22/04/2026

പപ്പാ.. പപ്പക്ക് എങ്ങനെ എന്നോട് ഇത് പറയാൻ തോന്നി?? പപ്പ മമ്മ മരിക്കാൻ കാത്തിരുന്നത് പോലെ ആണല്ലോ..

രചന – ഹബീബ നസ്രിൻ

“പപ്പാ.. പപ്പക്ക് എങ്ങനെ എന്നോട് ഇത് പറയാൻ തോന്നി?? പപ്പ മമ്മ മരിക്കാൻ കാത്തിരുന്നത് പോലെ ആണല്ലോ.. പപ്പ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇതിന് ഒരിക്കലും സമ്മതിക്കില്ല. എന്നെ കൊണ്ട് കഴിയില്ല പപ്പ.. വേറെ ഒരാളെ മമ്മയുടെ സ്ഥാനത്ത് കാണാൻ. പപ്പയെ പോലെ മമ്മയെ മറന്ന് കൊണ്ട് ഒരു ലൈഫ്.. അത് എനിക്ക് സാധിക്കില്ല.”- എടുത്ത് അടിച്ചത് പോലെ ഉള്ള തന്റെ മകളുടെ വാക്കുകൾ കേട്ട് അയാൾ തറഞ്ഞ് ഇരുന്നു.

അവൾക്ക് ഒരു കുറവ് വരരുത് എന്ന് ആഗ്രഹിച്ചത് കൊണ്ട് മാത്രം ആണ് താൻ രണ്ടാമത് ഒരു കല്യാണത്തിന് സമ്മതം മൂളിയത്. അവളുടെ വളർച്ചയുടെ ഇനി ഉള്ള ഓരോ ഘട്ടങ്ങളിലും അമ്മ എന്ന സാനിദ്ധ്യം അത്യാവശ്യ ഘടകം ആകും എന്ന ബന്ധുക്കളുടെ ഉപദേശം.

പക്ഷെ ആ അവൾ തന്നെ തനിക്ക് ഒരിക്കലും ആ സ്ത്രീയെ മരിച്ച് പോയ അവളുടെ മമ്മയുടെ സ്ഥാനത്ത് കാണാൻ കഴിയില്ല എന്ന് പറയുമ്പോൾ ഇനി എന്ത് എന്നത് അയാളുടെ മുൻപിൽ വലിയ ഒരു ചോദ്യ ചിഹ്നം ആയിരുന്നു. നാളെ ആണ് അയാളുടെ രണ്ടാം കെട്ട്. മകളുടെ ആവശ്യങ്ങൾക്ക് വേണ്ട വെറും ആയയെ ആണ് തനിക്ക് വേണ്ടത് എന്ന് അറിഞ്ഞ് കൊണ്ട് തന്നെ തന്റെ താലിക്കായി കഴുത്ത് നീട്ടാൻ തയാറായവൾ.

അയാളുടെ ചേച്ചിയും മറ്റ് ബന്ധുക്കളും ചേർന്ന് ആണ് ആ കുട്ടിയെ കാണാൻ പോയത്. അത് കൊണ്ട് തന്നെ അയാൾ അവളെ ഇതിന് മുൻപ് നേരിട്ട് കണ്ടിട്ടില്ല. ഗൗരി എന്നാണ് പേര് എന്ന് മാത്രം അറിയാം. അയാൾ അസ്വസ്ഥതയോടെ നെറ്റിയിൽ കൈ വിരലുകൾ കൊണ്ട് ഉഴിഞ്ഞു. നന്ദിത.. അതായിരുന്നു അയാളുടെ മകളുടെ പേര്. ലക്ഷ്മിയുടെ നിർബന്ധ പ്രകാരം ഇട്ടത് ആണ് അത്.

നന്ദിതയുടെ പത്താം വയസ്സ് വരെ വളരെ സന്തോഷപൂർവം കഴിഞ്ഞ വീട് ആണ് ഇന്ന് ഒരു അനക്കവും ഇല്ലാതെ കിടക്കുന്നത്. ലക്ഷ്മിയും ആയി പ്രണയ വിവാഹം ആയിരുന്നു. അത് കൊണ്ട് തന്നെ ബന്ധുക്കളുടെ ശത്രുത ആവശ്യത്തിൽ അധികം ഉണ്ടായിരുന്നു. ലക്ഷ്മി ഒരു ഊമ ആയിരുന്നു. അത് കൊണ്ട് തന്നെ അവൾ അവളുടെ പ്രതിഷേധങ്ങളും മറ്റും പാത്രങ്ങളോട് മല്ലിട്ട് ആണ് അയാളെ അറിയിച്ചത്.

