23/04/2026

രാത്രിമഴ : ഭാഗം 02

രചന – ജിഫ്ന നിസാർ

ഒരുപാട് നടന്ന വഴിയിൽ കൂടി നടക്കുമ്പോൾ ശരീരം വിറക്കുണ്ട്..ജീവിതത്തിന് നിറം പകരാനുള്ള ഓട്ടത്തിൽ ആയിരുന്നു അന്നൊക്കെ.

ഇന്നിപ്പോൾ നരച്ചൊരു പഴം തുണി പോലെ… അതേ ജീവിതം..

ആയതല്ലല്ലോ.. ആക്കിയതല്ലേ..

ഒരുപാട് പ്രതീക്ഷയോടെ ആണ് ജോലിക്ക് ജോയിൻ ചെയ്തത്..

വിചാരിച്ച പോലെ ആരും മാറ്റി നിർത്തിയില്ല.. തുടക്കത്തിൽ ഉണ്ടായേക്കാവുന്ന കുഞ്ഞു കുറവുകൾ ക്ഷമയോടെ തിരുത്താൻ ചുറ്റും ഒരുപാട് സ്നേഹം നിറഞ്ഞ ആളുകൾ..

പുതിയ അനുഭവങ്ങൾ..

ശ്രീ ജിത് സാറിന്റെ വേണ്ട പെട്ട കുട്ടി എന്നൊരു ലേബലിൽ എല്ലാർക്കും നിറഞ്ഞ സ്നേഹം..

എല്ലാർക്കും ശ്രീ ഏട്ടൻ ആയവൻ.. തനിക്കു ജിത്തേട്ടൻ ആയിരുന്നു..

നിറയെ തമാശകൾ പറയുന്ന ജിത്തേട്ടൻ കാണുമ്പോൾ ഒക്കെയും തനിക്കു മാത്രം ഒരു കുഞ്ഞു ചിരി ബാക്കി വെക്കും പോലെ..

ചിലപ്പോൾ സ്കൂളിൽ പോവും വഴിയിൽ കാണാറുണ്ട്..

പോരുന്നോ ന്ന് കണ്ണിറുക്കി ചോദിക്കും..

ഇല്ലെന്ന് പറയുമ്പോൾ വെറുതെ ചിരിച്ചു പോവും..

ആളെ കാണുമ്പോൾ മാത്രം മിടിക്കാൻ മടി ക്കുന്ന ഹൃദയം…

വേണ്ട.. അത് വേണ്ട.. മറ്റൊരു ജയ്സും സുജാതയും ആവാൻ ഇനി വയ്യ..

സ്വന്തം എന്ന് പറയാൻ ചുറ്റും ഒത്തിരി ആളുകൾ ഉണ്ടായിട്ടും ഒറ്റപെട്ടു ജീവിക്കാൻ ഇനി മറ്റൊരു തലമുറയെ പടച്ചു വിടാൻ വയ്യ..

ആ കണ്ണിലും തന്നെ കാണുമ്പോൾ വിരിയുന്ന നക്ഷത്രപൂക്കൾ.. വേദനയോടെ അവഗണിച്ചു..

ജീവിതം കുറച്ചു കൂടി നിറമുള്ള കാഴ്ചകൾ സമ്മാനിച്ചു..
തറവാട്ടിൽ ഉള്ളവർ ശീത സമരം ഇത്തിരിയെങ്കിലും കുറച്ചു എന്ന് തോന്നിയത് പുതിയ തലമുറചിരിക്കാൻ പഠിച്ചത് അറിഞ്ഞപ്പോൾ ആയിരുന്നു..

തല മൂത്തവർ ഇപ്പോഴും പകയും കെട്ടിപിടിച്ചു ഇരിപ്പുണ്ട്..

പക്ഷേ വിശാകൻ മാമന്റെ ഭാര്യ സുലോചന അമ്മായിയും ബാക്കി വരുന്ന കുട്ടികളും നോക്കി ഒരു കുഞ്ഞു ചിരി എങ്കിലും തരാൻ തയ്യാറാണ് എന്നത് കുറച്ചൊന്നുമല്ല സന്തോഷം നൽകിയത്..

