ചോദിച്ചാൽ ഞാൻ എന്ത് പറയണം..
പ്രണയകാവ്യം
ഡീ നീ ഇന്ന് ലീവ് തന്നെയാണെന്ന് ഉറപ്പിച്ചോ?
അഞ്ജു.. എനിക്ക് നല്ലോം ദേഷ്യം വരുന്നുണ്ട് കെട്ടോ .. എത്ര തവണ പറഞ്ഞു നിന്നോട് ഞാൻ ലീവ് ആണെന്ന്.. ഇനിയെങ്ങാനും നീ ഇത് വീണ്ടും ചോദിച്ചാൽ എന്റെ കയ്യിൽ കിട്ടുന്നത് കൊണ്ട് നിന്റെ തലയ്ക്കിട്ട് കൊട്ടും ഞാൻ.. പറഞ്ഞില്ല എന്ന് വേണ്ടാ..
അയ്യോ.. നീ ഇങ്ങനെ നാഗവല്ലി ആവല്ലേടോ.. ഞാൻ വെറുതെ തമാശിച്ചതല്ലേ.. അതല്ല നിന്റെ ബോസ്സ് ചോദിച്ചാൽ ഞാൻ എന്ത് പറയണം..
അങ്ങേരുടെ കെട്ടിയോളുടെ പതിനാറാടിയന്തിരത്തിനു പോയി എന്ന് പറഞ്ഞേക്ക്
എടീ ലിയ കൊച്ചേ… നിന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ചോദിച്ചതല്ല.. കാര്യമായി ചോദിച്ചതാ മോളെ.
ഞാൻ എം ഡി യെ വിളിച്ചു ലീവ് അറിയിച്ചിട്ടുണ്ട്.. അല്ലാതെ സൂപ്പർവൈസറെ ലീവ് ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല… കാലമാടൻ.. അവന്റെ അവസാനം എന്റെ കൈ കൊണ്ട് തന്നെ ആവും.. ഉറപ്പാണ്…
ഓക്കേ.. ഓക്കേ… കൂൾ ഡൌൺ…കൂൾ ഡൌൺ
എന്ത് കൂൾ ഡൌൺ… അവനെ ഒരിക്കൽ എന്റെ കയ്യിൽ കിട്ടുമെടീ.. അന്ന് ഇതിനൊക്കെ ഞാൻ എണ്ണി എണ്ണി പകരം ചോദിക്കും.. നീ നോക്കിയിരുന്നോ അഞ്ജുവേ…
നീ എല്ലാം പേർസണൽ ആയി എടുക്കല്ലേ ലിയാ.. ഓഫീസിലെ കാര്യം അവിടെ വെച്ചിട്ട് വേണം അവിടെ നിന്നും ഇറങ്ങാൻ.. റൂമിൽ എത്തിയാൽ ഓഫീസിലെ ഒന്നും ചിന്തിക്കരുത്..എന്നെ കണ്ടില്ലേ നീ..നോ ടെൻഷൻസ്.. നോ വറീസ്… ഫുൾ ടൈം ഹാപ്പി..
അതിന് നിന്നെ ആ ദുഷ്ടൻ ഇതുപോലെ എപ്പോഴും വഴക്ക് പറയാറുണ്ടോ.. അമലിനെ ചീത്ത പറയാറുണ്ടോ, അരുണിനെയോ ഗീതുവിനെയോ അയാൾ എന്തെങ്കിലും പറയുന്നത് നീ കേട്ടിട്ടുണ്ടോ.. മിനിഞ്ഞാന്ന് വരെയുള്ള ചീത്ത പറച്ചിൽ ഞാൻ ക്ഷമിച്ചു..വർക്കിൽ കുറച്ചൊക്കെ മിസ്റ്റേക്ക് ഞാനും വരുത്തിയിട്ടുണ്ട്.. പക്ഷേ ഇന്നലെയോ.. ഞാൻ ചെയ്യാത്ത വർക്കിന് അല്ലേ ആ കാലമാടാൻ എല്ലാവരുടെയും മുന്നിൽ വെച്ച് എന്നെ അപമാനിച്ചത്.. അതും ഗീതുവും അരുണും പിന്നെ നീയും കൂടി സബ്മിറ്റ് ചെയ്ത വർക്കിന്. ഞാൻ അമലിന്റെ കൂടെ മീറ്റിംഗ് ഹാളിൽ ഇരിക്കുമ്പോഴാ അയാൾ അവിടെ വന്ന് താണ്ഡവനൃത്തം ആടിയത്.
