രചന – സിന്ധു അപ്പുക്കുട്ടൻ
നീണ്ട ചൂളംവിളിയോടെ ലോഹപ്പെരുമ്പാമ്പ് അലറിക്കുതിച്ചു പായുകയാണ്. പുറത്ത് വെന്തുരുകുന്ന വെയിലും നോക്കി സന്ധ്യ മോളെയും ചേർത്ത്പിടിച്ചിരുന്നു.. നന്ദുമോൾ പുറം കാഴ്ചകളിലെ കൗതുകം കണ്ണിൽ നിറക്കുന്നുണ്ട്. ഇടയ്ക്കിടെ അവളെ തോണ്ടി വിളിച്ച് അവളുടെ അത്ഭുതക്കാഴ്ചകളിലേക്ക് അമ്മയെ ക്ഷണിക്കുന്നുമുണ്ട്. സന്ധ്യ കാണാത്ത കാഴ്ചകളെ കണ്ടെന്ന് നടിച്ചു വിളറിയ ചിരികൾ അവൾക്ക് സമ്മാനിച്ചു.
ആരുമറിയാതെ, ആരോടും പറയാതെയാണ് ഇറങ്ങി പുറപ്പെട്ടത്. അല്ലെങ്കിൽ തന്നെ ആരോടാണ് യാത്ര പറയാനുള്ളത്. സ്വന്തംന്ന് പറയാൻ മോളല്ലാതെ മറ്റാരുണ്ട് തനിക്ക്.
“നീയിങ്ങു പോരേ ബാക്കി ഞാനേറ്റു ”
ദീപ്തിയുടെ വാക്കുകൾ തന്ന ആത്മവിശ്വാസം മവേണ്ടുവോളമുണ്ട്.
മടക്കമില്ലാത്ത, ഒറ്റ ദിശയിലേക്കുള്ള പാതയാണ് മുന്നിൽ.പിന്നിട്ട ജീവിതത്തിൽ അനുഭവിച്ച ദുഃഖങ്ങൾക്ക് കയ്യും കണക്കുമില്ല. അതിലൂടെ ഒഴുക്കി കളഞ്ഞ കണ്ണുനീരിനും. ഒരു പിണത്തെപ്പോലെ ജീവിച്ചു കൊണ്ടിരുന്ന ജീവിതത്തിൽ നിന്നും മോചിതയാകാനുള്ള യാത്രയാണിത്.മുന്നോട്ടു വെച്ച കാല് പിന്നോട്ട് വെക്കാൻ മനസ്സിനെ അനുവദിച്ചു കൂടാ.
പ്രതീക്ഷിക്കാതെ വന്നു ചേരുന്ന ഇത്തിരി സന്തോഷങ്ങളേ ഇതുവരെ ഉണ്ടായിട്ടുള്ളൂ. അതിനാണെങ്കിൽ ആയുസ്സും കുറവ്.
ദീപ്തിയെ വീണ്ടും കണ്ടുമുട്ടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല. നീണ്ട ഇരുപത്തി മൂന്നു വർഷങ്ങൾ കഴിഞ്ഞു പോയിരിക്കുന്നു അവളുടെ കാരുണ്യം തുളുമ്പുന്ന വിരൽത്തുമ്പിൽ നിന്നും തന്റെ വിരലുകൾ ഊർന്നു പോയിട്ട്. എന്നിട്ടും മറവിയുടെ കാണാക്കയങ്ങളിലേക്ക് ആണ്ടു പോകാതെ അവൾ തന്നെ ഓർത്ത് വെച്ചിരിക്കുന്നു.
വർഷങ്ങൾക്ക് ശേഷം വീണ്ടുമവൾ വിളിച്ചപ്പോൾ അത്ഭുതം തോന്നി.
അൽഫോൻസാ ടീച്ചറിന്റെ മലയാളം ക്ലാസ്സിലേക്ക് പേടിച്ചരണ്ട മുഖവുമായി കടന്നു വന്ന “പുതിയ കുട്ടി”യായിരുന്നു ദീപ്തി.
ആദ്യമൊന്നും അവൾ ആരോടും മിണ്ടിയില്ല.ആരുടേയും കൂട്ടത്തിൽ കൂടാതെ ബെഞ്ചിന്റെ ഒരു കോണിൽ പതുങ്ങിയിരിക്കും.
