വെള്ള കടലാസ് പോലെ മനസ്സ് ശൂന്യമായി,

പ്രണയ ലേഖനം
“ആദ്യമായി എഴുതുന്ന പ്രണയ ലേഖനം ആണ് ദൈവമേ……. മിന്നിച്ചേക്കണേ”

ഇതും പറഞ്ഞു അവൻ തന്റെ മുന്നിൽ ഇരിക്കുന്ന വെള്ള കടലാസ്സിലേക്ക് തൂലിക ചലിപ്പിച്ചു,

വെള്ള കടലാസ് പോലെ മനസ്സ് ശൂന്യമായി, അതിൽ നോക്കി അൽപ നേരം ഇരുന്നു.

പിന്നെ പതിയെ, അത് എഴുതാൻ കാരണക്കാരി ആയവളെ മനസ്സിൽ ഓർത്തു,

അവന്റെ തൂലിക ചലിച്ചു തുടങ്ങി, അവൻ എഴുതി തുടങ്ങി…….

എഴുതുന്ന ഓരോ വരിയും അക്ഷരവും ആസ്വദിച്ചു അതിൽ മുഴുകി, എഴുത്തിനോട്, ഭക്തിയോടെ, ക്ഷമയോടെ ഏകാഗ്രമായി,

അവളെ കുറിച്ച് ഓർത്ത് അതിൽ നിന്നും തന്റെ മനസ്സിലെ വികാരങ്ങൾക്ക്, വർണം നൽകി അവൻ
എഴുതി വന്നപ്പോൾ ഒരു നാല് പേജ് നിറഞ്ഞു,

വെറും മുപ്പത് മിനിറ്റ്‌ കൊണ്ട്, അവൻ എഴുതി കൂട്ടിയത് അവൻ തന്നെ ആദ്യമേ വായിച്ചു നോക്കി,

” കൊള്ളാം ഇത് വായിച്ചാൽ ഏത് പെണ്ണും വീഴും, ഉറപ്പ്”

അങ്ങനെ പുലർച്ചെ ഉറക്ക പിച്ചയിൽ അവൻ തന്റെ ആദ്യത്തെ പ്രണയ ലേഖനം ചുരുട്ടി മടക്കി ഒരു കവറിനുള്ളിൽ ആക്കി ,

കിടക്കുന്നതിന് അടുത്തു തന്നെ അത് വച്ച് അതിലേക്ക് തന്നെ നോക്കി കിടന്നു,

സ്വയം ഒരു ആത്മ സംതൃപ്തിയുടെ നിശ്വാസം വിട്ടു അവൻ,

പിറ്റേന്ന് രാവിലെ തന്നെ എഴുന്നേറ്റു

അവൻ ആ കത്ത് ഒന്ന് കൂടി വായിച്ചു,

പക്ഷേ ഈ വട്ടം എന്തോ,

വല്ലാത്ത ഒരു ചമ്മൽ,

സംഭവം ഇത്തിരി പൈങ്കിളി ആയിപോയോ എന്നൊരു സംശയം,

ഇത് കൊടുത്താൽ അവൾ എങ്ങാനും ഇത് ആർക്കെങ്കിലും വായിക്കാൻ കൊടുത്താൽ ഞാൻ തൂങ്ങി ചാവേണ്ടി വരും,

സ്വയം ഒരു അവജ്ഞത തോന്നി അവന്,

എന്തായാലും കയ്യിൽ വയ്ക്കാം,

നല്ലൊരു അവസരം കിട്ടിയാൽ കാര്യം പറഞ്ഞിട്ട് കൊടുക്കാം,

അവൾ എന്തായാലും നല്ല ഒരു എഴുത്തുകാരിയാണ്

കോളേജ് മാഗസിൻ പാനളിൽ ഓക്കേ പ്രവർത്തിക്കുന്നുണ്ട്,

എനിക്കും എഴുതാൻ അങ്ങനെ ഒരു വശം ഉണ്ടെന്ന് എനിക്ക് പോലും അറിയില്ലായിരുന്നു ഇന്നലെ വരെ,

ഞാൻ അവളെ കാണുമ്പോൾ ഉണ്ടാവുന്ന അനുഭൂതിയാണ് അതിൽ എഴുതിയത് പക്ഷേ സംഭവം ഞാൻ ഉദ്ദേശിച്ചതിലും നന്നായി,

എഴുത്തുകാരികളെ, പൈങ്കിളി വെച്ചു എറിഞ്ഞു വീഴ്ത്തുന്ന കോഴിയായ ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു,

അവനെ മനസ്സിൽ ധ്യാനിച്ച് ഞാൻ നേരെ അവളുടെ അടുത്തേക്ക് നീങ്ങി,

രാവിലെ കേറി വന്നപ്പോൾ തന്നെ നല്ല അവസരം, അവൾ അന്തർ മുഖ കവാടത്തിൻ മുന്നിൽ നിന്ന് അവനെ നോക്കി പുഞ്ചിരിച്ചു,