. ഞാൻ എന്താ അയാളുടെ ചെണ്ടയോ.. ഇനി എനിക്ക് വയ്യ അയാളുടെ കാൽകീഴിൽ കിടന്നു ഉരുളാൻ.ഞാൻ ജോലി റിസൈൻ ചെയ്താലോ എന്ന് പോലും ആലോചിക്കുവാ..
എന്റെ പൊന്നു ലിയാ.. നീ ഇങ്ങനെ അപ്സെറ്റ് ആവല്ലേ.. നീ എന്തായാലും ഇന്ന് ലീവ് എടുത്ത് മൈൻഡ് ഒക്കെ ഒന്ന് ഫ്രീ ആക്ക്.. ഈവെനിംഗ് ഞാൻ വന്നിട്ട് നമുക്കൊരു മൂവിക്ക് പോവാം.. ഓക്കേ..ബൈ ഡീ..ടേക്ക് കെയർ..
അഞ്ജു പോയതും തലവഴി പുതപ്പിട്ട് നന്നായിട്ടൊന്നൂടെ ഉറങ്ങി.. പക്ഷേ ഉറങ്ങി എണീറ്റിട്ടും ഓഫീസിലെ കാര്യങ്ങൾ മനസ്സിൽ നിന്നും പോയീല .. ഇന്നലെ ശരിക്കും നന്നായി ഇൻസൾട്ട് ആയി.. ഞാൻ ചെയ്ത വർക്കിന് ആണെങ്കിൽ വേണ്ടാ.. ചെയ്യാത്ത കാര്യത്തിന് മീറ്റിംഗ് ഹാളിൽ വെച്ച് എല്ലാവരുടെയും മുന്നിൽ വെച്ച് ചീത്ത പറഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.. എന്റെ ഭാഗം ക്ലിയർ ചെയ്യാൻ വേണ്ടി ശ്രമിച്ചെങ്കിലും ഗെറ്റ് ഔട്ട് അടിച്ചു എന്നെ..
ദുഷ്ടൻ ആണയാൾ.. കാർത്തിക് ദേവ് . ഞങ്ങളുടെ ഡിപ്പാർട്മെന്റ് ഹെഡ്..വലിയ പ്രായമൊന്നും ഇല്ല.. ഏറി വന്നാൽ എന്നേക്കാൾ മൂന്നോ നാലോ വയസ്സ് കൂടുമായിരിക്കും… പക്ഷേ ഒടുക്കത്തെ ജാഡയാണ്..തെണ്ടി..
ഞങ്ങൾ അവിടെ ജോയിൻ ചെയ്തിട്ട് 3 മാസം ആയിട്ടേ ഉള്ളൂ.. എനിക്കും അഞ്ചുവിനും അമലിനും ക്യാമ്പസ് ഇന്റർവ്യു വഴി കിട്ടിയ പ്ളേസ്മെന്റ് ആണിത്.ഒരു കൊല്ലത്തെ എഗ്രിമെന്റ് ഉണ്ട്.. ഇല്ലെങ്കിൽ ഇന്നലെ തന്നെ റിസൈൻ ലെറ്റർ എഴുതി അവന്റെ മുഖത്തേക്കെറിഞ്ഞു പോന്നിരുന്നു ഞാൻ ..
കാർത്തിക് സർ എല്ലാവരോടും ഫ്രണ്ട്ലി ആണ്.. എന്നോട് മാത്രം എന്തോ അയാൾക്കൊരു ഇഷ്ടക്കുറവ് തുടക്കം മുതലേ ഉണ്ട്.. എല്ലാവരോടും നന്നായി സംസാരിക്കും തമാശകൾ പറയും പക്ഷേ എന്നെ കാണുമ്പോൾ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഇരിക്കും..
