അനുരാഗം – ചെറുകഥ
റോജു… ഞാൻ അവസാനമായി ചോദിയ്ക്കാ നിന്റെ തീരുമാനത്തിൽ മാറ്റം വല്ലതും ഉണ്ടോ..
കരഞ്ഞു കലങ്ങിയ കണ്ണിൽ നിന്നും അപ്പോഴും കണ്ണുനീർ അവളുടെ കവിൾ തടങ്ങളെ ഉമ്മ വെയ്ക്കുന്നുണ്ടായിരുന്നു..
രേവു … എന്റെ തീരുമാനം എന്നും ഉറച്ചതായിരിക്കും എന്ന് നിന്നോട് പലതവണ പറഞ്ഞതല്ലേ..അതിലൊരു മാറ്റവും പ്രതീക്ഷിക്കേണ്ട… ഓഹ് എന്തൊരു ശല്യമാണിത്..പിന്നെ നിന്റെ ഈ പൂങ്കണ്ണീരിൽ ഞാൻ എന്നെങ്കിലും വീഴുമെന്ന് നീ കരുതിയെങ്കിൽ നിനക്ക് തെറ്റി
അവളുടെ മുഖത്തേക്ക് നോക്കാതെ എങ്ങനെയൊക്കെയോ ഞാൻ ദേഷ്യം വരുത്തി പറഞ്ഞൊപ്പിച്ചു.
എന്റെ വാക്കുകൾ അവളുടെ മനസ്സിനെ കുത്തി നോവിച്ചിട്ടുണ്ടാവും… അതിനു വേണ്ടി തന്നെ ആണല്ലോ ഞാൻ അങ്ങനെ പറഞ്ഞതും.
ഒരു പൊട്ടിക്കരച്ചിലൂടെ എന്റെ മുന്നിലൂടെ ഓടി അകലുന്നവളെ ഞാൻ നിർവികാരതയോടെ നോക്കി നിന്നു..
അവളുടെ ആത്മാർഥ സ്നേഹം തിരിച്ചറിയാഞ്ഞിട്ടല്ല.. പക്ഷേ എല്ലാംകൊണ്ടും അവളുടെ മുന്നിൽ നിൽക്കാനുള്ള യോഗ്യത എനിക്കില്ല എന്നറിഞ്ഞു കൊണ്ടു തന്നെയാണ് ഇതുവരെ അവളുടെ മുന്നിൽ പിടികൊടുക്കാതെ നിൽക്കുന്നത്..മതം,ജാതി, സമ്പത്ത്, സൗന്ദര്യം അങ്ങനെ ഓരോന്നായി നിരത്തി വെച്ചാൽ ഒന്നിൽ പോലും അവളുടെ ഒപ്പം പോയിട്ട് പിന്നിൽ പോയി നിൽക്കാൻ പോലും യോഗ്യയില്ല.. പിന്നെയുള്ളത് വിദ്യാഭ്യാസം.. അതവളുടെ അച്ഛന്റെ കരുണ കാരണം അവളുടെ അതേ പൊസിഷനിൽ എത്താൻ പറ്റി എന്ന് മാത്രം..
