പ്രണയാരാഗം

ഭാഗം 5

 

ആ വീട്ടിൽ വച്ച് ഏറ്റവും ചെറിയ മുറിയാണ് അതെന്ന് അമലയ്ക്ക് തോന്നിയിരുന്നു. പക്ഷേ അവിടെവച്ച് ഏറ്റവും വൃത്തിയുള്ള മുറിയും അതുതന്നെയാണ്. നല്ല അടുക്കും ചിട്ടയുമാണ് ആ മുറിക്ക്. ആ മുറി കാണുമ്പോൾ തന്നെ അവളുടെ സ്വഭാവം ഊഹിക്കാൻ സാധിക്കുമെന്ന് അമലയ്ക്ക് തോന്നി  ..

 

“നല്ല ഭംഗിയായിട്ടാണല്ലോ മോളീ മുറി സൂക്ഷിച്ചിരിക്കുന്നത്.

 

അവളുടെ ചെറിയൊരു ലൈബ്രറി റാക്കിലേക്ക് നോക്കിക്കൊണ്ട് അമല പറഞ്ഞു.

 

” ഈ പുസ്തകങ്ങളൊക്കെ എവിടുന്നാ….

 

“ഇതിൽ കുറച്ച് ഒക്കെ സ്കൂളിൽ നിന്ന് സമ്മാനം കിട്ടിയത് ആണ്. പിന്നെ കുറച്ചൊക്കെ എന്റെ ഒരു കൂട്ടുകാരി എനിക്ക് തന്നതാ. അവളുടെ ചേച്ചി പുസ്തകങ്ങളൊക്കെ വായിക്കുമായിരുന്നു.  ചേച്ചി കല്യാണം കഴിഞ്ഞു പോയപ്പോൾ ആ പുസ്തകങ്ങളൊക്കെ വെറുതെ പൊടി പിടിച്ചിരിക്കുകയായിരുന്നു,  അപ്പോൾ എനിക്ക് തന്നു.

 

” മോൾക്ക് വായനാശീലം ഉണ്ടല്ലേ..?  അത് നന്നായി..!  ഇപ്പോഴത്തെ കുട്ടികൾക്ക് ഇല്ലാത്തത്  ആണത്.

 

അവൾ നന്നായി ഒന്ന് ചിരിച്ചിരുന്നു….

 

അപ്പോഴേക്കും ബെറ്റിയും അവിടേക്ക് വന്നിരുന്നു.  കുറച്ചു കഴിഞ്ഞപ്പോൾ മരിയോട് ഒരുങ്ങാൻ ബെറ്റി പറഞ്ഞിരുന്നു..

അവൾ പെട്ടെന്ന് തന്നെ കുളി കഴിഞ്ഞ് വന്ന ഒരു സാധാ കോട്ടൺ ചുരിദാർ എടുത്ത് അണിഞ്ഞിരുന്നു.  ഫ്ലൈറ്റിൽ ഒക്കെ പോകുമ്പോൾ ഈ വേഷം മോശമാണോന്ന ചിന്ത അവൾക്കുണ്ടായിരുന്നു.  കൂട്ടത്തിൽ ഏറ്റവും നല്ലത് ഇതാണ്.  കഴിഞ്ഞവട്ടം പെരുന്നാളിന് എല്ലാവർക്കും വസ്ത്രം എടുത്തപ്പോൾ വിലകുറഞ്ഞ ഒന്ന് തനിക്കും വാങ്ങി തന്നതാണ് അച്ഛൻ.  അതിലും ഭംഗിയുള്ളത് ഒന്നും തന്റെ കയ്യിൽ വേറെയില്ല.  അതുതന്നെ ധരിച്ചു പുറത്തേക്ക് ഇറങ്ങി വന്നപ്പോൾ സണ്ണിയും അവളെ തന്നെ നോക്കിയിരുന്നു.  മെലിഞ്ഞ കൊലുന്നനെയുള്ള ഒരു പെൺകുട്ടി.  ചുരിദാർ കൂടി ഇട്ടപ്പോഴേക്കും അവളുടെ നീളം കുറച്ചു കൂടി കൂടി.  പോഷകാഹാരങ്ങളുടെ കുറവ് ആ മുഖത്തും ശരീരത്തും നന്നായി കാണാനുണ്ട്.  കഴുത്തിൽ ചേർന്ന് കിടക്കുന്ന ഒരു കറുത്ത ചരടിന്റെ കൊന്ത.  അതിനൊപ്പം ഒരു വെള്ള മുത്തുമാല.  കാതിലുമുണ്ട് ഒരു വെള്ള മുത്തു കമ്മൽ,  കൈയിൽ രണ്ട് മെറൂൺ കുപ്പിവള,  ഒരു ബാഗ് അടുക്കിപ്പിടിച്ച് നിൽക്കുന്നുണ്ട്..  എല്ലാവരുടെയും മുഖത്തേക്ക് നോക്കുന്നുണ്ട്..

