രചന – അഞ്ജു തങ്കച്ചൻ
നാളെ വീട്ടിൽ പോകണം എന്ന് പറയുമ്പോൾ ഉറപ്പായും ഉമയുടെ വീട്ടിലേക്കായിരിക്കും ഭാമ പോകുക.
ഭാമയുടെ അച്ഛൻ നാളെ വരുമ്പോൾ അവൾ ഇവിടെ ഇല്ലെങ്കിൽ പ്രശ്നം ആകും, അതുകൊണ്ട് അദ്ദേഹത്തെ ഒന്ന് വിളിച്ചു പറയേണ്ടതുണ്ട്.
അയാൾ ഫോൺ എടുത്തുത്തു. മോഹൻ സാറിന്റെ നമ്പർ ഡയൽ ചെയ്തു.
ഹലോ സർ ഞാനാണ് സത്യനാഥ്.
മനസിലായി. എന്താണ് വിളിച്ചത്.എന്തെങ്കിലും പ്രശ്നമുണ്ടോ? ഭാമ എന്തേലും കുഴപ്പമുണ്ടാക്കിയോ?
അതല്ല, ഭാമ നാളെ വീട്ടിൽ പോകണം എന്ന് പറയുന്നു. ഞാനൊന്ന് അവളെ കൊണ്ടുപോയ്ക്കോട്ടെ?
അത് ശരിയാവില്ല. ഞാൻ രാവിലെ വരും, അവളെ കൊണ്ടുപോകാൻ.
സർ, ഞാൻ കൊണ്ടുപോകാം എന്ന് പറഞ്ഞു പോയി.
അതൊന്നും പറ്റില്ലെടോ.
സർ പ്ലീസ്.. ഞാൻ രാവിലെ ഒന്ന് വീട് വരെ കൊണ്ടുപോയിട്ട് വേഗം തിരിച്ചു കൊണ്ടുവന്നേക്കാം.
എന്തായാലും ഞാൻ അങ്ങോട്ട് വരട്ടെ, എന്നിട്ട് തീരുമാനിക്കാം.
ശരി.അയാൾ കാൾ കട്ടാക്കി.
എന്തായാലും താനവളെ കൊണ്ടുപോകും, അതും മുരളിയോടൊപ്പം ഉമ നടന്നു പോകുന്നത് സിസിടിവിയിൽ പതിഞ്ഞ അതേ സിറ്റിയിലൂടെ ഉള്ള വഴിയേ തന്നെ കൊണ്ടുപോകും.
തനിക്കറിയണം തന്റെ ഉമക്ക് എന്ത് പറ്റിഎന്ന്.
ആരാണിതിനുപിന്നിൽ, അതറിയണം.
**********
പിറ്റേന്ന് ഉമ ഉണരും മുൻപ് സത്യനാഥ് ഉണർന്നു.
അടുക്കളയിൽ ലളിത ചേച്ചി ജോലി തുടങ്ങിയിട്ടുണ്ട്.
അയാൾ പതിയെ തന്റെ മുറിയിലേക്ക് ചെന്നു ഭാമ കുഞ്ഞിനേയും പൊതിഞ്ഞു പിടിച്ച് നല്ല ഉറക്കത്തിലാണ്.
ചെറിയ പനിയുണ്ട്, പെട്ടന്ന് കുഞ്ഞിന് പകരും അതുകൊണ്ട് ഞാൻ മാറിക്കിടന്നോളാം എന്ന് പറഞ്ഞ് മറ്റൊരു മുറിയിലാണ് താൻ കിടന്നത്.എത്രയായാലും ഇതൊരു ചെറിയ പെൺകുട്ടിയാണ്. താനവളെ സംരക്ഷിച്ചേ മതിയാവൂ.
തന്നിലുള്ള വിശ്വാസം കൊണ്ടാണ് ഭാമയുടെ അച്ഛൻ അവളെ ഇവിടെ നിർത്തിയത്. ബലം പ്രയോഗിച്ചു വേണമെങ്കിൽ അദ്ദേഹത്തിന് മകളെ ഇവിടെ നിന്നും കൊണ്ടുപോകമായിരുന്നു. എന്നിട്ടും അദ്ദേഹം അതിന് മുതിർന്നില്ല.
