24/07/2026

ഇന്ന് ഞാൻ മോഷ്ടിക്കാൻ കയറിയത് എൻ്റെ പഴയ കാമുകിയുടെ വീട്ടിലാണെന്ന് ഞാനറിയുന്നത്

ഇന്ന് ഞാൻ മോഷ്ടിക്കാൻ കയറിയത്
എൻ്റെ പഴയ കാമുകിയുടെ വീട്ടിലാണെന്ന് ഞാനറിയുന്നത്, പാതിരാത്രിയിൽ ,മച്ച് പൊളിച്ച്,അവരുടെ ബെഡ്റൂമിലേക്ക് ഇറങ്ങിയപ്പോഴായിരുന്നു

മീശ മാധവൻ സിനിമയിൽ ,
രുഗ്‌മിണി കിടക്കുന്നതു പോലെ
കട്ടിലിൽ കിടക്കുന്ന അവളെ കണ്ടപ്പോൾ, കള്ളൻമാധവനെ പോലെ ,അല്പനേരം, ഞാനവളെ കണ്ണിമയ്ക്കാതെ നോക്കി നിന്നു.

ആ മുറിയിൽ അവൾ ഒറ്റയ്ക്കേ ഉണ്ടായിരുന്നുള്ളൂ, ഒരു കൊല്ലം മുൻപ്, അവളെ കല്യാണം കഴിച്ചത് ,ഒരു ഗൾഫുകാരനാണെന്ന് ഞാൻ
അന്നേ അറിഞ്ഞിരുന്നു.

ഗൾഫുകാരന്റെ ആലോചന വന്നത് കൊണ്ടാണല്ലോ ?ജോലിയും കൂലിയുമില്ലാത്ത എന്നെയവൾ നിർദ്ദയം തേച്ചിട്ട് പോയത്, പിരിയാൻ നേരം ,
എന്നെക്കാൾ നല്ലൊരു പെണ്ണിനെ ,നിനക്ക് കിട്ടുമെന്ന്, തേപ്പ്കാരുടെ ക്‌ളീഷെ ഡയലോഗ് പറയാനും അവൾ മറന്നില്ല.

പെട്ടെന്നാണ് ,അവളുടെ തലയണയ്ക്കടിയിലിരുന്ന മൊബൈൽ ഫോൺ റിംഗ് ചെയ്തത് ,ഞെട്ടിപോയ ഞാൻ ,വേഗം ബെഡ് റൂമിലുണ്ടായിരുന്ന കോൺക്രീറ്റ് ഷെൽഫിന് മുകളിലേക്ക് ചാടികയറി.

അപ്പോഴേക്കും , ഉറക്കത്തിൽ നിന്ന് ,
ഞെട്ടി ഉണർന്ന അവൾ ,ഫോൺ അറ്റൻഡ് ചെയ്തു ,അതൊരു വീഡിയോ കോൾ ആയിരുന്നു

സോറി ചേട്ടാ,, ഞാൻ അല്പം ഉറങ്ങിപ്പോയി, ഇല്ല, ഇവിടെ ഞാൻ ഒറ്റയ്ക്കേ ഉള്ളു ,ദാ കണ്ടില്ലേ?

അവൾ തൻ്റെ മൊബൈൽ ക്യാമറ,
കട്ടിലിന് ചുറ്റും കറക്കി കാണിച്ചു.

ഈ സമയത്ത് ഞാൻ വിളിക്കുമെന്ന് നിനക്കറിയാം , പിന്നെന്തുകൊണ്ടാണ്
എൻ്റെ കോൾ എടുക്കാൻ വൈകിയത്?

രാത്രിയുടെ നിശബ്ദയിൽ അവളുടെ ഭർത്താവിൻ്റെ ചോദ്യം കേട്ട് ,ഷെൽഫിൻ്റെ മുകളിലിരുന്ന ഞാൻ അമ്പരന്നു.

സത്യമാണ് ചേട്ടാ, ഞാൻ പറഞ്ഞത്, ഇന്ന് ഇവിടെ നല്ല ജോലിയുണ്ടായിരുന്നു, ആ ക്ഷീണത്താൽ ,വെറുതെ കിടന്ന ഞാൻ ,പെട്ടെന്ന് മയങ്ങിപ്പോയതാണ്,

അവൾ ദയനീയതയോടെ ഭർത്താവിനോട് പറയുന്നത് കേട്ട് ,ഞാൻ ഉള്ളിൽ ചിരിച്ചു.