പിന്നെപ്പിന്നെ , തൊങ്കിച്ചാട്ടം കളിക്കുന്ന കൂട്ടുകാരെ കൊതിയോടെ നോക്കി വയ്യാത്ത കാലും നീട്ടിയിരിക്കുന്ന സന്ധ്യയുടെയരികിൽ വന്നിരിക്കാൻ തുടങ്ങി.
കളിക്കാൻ കൊതിയാകുമ്പോ സന്ധ്യ സുനിതയെ വിളിക്കും.
“സുനിതേ ആ കളി നിർത്തെടി നമുക്ക് കൊത്തംകല്ല് കളിക്കാം.”
“ഞാനില്ല.. നീ തനിയെ കളിച്ചാമതി.”
സുനിത നിരുത്സാഹാപ്പെടുത്തുമ്പോ സന്ധ്യക്ക് കരച്ചിൽ വരും.
പെട്ടന്നൊരു ദിവസം ദീപ്തി മുറ്റത്തെ ഉരുളൻ കല്ലുകൾ പെറുക്കിക്കൊണ്ട് അവൾക്കരികിൽ വന്നിരുന്നു.
വാ.. നമുക്ക് കളിക്കാം.
“സന്ധ്യ ആദ്യം കളിച്ചോ..
അവളുടെ മനോഹരമായ മുഖത്തു അതിലേറെ മനോഹരമായൊരു പുഞ്ചിരി വിടർന്നു.
സന്ധ്യയും ഒരു മറു ചിരി അവൾക്ക് സമ്മാനിച്ചു.
ജീവനിൽ ചേർന്നുപോയൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്.
ഒരു നെല്ലിക്കയോ, ചാമ്പക്കയോ, മധുരമുള്ള പുളിയോ കിട്ടിയാൽ രണ്ടുപേരുംകൂടി പകുത്തു കഴിക്കും.
“നീയെന്തു ഭാഗ്യവതിയാ സന്ധ്യേ. അച്ഛനും അമ്മയും മൂന്ന് ഏട്ടന്മാരും ഉണ്ടല്ലോ നിന്റെ വീട്ടിൽ. എനിക്ക് കൊതിയാവുന്നു അതുപോലൊരു വീട്ടിൽ കഴിയാൻ.
എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഒരിക്കൽ ദീപ്തി കരഞ്ഞുകൊണ്ടത് പറഞ്ഞപ്പോൾ സന്ധ്യ പകച്ചു പോയി.
വിലകൂടിയ ഉടുപ്പുകളും, ചെരുപ്പും, ബാഗുമൊക്കെയുണ്ടായിട്ടും ദീപ്തിയെന്തിനാ, ഓടി നടക്കാൻ കാലുപോലുമില്ലാത്ത തന്റെ ജീവിതം കണ്ടു കൊതിക്കുന്നെ.
“ശരിയാ എനിക്കെല്ലാം ഉണ്ട്. അച്ഛനും അമ്മയും ഏട്ടനും എല്ലാം . പക്ഷേ ഓരോരുത്തരും ഓരോ ഇടങ്ങളിൽ ആണെന്ന് മാത്രം.
അവളുടെ മനസ്സ് വായിച്ചിട്ടെന്നപോലെ ദീപ്തി പറഞ്ഞു.
അതെന്താ അങ്ങനെ.?
സന്ധ്യ അത്ഭുതം നിറഞ്ഞ മിഴികളോടെ അവളെ നോക്കി.
അച്ഛനും അമ്മയും ഡിവോഴ്സ് ആയി. രണ്ട് പേരും പുതിയ ജീവിതം തിരഞ്ഞെടുത്തു.. അച്ഛൻ വീട്ടിലായാലും അമ്മവീട്ടിലായാലും ഞാനും ഏട്ടനും അന്യരാണ് അവിടെ.അച്ഛന് പുതിയൊരു മോളുണ്ട്.ഏട്ടൻ അച്ഛന്റെ കൂടെയാ. ഞാൻ അമ്മയുടെ കൂടെയും. ഒരു ദിവസം മാമനും അമ്മമ്മയും വീട്ടിൽ വന്നപ്പോൾ ഞാൻ അവരുടെ കൂടെ പോരാൻ വാശിപിടിച്ചു. അങ്ങനെയാ മാമൻ എന്നെ ഇങ്ങോട്ടു കൊണ്ടു വന്ന് ഈ സ്കൂളിൽ ചേർത്തെ. അമ്മായിക്ക് എന്നെ ഒട്ടും ഇഷ്ടല്യ.. എപ്പോഴും വഴക്ക് പറയും.