മോളുടെ പത്താം പിറന്നാളിന്റെ ആഘോഷങ്ങൾ എല്ലാം കഴിഞ്ഞ് അന്ന് രാത്രി ഉറങ്ങാൻ കിടന്ന ലക്ഷ്മി പിന്നീട് എഴുന്നേറ്റില്ല. മരണ വെപ്രാളത്തിൽ അവളുടെ മൂത്രവും മറ്റും ബെഡിൽ ഉണ്ടായിരുന്നു. എന്നാൽ തൊട്ട് അടുത്ത് കിടന്ന് ഉറങ്ങിയ അയാൾ ഇത് ഒന്നും അറിഞ്ഞിരുന്നില്ല. എന്നും അതി രാവിലെ എഴുന്നേൽക്കുന്ന ലക്ഷ്മി അന്ന് അയാൾ എഴുന്നേൽക്കുമ്പോഴും അരികിൽ കിടക്കുന്നത് കണ്ട് കൊണ്ട് ആണ് അയാൾ അരികിലേക്ക് ചെന്നത്.

അന്ന് അയാൾ ആദ്യം ആയി ദൈവത്തെ വെറുത്തു. നന്ദിതയെയും കെട്ടി പിടിച്ച് അയാൾ കല്ലിനെ പോലും ആർദ്രമാക്കുന്ന രീതിയിൽ ഉറക്കെ പൊട്ടി കരഞ്ഞു. പിന്നീട് നന്ദിതക്ക് നല്ല ഒരു അച്ഛൻ ആകാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു അയാൾ. എന്നാലും ഇടക്ക് അയാൾക്ക് ലക്‌സ്മിയുടെ ഓർമ്മകൾ കടന്ന് വരുന്നതോടെ അയാൾ തളർന്ന് പോകുന്നത് പോലെ ആകും. അയാളെ ഓർമ്മകളിൽ നിന്നും ഉണർത്തിയത് നന്ദു ആയിരുന്നു.

“പപ്പക്ക് ഒരു കൂട്ട് വേണം എങ്കിൽ ഒരിക്കലും ഞാൻ അതിന് എതിര് നിൽക്കില്ല. പക്ഷെ എന്നെ അവരെ മമ്മക്ക് പകരം കാണാൻ നിർബന്ധിക്കരുത്. സാധിക്കില്ല എനിക്ക് അതിന്..”- നന്ദു അത്രയും പറഞ്ഞ് കൊണ്ട് മുറിയിൽ കയറി കതക് അടച്ചു. അയാളുടെ മുഖത്ത് ആശ്വാസത്തിന്റെ ഒരു പുഞ്ചിരി വിരിഞ്ഞു.

പിറ്റേന്ന് ആരൊക്കെ നിർബന്ധിച്ചിട്ടും നന്ദു കല്യാണത്തിന് പോകാൻ തയാറായില്ല. മുറിയിൽ തന്നെ ഇരുന്ന അവളെ അയാൾ നിർബന്ധിച്ച് കൂട്ടി കൊണ്ട് വരാൻ പോയവരെ തടഞ്ഞ് കൊണ്ട് അയാൾ അകത്തേക്ക് കയറി.

“മോളെ..”

“കഴിയില്ല പപ്പ.. മമ്മക്ക് പകരം വേറെ ഒരാളെ പപ്പ സ്വീകരിക്കുന്നത് കാണാൻ. പപ്പ സന്തോഷം ആയി പോയി വരൂ.. എന്നെ നിർബന്ധിക്കരുത്.”- നന്ദു തലയിണയിൽ ഒന്ന് കൂടി മുഖം പൂഴ്ത്തി കൊണ്ട് പറഞ്ഞത് കേട്ടതും അയാൾ മറുത്ത് ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി. അവർ അവിടെ നിന്നും കാറിൽ പുറപ്പെടുന്നത് നന്ദു ജനൽ വഴി നോക്കി നിന്നു.