എന്റെ അച്ഛനും അമ്മയും രേവതിയുടെ വീട്ടിലെ വേലക്കാരായിരുന്നു..അമ്മയ്ക്ക് അടുക്കളപണിയും അച്ഛന് കാര്യസ്ഥ പണിയും.അവരുടെ പറമ്പിൽ തന്നെയുള്ള പഴയ കളപ്പുരയിൽ ആയിരുന്നു ഞങ്ങൾ ആദ്യം താമസിച്ചിരുന്നത്. അതുകൊണ്ട് എന്റെ ബാല്യം മൊത്തം ആ വലിയ തറവാടുവീടിന്റെ മുറ്റത്തായിരുന്നു. എന്നേക്കാൾ 4 മാസം എളേതായിരുന്നു രേവു . സമപ്രായക്കാർ ആയത് കൊണ്ട് കളിയും ചിരിയും പഠിത്തവും എല്ലാം ഒരുമിച്ചായിരുന്നു.. അവളെ ചേർത്ത അതേ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തന്നെ അവളുടെ അച്ഛൻ എന്നേയും ചേർത്തു. കാര്യസ്ഥന്റെ മകൻ ആണെങ്കിലും ആ വീട്ടിലെ മകനെ പോലെ ആയിരുന്നു എല്ലാവർക്കും ഞാൻ.ഞങ്ങളുടെ ബാല്യവും കൗമാരവുമെല്ലാം മഴവില്ല് പോലെ ഏഴു വർണ്ണങ്ങളാൽ ചാലിച്ചെ ഴുതിയതായിരുന്നു. അതിനിടയിൽ എപ്പോഴാണ് രേവതിയുടെ ഹൃദയത്തിൽ എന്റെ സ്ഥാനത്തിന് നിറം മാറിയതെന്ന് അറിയില്ല.അവളുടെ പെരുമാറ്റത്തിലെനിക്ക് സംശയം തോന്നിയപ്പോഴേ ഞാൻ അകലം പാലിച്ചിരുന്നു.എല്ലാം എന്റെ തോന്നൽ മാത്രമാവണേ എന്ന് ഞാൻ മനമുരുകി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. അവളെ ഇഷ്ട്ടമില്ലാഞ്ഞിട്ടല്ല.. ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത ഒന്നിന് വേണ്ടി ആദ്യമേ വേണ്ടെന്നു വെയ്ക്കുന്നതല്ലേ ശരി. വെറുതെ ഒരുപാട് മോഹിച്ച് സ്വപ്‌നങ്ങൾ കണ്ട് ഒരുനാൾ അതെല്ലാം നഷ്ടപെടുന്ന ഒരു അവസ്ഥ.. അതോർക്കാൻ പോലും കഴിയുന്നില്ല…പക്ഷേ എത്ര പറഞ്ഞിട്ടും അവൾക്ക് മനസ്സിലാവുന്നില്ല.ആദ്യം സ്നേഹത്തോടെ പറഞ്ഞ് മനസ്സിലാക്കി.. പിന്നീട് ശാസനയുടെ രൂപത്തിൽ.. ഇപ്പോൾ ദേഷ്യത്തിന്റെ രൂപത്തിലും.. എങ്ങനെ പറഞ്ഞിട്ടും അവൾക്ക് തിരിച്ച് ഒന്നേ പറയാനുള്ളൂ.. റോജുവില്ലാതെ രേവതിക്കൊരു ജീവിതമില്ല എന്ന്.
പലയാവർത്തി ഇതെന്നോട് പറഞ്ഞപ്പോൾ ആണ് ഞാൻ ദേഷ്യത്തോടെ പറഞ്ഞത്
എനിക്കൊരു വിവാഹം ഉണ്ടെങ്കിൽ ഞാൻ താലി കെട്ടുന്നത് നിന്നെ ആയിരിക്കില്ല.. നീ ഒഴികെ വേറെ ഏത് പെണ്ണിനേയും വിവാഹം കഴിക്കാൻ ഞാൻ തയ്യാറാണ്.
എന്നാലും അവൾ പിന്തിരിഞ്ഞില്ല.. റോജുവിന് എന്നെ ഇഷ്ട്ടമില്ലാഞ്ഞിട്ടല്ല.. ഞാൻ വലിയ വീട്ടിലെ കുട്ടി ആയത് കൊണ്ട് മാത്രം ആണ് ഉള്ളിലെ സ്നേഹം എന്നോട് കാണിക്കാത്തത് .. എനിക്ക് അതൊന്നും പ്രശ്നമല്ല എന്ന് എത്രയോ തവണ പറഞ്ഞതല്ലേ.. പിന്നെ എന്തിനാ എന്നെയിങ്ങനെ അവഗണിക്കുന്നേ..