വിശാകൻ മാമന്റെ മക്കൾ അശ്വിൻ എന്ന അച്ചുവേട്ടൻ… മകൾ ആവണി… എന്ന വേണി..

അശോകൻ മാമന്റെ ഭാര്യ ദേവകി അമ്മായി പിന്നെ മൂപരുടെ റൂട്ട് തന്നെ ആണ്..
പക്ഷേ മകൾ ശ്രീ കുട്ടി ജിത്തേട്ടനെ പോലെ തന്നെ..
പിന്നെ വല്യമ്മയുടെ മക്കളായ നീരവ് ചേട്ടൻ… നിരഞ്ജൻ ചേട്ടൻ… നീലിമ..

ചേട്ടൻ മാരൊക്കെ ജോലിക്കാർ ആണ്.. പക്ഷേ പെൺ പടകൾ മുഴുവനും പഠിക്കുന്നുണ്ട്…

കൂട്ട് കൂടാൻ ഒരു അവസരം കാത്തിരുന്നു എന്നത് പോലെ ആയിരുന്നു പിന്നീട് അങ്ങോട്ട്‌…

സുഭദ്ര വല്യമ്മ ആരും അറിയാതെ വന്നു അമ്മയെ കണ്ടു പോകുന്നത് ഒരിക്കൽ താനും കണ്ടു പിടിച്ചു..

അതികം കൂട്ട് വേണ്ട.. അത് പിന്നെ സങ്കടം നൽകും എന്നൊക്കെ ഉള്ളിൽ ഉണ്ട്.. പക്ഷേ ദാഹിച് വല ഞ്ഞവൾക്ക് കിട്ടിയ വെള്ളതുള്ളികൾ പോലെ ആയിരുന്നു അവർ തനിക്ക്…

അപ്പൻ പോയെ പിന്നെ അറിഞ്ഞോന്നു ചിരിച്ചത് ഇവിടെ വന്നിട്ടാണ്.. ഇവരുടെ കൂടെ ഇരുന്നപ്പോൾ..

കാര്യം ഒന്നും അറിയില്ലേലും അമ്പിളിയും കൂടെ തന്നെ ഇരിക്കും..

അവൾക്ക് അറിയില്ലേലും മറ്റുള്ളവരുടെ മനസ്സിൽ അവളും സ്വന്തം തന്നെ ആണല്ലോ..

“പുതിയ കൂട്ടൊക്കെ കിട്ടിയപ്പോൾ നമ്മൾ പുറത്ത്.. ഈ ഉള്ളവൻ ഉണ്ടാക്കി തന്നതാണ് കേട്ടോ പുതിയ ബന്ധം ഒക്കെയും..”

കുസൃതി ചിരിയോടെ.. ചെറിയ ഒരു പരിഭവം പോലെ ജിത്തേട്ടൻ ഒരിക്കൽ പറഞ്ഞു.

അത്ഭുതം തോന്നിയില്ല..
ഒറ്റപെട്ടു എന്ന് തോന്നിയപ്പോൾ കൈയിൽ പിടിച്ചു ധൈര്യം നൽകിയ ആളാണ്‌..

“അങ്ങനെ ഒന്നും ഇല്ല ജിത്തേട്ട.. പക്ഷേ ഹൃദയം നിറഞ്ഞ നന്ദി ഉണ്ട് കേട്ടോ.. മറക്കില്ല ഞാൻ മരിക്കും വരെയും ‘

ചിരിച്ചു കൊണ്ട് തന്നെ ആണ് പറഞ്ഞത്..

“വേണ്ട.. മറക്കണ്ട.. പകരം കൂടുതൽ തെളിച്ചമോടെ ഓർക്കാൻ ഞാൻ ഒരു താലി കെട്ടി എന്റെ കൂടെ ചേർക്കട്ടെ ”

സിംപിൾ ആയിരുന്നു ചോദ്യം..