 

“ആ ബാഗിങ് തന്നേക്ക് മോളെ…!

ഞാൻ ഡിക്കിയിൽ വച്ചേക്കാം..

 

സണ്ണി അവളുടെ ബാഗിന് വേണ്ടി കൈനീട്ടി,

 

തന്റെ നിറം മങ്ങിയ നൂലു എഴിച്ച ബാഗ് സണ്ണിയുടെ കയ്യിൽ കൊടുക്കാൻ തന്നെ അവൾക്ക് നാണക്കേട് തോന്നിയിരുന്നു.  എങ്കിലും ജോണി അവിടെ നിൽക്കുന്നതുകൊണ്ട് തന്നെ മടിച്ചുമടിച്ച് സണ്ണിയുടെ കൈകളിലേക്ക് അവളത് വെച്ചുകൊടുത്തു. അയാൾ അതുമായി കാറിന് അരികിലേക്ക് പോയി. ഡ്രൈവർ അത് വാങ്ങി ഡിക്കിയിലേക്ക് വയ്ക്കുകയും ചെയ്തു.

 

”  എങ്കിൽ പിന്നെ ഞങ്ങൾ ഇറങ്ങട്ടെ…!  കുറച്ചു നേരത്തെ ഇറങ്ങുന്നത് നല്ലത്. വഴിയിൽ എന്തെങ്കിലും ബ്ലോക്കോ മറ്റോ ഉണ്ടായാൽ പിന്നെ എയർപോർട്ടിൽ എത്താൻ വൈകും.

 

ബെറ്റിയുടെ കണ്ണുകൾ അപ്പോഴേക്കും  ഈറനണിഞ്ഞിരുന്നു, അവൾക്ക് അരികിലേക്ക് വന്നവളെ തന്നെ നോക്കി വാത്സല്യത്തോടെ ഒന്ന് തഴുകി.  പിന്നെ ഒന്ന് ചേർത്ത് പിടിച്ച് കവിളിൽ മുത്തി. എല്ലാവർക്കും അരികിൽ വച്ച് ഇങ്ങനെ ചേർത്ത് പിടിക്കുന്നത് ഇതാദ്യമാണ്,  ഓർമ്മവച്ചതിൽ പിന്നെ ഇങ്ങനെയൊരു ചേർത്തുപിടിക്കൽ ലഭിച്ചിട്ടില്ല.. അതുകൊണ്ടുതന്നെ അവൾക്ക് അത്ഭുതം തോന്നിയിരുന്നു..

 

”  നന്നായി പഠിക്കണം കേട്ടോ

 

അവളുടെ മുഖത്തേക്ക് നോക്കി ബെറ്റി പറഞ്ഞു.  പപ്പയോടെ യാത്ര പറയ്…

 

ബെറ്റി തന്നെയാണ് അവളോട് ആ കാര്യം പറഞ്ഞത്.  ഉടനെ തന്നെ മരിയ ജോണിയുടെ അരികിലേക്ക് എത്തിയിരുന്നു.

 

” പോട്ടെ….

 

പേടിയോടെ അയാളുടെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു…

 

”  ഉം…. അടുത്താഴ്ച ഞാൻ അങ്ങോട്ട് വരുന്നുണ്ട്.

 

ഗൗരവത്തിൽ അയാൾ മറുപടി പറഞ്ഞു…

 

”  വേണമെങ്കിൽ ഞാൻ ടിക്കറ്റ് ബുക്ക് ചെയ്യാം നിങ്ങൾക്ക്…

 

സണ്ണി ജോണിയോട് ആയി പറഞ്ഞു…

 

”  അതിന്റെ ഒന്നും ആവശ്യമില്ല,  ഞങ്ങൾ വന്നോളാം.  അവിടെ എത്തുമ്പോൾ വിളിക്കാം,

 

” ശരി…

 

” ജോണി ഒന്നുകൊണ്ടും പേടിക്കേണ്ട ഞങ്ങളുടെ കൂടെയല്ലേ വിടുന്നത് ഞ, ങ്ങൾ സ്വന്തം മോളെ പോലെ തന്നെ നോക്കിക്കോളാം.