നീ നിൻ്റെ ഫോണിൻ്റെ ക്യാമറ ,
മുറിയുടെ എല്ലാ ആംഗിളിലും തിരിച്ച് കാണിക്ക്. പ്രത്യേകിച്ച് കട്ടിലിൻ്റെ
അടിയിലും, ജനൽക്കർട്ടന്റെ ഇടയിലുമൊക്കെ ,ആരെങ്കിലും നിൽപ്പുണ്ടോന്ന് എനിക്കറിയണം

അവളുടെ ഭർത്താവ് പറഞ്ഞത് കേട്ട് എനിക്കൊരു കാര്യം മനസ്സിലായി ,
ആള് ഒരു സംശയരോഗിയാണെന്ന്,

നിനക്ക് അങ്ങനെ തന്നെ വേണമെടീ,
നിന്നെ ജീവനുതുല്യം സ്നേഹിച്ച എന്നോട്
നീ കാണിച്ച വഞ്ചനയ്ക്ക്,ദൈവം തന്ന ശിക്ഷയാണെടി ഇത് ,

ഞാൻ മനസ്സിൽ പറഞ്ഞു.

ഭർത്താവ് ആവശ്യപ്പെട്ടതുപോലെ ,
അവൾ മൊബൈൽക്യാമറ ,മുറിക്ക് ചുറ്റും ,കട്ടിലിന് താഴെയും, ജനൽ കർട്ടന് ഇടയിലുമൊക്കെ ഫോക്കസ് ചെയ്ത് അയാളെ കാണിച്ചു കൊടുത്തു.

മതിയോ ചേട്ടാ, ഇപ്പോൾ വിശ്വാസമായില്ലേ?

അവൾ ഭർത്താവിനോട് ചോദിച്ചു.

ഇല്ലെടീ ,നീ ഇനി ആ ക്യാമറ മുകൾ ഭാഗത്തേക്ക് ഒന്ന് കാണിച്ചേ,ഇനി നിന്നെ കാണാൻ വന്നവൻ ,ഫാനിന്റെ മുകളിലെങ്ങാനും ,കയറിയിരിക്കുന്നുണ്ടോന്ന് അറിയില്ലല്ലോ?

അത് കേട്ടപ്പോൾ ഷെൽഫിന്റെ മുകളിൽ ഒതുങ്ങിയിരുന്ന എൻ്റെ ശരീരം പൂക്കുല പോലെ വിറച്ചു.

ഭർത്താവിൻ്റെ ആജ്ഞ കേട്ട അവൾ, നീരസത്തോടെ ,മൊബൈൽ ക്യാമറ, മുകൾഭാഗത്തേക്ക് കറക്കി കാണിച്ചു

നിർത്തടി നിർത്തടി, ആരാടീ ഷെൽഫിന്റെ മുകളിൽ കയറിയിരിക്കുന്നത്?

അയാളുടെ അലർച്ച കേട്ട് ,
എൻ്റെ പാതിജീവൻ പോയി.

അപ്പോഴാണവൾ എന്നെ കണ്ടത്.

അയ്യോ ചേട്ടാ, എനിക്കറിയില്ല, ഞാൻ കിടക്കാൻ വരുമ്പോൾ, ഈ മുറിയിൽ ആരും ഉണ്ടായിരുന്നില്ല , ദേ ചേട്ടാ, മച്ച് പൊളിഞ്ഞിരിക്കുന്നത് കണ്ടോ? ഇയാൾ കള്ളനാണ് ചേട്ടാ, എൻ്റെ സ്വർണം മോഷ്ടിക്കാൻ വന്ന കള്ളനാണ്,,

എന്നെ മനസ്സിലാകാതെയാണ് , അവൾ ഭർത്താവിനോട്, അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസ്സിലായി ,കാരണം, കണ്ണുകൾ പോലും മൂടുന്ന രീതിയിലുള്ള മാസ്ക് ഞാൻ ധരിച്ചിട്ടുണ്ടായിരുന്നു.

എടീ , എങ്കിൽ എത്രയും പെട്ടെന്ന്
നീ പോലീസിനെ വിളിക്ക് ,അവനെ രക്ഷപ്പെടാൻ അനുവദിക്കരുത്,

അയാൾ പറഞ്ഞത് കേട്ട് ഞാൻ പരിഭ്രാന്തനായി.