മലരമ്പന്റെ വില്ലേറ്റ നമ്മുടെ പാവം കോഴി തലരഹിതൻ, ചെ, തരളിതനായി, 😁😁😁

പിന്നെ പറന്ന് ചെന്ന് അവളെ കണ്ണിൽ നോക്കി,

ഒരു നിമിഷം കണ്ണും കണ്ണും ഉടക്കി,

അവൾ അവനെ നോക്കി മധുരമായി ചിരിച്ചു,

അവന്റെ കയ്യിലുള്ള, കത്ത് വാങ്ങി,

അവൻ അവളെ നോക്കി അവിടെ പേരക്കുട്ടികൾക്ക് വരെ പേരിട്ട് കളിക്കുകയായിരുന്നു, ദിവാ സ്വപ്നത്തിൽ,

അവൾ അവനോട് എന്തൊക്കെയോ പറഞ്ഞു, തന്റെ ലെറ്റർ എടുത്തു, അതിൽ അവന്റെ പേര് എഴുതി ചേർത്തു,

അത് വരെ റൊമാൻസ് മ്യൂസിക് സ്ലോ മോഷൻ ഒക്കെ ആയി നിന്ന രംഗം,

പെട്ടെന്ന് ദിശ മാറി,

അവൾ ആ ലെറ്റർ വാങ്ങി നേരെ ഒരു പെട്ടിയിലേക്ക് ഇട്ടു,

ഇതിന് തൊട്ട് പിന്നാലെ വേറെ കുറെ പേർ ഇതേ പോലെ അവൾക്ക് കവറുകൾ കൊണ്ട് കൊടുക്കുന്നു,

അവൾ അത് വാങ്ങി പെട്ടിയിൽ ഇടുന്നു,

അവൻ അവളിൽ മുഴുകി നിൽക്കുകയാണ്,

ഇപ്പോൾ അവന്റെ ചിന്തകൾ ക്ലൈമാക്സ് സീൻ എത്തി, രണ്ടു പേരും വയസ്സായി, ഒരുമിച്ചു ഒരു സൂര്യാസ്തമയം കാണുന്ന ദിവാ സ്വപനത്തിൽ എത്തി, നിന്നു,

കോഴി ആയി നിന്ന അവനെ കുറുക്കൻ ആയ തലച്ചോർ ഒന്ന് ഓർമിപ്പിച്ചു,

ടാ മണ്ടാ, നിന്റെ ആദ്യത്തെ പ്രണയ ലേഖനം ദേ മാഗസിനിൽ വരാൻ പോകുന്നു,

നിന്റെ കാര്യം തീരുമാനം ആയി,

അപ്പോഴാണ് അവൻ ആ പൂട്ട് ഇട്ട് പൂട്ടിയ പെട്ടിയിൽ

എഴുതിയത് വായിക്കുന്നത് ,

കോളേജ് മാഗസിൻ രചനകൾ ക്ഷണിക്കുന്നു, 😏😏😏

അവളോട് കാര്യം പറയാനും പറ്റുന്നില്ല,

അപ്പോഴേക്കും മണി മുഴങ്ങി, അവൾ പെട്ടിയും എടുത്തു നേരെ ക്ലാസ്സിലേക്ക് പോയി,

എന്ത് ചെയ്യും എന്നറിയാതെ പകച്ചുപോയി, അവന്റെ കൗമാരം,

അവളോട് ചെന്ന് കാര്യം പറഞ്ഞു അത് പിൻവലിക്കണം എന്ന് ഉറപ്പിച്ചു ആദ്യത്തെ പിരീഡ് കഴിഞ്ഞ ഉടനെ അവൻ ക്ലാസ്സിൽ നിന്നും പുറത്തേക്ക് ഓടി,

അപ്പോഴാണ് ഒരു കൂട്ടം ആളുകൾ അവനെ തിരിച്ചു ഉള്ളിലേക്ക് തള്ളി, കയറി വന്നത്,

അന്ന് സമരം ആയിരുന്നു, ഒരു പ്രമുഖ പാർട്ടിയുടെ,
അവർ വന്ന് പതിവ് പോലെ പ്രസംഗം തുടങ്ങി അവന് ആണെങ്കിൽ, ദേഷ്യം വന്ന് തുടങ്ങി,

അവൻ അവരെ വക വയ്ക്കാതെ ഇടയ്ക്ക് വെച്ച് ജനൽ വഴി ചാടി കടന്നു പോയി പുറത്തേക്ക്, അതിൽ പുറത്ത് നിൽക്കുന്ന ഒരുത്തൻ അവനെ തടയാൻ നോക്കി,

തടസ്സങ്ങൾ ഒക്കെ തട്ടി മാറ്റി അവൻ അവളുടെ ക്ലാസ്സിൽ എത്തി, പക്ഷേ അവരെ സമരക്കാർ ആദ്യം ഇറക്കി വിട്ടിരുന്നു,

“ഐ ആം ട്രാപ്പ്ഡ്”

അവൻ സ്വയം പറഞ്ഞു, അപ്പോഴേക്കും സെക്യൂരിറ്റി വന്ന് എല്ലാവരെയും പുറത്താക്കി ഗേറ്റ് അടച്ചു,

പുറത്ത് ഇറങ്ങിയപ്പോൾ, ഇന്ന് മാഗസിൻ അച്ചടിക്കാൻ കൊടുക്കും, അതിന് വേണ്ടി ആ പാനലിൽ പെട്ട എല്ലാവരും, കോളേജിൽ ഇന്ന് മുഴുവൻ ഉണ്ടാവും എന്നും,അവൻ അറിഞ്ഞു

