രചന – ജിഫ്ന നിസാർ
ഷാഹിദ് കൊടുത്ത വെള്ളം വാങ്ങി വർക്കി ആർത്തിയോടെ കുടിച്ചു.
അയാളുടെ കണ്ണിൽ ഓളം വെട്ടുന്നാ പ്രാണഭയം… ഷാഹിദ് ലഹരിയോടെ നോക്കി.
മറ്റുള്ളവരുടെ കണ്ണിലെ ഭയം.. അതെന്നും അവനൊരു ലഹരിയായിരുന്നു.
“പേടിക്കേണ്ട.. ഞാൻ അറിഞ്ഞതൊന്നും ഞാനായിട്ട് ആരോടും പറയില്ല.”
ഗൂഡ സ്മിതത്തോടെ ഷാഹിദ് വർക്കിയേ നോക്കി.
വർക്കി ആശ്വാസത്തോടെ അവനെ നോക്കി.
“മിസ്റ്റർ വർക്കി ചെറിയാൻ ആയിട്ട് എന്നെ കൊണ്ട് ആരോടും പറയിപ്പിക്കരുത്.”
വീണ്ടും ചിരിച്ചു കൊണ്ടവൻ പറഞ്ഞതും വർക്കിയുടെ മുഖം ചുളിഞ്ഞു.
“ഞാൻ.. ഞാനായിട്ട് എന്ത് ചെയ്യാനാണ്. ഇത്… ഇതെല്ലാം പുറത്തറിയുന്നത്.. എനിക്ക്.. എനിക്ക് തന്നെ ദോഷമല്ലേ.. പിന്നെങ്ങനെ ഞാൻ? ”
അയാൾ ധൃതിയിൽ ഷാഹിദിനെ നോക്കി ചോദിച്ചു.
“അതായത് വർക്കി സർ.. ഞാൻ ഉദ്ദേശിച്ചത്… എനിക്ക് വർക്കി കുറച്ചു സഹായങ്ങൾ ചെയ്തു തരേണ്ടതായിട്ട് വരും. അതൊന്നും ചെയ്യാതെ വെറുതെ എന്നെ പ്രകോപിപ്പിച്ചാൽ.. പിന്നെ പുറത്തൊന്നും..ആരോടും പറയില്ലെന്ന് വാക്ക് തന്നത് എനിക്ക് പാലിക്കാൻ ബുദ്ധിമുട്ടാവും.”
ചിരിച്ചു കൊണ്ട് ഷാഹിദ് പറഞ്ഞു.
വർക്കി അവനെ പകച്ചു നോക്കി.
“എന്നതാ… എന്നതാ ഞാൻ ചെയ്യേണ്ടത്?”
വർക്കി ആവേശത്തിൽ ചോദിച്ചു.
ഷാഹിദ് വീണ്ടും ഉറക്കെ ചിരിച്ചു.
അതയാളുടെ ഹൃദയമിടിപ്പ് കൂട്ടി.
“എവിടെ.. നിങ്ങളുടെ ഫോണിങ് താ ”
അവൻ ചിരിയോടെ തന്നെ വർക്കിയുടെ നേരെ കൈ നീട്ടി.
വർക്കി അതനുസരിക്കാൻ ഒന്നറച്ചു.
“ഇനി…. ഇനി അറക്കൽ ഷാഹിദ് പറയും. വർക്കി ചെറിയാൻ അനുസരിക്കും. അതാണ് നിയമം ”
കുറുകിയ കണ്ണോടെ ഷാഹിദ് പറഞ്ഞു നിർത്തിയതും വർക്കി വേഗം ഫോണെടുത്തു നീട്ടി.
“ദാ… പിടിക്ക് ”
അതിലെന്തൊക്കെയോ ടൈപ്പ് ചെയ്തിട്ട് ഷാഹിദ് ഫോൺ തിരികെ വർക്കിയുടെ മടിയിലേക്കിട്ട് കൊടുത്തു.
വർക്കിയത് താഴെ വീഴാതെ പിടിച്ചു.
“ഇതിലെന്റെ നമ്പർ സേവ് ചെയ്തിട്ടുണ്ട്. ഇനി എനിക്ക് ഇൻഫർമേഷൻ വേണ്ടപ്പോൾ വർക്കി ചെറിയാൻ അത് പറഞ്ഞു തരും.. അങ്ങനല്ലേ…?”
കസേരയിൽ ചാഞ്ഞിരുന്നു കൊണ്ട് ഷാഹിദ് പറയുമ്പോൾ തീർത്തും ചക്രവ്യൂഹത്തിൽ പെട്ടത് പോലെ വർക്കി അവനെ നോക്കി.
വീണ്ടും അവനോട് എന്തൊക്കെയോ ചോദിക്കാനുണ്ടായിരുന്നു.
പക്ഷേ ബൈ എന്ന് പറഞ്ഞു കൊണ്ടവൻ എഴുന്നേറ്റു പോയതും വർക്കി തളർന്നു കൊണ്ടയാൾ കസേരയിലേക്ക് ചാരി.
❣️❣️
“എനിക്ക്… എനിക്ക് കുറച്ചു കാശ് വേണം ”
അങ്ങേയറ്റം പരുഷമായ റിഷിന്റെ വാക്കുകൾ കേട്ടിട്ടാണ് ഡെയ്സി തിരിഞ്ഞു നോക്കിയത്.
വല്ലാത്തൊരു കോലം.
അന്ന് വരെയും ഭംഗിയായി ഒതുക്കി കൊണ്ട് നടന്നിരുന്ന അവന്റെ മുടിയിഴകൾ ഭ്രാന്ത് പിടിച്ചത് പോലെ നെറ്റിയിൽ വീണുലഞ്ഞു കിടക്കുന്നു.
കണ്ണുകളിൽ ചുവപ്പ് രാശി.
കൺതടങ്ങളിൽ ഇന്നലെ രാത്രിയിലെ ഉറക്കം തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു.
“നിനക്കിപ്പോ എന്നാത്തിനാ റിഷി കാശ്?”
ഡെയ്സി അവന് നേരെ തിരിഞ്ഞു.
“അത്.. അത്.. ”
റിഷിൻ നിന്ന് പരുങ്ങുന്നുണ്ടായിരുന്നു.
ഡെയ്സി അവനെ തന്നെ സൂക്ഷിച്ചു നോക്കി.
“നിങ്ങക്കിപ്പോ കാശ് തരാൻ പറ്റുവോ ഇല്ലയോ.. അത് പറ ”
അസഹിഷ്ണുത നിറഞ്ഞ അവന്റെ പരുക്കൻ സ്വരം.
“ബുദ്ധിമുട്ടാണ് ”
ഡെയ്സി അന്ന് വരെയും കാണിക്കാത്ത കാർക്കശ്യത്തോടെ അവന് മുന്നിൽ കൈ കെട്ടി നിന്നു.
റിഷിൻ അവരെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.