അവരുടെ കാർ അകന്ന് അകന്ന് പോകുന്നതും നോക്കി അവൾ കുറച്ച് നേരം അവിടെ തന്നെ നിന്നു. ശേഷം മുറിയിൽ തൂക്കി ഇട്ടിരുന്ന അവളുടെ പപ്പയും മമ്മയും അവളും ചേർന്ന് നിൽക്കുന്ന ഫോട്ടോയിലേക്ക് നോക്കി.

“മമ്മാ.. എനിക്ക് മമ്മ മാത്രം മതി. പപ്പക്ക് മമ്മയെ മറക്കാൻ കഴിഞ്ഞാലും എനിക്ക് അതിന് സാധിക്കില്ല. വേറെ ഒരാളെ എനിക്ക് ആ സ്ഥാനത്ത് കാണാൻ കഴിയില്ല മമ്മ.”- കണ്ണ് നിറച്ച് കൊണ്ട് അവൾ ആ ഫോട്ടോയിൽ നോക്കി പറഞ്ഞു.

((((((((((((((((((((((((((((((((((((❤)))))))))))))))))))))))))))))))))))))

രാജീവ്‌ താൻ കെട്ടാൻ പോകുന്ന പെണ്ണിനെ ആദ്യം ആയി ആ മഹാദേവ നടയിൽ വെച്ച് ഒന്ന് നോക്കി. പൊക്കം അല്പം കുറഞ്ഞ് നല്ല മെലിഞ്ഞ ശരീര പ്രകൃതം ആയിരുന്നു അനുപമയുടേത്. അവളുടെ ആദ്യത്തെ വിവാഹം ആണ് ഇത് എന്ന് രാജീവിന്റെ ചേച്ചി പറയുന്നത് അവൻ കേട്ടിരുന്നു.

താലി കെട്ടുമ്പോഴും തിരികെ കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴും ഒന്നും അവൾ രാജീവിനെ മുഖം ഉയർത്തി നോക്കിയത് പോലും ഇല്ല. അത് രാജീവിനും ഒരു തരത്തിൽ ആശ്വാസം ആയിരുന്നു. ഉച്ചക്ക് ഉള്ള ആഹാരം പുറത്ത് നിന്ന് ആയിരുന്നതിനാൽ വേറെ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായിരുന്നില്ല.

അല്പം കഴിഞ്ഞ് അനുപമയെ എല്ലാം പറഞ്ഞ് ഏല്പിച്ച് കൊണ്ട് വിരുന്നുകാർ എല്ലാം മടങ്ങി പോയി. ആ വീട്ടിൽ രാജീവും അനുവും നന്ദുവും മാത്രം ആയി. ഒന്ന് ഫ്രഷ് ആയി വന്ന ശേഷം രാജീവ്‌ അനുവിനെ ഒന്ന് നോക്കി കൊണ്ട് ഡൈനിങ് ടേബിളിൽ വന്ന് ഇരുന്നു. അനു രാജീവ്‌ വന്ന് ഇരിക്കുന്നത് കണ്ടതും അയാൾക്ക് ഉള്ള ആഹാരം വിളമ്പി. ശേഷം അടഞ്ഞ് കിടക്കുന്ന നന്ദുവിന്റെ മുറിയിലേക്കും. അത് മനസ്സിലായത് പോലെ രാജീവ്‌ താൻ ഇരിക്കുന്ന ഇടത്ത് നിന്നും എഴുന്നേറ്റു.

“താൻ ഇരിക്ക്.. ഞാൻ നന്ദുവിനെ കൂട്ടി കൊണ്ട് വരാം.”- അയാൾ അതും പറഞ്ഞ് കൊണ്ട് നന്ദുവിനെ വിളിച്ച് കൊണ്ട് വന്നു. നന്ദുവിന് തീരെ അനുവും ആയി പൊരുത്തപ്പെട്ട് പോകാൻ സാധിക്കുന്നുണ്ടായിരുന്നില്ല.