അവളുടെ പല ചോദ്യങ്ങളും ഞാൻ കേട്ടില്ലെന്നു നടിക്കും. എന്റെ സ്നേഹത്തിന് വേണ്ടി അവൾ കണ്ണീർ ഒഴുക്കാൻ തുടങ്ങിയിട്ട് കൊല്ലം 5 ആയി. ഗതികെട്ട് അവസാനം ഞാൻ എന്റെ അമ്മയോട് അവളെയൊന്ന് പറഞ്ഞു മനസ്സിലാക്കാൻ പറഞ്ഞു.. അമ്മ ഇത് കേട്ടതും നെഞ്ചത്ത് കൈവെച്ചു പറഞ്ഞു
പൊന്നു മോനെ… ഭക്ഷണം ഊട്ടിയ കൈകളിൽ തിരിഞ്ഞു കൊത്തരുതേ. നീയിപ്പോൾ നാടറിയുന്ന ഒരു ഡോക്ടർ ആയി മാറിയിട്ടുണ്ടെങ്കിൽ
അതവളുടെ അച്ഛന്റെ കാരുണ്യം കൊണ്ട് മാത്രമാണ്.. അവരുടെ ഹോസ്പിറ്റലിൽ സ്വന്തം മകൾക്ക് നൽകിയ അതേ ഇരിപ്പിടത്തിൽ നിന്നെയും ഇരുത്തിയിട്ടുണ്ടെങ്കിൽ അത് നിന്നോടുള്ള വിശ്വാസം ഒന്നുകൊണ്ട് മാത്രമാണ്.. അമ്മേടെ മോൻ വിശ്വാസ വഞ്ചന കാണിക്കരുത്.. അങ്ങനെ ചെയ്താൽ ദൈവം പോലും മോനോട് പൊറുക്കില്ല…രേവു മോളെ ഞാൻ പറഞ്ഞു മനസ്സിലാക്കി കൊള്ളാം.
എന്റെ അമ്മ ആവും വിധം അവളെ പറഞ്ഞു മനസ്സിലാക്കി. എന്നിട്ടും പ്രയോജനം ഒന്നും ഉണ്ടായില്ല.. അതിനിടയിൽ ആണ് ഹോസ്പിറ്റലിൽ പുതിയൊരു അനസ്തീഷ്യ ഡോക്ടർ ജോയിൻ ചെയ്തത്. ഡോക്ടർ ഭഗത്. അവൻ വന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴേ മനസ്സിലായി അവന് രേവുവിൽ ഒരു താത്പര്യം ഉണ്ടെന്ന്.. മനസ്സിൽ ചെറിയൊരു വേദന തോന്നിയെങ്കിലും എല്ലാംകൊണ്ടും ചേരേണ്ടവർ അവരാണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു .
അധികം വൈകാതെ ഭഗത് ന്റെ പ്രൊപോസൽ വീട്ടുകാർ വഴി രേവതിയുടെ അച്ഛന്റെ അടുത്തും എത്തി. രേവതിയ്ക്ക് നോ എന്ന് പറയാൻ മാത്രം ഒന്നും ഭഗതിൽ ഉണ്ടായിരുന്നില്ല.. അവസാനത്തെ പ്രതീക്ഷയോടെയാണ് അവളിന്ന് എന്റെ മുന്നിൽ വീണ്ടും കേണപേക്ഷിച്ചത്.. നെഞ്ചോട് ചേർത്തു നിർത്തി ആ കണ്ണുനീർ എന്നെന്നേക്കുമായി തുടച്ചു കൊടുക്കാൻ മനസ്സപ്പോൾ വെമ്പിയിരുന്നു.. പക്ഷേ വേണ്ടാ.. അവൾക്ക് ചേർന്നവനല്ല ഞാൻ….വീണ്ടും അവളുടെ മനസ്സിനെ വേദനിപ്പിച്ചു കൊണ്ട് ഇന്ന് എന്തൊക്കെയോ അവളോട് പറഞ്ഞു.. ഒരു ഡോക്ടർ ആണെന്ന് പോലും മറന്ന് അവളാ ഹോസ്പിറ്റൽ വരാന്തയിലൂടെ പൊട്ടികരഞ്ഞു ഓടിപ്പോയ ആ രംഗം കണ്ണിൽ നിന്ന് മായുന്നേയില്ല..തിരിഞ്ഞും മറിഞ്ഞും ഉറങ്ങാൻ ശ്രമിക്കുമ്പോളെല്ലാം ആ രൂപമാണ് മുന്നിൽ.. ഇനിയിപ്പോൾ അധികം വൈകാതെ അവളുടെ കല്യാണം ഭഗതുമായി ഉറപ്പിക്കും.. ഇപ്പോഴേ അവരെ ഒരുമിച്ച് കാണുമ്പോൾ നെഞ്ചിനകത്തൊരു വേദനയാണ്.ഇനിയിപ്പോൾ അവർ ഒന്നായി കഴിഞ്ഞാൽ പിന്നെ പറയുകയും വേണ്ടാ…എന്തെങ്കിലും കള്ളം പറഞ്ഞു കുറച്ചു വർഷംവിദേശത്തേക്ക് മാറി നിന്നെ പറ്റൂ ഞാൻ. അവരും ഞാനും ഒരേ ഹോസ്പിറ്റലിൽ.. അത് ശരിയാവില്ല…രേവതിക്കും എന്റെ പോക്ക് ആശ്വാസം ആകും..അങ്ങനെ ഓരോന്നോർത്ത് ഉറക്കത്തിലേക്ക് വീണത് അറിഞ്ഞില്ല..
