20/04/2026

ഹിന്ദുക്കളുടെ കല്യാണം ഒക്കെ കാണാൻ രസമാ , പക്ഷേ ലോകത്തുള്ളവരെ മുഴുവൻ വിളിച്ചു കൂട്ടും, എന്നിട്ട് കുറച്ച് സാമ്പാറും അവിയലും ഒരിത്തിരി പായസവും ഒക്കെ തന്ന് ഒപ്പിക്കും. എന്നാൽ

രചന – ഭദ്ര വേണുഗോപാൽ

ആഡിറ്റോറിയത്തിനുള്ളിൽ
നല്ല തിരക്ക്, താലികെട്ട് കഴിഞ്ഞപ്പോൾ തന്നെ ജോമോൻ പുറത്തേക്കിറങ്ങി , ഹിന്ദുക്കളുടെ കല്യാണം ഒക്കെ കാണാൻ രസമാ , പക്ഷേ ലോകത്തുള്ളവരെ മുഴുവൻ വിളിച്ചു കൂട്ടും, എന്നിട്ട് കുറച്ച് സാമ്പാറും അവിയലും ഒരിത്തിരി പായസവും ഒക്കെ തന്ന് ഒപ്പിക്കും. എന്നാൽ ഒരു നസ്രാണി കല്യാണത്തിന് വരണം എത്ര തരം ഡിഷസാ , ജോമോന് അഭിമാനം തോന്നി. ഇത് അടുത്ത കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണമാ , വരാതെ പറ്റില്ലല്ലോ പട്ടുസാരിക്കട തുറന്നു വെച്ച പോലെയാണ് കുറേ പെണ്ണുങ്ങളുടെ നിൽപ്പ്, ഇതിനിടയിൽ തന്റെ ഭാര്യയെവിടെ എന്ന് കണ്ടുപിടിക്കുക ശ്രമകരമാണ്

മൊബൈലാണേൽ കാറിലും , വെൽക്കം കൗണ്ടറിൽ നിന്ന് ഒരു ഗ്രേപ്പ് ജ്യൂസ് കൂടെ കുടിച്ച് ജോമോൻ പതിയെ ആഡിറ്റോറിയത്തിന്റെ ഗേറ്റിലേക്ക് നടന്നു, ആൾക്കാരധികമില്ലാത്ത ഒരിടത്ത് നിന്ന് രണ്ട് പുകയെടുക്കണം , ഗേറ്റിനരികെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് അൽപ്പം അകലെ മണലിൽ എന്തോ തിളങ്ങുന്നതായി തോന്നിയത്. അൽപ്പം സംശയിച്ചാണ് എടുത്തത് കല്ലുകളും മുത്തുകളും പതിപ്പിച്ച മാലയെന്നാണ് ആദ്യം തോന്നിയത് പിന്നീടാണ് നീട്ടക്കുറവ് ശ്രദ്ധിച്ചത് , പാദസരം ആണല്ലോ , വെള്ളിയും സ്വർണ്ണവും ഒന്നുമല്ല എന്നാലും കാണാൻ നല്ല ഭംഗിയുണ്ട് , ചാന്തുപൊട്ടുകടകളിലൊക്കെ ഇത്തരം ചിലത് കണ്ടിട്ടുണ്ട്. കൂടുതലും ചെറുപ്പക്കാരികളാവും ഇത്തരം ഒക്കെ അണിയുക, ആരുടെയെങ്കിലും കാലിൽ നിന്ന് വീണു പോയതാവാം, ജോമോൻ അത് പതിയെ താഴെയിട്ടു.