എങ്കിൽ ചേട്ടാ, ഫോൺ കട്ട് ചെയ്യു ,
ഞാൻ പോലീസിനെ വിളിക്കട്ടെ,

പെട്ടെന്ന് അയാൾ ഫോൺ കട്ട് ചെയ്ത സമയത്ത്, ഞാൻ ഷെൽഫിന്റെ മുകളിൽ നിന്ന് ചാടി താഴെ ഇറങ്ങി , അവളുടെ കയ്യിൽ നിന്നും മൊബൈൽ തട്ടി മാറ്റിയിട്ട്, ഞാനെൻ്റെ മങ്കി ക്യാപ്പ് ഊരിയെടുത്തു.

എടാ നീയായിരുന്നോ ?നീ എന്തിനാണ് ഈ പാതിരാത്രിയിൽ ഇങ്ങോട്ട് വന്നത്?

ഞെട്ടിപ്പോയ അവൾ ,
ആകാംക്ഷയോടെ ചോദിച്ചു

നിൻ്റെ ഭർത്താവിനോട് നീ പറഞ്ഞില്ലേ ?സ്വർണ്ണം മോഷ്ടിക്കാൻ വന്ന കള്ളനാണ് ഞാനെന്ന് ,ശരിയാണ് , സ്വർണ്ണവും
പണവും മോഷ്ടിക്കാൻ തന്നെയാണ്
ഞാൻ വന്നത് ,പക്ഷേ, ഇത് നിൻ്റെ വീടാണെന്ന് ഞാൻ കരുതിയില്ല,

എടാ നീ എപ്പോഴാണ് മോഷണം തുടങ്ങിയത്? അല്ല എന്തിനാണെന്ന് നീ മോഷ്ടിക്കുന്നത്?

കടം വീട്ടാൻ അല്ലാതെന്തിനാ ?

അതിന് മോഷണം നടത്താനും മാത്രം
എന്ത് കടമാണ് നിനക്ക് ഉള്ളത്?

അവൾ ആശ്ചര്യത്തോടെ ചോദിച്ചു.

അത് ശരി, എന്ത് കടമാണെന്നോ ?
എടീ മൂന്നാലു കൊല്ലം, നമ്മൾ തമ്മിൽ സ്നേഹിച്ചു നടന്നപ്പോൾ, നീ എന്നോട് പറഞ്ഞ ഓരോരോ ആഗ്രഹങ്ങൾ
നിനക്ക് ഓർമ്മയുണ്ടോ ? പിന്നെ ,നിൻ്റെ ഓരോ ബർത്ത്ഡേകൾക്കും , നിനക്ക് സ്വർണ്ണമോതിരവും, സ്വർണക്കമ്മലുമൊക്കെ വേണമെന്ന് പറഞ്ഞപ്പോഴും നിന്നെ സന്തോഷിപ്പിക്കാനായി , ഞാനതൊക്കെ നിനക്ക് വാങ്ങിത്തന്നത്, കയ്യിൽ കാശ് ഉണ്ടായിട്ടല്ല, പലരോടും കടം വാങ്ങിയിട്ടും ചെറിയ ചെറിയ ലോണുകൾ എടുത്തിട്ടുമൊക്കെയായിരുന്നു. നിനക്കറിയാമല്ലോ , ആ സമയത്ത് ,എനിയ്ക്ക് സ്ഥിരമായൊരു ജോലിയോ, വരുമാനമോ ഒന്നുമില്ലായിരുന്നു,
എന്നിട്ടും അത്രയും റിസ്ക്കെടുത്ത് ഞാനങ്ങനെയൊക്കെ ചെയ്തത് നിന്നോടുള്ള സ്നേഹ കൂടുതല് കൊണ്ടായിരുന്നു, പക്ഷേ എന്നിട്ടും നീ
ഗൾഫ് കാരനെ കണ്ടപ്പോൾ എന്നെ തേച്ചിട്ട് പോയി , നീയിപ്പോൾ സുഖമായി ജീവിക്കുന്നു പക്ഷേ ഞാനോ ?നിനക്ക് വേണ്ടി വരുത്തി വച്ച കടങ്ങള് വീട്ടാൻ ,മോഷണം നടത്തുന്നു എൻ്റെ വിധി ,അല്ലാതെന്താ ?