കോളേജ് മാറി പോകാൻ ഉള്ള വഴി എന്താണ് എന്ന് ഓർത്തു അവൻ വീട്ടിലേക്ക് മടങ്ങി,

വീട്ടിൽ എത്തിയ ഉടനെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു, അത് അവൾ ആയിരുന്നു,

“പ്രണയ ലേഖനം കൊള്ളാം കേട്ടോ, ഞങ്ങൾ ഇത് ആദ്യത്തെ പേജുകളിൽൽ തന്നെ കൊടുക്കാൻ ശ്രമിക്കാം,”

അവൻ ഉടനെ തിരിച്ചു അയച്ചു,

“വേണ്ട ”

അവൻ ഉടനെ തിരിച്ചു അയച്ചു,

പക്ഷേ അപ്പോഴേക്കും, അവൾ നെറ്റ് ഓഫ് ആക്കി പോയിരുന്നു,

പിന്നെ അവളുടെ നമ്പർ തപ്പി കണ്ടു പിടിച്ചു വിളിച്ചു,
പല വട്ടം വിളിച്ചിട്ടും അവൾ ഫോൺ എടുത്തില്ല, ഒടുവിൽ, വൈകുന്നേരം വിളിച്ചപ്പോൾ അവൾ ഫോൺ എടുത്തു,

അവൻ കാര്യങ്ങൾ പറഞ്ഞു

, അത് പ്രസിദ്ധീകരിക്കാൻ പാടില്ല എന്ന് പറഞ്ഞപ്പോൾ,

അവൾ മറുപടി പറഞ്ഞു, മാഗസിൻ പ്രിന്റ് ചെയ്യാൻ കൊടുത്തു പോയി, ഇന്ന് തന്നെ കിട്ടും,, ഇനി ഒന്നും ചെയ്യാൻ പറ്റില്ല

അവൻ ആകെ തളർന്നു ഇരുന്നു, നാളെ മാഗസിൻ വിതരണം ചെയ്താൽ ഉണ്ടാവാൻ പോകുന്ന പ്രശ്നങ്ങളെ പറ്റി ആലോചിച്ചു,

പ്രണയ ലേഖനം (Climax)
അങ്ങനെ അവന്റെ പ്രണയലേഖനം അച്ചടിച്ചു ,

പിറ്റേന്ന് രാവിലെ തന്നെ മാഗസിൻ കോളേജിൽ ഇറങ്ങി.

അന്ന് അവൻ ബുദ്ധിപരമായി ക്ലാസ്സിൽ നിന്നും മുങ്ങി,

സ്ഥിരം ക്ലാസ് കട്ട് ചെയ്തു പോകുന്ന പാടത്തേക്ക് അവൻ പോയി,

അവിടെ ചെന്ന് നേരെ ചങ്കിന് വിളിച്ചു,

അവൻ : ” ടാ എന്തായി സംഭവം കുളമായോ??

ചങ്ക് : പണി പാളി മോനേ,

ഇപ്പോൾ വായിക്കാൻ ഒഴിവ് കിട്ടിയേയുള്ളൂ

അതിനുള്ളിൽ തന്നെ നിന്റെ കോപ്പിലെ പ്രണയ ലേഖനം hit ആയിട്ടുണ്ട്,

നിനക്ക് എന്ത് സംഭവിക്കും എന്ന് കാത്തിരുന്നു തന്നെ കാണണം,

അയ്യോ സാർ വരുന്നു ഞാൻ നിന്നെ അടുത്ത പിരീഡ് കഴിഞ്ഞു വിളിക്കാം,

ഇതും പറഞ്ഞു ചങ്ക് കോൾ കട്ട് ചെയ്തു

അവന്റെ ടെൻഷൻ വീണ്ടും കൂടി,

ഒരു മണിക്കൂർ നേരം ഒരു യുഗം പോലെ കടന്ന് പോയി

അതിനിടയിൽ തനിക്ക് നേരിട്ടേക്കാവുന്ന ഒരുപാട് പ്രശ്നങ്ങൾ അവൻ ചിന്തിച്ചു കൂട്ടി, പെട്ടെന്ന് ചങ്ക് തിരിച്ചു വിളിച്ചു

അളിയാ പണി പിന്നേം പാളി, നിന്റെ ലേഖനം ആരോ കോളേജിന്റെ facebook പേജിൽ ഇട്ടിട്ടുണ്ട്

കോളേജ് മൊത്തം ഇപ്പോൾ അത് കണ്ട് കാണും, പോരാത്തതിന് നിന്റെ നല്ല ഒരു കളറ് പടവും വെച്ചിട്ടുണ്ട്

ഇത് കേട്ടതും അവന് തല കറങ്ങുന്ന പോലെ തോന്നി,

വേഗം കോൾ കട്ട് ചെയ്ത് അവൻ ഫേസ്ബുക്കിൽ കയറി,

അവന്റെ ലേഖനത്തിന്റെ പോസ്റ്റിന് കോളേജിൽ അവനെ അടുത്ത് അറിയുന്ന എല്ലാവരും റിയാക്ഷൻ ഇട്ടിട്ടുണ്ട്,