ഉമയുടെ മനസ്സാണിവളിൽ, സ്വന്തം പുരുഷനോടുള്ള പ്രണയവും, മോഹവും നിറഞ്ഞ അവളുടെ ആ മനസിനെ അറിയാവുന്നതു കൊണ്ട് തന്നെയാണ് താൻ മറ്റൊരു മുറിയിൽ കിടന്നത്.
അയാൾ ഭാമയെ തട്ടി വിളിച്ചു…
എന്താ സത്യാ ഇത്ര രാവിലെ, ഞാൻ ഇത്തിരി കൂടെ ഉറങ്ങട്ടെ.
അല്ല വീട്ടിൽ പോണം എന്ന് പറഞ്ഞില്ലേ..
ഇത്ര രാവിലെയോ? നേരം ഒന്ന് വെളുക്കട്ടെ എന്റെ സത്യ.
നേരം വെളുത്തിട്ട് മതി, എന്നാലും ബാക്കി കാര്യങ്ങൾ ഒക്കെ ചെയ്യാലോ, കുളിച്ച്, ഭക്ഷണം കഴിച്ച് , മോളുടെ കാര്യങ്ങൾ ഒക്കെ നോക്കി വരുമ്പോഴേക്കും നേരം അങ്ങ് പോകും. അതുകൊണ്ട് എഴുന്നേൽക്ക്..
ഓഹ്…. ഈ സത്യയുടെ ഒരു കാര്യം.
അവൾ എഴുന്നേറ്റു.
ഈയിടെ ആയി സത്യക്ക് നല്ല മാറ്റം ഉണ്ട്. മോൾ ജനിച്ചതിൽ പിന്നെ എന്നോട് വല്യ സ്നേഹമൊന്നും ഇല്ല.
അവളുടെ മുഖത്ത് പരിഭവം നിറഞ്ഞു.
അങ്ങനൊന്നും ഇല്ല.. അയാൾ പറഞ്ഞു.
പ്രേമിച്ചു നടന്ന കാലത്ത് എന്തൊരു സ്നേഹം ആയിരുന്നു. ഓഹ് ആ കരുതൽ ഒക്കെ കണ്ടപ്പോൾ ഞാൻ കരുതി എന്നും ഈ സ്നേഹം ഉണ്ടാകുമെന്ന്
പെട്ടന്ന് അയാളുടെ കണ്ണുകളിൽ നീർപൊടിഞ്ഞു. ശരിയാണ് ഞാൻ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ ഉമക്ക് ഒന്നും സംഭവിക്കില്ലായിരുന്നു.അവൾ പറഞ്ഞപോലെ ബാംഗ്ലൂരിൽ ജോലി മതിയാക്കി, ഇവിടെ എവിടെയെങ്കിലും മറ്റൊരു ജോലി നോക്കിയാൽ മതിയായിരുന്നു.
അയ്യോ സത്യാ ഞാൻ വെറുതെ പറഞ്ഞതല്ലേ, അപ്പോഴേക്കും അത് സീരിയസായി എടുത്തോ?അവൾ അയാളെ ചേർത്ത് പിടിച്ചു
പണ്ടും ഉമ അങ്ങനെയാണ് തനിക്ക് സങ്കടം വരുമ്പോഴെല്ലാം തന്നെ ചേർത്തണച്ചുപിടിക്കും.
അയാൾ പതിയെ അവളെ മാറ്റി നിർത്തി
എനിക്ക് വേറെ ഒന്നുരണ്ടിടങ്ങളിൽ പോകാനുണ്ട്. അതാ നമുക്ക് കാലത്തുതന്നെ പോകാം എന്ന് പറഞ്ഞത്.
എന്നാൽ സത്യ മോളുടെ അടുത്തിരിക്ക്. ഞാൻ മോൾക്ക് കുറുക്ക് ഒക്കെ ഉണ്ടാക്കി വയ്ക്കട്ടെ.