എന്റെ ജീവിതത്തിലെ ആദ്യാനുഭവം ആണിത്.. തരക്കേടില്ലാത്ത സൗന്ദര്യം ഉള്ളത് കൊണ്ട് പൊതുവെ ഏതോരാണും എന്നെ കണ്ടാൽ അറ്റ്ലീസ്റ്റ് ഒന്ന് പുഞ്ചിരിക്കുകയെങ്കിലും ചെയ്യാറുണ്ട്.ഞാൻ പല ചിരികളെയും കണ്ടില്ലെന്നു നടിച്ചു പൊയ്ക്കളയും.. അത് എന്റെ ഒരു ഹോബി ആയിരുന്നു.. പിന്നെ എന്റെയൊരു ചിരിക്ക് വേണ്ടി അവർ പെടാ പാട് നടക്കുന്നതെല്ലാം കണ്ട് ഞാൻ ആനന്ദനിർവൃതി കൊള്ളും .. ആഹാ എനിക്കതൊരു ലഹരി തന്നെ ആയിരുന്നു. അവസാനം എന്റെ ഒരു ചിരി അവരിലേക്ക് എത്തുമ്പോഴേക്കും പലരിലും പ്രണയം മൊട്ടിട്ടുണ്ടാകും.. അത് മനസ്സിലായില്ലെന്നു നടിച്ചു നിഷ്കളങ്കയായ ഒരുവളെ പോലെ ഞാൻ മെല്ലെ നടന്നു നീങ്ങും..അത്രയ്ക്ക് ഡിമാൻഡ് ഉള്ള എന്നെ ആണ് ഇയാൾ ഒരു മൈൻഡും തരാതെ പട്ടിയെ പോലെ ചീത്ത പറയുന്നത്.. എന്നാലോ ഓഫീസിലെ ബാക്കി പെൺപിള്ളോരോടെല്ലാം കൊഞ്ചാനും കുഴയാനും ഒരു കുറവും ഇല്ലേനും.. ഇനീപ്പോ അയാളെ ആകർഷിക്കുന്ന വിധത്തിലുള്ള സൗന്ദര്യം ഒന്നും എനിക്കില്ലേ? അതുവരെ മടിപ്പിടിച്ചു കിടന്നിരുന്ന ഞാൻ സെക്കന്റിനുള്ളിൽ കണ്ണാടിയുടെ മുന്നിലെത്തി. മുഖം തിരിച്ചും മറിച്ചും നോക്കി കുറേ നേരം കണ്ണാടിയുടെ മുന്നിൽ അങ്ങനെ നിന്നു. അവസാനം ഞാൻ സ്വയം കൺക്ലൂഷനിൽ എത്തി, സൗന്ദര്യമുള്ള കുട്ടികളെ അയാൾക്ക് അലർജി ആണെന്ന്..അല്ലാപ്പിന്നെ.. പോട്ടെ പുല്ല്.. ജാഡതെണ്ടി..
ഒരാഴ്ച ലീവ് എടുത്ത് വീട്ടിലേക്ക് പോയാലോ എന്ന ചിന്ത അപ്പോഴാണ് മനസ്സിൽ വന്നത്.പക്ഷേ അവിടെ എത്തിയാൽ പെണ്ണ് കാണലിന് ഒരു കൂട്ടർ ഞാൻ നാട്ടിലേക്ക് വരുന്നതും കാത്ത് കണ്ണിലെണ്ണ ഒഴിച്ച് നില്പാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. അപ്പോൾ അറിഞ്ഞുകൊണ്ട് ആ ട്രെയിനിന് തല വെയ്ക്കുന്നില്ല . ഇനിയും ഒരു 2 വർഷം എങ്കിലും അടിച്ചു പൊളിച്ചു ഫ്രീ ആയി നടക്കണം എന്നാണ് ആഗ്രഹം. അതിന് എന്റെ അച്ഛനും അമ്മയും കല്യാണം എന്നും പറഞ്ഞു ഒറ്റക്കാലിൽ തപസ്സു ചെയ്യാൻ തുടങ്ങിയിട്ട് കൊല്ലം ഒന്ന് കഴിഞ്ഞു.. അടുത്ത മകയിരത്തിലേക്ക് 25 തികയുന്ന ഞാൻ ഇപ്പോഴേ കെട്ടുപ്രായം കഴിഞ്ഞ് പോയി എന്നാണ് അവരുടെ വെപ്പ്.
വൈകുന്നേരം അഞ്ജു ജോലി കഴിഞ്ഞു വന്ന് അവളുടെ കൂടെ ഒരു സിനിമക്ക് പോയപ്പോൾ കുറച്ചൊക്കെ മൈൻഡ് റീലാക്സിഡ് ആയി..
പിറ്റേ ദിവസം ഓഫീസിലേക്ക് പോകുമ്പോൾ തന്നെ ഞാൻ ദൃഡനിശ്ചയം എടുത്തിരുന്നു.അവനെ ….. സൗന്ദര്യം ആസ്വദിക്കാൻ അറിയാത്ത.. ആ ജാഡതെണ്ടി കാർത്തിക്കിനെ മൈൻഡ് ചെയ്യാനേ പോവില്ല എന്ന്.
