച പാവാട താടി.. ”
“ഹോ നിന്നെ കൊണ്ട് തോയ്‌ര്യക്കേടായിലോ… ശരി കൊണ്ട് പോ.. ”
ഇവൾക്ക് ഭയങ്കര വാശി ആന്നെ… എന്നാലും പാവട്ടോ…
ഞാൻ വേഗം എന്റെ മുറിയിൽ വന്നു.. ഞാൻ താഴെ ചായ്പ്പിൽ ആണ് കിടപ്പ്… അമ്മുന്റെ കൂടെ കിടന്നാൽ അവൾ ചവിട്ടി താഴെ ഇടും..
“രണ്ടും വേഗം പോയി ഉറങ്ങിക്കോ… നാളെ ഞാൻ അഞ്ചു മണിക്ക് വിളിക്കും… കേട്ടല്ലോ… ”
മുത്തശ്ശി ഇതു ഇടയ്ക്കിടെ പറയും പക്ഷെ മുത്തശ്ശി ഉറങ്ങി പോകും… പിന്നെ ഞങ്ങൾ ഉറങ്ങണ കാണുമ്പോൾ മുത്തശ്ശിക്ക് ഞങ്ങളെ എണീപ്പിക്കാൻ തോന്നില്ല…
*******
ഞാൻ രാവിലെ നേരത്തെ കുളിച്ചു ഒരുങ്ങി… അമ്പലത്തിൽ പോയി തൊഴുതു വന്നു.. അപ്പോളും അമ്മു എണീറ്റട്ടില്ല..
“ഡി എഴുന്നേൽക്കു… ദേ എല്ലാരും യാത്ര ആയിട്ടോ.. ”
ഒരു മെറൂൺ കളർ ദാവണി എടുത്തു ഉടുത്തു…
മുടി അഴിച്ചിട്ടു… കണ്ണാടിയിൽ നോക്കി ഒരു കൊച്ചു പൊട്ടും കുത്തി ..
അപ്പോളേക്കും നമ്മുടെ മഹതി എണീറ്റു കുളത്തിൽ മുങ്ങി വന്നു..
“ഇപ്പൊ എങ്ങനെ ഉണ്ട്… അമ്മു… ”
“ഓ കുഴപ്പം ഇല്ല… എന്റെ അത്രയും ഭംഗി ഇല്ല… ”
“പോടീ കുശുമ്പി പാറു… ”
കുറച്ചു കഴിഞ്ഞതും അപ്പു ചേട്ടന്റെ ഓട്ടോ വന്നു…
ഞാനും അമ്മും അച്ഛനും കൂടി ഓട്ടോയിൽ കയറി നേരെ കുട്ടൻ അങ്കിൾ ന്റെ വീട്ടിലേക്കു തിരിച്ചു…
മേൽപാലം ഇറങ്ങിയതും വലിയ പടിപ്പുര ഉള്ള ആ ഇരുനില വീട്ടിൽ ഓട്ടോ ചെന്നു നിന്നു..
ഞങ്ങളെ കണ്ടതും കമലാന്റി ഓടി വന്നു..
“ആഹാ… സുന്ദരികൾ രണ്ടാളും ഉണ്ടല്ലോ… കയറി വരൂ… ”
ഞങ്ങൾ ഒന്ന് ചിരിച്ചു…
അച്ഛനും അങ്കിളും പുറത്തു നിന്നു സംസാരിച്ചു കൊണ്ടിരുന്നു…
ആ വലിയ വീട് നോക്കി കാണുകയായിരുന്നു ഞങ്ങൾ..
പെട്ടന്ന് ആരോ എന്റെ തോളിൽ തട്ടി… ഞാൻ തിരിഞ്ഞു നോക്കി…
” കിച്ചേട്ടൻ…. !!!!”