കണ്ണടകുള്ളിലെ തിളങ്ങുന്ന കണ്ണിൽ മുഴുവനും പ്രണയം മാത്രം..

ഇതിപ്പോൾ പറയുമെന്ന് തോന്നിയില്ല..

ശ്വാസം വിടാൻ കൂടി മറന്നു പോയിരുന്നു..
പെട്ടന്ന് കേട്ടപ്പോൾ.. ആളെ പറ ഞ്ഞു തിരുത്തി റൂട്ട് മാറ്റിക്കാൻ പ്ലാൻ വരെയും റെഡി ആക്കിയ ആളാണ്‌ താൻ.. ഇപ്പോൾ പക്ഷേ നാവ് ഇറങ്ങി പോയ പോലെ..

“കണ്ട അന്ന് മുതൽ സ്നേഹിച്ചു എന്നൊന്നും പറഞ്ഞു ഷോ കാണിക്കുന്നില്ല.. അടുത്തറിഞ്ഞപ്പോൾ മുതൽ എന്റെ ഉള്ളിലുണ്ട്.. ഉറക്കം പോലും കെടുത്തി കൊണ്ട്.. പാതി വഴിയിൽ ഉപേക്ഷിച്ചു കളയില്ല.. എതിർക്കുന്നവരെ കൊല്ലാനും തല്ലാനും ഒന്നും പോവില്ല.. പക്ഷേ ഇഷ്ടം ആണെന്ന് എനിക്കൊരു വാക്ക് തന്നാൽ.. ഇനി അങ്ങോട്ട്‌ തനിച്ചാക്കി പോവില്ല ഞാൻ..”
ആർദ്രമായി പറയുന്നവനോട് പറ്റില്ല എന്ന് പറയാൻ ഹൃദയം പോലും മടിച്ചു..

ഒരക്ഷരം പോലും മിണ്ടാൻ ആയില്ല..

“അറിയാം… നിനക്ക് ഒരുപാട് പ്രശ്നങ്ങൾ മുന്നിലുണ്ട് എന്നതൊക്കെ. അതൊക്കെ മറന്നു കളയാൻ ഒരിക്കലും ഞാൻ പറയില്ല.. കാത്തിരുന്നോളാം…എന്റെ ആവാൻ നീ ഒരുങ്ങുന്നത് വരെയും “കുഞ്ഞു ചിരിയോടെ പറയുന്നവനെ തിരിച്ചു സ്നേഹിക്കാതിരിക്കാൻ ഒരു കാരണം ചികഞ്ഞു ഹൃദയം മുഴുവനും..

“ചുമ്മാ റോമാൻസ് കളിച്ചു നടക്കാനൊന്നും എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല ദേവു… പക്ഷേ ഒരു കൂട്ട് വേണം എന്ന് തോന്നുമ്പോൾ നിന്റെ മുഖം ഓടി വരുന്നുണ്ട് എന്റെ ഉള്ളിൽ.. എനിക്ക് ഇഷ്ടംആണ്.. എന്നെയും ഇഷ്ടപെടാൻ കഴിയും എങ്കിൽ… നമ്മുക്ക് ഒരുമിച്ച് ജീവിച്ചൂടെ ടോ.. ഇങ്ങനെ ഒറ്റയ്ക്ക് സഹിച്ചു മടുത്തില്ലേ.. പാതി ഇനി ഇങ്ങോട്ട് താ.. ഞാനും സഹായിക്കാൻ കൂടാം…”

കണ്ണുകൾ നിറഞ്ഞു പോയിരുന്നു..

പ്രിയാ എന്നുള്ളത് ദേവൂ ന്നാക്കി മാറ്റിയിരിക്കുന്നു..

കാരണം താനിപ്പോ ആൾക്ക് സ്പെഷ്യൽ ആവും.. പക്ഷേ അത് വേണ്ട..