പിന്നീട് ഉള്ള ഓരോ ദിവസവും അവൾ മനപ്പൂർവം അനുവിനെ കുത്തി നോവിച്ച് കൊണ്ട് ഇരുന്നു. രാജീവ്‌ അനുവിനെ ലക്ഷ്മിയുടെ സ്ഥാനത്ത് കാണാൻ സാധിച്ചില്ല എങ്കിലും അവളെ മനസ്സിലാക്കാൻ നന്നായി ശ്രമിച്ചിരുന്നു. ഇടക്ക് അവൾ പറഞ്ഞതിൽ നിന്ന് അവൾ ഒരു അനാഥ ആണെന്നും അമ്മ തൊട്ടിലിൽ ദിവസങ്ങൾ മാത്രം പ്രായം ഉള്ള അവളെ ആരോ ഉപേക്ഷിച്ചത് ആണ് എന്നും അയാൾ അറിഞ്ഞു.

അനു പറഞ്ഞത് എല്ലാം നന്ദുവും കേട്ടു എങ്കിലും അവൾക്ക് അത് വലിയ ചലനം ഒന്നും സൃഷ്ടിച്ചില്ല. രാജീവും അനുവും തമ്മിൽ അടുത്ത സുഹൃത്തുക്കൾ എന്ന പോലെ ബന്ധം വളർന്നു. അനു നന്ദുവും ആയി കൂടുതൽ അടുക്കാൻ ശ്രമിക്കും തോറും അവൾ അനുവിൽ നിന്നും അകലുന്നത് പോലെ അവൾക്ക് തോന്നി.

അനുവിന് നന്ദു എന്നും സ്വന്തം മോള് തന്നെ ആയിരുന്നു. നന്ദുവിന് ഇഷ്ടം അല്ല എങ്കിൽ കൂടി നന്ദുവിന്റെ എല്ലാ കാര്യങ്ങളിലും അനു അവളെ കൊണ്ട് ആകുന്നത് പോലെ സഹായിച്ച് കൊടുത്തു. നന്ദു അത് ഒന്നും കാണാത്ത രീതിയിൽ ആയിരുന്നു പെരുമാറ്റം. അവൾക്ക് എന്തൊക്കെ ചെയ്തിട്ടും അനു അവളുടെ പപ്പയുടെ ലൈഫിൽ ഇടിച്ച് കയറി വന്ന ഒരാളെ പോലെ ആയിരുന്നു.

ഒരു ദിവസം പതിവ് പോലെ സ്കൂളിൽ നിന്നും മടങ്ങി എത്തിയ നന്ദു വല്ലാതെ മൂഡ് ഔട്ട് ആയിരുന്നു. എന്താണ് കാര്യം എന്ന് താൻ ചോദിച്ചാൽ പറയില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് രാജീവിനെ വിളിച്ച് എത്രയും പെട്ടന്ന് വീട്ടിൽ എത്താൻ ആവശ്യപ്പെട്ടു. രാജീവ്‌ വന്ന പാടെ അവൾ അകത്ത് പോലും കയറാതെ പുറത്തെ വരാന്തയിൽ നിൽക്കുന്നത് കണ്ടു.

“എന്ത് പറ്റി അനൂ?? നീ എന്താ ഇങ്ങനെ ടെൻഷനായി നിൽക്കുന്നത്??”- വണ്ടി സ്റ്റാൻഡിൽ വെച്ച് കൊണ്ട് രാജീവ്‌ അവളുടെ അടുത്തേക്ക് വന്ന് കൊണ്ട് ചോദിച്ചു.

“അത് രാജീവേട്ടാ..”- അവൾ നന്ദു വന്നത് മുതൽ ഉള്ള കാര്യങ്ങൾ പറഞ്ഞ് കേൾപ്പിച്ചു.

“ഇപ്പോ.. വിളിച്ചിട്ട് ഡോർ തുറക്കുന്നില്ല.”- അത് പറയുമ്പോഴേക്കും അനുവിന്റെ കണ്ണുകൾ വല്ലാതെ നിറഞ്ഞ് പോകുന്നുണ്ടായിരുന്നു.

“താൻ വിഷമിക്കാതെ.. ഞാൻ ഒന്ന് പോയി നോക്കട്ടെ. ക്ലാസിൽ എന്തെങ്കിലും കുരുത്തക്കേടോ മറ്റോ ഒപ്പിച്ച് വെച്ചിട്ടുണ്ടാകും.”- അയാൾ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ച് കൊണ്ട് പറഞ്ഞു.