ഉടനെ തന്നെ ഇവിടുന്നും പോകേണ്ടി വരുമെന്ന് തോന്നുന്നു. ഞാൻ നിന്റെ വീട്ടിലേക്ക് വരട്ടെ സന്ധ്യേ…എന്നേം കൂട്ടുമോ നിങ്ങളുടെ കൂടെ..?
സന്ധ്യക്കതിനു പെട്ടെന്നൊരു മറുപടി പറയാൻ കഴിഞ്ഞില്ല.
അവൾക്കറിയില്ല ല്ലോ തന്റെ അച്ഛനമ്മമാരുടെയും ഏട്ടൻമാരുടെയും സ്നേഹ ശൂന്യതയെക്കുറിച്ച്.
നിസ്സഹായതയെ മൗനം വിഴുങ്ങി.
രണ്ടുപേരുംഏറെ നേരം കെട്ടിപിടിച്ചുനിന്ന് കരഞ്ഞു.
അതിനേ അവർക്കാകുമായിരുന്നുള്ളു.
പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞതും ദീപ്തി വീണ്ടും അവളുടെ അമ്മയുടെ കൂടെ പോയി. പിന്നെയൊരിക്കലും അവർ തമ്മിൽ കണ്ടിട്ടില്ല.
ഒട്ടും പ്രതീക്ഷിക്കാതെ ഒരു ദിവസം സന്ധ്യയുടെ ഫോണിലേക്ക് ദീപ്തിയുടെ വിളിയെത്തി.
“ഹലോ സന്ധ്യ മാഡം.. എന്നെ ഓർമ്മയുണ്ടോ..?
“ഇല്ല… ആരാ..?
“ശരിക്കും ഒന്നോർത്തു നോക്കിയേ.. ഈ ശബ്ദം എവിടെയെങ്കിലും കേട്ടിട്ടുണ്ടോ..?
ചോദ്യത്തിനൊപ്പം കിലുകിലെ ഒരു ചിരിയും സന്ധ്യ കേട്ടു
വറ്റിവരണ്ടുപോയ ജീവിത നദിയിൽ ഒരു കര തേടി കൈകാലിട്ടടിക്കുന്ന അവസ്ഥയിലായിരുന്നു അവളപ്പോൾ.
അതുകൊണ്ട് തന്നെ ആ ചിരിയലകൾ അവളുടെ ഓർമ്മകളെ ഉണർത്തിയില്ല.
“ആരാന്ന് വെച്ചാ കാര്യം പറയൂ.. എനിക്കിവിടെ ഒരുപാട് ജോലികളുണ്ട് ട്ടോ.
“അത്ര തിരക്കാണെങ്കിൽ നിന്റെ ജോലി നടക്കട്ടെ. ഞാൻ പിന്നെ വിളിച്ചോളാം.
ഒരു പരിഭവത്തിന്റെ ചുവയുണ്ടായിരുന്നു ആ വാക്കുകൾക്ക്.
“ദൈവത്തെയോർത്ത് ആരാന്നൊന്നു പറയോ..
“പണ്ട് സ്കൂൾ വിട്ടു വരുന്ന വഴിയിൽ, സഞ്ചി നായരുടെ പറമ്പിൽ വീണു കിടക്കുന്ന മാമ്പഴം നിനക്ക് പെറുക്കിത്തന്നതാരായിരുന്നു എന്നോർക്കുന്നുണ്ടോ…
“ദീപൂ… നീ…. നീയായിരുന്നോ ഇത്..
സന്ധ്യ കരഞ്ഞു പോയി.
“എന്റെ കൃഷ്ണാ… നീ എവിടെയായിരുന്നെടി ഇത്രയും കാലം. ഒരിക്കൽപോലും ഈ നാട്ടിലേക്കൊന്ന് വരാൻ നിനക്ക് തോന്നിയില്ല ല്ലോ.. അന്നൊക്കെ ഒരുപാട് തവണ നിന്റെ മാമനെക്കണ്ട് ചോദിച്ചു നിന്നെക്കുറിച്ച്. പിന്നെ അവരും ഈ നാട്ടിൽ നിന്ന് പോയി. എത്ര കൊതിച്ചു നിന്നെയൊന്നു കാണാൻ.
