രചന – രച്ചൂസ് പപ്പൻ
#പിഴച്ചുപോറ്റിയവൾ
ഭർത്താവ് ജീവനോടെ ഇരിക്കെ തന്നെ പിഴച്ചുനടന്ന ഒരു സ്ത്രീയുടെ മകളെ തന്നെ എന്റെ മകന്റെ ഭാര്യയാക്കുന്നതിനോട് ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട് അതുകൊണ്ട് തന്നെ നമുക്ക് ഈ ബന്ധം ഇവിടെ വെച്ച് അവസാനിപ്പിക്കാം… മറ്റൊന്നും വിചാരിക്കരുത് കേട്ടോ…
നിശ്ചയതലേന്നത്തെ ഒരുക്കങ്ങൾ അറിയാൻ വീട്ടിലെത്തിയ ബ്രോക്കർ ശിവരാമേട്ടന്റെ ഫോണിലേക്ക് ആ സമയത്താണ് ചെക്കന്റ് അച്ഛന്റെ ഫോൺ വന്നത്…
നിങ്ങളെന്താ… ഇപ്പോൾ… ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്… നാളെ വിവാഹ നിശ്ചയത്തിന് വീടൊരുങ്ങും വരെ കാക്കണം ആയിരുന്നോ… അവരെ നാണം കെടുത്താൻ എന്ന് ചോദിച്ച ശിവരാമേട്ടനോട് ….
അതിന് കണ്ടവന് കിടക്ക വിരിക്കണ അത്രയും നാണക്കേടില്ല ശിവരാമ കല്യാണം പാതി വഴിയിൽ മുടങ്ങിയാൽ… എന്ന് കാരണവർ പറഞ്ഞപ്പോൾ മറ്റൊന്നും പറയാതെ ഫോൺ വെക്കുകയായിരുന്നു ശിവരാമേട്ടൻ…
എന്താ ശിവരാമ പ്രശ്നം…. ആര വിളിച്ചേ… ആരുടെ വിവാഹമാണ് മുടങ്ങിയത് എന്ന് വീൽ ചെയറിന്റെ പിടിയിൽ കൈ മുറുക്കി മുന്നോട്ട് ആഞ്ഞു അച്ഛൻ ചോദിക്കുമ്പോൾ അച്ഛന്റെ പിന്നിലായി ഞാനും വന്നിരുന്നു…
അതുപിന്നെ ദാസൻകോച്ചേട്ടാ..
ഞാൻ ദേ ഇപ്പോൾ വരാം എല്ലാം വന്നിട്ട് പറയാം എന്ന് പറഞ്ഞു ശിവരാമേട്ടൻ കക്ഷത്തേക്ക് ബാഗ് വെച്ച് മുണ്ടും മടക്കി കുത്തി പോയത് വീടിന് പിന്നിലേ ദേഹണ്ഡപുരയിലേക്ക് ആയിരുന്നു എന്ന്
എനിക്ക് ഉറപ്പായിരുന്നു… കാരണം എന്റെ ഏട്ടൻ അവിടെ നിശ്ചയം ഗംഭീരം ആക്കാൻ ഉള്ള വെപ്രാളത്തിൽ ആരുന്നു…
പിന്നിലെ ചായ്പ്പിനുള്ളിലെ ജനാല ആരും അറിയാതെ തുറന്നു നോക്കിയത് എന്താവും ശിവരാമേട്ടൻ ഏട്ടനോട് പറഞ്ഞിട്ടുണ്ടാവുക എന്നറിയാൻ വേണ്ടി മാത്രം ആയിരുന്നു…
അവിടുന്ന് വിളിച്ചുപറഞ്ഞ കാര്യങ്ങൾ ഏട്ടനോട് പറയുമ്പോൾ.. തീ ചൂട്ടേറ്റിട്ടും വിയർക്കാത്ത ഏട്ടന്റെ ശരീരം വിയർത്തു കുളിച്ചിരുന്നു…
ജനൽ പാളിയിലൂടെ എന്റെ കണ്ണുകൾ കണ്ടത് കൊണ്ട് തന്നെയാവണം തീ പുകയേറ്റാൽ പോലും ചുമക്കാത്ത ഏട്ടന്റെ കണ്ണുകളിൽ നിന്നും ചുടുനീരൊഴുകിയത്….
അടുക്കള വാതിൽ വഴി ഏട്ടന്റെ അടുത്തേക്ക് ഓടി എത്തുമ്പോൾ ഞാനും കിതച്ചിരുന്നു…
നമ്മുടെ അമ്മ ചീത്തയായത് കൊണ്ട് ഏട്ടന്റെ കുട്ടിയെ അവർക്ക് വേണ്ട ല്ലേ എന്ന് ചോദിച്ചപ്പോൾ..
ഏട്ടൻ എന്നോട് തിരികെ ചോദിച്ചത്… നിനക്ക് ഈ വിവാഹം വേണമെന്ന് ചെറുതായെങ്കിലും മോഹമുണ്ടെങ്കിൽ ഏട്ടൻ ആരുടെ വേണമെങ്കിലും കാലു പിടിക്കാം എന്നായിരുന്നു….