“നന്ദൂ.. എന്താ പറ്റിയത്??”- നന്ദുവിന്റെ മുറിയുടെ ഡോറിൽ തട്ടി അവൾ കതക് തുറന്നപ്പോൾ അകത്തേക്ക് കയറി കൊണ്ട് അയാൾ ചോദിച്ചു.

“ഏയ്‌.. ഒന്നും ഇല്ല പപ്പാ.. എനിക്ക് എന്തോ ഒരു തല വേദന പോലെ തോന്നി.”- അവൾ മുഖം അയാളിൽ നിന്നും ഒളിപ്പിക്കാൻ ശ്രമിച്ച് കൊണ്ട് പറഞ്ഞു.

“മോള് വാ.. നമുക്ക് ഓരോ ചായ കുടിക്കാം.”- രാജീവ്‌ അതും പറഞ്ഞ് കൊണ്ട് അവളുടെ തോളിൽ കൈ വെച്ചതും അവൾ അതിൽ നിന്നും ഒഴിഞ്ഞ് മാറി.

“എന്താടാ??”- ഒരു തരം പകപ്പോടെ അയാൾ അവളോട് ചോദിച്ചു.

“ഞാൻ പപ്പയുടെയും മമ്മയുടെയും മോളാണോ??”- നന്ദുവിന്റെ പെട്ടന്ന് ഉള്ള ചോദ്യം കേട്ട് രാജീവും പുറത്ത് നിന്ന അനുവും ഒന്ന് ഞെട്ടി.

“എന്താ മോൾക്ക് ഇപ്പോ അങ്ങനെ തോന്നാൻ??”- രാജീവ്‌ വിളറിയ ഒരു ചിരി ചിരിച്ച് കൊണ്ട് അവളോട് ചോദിച്ചു.

“എന്റെ ക്ലാസ്സിലെ മാധവ് ഇന്ന് ഇതും പറഞ്ഞ് കൊണ്ട് എന്നെ ക്ലാസ്സിന് മുൻപിൽ കളി ആക്കി. ഞാൻ എന്റെ പപ്പയുടെയും മമ്മയുടെയും മോള് അല്ല എന്ന്. എന്നെ ഏതോ അമ്മ തൊട്ടിലിൽ ഉപേക്ഷിച്ചത് ആണത്രേ..”- അത് പറയുമ്പോഴേക്കും അവളുടെ സ്വരം വല്ലാതെ ഇടറി പോകുന്നുണ്ടായിരുന്നു. അത് കേട്ടതോടെ രാജീവ്‌ പൂർണ്ണം ആയും തകർന്ന അവസ്ഥയിൽ ആയി പോയി. അയാൾ അവളിൽ നിന്നും വിട്ട് മാറി ചുമരിലേക്ക് ചാരി നിന്നു.

“ആണോ പപ്പ.. ഞാൻ നിങ്ങളുടെ മകൾ അല്ലേ??”- കണ്ണ് നിറച്ച് കൊണ്ട് തനിക്ക് നേരെ വീണ്ടും ചോദിക്കുന്ന അവളെ കണ്ട് രാജീവ്‌ വല്ലാതെ വിയർത്ത് പോയിരുന്നു. അയാൾ ഒരു അക്ഷരം മിണ്ടാതെ അയാളുടെ മുറിയിലേക്ക് നടന്നു. നന്ദു കട്ടിലിലേക്ക് പൊട്ടി കരഞ്ഞ് കൊണ്ട് വീണു. അനു ആരെ ആശ്വസിപ്പിക്കും എന്ന് അറിയാതെ ആകെ കുഴഞ്ഞു. അവൾ നന്ദുവിനെ ഒന്ന് നോക്കി കൊണ്ട് രാജീവിന്റെ അടുത്തേക്ക് നടന്നു. അയാളുടെ അവസ്ഥയും മറിച്ച് ആയിരുന്നില്ല.