“എനിക്കും ഒരുപാട് കൊതിയുണ്ടായിരുന്നെടി നിന്നെ കാണാൻ.പക്ഷേ സ്വപ്നം കണ്ട ജീവിതമൊന്നും നേടിയെടുക്കാൻ കഴിഞ്ഞില്ല.. ഒരു കുഴിയിൽ നിന്ന് കരകയറി വരുന്നേയുള്ളൂ ഞാൻ.
“എല്ലാം പറയെടി.. കേൾക്കട്ടെ..
“ഇപ്പോ വേണ്ട.. പിന്നെയൊരിക്കൽ എല്ലാം പറയാട്ടോ. നിന്റെ വിശേഷം പറയെടി.
“എന്റെ വിശേഷങ്ങളൊന്നും കേൾക്കാനുള്ള കരുത്തു നിനക്കുണ്ടാകില്ല ദീപു.
“ങേ.. അതെന്താ..?
“അതങ്ങനെയാ..ഹാ അതൊക്കെ പോട്ടെ എന്റെ നമ്പർ എവിടുന്ന് കിട്ടി നിനക്ക്?
“ഇന്നലെ ഞാൻ നമ്മുടെ കൂടെ പഠിച്ച ഉണ്ണിയെ ഫേസ്ബുക്കിൽ കണ്ടു.നമ്മുടെ പഴയ ഉണ്ണിക്കുട്ടൻ ആണോന്നറിയാൻ ഒരു റിക്വസ്റ്റ് ഇട്ടു. അവൻ അപ്പൊ തന്നെ അത് കൺഫേം ചെയ്തു ഫ്രണ്ട് ആയി. പിന്നെ അവനോട് കുറെ സംസാരിച്ചു.അവൻ തന്നതാ നിന്റെ നമ്പർ.
“ആ.. ഉണ്ണി ഇടയ്ക്കിടെ എന്നെ വിളിക്കാറുണ്ട്. നാട്ടിൽ വെച്ച് വല്ലപ്പോഴും കാണാറുമുണ്ട്.നീ നിന്റെ ഫാമിലിയേം കൂട്ടി ഒരു ദിവസം ഇങ്ങോട്ട് വാ ദീപു. എനിക്കിപ്പോ തന്നെ കാണാൻ തോന്നുവാ.
“ഹഹഹ..നടന്നത് തന്നെ… തത്കാലം ഞാൻ തനിയെ വന്നാൽ മതിയോ..?
ദീപ്തിയുടെ ചിരിയിൽ ഒളിഞ്ഞിരുന്ന പരിഹാസം സന്ധ്യക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.
“എങ്ങനെയായാലും വേണ്ടില്ല. നീ വന്നാ മതി.
ദീപ്തിയുടെ സ്നേഹമഴയിൽ കുതിർന്ന് സന്ധ്യ മനോഹരമായ പുലരിയിലേക്കുണർന്നു തുടങ്ങി.
സന്ധ്യയുടെ ജീവിതം ദീപ്തിയെ ഞെട്ടിച്ചു കളഞ്ഞു. മഹേഷിന്റെ ക്രൂരതകൾ വിവരിക്കുമ്പോൾ അവൾ രോഷം കൊള്ളും. നീ പോലീസിൽ കേസ് കൊടുക്ക് പെണ്ണേ. ഇവിടെ നീതിയും നിയമവുമൊക്കെയുണ്ടെന്ന് അവന് കാട്ടികൊടുക്ക്.
അവളത് പറയുമ്പോൾ സന്ധ്യയോർക്കും അവൾ പറയുന്നതിൽ കാര്യമുണ്ട്ന്ന്.. പക്ഷേ അല്പം കഴിയുമ്പോ തനിയെ നിന്ന് പോരാടാനുള്ള ശക്തി ചോർന്നു പോയവളെപ്പോലെ സന്ധ്യ തളർന്നു പോകും.