“ഓർമ ഉണ്ടോ ചിമ്മു… ”
“ഉം… ”
“താൻ വല്ല്യ പെണ്ണായിലോ.. ഇപ്പൊ എന്താ ചെയ്യുന്നേ.. ”
“ഡിഗ്രി കഴിഞ്ഞു… ”
“ആഹാ.. അമ്മുവോ… ”
“അവൾ ലാസ്റ്റ് ഇയർ… ”
“താൻ വാ… ”
കിച്ചേട്ടനെ ഞാൻ കണ്ടിട്ട് ഒരു ആറു വർഷം എങ്കിലും ആയിക്കാണും.. കുറച്ചു നാൾ ഇല്ലത്തു വന്നു നിന്നിരുന്നു…
പിന്നീട് കിച്ചേട്ടൻ പുള്ളിടെ ബാംഗ്ലൂരിലെ അമ്മായിടെ വീട്ടിൽ നിന്നാണ് പഠിച്ചത് എല്ലാം…
കിച്ചേട്ടൻ എന്റെ കൈ പിടിച്ചു വലിച്ചു സ്റ്റെപ് കയറി മുകളിലേക്ക് ചെന്നു…
“എങ്ങോട്ടാ കൊണ്ടു പോണേ.. ”
“തന്നെ കൊല്ലാൻ… ”
“ആണോ … നന്നായി.. ”
മുകളിൽ കിച്ചേട്ടന്റെ ഫ്രഡ്സ് ഒക്കെ നില്പുണ്ട്..
“ഇതാണ് ഞാൻ പറയാറുള്ള ചിമ്മുസ്… ”
“ഹായ്… ”
“ഹായ്… എന്താ ശരിക്കും പേര്… ”
“പാർവണ ലക്ഷ്മി… ”
“കിച്ചൻ എപ്പോളും പറയും തന്നെ പറ്റി… ”
ഞാൻ അത്ഭുതത്തോടെ കിച്ചേട്ടനെ നോക്കി…പുള്ളി എന്നേ നോക്കി ഒന്ന് കണ്ണിറുക്കി…
ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് കിച്ചേട്ടൻ ഇല്ലത്തു നിൽക്കാൻ വന്നത് അന്ന് കിച്ചേട്ടൻ ഡിഗ്രി ഒക്കെ കഴിഞ്ഞു നിൽക്കായിരുന്നു…
അന്ന് ഉള്ളിൽ എവിടെയോ ഒരിഷ്ടം എനിക്ക് കിചേട്ടനോട് ഉണ്ടായിരുന്നോ…?????
കിച്ചേട്ടൻ പോയപ്പോൾ ഞാൻ കരഞ്ഞിരുന്നോ…. ഉവ്വ്… എന്റെ കണ്ണന്റെ മുന്നിൽ ഞാൻ കുറെ കരഞ്ഞിട്ടുണ്ട്…
“എന്താടോ ഇത്ര വലിയ ആലോചന.. ”
“ഏയ് ചുമ്മാ.. ”
അപ്പോളേക്കും അമ്മു അങ്ങോട്ട് ഓടി വന്നു ..
“ചേച്ചി ഇവിടെ നില്കുവായിരുന്നോ… നിന്നെ എവിടെ ഒക്കെ നോക്കി ഞാൻ… ”
“എന്താ അമ്മു.. ”
“ഇല വക്കാറായി… ”
“ഞാൻ അങ്ങോട്ട് ചെല്ലട്ടെ കിച്ചേട്ടാ… ”
“ഉം.. താൻ പൊക്കൊ ഞാൻ അങ്ങോട്ട് വരാം… ”
താഴെ വന്നു എല്ലാവരെയും പരിചയപെട്ടു ഊണ് കഴിക്കാൻ നടന്നു ..