സദ്യയുടെ സ്ഥലത്തും നല്ല തിരക്ക്, ഈയൊരു പന്തി കഴിഞ്ഞാൽ സദ്യ വിളമ്പില്ല എന്ന മട്ടിലാണ് ആൾക്കാർ ഇടി കൂടുന്നത്, ഞങ്ങടെ ബുഫേ സിസ്റ്റം തന്നെ നല്ലത് , ജോമോൻ ഇങ്ങനെ മനസ്സിൽ വിചാരിച്ച് നിൽക്കെ ആരൊക്കെയോ കൂടി തള്ളി ജോമോനെ ഒരു കസേരയിൽ ഇരുത്തി, ഇരിക്കുന്ന കസേര പുറകിൽ നിന്ന് ആരെങ്കിലും വലിച്ചെടുക്കുമോ എന്ന ശങ്കയിൽ ജോമോൻ രണ്ടു കൈ കൊണ്ടും കസേരയിൽ മുറുകെ പിടിച്ചു , അൽപ്പം കഴിഞ്ഞാണ് തന്റെ ഇരുവശവും ഇരിക്കുന്നത് സ്ത്രീകളാണ് എന്ന് ജോമോൻ തിരിച്ചറിഞ്ഞത് ,

ഇടതുവശത്തിരിക്കുന്നത് ഒരു ചെറുപ്പക്കാരി മടിയിൽ ഒരു ചെറിയ കുട്ടിയും വലതു വശത്ത് ഒരു പച്ച പട്ടുസാരിക്കാരി പ്രായം അൽപ്പം കൂടുമെങ്കിലും കാണാൻ തരക്കേടില്ല, ജോമോന് ഒരു ഗൂഢ സന്തോഷം തോന്നി എങ്കിലും പെട്ടെന്ന് കണ്ണു കൊണ്ട് ഒന്ന് ചുറ്റും പരതി ഭാര്യ അടുത്തെങ്ങാനും ഉണ്ടോയെന്ന്.
അടുത്തിരുന്ന ചെറുപ്പക്കാരിയുടെ കുട്ടിയെ നോക്കി ജോമോൻ ചിരിച്ചു, കൊച്ചിന് ആ ചിരി അത്ര പിടിച്ചില്ലെങ്കിലും കൊച്ചിന്റെ അമ്മ തിരികെ ചിരി സമ്മാനിച്ചു. ജോമോനും അത്രയേ ആഗ്രഹിച്ചുള്ളൂ.

അപ്പോഴാണ് വലതുവശത്തിരുന്ന പച്ചപ്പട്ടുസാരി തന്റെ ഇലയിലെ പൊട്ടിയ പപ്പടത്തെക്കുറിച്ച് പരാതി പറഞ്ഞത് , ഉടനെ തന്നെ ജോമോൻ തന്റെ ഇലയിൽ ചിരിച്ചിരിക്കുന്ന വലിയ പപ്പടം പച്ചസാരിക്ക് കൈമാറി, അവിടെ നിന്നും കൂടി ഉള്ളുതുറന്ന ഒരു ചിരി കിട്ടിയതോടെ വെജിറ്റേറിയൻ സദ്യ എന്ന ഇച്ഛാഭംഗം ഒക്കെ ജോമോൻ മറന്നു. സാമ്പാറും അവിയലും തോരനും കിച്ചടി പച്ചടി ഒക്കെ മടങ്ങിയപ്പോഴാണ് പഴം പായസവും പാലടയും ബോളിയും വരിവരിയായി എത്തിയത് . ബോളിയുടെ മേലേ പാലട ഒഴിച്ച് കഴിച്ച് പാതിയായപ്പോഴാണ് ഇടതുവശത്തിരിക്കുന്ന കുട്ടിയുടെ പായസ ഗ്ലാസ് പാന്റിലേക്ക് വീണത് , പായസവും ബോളിയും കഴിക്കാനുള്ള മൂഡ് പോയി.