ഞാൻ സെൻ്റിയടിച്ചപ്പോൾ കുറ്റബോധം കൊണ്ട് ,അവളുടെ മുഖം മ്ളാനമാകുന്നുണ്ടായിരുന്നു.

അപ്പോഴേക്കും അവളുടെ ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി, അത് അവളുടെ ഭർത്താവിൻ്റെ കോളായിരുന്നു, പക്ഷേ, ബെല്ലടിച്ച് കട്ടാകുന്നത് വരെ ,അവളത്
അറ്റൻഡ് ചെയ്തില്ല.

എന്താടി ഫോൺ എടുക്കാത്തത്?

ഓ അത് എടുത്താലും ,ഇല്ലെങ്കിലും അയാൾ എന്നെ സംശയിച്ചു കൊണ്ടേയിരിക്കും , മടുത്തു എനിക്ക്, ങ്ഹാ അതൊക്കെ പോട്ടെ, ഏകദേശം എത്രരൂപ നിനക്ക് കടമുണ്ട് ?

അത് പിന്നെ ,എല്ലാം കൂടി ,ഒരു, ഒന്നൊന്നര ലക്ഷം രൂപയുണ്ടാകും ,സാരമില്ല ,അത് ഞാൻ വേറെ ഏതെങ്കിലും വീട്ടിൽ നിന്ന് സംഘടിപ്പിച്ചോളാം

വേണ്ടടാ , ഇനി നീ മോഷ്ടിക്കാൻ പോകരുത് , നിൻ്റെ കടം വീട്ടേണ്ട ഒന്നരലക്ഷം രൂപയ്ക്കുള്ള സ്വർണം ,ഞാൻ തരാം , മറ്റാരും അറിയില്ല, എൻ്റെ ഭർത്താവ് പോലും, ഇനിയിപ്പോൾ, ഭർത്താവ് വിളിച്ചാൽ, നീ ഓടി രക്ഷപ്പെട്ടെന്ന് ഞാൻ കളവ് പറഞ്ഞോളാം

അവൾ പറഞ്ഞത് കേട്ട് എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി ,സത്യത്തിൽ ഞാൻ പറഞ്ഞ ഒന്നര ലക്ഷം രൂപ ,അവൾക്ക് വാങ്ങിയ സ്വർണത്തിന്റെ കടം വീട്ടാനൊന്നുമല്ലായിരുന്നു ,അന്നത്തെ സ്വർണ്ണവില വെച്ച് മോതിരത്തിനും കമ്മലിനും പാദസ്വരത്തിനും കൂടി മൂന്നുവർഷം കൊണ്ട് ആകെ
എനിക്ക് ചിലവായത് ,വെറും 25000 രൂപ മാത്രമായിരുന്നു,

ഡാ,, ഇത് രണ്ടര പവനോളമുണ്ട് , ഇത് വിറ്റാൽ ഒന്നരലക്ഷം രൂപയിൽ കൂടുതൽ കിട്ടും, പിന്നെയൊരു കാര്യം , കടം വീട്ടികഴിഞ്ഞാൽ നീ ഒരിക്കലും മോഷണത്തിനിറങ്ങരുത്, നാട്ടിൽ
എന്തെല്ലാം നല്ല ജോലികളുണ്ട് ,
കൂലിപ്പണി ചെയ്തിട്ടാണെങ്കിലും മാന്യമായി ജീവിക്കണം, അല്ലാതെ, ആൾക്കാരെ കൊണ്ട് , കള്ളനെന്ന് വിളിപ്പിക്കരുത് ,
ആ പേര് വീണാൽ പിന്നെ, വരും തലമുറകൾപോലും , അങ്ങനൊരു വിലാസത്തിലായിരിക്കും ,അറിയപ്പെടുന്നത് .
എന്നാൽ പിന്നെ,ആരെങ്കിലും കാണുന്നതിനു മുമ്പ് നീ വേഗം പൊയ്ക്കോ,

സ്വർണ്ണം വെച്ച് നീട്ടിയിട്ട് അവൾ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ എൻ്റെ മനസ്സിന് നേരിയ കുറ്റബോധം തോന്നി .

എന്നാൽ ഞാൻ പോട്ടേടി , പിന്നെ എപ്പോഴെങ്കിലും എൻ്റെ സഹായം ആവശ്യമായി വന്നാൽ ,വിളിക്കാൻ മറക്കണ്ട

അതും പറഞ്ഞിട്ട് ,ഞാൻ മച്ചിൻ്റെ മുകളിലേയ്ക്ക് തിരിച്ച് കയറി.