നിർത്താതെയുള്ള ഫോണിന്റെ ബെല്ലടി കേട്ടാണ് ഞെട്ടി എണീറ്റത്.. ഡിസ്പ്ലേയിൽ ഭഗതിന്റെ പേരാണ് കാണിക്കുന്നത്.സമയം അഞ്ചര ആവുന്നതേയുള്ളൂ.. എന്താണിത്ര വെളുപ്പാൻ നേരത്ത്
വേഗം ഫോൺ അറ്റൻഡ് ചെയ്തു..
ഹായ് റോജൻ.. ഇറ്റ്സ് മി ഭഗത്.. ഒരു എമർജൻസി കേസ് ഉണ്ട്.. പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തണം..
എമർജൻസി കേസ് ഉണ്ടെങ്കിൽ ഹോസ്പിറ്റലിൽ നിന്ന് ഡയറക്റ്റ് വിളിക്കുകയാണ് പതിവ്..ഇതിപ്പോ ഭഗത് ആണല്ലോ വിളിച്ചു പറയുന്നത്.. അതിന്റെ ഒരു സംശയം മനസ്സിൽ ഉണ്ടായിരുന്നു.
ആക്‌സിഡന്റ് ആണോ.. ഞാൻ ചോദിച്ചു
Ys..ആക്‌സിഡന്റ് ആണ്.. ബട്ട് ഇട്സ് നോട് എ റോഡ് ആക്‌സിഡന്റ്. എ സൂയിസൈഡ് അറ്റെപ്റ്റ്..
ഓഹ് മൈ ഗോഡ്.. ഞാനിതാ വരുന്നു.. ഏജ്ഡ് ആയ ആൾ ആണോ ഭഗത്
അത്…റോജൻ.. നമുക്ക് അടുത്തറിയുന്ന ആളാണ് . ബട്ട് പേര് പുറത്തു വിടരുത്. സീക്രെട് ആക്കി വെയ്ക്കണം.. ഓക്കേ.. അതുകൊണ്ടാണ് ഞാൻ തന്നെ വിളിച്ചത്. ഹോസ്പിറ്റലിൽ സ്പ്രെഡ് ആക്കിയിട്ടില്ല.
ആരാണ് വ്യക്തി… ഞാൻ ജിജ്ഞാസയോടെ ചോദിച്ചു
Dr രേവതി.. നമ്മുടെ മാധവ് സർന്റെ മോൾ..
ഒരു ഞെട്ടലോടെ ആ പേര് എന്റെ കാതിൽ കേട്ടതും കയ്യിലുള്ള ഫോൺ താഴേക്ക് ഊർന്ന് പോയതും ഒരുമിച്ചായിരുന്നു..