അവൻ നേരെ കമന്റ് boxil പോയി,

അത്ഭുതം എന്ന് പറയട്ടെ, കമന്റ് ബോക്സ് ശൂന്യം,

ആരും ചളിപ് കാരണം കമന്റ്പോലും ചെയ്യാൻ മടിക്കുന്നു,

അവൻ റിയാക്ഷൻ ലിസ്റ്റ് എടുത്തു നോക്കി,

ഭൂരിഭാഗം ലൈക്ക് ആണ്, പിന്നെ ലൗ, ചില പാഷണത്തിൽ കൃമികൾ ലാഫിങ് റിയാക്ഷനും ഇട്ടിരിക്കുന്നു,

ലൗ ഇട്ടവരുടെ ലിസ്റ്റ് മാത്രം എടുത്തു നോക്കി, അവന്റെ കണ്ണുകൾ തിളങ്ങി അതിൽ താൻ ഈ കത്ത് ആർക്ക് വേണ്ടിയാണോ എഴുതിയത് അവളും ലൗ ഇട്ടിരിക്കുന്നു, ❤️

പിന്നെ അവൻ ഒന്നും നോക്കിയില്ല, നേരെ കമന്റ് ബോക്സിൽ ആദ്യത്തെ കമന്റ് ഇങ്ങനെ എഴുതി,

ഇത് ഞാൻ ഒരാൾക്ക് വേണ്ടി എഴുതിയതാണ്, കക്ഷി നമ്മുടെ കോളേജിൽ ആണ് പഠിക്കുന്നത്, പക്ഷേ ആരാണ് എന്ന് മാത്രം പറയില്ല,

ഉടനെ ആദ്യത്തെ മറുപടി കമന്റ് വന്നു,

അതേതാ ചേട്ടാ ആ ഭാഗ്യവതി ആയ പെണ്കുട്ടി???

സസ്പെൻസ് ആക്കാതെ വേഗം പറ

ഇതിന് ശേഷം കമന്റുകൾ തുരുതുരാ വന്ന്
കൊണ്ടിരുന്നു,

കൂടുതലും പെണ്കുട്ടികൾ ആണ്,

അവൻ അതിന് താഴെ ഒരു കമന്റ് കൂടി ഇട്ടു,

ഞാൻ അവളോട് വിളിച്ചു പറയാൻ പോവുകയാണ് ഇത് അവൾക്ക് വേണ്ടി എഴുതിയത് ആണെന്ന്, എന്നിട്ട് അവൾ എന്ത് പറയുന്നു എന്ന് നോക്കാം,

അതിനും തുരുതുരാ ലൈക്കും കമന്റും വന്നു തുടങ്ങി.

അവൻ നേരെ ഫോൺ എടുത്തു അവളെ വിളിച്ചു,

അവൾ :ഹലോ, പറയ് ടാ, നിന്റെ പ്രണയ ലേഖനം ഹിറ്റ് ആയതിന്റെ ചിലവ് എപ്പോ തരും,

അവൻ:ഞാൻ അത് എഴുതിയത് പ്രസദ്ധീകരിക്കാൻ അല്ല, ഒരാൾക്ക് കൊടുക്കാൻ വേണ്ടിയാണ്,

അവൾ: ആഹാ ഇതിൽ ഇങ്ങനെ ഒരു ട്വിസ്റ്റ് ഉണ്ടോ, ആരാണ് ആ ഭാഗ്യവതി???

അവൻ : ആ ഭാഗ്യവതി, അത് വാങ്ങി നേരെ മാഗസിൻ സെലക്ഷന്റെ പെട്ടിയിൽ ഇട്ടു,

ഒരു നിമിഷ നേരത്തേക്ക് അപ്പുറത്ത് നിന്ന് മൗനം, പിന്നെ അവൻ സംസാരിച്ചു തുടങ്ങും മുന്നേ അവൾ ഫോൺ കട്ട് ചെയ്തു,

അവൻ വീണ്ടും ആശയ കുഴപ്പത്തിൽ ആയി
പിന്നെ എത്ര വിളിച്ചിട്ടും കിട്ടുന്നില്ല

അവൻ നേരെ കോളേജിലേക്ക് വിട്ടു, ക്ലാസ്സിൽ അവൻ കയറിയ ഉടനെ അന്തരീക്ഷം മാറി,

അവൻ അതൊന്നും ശ്രദ്ധിക്കാതെ ചങ്കിനെ കൂട്ടി അവളെ തപ്പി ഇറങ്ങി, ഒടുവിൽ കണ്ടെത്തി,

അവൾ ലൈബ്രറിയുടെ അടുത്തു നിന്നിരുന്ന ഒരു മരച്ചുവട്ടിൽ ഇരിക്കുന്നു, കയ്യിൽ മാഗസിൻ ഉണ്ട് മുഖത്ത് പ്രസന്ന ഭാവത്തോടെ ഊഷ്മളതയോടെ അവൾ ഓരോ വരികളും നുകർന്നു കൊണ്ടിരുന്നു,