“ഓഓഓ. പപ്പാ പറയുന്നത് പോലെ ആ നാശം പിടിച്ചവൻ കൂടെയുണ്ടെന്നുള്ള അഹങ്കാരമാവും നിങ്ങൾക്ക്. അല്ലേ?”
അവന്റെ മുഖത്ത് പരിഹാസമാണെന്ന് വളരെ വേഗം തന്നെ ഡെയ്സി മനസ്സിലാക്കി.
“എന്റെ മകനെന്റെ കൂടെയുണ്ടെന്നുള്ളത് എന്റെ അഹങ്കാരം മാത്രമല്ലടാ. എന്റെ ധൈര്യം കൂടിയാണ് ”
ഡെയ്സി അൽപ്പം പോലും പതറാതെ ഉറച്ച സ്വരത്തിൽ പറഞ്ഞു കേട്ടതും അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.
“എനിക്ക്.. എനിക്കൊരു സ്ഥലം വരെയും പോവാനാണ്. കടമായിട്ട് മതി. ഞാനത് തിരികെ തന്നു കൊള്ളാം ”
ഒട്ടൊരു നേരത്തെ നിശബ്‍ദതയ്ക്ക് ശേഷം റിഷിൻ വീണ്ടും മുഖം കുനിച്ചു കൊണ്ട് പറഞ്ഞു.
ആ സമയം അങ്ങേയറ്റം ദയനീയമായിരുന്നു അവന്റെ മുഖം.
എന്നിട്ടും ഡെയ്സിയുടെ.. മുഖം അൽപ്പം പോലും അയവ് വന്നിരുന്നില്ല.
“സ്വന്തമല്ലെന്ന് എത്രയൊക്കെ നീയും നിന്റെ പപ്പയും വിളിച്ചു കൂവിയാലും ക്രിസ്റ്റി നിന്റെ കൂടപ്പിറപ്പാണ്. നെറികെട്ട പരിപാടി നീ ചെയ്തിട്ടും കോളനിക്കാർക്ക് തല്ലി ചതക്കാൻ നിന്നെ വിട്ടു കൊടുത്തില്ല എന്നൊരു തെറ്റ് അവൻ ചെയ്തിട്ടുണ്ട്. അതിനാണാല്ലോ.. അതിന്റ നന്ദി കാണിക്കാൻ വേണ്ടിയാണല്ലോ അവനെ തല്ലാനാണോ കൊല്ലാനാണോ എന്ന് കർത്താവിനറിയാം… നീ കാശ് കൊടുത്തു ആളെ വിട്ടത്. എന്നിട്ടിപ്പോ നീ എങ്ങോട്ടാ റിഷിനെ ഓടുന്നത്.. എവിടെ വരെയും ഓടും നീ?എത്ര ഓടിയാലും നീ രക്ഷപെടില്ല.”
ഡെയ്സിയുടെ കണ്ണിൽ നിന്നും തീ പാറുന്നുണ്ടന്നും അത് തന്നെ പൊള്ളിക്കുന്നുണ്ടെന്നും റിഷിന് തോന്നി.
എന്നാലും അതെങ്ങനെ മമ്മയറിഞ്ഞാവോ?
ക്രിസ്റ്റിയുടെ ഒരു സ്വഭാവം വെച്ച് മമ്മ വേദനിക്കരുത് എന്ന് കരുതി അവനതൊരിക്കലും പറയില്ലെന്ന് റിഷിന് ഉറപ്പായിരുന്നു.
“എന്താടാ.. നിന്റെ നാവിറങ്ങി പോയോ?
ഡെയ്സി അവന്റെ തോളിൽ പിടിച്ചുലച്ചു.
“ഞാൻ.. ഞാനങ്ങനെയൊന്നും..”
റിഷിൻ എന്തോ പറയാൻ വന്നത് ഡെയ്സി കൈ ഉയർത്തി തടഞ്ഞു.
“നീ ഒന്നും ചെയ്തിട്ടില്ലയെന്നാവും ”
ഡെയ്സി ചുണ്ട് കോട്ടി കൊണ്ട് അവനെ നോക്കി.
“ഇനി വെറുതെ നുണ പറഞ്ഞു ബുദ്ധിമുട്ടണം എന്നില്ല.നീയാണ് ചെയ്തെന്ന് ഇപ്പൊ പറഞ്ഞു കളിയാക്കിയ എന്റെ മോനും എന്നോട് പറഞ്ഞില്ല. ഞാൻ വേദനിക്കുമെന്ന് കരുതിയാണെങ്കിൽ പോലും നിന്നെ അവൻ ആർക്കു മുന്നിലും പ്രതിയാക്കി നിർത്തിയിട്ടുമില്ല.”
ഡെയ്സി വീണ്ടും അവന് മുന്നിലേക്ക് കയറി നിന്നു.
“എന്നിട്ടിപ്പോ നിനക്ക് ഒളിച്ചോടാൻ ഞാൻ കാശ് തരണം. അല്ലേടാ?”
ഡെയ്സി പിടിച്ചു തള്ളിയതും റിഷിൻ പിറകിലേക്ക് വേച്ച് പോയി.
“എവിടെ പോയാലും ആ കോളനിക്കാർ പുഷ്പം പോലെ പൊക്കി എടുത്തു കൊണ്ട് വരും നിന്നെ. അവരുടെ അഭിമാനത്തെയാണ് നീയും നിന്റെ പുന്നാര പപ്പയും പപ്പടം പോലെ പൊടിച്ചു കളഞ്ഞത്. അവരത് ക്ഷമിക്കില്ല റിഷിനെ. ചെയ്തു പോയ തെറ്റിന് നിനക്ക് ശിക്ഷ കിട്ടേണ്ടത് ഇപ്പൊ എന്റെ കൂടി ആവിശ്യമാണ്. കാരണം നിന്റെ പപ്പയെ പോലെ നിനക്കുള്ളിലും ഒരു ചെകുത്താൻ വളരുന്നുണ്ട്. അതില്ലാതെയാക്കേണ്ടത് നിന്റെയമ്മ എന്ന നിലയിൽ എന്റെ ഉത്തരവാദിത്തമാണ് ”
“ഒന്ന് നിർത്തുന്നുണ്ടോ നിങ്ങളുടെ പ്രസംഗം? ”
റിഷിൻ ഊക്കിൽ അവിടെയുള്ളൊരു കസേരക്ക് ചവിട്ട് കൊടുത്തു.
വലിയ ശബ്ദത്തിൽ അത് പൊട്ടി താഴെ വീണു.
അത് കേട്ട് കൊണ്ടാണ് മുകളിൽ എന്തോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന ദിലുവും മീരയും താഴേക്കെത്തിയത്.
മറിയാമ്മച്ചിയും അങ്ങോട്ട് ഓടി വന്നിരുന്നു.
“ഒരമ്മ വന്നേക്കുന്നു…”
റിഷിൻ അത് പറഞ്ഞിട്ട് പുച്ഛത്തോടെ ഡെയ്സിയെ നോക്കി.