ഈശ്വരാ. രേവതി ഇങ്ങനെയൊരു കടുംകൈ ചെയ്യും എന്ന് കരുതിയില്ല.. ഒന്നുമില്ലെങ്കിലും അവളൊരു ഡോക്ടർ അല്ലേ.. അതിന്റെ പക്വത അവൾ കാണിക്കും എന്ന് കരുതി.. അവളെ എനിക്ക് ഇഷ്ടമില്ലാഞ്ഞിട്ടല്ല.. ഇഷ്ട്ട കൂടുതൽ കൊണ്ടല്ലേ അങ്ങനെയൊക്കെ പറഞ്ഞത്.. നല്ലൊരു ജീവിതം അവൾക്ക് കിട്ടട്ടെ എന്ന് ആഗ്രഹിച്ചു.. ഇത്തിരി വേദനിപ്പിച്ചാലും ഭാവിയിൽ അവൾ ഹാപ്പി ആയിക്കോളും എന്ന് ഞാൻ കരുതി.. അവളെ പോലെ ഒരു കുട്ടിയെ ആരാണ് വേണ്ടാ എന്ന് വെയ്ക്കുക.. എന്നിട്ടും ഞാൻ അവളുടെ സ്നേഹം തിരസ്കരിച്ചു.. എല്ലാം അവളുടെ നല്ലത് ഓർത്തു മാത്രം ചെയ്തതാണ്.. ഹോസ്പിറ്റലിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ കണ്ണു നീർ കൊണ്ട് കാഴ്ച മറച്ചിരുന്നു.. അവൾക്ക് വേണ്ടി ഓരോ നിമിഷവും പ്രാർത്ഥിക്കുകയായിരുന്നു.. എങ്ങനെ ഹോസ്പിറ്റലിൽ എത്തി എന്ന് ഒരൂഹവും ഇല്ല.. വണ്ടിയിൽ നിന്നും ഇറങ്ങി ക്യാഷ്വാലിറ്റിയിലേക്ക് ഓടുമ്പോൾ ആണ് പിറകിൽ നിന്നും പിടുത്തം വീണത്.. തിരിഞ്ഞു നോക്കുമ്പോൾ ഭഗത് ആയിരുന്നു..
എവിടെ അവൾ.. ശബ്ദം പുറത്തേക്ക് ശരിക്ക് വരുന്നില്ലായിരുന്നു അന്നേരം
ഭഗത് എന്റെ കൈകളിൽ മുറുകെ പിടിച്ചു ഒന്ന് അമർത്തി… എന്നിട്ട് മെല്ലെ പറഞ്ഞു.
പോയി…..!!
അത് മാത്രമേ കേട്ടുള്ളൂ… ബാക്കിയൊന്നും കേൾക്കാൻ നിന്നില്ല .
വേച്ചു വേച്ചു എങ്ങനെയൊക്കെയോ എന്റെ ഒപി റൂമിൽ എത്തി…
ഉറക്കെ പൊട്ടിക്കരയണം എന്നുണ്ട്.. ശബ്ദം പുറത്തേക്ക് വരുന്നില്ല.. കരയാനുള്ള അർഹത എനിക്കില്ല.. അതുകൊണ്ടാവാം ഹൃദയം പോലും മരവിച്ചിരിക്കുന്നു .. അവളില്ലാത്തൊരു ലോകത്തെ കുറിച്ച് ഇതുവരെ ഓർത്തിട്ടില്ല.. എവിടെ ആണെങ്കിലും അവൾ സന്തോഷത്തോടെ കഴിയുന്നുണ്ട് എന്നറിയണം.. അത്രയേ ആഗ്രഹിച്ചിട്ടുള്ളൂ.. എന്നിട്ടിപ്പോൾ എന്ത് നേടി… കരഞ്ഞു കരഞ്ഞു കണ്ണുനീർ വറ്റിയപ്പോൾ അവൾ അവളെ തന്നെ സ്വയം ശിക്ഷിച്ചിരിക്കുന്നു.. അതും അവളുടെ മുന്നിൽ പോലും നിൽക്കാൻ യോഗ്യതയില്ലാത്ത എനിക്ക് വേണ്ടി..
രേവൂ…… ആ വിളിയിൽ നിന്നും പെട്ടെന്നൊരു ഗദ്ഗദം തൊണ്ടകുഴിയിൽ നിന്നും പുറത്തേക്ക് ചാടി.. അതുവരെ അടക്കിപിടിച്ച സങ്കടത്തിന്റെ ആഴക്കടൽ ഒരു പൊട്ടികരച്ചിലായി പുറത്തേക്ക് ഒഴുകി..മേശയിൽ തലവെച്ചു മതിവരുവോളം പൊട്ടിക്കരഞ്ഞു..
ഒരു നനുത്ത കരസ്പർശം എന്നെ പിറകിലൂടെ തഴുകി കൊണ്ടിരുന്നു.. ആരാണെന്നറിയില്ല.. ഭഗത് ആയിരിക്കാം അല്ലെങ്കിൽ അവളുടെ അച്ഛൻ.. എന്റെ ദൈവം.. എങ്ങനെ ഞാൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കും.. മകൾക്ക് കാവലായി എപ്പോഴുംകൂടെ നിർത്തിയവൻ തന്നെ അവളുടെ കാലനായി മാറിയില്ലേ..