അവൻ ചങ്കിനെ ക്ലസ്സിൽ പറഞ്ഞു അയച്ചു,

അവൻ പോവില്ലെന്ന് കുറെ വാശി പിടിച്ചു,
അങ്ങനെ ഒരു വിധത്തിൽ അവനെ പറഞ്ഞു വിട്ടു,

അവൾ ചുറ്റും നടക്കുന്നത് ഒന്നും അറിയാതെ വായനയിൽ മുഴുകി ഇരിക്കുകയാണ്,

അവൻ ശബ്ദം ഉണ്ടാക്കാതെ അവളുടെ തൊട്ട് പിന്നിൽ ചെന്ന് നിന്നു,

അവൾ അവസാന ഭാഗം വായിക്കുകയാണ്, വായന കഴിഞ്ഞതും ഒരു തൃപ്തി കലർന്ന സന്തോഷത്തിൽ അവൾ തിരിഞ്ഞതും മുന്നിൽ കണ്ടത് അവനെയാണ്,

ഇനി ഒന്നും മറച്ചു വെക്കാൻ പറ്റില്ല എന്ന് ഉറപ്പായപ്പോൾ, പിടിക്കപ്പെട്ടു എന്ന് ഉറപ്പായപ്പോൾ, പെണ്ണിന്റെ മുഖത്ത് ഒരു നാണം കലർന്ന പുഞ്ചിരി, ജാള്യത,

അവൻ ചോദിച്ചു, എന്താ മോളുസേ ജാടയാണോ??? സോറി എഴുത്ത് ഇഷ്ടപ്പെട്ടോ ??

അവൾ അവനെ നോക്കാതെ നിലത്തു കളം വരച്ചു കൊണ്ട് മൂളി ഉം….

അവൻ : എഴുത്ത് മാത്രമേ ഇഷ്ടം ആയുള്ളൂ??? അതോ എഴുത്തുകാരനെയും ഇഷ്ടമായോ???

അവൾ അതിന് മറുപടി പറയാതെ ചിരിച്ചു കൊണ്ട് ഓടി രക്ഷപ്പെടാൻ ഒരു ശ്രമം നടത്തി,

അതിനിടെ അവളുടെ കയ്യിൽ കയറി അവൻ പിടിച്ചു,

അവളുടെ ചുവന്ന കുപ്പിവള പൊട്ടി,

അവളുടെ കൈ മുറിയാതെ ഇരിക്കാൻ അവൻ കൈ വിട്ടു,

ഈ തക്കം നോക്കി അവൾ അവിടെ നിന്നും രക്ഷപെട്ടു,

അവൾ ആദ്യമായി സമ്മാനിച്ച ആ കുപ്പിവളപൊട്ട് പെറുക്കി എടുത്തു അവൻ ,മെല്ലെ നടന്ന് ക്ലാസ്സിലേക്ക് നടന്നു,

താൻ എഴുതിയ പ്രണയ ലേഖനം ഒന്ന്കൂടി വായിച്ചു നോക്കാൻ അവൻ തീരുമാനിച്ചു, മാഗസിൻ എടുത്തു മറിച്ചു നോക്കി,
.
.

ലേഖനം കഥയുടെ അവസാനം കൊടുക്കുന്നു
.
.

ഇഷ്ടമാണോ എന്നെയും എന്റെ കാൽപ്പനികതയേയും?? ആണെങ്കിൽ മറുപടി പ്രണയലേഖനം ഞാൻ പ്രതീക്ഷിക്കുന്നു.”

.
.
.
.
.
അത് വായിച്ചിട്ട് ആകെ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഇരിക്കുമ്പോൾ ആണ് എന്റെ ഫേസ് ബുക്ക് അഭ്യാസം ബുമാറാങ് പോലെ തിരിച്ചു വന്നത്,

ക്ലാസ്സിലെ കോളേജിലെ കോഴികൾ എല്ലാവരും എനിക്ക് ചുറ്റും കൂടി, അവരെ നയിച്ചു കൊണ്ട് വന്നത് കാട്ടു കോഴി ചങ്ക് 10D ആണ്,

എന്റെ വ്യക്തിപരമായ പ്രണയ ബന്ധം ഇവനാണ് ഒരു ആഗോള പ്രതിഭാസം ആക്കി മാറ്റിയത്

അതിന്റെ ദേഷ്യത്തിൽ ഒന്ന് തുറിച്ചു നോക്കിയപ്പോഴേക്കും അവൻ പതിയെ ഒരു വളിച്ച ചിരിയും വെച്ചു വലിഞ്ഞു, സ്ഥലം വിട്ടു,

അവിടെ കൂടി നിന്ന കോഴിമാരോട് അവൻ ചോദിച്ചു

“അവൾ എന്ത് പറഞ്ഞു എന്ന് അറിയണമായിരിക്കും??? 😒😒😒

അവർ എല്ലാം കോഴികൾ അരിമണി കൊത്തി തിന്നുന്ന പോലെ അതേ എന്ന് തലയാട്ടി,
അവൻ തുടർന്നു,

“അവൾ ഒന്നും പറഞ്ഞില്ല, ”

അവർ എല്ലാവരും മുറുമുറുപ്പ് പറഞ്ഞു പിരിയാൻ നിന്നു,
അവൻ വീണ്ടും തുടർന്നു,

“പക്ഷേ……”