“പപ്പാ പറയുമ്പോലെ നിങ്ങളെന്നാ എനിക്കും ദിൽനക്കും അമ്മയായിട്ടുള്ളത്. എന്നും നിങ്ങളുടെ മനസ്സിൽ മൂത്ത മകനോടുള്ള സ്നേഹം നിറഞ്ഞൊഴുകകയായിരുന്നല്ലോ. ഞങ്ങളെ നിങ്ങൾക്ക് എന്നും കണ്ടൂടാ ”
അവൻ കലിയോടെ ഡെയ്സിക്ക് നേരെ വിരൽ ചൂണ്ടി.
“ഏട്ടാ… പതുക്കെ സംസാരിക്ക് മമ്മയോട് ”
മീരയുടെ അരികിൽ നിന്നും ദിലു റിഷിന്റെ അരികിൽ ചെന്നിട്ട് പറഞ്ഞു.
ദേഷ്യം കൊണ്ട് റിഷിൻ പുകയുന്നുണ്ടായിരുന്നു.
അവളെ കൂടി കണ്ടതോടെ അത് പൂർത്തിയായി.
“ഓ നീയിപ്പോ നന്മമരമാണല്ലോ അല്ലേ ”
അവൻ അവളെ നോക്കി ചുണ്ട് കോട്ടി.
“ദേ.. മാറി പോയിക്കോ എന്റെ മുന്നേന്നു. ഇല്ലെങ്കിൽ ചവിട്ടി നിന്റെ നടു ഞാൻ ഒടിക്കും.”
അവൻ അവൾക്ക് നേരെ ചാടി.
ദിൽന ഒരടി പോലും നീങ്ങാതെ അവിടെ തന്നെ നിന്ന് പോയി.
“എന്നിട്ട് നീ രണ്ട് കാലിൽ ഇവിടെ നിന്നും പോകുന്നത് എനിക്കൊന്ന് കാണണം. കുറേ കാലമായി ഞാനും നോക്കിയിരിക്കുവാ,നിന്റെ തിരുമോന്ത നോക്കി ഒന്ന് പുകച്ചു തരാൻ. കുറച്ചൊന്നുമല്ല നീ എന്റെ ചെക്കനെയിട്ട് വട്ടം കറക്കിയിട്ടുള്ളത്.ഇന്നത്തോടെ നിന്റെ സൂക്കേട് ഞാൻ തീർക്കും ”
മറിയാമ്മച്ചി കൂടി മുറിയിലേക്ക് കയറി വന്നതോടെ റിഷിനൊന്നു പതറി പോയിരുന്നു.
അവരെടെല്ലാം നേരിട്ട് നിൽക്കാനുള്ള ധൈര്യം അവനും ഇല്ലായിരുന്നു.
പെട്ടന്നാണ് വാതിൽക്കൽ നിൽക്കുന്ന മീരയിൽ അവന്റെ കണ്ണുകൾ തറച്ചു കയറിയത്.
“നീ ആരാ…?”
അത് വരെയും അവൻ അവളെ കണ്ടിരുന്നില്ല.
“ചോദിച്ചത് കെട്ടില്ലെടി.. നിനക്ക് നാവില്ലേ..?നീ എങ്ങനെ ഇവിടെത്തി… എന്റെ വീട്ടിൽ നിനക്കെന്താ കാര്യം?”
അവരോടെല്ലാമുള്ള ദേഷ്യം റിഷിൻ മീരയോട് തീർത്തു.
അവൾക്ക് നേരെ ചീറി കൊണ്ടവൻ ചോദ്യങ്ങളുടെ കെട്ടഴിച്ചു.
“ഞാൻ… എനിക്ക് ”
അവനോടെന്ത് പറയണമെന്നറിയാതെ അവളും പതറി പോയിരുന്നു.
“ഇത് മീരാ.. ക്രിസ്റ്റി കൊണ്ട് വന്നതാ.നിനക്ക് നിൽക്കാമെങ്കിൽ നിന്നെ പോലെ ഇവൾക്കും ഈ വീട്ടിൽ നിൽക്കാൻ അവകാശമുണ്ടെന്ന് കൂട്ടിക്കോ ”
മീരയുടെ അരികിലേക്ക് വന്നിട്ട് അവളെ തോളിൽ ചേർത്ത് പിടിച്ചു കൊണ്ട് ഡെയ്സി പറഞ്ഞതും റിഷിന്റെ കണ്ണുകൾ കൂർത്തു.
മീരയുടെ മുഖത്തേക്ക് ആ നോട്ടം കുത്തിയിറക്കി.
അവൾ മുഖം കുനിച്ചു നിന്നു.
“അതേത് വകയിൽ… എന്നെ പോലെ ആ അവകാശം ”
റിഷിൻ വിടാനുള്ള ഭാവമില്ലാത്തത് പോലെ വീണ്ടും ചോദിച്ചു.
“തത്കാലം നീ അത്ര അറിഞ്ഞാ മതി. സമയമാവുമ്പോൾ കൂടുതൽ കൊണ്ട് വന്നവൻ തന്നെ അറിയിച്ചു തന്നോളും ”
പിന്നിൽ നിന്നും അവനോടുള്ള ദേഷ്യം മുഴുവനും വാക്കുകൾക്കുള്ളിൽ നിറച്ചിട്ട് മറിയാമ്മച്ചി പറഞ്ഞതും റിഷിൻ അവരെയൊന്നു തുറിച്ചു നോക്കി.
“അയ്യോടാ.. നീ ഇങ്ങനൊന്നും നോക്കാതെ.. ഞാൻ പേടിച്ചു മുള്ളി പോകും കേട്ടോ ”
അവന്റെ നോട്ടം കണ്ടതും മറിയാമ്മച്ചി വാ പൊതിഞ്ഞു പിടിച്ചു കൊണ്ട് അവനെ കളിയാക്കി.
“ഓഹോ.. എങ്കിൽ ഇവൾ അവന്റെ സെറ്റപ്പ് തന്നെയാവും. ഉറപ്പ്.”
റിഷിൻ വീണ്ടും ഡെയ്സിയുടെ അരികിൽ നിൽക്കുന്ന മീരയെ നോക്കി പറഞ്ഞതും അവൾ വേദനയോടെ കണ്ണുകൾ ഇറുക്കി അടച്ചു പിടിച്ചു.
‘അനാവശ്യം പറഞ്ഞ നിന്റെ പല്ല് ഞാനടിച്ചു കൊഴിക്കും. കേട്ടോടാ വൃത്തികെട്ടവനെ ”
ക്രിസ്റ്റിയെ പറഞ്ഞതും മറിയാമ്മച്ചി പോര് കോഴിയെ പോലെ റിഷിന് നേരെ ചാടി.
അവൻ ഒരടി പിറകോട്ടു നീങ്ങി.
“അനാവശ്യം ചെയ്യാം.. പക്ഷേ എനിക്ക് പറഞ്ഞൂടാ. ഇതെവിടുത്തെ ന്യായം.?”
റിഷിൻ ചുണ്ട് കോട്ടി.