ഉം…
ഏകദേശം ആറരയോട് കൂടെ അവർ പോകാനായി ഇറങ്ങി.
അയാൾ പതിയെയാണ് വണ്ടി ഓടിച്ചത്, ഭാമ പുറത്തേക്ക് നോക്കി ഇരിക്കുകയാണ്.
അവളുടെ മുഖത്ത് ഓരോരോ ഭാവങ്ങൾ മിന്നി മറയുന്നുണ്ട്.
സിറ്റിയിൽ എത്തിയപ്പോൾ അയാൾ സൈഡിലായി വണ്ടി ഒതുക്കി.
ഞാനിപ്പോൾ വരാം… അയാൾ വണ്ടിയിൽ നിന്നിറങ്ങാൻ ആഞ്ഞു.
പെട്ടന്ന് അവൾ അയാളുടെ കൈയിൽ പിടിച്ചു.
എനിക്ക് പേടിയാകുന്നു സത്യാ… നമുക്ക് പോകാം.
അയാളുടെ കൈയിലെ അവളുടെ പിടിത്തം മുറുകി മുറുകി വന്നു. അവളുടെ മുഖമാകെ വിയർപ്പിൽ കുതിർന്നിരുന്നു.
എന്താ…. എന്താ… പറ്റിയത്?
വണ്ടിയെടുക്ക് നമുക്ക് പോകാം.
അയാൾ പതിയെ കാർ മുന്നോട്ടെടുത്തു.
കുഞ്ഞിനെ ഒന്നുകൂടെ അവൾ ചേർത്ത് പിടിച്ചുകൊണ്ട്,അവൾ ആലോചനയോടെ സീറ്റിലേക്ക് ചാരിക്കിടന്നു.
അവൾ എന്തൊക്കെയോ ഓർത്തെടുക്കാൻ ശ്രെമിക്കുകയാണ്. ഓർത്തെടുക്കട്ടെ… തന്റെ ഉമയെക്കുറിച്ച് അവൾ പറയട്ടെ…
അവളുടെ വീട് അടുക്കാറായി, അവളപ്പോഴും എന്തോ ചിന്തയിൽ മുഴുകി ഇരിക്കുകയാണ്.
വീടെത്താറായി.. അയാൾ പറഞ്ഞു.
അവൾ മറുപടിയൊന്നും പറഞ്ഞില്ല.
***********
മോഹൻ വണ്ടിയിൽ നിന്നിറങ്ങിയതും മാധവേട്ടൻ ഇറങ്ങി വന്നു.
ഭാമ എവിടെ?
സർ, അവർ വീട്ടിൽ പോയതാണ്.
ഞാൻ പറഞ്ഞിരുന്നതാണല്ലോ, ഞാൻ വന്നിട്ട് തീരുമാനിക്കാം എന്ന്. അയാൾക്ക് ദേഷ്യം വന്നു.
ശരിയാണ് സർ, പക്ഷെ ഉമക്ക് എന്ത് പറ്റിയെന്ന് അറിയാനുള്ള അവസാനത്തെ ശ്രമമാണ് ഇത്.മറ്റൊരു വഴിയും മുന്നിൽ കണ്ടില്ല.
ഉമ പോയ ആ വഴിയിലൂടെ നടക്കുമ്പോൾ ഭാമ പലതും ഓർക്കുമെന്നാണ് തോന്നുന്നത്.
അതുകൊണ്ട് മാത്രമാണ്, സാറിന്റെ സമ്മതമില്ലാതെ മോളെ കൊണ്ടുപോയത്.
എടോ അവളൊരു ചെറിയ പെൺകുട്ടിയാണ്, മറ്റുള്ളവരുടെ പരീക്ഷണത്തിന് വിട്ട് തരാൻ പറ്റില്ല അവളെ.
സർ ദയവായി ഞങ്ങളുടെ അവസ്ഥ ഒന്ന് മനസിലാക്കണം.
ഒരു കാര്യം ചെയ്യ് താൻ എന്റെ കൂടെ വരൂ… ആ വീട് എവിടെയെന്നു കാണിച്ചു തരൂ.