മറുപടി ആയി…. എനിക്ക് ഈ വിവാഹം വേണ്ട ഏട്ടാ… എന്ന് പറയുമ്പോൾ മൈലാഞ്ചി ഇട്ട കൈകളാൽ ഇതിന്റെ പേരിൽ ഇനി കരയില്ല എന്ന് ഉറപ്പിച്ചു കണ്ണീരൊപ്പിയിരുന്നു ഞാൻ…
അടുത്ത ഭിത്തിയിലെ ആണിയിൽ തൂക്കിയിട്ട ഷർട്ടിൽ നിന്നും ഏട്ടൻ ഫോൺ എടുക്കുമ്പോൾ എന്റെ മുഖത്തേക്ക് ആയിരുന്നു നോക്കിയത്…
മറ്റേ തലക്കൽ ഫോൺ എടുക്കുമ്പോൾ ഏട്ടൻ പറഞ്ഞ വാക്കുകൾ ഞാനും ആഗ്രഹിക്കുന്നുണ്ടായിരുന്നു
മരംവെട്ടുകാരൻ ദാസൻ മരത്തിൽ നിന്ന് കാൽതെറ്റി വീണപ്പോൾ മുഴുപ്പട്ടിണി ആയി പോയൊരു കുടുംബം ഉണ്ടാർന്നു… അന്ന് മൂന്ന് വയസ്സുകാരൻ ആദിയെയും ആറു മാസം തികയാത്ത പാറുനെയും മാറോട് ചേർക്കാൻ മാത്രേ ഞങ്ങളുടെ അമ്മയ്ക്ക് അറിയുമായിരുന്നുള്ളു…
മുലപ്പാലിൽ മക്കളുടെ വിശപ്പകറ്റാൻ പറ്റാതെ വന്നപ്പോൾ വീണുകിടക്കുന്ന കെട്ടിയോന് സമയാസമയം അന്നം കൊടുക്കാൻ പറ്റാതെ വന്നപ്പോൾ ന്റെ അമ്മയും പിഴച്ചു… എന്ന് പറഞ്ഞു നിറുത്തും മുൻപ്
എങ്ങിനെ ആണെങ്കിലും വേശ്യ വേശ്യ അല്ലാതെ ആകുമോ? അമ്മയുടെ അല്ലേ മകൾ കെട്ടിക്കൊണ്ട് വന്ന് ചില്ലലമാരയിൽ പൂട്ടി വെക്കാൻ ഒന്നും പറ്റില്ലല്ലോ? ഇതിനൊക്കെ നല്ല കുടുംബത്തിൽ ജനിക്കാൻ യോഗം വേണം എന്ന ചെക്കന്റെ അപ്പന്റെ വാക്കുകൾക് ഏട്ടൻ പറഞ്ഞത്
നിങ്ങളൊക്കെ സ്വയം കുടുംബ മഹിമ പറയുമല്ലോ… കൂട്ടുകാരന്റെ ഭാര്യയെ പെങ്ങളായി കണ്ട പലരും ഇരുളടയുമ്പോൾ കതകിൽ കൊട്ടി തലവഴി തോർത്ത് മുണ്ട് ചുറ്റി ഇറങ്ങിയിട്ടുണ്ട്…
ഒരമ്മയ്ക്ക് ഏറ്റവും വലുത് മക്കളുടെ vi വിശപ്പാണ്… പിന്നേ കെട്ടിയോന്റെ ജീവനും അതിനായ് പല പണിക്കും പോയി അവസ്സാനം പിഴച്ചു പോറ്റിയത് തന്നെ ആണ് ഞങ്ങളെ…
പക്ഷേ ആദിശങ്കരൻ മീശ മുളക്കാൻ കാത്തുനിന്നില്ല കുടുംബം പോറ്റാൻ… നെഞ്ചുറപ്പായ കാലം ഏറ്റെടുത്തതാണ് ഈ കുടുംബം…
പിന്നേ എന്റെ അമ്മ പിഴച്ചുപോയത് കൊണ്ട് എന്റെ അനിയത്തി അങ്ങിനെ ആകും എന്ന് പറഞ്ഞ നിന്റെ പിഴച്ച നാവ്…. നീ സൂക്ഷിച്ചോ… ട്ടാ…എന്ന് പറഞ്ഞു മുഴുവിക്കും മുൻപ് മറുതലക്കൽ ഫോൺ വെച്ച ശബ്ദം കേൾക്കാമായിരുന്നു…
എന്റെ പെങ്ങളുടെ സ്വഭാവശുദ്ധി തെളിയിച്ചിട്ട് വരാം എന്ന് പറഞ്ഞു ഉറഞ്ഞു തുള്ളി ഏട്ടൻ ഷർട്ടും ഇട്ട് ബൈക്കിലേക്ക് കയറുമ്പോൾ..
അരുത്.. പോകരുത് ഏട്ടാ..
എന്നെ എനിക്കറിയാം എന്റെ ഏട്ടനും ഞങ്ങൾക്ക് ഏട്ടനെ ഒള്ളു എന്ന് പറഞ്ഞു തടഞ്ഞ എന്നെ മാറോട് ചേർത്ത് പിടിക്കുമ്പോൾ ആ നെഞ്ച് പട പട പെടക്കുന്നുണ്ടായിരുന്നു…
ഞങ്ങൾക്ക് പിന്നിലായി കേട്ട അമ്മയുടെ തേങ്ങൽ മാത്രം മതിയായിരുന്നു… ഏട്ടനെ ആ നിമിഷം തടഞ്ഞു നിർത്താൻ…

by