 

സണ്ണി ജോണിക്ക് ഉറപ്പു കൊടുത്തു. അയാൾ ഒരു മങ്ങിയ ചിരി ചിരിച്ചു…

 

രണ്ടുപേരും പരസ്പരം ഹസ്തധാനം നൽകി.  അമലയുടെ കണ്ണുകൾ ബെറ്റിയിൽ ആയിരുന്നു….

 

ആ മാതൃഹൃദയത്തിന്റെ തേങ്ങൽ അറിയാൻ അമലയ്ക്ക് സാധിക്കുന്നുണ്ടായിരുന്നു…..

 

“നീ വിഷമിക്കണ്ട….! എന്റെ സ്വന്തം മോളെ പോലെ ഞാൻ നോക്കിക്കോളാം…

 

ബെറ്റിയുടെ മനസ്സ് അറിഞ്ഞിട്ട് എന്നതുപോലെ അമല പറഞ്ഞു.

 

അവർക്ക് ഒപ്പം കാറിലേക്ക് കയറിയപ്പോൾ സ്കൂളിൽ നിന്ന് സഹോദരർ ആയ ജൊഹാനും  ജീനയും  എത്തിയിരുന്നു.  ഒന്ന് തിരിഞ്ഞു നോക്കിയിരുന്നു മരിയ.  ജോഹൻ ചിരിയോടെ അവൾടെ അരികിലേക്ക് ഓടി വന്നു..

 

”  ഫോൺ വിളിക്കണേ ചേച്ചി…

 

വലിയ ഉത്സാഹത്തോടെ അവൻ പറഞ്ഞു… അവൾ തലയാട്ടി, വാത്സല്ല്യത്തോടെ അവന്റെ മുഖത്ത് തഴുകി… ജീന എല്ലാവരും ഉള്ളതുകൊണ്ടു തന്നെ ഒരു ചെറു ചിരിയിൽ ഒതുക്കി. അതിൽ കൂടുതൽ ഒന്നും മരിയ പ്രതീക്ഷിച്ചിരുന്നില്ല. കാറിൽ ഇരിക്കുമ്പോൾ മരിയയുടെ മനസ്സ് മറ്റ് എവിടെയോ ആയിരുന്നു.  ജീവിതം ഇങ്ങനെ മാറ്റി മാറ്റി പറിച്ചു നടപെടുകയാണ്. ഏഴാം ക്ലാസ് വരെ ജോണിയുടെ കുടുംബത്തിൽ ആയിരുന്നു. അവിടെ എല്ലാവരും ഉണ്ടായിരുന്നു, ജോണിയുടെ അച്ഛനും അമ്മയും സഹോദരങ്ങളും ഒക്കെ.  അവർക്ക് എല്ലാവർക്കും ഒപ്പം ആ വലിയ വീട്ടിലെ ജോലികൾ ഒക്കെ ചെയ്തു ജീവിച്ച ആ കാലത്തെക്കുറിച്ചും ആ നിമിഷം അവൾ ഓർമിച്ചിരുന്നു. ഒപ്പം വേദനിപ്പിക്കുന്ന ചില നിമിഷങ്ങളും. പിന്നീട്  എട്ടാം ക്ലാസ് മുതലാണ് ജോണിയും ബെറ്റിയും മക്കളും ഒറ്റയ്ക്ക് ജീവിതം ആരംഭിച്ചത്.  അതിനുശേഷം ആണ് കുറച്ചെങ്കിലും സമാധാനം നിറഞ്ഞത്. എങ്കിലും ആ സമാധാനം നഷ്ടമാവാൻ അധികസമയം വേണ്ടിയിരുന്നില്ല.  പിന്നീട് അങ്ങോട്ട് ഭീതിയോടെയാണ് ജീവിച്ചിരുന്നത്.  ഇനി പോകുന്നിടത്ത് തന്നെ കാത്തിരിക്കുന്നത് എന്തൊക്കെ പേടിപ്പിക്കുന്ന ഓർമ്മകൾ ആയിരിക്കുമെന്ന് മരിയക്ക് അറിയില്ലായിരുന്നു.  അമലയുടെയും സണ്ണിയുടെയും ഇടപെടൽ വളരെ ഹൃദ്യമായാണ് അവൾക്ക് തോന്നിയത്. പക്ഷേ ഇത്തരം ഇടപെടലുകളിൽ നിന്നൊന്നും ഒരു മനുഷ്യനെ മനസ്സിലാക്കാൻ സാധിക്കില്ലല്ലോ.  തന്റെ ജീവിതത്തിൽ നിന്നും താൻ പഠിച്ചെടുത്ത ഒരു പാഠമാണിത്.  അതുകൊണ്ടു തന്നെ ആരെയും  ഒരു പരിധിക്ക് അപ്പുറം വിശ്വസിക്കാനും വയ്യ… ഇടയ്ക്ക് ഒരു ഹോട്ടലിൽ നിർത്തി ചായയും പലഹാരവും വാങ്ങിയിരുന്നു സണ്ണി.  കഴിക്കാൻ എന്തെങ്കിലും വേണോ എന്ന് പ്രത്യേകം അമല ചോദിക്കുകയും ചെയ്തിരുന്നു.  ഒന്നും വേണ്ട എന്ന് അവൾ പറഞ്ഞു. എയർപോർട്ടിലേക്ക് എത്തിയപ്പോഴേക്കും ഒരു വിറയിൽ ശരീരത്തിലേക്ക് കയറിയിരുന്നു.  എയർപോർട്ടിന്റെ ഉള്ളിൽ കയറിയപ്പോൾ തന്നെ അപകർഷതാബോധം പിടിമുറുക്കാൻ തുടങ്ങി. താൻ അല്ലാതെ മറ്റാരും ഇത്രയും മോശമായ രീതിയിൽ ഇവിടെ വന്നിട്ടില്ല.  അവിടെ തൂത്തുവാരുന്നവർ പോലും വളരെ വൃത്തിയായി രീതിയിലാണ് വന്നിരിക്കുന്നത്. താൻ മാത്രമാണ് ഇത്രയും മോശ അവസ്ഥയിൽ ഈ എയർപോർട്ടിനുള്ളിൽ ഇപ്പോൾ ഉള്ളത് എന്ന് അവൾക്ക് തോന്നിയിരുന്നു.