എല്ലാവരും നിശബ്ദരായി അവനെ നോക്കി,

” എന്നെ ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോൾ, നാണിച്ചു ചിരിച്ചുകൊണ്ട് ഓടി രക്ഷപ്പെട്ടു”

സഹ കോഴികൾ എല്ലാവരും ഹർഷാരവം മുഴക്കി,

അതിനിടയിൽ ആരോ ഒരുത്തൻ അവന് വേണ്ടി ജയ് വിളിക്കുന്നത് കേട്ട് അവൻ അവിടേക്ക് നോക്കി,

അവൻ തന്നെ ചങ്ക് 10D

അവൻ ചോദിച്ചു,

” നിന്റെ ഫേക്ക് ഐഡിയിൽ നിന്നും അല്ലേടാ നീ കോളേജിന്റെ പേജിൽ തന്നെ കേറി എന്റെ പ്രണയലേഖനം സ്റ്റിക്കർ ഒട്ടിച്ചത്, അതല്ലേ ഇതിനൊക്കെ കാരണം??”

പിടിക്കപ്പെട്ട കള്ളന്റെ ലക്ഷണം മുഖത്ത് വരാതെ സൂക്ഷിച്ചു കൊണ്ട് അല്ലെന്ന് തലയാട്ടി ആ സാമ ദ്രോഹി, എന്നിട്ട് പെട്ടെന്ന് ഒരു പൊട്ടിച്ചിരി

അതേ അവൻ തന്നെ ചങ്ക് 10D

അവൻ നേരെ അവിടെ നിന്നും ചാടി ഇറങ്ങി ചങ്കിന് രണ്ട് കൊടുക്കൻ വേണ്ടി ഓടി .

അതിന്റെ പിന്നാലെ ക്ലാസ്സിലെ എല്ലാവരും ഓടി ചങ്ക് കൃത്യമായി അവളുടെ അടുത്തേക്ക് തന്നെ ചെന്ന്, അവളുടെ പിറകിൽ പോയി നിന്നു

വളവ് തിരിഞ്ഞു ഓടി വന്ന അവൻ നേരെ അവളുടെ മുന്നിൽ പോയി നിരങ്ങി നിന്നു,

പിന്നാലെ ഓടി വന്നവർ ഒളിച്ചും പാത്തും അവിടെ നടക്കുന്നത് അറിയാൻ ചുറ്റും കൂടി,

ചങ്കിന്റെ പ്ലാൻ കഴിഞ്ഞിരുന്നില്ല, അവളെ അവന് നേരെ ചെറുതായിട്ടു ഒന്ന് തള്ളി,

അവൾ നേരെ അവന്റെ നെഞ്ചിൽ പോയി വീണു,

അതിൽ കിളി പോയി നിൽക്കുന്ന സമയം കൊണ്ട് , ചങ്ക് ഒരു ബോംബ് കൂടി പൊട്ടിച്ചു,

എടാ മണ്ടാ ഇവൾക്ക് നിന്ന് പണ്ടേ ഇഷ്ടാ, ഇവൾ പറഞ്ഞിട്ടാണ് ഞാൻ നിനക്ക് പ്രണയ ലേഖനം എഴുതാൻ ഉള്ള ഐഡിയ പറഞ്ഞു തന്നത് ….

എല്ലാവരും സ്തബ്ദ്ധിച്ചു പോയി….

അവൻ തന്നെ കെട്ടിപിടിച്ചു നിൽക്കുന്ന അവളെ നോക്കി,

അവൾ പതിയെ മുഖം പൊക്കി അവനെ നോക്കി, കള്ളച്ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു,

എനിക്കും ഇയാളെ ഒരുപാട് ഇഷ്ടാ……

പിന്നിൽ കാഴ്ച കണ്ട് നിന്നവർ ഇത് കണ്ട് പരസ്പരം വാരി പുണർന്നു,

ഹർഷാരവം മുഴക്കി, അത് കേട്ട് പേടിച്ച അവളുടെ കൈ പിടിച്ചു കൊണ്ട്, അവൻ നേരെ കാന്റീനിലേക്ക് നടന്നു,

ശുഭം 😁❤️✌️

ലേഖനം (500 words) :

പ്രിയ സഖീ,

മഴ പൊഴിയുകയാണ്…
പുറത്ത് മാത്രമല്ല, എന്റെ മനസ്സ് നിറയെ.

ആയിരം മഴത്തുള്ളികൾ ഒന്നിച്ചു ചുംബിച്ചപ്പോൾ, ഞാനെന്ന വരണ്ട ഭൂമി അതിന്റെ ലഹരിയിൽ ഒരു ചെറിയ ചെടിയായി മുളച്ചു.

മണ്ണിൽ വേരൂന്നി, നിയെന്ന പ്രകാശത്തെ കാത്ത്… നിന്നെ നോക്കി ചിരിക്കാൻ ഒരു പൂവായി പൂത്തു… നിന്റെ അധരങ്ങളിൽ തൊടാൻ കൊതിച്ച് ഒരു മധുരമുള്ള കായായി പഴമായി മാറി.

എന്റെ ഉള്ളിലെ ആ ലോകത്തേക്ക് നിന്നെ വിളിക്കാനാണ് ഈ കത്ത്.