ഓഫീസിൽ ചെന്ന് ഞാൻ തകൃതിയായി വർക്ക് ചെയ്തോണ്ടിരിക്കുമ്പോൾ ആണ് അവൻ ഞങ്ങളുടെ ക്യാബിനിലേക്ക് വന്നത്.. എല്ലാവരും വിഷ് ചെയ്യുന്നുണ്ട്. ഞാൻ സിസ്റ്റത്തിൽ നിന്നും കണ്ണെടുത്തതേ ഇല്ല.എന്റെ വിഷ് കിട്ടാത്തത് കൊണ്ടാവും അവൻ എന്നെ നോക്കുന്നത് ഞാൻ ഇടകണ്ണു കൊണ്ട് കണ്ടു.. മൈൻഡ് ചെയ്യാനേ പോയീല..
ഉച്ചക്ക് ലഞ്ച് ബ്രേക്ക് ന് ഫുഡ് കഴിക്കുമ്പോൾ ആണ് ഒടുക്കത്തെ ജാഡ ഇട്ടുകൊണ്ട് അവൻ കാന്റീനിലേക്ക് വരുന്നത് കണ്ടത്.. അവനെ കണ്ടതും അഞ്ജുവും ഗീതുവും എന്താ ഒലിപ്പീര്.. പെണ്ണുങ്ങളുടെ വില കളയാൻ..അയ്യേ..
സർ സർ ഇങ്ങോട്ട് വരൂ…ഇവിടെ ഇരുന്നോളൂ..
എന്താ രണ്ടു പേരുടെയും സ്വീകരണം.. കണ്ടാൽ തോന്നും അവളുമാരുടെ വീട്ടിലേക്ക് സദ്യകഴിക്കാൻ ചെന്നപോലെയുണ്ട്..
എന്തായാലും എനിക്കെതിരെയുള്ള കസേരയിൽ അവൻ ഇരുന്നു.. ഞാൻ എന്റെ കൂടെ ഇരിക്കുന്ന അമലുമായി ഇന്നലെ കണ്ട സിനിമയെ കുറിച്ചുള്ള പൊരിഞ്ഞ ചർച്ചയിൽ ആയിരുന്നു.അങ്ങനെയൊരാൾ വന്നിരുന്നതായി ഗൗനിച്ചതേയില്ല..
അമൽ നീ നാളെ ലീവ് ആണെന്ന് പറഞ്ഞിരുന്നില്ലേ?
ചോദ്യകർത്താവ് നമ്മുടെ ജാഡക്കാരൻ തെണ്ടി ആണ് ..
അതേ സർ.. ഞാൻ രാവിലെ പറഞ്ഞിരുന്നല്ലോ
എന്തിനായിരുന്നു ലീവ്.. ഞാൻ മറന്ന് പോയി
കസിന്റെ ഹൌസ് വാർമിംഗ്..
ഹാ ഓക്കേ.. അതല്ല വല്ലവരുടെയും ഭാര്യമാരുടെ പതിനാറടിയന്തിരം വല്ലതും ആണെങ്കിൽ ലീവ് ഇല്ല കെട്ടോ.
ഇത് കേട്ടതും കഴിച്ചു കൊണ്ടിരിക്കുന്ന ഫുഡ് എന്റെ ഉച്ചിയിൽ കയറി.
ചുമച്ചു കൊണ്ടിരിക്കുന്ന എന്റെ മുന്നിലേക്ക് കാർത്തിക് വെള്ളം നിറച്ച ഗ്ലാസ്സ് നീട്ടി.
അഞ്ജു തൊട്ടടുത്ത് ഒന്നും അറിയത്ത പോലെ ഇരിക്കുന്നുണ്ട്.. ഇന്ന് റൂമിൽ എത്തിയാൽ അവളുടെ കൊലപാതകം ആണ്.ഞാൻ മനസ്സിൽ ,ഉറപ്പിച്ചു.
എല്ലാവരും കാർത്തിക്കുമായി സംസാരിക്കുന്നു.. ചിരിക്കിക്കുന്നു.. അട്ടഹസിക്കുന്നു.. ഞാൻ ഒന്ന് ലീവ് എടുത്തപ്പോഴേക്കും എന്തൊക്കെ മറിമായങ്ങൾ.ഞാൻ അതിനിടയിൽ പെട്ട് ആകെ വീർപ്പുമുട്ടി.ഫുഡ് വേഗം കഴിച്ചു ആരോടും ഒന്നും പറയാതെ വേഗം എണീറ്റു പോയി.