മുഖത്തേക്ക് നോക്കാൻ ആയില്ല.. ആ കൈകളിൽ പിടിച്ചു പൊട്ടിക്കരഞ്ഞു കൊണ്ടേയിരുന്നു..
മ്മ്മ്.. അപ്പോ ശരിക്കും സ്നേഹമൊക്കെ ഉണ്ടല്ലേ
രേവുവിന്റെ ശബ്ദം പെട്ടെന്ന് കേട്ടതും ഞാൻ ഞെട്ടിവിറച്ചു കണ്ണുകൾ ഉയർത്തി നോക്കി
അവൾ എന്റെ മുന്നിൽ നിന്ന് പൊട്ടിച്ചിരിക്കുന്നു
എന്റെ കൈ വിട് ഡോക്ടറെ.. എത്ര നേരമായി പിടിച്ചിട്ട്.. എന്റെ കൈ വേദനിക്കുന്നു..
അന്ധാളിച്ചു നോക്കുന്ന എന്നെ അവളൊന്ന് കണ്ണിറുക്കി കാണിച്ചു.
അവൾ ജീവനോടെയുണ്ടെന്ന സത്യം.. അതു നൽകിയ സന്തോഷം.. ആനന്ദം… ആശ്വാസം… നെഞ്ചോട് വലിച്ചിട്ട് അവളെ വാരിപ്പുണരുമ്പോൾ കണ്ണുനീർ അപ്പോഴും ഒഴുകുകയായിരുന്നു…
ശബ്ദം ഉണ്ടാക്കി ഭഗത് അകത്ത് കയറിയപ്പോൾ ആണ് അവളെ നെഞ്ചിൽ നിന്നും മാറ്റി നിർത്തിയത്..
സോറി റോജൻ.. ചെറിയൊരു കള്ളം വലിയൊരു സന്തോഷത്തിലേക്കുള്ള വഴി തുറക്കുകയാണെങ്കിൽ ഞാൻ ചെയ്തത് താങ്കൾക്ക് പൊറുക്കാവുന്നതേ ഉള്ളൂ… അല്ലേ രേവതി
അവൻ രേവതിയെ നോക്കി പറഞ്ഞു.
എനിവേ ഐ ആം റിയലി സോറി.. കുറച്ചു നേരത്തേക്ക് ആണെങ്കിലും താങ്കളെ വിഷമിപ്പിച്ചതിൽ എനിക്കും സങ്കടമുണ്ട്.. പിന്നെ എല്ലാം നല്ലതിനാണല്ലോ എന്നതുകൊണ്ട് സന്തോഷവും.. ഓക്കേ… ഇനി ഇതിന്റെ പിന്നാമ്പുറ സംഭവങ്ങൾ രേവതി പറഞ്ഞു തരും.. യൂ ക്യാരി ഓൺ ഗയ്സ്.. സീ യൂ
ഭഗത് പോയതും അവൾ നടന്നതെല്ലാം പറയാൻ തുടങ്ങി.
ഇന്നലെ കരഞ്ഞു കൊണ്ട് ഹോസ്പിറ്റൽ വരാന്തയിലൂടെ ഓടി ചെന്നു നിന്നത് ഭഗതിന്റെ മുന്നിലേക്കാണ്.. അവൻ അപ്പോൾ എന്താണെന്ന് ചോദിച്ചെങ്കിലും സങ്കടം കൊണ്ട് ഒന്നും പറയാൻ പറ്റിയില്ല . അവിടെനിന്നും വേഗം വീട്ടിലേക്ക് പോയി. അപ്പോഴേക്കും ഭഗത് അച്ഛനെ വിളിച്ചു എനിക്ക് എന്തോ പ്രശ്നം ഉണ്ടെന്ന് അറിയിച്ചിരുന്നു. ഞാൻ ചെല്ലുമ്പോൾ അച്ഛനും അമ്മയും എന്നെ കാത്തു നിൽപ്പുണ്ടായിരുന്നു.. അച്ഛനോട് എല്ലാം കരഞ്ഞു കൊണ്ടു പറഞ്ഞു.. അച്ഛൻ അപ്പോൾ ഒന്നും മിണ്ടിയില്ല..പിന്നെ രാത്രിയിൽ അച്ഛനും അമ്മയും റൂമിലേക്ക് വന്നു.. എന്റെ തീരുമാനം ഉറച്ചതാണോ എന്ന് ചോദിച്ചു.. ഞാൻ അതേ എന്നും പറഞ്ഞു.അച്ഛനും അമ്മയ്ക്കും താത്പര്യകുറവൊന്നും ഇല്ല.. പക്ഷേ റോജുന് താത്പര്യം ഉണ്ടെങ്കിൽ മാത്രമേ ഇത് നടത്തൂ എന്ന് പറഞ്ഞു. അവന് നിന്നെ ഇഷ്ടമില്ലാതെ നമ്മൾ ചെയ്ത സഹായത്തിന്റെ കടപ്പാട് ആയിട്ട് അവൻ എന്റെ മോളെ കല്യാണം കഴിക്കേണ്ട എന്ന് പറഞ്ഞു..