ചെറുപ്പക്കാരി ക്ഷമാപണത്തോടെ കർച്ചീഫ് കൊണ്ട് പാന്റ് തുടച്ചു , ബോളി കഴിച്ചില്ലെങ്കിലെന്താ എന്തെല്ലാം നല്ല അനുഭവങ്ങളാ, ഈ പായസം ഷർട്ടേൽ നെഞ്ചിന്റെ ഭാഗത്ത് കൊച്ചിന് ഒഴിക്കാമായിരുന്നു എന്ന ഇച്ഛാഭംഗത്തോടെ ജോമോൻ കൊച്ചിനെ നോക്കി.
ഊണു കഴിഞ്ഞ് ഒന്നു കൂടി പുകയ്ക്കാൻ വേണ്ടിയാണ് പഴയ മരച്ചുവട്ടിൽ പോയത് , അവിടെ ആ പാദസരം അതേ പോലെ കിടക്കുന്നു. ഈ പ്രാവശ്യം കയ്യിലെടുത്ത് വിശദമായി നോക്കി , നല്ല ഡിസൈൻ , ഇത് കൊണ്ടുപോയി അവളെ കാണിക്കാം , ഇത്തരം ഒരു ജോഡി വാങ്ങി കൊടുക്കണം , അവളുടെ കാലിന് നല്ലവണ്ണം ചേരും ,

ജോമോൻ ഭാര്യയുടെ കാലിൽ പാദസരമണിയിക്കുന്ന രംഗം ഭാവനയിൽ കണ്ട് പുളകിതനായി – അധികമില്ലെങ്കിലും ചെറിയ കിലുക്കം ഉണ്ട് , പോക്കറ്റിൽ വെറുതെ ഇട്ടാൽ കിലുങ്ങും.. പേഴ്സിൽ തപ്പി ഒന്നു രണ്ട് പഴയ പേപ്പർ കഷ്ണങ്ങൾ എടുത്ത് നന്നായി പൊതിഞ്ഞ് പോക്കറ്റിൽ ഇട്ടു.

ഭാര്യ ഊണു കഴിച്ചു കാണുമോ? അയാൾ ഓർത്തു. കല്യാണം കണ്ടില്ലേലും അവൾ ഊണ് കഴിച്ച് കാണും എന്നത് ജോമോന് ഉറപ്പായിരുന്നു.

വീട്ടിലെത്തി അൽപ്പം മയങ്ങാം എന്ന് ഓർത്തപ്പോഴാണ് പാന്റിൽ പായസം വീണത് ഓർത്തത് , ” ജെസ്സീ പാന്റൊന്ന് സോപ്പിൽ മുക്കി വെച്ചേക്കണേ, പുതിയ പാന്റാ പക്ഷേ പായസം വീണു. ” ഭാര്യ ഒന്നും മിണ്ടാതെ പാന്റെടുത്തു കൊണ്ട് പോയി. കല്യാണം കഴിഞ്ഞ് വന്നപ്പോൾ മുതൽ മുഖം കേറ്റി പ്പിടിച്ച് നടപ്പാണല്ലോ , എന്തു പറ്റി. കാറിൽ വേറെ ആളുകളുണ്ടായതു കൊണ്ട് ഒന്നും ചോദിക്കാൻ പറ്റിയില്ല.

ഒന്ന് മയങ്ങി വരുമ്പോഴാണ് നെഞ്ചത്തേക്ക് അൽപ്പം കട്ടിയുള്ള എന്തോ ഒന്ന് വീണത് പെട്ടെന്ന് ചാടി എണീറ്റു . പാദസരം , ഉറക്ക പ്പിച്ചിൽ ചോദിച്ചു ഇതാരുടെയാ? അതാ എനിക്കും അറിയേണ്ടത് ? ഇത് ഏതവളുടെയാണെന്ന് ? ഇതിയാൻ വാങ്ങിക്കൊടുത്തതോ, അതോ അവൾ ഓർമ്മയ്ക്കായി സൂക്ഷിക്കാൻ തന്നതോ ? ജെസ്സി കലി തുള്ളി.