മറിയാമ്മച്ചി കൈ വീശി അടിക്കുമോ എന്നൊരു പേടിയുള്ളത് കൊണ്ടായിരിക്കും അവൻ അവരിൽ നിന്നും അൽപ്പം അകലേക്ക് നീങ്ങി നിന്നു.
“അതിന് അവന്റെ അപ്പന്റെ പേര് വർക്കി ചൊറിയാൻ എന്നല്ലല്ലോ കുഞ്ഞേ ”
ഡെയ്സിക്ക് ഒന്നും പറയാനുള്ള അവസരം പോലുമില്ല.
ക്രിസ്റ്റിക്ക് വേണ്ടി പൊരുതാൻ മറിയാമ്മച്ചിക്ക് വേറെയാരും വേണ്ടായിരുന്നു.
“കണ്ട തേവിടിച്ചികളെ വീട്ടിൽ കയറ്റി കൊണ്ട് വന്നതും പോരാ.. എന്നിട്ടിപ്പോ അപ്പൻ നന്നായത്തിന്റെ മഹത്വം കൂടി പറയുന്നോ?”
റിഷിൻ പറഞ്ഞു മുഴുവനാക്കും മുന്നേ മീരാ അവന്റെ മുഖം നോക്കി അടിച്ചിരുന്നു.
അവൾ കൈ കുടയുന്നത് കണ്ടപ്പോഴാണ് അവർക്കെല്ലാം കാര്യം മനസിലായത്.
“സൂക്ഷിച്ചു സംസാരിക്കണം ”
കത്തുന്ന കണ്ണോടെ അവൾ പറയുമ്പോൾ അടി കിട്ടിയ സ്തംഭനാവസ്ഥയിൽ നിന്നും റിഷിൻ പുറത്ത് കടന്നിട്ടില്ലായിരുന്നു.
അത് കണ്ട് കൊണ്ടായിരുന്നു ക്രിസ്റ്റീയും അവനൊപ്പം ഫൈസിയും അകത്തേക്ക് കയറി വന്നത്.
വണ്ടി എടുത്തിട്ടില്ലയെന്ന് കാരണം പറഞ്ഞിട്ട് ക്രിസ്റ്റിക്കൊപ്പം ഫൈസി കൂടി വന്നിരുന്നു.
മീരയെ ഒന്നു കാണാൻ ഇതല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് അവന് തോന്നി.
“എന്താ… എന്തായിവിടെ?”
കയ്യിലുള്ള ബാഗ് ഹാളിലെ കസേരയിലെക്കിട്ട് കൊണ്ട് ക്രിസ്റ്റി ധൃതിയിൽ അങ്ങോട്ട് വന്നിട്ട് ചോദിച്ചു.
മീരയുടെ അടിയും.. ക്രിസ്റ്റിയുടെ രംഗപ്രവേശനവും കൂടി ആയതോടെ റിഷിന്റെ പത്തി പൂർണമായും താഴ്ന്നു പോയിരുന്നു.
നിറഞ്ഞതെങ്കിലും കത്തുന്ന കണ്ണോടെ അപ്പോഴും റിഷിനെ തുറിച്ചു നോക്കി നിൽക്കുന്ന മീരയുടെ നേരെയായിരുന്നു ഫൈസിയുടെ കണ്ണുകൾ.
ദിലുവാണ് ക്രിസ്റ്റീയോടെ കാര്യങ്ങളെല്ലാം പറഞ്ഞു കൊടുത്തത്.
അത് കേട്ടതും ഫൈസി കൈകൾ ചുരുട്ടി പിടിച്ചു കൊണ്ട് ദേഷ്യം അമർത്തി.
റിഷിനെ ചവിട്ടി കൂട്ടാനുള്ളത്രേം കലി അവന്റെ പല്ലുകൾക്കിടയിൽ ഞെരിച്ചമർത്തുന്നുന്നുണ്ടായിരുന്നു.
“എനിക്ക് നേരെ നീ ആളെ വിട്ടത് ഞാൻ മറക്കും… പൊറുക്കും. അത് നിന്റെ വിവരകേടെന്ന് കരുതും.പക്ഷേ ക്രിസ്റ്റി ഉയിരോട് ചേർത്ത് നിർത്തുന്ന ഇവരിൽ ആരെങ്കിലും ഒരാൾ നീ കാരണം വേദനിച്ചാൽ … പൊന്ന് മോനെ.. നീ പിന്നെ ഇല്ലെടാ ”
ക്രിസ്റ്റി റിഷിന് മുന്നിലേക്ക് ചെന്നു നിന്നിട്ട് പറഞ്ഞു.
അവനൊന്നും മിണ്ടാതെ തല കുനിച്ചു നിൽപ്പാണ് .
മീരയുടെ സമ്മാനം നല്ല കനത്തിൽ തന്നെ അവന്റെ ഇടതു കവിളിൽ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു.
“തത്കാലം അവളെ ചൊരിഞ്ഞതിനുള്ള ഉത്തരം അവൾ തന്നെ കയ്യോടെ തന്നത് കൊണ്ട് ഇപ്രാവശ്യം ഇനി എനിക്ക് റോളില്ല. പക്ഷേ.. ഇനി.. ഇനി ഇവർക്ക് നേരെ നിന്റെയൊരു ദുഷിച്ച നോട്ടം ഉണ്ടായാൽ …”
ക്രിസ്റ്റി വിരൽ ചൂണ്ടി.
റിഷിൻ ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങി പോവാൻ തുനിഞ്ഞു.
“മക്കളൊന്ന് നിന്നെ…”
പിന്നിൽ നിന്നും മറിയാമ്മച്ചി വിളിച്ചതും റിഷിൻ അറിയാതെ തന്നെ നിന്ന് പോയി.
“ഇവൻ നിനക്കെതിരെ എന്തോ ചെയ്തെന്നാടാ നീ പറഞ്ഞത്?ആളെ വിട്ടന്നോ മറ്റോ പറഞ്ഞു കേട്ടല്ലോ.. ഉള്ളതാന്നോ?”
മറിയാമ്മച്ചി അപ്പോഴും അവനാ പറഞ്ഞതിന്റെ പുറകിലായിരുന്നു.
“അത് വിട്… അത് കഴിഞ്ഞതല്ലേ?”
ക്രിസ്റ്റി മറിയാമ്മച്ചിയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞതും അവരൊന്നു കുതറി.
“ആഹാ.. എന്നാലേ ഞാൻ ഈൗ കഴുതമോറനെ അങ്ങനങ്ങു വിടാൻ ഉദ്ദേശിച്ചിട്ടില്ല. അങ്ങനെ നിന്നെ ഞോണ്ടിയിട്ട് ഇവനങ്ങനെ ചുമ്മാ പോകാൻ ഞാൻ സമ്മതിച്ചു കൊടുക്കുകേല.. നീ എന്നെ വിട്ടെടാ…പിശാച്ചെ.”
മറിയാമ്മച്ചി കുതറി മാറിയത് ക്രിസ്റ്റി വളരെ കഷ്ടപ്പെട്ടു കൊണ്ടാണ് പിടിച്ചൊതുക്കിയത്.