“നീയും മോളും ഇങ്ങോട്ടു പോരേ.. ഇവിടെ വന്നിട്ട് നമുക്ക് ഡിവോഴ്സിന് ശ്രമിക്കാം. നിനക്ക് ചെറിയൊരു ജോലിയും ഞാൻ സംഘടിപ്പിച്ചു തരാം..
അവളുടെ സങ്കടം കാണുമ്പോൾ ദീപ്തി പിന്നെയും പറഞ്ഞു കൊണ്ടിരുന്നു.
ഏട്ടൻമാരുടെ പ്രതികരണം എന്താകും എന്നോർത്ത് അവിടെയും അവൾ പരാജയപ്പെട്ടു.
ഫോൺ റിങ് ചെയ്യുന്ന കേട്ട് സന്ധ്യ ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്നു.
“നീ എവിടെത്തി..?
ദീപ്തിയുടെ ആകാംഷ മുഴുവൻ ആ ചോദ്യത്തിൽ ഉണ്ടായിരുന്നു.
“സ്ഥലം അറിയാൻ പറ്റുന്നില്ലെടി. ഞാൻ ഓരോന്നു ഓർത്തിരുന്നു പോയി. അടുത്ത സ്റ്റേഷൻ എത്തുമ്പോ നോക്കിയിട്ട് ഞാൻ വിളിക്കാം.
“ഇക്കണക്കിനു നീ കന്യാകുമാരി വരെ പോകുമല്ലോ. എന്നിട്ട് അവിടുന്ന് അടുത്ത ട്രെയിൻ പിടിച്ചു തിരിച്ചു പോരേം ചെയ്യും.
“ഒന്ന് പോടീ… ഞാൻ ശ്രദ്ധിച്ചോളാം.
ഓക്കേഡീ… ഇവിടെ ഇറങ്ങിയിട്ട് വിളിക്ക്. ഞാൻ എത്തിക്കോളാം.പേടിക്കേണ്ട ട്ടോ.
ഇനിയുള്ള ജീവിതം സന്തോഷം നിറഞ്ഞത് തന്നെയാണെന്ന് സന്ധ്യക്ക് ഉറപ്പായി. അത്രക്കും ശക്തിയുണ്ടായിരുന്നു “ഞാനേറ്റു”എന്ന ദീപ്തിയുടെ വാക്കുകൾക്ക്.
ഇന്നലെ വരെ തന്റെ ഉറക്കം കെടുത്തിയ
ഭീകരരാത്രികളും, കണ്ണീരിൽ കുതിർന്ന പകലുകളും ഇരുമ്പു പാളങ്ങളിൽ ചതഞ്ഞരയുന്നുണ്ടെന്നവൾ സങ്കല്പിച്ചു.
ഇരുമ്പ് ചക്രങ്ങൾ ഓടിക്കയറുന്നത് സ്നേഹത്തിന്റെ കൂടാരത്തിലേക്കാണ്. അവിടെ തന്നെ കാത്തിരിക്കുന്നതോ സന്തോഷങ്ങളുടെ പകലിരവുകളും.
ഇനിയും കരയല്ലേട്ടോ സന്ധ്യേ
അവൾ അവളെയൊന്നു ചേർത്തു പിടിച്ചു. പിന്നെ മടിയിൽ കിടന്നുറങ്ങിപ്പോയ നന്ദുവിന്റെ കവിളിൽ ഒരുമ്മ കൊടുത്തു.
തുടരും…
Nb : സന്ധ്യ 80 കാലഘട്ടത്തിൽ ജനിച്ചു വളർന്നൊരു കഥാപാത്രമാണ്. ജീവിതം നരകതുല്യമാകുമ്പോൾ പെട്ടന്ന് അതിൽ നിന്നും ഇറങ്ങി പോരാൻ എല്ലാർക്കും ഒരുപോലെ കഴിയണം എന്നില്ല. ബാല്യകാലത്തെ അനുഭവങ്ങൾ ചിലർക്ക് അപാര ക്ഷമ കൊടുത്തെന്നിരിക്കും. അവരാണ് കുലസ്ത്രീ എന്ന് പുച്ചിക്കപ്പെടുന്നതും. സന്ധ്യയെ നമുക്ക് ആ പേരുദോഷത്തിൽ നിന്നും രക്ഷപെടുത്താം. സ്നേഹമുള്ള വായനക്കാർ കാത്തിരിക്കണേ….

by