ഡാ പിന്നേ , നീ കരുതുന്നത് പോലെ ഞാനൊരിക്കലും നിന്നെ വഞ്ചിച്ചിട്ടില്ല കെട്ടോ ? ഗൾഫ് കാരനെ കണ്ടപ്പോൾ എൻ്റെ കണ്ണ് മഞ്ഞളിച്ചിട്ടുമില്ല ,സത്യത്തിൽ അന്ന് നടന്ന കാര്യങ്ങളൊക്കെ ഞാൻ നിന്നോട് മറച്ചുവെച്ചതായിരുന്നു

അവൾ പറഞ്ഞത് കേട്ട് ഞാൻ മച്ചിൻ്റെ മുകളിൽ നിന്നും താഴേയ്ക്ക് കാല് നീട്ടി തിരിഞ്ഞിരുന്നു.

എന്താ നീ പറഞ്ഞു വരുന്നത്?

ആകാംക്ഷയോടെ ഞാൻ ചോദിച്ചു.

എടാ നിൻ്റെ അച്‌ഛനാണ് നമ്മുടെ ബന്ധത്തിൽ നിന്നും എന്നെ പിന്തിരിപ്പിച്ചത്

അവൾ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിപ്പോയി

എന്താടി നീ പറയുന്നത്? എനിക്കൊന്നും മനസ്സിലാകുന്നില്ല,

അതേടാ, നിൻ്റെ അച്ഛന് എൻ്റെ ജാതി ആയിരുന്നു പ്രശ്നം, നിങ്ങളൊക്കെ ഉയർന്ന ജാതിക്കാരല്ലേ ?ഒരു ദിവസം രാത്രിയിൽ നിൻ്റെ അച്ഛൻ, കുറച്ച് ഗുണ്ടകളെയും കൂട്ടി എൻ്റെ വീട്ടിൽ വന്നിട്ട് ,അമ്മയെയും ചേച്ചിയെയുമൊക്കെ ഭീഷണിപ്പെടുത്തി,
മകളെ മര്യാദയ്ക്ക് വളർത്തിയില്ലെങ്കിൽ, ഞങ്ങളെ മൂന്ന് പേരെയും, പുരയ്ക്കകത്തിട്ട് പൂട്ടിയിട്ട് ,തീവയ്ക്കുമെന്നായിരുന്നു നിൻ്റെ അച്ഛൻ്റെ ഭീഷണി, അത് മാത്രമല്ല, അച്ഛൻ വന്നു ഭീഷണിപ്പെടുത്തിയ കാര്യം, ഒരു കാരണവശാലും നീ അറിയരുതെന്നും,
എൻ്റെ കല്യാണം ഉറപ്പിച്ചത് കൊണ്ട് , ഞാനായിട്ടാണ് ഈ ബന്ധത്തിൽ നിന്ന് പിന്മാറുന്നതെന്ന് വേണം അവൻ മനസ്സിലാക്കേണ്ടത് എന്നും അച്ഛൻ പ്രത്യേകം പറഞ്ഞു ,നിനക്കറിയാമല്ലോ ?ഒരാൺ തുണയില്ലാതെ ,ഞങ്ങൾ മൂന്നു സ്ത്രീകൾ, തനിച്ചാണ് ജീവിക്കുന്നത് , അന്ന് അച്ഛൻ്റെ ഭീഷണിയിൽ, അമ്മയും ചേച്ചിയും വല്ലാതെ ഭയന്നു പോയിരുന്നു ,അന്ന് രാത്രി ഞങ്ങൾ മൂന്നുപേരും ഉറങ്ങിയില്ല, അങ്ങനെ അവരുടെ നിസ്സഹായാവസ്ഥ കണ്ടിട്ടാണ്, ഞാൻ പിറ്റേന്ന്, നിൻ്റെയടുത്ത് വന്നതും നിന്നോട് , ആ കളവ് പറഞ്ഞതും ,എന്തായാലും എല്ലാം കഴിഞ്ഞില്ലേ ? ഇത് ഇപ്പോഴെങ്കിലും ഞാൻ പറഞ്ഞില്ലെങ്കിൽ ,മരണം വരെ ,നീ എന്നെ തെറ്റിദ്ധരിക്കുകയും ,കിട്ടുന്ന അവസരങ്ങളിലൊക്കെ നീ എന്നെ ശപിക്കുകയും ചെയ്യുമെന്ന് എനിക്കറിയാം ,എന്റെ ജീവിതം നായ നക്കി എന്ന് പറഞ്ഞാൽ മതിയല്ലോ ? നിൻ്റെ ശാപവും ,ഒരുപക്ഷേ അതിന് ഒരു കാരണമായിരുന്നിരിക്കാം,
ശരി എന്നാൽ നീ പൊയ്ക്കോളൂ,