“നോക്കി നിൽക്കാതെ ജീവൻ വേണമെങ്കിൽ ഇറങ്ങി പോടാ ”
അവനെ പിന്നിലേക്ക് പിടിച്ചു തള്ളി കൊണ്ട് ഫൈസി ഉള്ളിലെ ദേഷ്യം അൽപ്പം കുറച്ചു.
മീരാ ആരെയും നോക്കാതെ വേഗം മുകളിലേക്ക് കയറി പോകുന്നത് കണ്ടതും അവനുള്ളിലെ വേദന പിന്നെയും കൂടി.
പക്ഷേ ഒന്നും പറഞ്ഞില്ല.
“അവൾക്കത് സങ്കടമായെന്ന് തോന്നുന്നു ”
അവൾ പോയ വഴിയേ നോക്കി ഡെയ്സി പറഞ്ഞു.
“അവള് മിടുക്കിയാടാ മക്കളെ .. എന്നാ അടിയാ അവനിട്ടു കൊടുത്തത്. പെൺകൊച്ചുങ്ങളായ ഇങ്ങനെ വേണം ”
നെഞ്ചേരിയുന്നതിനിടയിലും മറിയാമ്മച്ചി പറയുന്നത് കേട്ടതും ഫൈസിക്കൊരു കുളിര് തോന്നി.
അത്രയും നേരം അവരുടെയുള്ളിൽ ആളിയ തീ അൽപ്പമൊന്ന് അണഞ്ഞു പോലൊരു ആശ്വാസം പകർന്നു കൊടുക്കാൻ മറിയാമ്മച്ചിയുടെ വാക്കുകൾക്കായിരുന്നു….
തുടരും…
ഉമ്മാനെ പരിശോധിക്കുന്ന ഡോക്ടറുടെ മുഖത്താണ് ഷാനവാസിന്റെ ആകാംഷ നിറഞ്ഞ കണ്ണുകൾ.
ഹൃദയം ആകാരണമായി വല്ലാതെ മിടിച്ചു കൊണ്ടയാളെ ഭയപ്പെടുത്തി.
“ഹോസ്പിറ്റലിലേക്ക് മാറ്റണോ ഡോക്ടർ? ”
ഉമ്മയെ നോക്കി കൊണ്ട് ഒന്നും പറയാതെ നിൽക്കുന്ന ഡോക്ടറെ നോക്കി അയാൾ ആധിയോടെ ചോദിച്ചു.
“അതിന്റെ ആവിശ്യമില്ലടോ. ഒരു ഹോസ്പിറ്റലിൽ കിട്ടാവുന്ന എല്ലാ സജ്ജീകരണത്തോടും കൂടിയല്ലേ നീ നിന്റെ ഉമ്മയെ പരിചരിക്കുന്നത്. ഇത്രേം കാലം നിന്റെ ഉമ്മ നിന്നോടൊപ്പം ഉണ്ടായത് തന്നെ നിന്റെയീ കെയറിങ്ങ് ഒന്ന് കൊണ്ട് മാത്രമാണ്.”
ഡോക്ടർ അയാളുടെ ചുമലിൽ തട്ടി കൊണ്ട് പറഞ്ഞു.
ആ പ്രശംസ വാക്കുകളായിരുന്നില്ല അയാളപ്പോൾ ആഗ്രഹിക്കുന്നതെന്ന് ആ മുഖത്തു തെളിയുന്ന അസഹിഷ്ണുത എടുത്തു പറയുന്നുണ്ടായിരുന്നു.
“ഉമ്മാന്റെ ഇപ്പോഴത്തെ കണ്ടീഷൻ.. ഡോക്ടർ ഒന്നും പറഞ്ഞില്ല.”
ആ അഭിനന്ദനങ്ങളെ കണ്ട ഭാവം പോലുമുണ്ടായിരുന്നില്ല അയാളിൽ.
അതെങ്ങനെ ജോലിയാവും.. ഇതിനേക്കാൾ എത്രയോ ഇരട്ടി സ്നേഹം തന്ന് പരിചരിച്ചു തന്നെ വളർത്തിയ ഉമ്മാനോടുള്ള സ്നേഹമല്ലേയത്.
അതൊരു കടമയാണെന്ന് കൂടി കേൾക്കാൻ അയാൾ ഇഷ്ടപ്പെട്ടിരുന്നില്ല.
“പ്രഷർ ലോ ആയതാ. വേറെ കുഴപ്പമൊന്നുമില്ല ഇപ്പൊ.”
ഡോക്ടർ പറഞ്ഞു കേട്ടതും ഷാനവാസിന്റെ മുഖം ആശ്വാസം കൊണ്ട് വിടർന്നു.
“പക്ഷേ.. അറിയാമല്ലോ.. ഞാൻ പറയാതെ തന്നെ നിനക്ക് നിന്റെ ഉമ്മയുടെ ആര്യോഗ്യസ്ഥിതിയെ. ഓരോ ദിവസവും ദൈവം തരുന്ന ബോണസാണ്. ആ മനസ്സിന് സന്തോഷം കൊടുക്കുക. അവരുടെ കുഞ്ഞു ആഗ്രഹങ്ങൾ.. തന്നെക്കൊണ്ട് വല്ല വിധേനയും കഴിയുമെങ്കിൽ അതെല്ലാം നടത്തി കൊടുത്തു കൊണ്ട് അവരുടെ മനസ്സിന് ആനന്ദം കൊടുക്കുക. നിനക്കിനി ചെയ്യാൻ അത് മാത്രമേയൊള്ളു. അല്ലാത്തൊന്നും നിന്നോട് ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ. ആ ഉമ്മ ആഗ്രഹിക്കുന്നതിനേക്കാൾ എത്രയോ ഇരട്ടി നീ അവരെ സംരക്ഷണം കൊണ്ട് പൊതിഞ്ഞു പിടിക്കുന്നുണ്ട് ”
വീണ്ടും എന്തൊക്കയോ പറഞ്ഞിട്ട് ഡോക്ടർ ഇറങ്ങി പോയിട്ടും ഷാനവാസ് ഉമ്മയെ നോക്കി അതേ ഇരുപ്പ് തന്നെ ആയിരുന്നു.
ശുഷ്‌കിച്ച ആ കൈയ്യിൽ വെറുതെ തലോടി പാതി അടച്ചു കൊണ്ട് ഉറക്കമായ ആ മുഖത്തേക്ക് നോക്കി.
“ഉമ്മയുടെ ആഗ്രഹങ്ങൾ.. തന്നെകൊണ്ട് നടത്താൻ കഴിയുന്നത് നടത്തി കൊടുത്ത് ആ മനസ്സിന് ആനന്ദം കൊടുക്കുക. തനിക്കിപ്പോ ചെയ്യാൻ അത് മാത്രമേയൊള്ളു ”
ഡോക്ടർ പറഞ്ഞ വാക്കുകൾ വീണ്ടും വീണ്ടും അയാൾക്കുള്ളിൽ മുഴങ്ങി.