അഞ്ജു പിന്നാലെ ഓടി വന്ന് കുറേ സോറി പറഞ്ഞു.. ഇന്നലെ ഒരുമിച്ചിരുന്നു എല്ലാവരും സംസാരിക്കുന്നതിനിടയിൽ അറിയാതെ നീ പറഞ്ഞത് അങ്ങനെ കാർത്തിക് സർ നോട് ആ ഒരു ഫ്ലോ യിൽ പറഞ്ഞു പോയതാണ്.. സാറും അത് തമാശ ആയേ എടുത്തുള്ളൂ എന്നൊക്കെ.. ഞാൻ ഒന്നും മിണ്ടാൻ പോയീല.. എല്ലാവരും ഒരു ഗാങ് ആയി മാറിയിട്ടുണ്ട്.. അതിനിടയിൽ ഞാൻ ഒരു അധികപറ്റ് പോലെ തോന്നിയെനിക്ക്.
പിന്നീടുള്ള ദിവസങ്ങളിലും കാർത്തിക് കിട്ടുന്ന അവസരങ്ങളിൽ എല്ലാം എന്നെ ചീത്ത പറഞ്ഞു കൊണ്ടേയിരുന്നു. കഴിഞ്ഞ ജന്മത്തിൽ ഇയാളും ഞാനും വല്ല കീരിയും പാമ്പും ആയിരുന്നോ ദൈവമേ..? അതിന്റെ ബാക്കിയാണോ ഇപ്പോൾ ഇയാളെന്നോട് കാണിച്ചു കൊണ്ടിരിക്കുന്നത്.. ഗീതുവും അഞ്ജുവും വർക്കിൽ എന്തെങ്കിലും മിസ്റ്റേക്ക് ചെയ്താലും മോളെ അതിങ്ങനെ അല്ല, ഇങ്ങനെ ചെയ്യൂ മോളെ എന്നൊക്കെ പറഞ്ഞ് ഒരു പതിനായിരം മോൾ വിളി ആയിരിക്കും. ഈയുള്ളവൾ ഇത്രയും ക്രൂശിക്കപ്പെടാൻ മാത്രം എന്തു തെറ്റ് ചെയ്തു എന്റെ ഈശോയെ
അങ്ങനെയിരിക്കെയാണ് ഞാൻ ചെയ്ത വർക്കിൽ മിസ്റ്റേക്ക് ഉണ്ടെന്നും പറഞ്ഞ് പതിവ് പോലെ കാർത്തിക് എന്നെ ചീത്ത പറഞ്ഞത്. കുറച്ചു മുന്നേ ഗീതു ചെയ്ത വർക്കിൽ വലിയൊരു എറർ വന്നിട്ടും ശ്രദ്ധിക്കണ്ടേ മോളെ എന്നും പറഞ്ഞ് അവൾടെ തോളിൽ തട്ടി പോയ ആൾ ആണ് ചെറിയൊരു തെറ്റിന് എന്നെ എല്ലാവരുടെയും മുന്നിൽ വെച്ച് വഴക്ക് പറഞ്ഞത്. പൊതുവെ വഴക്ക് കേട്ടാൽ വേഗം വാഷ് ഏരിയയിൽ പോയി നിറഞ്ഞ കണ്ണ് തുടച്ചു പിന്നെ കണ്ണാടിയിൽ നോക്കി അവനെ രണ്ടു മൂന്ന് തെറി അത്യാവശ്യം ഉറക്കെ പറഞ്ഞ് തിരികെ ക്യാബിൽ എത്തുമ്പോഴേക്കും ഞാൻ ഓക്കേ ആയിട്ടുണ്ടാവും.. പക്ഷേ ഇന്ന് അവന്റെ പിന്നാലെ നേരെ അവന്റെ റൂമിലേക്ക് ഞാനും ചെന്നു.
പെർമിഷൻ വാങ്ങിക്കാതെ അപ്രതീക്ഷിതമായി എന്നെ അകത്ത് കണ്ടതും അവനിലും ഒരു അമ്പരപ്പ് ഉണ്ടായിരുന്നു.
വാട്ട് ഡൂ യു വാണ്ട് മിസ്സ് ലിയാ?
അവൻ പുഞ്ചിരിയോടെ ചോദിച്ചു
അവന്റെ ചിരി കണ്ടതും ദേഷ്യം ഇരട്ടിച്ചു. വർദ്ധിച്ച ദേഷ്യത്തോടെ ഞാൻ ചോദിച്ചു
ഐ വാണ്ട് ടു നോ നൗ ഇഫ് ഐ ആം യുവർ എനിമി? വൈ യൂ ട്രീറ്റ് മി സൊ ക്രൂവലി? ടെൽ മീ… ടെൽ മീ
ഞാൻ അവന്റെ മുന്നിൽ കിതച്ചു കൊണ്ട് നിന്നു.