“വർഷങ്ങൾ ആയി അവൾ അറിയരുത് എന്ന് ഞങ്ങൾ ആഗ്രഹിച്ച കാര്യം അവൾ അറിഞ്ഞു അനു..”- അടുത്ത് ചെന്ന് ഇരുന്ന് തലയിൽ തലോടിയ അവളുടെ കൈയിലേക്ക് മുഖം ചേർത്ത് പൊട്ടി കരഞ്ഞ് കൊണ്ട് അയാൾ പറഞ്ഞു.

അനു ഒരു അക്ഷരം മിണ്ടാതെ അയാളുടെ തലയിൽ തടവി കൊണ്ട് അടുത്ത് തന്നെ ഇരുന്നു. കരഞ്ഞ് കരഞ്ഞ് രാജീവ്‌ ഇടക്ക് ഒന്ന് മയങ്ങി പോയി. അനു അയാളെ കട്ടിലിൽ നേരെ കിടത്തിയ ശേഷം ഒരു ബെഡ് ഷീറ്റ് എടുത്ത് അയാളെ പുതപ്പിച്ച് കൊടുത്തു. നന്ദുവിന്റെ കാര്യം നോക്കാൻ പോകാൻ ആദ്യം ഒരു അല്പം ആശങ്ക തോന്നി എങ്കിലും അവൾ പിന്നീട് രണ്ടും കല്പിച്ച് പോകാൻ തന്നെ തീരുമാനിച്ചു.

അനു നന്ദുവിന്റെ മുറിയിൽ ചെല്ലുമ്പോൾ നന്ദു ഒരു കസേരയിൽ രണ്ട് കാലും മടക്കി വെച്ച് കൊണ്ട് രണ്ട് കൈയും കെട്ടി കസേരയിൽ തല ചാരി വെച്ച് കണ്ണുകൾ അടച്ച് കിടക്കുകയാണ്. നന്ദു അനു വരുന്നത് അറിഞ്ഞിരുന്നു. അത് കൊണ്ട് ആണ് കണ്ണുകൾ അടച്ച് കിടന്നത്. അനു മെല്ലെ അധികം ശബ്ദം ഉണ്ടാക്കാതെ അവളുടെ അടുത്ത് ചെന്ന ശേഷം അവളുടെ തലയിൽ മൃദുവായി ഒന്ന് തലോടി.

കട്ടിലിൽ മടക്കി വെച്ചിരുന്ന അവൾ മൂടിയ ഷീറ്റ് എടുത്ത് അവളെ നന്നായി പുതപ്പിച്ച് കൊടുത്ത ശേഷം നെറ്റിയിൽ ഒന്ന് മുത്തി കൊണ്ട് മുറിക്ക് പുറത്തേക്ക് നടക്കാൻ ഒരുങ്ങി. എന്നാൽ അതിന് മുൻപ് തന്നെ നന്ദു അനുവിന്റെ കൈയിൽ പിടിച്ചിരുന്നു. അനു ഒരു ഞെട്ടലോടെ അവളെ തിരിഞ്ഞ് നോക്കി. നന്ദു അവളെ തന്നെ നിർ വികാരമായി നോക്കി ഇരിക്കുകയാണ്.

“എന്റെ അടുത്ത് കുറച്ച് നേരം ഇരിക്കുമോ??”- നന്ദു അല്പം സങ്കോചത്തോടെ അനുവിനോട് ചോദിച്ചു. അതിന് അനു ഒന്നും മിണ്ടാതെ നന്ദു പിടിച്ചിരുന്ന തന്റെ കൈയിലേക്ക് ഒന്ന് നോക്കി. അനുവിന് അത് ഇഷ്ടപ്പെട്ടില്ല എന്ന് കരുതി നന്ദു ആ പിടി വിട്ടു. ശേഷം അവൾ നേരത്തെ ഇരുന്നത് പോലെ തന്നെ ഇരുന്നു. കതക് അടക്കുന്ന ശബ്ദം കേട്ട് അവൾ തിരിഞ്ഞ് നോക്കമുമ്പോഴേക്കും അനു അവളുടെ അടുത്ത് എത്തിയിരുന്നു.