ആരൊക്കെയോ ചേർന്ന് ചവിട്ടി താഴ്ത്തിയ ചതുപ്പിൽ നിന്നും ഒന്നുയർന്നു വരുന്നേ ഒള്ളു.. ഇപ്പോഴും കരയിൽ എത്തിയിട്ടില്ല..
കാണുമ്പോൾ തന്നെ മുഖം കയറ്റി പിടിക്കുന്ന ജിത്തേട്ടന്റ കുടുംബം മുഴുവനും ഒരിക്കലും ഇത് അംഗീകരിച്ചു തരില്ല..

ഒരായുസ്സ് മുഴുവനും കാത്തിരുന്നാലും..
വെറുതെ എന്തിനാ ജിത്തേട്ടന്റെ ജീവിതം കൂടി..

” മനസ്സിൽ ആഗ്രഹിക്കുന്ന പോലൊരു ഏട്ടനായി അല്ലെ ജിത്തേട്ട ഞാനും നിങ്ങളെ കണ്ടിട്ടുള്ളു.. അത് പക്ഷേ ഇങ്ങനെ ഒരു മോഹം ഉള്ളിൽ കടന്നു കൂടി എന്ന് ഞാനും അറിഞ്ഞില്ല.. ”

കണ്ണുകൾ അമർത്തി തുടച്ചു അവനോടു പറയുമ്പോൾ പക്ഷേ അവന്റെ ചിരി അത് പോലെ തന്നെ ഉണ്ട്..

“നുണ പറയാൻ നിനക്ക് അറിയില്ല ദേവൂ ”

കണ്ണടച്ച് ചിരിക്കുന്നവനെ പകച്ചു നോക്കി..

“ദയവായി ഇങ്ങനെ ഒരു മോഹം ഇനിയും വളർത്തി വലുതാക്കാരുത്.. ഒടുക്കം അത് പറിച്ചെറിയാൻ കഴിയാത്ത പോലെ വേര് പടർത്തി കൊന്നു കളയും… എനിക്ക് പേടിയാണ് ജിത്തേട്ട.. അപ്പനും അമ്മയും ഒന്നായപ്പോൾ ഉള്ള ദേഷ്യം തന്നെ ഇപ്പോഴും ബാക്കി ആണ്.. ഇനി മറ്റൊരു പക കൂടി അനുഭവിക്കാൻ വയ്യ…”

മങ്ങിയ ചിരിയിൽ പറയുമ്പോൾ ജിത്തേട്ടൻ മിണ്ടാതെ കേട്ട് നിന്നു..

“പ്രണയം ഒക്കെ മോഹിക്കാൻ മാത്രം എനിക്ക് മുന്നിൽ ജീവിതം അത്ര മനോഹരമല്ല ജിത്തേട്ട… ഇപ്പൊ കിട്ടുന്ന ഈ സന്തോഷം തന്നെ എന്തോ ഭാഗ്യം ആവും.. ഒരുപാട് ആളുകൾക്കിടയിൽ സ്നേഹം അനുഭവിച്ചു വളർന്ന ജിത്തേട്ടന് എന്റെ ഇപ്പോഴത്തെ ഫീൽ മനസ്സിലാവില്ല.. എത്രയൊക്കെ ഞാൻ പറഞ്ഞു തന്നാലും..”

ആള് ഒന്നും മിണ്ടുന്നില്ല.. പക്ഷേ കണ്ണിൽ കുസൃതി അത്‌ പോലെ തന്നെ ഉണ്ട്..

“നന്ദിയുണ്ട്.. വാക്കുകൾ കൊണ്ട് പറയാവുന്നതിലും അതികം.. മറ്റാർക്കും അറിയാൻ കഴിയാത്ത എന്നെ ചേർത്ത് പിടിച്ചത്തിന് … വീട്ടിലുള്ളവരെ മുഴുവനും സ്നേഹം എന്നിലേക്ക് പടർന്നു എങ്കിൽ അതിനു കാരണം നിങ്ങളാവും എന്ന് പറയാതെ തന്നെ എനിക്ക് അറിയാം.. ഒരു കോളേജ് ആദ്യപകന് ഇനിയും എത്രയോ നല്ല ബന്ധം മോഹിക്കാം.. വെറുതെ ഇതിൽ മനസ്സ് കെട്ടി ഇടരുത്… അപേക്ഷ ആണ്.. ഞാൻ മോഹിച്ച ഒന്നും എനിക്ക് കിട്ടാറില്ല.. വെറുതെ വേദന തിന്നാൻ എനിക്ക് വയ്യിനി…”

വാക്കുകൾ ഇടറി പോയിരുന്നു…

“ഇതൊക്കെ എനിക്ക് അറിയാലോ ദേവൂ.. കാത്തിരിക്കാം എന്നല്ലേ ഞാൻ പറഞ്ഞത്..”