ഞാൻ കൊണ്ടുപൊയ്ക്കോളാം അവളെ.
ഞാൻ വരാം.. അയാൾ വണ്ടിയിൽ കയറി
വണ്ടി ഉമയുടെ വീട് ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞു.
**********
സത്യനാഥ് വണ്ടി നിർത്തി വീട്ടുമുറ്റത്ത് ഇറങ്ങിയതും ഉമയുടെ അച്ഛനും അമ്മയും ഇറങ്ങി വന്നു.
അവരെ കണ്ടതും ഭാമയുടെ മുഖം സന്തോഷത്തിൽ വിടർന്നു.
സത്യനാഥ് കാര്യങ്ങൾ അവരെ ധരിപ്പിച്ചിരുന്നതിനാൽ തന്നെ അവർ ഭാമയെ കാത്തിരിക്കുകയായിരുന്നു. അവരുടെ മകൾക്ക് എന്ത് പറ്റി എന്നറിയാനുള്ള ത്വര ആ മുഖങ്ങളിൽ തെളിഞ്ഞു കാണാമായിരുന്നു.
ഉമ ശരിക്കും അച്ഛൻകുട്ടിയാണ്, അമ്മയേക്കാൾ കൂടുതൽ അവൾക്കു പ്രിയം അച്ഛനോടായിരുന്നു. ഉമ ഒരമ്മ ആയപ്പോഴാണ് അവൾക്ക് അവളുടെ അമ്മയോട് കൂടുതൽ സ്നേഹവും ബഹുമാനവും ഒക്കെ തോന്നിയത്.
അവൾ എന്നത്തേയും പോലെ അച്ഛനെ കെട്ടിപ്പിടിച്ച് ആ കവിളിൽ ഉമ്മയും കൊടുത്തിട്ട് മോളെ അച്ഛന്റെ കൈയിലേക്ക് കൊടുത്തു.
അമ്മേ ഇന്നെന്താ സ്പെഷ്യൽ ഉണ്ടാക്കിയത്?
എനിക്ക് ഏലക്കയും ജീരകവും നല്ല മധുരവും ഒക്കെ ചേർത്ത് കോഴിക്കട്ട ഉണ്ടാക്കി താ അമ്മേ.എത്ര ദിവസം ആയി അമ്മ ഉണ്ടാക്കിയതൊക്കെ കഴിച്ചിട്ട്…
അമ്മ കണ്ണിമയ്ക്കാതെ അവളെ നോക്കി നിൽക്കുകയായിരുന്നു.
ശരിക്കും ഉമയെ പോലെത്തന്നെ സംസാരിക്കുന്നു, അവളുടെ ആ കുറുമ്പ് നിറഞ്ഞ സംസാരം ഒക്കെ അത് പോലെ.
അവരുടെ കണ്ണുകൾ നിറഞ്ഞു വന്നു.
ആഹാ… കണ്ണ് നിറക്കുവാണോ, പാവം എന്റെ അമ്മ അവൾ അവരുടെ മൂക്കിൽ പിടിച്ചുലച്ചു.
പെട്ടന്നാണ് ആരോ തോണ്ടിവിളിച്ചത് പോലെ അവൾ തിരിഞ്ഞു നോക്കിയത് .
തിരിഞ്ഞു നോക്കിയതും, അലറിക്കരഞ്ഞുകൊണ്ട് അവൾ സത്യനാഥിന്റെ പിറകിൽ പോയി മറഞ്ഞു നിന്നു
അവൾ നോക്കിയിടത്തേക്ക് സത്യ നോക്കി.
ഒരാൾ വാഴക്കുലയും തോളിൽ വച്ച് നടന്നു വരുകയാണ്.
ആ മുഖം കണ്ടതും സത്യ നടുങ്ങിപ്പോയി.
ആ നിമിഷം തന്നെ ഭാമയുടെ അച്ഛന്റെ വണ്ടി അവരുടെ അടുത്ത് വന്ന് നിന്നു.
***********
തുടരും.

by