കാർത്തിക് ഒരു നിമിഷം സ്തബ്ധനായെന്ന് തോന്നുന്നു.
പെട്ടെന്നാണ് എനിക്ക് ബോധോദയം ഉണ്ടായത്.. അയ്യേ എന്തിനാണിപ്പോ ഞാൻ അവന്റെ ക്യാബിനിലേക്ക് കയറിയത്… ആ ചിന്ത മനസ്സിൽ വന്നതും ഞാൻ വേഗം തിരിച്ചു പോരാൻ വേണ്ടി വാതിലിന്റെ അടുത്ത് എത്തിയതും എന്റെ കയ്യിൽ പിടി വീണിരുന്നു.
അങ്ങനെ പോയാലോ.. ലിയ ചോദിച്ചതിന് മറുപടി വേണ്ടേ.. വരൂ സീറ്റിൽ ഇരിക്കൂ
ഞാൻ എന്ത് ചെയ്യണം എന്നറിയാതെ നിന്നു.
എന്തായാലും മറുപടി കേൾപ്പിച്ചിട്ടേ മിസ്സ് ലിയയെ ഞാൻ പുറത്തേക്ക് വിടൂ
അത് കേട്ടതും ഞാൻ മെല്ലെ കസേരയിൽ പോയിരുന്നു.. എന്തായാലും ആകെ ചമ്മി നാശമായി.. ഇനി എന്തായാലും കാരണം കേൾക്കുക തന്നെ.. അതെങ്കിലും നടക്കട്ടെ.. അല്ലപിന്നെ.
ഫസ്റ്റ് ക്വസ്ട്യൻ എന്തായിരുന്നു ലിയാ .. ഹാ.. നീ എന്റെ ശത്രു ആണോ എന്നല്ലേ… അതിനിപ്പോ ഞാൻ എന്താ ഉത്തരം പറയാ… അവൻ ചിന്തിക്കുന്നത് പോലെ കുറച്ചു നേരം ചുണ്ടിൽ വിരൽ വെച്ച് ഇരുന്നു.. എന്നിട്ട് പെട്ടെന്ന് ചോദിച്ചു
നിന്റെ മമ്മി നിന്റെ പപ്പയുടെ എനിമി ആണോ..
ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു
പറയഡോ… നിന്റെ മമ്മി നിന്റെ പപ്പയുടെ എനിമി ആണോ..
അല്ല..
എന്റെ മമ്മിയെ എന്റെ പപ്പയും ശത്രു ആയിട്ടല്ല കാണുന്നത്.. അപ്പോൾ പിന്നെ നീ എനിക്കെങ്ങനെ എനിമി ആവും..
ഞാൻ ഒന്നും മനസിലാവാതെ അവനെ തുറിച്ചു നോക്കിയിരുന്നു..
എന്നെ ഇങ്ങനെ നോക്കി ദഹിപ്പിക്കല്ലേ മിസ്സ് ലിയാ.. ഞാൻ വെണ്ണീറായി പോകും..
ഇനി നെക്സ്റ്റ് ക്വെസ്ട്യൻ എന്തായിരുന്നു.. വൈ ഐ ട്രീറ്റ് യു സൊ ക്രൂവലി.. എന്നല്ലേ.
അതിപ്പോ എന്താണെന്ന് പറഞ്ഞാൽ….കെട്ട് കഴിഞ്ഞാൽ മരണം വരെ സ്നേഹത്തോടെ ജീവിക്കണ്ടവരല്ലേ നമ്മൾ.. അപ്പോൾ ഇപ്പോഴല്ലേ എനിക്ക് ഇങ്ങനെയൊക്കെ പെരുമാറാൻ പറ്റൂ..
ആരുടെ കെട്ട് ഡോ… അനാവശ്യം പറയുന്നോ നീ..
ഞാൻ വിറപൂണ്ട് നിന്നു
അയ്യേ ഇയാൾ എന്തിനാ ഇങ്ങനെ റൈസ് ആവുന്നേ.. കെട്ട് എന്ന് പറഞ്ഞപ്പോൾ ഇയാൾ എന്നതാ വിചാരിച്ചേ.. നമ്മുടെ കല്യാണം ആണെന്നോ… ഒന്ന് പോയേ കൊച്ചേ… നിന്നെ കെട്ടാൻ ഞാൻ കണ്ണുപൊട്ടൻ ആയിരിക്കണം..