നമ്മൾക്ക് വേണ്ടി മാത്രം ഞാൻ കാൽപ്പനികതയിൽ അക്ഷരങ്ങൾ കൊണ്ട് പണിതൊരു ലോകമുണ്ട്.

ഒരു വലിയ കാട്.

അതിന്റെ നടുവിൽ ഒരിക്കലും വറ്റാത്തൊരു തടാകം.

തടാകത്തിന് മുകളിൽ വെള്ളത്തിൽ നിന്ന് ഉയർത്തി കെട്ടിയ ഒരു ചെറിയ വള്ളിക്കുടിൽ.

ചുറ്റും തേൻ വള്ളികളും കാട്ടുപൂക്കളും… അവയ്ക്കിടയിലൂടെ എപ്പോഴും മഞ്ഞും മഴയും. വെയിലും നിലാവും

അവിടെ കാലാവസ്ഥയ്ക്ക് നിയമങ്ങളൊന്നുമില്ല.

രാത്രി മുഴുവൻ പേമാരി പെയ്യും.

പക്ഷേ ആ മഴയ്ക്കിടയിലും പൂർണ്ണചന്ദ്രൻ ഉദിച്ചു നിൽക്കും.

നിലാവിൽ ,തടാകത്തിലേക്ക് വീഴുന്ന ഓരോ മഴത്തുള്ളിയും നിന്റെ അരയിൽ കെട്ടിയ വെള്ളിയരഞ്ഞാണം പോലെ തിളങ്ങും.

മഴയുടെ ഈണവും കാറ്റിന്റെ മർമ്മരവും തടാകത്തിലെ ഓളങ്ങളുടെ കിന്നാരവും മാത്രം കേൾക്കുന്ന ഒരു ലോകം.

ആ കുടിലിനുള്ളിൽ ഒരു കുഞ്ഞു മൺചിരാത് മാത്രം.

അതിന്റെ മങ്ങിയ വെളിച്ചത്തിൽ ഞാൻ നിന്നെയും കാത്തിരിക്കും.

പുലർച്ചെയാകുമ്പോൾ പക്ഷിക്കൂട്ടങ്ങൾ വന്ന് നമ്മേ വിളിച്ചുണർത്തും.

നീ മുടി കോതിയിരിക്കുമ്പോൾ അവ നിന്റെ അരികിൽ വന്നിരുന്ന് കുശലം ചോദിക്കും.

നീ പുഞ്ചിരിക്കുമ്പോൾ

ആ ചിരി കണ്ട് പൂക്കൾ പോലും നേരത്തേ വിരിയും.

തടാകത്തിലെ മഴയിൽ പതിക്കുന്ന

പ്രഭാതസൂര്യന്റെ ചുവന്ന വെളിച്ചം രാത്രിയിലെ നിലാവിനേക്കാൾ സുന്ദരമായിരിക്കും.

പതിയെ അത് മഞ്ഞയിലേക്കും പിന്നെ വെള്ളിയിലേക്കും നിറം മാറും.

പകൽ മുഴുവൻ പൂമരങ്ങളും കാട്ടുവള്ളികളും പൂത്തു നിൽക്കും. അവയുടെ ഇതളുകളുടെ സമ്മിശ്രഗന്ധം നമ്മുടെ കുടിലിനുള്ളിൽ നിറയും.

അതിൽ ഏറ്റവും സുഗന്ധമുള്ള പൂക്കൾ ഞാൻ പറിച്ചെടുത്ത് കിളികളുടെ കൈയിൽ നിനക്കായി കൊടുത്തയക്കും.

നീ അവ കോർത്തിണക്കി മുടിയിൽ ചൂടും.

അപ്പോൾ, സത്യം പറയട്ടെ…

ആ പൂക്കളോട് എനിക്ക് അസൂയ തോന്നും.

നീ കൂടെയുണ്ടെങ്കിൽ, സഖീ, ആ കാൽപ്പനിക ലോകത്തേക്ക് ഞാൻ നിന്നെ അക്ഷരങ്ങൾ വഴി കൊണ്ടുപോകും.

നിലയ്ക്കാത്ത മഴ പെയ്യുന്ന ആ ലോകത്തിലേക്ക്.

രാത്രി നീളുന്ന മാരിയെ വെല്ലുന്ന തണുപ്പുള്ള പ്രഭാതത്തിലേക്ക്.

മഞ്ഞായി പെയ്ത് നമ്മൾ സന്ധ്യയോളം കൂട്ടിരിക്കും.

സന്ധ്യയാകുമ്പോൾ വീണ്ടും മഴയുടെ വർഷഘോഷത്തിനിടയിൽ നിന്നോട് ചേർന്നിരുന്ന്, ആരും കേൾക്കാത്ത കഥകൾ പറയും.

ഒരു മൺചിരാതിന്റെ വെളിച്ചത്തിൽ…

മഴയെ സാക്ഷിയാക്കി…

മിഴികളിൽ മാത്രം ഒതുങ്ങുന്ന ഭാഷയിൽ. നമ്മൾ പരസ്പരം ആയിരം കഥകൾ പറയും

നിന്റെ കൈകൾ എന്റെ കൈകളിൽ ചേർത്ത് പിടിക്കുമ്പോൾ ഉള്ളിലെ തണുപ്പ് പതിയെ ചൂടാകും.