കൈകൾ നെഞ്ചിൽ കെട്ടി പറയുന്നവനെ നോക്കി ചിരിച്ചു..

“എത്ര കാലം… എത്ര കാലം ജിത്തേട്ട.. മരിച്ചു മണ്ണോടു ചേർന്നിട്ടും… എന്റെ അപ്പനോട് ക്ഷമിക്കാത്തവർ.. പാതി മരിച്ചിട്ടും സ്വന്തം കൂടപ്പിറപ്പിനെ ചേർത്ത് പിടിക്കാൻ കഴിയാത്തവർ.. അവരാണ് മുന്നിലുള്ളത്… ചരിത്രം ഒന്നൂടെ ആവർത്തനം ചെയ്യും… ഞങ്ങൾ വളർന്നു വന്നത് പോലെ… എല്ലാരും ഉണ്ടായിട്ടും.. വേണ്ട… വേണ്ട… ഇതിവിടെ വെച്ചു മറന്നേക്കൂ.. ഒരു അനിയത്തി ആയി ഞാൻ ആ മനസ്സിൽ ഉണ്ടാവട്ടെ.. അങ്ങനെ… അങ്ങനെ മതി…”

ഇത്രയും പറഞ്ഞിട്ടും ആ ചിരി മാഞ്ഞില്ല..

“എനിക്ക് ഇഷ്ടമാണ്… ഞാൻ കാത്തിരിക്കും ”

അത് മാത്രം പറഞ്ഞു വണ്ടി ഓടിച്ചു പോയി…

ഒന്നും മനസ്സിലായില്ല.. ഇത്രയും പറഞ്ഞിട്ടും ജിത്തേട്ടൻ ഇങ്ങനെ പറയും എന്ന് വിചാരിച്ചില്ല..

വീണ്ടും വീണ്ടും കാണേണ്ടി വന്നപ്പോഴും പ്രതീക്ഷ നൽകുന്ന ഒരു നോട്ടം പോലും നൽകിയില്ല.. പക്ഷേ കണ്ണുകൾ നിറയെ പ്രണയം ഒളിപ്പിച്ചു കൊണ്ട് ആ നോട്ടം നിഴൽ പോലെ ഉണ്ടായിരുന്നു..

നാളുകൾ ഓടി മറഞ്ഞു… ജീവിതം പുതിയൊരു താളം സ്വന്തമാക്കി..

തറവാട്ടിൽ നിന്നുള്ള സഹകരണം കൊണ്ട് കുറച്ചു കൂടി മെച്ചപ്പെട്ട സാഹചര്യം കൈവരിച്ചു..

അമ്മയ്ക്കും അമ്പിളിക്കും മാറ്റം ഒന്നും തന്നെ ഇല്ലേലും ആ ജീവിതത്തോട് പൊരുത്തപ്പെട്ടു..
അവർക്ക് വേണ്ടി ആണ് ഇനി ഈ ജീവിതം എന്ന് മനസ്സിൽ ഉറപ്പിച്ചു..
കാരണം താനൊരു ജീവിതം തേടുമ്പോൾ അവിടെ അനാഥരായി തീരുന്നത് അമ്പിളിയാണ്..
കാണുമ്പോൾ അസുഖം ഒന്നും ഇല്ലേലും ആ മനസ്സ് മുറിവേറ്റതാണ്..
മറ്റുള്ളവരുടെ കണ്ണിൽ അവളൊരു മനോരോഗി ആണ്..തന്നോടപ്പം അമ്പിളിയുടെ കാര്യം കൂടി ഏറ്റെടുക്കാൻ ആരും തയ്യാറാവില്ല..