ഞാൻ പല്ലു കടിച്ചു കൊണ്ട് വേഗം എണീറ്റ് തിരിഞ്ഞു നടന്നു.
അയ്യോ പോവല്ലേ.. അവൻ ഓടിവെന്ന് എനിക്ക് കുറുകെ നിന്നു
ഇനിയിപ്പോ കൊച്ചിന് അങ്ങനെ വല്ല ആഗ്രഹോം മനസ്സിൽ തോന്നിയിട്ടുണ്ടെങ്കിൽ കുറ്റം പറയാനും പറ്റില്ല.. കൊച്ചിന്റെ പ്രായം അതാണല്ലോ..പിന്നെ ഒരു ചുള്ളൻ പയ്യനെ കാണുമ്പോ ആരുടെ ആയാലും മനസ്സൊന്നു ഇടറി എന്ന് വരും..അതൊരു കുറ്റമല്ലന്നേ..
ഒരു ചുള്ളൻ… ചുള്ളികമ്പ് എന്ന് പറയെടോ
ഞാൻ പല്ലിരുമ്പി പറഞ്ഞു
ആഹാ കൊച്ചിന് ദേഷ്യം പിന്നേയും വന്നോ.. എന്നാൽ പിന്നെ അത് തണുപ്പിച്ചിട്ടു തന്നെയുള്ളൂ കാര്യം.
ഈ ഫോണിലേക്കൊന്ന് നോക്കിയേ… അവൻ പെട്ടന്ന് അവന്റെ ഫോൺ എന്റെ മുന്നിലേക്ക് നീട്ടി..
ഞാൻ അതിലേക്ക് നോക്കാനേ പോയീല
ഈ ആഴ്ചവരും അടുത്ത ആഴ്ച വരും എന്ന് പറഞ്ഞ് നീട്ടി നീട്ടി 3 മാസം കഴിഞ്ഞു എന്നെ പറ്റിക്കാൻ തുടങ്ങിയിട്ട്.. ഇന്ന് എനിക്ക് കൃത്യമായി അറിഞ്ഞേ തീരൂ…. അതും ഇയാൾടെ നാവ് കൊണ്ട് തന്നെ കേൾക്കണം.. പറയൂ … വേഗം പറയൂ..
ഇത്രയും പറഞ്ഞ് അവൻ എന്റെ മുന്നിൽ കൈ കെട്ടി നിന്നു.
തലയ്ക്കു സൂക്കേട് ആണെന്ന് ആദ്യമേ തോന്നിയിരുന്നു ..പക്ഷേ ഇത്രയ്ക്കും മുഴു വട്ടാണെന്ന് അറിഞ്ഞിരുന്നില്ല..
ഞാൻ പരിഹസിച്ചു കൊണ്ട് പറഞ്ഞു
അയ്യോ വല്ലാത്തൊരു അളിഞ്ഞ കോമഡി ആയി പോയല്ലോ മോളെ .. അതുപോട്ടെ ഇയാൾ എന്നാ നാട്ടിലേക്ക് പോകുന്നെ..
അതെന്തിനാ ഞാൻ ഇയാളോട് പറയുന്നേ? എനിക്ക് ഇഷ്ട്ടമുള്ളപ്പോ പോകും
പെട്ടെന്നവൻ എന്റെ മുഖത്തിന് നേരെ അവന്റെ ഫോൺ വെച്ചു..
ഇതിലെ കൊച്ചിനെ കണ്ടോ താൻ.. 3 മാസം ആയി ഈ കൊച്ചിന്റെ വീട്ടുകാർ എന്നെ പറ്റിക്കാൻ തുടങ്ങിയിട്ട്. ഓരോ ഞായറാഴ്ചയും ഞാൻ പെണ്ണ് കാണാൻ വേണ്ടി ഒരുങ്ങി നിൽക്കുമ്പോൾ അപ്പോ വിളി വരും കൊച്ച് ഈ ആഴ്ചയും നാട്ടിൽ എത്തിയിട്ടില്ല എന്ന്പറഞ്ഞ് ..അങ്ങനെയിപ്പോൾ 12 ഞായാറാഴ്ചകൾ ആയി ഞാൻ ഇങ്ങനെ ശശി ആവാൻ തുടങ്ങിയിട്ട്..ഞാൻ ആണെങ്കിൽ ആദ്യത്തെ പെണ്ണ് കാണലിന്റെ എക്സൈന്റ്റ്മെന്റിലും.. ഇത് ആ കൊച്ചുണ്ടോ അറിയുന്നു..
ഞാൻ ആ ഫോണിലേക്ക് ഒന്ന് നോക്കി.. എന്നിട്ട് ദേഷ്യത്തോടെ പറഞ്ഞു..