എങ്കിലും ഞാൻ കുറച്ചൊന്ന് അരികിലേക്ക് വരുമ്പോൾ എന്തേ നീ കണ്ണുകൾ കൊണ്ട് “വേണ്ടെന്ന്,കള്ളം പറയുന്നത്?

ചോരുന്ന വള്ളിക്കുടിലിൽ നനയാതിരിക്കാൻ എങ്കിലും എന്നോട് ചേർന്നിരിക്കാമല്ലോ?

നീ ആഭരണങ്ങളെല്ലാം അഴിച്ചുവെച്ചാലും,

നിന്റെ ലജ്ജയെന്ന ഏറ്റവും സുന്ദരമായ ആഭരണം മാത്രം എന്തേ അഴിച്ചുവെക്കാത്തത്?

നിന്റെ ഭാവങ്ങളിൽ നിന്റെ ആ നാണമാണ് എന്റെ ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ച.

പിന്നീട്, ഒരു രാത്രി നമുക്ക് നിലാവ് ആസ്വദിക്കാം.

തെളിഞ്ഞ ആകാശത്തിലെ കാക്കത്തൊള്ളായിരം നക്ഷത്രങ്ങൾ പെറുക്കിയെടുത്ത്, അവയെ അക്ഷരങ്ങൾ കൊണ്ട് കോർത്തിണക്കി, നിനക്കായി എന്നും ഒരു പ്രണയലേഖനം എഴുതാം.

എത്ര എഴുതിയാലും പറയാൻ മറന്ന പാതിയെ കവിതയാക്കി ചുരുക്കി നിനക്ക് നൽകേണ്ടി വരും.

ഇതെന്റെ ആദ്യ പ്രണയലേഖനമാണ്.

നിനക്ക് മാത്രം വായിക്കാൻ ഞാൻ എഴുതിയത്.

എന്റെ സ്വപ്നങ്ങളിൽ നിന്നോട് ചേർന്ന് ഞാൻ തീർത്തുവച്ചിരിക്കുന്ന സ്വർഗ്ഗങ്ങൾക്ക് ഉള്ളിലേക്ക് ഉള്ള ഒരു ജാലകം

ഇവിടെ പെയ്യുന്ന ഓരോ മഴയ്ക്കും ഒരു കഥയുണ്ട്.

ഇവിടെ വിരിയുന്ന ഓരോ പൂവിനും ഒരു കഥയുണ്ട്.

ഇവിടെ ഉദിക്കുന്ന ഓരോ നിലാവുള്ള രാത്രികൾക്കും ഒരു കഥയുണ്ട്

നിന്നോട് പങ്കിടാൻ കാത്തിരിക്കുന്ന അനന്ത കോടി സ്വപ്നങ്ങളുണ്ട് ഇത് പോലെ,

അതെല്ലാം എഴുതാൻ ഒരു ജീവിതം പോരാ.

ഒരു മഹാകാവ്യം രചിച്ചാലും പോരാ.

എഴുതിയിരുന്ന തൂലികയിലെ മഷി തീർന്നിരിക്കുന്നു…

പക്ഷേ പറയാനുള്ള പ്രണയം തീർന്നിട്ടില്ല.

പറയാൻ ബാക്കിയായ വാക്കുകൾ എന്റെ നെഞ്ചിൽ ഇപ്പോഴും മഴത്തുള്ളികളായി പെയ്യുകയാണ്.

അതുകൊണ്ട് ഈ കത്തിന്റെ അവസാനം പോലും ഒരു അവസാനമല്ല.

ഇത് വെറും ഒരു ഇടവേള മാത്രം.

കാരണം…

നിന്നെ സ്നേഹിക്കാൻ തുടങ്ങിയ എന്റെ ഹൃദയത്തിന് പൂർണ്ണവിരാമം എഴുതാൻ എനിക്ക് അറിയില്ല.

നീ വരുമെങ്കിൽ…

ആ വള്ളിക്കുടിലിൽ ഒരു വിളക്ക് കൂടി കത്തിക്കാം.

നീ ചിരിക്കുമെങ്കിൽ…

ആ കാട്ടിലെ എല്ലാ പൂക്കളോടും ഞാൻ പറയും—

“ഇനി നിങ്ങൾ വിരിയേണ്ടതില്ല…
എന്റെ ലോകത്തിലെ ഏറ്റവും മനോഹരമായ പൂവ് ഇവളാണ്.”

നിന്റെ കൈ പിടിച്ച് മഴയിലൂടെ നടക്കുമ്പോൾ ഒരിക്കൽ ഞാൻ നിന്നോട് ചോദിക്കും…

“സഖീ… ഈ ജന്മം മതിയോ നമ്മൾക്ക്?”

നീ ഒന്നും പറയാതെ എന്റെ തോളിൽ തല ചായ്ച്ചാൽ…

അതിനെ ഞാൻ
“അടുത്ത ജന്മത്തിലും നീ തന്നെയാകണം”
എന്നുള്ള നിന്റെ മറുപടിയായി കരുതിക്കോളാം.

നിന്നെ കാത്ത്,
നിലയ്ക്കാത്ത മഴയുള്ള എന്റെ കാൽപ്പനിക ലോകത്തിൽ,
നിന്റെ മാത്രം… ❤️

Leave a Reply