 

” ആന്റി…

 

പെട്ടെന്ന് അവൾ അമലേ വിളിച്ചു. അവർ തിരിഞ്ഞു നോക്കിയിരുന്നു.

 

” എന്താ മോളെ

 

”  നിങ്ങൾക്ക് പരിചയമുള്ള ആരെങ്കിലും ഞാൻ ആരാണെന്ന് ചോദിച്ചാൽ നിങ്ങളുടെ വീട്ടിലേക്ക് ജോലിക്ക് വരുവാണെന്ന് പറഞ്ഞാൽ മതി.  അല്ലാതെ ആന്റിയുടെ കൂട്ടുകാരിയുടെ മോളാണെന്ന് ഒന്നും പറയണ്ട.

 

”  അതെന്താ മോളെ…?

 

അവളുടെ നിഷ്കളങ്കമായ ചോദ്യം കേട്ടുകൊണ്ട് അമല ചോദിച്ചു.

 

” നിങ്ങൾക്കത് നാണക്കേടാവും…

 

അവളുടെ ആ മറുപടിയിൽ അമലയുടെ ഹൃദയവും നോവുന്നുണ്ടായിരുന്നു,

 

” അങ്ങനെയൊന്നുമില്ല മോളെ

 

അമല അവളെ ഒന്നുകൂടി ചേർത്തുപിടിച്ചു.  ഫ്ലൈറ്റിന് ഉള്ളിലേക്ക് കയറിയപ്പോഴും അമലയുടെ കൈകളിൽ മുറുക്കിപ്പിടിച്ചിരുന്നു മരിയ.  അവൾക്ക് വല്ലാത്ത ഭയം തോന്നിയിരുന്നു. എന്നാൽ കണ്ണ് അടച്ചു തുറക്കുന്ന നേരം കൊണ്ട് ഫ്ലൈറ്റ് ചെന്നൈ എയർപോർട്ടിൽ എത്തി എന്ന് അറിഞ്ഞപ്പോൾ അതിലേറെ അമ്പരപ്പും.  മൂന്നുപേരും ചെന്നൈയിലെത്തിയപ്പോഴേക്കും രാത്രിയായിരുന്നു. ചെന്നൈ നഗരം നന്നായി ഒന്ന് കാണാൻ പോലും മരിയയ്ക്ക് സാധിച്ചിരുന്നില്ല. അതിനു മുൻപേ തന്നെ ഇവർ ഫ്ലാറ്റിലും എത്തിയിരുന്നു. ഫ്ലാറ്റിലേക്ക് ചെന്നപ്പോൾ അത് അടഞ്ഞു കിടക്കുകയാണ്.  തന്റെ കയ്യിൽ ഉണ്ടായിരുന്ന സ്പെയർ കീ ഉപയോഗിച്ച് അമല ഫ്ലാറ്റ് തുറന്നു. രണ്ടു ദിവസമായി ആരും ഉണ്ടായിരുന്നതിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെ ആ വീട്ടിൽ കാണാനുണ്ടായിരുന്നില്ല. അടുക്കളയിലേക്ക് പോയപ്പോൾ പാത്രങ്ങളൊക്കെ കഴുകി വച്ചിരുന്നു. താൻ പോയ ദിവസം സോളമിന് വേണ്ടി ആഹാരം കരുതി വെച്ചിരുന്നു.  