എന്നാൽ ഇതിലെ കൊച്ച് ഇനി നാട്ടിലേക്ക് പോകുന്നേയില്ല.. ഇതിന് വേണ്ടി മാറ്റിവെച്ച വെള്ളം അങ്ങോട്ട് കളഞ്ഞോളൂ ട്ടോ…
അങ്ങനെ ഒറ്റയടിക്ക് പറയല്ലേടോ.. ആദ്യമായി ചങ്കിനകത്തു കയറിക്കൂടിയ പെണ്ണാ…
അതിന് ഒരാൾടെ ചങ്കിൽ മാത്രം കയറിക്കൂടിയാ മതിയോ.. ഇതിലെ കൊച്ചിന്റെ ചങ്കിൽ എന്താണെന്ന് അറിയോ ഇയാൾക്ക്..
ഹാ അറിയാം.. കൊച്ച് വർക്ക് ചെയ്യുന്ന ഓഫീസിലെ ഒരു ചുള്ളൻ പയ്യൻ ആണ് ആ ഹൃദയം നിറയെ എന്നറിയാം…
ഓഹ്. വല്ലാത്തൊരു കണ്ടുപിടുത്തം ആയല്ലോ.. തല വെയിൽ കാണിക്കല്ലേ കെട്ടോ..
ഞാൻ ഗീതുവിനോടും അഞ്ജുവിനോടും സംസാരിക്കുമ്പോൾ ഇയാൾക്കെന്താ ഇത്ര അസൂയ.?
എനിക്കോ.. അസൂയയോ.. ഇയാൾക്ക് ശരിക്കും വട്ട് തന്നെ ആണല്ലേ
അതേ.. എനിക്ക് അസ്സൽ വട്ട് തന്നെയാ.. ഓഫീസിലെ കൂടെ വർക്ക് ചെയ്യുന്ന ഒരു കുട്ടിയോട് പ്രണയം തോന്നുന്നത് വട്ടാണെങ്കിൽ… എനിക്ക് മുഴുത്ത വട്ട് തന്നെയാണ്.. ഞാൻ സമ്മതിച്ചു.. അതും പോരാഞ്ഞ് നാട്ടിൽ എനിക്ക് വേണ്ടി അമ്മ നോക്കി വെച്ച കുട്ടിയും എന്റെ മനസ്സിലെ കുട്ടിയും ഒന്നാണെന്നു അറിയുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഉണ്ടല്ലോ… അതും വേറൊരു വട്ട് തന്നെയാ… എന്തായാലും എന്റെ വട്ട് ഇയാളോടാണെന്ന് മാത്രം…
ഹാ അത് മനസ്സിലായി.. അതുകൊണ്ടാണല്ലോ കിട്ടുന്ന അവസരത്തിൽ എല്ലാം എന്നെ എല്ലാവരുടെയും മുന്നിൽ വെച്ച് ഇൻസൾട്ട് ചെയ്യുന്നത്..
അത് ഇനിയും പറയും.. അമലിന്റെ കൂടെ ഒരു പരിധി വിട്ട് നിന്നെ കണ്ടാൽ…ചീത്ത മാത്രമല്ല…അഞ്ജുവും ഗീതുവും എന്റെ ഇടവും വലവും എപ്പോഴും ഉണ്ടാവുകയും ചെയ്യും …
എങ്കിൽ നടുവിൽ കൂടി ഒരാളെ ഇരുത്തി കൂടെ.. എന്തിനാ കുറയ്ക്കുന്നേ
ഹാ നോക്കട്ടെ…. അതിന് നീ ആദ്യം എന്നാ നാട്ടിലേക്ക് പോകുന്നതെന്ന് പറയെന്റെ കൊച്ചേ..എന്റെ ആദ്യത്തെ പെണ്ണ് കാണലാ
ഹോ എന്റെ പിന്നെ നൂറാമത്തേത് ആണല്ലോ ഇയാളുടെ പറച്ചിൽ കേട്ടാൽ..
ആണോ എന്നാൽ സേയിം പിച്ച്…
നീ എന്നെ പിച്ചുന്നോ… എടാ
നിന്നെ ഞാൻ…
അവൾ തല്ലാൻ ആയി നിന്നതും അവൻ അവിടെ നിന്നും ഓടി.. അവൾ പിന്നാലെയും
അങ്ങനെ അവരുടെ പ്രണയകാവ്യം അവിടെ രചിക്കുകയായിരുന്നു
ശുഭം