അവൾ പറഞ്ഞ കഥകളൊക്കെ കേട്ട്, എൻ്റെ മനസ്സ് വല്ലാതെ പിടഞ്ഞു, ഇത്രയും നാളും ഞാനവളെ തെറ്റിദ്ധരിച്ചതിൽ, എനിക്ക് കുറ്റബോധം തോന്നി,ഞാൻ മെല്ലെ മച്ചിന്റെ മുകളിൽ നിന്ന് താഴെ ഇറങ്ങി ,അവളെനിക്ക് തന്ന സ്വർണം ഞാൻ അവളുടെ കയ്യിൽ പിടിച്ചേൽപ്പിച്ചു,

എടീ , നീ പറഞ്ഞത് സത്യമായിരുന്നു
നിന്നെ ഞാൻ തെറ്റിദ്ധരിച്ചിട്ട് ,ഒരുപാട് ശപിച്ചിട്ടുണ്ട് ,അതുകൊണ്ടാണ് ഇപ്പോൾ ഞാൻ നിന്നോട് കളവ് പറഞ്ഞിട്ട് ,ഈ സ്വർണം വാങ്ങിയത് ,സത്യത്തിൽ എനിക്ക് വലിയ കടങ്ങളൊന്നുമില്ല ,ഞാൻ മോഷ്ടിക്കാൻ ഇറങ്ങിയത്, എന്തിനാണെന്ന് നിന്നോട് പറയാൻ ലേശം വൈക്ളബ്യമുണ്ട് ,
എന്നാലും പറയാം , നീയന്ന് എന്നെ തേച്ചിട്ട് പോയപ്പോൾ, ഞാൻ മാനസികമായി ഒരുപാട് തകർന്നു പോയിരുന്നു, അന്ന് എൻ്റെ ഒരു കൂട്ടുകാരനാണ്, വിഷമം മാറാൻ ,ഒന്ന് സ്മോക്ക് ചെയ്താൽ മതിയെന്ന്
പറഞ്ഞ് ,ആദ്യം ഒരു സ്‌റ്റഫ് എനിയ്ക്ക് തന്നത്,അത് കൊള്ളാമെന്ന് എനിക്ക് തോന്നി, പിന്നെയും ഞാൻ സ്‌റ്റഫെടുത്തു, അങ്ങനെ ഓരോ ദിവസവും, ഞാൻ അതിനായി മുന്നിട്ടിറങ്ങി ,ആദ്യം ഫ്രീയായി തന്ന കൂട്ടുകാരൻ ,പിന്നീട് ഓരോ സ്റ്റഫിനും പണം ആവശ്യപ്പെട്ടു, അങ്ങനെ പണം കണ്ടെത്താൻ ഞാൻ പല വഴികൾ തേടി, അന്ന് എനിക്ക് അത് വാങ്ങാൻ ,പെയിൻ്റിങ്ങ് പണിക്ക് പോയി കിട്ടുന്ന ശമ്പളം മതിയാകാതെ വന്നു, അങ്ങനെയിരിക്കെ പുതിയൊരു തരം മയക്കുമരുന്ന് അവൻ എനിക്ക് സാമ്പിളായി തന്നു , ആദ്യം ഉപയോഗിച്ചതിനെക്കാൾ അതീവ ലഹരി കിട്ടുന്നതായിരുന്നു അത് ,പക്ഷേ അതിന് നല്ല വില കൊടുക്കേണ്ടി വരുമെന്നവൻ പറഞ്ഞു, സത്യത്തിൽ ആ മയക്കുമരുന്ന് വാങ്ങുന്നതിന് വേണ്ടിയാണ്, ഞാൻ മോഷണം തുടങ്ങിയത്, ഒരു സത്യം പറയട്ടെ ഞാൻ സ്ഥിരം മോഷ്ടാവൊന്നുമല്ല , ഇന്നാണ് ഞാൻ ,ആദ്യമായി മോഷ്ടിക്കാൻ ഇറങ്ങുന്നത്.നിന്നെ കണ്ടതും ഇത്രയുമൊക്കെ സംസാരിച്ചതും കൊണ്ട് , ഞാൻ മോഷണം ഇവിടെ അവസാനിപ്പിക്കുകയാണ്, എന്നെപ്പോലെയുള്ളവർക്ക് വിഷമങ്ങൾ മറക്കാൻ, ലഹരി വസ്തുക്കൾ ഉണ്ട് ,
പക്ഷേ നിന്നെപ്പോലെ ദുർബലയായ ഒരു സ്ത്രീയ്ക്ക് ,വിഷമങ്ങൾ വന്നാൽ ,അത് അനുഭവിച്ചല്ലേ പറ്റൂ,അതുകൊണ്ട് നിന്നെക്കുറിച്ചോർത്തിട്ട് ഞാനെൻ്റെ മയക്ക് മരുന്ന് ഉപയോഗവും ,പതിയെ നിർത്തും,അതത്ര എളുപ്പമല്ലെന്ന്
അറിയാം, പക്ഷേ, ഞാൻ ശ്രമിച്ചുകൊണ്ടേയിരിക്കും ,