അത് ഡൈനിങ് ടേബിളിൽ എടുത്തു വയ്ക്കുകയും ചെയ്തു.  അത് അവൻ കഴിച്ചിട്ടുണ്ട് എന്ന് വെയ്സ്റ്റ് ബാസ്കറ്റിൽ കിടന്ന ബാക്കി അവശിഷ്ടങ്ങളിൽ നിന്നും അവർക്ക് മനസ്സിലായിരുന്നു.  അതിനുശേഷം പാത്രം കഴുകി വച്ചിട്ടുണ്ട്. പിന്നെ അവിടെ ഒന്നും ഉണ്ടാക്കിയതിന്റെ ലക്ഷണങ്ങളും ഇല്ല..കടയിൽ നിന്ന് വാങ്ങിയതിന്റെ ലക്ഷണവുമില്ല.. വന്നപാടെ ക്ഷീണം കൊണ്ട് സണ്ണി കുളിക്കാനായി പോയിരുന്നു. ആ സമയം കൊണ്ട് അമല മരിയയ്ക്ക് വേണ്ടി തയ്യാറാക്കിയിരുന്ന മുറി കാണിച്ചു കൊടുത്തു.  സണ്ണിയുടെയും അമലയുടെയും മുറിയുടെ അരികിൽ ആയി തന്നെയായിരുന്നു മരിയക്കും ഒരു മുറി തയ്യാറാക്കിയിരുന്നത്.  സോളമനെ കൂടി ഭയന്നാണ് അങ്ങനെയൊരു രീതിയിൽ സജ്ജീകരിച്ചിരുന്നത്.  മരിയയ്ക്ക് അമ്പരപ്പ് തോന്നിയിരുന്നു.  ഇന്നുവരെ ഇത്രയും സൗകര്യമുള്ള ഒരു മുറിയിൽ കഴിഞ്ഞിട്ടില്ല.അതിന്റെ ഒരു ചടപ്പ് അവൾക്കുണ്ടായിരുന്നു.  ആ മുറിയിലെ വലിയ കണ്ണാടിയിൽ തന്റെ മുഖം കണ്ടപ്പോൾ അവൾക്ക് അവളോട് തന്നെ വെറുപ്പ് തോന്നി തുടങ്ങിയിരുന്നു.  ആ മുറിക്കും വീടിനും ഒട്ടും ഇണങ്ങുന്ന ഒരു കോലമല്ല തന്റേതെന്ന് അവൾക്ക് തോന്നി.

 

”  മോളെ ബാത്റൂം ഉണ്ട്.. മോള് വേണമെങ്കിൽ ഒന്ന് കുളിച്ച് ഫ്രഷ് ആയിക്കോ, അപ്പോഴേക്കും കുടിക്കാൻ എന്തെങ്കിലും എടുക്കാം.

 

അതും പറഞ്ഞ് അവർ അടുക്കളയിലേക്ക് പോയിരുന്നു. പെട്ടെന്ന് മൊബൈലിൽ സോളമന്റെ നമ്പർ ഡയൽ ചെയ്തു.  ഒന്ന് രണ്ട് റിങ്ങിനു ശേഷമാണ് അവൻ ഫോൺ എടുത്തത്.

 

“എന്താ അമ്മ…!നിങ്ങൾ വീട്ടിലെത്തിയോ…

 

ഹലോ പറയുന്നതിന് മുൻപേ അതാണ് കാതിലേക്ക് എത്തിയ ആദ്യ ചോദ്യം.