ഉമ്മയുടെ ഏറ്റവും വലിയൊരു ആഗ്രഹം…
വളരെ കാലമായി തന്നോട് പല കോലത്തിലും പറഞ്ഞിട്ട് താൻ കേട്ടില്ലെന്ന് നടിച്ച ആ വലിയ ആഗ്രഹം.
അത് മാത്രമായിരിക്കും… ഇനിയും ആ മനസ്സിലുള്ള ആഗ്രഹമായിട്ട് അവശേഷിക്കുന്നത്.
പടച്ചോനെ….
വയ്യാത്ത ന്റെ ഉമ്മാനോട് മറ്റൊരാൾ മുഖം കറുപ്പിച്ചു സംസാരിക്കുന്നത് ഓർക്കുമ്പോൾ പോലും ചങ്കിൽ തീയാണ് ..
അങ്ങനെയൊരു പേടിയെങ്ങനെ ഹൃദയത്തിൽ കയറി കൂടിയാവോ?
കണ്ടും കേട്ടും മടുത്ത കഥകളിലെ ബന്ധങ്ങൾ തന്നെയാവും..അതിന്റെ ഉത്തരവാദികൾ.
എന്ത് കൊണ്ടോ…. നേർത്തൊരു പുഞ്ചിരി കൊണ്ട് ലില്ലി അയാളുടെ ഹൃദയത്തിനറകളിലേക്ക് ഇടിച്ചു കയറി വന്നിരുന്നുവപ്പോൾ.
ഇതിപ്പോൾ പതിവാണ്… ഒരു പുഞ്ചിരിയോടെ ഉള്ളിലൊരു സന്തോഷമായി നിറയുന്നത്.
അത്രേം ആഴത്തിൽ ചിരിക്കാനറിയാവുന്നവരെ അയാളാദ്യമായിരുന്നു കാണുന്നത്.
ചിലർ ചിരി കൊണ്ട് തോൽപ്പിക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞു കേട്ടിരുന്നു..
കാണുന്നതും അറിയുന്നതും ലില്ലിയെ കണ്ടത് മുതലായിരുന്നു.
ഉമ്മയെ കൂടാതെ, ഓർക്കുമ്പോൾ ഹൃദയമൊരു പുഞ്ചിരി പൊഴിച്ചത് അവൾക്ക് വേണ്ടിയായിരുന്നു.
ആ കരുണ നിറഞ്ഞ കണ്ണുകൾക്ക് പറയാൻ ഒരായിരം കഥനകഥകൾ ഉണ്ടെന്നിരിക്കെ..ഒരു പുഞ്ചിരി കൊണ്ട് കാണുന്നവർക്ക് സന്തോഷം പകരുന്ന ഒരുവൾ..
ആ വേദനയിലും അയാൾക്കുള്ളിലെ ആശ്വാസമായിരുന്നു അവളും.. അവളുടെ ഓർമകളും.
❣️❣️
“ഇങ്ങനെ കരയാൻ മാത്രം ഒന്നുല്ല.. വിട്ടേക്ക്.. അവനുള്ളത് ഇച്ചേടെ മോള് തന്നെ കയ്യോടെ കൊടുത്തില്ലേ.? ഇപ്പൊയിരുന്നു മോങ്ങേണ്ടത് സത്യത്തിൽ അവനല്ലെടി പൊട്ടി. അമ്മാതിരി അടിയല്ലേ നീ കൊടുത്തത്. നിന്റെ വിരലുകൾ അവന്റെ കവിളിൽ ചാപ്പ കുത്തിയത് പോലെ കരിനിലിച്ചു കിടപ്പുണ്ടാവും കുറേ നാൾ..ഒരു ഓർമപ്പെടുത്തൽ പോലെ ”
മീരയെ ചേർത്ത് പിടിച്ചു കൊണ്ട് ക്രിസ്റ്റി പറഞ്ഞു.
നനഞ്ഞ കണ്ണോടെ അവൾ നേർത്തൊരു ചിരിയിൽ അവനെ നോക്കി.
“ശാരിയാന്റിയെന്ന അമ്മയുടെ അഭിമാനമാണ് നീ ”
ക്രിസ്റ്റി അങ്ങേയറ്റം ആത്മാർത്ഥമായി പറഞ്ഞതും മീരയുടെ ചിരിക്ക് വളരെയേറെ ഭംഗി കൂടിയിരുന്നു.
ദിലു രണ്ടു പേരെയും നോക്കി കിടക്കയുടെ ഒരറ്റത്തിരിപ്പുണ്ട്.
“ഇന്നുള്ളത് പോലെയൊരു സംസാരത്തിന് ഇനി അവൻ അടുത്തൊന്നും ധൈര്യപ്പെടില്ല.”
ക്രിസ്റ്റി അവൾക്ക് ധൈര്യം കൊടുത്തു.
“ഇങ്ങനിരുന്ന മതിയോ രണ്ടിനും. സ്കൂളിൽ പോണ്ടേ. എക്സാം ഇങ്ങടുത്തു ”
വീണ്ടും എന്തൊക്കെയോ പറയുന്നതിനിടെ ക്രിസ്റ്റിയുടെ ചോദ്യം!
രണ്ട് പേരിലും ഒരു പിടച്ചിലുണ്ടായിരുന്നു.
“മുന്നിലുള്ളത് ഈ വർഷത്തിൽ നിങ്ങൾ കഷ്ടപ്പെട്ടു പഠിച്ചതിന്റെ റിസൾട് കിട്ടാനുള്ള കുറച്ചു ദിവസങ്ങളാണ്.അതില്ലാതെയാക്കണോ?”
അവന് കൊടുക്കാനൊരു ഉത്തരമില്ലാത്തത് പോലെ രണ്ട് പേരും മുഖം കുനിച്ചിരുന്നു.
“ഇതിനകത്ത് ഇരിക്കുന്നിടത്തോളം നിങ്ങളുടെ ഉള്ളിലെ മുറിവുണങ്ങില്ല. അതിനേക്കാൾ നല്ലതല്ലേ പിള്ളേരെ സ്കൂളിൽ പോയി.. കൂട്ടുകാരും.. എക്സമും ഒക്കെയായിട്ട് ബിസിയാവുന്നത്?”
തല കുനിച്ച് കൊണ്ടിരിക്കുന്ന രണ്ടെണ്ണത്തിനെയും നോക്കുമ്പോൾ ക്രിസ്റ്റിക്ക് ചിരി വരുന്നുണ്ടായിരുന്നു.
“പ്രശ്നങ്ങൾ ഇല്ലാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗം, നമ്മൾ മറ്റെന്തെങ്കിലും കൊണ്ട് ബിസിയാവുക എന്നതാണ്. അങ്ങനാവുമ്പോൾ ഓരോ ചീഞ്ഞ പ്രശ്നം കൊണ്ട് കർത്താവ് നമ്മുടെ അടുത്തേക്ക് ആളെ വിടും മുന്നേ തന്നെ മൂപ്പര് ചുമ്മാ ഓർക്കും.. അല്ലേൽ തന്നെ അവർക്ക് നേരമില്ല അയിന്റെടേൽ ഇത് കൂടി എങ്ങനെ തീർക്കും. തത്കാലം ഫ്രീ ആയിട്ടിരിക്കുന്ന ആരെങ്കിലും ഏല്പിച്ചാലോ ന്ന്… എങ്ങനുണ്ട് എന്റെ ഐഡിയ… പൊളിയല്ലേ?”