അതേ ആതി അമ്മയുടെ കണ്ണിലും കാണാൻ കഴിഞ്ഞു..

മാമനും അമ്മായിയും മറ്റൊരു പെൺകുട്ടിയേ നേടി കൊടുക്കുമ്പോൾ ജിത്തേട്ടൻ എല്ലാം മറക്കും..

അപ്പോഴും ഉള്ളിലെ ഈ നീറുന്ന വേദന… അതിവിടെ തന്നെ അവസാനിക്കട്ടെ..
ഒരിക്കൽ
സ്കൂളിൽ നിന്നും വൈകുന്നേരം തിരിച്ചു വരുമ്പോൾ…. അറിഞ്ഞിരുന്നില്ല… അത്‌ വരെയും അനുഭവിച്ച സന്തോഷം… സമാധാനം.. അതിന്റെ അവസാനം അന്നാണ് എന്നത്..

അമ്പിളിയുടെ അലറി കരച്ചിൽ കേട്ട് ഓടി പിടഞ്ഞു ചെല്ലുമ്പോൾ…

അവളെ ബലമായി കടന്നു പിടിച്ച ഏട്ടൻ.. മദ്യത്തിന്റെ രൂക്ഷ ഗന്ധം ഉണ്ട് മുറിയിൽ..
അമ്മ എഴുന്നേറ്റു വന്നു കാര്യം അറിയാൻ കഴിയാത്തതിൽ… ഉറക്കെ ഓരോന്നു വിളിച്ചു ചോദിക്കുന്നുണ്ട്..

മരവിച്ചു പോയി ആ കാഴ്ച കണ്ടപ്പോൾ..

കൂടപ്പിറപ്പാണ്…

കുഞ്ഞു പെങ്ങാളാണ് എന്നുള്ളത് പോലും മറന്നു പോയിരിക്കുന്നു ഏട്ടൻ..
മറ്റൊരു അർത്ഥത്തിൽ അവളെ നോക്കുന്നവനെ കൊത്തി അരിയേണ്ടവൻ തന്നെ…

മദ്യം അത്ര മാത്രം മാറ്റം വരുത്തി തീർത്തു ഏട്ടനിൽ..

ഏട്ടന്റെ അലറി കരച്ചിൽ ആണ് ബോധം കൊണ്ട് വന്നത്..

കയ്യിൽ നിലവിളക്ക് പിടിച്ചു ഏട്ടന്റെ നേരെ അമ്പിളി..

മുടികൾ അഴിഞ്ഞു തൂകി… മുഖം നിറയെ ദേഷ്യം കൊണ്ട് ചുവന്നു…

ഏട്ടന്റെ തലയിൽ ആണ് അടി കൊണ്ടത്… രക്തം ഒഴുകി പടർന്നു തുടങ്ങി.. എന്നിട്ടും കലി തീരാത്ത പോലെ വീണ്ടും വീണ്ടും അവൾ ഏട്ടനെ…

തരിച്ചു പോയി…

ഏട്ടന്റെ പിടച്ചിൽ കണ്ടിട്ട് അവൾ ചിരിക്കുന്നുണ്ട്… പിന്നെ അത് അലറി കരച്ചിലായി..

കൈകാലുകൾ കുഴ്ഞ്ഞു കൊണ്ട് നിലത്തു ഇരുന്നു പോയിരുന്നു..
ഏട്ടന്റെ അവസാന പിടച്ചിലും നിന്ന് പോയിരുന്നു…

ആരൊക്കെയോ ഓടി വരുന്ന ശബ്ദം കേട്ട് ഞെട്ടി..
അമ്പിളിയുടെ നേരെ നോക്കി..

ചുവരിൽ ചാരി കൊണ്ട് അവളും നിലത്താണ് ഇരിക്കുന്നത്.. ഏട്ടന്റെ ശരീരം തുറിച്ചു നോക്കുന്നുമുണ്ട്..