അപ്പോളൊക്കെയും ഒരു വാല് പോലെ കിച്ചേട്ടനും ഉണ്ടായിരുന്നു…
ചോറ് വിളമ്പാനും… തിരിച്ചു ഒരു ടാക്സി പിടിച്ചു ഞങ്ങളെ ഇല്ലത്തേക്ക് വിടാനും എല്ലാം…
വണ്ടിയിൽ കയറി എല്ലാവരോടും യാത്ര പറയാൻ നേരം പിന്നെയും കിച്ചേട്ടൻ എന്നേ നോക്കി കണ്ണിറുക്കി…
“അപ്പോ പോയിട്ട് വരൂ ദിവാകര… ഞങ്ങൾ ഒരു ദിവസം അങ്ങോട്ട് വരുന്നുണ്ട്… ഞാൻ പറഞ്ഞ കാര്യം മറക്കണ്ട .. ”
“ഓർമ ഉണ്ടെടോ.. ”
തിരിച്ചു ഇല്ലത്തേക്ക് വരും വഴി ഒക്കെ അച്ഛൻ വലിയ സന്തോഷത്തിൽ ആയിരുന്നു…
വീട്ടിൽ വന്നു കുളിച്ചു വിളക്ക് വച്ചു … ഒന്നും കഴിക്കാതെ ഞാൻ പോയി കിടന്നു…
******
രണ്ടു ദിവസം കഴിഞ്ഞു പൂമുഖത്തു ഞാനും അമ്മും കൂടെ പാമ്പും കോണിയും കളിച്ചു ഇരിക്കുമ്പോൾ ആണ് ഉമ്മറത്തു ഒരു കാർ വന്നു നിന്നത്…
ഇറങ്ങി വന്ന ആളെ കണ്ടു ഞാൻ ശെരിക്കും ഞെട്ടി… അങ്കിളും കിച്ചേട്ടനും…
ഞാൻ ഓടി അകത്തു ചെന്നു അച്ഛനെ വിളിച്ചു കൊണ്ടു വന്നു…
“ആഹാ കുട്ടനോ.. കേറി വരൂ.. ”
“ഈ വീടിനു ഒരു മാറ്റവും ഇല്ലല്ലോടാ… ”
“എന്ത് മാറ്റം… പത്മം പോയോടെ ഈ വീടും പോയില്ലേ… ”
“ഒന്ന് പോടോ… മാലാഖമാരെ പോലെ രണ്ടു മക്കളെ തന്നിട്ടല്ലേ അവൾ പോയെ .. ”
“ഉം.. അതാ ആശ്വാസം… ”
കിച്ചേട്ടൻ നേരെ എന്റെ അടുത്തേക്ക് വന്നു..
“ഡോ… അന്ന് നമ്മുടെ അപ്പുറത്തെ പറമ്പിൽ നിന്ന് താൻ എനിക്ക് ഒരു ചകിരി മാങ്ങാ പറിച്ചു തന്നില്ലേ.. ഇപ്പൊ ആ മാവുണ്ടോ അവിടെ… ”
“ഉണ്ട്… പക്ഷെ അവര് കമ്പി വേലി കെട്ടി മറചെക്ക.. കടക്കാൻ പറ്റില്ല… ”
“അതൊക്കെ നമുക്ക് ചാടി കടക്കാം.. താൻ വാ എന്റെ കൂടെ.. ”
“അമ്മു… ചായ എടുക്കു കുട്ടി… ”
എന്നേ നോക്കി കണ്ണുരുട്ടി അമ്മു ചായ എടുക്കാൻ എടുക്കാൻ പോയി..
ഞാനും കിച്ചേട്ടനും കൂടെ കമ്പി വേലി ചാടി മാങ്ങ പെറുക്കി… തിരിച്ചു നടന്നു..