 

”  ഞങ്ങൾ വീട്ടിൽ വന്നു, നീ ഈ ദിവസങ്ങളിൽ ഒന്നും കഴിച്ചില്ലേടാ..?  ഇവിടെയൊന്നും വാങ്ങിയതിന്റെ ലക്ഷണവും ഇല്ലല്ലോ,

 

“‘ ഞാൻ മനുവിന്റെ കൂടെ അവന്റെ ഫ്ലാറ്റിൽ ആയിരുന്നു അമ്മ,  ഇനി ഞാൻ ആരെയെങ്കിലും വീട്ടിലോട്ട് വിളിച്ചോണ്ട് വന്നാലൊന്നു പപ്പയ്ക്ക് ഒരു സംശയം വേണ്ടെന്ന് കരുതി പോയതാ,

 

അവന്റെ ആ സംസാരത്തിൽ അമലയ്ക്ക് വേദന തോന്നിയിരുന്നു..

 

”   പപ്പ അത് വെറുതെ പറഞ്ഞതല്ലേ,  നീ അത് സീരിയസ് ആക്കിയോ…?

 

”  സീരിയസ് ഒന്നും ആക്കിയതല്ല,  ഞാൻ കാരണം ആൾറെഡി പപ്പയ്ക്ക് നാണക്കേട് ആയിട്ടുണ്ട്. ഇനി ഒരു നാണക്കേട് വേണ്ടെന്ന് കരുതി ഞാൻ അങ്ങ് മാറിയതാ.  കാരണം ഞാൻ ഒറ്റയ്ക്ക് ഉള്ളൂ എന്ന് അറിഞ്ഞാൽ ചിലപ്പോൾ മനുവും ഫ്രണ്ട്സ്സും ഒക്കെ ഫ്ലാറ്റിലേക്ക് വരും. അവർ വരുമ്പോൾ ഒരു കുപ്പിയൊക്കെ കൊണ്ടുവരും.  അത് പിന്നെ പപ്പയ്ക്ക് ഒരു നാണക്കേടായാലോ…

 

ഓപ്പൺ ആയി പറയുന്നവനോട് ആ നിമിഷം അമലയ്ക്ക് സ്നേഹമാണ് തോന്നിയത്.

 

“നീ ഇപ്പൊൾ എവിടെയാ?

 

ഡ്യൂട്ടിയിലാ അമ്മാ..!

 

” ഇന്ന് നീ ഇങ്ങോട്ട് വരില്ലേ…?

 

” ഇല്ല…! ഇത് കഴിയാൻ രാവിലെ ആകും, ഞാന് വെളുപ്പിനെ വരും..

അപ്പോൾ ശരി

 

“സോളാമാ വയ്ക്കല്ലേ..   ഒരു കാര്യം കൂടി പറയാനുണ്ട്,

 

” എന്താ അമ്മേ

 

അവൻ ചോദിച്ചു

 

”  അത് പിന്നെ നമുക്കൊരു ഗസ്റ്റ് കൂടിയുണ്ട്.

 

” ഗസ്റ്റോ…? അതെ അമ്മ ഒരു കോൾ വരുന്നുണ്ട്,  അത്യാവശ്യം ഉള്ള കോൾ ആണ്, ശരി ഞാൻ വിളിച്ചോളാം…

 

അവൻ ഫോൺ കട്ട് ചെയ്തപ്പോൾ മരിയയെ പറ്റി പറയാത്ത വേദനയായിരുന്നു അമലക്കുണ്ടായിരുന്നത്.  അവളെപ്പറ്റിയും അവളുടെ സാഹചര്യത്തെ പറ്റി ആദ്യമേ അവനോട് പറയണം എന്ന് വിചാരിച്ചതാണ്. സണ്ണി പറയുന്നതുപോലെ എല്ലാ പെൺകുട്ടികളോടും കാണിക്കുന്നതുപോലെ എന്തെങ്കിലും കുസൃതി അവൻ അവളുടെ അടുത്ത് എടുക്കുമെന്ന് കരുതിയാണ് അവളെക്കുറിച്ച് സംസാരിക്കാമെന്ന് കരുതിയത്.  അപ്പോഴേക്കും അവൻ ഫോണും കട്ട് ചെയ്തു. ഇനി അവൻ ഇവിടെ എത്തുന്നതിനു മുൻപ് എങ്ങനെ മരിയയെക്കുറിച്ച് സംസാരിക്കും എന്നായിരുന്നു അമല ചിന്തിച്ചത്..

 

തുടരും

 

 

Leave a Reply