ആ ഭാവം പേടിപ്പിച്ചു..

പുറത്ത് നിന്നുള്ള ശബ്ദം അടുത്തേക്ക് എത്തുന്നുണ്ട്..

ഇനി ഉള്ളത് വിധി ആവും.. അതിനവളെ എറിഞ്ഞു കൊടുക്കാൻ വയ്യ.. ഒരിക്കൽ മുറിവേറ്റവളാണ്… ഇനിയും…

പെട്ടന്നുള്ള ഒരു തോന്നലിൽ ചാടി എഴുന്നേറ്റു.. അമ്പിളിയുടെ അരികിൽ എത്തി..

മുഖത്തെ ചോര തുള്ളികൾ പെട്ടന്ന് സാരിയുടെ അറ്റം കൊണ്ട് തുടച്ചു നീക്കി..

പാറി പരന്ന മുടി ഇഴകൾ ഒതുക്കി വെച്ചു.. മുഖം അമർത്തി തുടച്ചു കൊടുത്തു…

ശേഷം താഴെ വീണ നിലവിളക്ക് കയ്യിൽ എടുത്തു.. അതിലെ ചോര കൈയ്യിൽ തേച്ചു പിടിപ്പിച്ചു…
ഹൃദയം വേവുന്ന ചൂടുണ്ട്..

കൂടപ്പിറന്നവനാണ്…. സ്വന്തം ചോരയാണ്.. ജീവനറ്റ് കിടക്കുന്നത്..

ആ തണലിൽ ജീവിതം എന്ത് മനോഹരം ആയിരുന്നേനെ.. ആ ചിറ കിൻ കീഴിൽ ഒതുങ്ങി നിൽക്കുമായിരുന്നല്ലോ ഏട്ടാ..

കണ്ണുകൾ വീണ്ടും നിറഞ്ഞു വന്നിരുന്നു..

ചുറ്റും ആള് കൂടുന്നതും.. കുറ്റപ്പെടുത്താൻ മത്സരം നടത്തുന്നതും വിധി പറയുന്നതും… പോലീസ് വരുന്നതും എല്ലാം… എല്ലാം ഒരു സ്വപ്നം പോലെ ചുറ്റും നടക്കുന്നുണ്ട്..

പക്ഷേ ഏട്ടന്റെ മുഖത്തു നിന്നും കണ്ണെടുത്തില്ല.. ഇനി ഒരിക്കൽ കൂടി ആ മുഖം കാണില്ലല്ലോ..

ഒന്നും തരേണ്ടിയിരുന്നില്ല… ചേർത്ത് നിർത്തേണ്ട.. എവിടെ എങ്കിലും ജീവനോടെ ഉണ്ടെന്ന് അറിയുന്നത് തന്നെ ഒരു ആശ്വാസം ആയിരുന്നല്ലോ..

കുറ്റം ഏറ്റെടുത്തു… കയ്യിൽ വിലങ്ങും വാങ്ങി പോകുമ്പോൾ അമ്മയുടെ ഹൃദയം പിടഞ്ഞ കരച്ചിൽ കേട്ടിരുന്നു…

ആരെയും നോക്കാൻ തോന്നിയില്ല..

അമ്പിളി അതേ ഇരുപ്പാണ്..

മാമന്മാരുടെ മുഖത്തെ പുച്ഛം നോക്കാതെ തന്നെ അറിയാം.. പക്ഷേ ഒരുപാട് സ്നേഹം തന്ന് കൂടപ്പിറപ്പിനെ പോലെ ചേർത്ത് നിർത്തിയ കുറച്ചു കസിൻസ്…
അവരുടെ മുഖം ദുഃഖം കൊണ്ട് ചുവന്നു പോയിരുന്നു..

ഉമ്മറത്തു തൂണിൽ ചാരി കുസൃതി മാത്രം വിരിഞ്ഞിരുന്ന കണ്ണിൽ നിറയെ വെള്ളം നിറച്ചും .. ചുവന്നു വിങ്ങിയ മുഖത്തോടെ നിൽക്കുന്നു ജിത്തേട്ടൻ..