അവന് നിന്നെ ഇഷ്ടമാണോ
അച്ഛൻ എന്നോട് ചോദിച്ചു
അറിയില്ല
മ്മ്മ്.. എന്നാൽ നാളെ ഞാൻ അവനോട് ഒന്ന് സംസാരിക്കട്ടെ.. എന്നിട്ട് തീരുമാനിക്കാം
ഇങ്ങനെ പറഞ്ഞു അച്ഛനും അമ്മയും ഉറങ്ങാൻ പോയി
ഞാൻ ആണെങ്കിൽ അച്ഛൻ ചോദിക്കുമ്പോൾ നിന്റെ റിപ്ലൈ എന്താവും എന്നോർത്ത് ടെൻഷൻ അടിച്ചു ഉറങ്ങാതെ കിടക്കുമ്പോൾ ആണ് ഹോസ്പിറ്റലിൽ നിന്നും എമർജൻസി കാൾ വന്നത്.. ആക്‌സിഡന്റ് കേസ് ആയിരുന്നു.. പെട്ടെന്ന് സർജറി നടത്തേണ്ടത് കൊണ്ട് അനസ്തേഷ്യ കൊടുക്കാൻ ഭഗതും വന്നു.. സർജറി കഴിഞ്ഞു ഞങ്ങൾ ഒരു കോഫി കുടിക്കാൻ വേണ്ടി കാന്റീൻ പോയി ഇരുന്നപ്പോൾ ആണ് ഭഗത് ഇന്നലെയെന്തിനാ കരഞ്ഞു ഓടിയത് എന്ന് ചോദിച്ചത്.. ഇന്നലെ വരെയുള്ള കാര്യങ്ങൾ എല്ലാം പറഞ്ഞു.. ഇനി ഇപ്പോഴത്തെ ടെൻഷൻ റോജുവിന്റെ റിപ്ലൈ എന്തായിരിക്കും ഓർത്തിട്ടാണ് എന്ന് പറഞ്ഞു.. അപ്പോഴാണ് ഭഗത് പറഞ്ഞത് കൂടെ നിക്കുവാണെങ്കിൽ നിന്റെ റോജുന്റെ ഹൃദയം ഇപ്പോൾ തന്നെ നിന്റെ മുന്നിൽ തുറന്ന് കാണിപ്പിച്ചു തരാം എന്ന് പറഞ്ഞത്..
പക്ഷെ ഞാൻ ശരിക്കും ഭഗത് ഇങ്ങനെയൊക്കെ പറയും എന്ന് കരുതിയില്ല.. റിയലി സോറി.. എന്നാലും ഇത്തിരി വേദനിപ്പിച്ചാലും ആ ഹൃദയം എനിക്കൊന്നു കാണാൻ കഴിഞ്ഞല്ലോ
അതും പറഞ്ഞ് അവളെന്റെ കവിളിൽ ഉമ്മവെയ്ക്കുമ്പോൾ എന്നന്നേക്കുമായി നഷ്ട്ടപെട്ട സാധനം അപ്രതീക്ഷിതമായി കളഞ്ഞു കിട്ടിയതിന്റെ സന്തോഷത്തിൽ ഇനി ഒരിക്കലും നഷ്ടപെടുത്താത്ത വിധം നെഞ്ചോട് ചേർത്തുവെയ്ക്കുകയായിരുന്നു ഞാനന്നേരം..
അവസാനിച്ചു

by