“ഞങ്ങൾ ഇപ്പൊ എന്തിനാ വന്നത് എന്ന് ചിമ്മുനു അറിയോ… ”
“അച്ഛനെയും മുത്തശ്ശിയേയും കാണാൻ.. ”
“അല്ല… ”
“പിന്നെ… ”
“തന്നെ കാണാൻ… ”
“എന്നേ കാണാനോ.. ”
“ഉം…എനിക്ക് വീട്ടിൽ കല്യാണം നോക്കുന്നുണ്ട്… അപ്പോ എന്തോ വേറെ പെണ്ണിനെ നോക്കണ്ട ചിമ്മു മതി എന്ന് ഞാൻ പറഞ്ഞു പോയി… അച്ഛനും അമ്മയ്ക്കും തന്നെ നല്ല ഇഷ്ടം ആണല്ലോ… അതോണ്ട് അന്ന് തന്റെ അച്ഛനോട് ഇതു സൂചിപ്പിച്ചിരുന്നു… ”
എന്റെ കള്ള കൃഷ്ണ… ചെവി രണ്ടും കൊട്ടി അടഞ്ഞ പോലെ ഞാൻ നിന്നു…
“എന്താ താൻ മിണ്ടാത്തെ… ”
“ഏയ്… ”
“തനിക്ക് എതിർപ്പ് വല്ലതും… ”
ഞാൻ ഒന്നും പറഞ്ഞില്ല..
“എന്തെങ്കിലും ഒന്ന് പറയടോ… ഇങ്ങനെ ടെൻഷൻ ആക്കല്ലേ .. ”
“പെട്ടന്ന് ഒരു കല്യാണം എന്ന് പറഞ്ഞാൽ അച്ഛന്റെ കയ്യിൽ അതിനുള്ള കാശ് ഒന്നും കാണില്ല… ”
“പൊന്നും പണവും ഒക്കെ ഞങ്ങൾ ഇങ്ങോട്ട് തരാം.. എനിക്ക് തന്നെ മാത്രം മതി… അപ്പോളോ.. ”
ഞാൻ തല കുനിച്ചു നിന്നു…
“മോളെ… മരുന്നു കഴിക്കാറായി….. ”
ഓർമകളിൽ നിന്നും ഞാൻ കണ്ണു തുറന്നു… എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു…
ചലനമറ്റ എന്റെ ശരീരം താങ്ങി എണീപ്പിക്കുമ്പോളും നളിനി ചേച്ചി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…
“കിച്ചേട്ടൻ വന്നോ ചേച്ചി… ”
“ഇല്ല മോളെ… ”
“മോളെ വിളിച്ചില്ലേ… ”
“അങ്ങനെ ഒരു പതിവ് ഇപ്പൊ ഇല്ലല്ലോ ചേച്ചി.. ”
ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ടു നളിനി ചേച്ചി വീണ്ടും പറഞ്ഞു…
“സാരല്ല്യ.. എല്ലാം ശരിയാകും… ”
“ഇനി എന്ത് ശരിയാകാൻ… ”
“കിച്ചുനോട് വേറെ വിവാഹം കഴിക്കാൻ പറഞ്ഞു എല്ലാരും നിര്ബന്ധിക്കാനുണ്ട്… ”
“ഉം… കഴിക്കട്ടെ.. ഈ ശവം പോലെ കിടക്കുന്ന ഭാര്യ അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടാകും… ”
“അല്ല മോളെ… കിച്ചന് മോളെ ജീവനാ… ”
“ജീവൻ…. കിച്ചേട്ടൻ ഈ മുറിയിലേക്കു ഒന്ന് കടന്നിട്ട് ഒരു മാസം എങ്കിലും ആയി കാണും.. ”
“മോൾടെ അനിയത്തി അമ്മുനെ കൊണ്ടു വിവാഹം ചെയ്യിക്കുവാണെങ്കിൽ… മോൾടെ കാര്യോം അവൾ നോക്കിക്കോളും എന്ന് താഴെ മാഡം പറയുന്നുണ്ടായിരുന്നു… ”
“ഉം… ”
എന്റെ നേരെ ചുവരിൽ എന്നെ നോക്കി കളിയാക്കി പുല്ലാങ്കുഴൽ ഊതുന്ന കണ്ണനെ നോക്കി ഇങ്ങനെ ഞാൻ കിടക്കാൻ തുടങ്ങിട്ടു വർഷം ഒന്നായി… അതെ… വിവാഹം കഴിഞ്ഞിട്ടും ഒരു വർഷം…
തുടരും….

by