വരണ്ടൊരു ചിരി പകരം നൽകി ജീപ്പിലേക്ക് കയറുമ്പോൾ ഹൃദയം ആർത്തു കരഞ്ഞു പോയിരുന്നു..
പക്ഷേ അപ്പോഴും കണ്ണുകൾ കട്ടക്ക് പിടിച്ചു നിന്നിരുന്നു..

ഓർമകൾ പൊള്ളിക്കുന്നു… ഇന്നും…
പ്രിയ മുഖം അമർത്തി തുടച്ചു..

ഏഴ് വർഷം തടവ്.. ഏട്ടന്റെ ബാക്ഗ്രൗണ്ട് മോശം ആയിരുന്നത് കൊണ്ടാണ് അത്ര കുറവ്..

നല്ലൊരു വക്കീലിനെ വെക്കാനൊന്നും ആരും മിനക്കേടില്ല എന്നത് ആദ്യം തന്നെ അറിയാം..
എല്ലാം മനസ്സറിഞ്ഞു സ്വീകരിച്ചു..

ജയിലിന്റെ തണുത്ത സിമന്റ് തറയിൽ മുഖം അമർത്തി കിടന്നു കഴിഞ്ഞു പോയ നാളുകൾ വെറുതെ ഓർത്താൽ… പിടിച്ചു നിൽക്കാനുള്ള ശക്തി കിട്ടും..
തോൽക്കാതിരിക്കാനുള്ള ബലം കിട്ടും..

അമ്മയും അമ്പിളിയും പലപ്പോഴും ഉറക്കം കെടുത്തി..
അമ്മമ്മയും ജിത്തേട്ടനും അരികിൽ ഉണ്ടല്ലോ എന്ന് സമാധാനം കണ്ടെത്തി..

ജിത്തേട്ടൻ…. അങ്ങോട്ടുള്ള ദൂരം ഇപ്പൊ ഒന്ന് കൂടി വലുതായി..

ഇനിയത് ആകാശത്തിലെ നക്ഷത്രം മോഹിക്കും പോലെ വിഡ്ഢിതമാണ്..

എപ്പോഴോ മോഹിച്ചു പോയിരുന്നു..

എല്ലാവരും അറിഞ്ഞു കൊണ്ട്… അനുഗ്രഹിച്ചു കൊണ്ട് ഒരു ഒന്നാവൽ..

വെയിൽ കനം വെച്ചു തുടങ്ങി… പ്രിയ നടത്തതിന് വേഗം കൂട്ടി..
ആരുടെയോ കരുണ…. രണ്ടു വർഷം കുറച്ച് കിട്ടി…
അഞ്ചു വർഷം… മനസ്സിൽ ഓർക്കാൻ കൂടി പറ്റാത്ത അത്രയും അനുഭവങ്ങൾ തന്നിരുന്നു..

സഹതടവുകാരുടെ കരുണ കൊണ്ട് പിടിച്ചു നിന്ന പീഡനം..

ഒരിക്കലും ഒരു പെൺകുട്ടിയും ഇനി ഇങ്ങോട്ട് വരരുതേ എന്ന് പ്രാർത്ഥന നടത്തിയതിനു കണക്കില്ല..

തറവാട്ട് വീടിന്റെ ഗേറ്റ് ദൂരെ നിന്നും കണ്ടപ്പോൾ തന്നെ പ്രിയ വീണ്ടും വിറച്ചു തുടങ്ങി.. നല്ലതൊന്നും അവിടെ കാത്ത് നിൽക്കുന്നില്ല എന്നറിയാം..

പക്ഷേ ഈ ലോകത്തിലെ തന്റെ വേണ്ടപ്പെട്ടവർ അവിടെ ആണല്ലോ.. പിന്നെ എങ്ങനെ പോവാതിരിക്കും..

കാലുകൾ പൊറുക്കി വെച്ചു അവൾ മുന്നോട്ടു തന്നെ നീങ്ങി…

തുടരും…