അൽപ്പനേരം ഒന്നും മനസ്സിലാകാതെ ജോമോൻ ഇരുന്നു. പെട്ടെന്നാണ് കല്യാണ സ്ഥലത്തു നിന്ന് കിട്ടിയ പാദസരം ഓർമ്മ വന്നത്? എടീ എനിക്കിത് ഓഡിറ്റോറിയത്തിന്റെ ഗേറ്റിനടുത്തൂന്ന് കിട്ടിയതാ കണ്ടപ്പം ഭംഗി തോന്നി , ഇത്തരം ഒന്ന് നിനക്ക് മേടിക്കാലോന്ന് കരുതി കാണിക്കാൻ കൊണ്ടു വന്നതാ . പിന്നെ ഞാനതങ്ങ് വിശ്വസിച്ചു . നിങ്ങൾക്ക് എന്നെ പാദസരം അണിയിക്കാൻ പൂതി. ഇത്രയും കാലം ഇല്ലാത്ത സ്നേഹം . ഇത് ഏതവളുടെയാ സദ്യയ്ക്ക് ഇടതുവശം ഇരുന്നവളുടേയോ വലതുവശം ഇരുന്നവളുടേയോ, സൂസമ്മ പറഞ്ഞു , നിങ്ങൾ
ഓരോവളുമാരെ പപ്പടം തീറ്റിക്കലും കൊച്ചിനെ കളിപ്പിക്കലും , പാന്റ് തൊടച്ചു തരലും ഒക്കെ ബഹളമായിരുന്നെന്ന് .

കേട്ടപ്പോൾ ഞാൻ നാണം കെട്ടുപോയി , ഇത്രേം ജനങ്ങളുടെ ഇടയില് കറക്ടായി അവളുമാരുടെ നടുക്ക് ചെന്നിരുന്നെങ്കിൽ മനപൂർവ്വമല്ലേ? നേരത്തെ പറഞ്ഞ് വെച്ചിരുന്നതല്ലേ? അതല്ലേ എന്റടുത്തു നിന്നും മുങ്ങിയത്. ജെസ്സി തിളച്ച് മറിയുകയാണ് , എന്റെ ഓഫീസിലെ അപർണ്ണ പറയാറുണ്ട് നിങ്ങടെ നോട്ടത്തിൽ പെണ്ണുങ്ങൾ വീഴുമെന്ന് , അവൾക്കും തോന്നിയിട്ടുണ്ട് പോലും , വഴക്കിനിടയിലും അയാൾ അപർണ്ണയെ ഓർക്കാൻ ശ്രമിച്ചു . പള്ളീല് പാടുന്ന സെലീനയില്ലേ , നിങ്ങളെ കാണുമ്പം അവളുടെ പാട്ടങ്ങ് നേർത്ത് നേർത്ത് വരും ,

ആ സമയത്തെ അവടെ നോട്ടവും ചിരിയും ഒന്ന് കാണണം , കിഴക്കേലേ ദിവാകരൻ ചേട്ടന്റെ മകള് ശ്യാമ, കെട്ടിയോനേം കളഞ്ഞ് നിക്കണ അവള് പറയുവാ ജോമോൻ ചേട്ടൻ നല്ല രസികനാണെന്ന് , കടയിലെ കത്രീന , തയ്യൽക്കാരി ശോഭന ഇങ്ങനെ നാട്ടിലെ തെറ്റില്ലാത്ത എല്ലാ പെണ്ണുങ്ങളും തന്റെ കാമുകീ പദം അലങ്കരിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നറിഞ്ഞ ജോമോൻ ധൃതംഗപുളകിതനായി . എന്നാലും മുടിയൊക്കെ കൊഴിഞ്ഞ ഈ പ്രായത്തിലും തനിക്ക് ഇത്ര ആരാധികമാരോ ?

തന്നെ കഷ്ടപ്പെടുത്താതെ ഇവരെയൊക്കെ കണ്ടെത്തി തന്ന ഭാര്യയോട് വല്ലാത്ത ഒരു സ്നേഹം തോന്നി, ജെസ്സിയുടെ തുള്ളൽ വക വെയ്ക്കാതെ അയാൾ ഇവരെയൊക്കെ ഓർത്തെടുക്കാൻ ശ്രമിച്ചു. ജെസ്സി വഴക്കിനിടയിൽ തലയ്ക്കിട്ടു ഞോണ്ടിയതും
താടിക്കിട്ടു തട്ടിയതും ഒന്നും ജോമോൻ അറിഞ്ഞതേയില്ല.