കട്ടിലിൽ ഹെഡ് ബോർഡിലേക്ക് ചാരി ഇരുന്ന് കൊണ്ട് അവൾ നന്ദുവിനെ ഒന്ന് നോക്കി. കാലുകൾ രണ്ടും നീട്ടി വെച്ച ശേഷം പിറകിൽ ഒരു പില്ലോ കൊണ്ട് സപ്പോർട് വെച്ചു.

“വാ..”- അവൾക്ക് നേരെ രണ്ട് കൈയും നീട്ടി വിളിച്ചതും നന്ദു അത് കേൾക്കാൻ കാത്തിരുന്നത് പോലെ അനുവിന്റെ മടി തട്ടിൽ ഒതുങ്ങി.

അനുവിന്റെ മടിയിൽ തല വെച്ച് കിടക്കുമ്പോൾ നന്ദുവിന് വല്ലാത്ത ഒരു ആശ്വാസം തോന്നി. അവൾ അനുവിന്റെ മുഖത്തിന്റെ എതിർ വശത്തേക്ക് തിരിഞ്ഞ് ആണ് കിടന്നത്. അനു അവളുടെ വലത്തേ കൈ ഉയർത്തി നന്ദുവിന്റെ തലയിൽ തലോടാൻ ഒരുങ്ങി എങ്കിലും അവൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതി ബെഡിലേക്ക് തന്നെ
വെച്ചു. എന്നാൽ അതിന് മുൻപ് തന്നെ നന്ദു അവളുടെ ഇരു കൈകളും കൊണ്ട് അനുവിന്റെ കൈ എടുത്ത് തലയിൽ വെപ്പിച്ചു.

“തടവി താ അമ്മേ..”- കൊച്ച് കുഞ്ഞിന്റെ കൊഞ്ചാലോടെ അവൾ പറഞ്ഞപ്പോൾ അനുവിന്റെ മനസ്സ് അവളുടെ അമ്മ എന്ന വിളിയിൽ കുരുങ്ങി കിടക്കുക ആയിരുന്നു. നന്ദു അനുവിന്റെ അനക്കം ഒന്നും കാണാതെ ആയപ്പോൾ ഒന്ന് തിരിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കി. അനു മുഖം മറ്റ് എവിടേക്കോ തിരിച്ച് ഇരിക്കുകയാണ്. നന്ദു മെല്ലെ അവളുടെ മുഖം തനിക്ക് നേരെ പിടിച്ച് കുനിച്ചു.

“എന്താ അനൂ.. എന്നോട് ഇപ്പോഴും ദേഷ്യം ആണോ??”- നന്ദുവിന്റെ ചോദ്യം കേട്ട് അനു അവളെ തന്നിലേക്ക് വാരി പുണർന്നു.

“അമ്മേടെ മോള് അല്ലേ ഞാൻ.. തെറ്റ് ചെയ്തപ്പോൾ ശിക്ഷിക്കരുതായിരുന്നോ??”- അല്പം കുറുമ്പോടെ അവൾ ചോദിച്ചതും അനു അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

“എന്റെ നന്ദൂനെ തൊട്ട് പോലും നോവിക്കരുത് എന്ന് മമ്മ പറഞ്ഞിരുന്നു. അത് കൊണ്ട് അല്ലേ.. അല്ലെങ്കിൽ ചൂരൽ എടുത്ത് രണ്ട് തന്നേനെ ഞാൻ.”- കുസൃതി ചിരിയോടെ പറയുന്ന അവളെ നോക്കി നന്ദു ചുണ്ട് കൂർപ്പിച്ചു.

“പിന്നേ എന്റെ മോളെ അമ്മ തൊട്ടിലിൽ നിന്നും എടുത്തതാ.. പക്ഷെ അത് ലക്ഷ്മി മമ്മയുടെ തൊട്ടിലിൽ നിന്നും കുറച്ച് അധികം നാളത്തേക്ക് നോക്കാൻ ഈ അമ്മ എടുത്തതാണ്.. അത് കൊണ്ട് ഇനി അത് ഓർത്ത് സങ്കടപ്പെടണ്ട.”- അനു അത് പറഞ്ഞതും നന്ദുവിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. പുറത്ത് ഇവരുടെ സംസാരം കേട്ട് നിന്ന രാജീവിലും ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു, ആശ്വാസത്തിന്റെ ഒരു പുഞ്ചിരി..

ശുഭം ❤