രചന – ജിഷ സുരേഷ്
അച്ഛൻ
രചന: ജിഷസുരേഷ്
രാമേട്ടൻ പണികഴിഞ്ഞ് വീട്ടിലേക്ക് തിടുക്കപ്പെട്ട് നടന്നു. ചായക്കടയിൽ നിന്ന് പൊതിഞ്ഞു വാങ്ങിയ പരിപ്പുവടയ്കപ്പോഴും നല്ല ചൂടായിരുന്നു.
ഉം…. വേഗം ചെല്ല്, .. വീട്ടില് ഇള്ളക്കുട്ടി കാത്തിരിക്കയല്ലേ… കൂട്ടുകാരൻ സദാശിവൻ സ്നേഹപൂർവ്വം കളിയാക്കിയത് കേട്ടിട്ടും രാമേട്ടൻ മറുപടി ഒരു പുഞ്ചിരിയിലൊതുക്കി.
ആ വയസ്സാം കാലത്തും അയാൾ മുടങ്ങാതെ കൂലിപ്പണിക്ക് പോകും. മകനെത്ര സ്നേഹപൂർവ്വം ശാസിച്ചിട്ടും അയാളാ പതിവ് മുടക്കാൻ കൂട്ടാക്കിയില്ല.
വഴിയിൽ കുശലം പറയാൻ നിന്ന നാണിച്ചേടത്തിയോട് തിടുക്കത്തിൽ യാത്ര ചോദിച്ചയാൾ വീട്ടിലേക്ക് നടന്നു. വീട്ടിൽ സീതക്കുട്ടി കാത്തിരിപ്പുണ്ടാകും.
മുറ്റത്തെ ബക്കറ്റിൽ നിന്ന് വെള്ളമെടുത്ത് കയ്യും, കാലും കഴുകി ഉമ്മറത്ത് ശോഭയോടെ കത്തുന്ന നിലവിളക്കിനെ വന്ദിച്ചയാൾ അകത്തേക്ക് നടന്നു.
സീതക്കുട്ടി വൈകീട്ടത്തെ കഞ്ഞിക്കുള്ള തോരൻ റെഡിയാക്കുകയാണ്. അദ്ദേഹത്തെക്കണ്ട് അവൾ പുഞ്ചിരിച്ചു. അയാൾ നീട്ടിയ പൊതിയവൾ സന്തോഷത്തോടെ മണത്തുനോക്കി. അവൾക്കേറെയിഷ്ടമുള്ള പലഹാരമായിരുന്നുവല്ലോ പരിപ്പുവട.
എങ്ങനുണ്ടു മോളേ….?
ഇന്നു നീ ശർദ്ദിച്ചോ..?
അവൾ ഇല്ലെന്നു തലയാട്ടി.
സീതക്കുട്ടി രാമേട്ടന്റെ ഒരേയൊരു പുത്രൻ വിനോദിന്റെ ഭാര്യയാണ്. വിനോദിന് കുറച്ചകലെയാണ് ജോലി. ആഴ്ചയിലൊരിക്കലേ അയാൾ വീട്ടിലെത്താറുള്ളു. സീതക്കുട്ടി ഗർഭിണിയായതിൽ പിന്നെ രാമേട്ടന് വല്ലാത്ത ടെൻഷനാണ്. അവളെ ഒറ്റക്കാക്കി പോകുന്നത് അയാൾക്ക് ഇഷ്ടമുള്ള കാര്യമല്ല. പക്ഷേ സീതക്കുട്ടി സമ്മതിക്കില്ല.
തനിക്കിപ്പോ യാതൊരു കുഴപ്പവുമില്ല, അച്ഛൻ ജോലിക്കു പോകാതെപ്പറ്റില്ലെന്നു പറഞ്ഞവൾ നിർബന്ധിച്ച് പറഞ്ഞയക്കും.
അവൾക്കറിയാം അച്ഛന് ആവതുള്ള കാലംവരെ ജോലിയെടുക്കുന്നതാണിഷ്ടമെന്ന്. വന്ന
കാലത്ത് അച്ഛനിനി വീട്ടിൽ വിശ്രമിക്കാൻപറഞ്ഞ് ഏറെ നിർബന്ധിച്ചിരുന്നു അവൾ. പക്ഷേ അന്നേരമമ്മ പറയും വെറുതെയിരുന്നാൽ വേണ്ടാത്ത രോഗമെല്ലാം വന്നെത്തി നോക്കുമെന്ന്. അന്നങ്ങനെ പറഞ്ഞ അമ്മ പിന്നെത്രയോ കാലം കിടപ്പു രോഗിയായി വീട്ടിൽ നരകിച്ചു കഴിഞ്ഞു.
മോളേ… ഡോക്ടറെ കാണേണ്ട തീയതി എന്നാണെന്നറിയ്യോ.. നിനക്ക്…?നീയ് വിനോദിനെ വിളിച്ചിന്നു തന്നെ ചോദിക്ക്. അച്ഛന് പട്ടണത്തിലൊന്നും പോയിട്ടത്ര ശീലമില്ല. അതോണ്ടാ.
കുളികഴിഞ്ഞ്, വൈകീട്ടത്തെ കഞ്ഞിയും തോരനും കഴിച്ച്, ഉമ്മറത്തിരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു.
സീതക്കുട്ടിയുടെ കണ്ണുകൾ നിറഞ്ഞു. അവൾ തന്റെ സ്വന്തം പിതാവിനെക്കുറിച്ചാണോർത്തത്. .
താനേഴാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് തന്നേയുമമ്മയേയും ഉപേക്ഷിച്ച് അച്ഛൻ വേറൊരു സ്ത്രീക്കൊപ്പം എങ്ങോട്ടോ പോയത്. പിന്നീടേറെ കഷ്ടപ്പെട്ടാണമ്മ തന്നെ വളർത്തിയത്. അതോടെയമ്മ പുരുഷ വർഗ്ഗത്തിനെയപ്പാടെ വെറുത്തുപോയി. ആരേയും വിശ്വാസമില്ലാതായി അമ്മക്ക്.
തന്നെ വിവാഹം കഴിപ്പിച്ചയച്ചപ്പഴും ഒത്തിരിയുപദേശംകൊണ്ടമ്മ മനസ്സു മടുപ്പിച്ചിരുന്നു.
പക്ഷേ ഇവിടെത്തിയപ്പോൾ അനുഭവിച്ച സ്നേഹം, അതുവരെയനുഭവിച്ച പൊള്ളുന്ന നോവിനെയെല്ലാം മായ്ച്ചു കളഞ്ഞു.
പക്ഷേ തന്റെ സന്തോഷത്തിൽ താൻ മതിമറന്നത് കണ്ടസൂയപ്പെട്ടിട്ടോയെന്തോ ഈശ്വരൻ വിനോദേട്ടന്റെയമ്മയെ തങ്ങളിൽ നിന്ന് വേഗം തട്ടിയെടുത്തു.
വിനോദേട്ടൻ ജോലിക്കുപോയിക്കഴിഞ്ഞ് അമ്മയില്ലാ ശൂന്യതയിൽ താനുമച്ഛനും ഏറെ സങ്കടപ്പെട്ടു.
ഒരിക്കെ തന്നെ കാണാനെത്തിയപ്പോൾ അമ്മ പറഞ്ഞു.
മോളെ.. ഇനി നീ വിനോദിനോട് ഇവിടെങ്ങാനും വല്ല ജോലിയും തരപ്പെടുത്താൻ പറയ്. അല്ലെങ്കിൽ നീ നമ്മുടെ വീട്ടിൽ വന്ന് നിൽക്ക്.
നീ കൊച്ചുപെണ്ണാ. വയസ്സായെന്നൊന്നും കരുതണ്ട. ആരേയും വിശ്വസിക്കാൻ കൊള്ളില്ല. നിന്നേയും ഇങ്ങേരേയും തനിച്ചാക്കിപ്പോകാൻ എനിക്ക് ഇഷ്ടമില്ല.
ഒരു നിമിഷം സ്തബ്ധയായി നിന്നു പോയെങ്കിലും ഞാനമ്മയോട് അന്നാദ്യമായി വല്ലാതെ കയർത്തു.
എനിക്കറിയാമായിരുന്നു എന്റമ്മയെ. എന്റച്ഛനെ ഒരുപാടു സ്നേഹിച്ചിരുന്നു ആ പാവം. ഒടുവിൽ ചതിക്കപ്പെട്ടെന്നറിഞ്ഞപ്പോൾ സമനില തെറ്റിയില്ലെങ്കിലേ അൽഭുതമുള്ളൂ. മനുഷ്യരിലുള്ള വിശ്വാസവും നഷ്ടമായിരുന്നു അമ്മക്ക്.
അന്നമ്മ ഒരുപാട് കരഞ്ഞാണ് പോയത്.
ഞാൻ നിസ്സഹായയായിരുന്നു. ഒരുവശത്ത് വിലമതിക്കാനാവാത്ത പിതൃവാൽസല്യം. മറുവശത്ത് പെറ്റവയറിനെ നോവിച്ചുവിടേണ്ടി വന്നതിലുള്ള അതിയായ വേദന.
പക്ഷേ കാലം അമ്മയ്ക് ഒരുപാടു തിരിച്ചറിവുകളാണ് നൽകിയത്. ഗർഭിണിയായ മരുമകളെ ഇത്ര കരതലോടെ നോക്കുന്ന എത്ര അമ്മായിയച്ഛൻമാരുണ്ട് ഈ ലോകത്ത്. ആയിരത്തിലൊരുവൻ. അമ്മ എല്ലാം കണ്ടറിയുകയായിരുന്നു.
മോളേ…… നീയെന്താ ആലോചിചിരിക്കുന്നത്. ഉമ്മറത്തിരുന്ന് മഞ്ഞുകൊണ്ട് പനിപിടിപ്പിക്കേണ്ട. പോയിക്കിടന്നുറങ്ങ്.
അച്ഛനൊന്നു നടുനിവർത്തട്ടെ. ഈയിടെയായി വല്ലാത്തൊരു സംഭ്രമമാണെപ്പോഴും. അമ്മയെ സ്വപ്നം കാണാൻ തുടങ്ങിയിരിക്കുന്നു. വരണില്ലേ കൂടെന്നവള് ചോദിക്കണപോലെ. അച്ഛൻ തുവർത്തെടുത്ത് വീശി അച്ഛന്റെ ലോകമായ കോലായിലെ കൊച്ചുമുറിയിലേക്ക് നടന്നുമറയുന്നതും നോക്കി…ഞാനങ്ങനെ നെഞ്ചുവിങ്ങുന്ന വേദനയോടെ അവിടെത്തന്നെയേറെ നേരം നിന്നു…
എനിക്കന്നേരം വിനോദേട്ടനെ കാണുവാനതിയായ മോഹമായി. എനിക്കു കരച്ചിൽ വരുന്നുണ്ടായിരുന്നു…
ആ തണുത്ത രാവിലും ഉറക്കം നഷ്ടപ്പെട്ട് ഞാനങ്ങനെ കിടന്നു. അച്ഛന്റെ സ്വപ്നത്തിന്റെ പൊരുളെന്തെന്താണെന്നാലോചിച്ച്… എവിടെ നിന്നോ കേട്ട രാപ്പാടിയുടെ കരച്ചിൽ കേട്ടുകൊണ്ട്…

by