ഞാൻ അവൾക്ക് വാക്ക് കൊടുത്തു

നിനക്ക് അങ്ങനെ ഒരു ആഗ്രഹമുണ്ടെങ്കിൽ എൻ്റെ എല്ലാ സപ്പോർട്ടും ,ഞാൻ നിനക്ക് നൽകാം,പക്ഷേ നീ പറഞ്ഞതുപോലെ അത് നീ നിർത്തിയിരിക്കണം,

അവൾ എൻ്റെ കണ്ണുകളിലേയ്ക്ക്
ദൃഡതയോടെ നോക്കി.

തീർച്ചയായും , നിർത്തുമെടി,
നിന്നോട് ഞാനൊരു കാര്യം ചോദിച്ചോട്ടെ ,?എൻ്റെ വീട്ടുകാര് കാരണമാണ് ,നമുക്ക് ഒന്നിക്കാൻ കഴിയാതെ പോയത് ,അതുകൊണ്ട് , നിൻ്റെ ജീവിതവും, എൻ്റെ ജീവിതവും വൻ പരാജയമായിരുന്നു, ഇനിയെങ്കിലും, ജീവിതത്തിൽ നമുക്ക് വിജയിക്കണ്ടേ? നീ എൻ്റെ കൂടെ പോരാമോ ? ഈ നാടും വീടും വിട്ട്, ദൂരെ എവിടെയെങ്കിലും പോയി സ്വസ്ഥമായി നമുക്ക് ജീവിക്കാം,

അത് കേട്ട് അവളുടെ കണ്ണുകൾ തിളങ്ങി അല്പനേരം നിശബ്ദമായി നിന്നിട്ട് ,അവൾ തിരിഞ്ഞ് ഷെൽഫ് തുറന്നു, അതിൽ നിന്നും വലിയൊരു ബാഗെടുത്ത്, അതിൽ കുറെ വസ്ത്രങ്ങളും , ആഭരണപ്പെട്ടിയും വെച്ച് സിബ്ബ് വലിച്ചിട്ടു.

ഇനി നമുക്ക് പോകാം ,

അവൾ എന്നോട് പറഞ്ഞു

അവളെ എന്നിലേക്ക് ചേർത്ത് പിടിച്ച്
ഞാൻ വാതിലിൻ്റെ ഓടാമ്പൽ വലിച്ച് തുറന്ന് പുറത്തേയ്ക്കിറങ്ങി.

അപ്പോൾ വീണ്ടും അവളുടെ ഫോണിലേക്ക് ഭർത്താവിൻ്റെ കോള് വന്നുകൊണ്ടിരുന്നു, പെട്ടെന്നവൾ ,ഫോൺ കട്ട് ചെയ്തിട്ട് ,ആ നമ്പര് ബ്ലോക്ക് ചെയ്തു.

ശുഭം,
കഥ ഇഷ്ടമായാൽ, ലൈക് ചെയ്യാൻ മറക്കണ്ട😀

തൈപ്പറമ്പൻ .😜