വലിയ ആവേശത്തിൽ പറഞ്ഞു കൊണ്ട് ക്രിസ്റ്റി കണ്ണിറുക്കി ചോദിച്ചു.
പരസ്പരം ഒന്ന് നോക്കിയിട്ട് പെടുന്നനെ മീരയും ദിലുവും ഉറക്കെ പൊട്ടിചിരിക്കുമ്പോൾ ആദ്യം ഒന്നമ്പരന്ന് പോയെങ്കിലും പിന്നെ ഏറെ സന്തോഷത്തോടെ അവനാ ചിരിയിലേക്ക് നോക്കിയിരുന്നു.
മനസ്സിൽ നിന്നും വലിയൊരു ഭാരമൊഴിഞ്ഞു പോയത് പോലൊരു ഫീൽ..
“എന്റെ ചേട്ടായി…. എവിടുന്ന് കിട്ടുന്നു ഇമ്മാതിരി ചീഞ്ഞ ഐഡിയ.. അയ്യേ”
ദിലു ചിരിക്കുന്നതിനിടെ തന്നെ ക്രിസ്റ്റിയെ നോക്കി പറഞ്ഞു.
“അയ്യോടി.. ചീഞ്ഞ ഐഡിയയൊ.. പറയുന്നത് ക്രിസ്റ്റിയാണ് മക്കളെ. ഇജ്ജാതി പവർ ഫുൾ ഐഡിയ പറയാൻ…”
“ദോണ്ട്… അടുത്ത ചീഞ്ഞ കോമഡി.. എന്റെ ഇച്ഛാ.. ഇനി മതി.. പ്ലീസ്. ഇന്നിനി ചിരിക്കാൻ വയ്യ.. ഹുയ്യോ ”
അവനത് പറഞ്ഞു മുഴുവനാക്കും മുന്നേ ദിലുവിന്റെ തോളിൽ കയ്യിട്ട് പിടിച്ചു കൊണ്ട് മീരാ കൂടി പറഞ്ഞതോടെ.. മനസ്സിൽ നിറഞ്ഞു പൊന്തിയ സന്തോഷമടക്കി ക്രിസ്റ്റി കള്ള പരിഭവത്തോടെ എഴുന്നേറ്റു.
“എങ്കിലേ… നിങ്ങൾ ചേച്ചിയും അനിയത്തിയും കൂടി ഇവിടിരുന്നു സ്റ്റാന്റേർഡ് കോമഡി പറഞ്ഞു ചിരിക്ക്. ഞാൻ പോണ്.. ഇങ്ങോട്ട് വാ രണ്ടും… ഇച്ഛാ ന്നും ചേട്ടായി ന്നും വിളിച്ചോണ്ട്. കാണിച്ചു തരാ ട്ടാ ”
അവരോട് കലിപ്പിട്ട് പറഞ്ഞതെങ്കിലും പുറത്തേക്ക് നടക്കുമ്പോൾ അവന്റെ ചുണ്ടിൽ ചിരിയുണ്ടായിരുന്നു.
“അയ്യോ.. ഇച്ഛാ.. പിണങ്ങല്ലേ.. ഞങ്ങൾ വെറുതെ പറഞ്ഞതല്ലേ?”
പിറകെ നിന്നും മീരാ വിളിച്ചു പറയുന്നത് കേട്ടതും, അവർ പിറകെ വരുമെന്ന് അവനുറപ്പായിരുന്നു.
അവന്റെ ചിരിക്കേറെ ഭംഗിയുണ്ടായിരുന്നുവപ്പോൾ..
❣️❣️
“ഇയ്യ് കേൾക്കുന്നില്ലേ ഫൈസ്യേ? ”
മുഹമ്മദ് വീണ്ടും ചോദിച്ചു.
“ആഹ് ഉപ്പച്യേ.. ഇങ്ങള് പറയീം ”
അവൻ ചിരിയോടെ അയാളെ നോക്കി.
“നല്ല കൂട്ടരാ.. ഞാൻ അറിയും ചെക്കന്റെ ബാപ്പാനെ. ഇക്കൊല്ലം കൂടി കഴിഞ്ഞ ഫറ ഡിഗ്രി കഴിയുമല്ലോ. അവര് വിദ്യാഭ്യാസത്തിനൊക്കെ പ്രാധാന്യം കൊടുക്കുന്ന ആൾക്കാര് തന്നാ. ചെക്കൻ ഡോക്ടറാണ്, ദുബായിൽ. ഫറയെ കെട്ട് കഴിഞ്ഞ് അങ്ങോട്ട് കൂട്ടും.. ഓല് പഠിപ്പിച്ചോളാം ബാക്കി എന്നൊക്കെയാണ് ന്നോട് പറഞ്ഞത് ”
ഭക്ഷണം കഴിക്കാനിരിക്കെയാണ് മുഹമ്മദ് ഫറക്ക് വന്നൊരു ആലോചനയെ കുറിച്ച് അവനോട് പറഞ്ഞത്.
ഒരു പത്തു വയസ്സ് കഴിഞ്ഞത് മുതൽ ആ വീട്ടിൽ എന്ത് തീരുമാനമെടുക്കുമ്പോഴും അയാൾ അതിൽ മക്കളെയും സജീവമായി ഉൾപെടുത്തുക പതിവാണ്.
അവരുടെ അഭിപ്രായം ചോദിച്ചറിയും. അവരെ ബാധിക്കുന്ന വിഷയമല്ലെങ്കിൽ കൂടിയും അയാളത് ചെയ്യുമായിരുന്നു.എല്ലാം.. അവരും കൂടി അറിയട്ടെ എന്നായിരുന്നു അയാളുടെ അതിനുള്ള ഉത്തരം.
“ഫറയെ നമ്മക്ക് കെട്ടിയിട്ട് പഠിപ്പിക്കണോ ഉപ്പച്യേ.. അയിനൊക്കെ ആയോ ഓള്?”
ഫൈസി ചെറിയൊരു ചിരിയോടെ അരികിൽ തല കുനിച്ചിരുന്നു കഴിക്കുന്ന ഫറയെ ഒന്ന് നോക്കിയിട്ട് അയാളോട് ചോദിച്ചു.
മുഹമ്മദ് ആ മറുപടി പ്രതീക്ഷിച്ചത് പോലെ.. ആയിഷയെ നോക്കിയൊന്ന് ചിരിച്ചു.
“ഓള് നമ്മളോടൊപ്പം നിന്ന് പഠിച്ചു ഓൾക്ക് പറ്റിയൊരു ജോലിയിൽ കയറിയിട്ട് പോരെ ഒരു കെട്ടിയിടൽ..?”
അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു പറയുമ്പോൾ ഒരു സഹോദരന്റെ മുഴുവൻ വാത്സല്യവും അവന്റെ വാക്കുകൾക്ക് കനം കൂട്ടിയിരുന്നു.
ഫറ അത്ഭുതത്തോടെയാണ് അവനെ നോക്കിയത്.
സ്നേഹം ഉണ്ടന്നറിയാം. പക്ഷേ ചേർത്ത് പിടിച്ചത് പ്രകടിപ്പിക്കാൻ അങ്ങേയറ്റം മടിയുള്ള ആളാണ് ഫൈസി..
അതായിരുന്നു അവൾക്കേറെ അത്ഭുതം തോന്നിയതും.
“ഞാൻ ന്നാ ഒന്നൂടെ ആലോചിച്ചു നോക്കട്ടെ ഇക്കാര്യം. അല്ല.. ഈ മാസം ലാസ്റ്റ് അന്റെ പരീക്ഷ തീരില്ലേ.? ഇനി ന്താ അന്റെ പ്ലാൻ.. ഇനിം പഠിക്കാൻ…”
“അല്ല.. ഞാൻ.. ഞാൻ ജോലിക്ക് കയറാൻ തീരുമാനിച്ചു ”
അയാൾ പറഞ്ഞു മുഴുവനുമാക്കും മുന്നേ ഫൈസി ചാടി കയറി പറഞ്ഞതും ആയിഷ ഓനെ നോക്കിയിട്ട് ഒരു കള്ളചിരിയോടെ തലയാട്ടി.
അത് കണ്ടതും ഫൈസി അവരെ നോക്കിയൊന്ന് കണ്ണുരുട്ടി.
“ഈ വന്ന… ആലോചനക്ക് പിറകെ വേറൊരു കാര്യം കൂടി ഉസ്മാൻ പറഞ്ഞു..”
മുഹമ്മദ് ഒരു മുഖവുര പോലെ പറഞ്ഞതും അക്കാര്യം കേട്ടതും എന്തിനെന്നറിയാതെ ഫൈസി ഒന്ന് വിറച്ചു.
“എന്താ… എന്താ ഉപ്പച്യേ അത്?”
പറയുബോൾ സ്വരം വിറക്കാതിരിക്കാൻ അവൻ കിണഞ്ഞു ശ്രമിക്കുന്നുണ്ടായിരുന്നു.
ആയിഷക്കത് മനസ്സിലായി.
“പുയ്യാപ്ല ചെക്കാനൊരു പെങ്ങളൂട്ടി കൂടിയുണ്ട്. ഓളെ അനക്ക് വേണ്ടി കൂടി ആലോചിച്ചാലോ…. എന്നൊരു ”
“അത് നടക്കില്ല ഉപ്പച്യേ ”
ചാടി എഴുന്നേറ്റു കൊണ്ടത് പറയുമ്പോൾ അവൻ പോലുമറിയാതെ അവന്റെ സ്വരം വല്ലാതെ ഉയർന്നു പോയിരുന്നു.
“നടക്കില്ല…”
മീരയുടെ മുഖം മനസ്സിലേക്ക് വന്നതും വീണ്ടും ഉറപ്പോടെ അവനത് തന്നെ ആവർത്തിച്ചു പറഞ്ഞു.
പിന്നെ അവിടെ നിൽക്കാതെ വേഗം എഴുന്നേറ്റു തിരിഞ്ഞ് നടക്കുമ്പോൾ അവനുള്ളം വല്ലാതെ നോവുന്നുണ്ടായിരുന്നു…. പ്രിയപ്പെട്ടവളെ ഓർത്തിട്ട്.
ആ ഉത്തരം പ്രതീക്ഷിച്ചത് പോലെ നനുത്തൊരു ചിരിയോടെ മുഹമ്മദ് അവൻ പോയ വഴിയേയൊന്നു നോക്കി….
💞💞💞
നന്നേ അവശനായിട്ടാണ് വർക്കി കുന്നേൽ ബംഗ്ലാവിൽ എത്തിയത്.
ഷാഹിദിനെ ഓർക്കുമ്പോൾ അയാൾക്കൊരു ഉൾക്കിടിലം തോന്നുന്നുണ്ട്.
അതാരോടും പങ്ക് വെക്കാൻ കഴിയില്ലയെന്നത് തന്നെയായിരുന്നു അയാൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും.
മുറിയിലേക്ക് അയാൾ ചെല്ലുമ്പോൾ ഡെയ്സി സ്വന്തം തുണികളെല്ലാം കിടക്കയിൽ മടക്കി വെക്കുന്നുണ്ടായിരുന്നു.
“എനിക്ക് കുറച്ചു വെള്ളം വേണം ”
ക്ഷീണത്തോടെ ഷർട്ട് അഴിച്ചു മാറ്റി കൊണ്ട് അയാൾ പറഞ്ഞു.
പിറകിൽ നിന്നും അനക്കമൊന്നും കേൾക്കാൻ കഴിഞ്ഞത് കൊണ്ട് അയാൾ ഒന്ന് തിരിഞ്ഞു നോക്കി.
ഡെയ്സി അയാൾ പറഞ്ഞത് കേട്ട ഭാവം പോലുമില്ലാതെ നിന്ന് ചെയ്യുന്ന ജോലി തന്നെ തുടരുന്നു.
ആ കാഴ്ചയിൽ അയാളുടെയുള്ളിൽ ദേഷ്യം നുരഞ്ഞു പൊന്തി.
“ഡീ.. നിന്നോടാ പറഞ്ഞത്.. എനിക്ക് കുറച്ചു വെള്ളം വേണമെന്ന് ”
ഒന്ന് കൂടി അവരുടെ അരികിലേക്ക് നീങ്ങി നിന്ന് കൊണ്ട് വർക്കി അൽപ്പം കൂടി ഉച്ചത്തിൽ പറഞ്ഞു.
“വെള്ളം ഹാളിലെ ടേബിളിൽ കാണും. ദാഹം തോന്നുന്നുവെങ്കിൽ പോയി എടുത്തു കുടിക്കണം ”
യാതൊരു അയവുമില്ലാത്ത ഡെയ്സിയുടെ മുഖവും സ്വരംവും.
വർക്കി നെറ്റി ചുളിച്ചു കൊണ്ടവരെ നോക്കി.
“നിനക്ക് പിന്നെ ഇവിടെ എന്നതാടി നാശമേ പണി?”
എത്ര അടക്കി നിർത്തിയിട്ടും വർക്കി ദേഷ്യത്തോടെ ഡെയ്സിയുടെ കയ്യിൽ പിടിച്ചു ഞെരിച്ചു കൊണ്ട് ചോദിച്ചു.
“എനിക്കങ്ങനെ പല പണികളും കാണും അതെല്ലാം നിങ്ങളോട് പറയാൻ തത്കാലം ഇനിയെനിക്ക് സൗകര്യമില്ല. ഇനി നിങ്ങളുടെ കാര്യങ്ങൾ നിങ്ങൾ തന്നെ നോക്കികൊള്ളണം. ഞാൻ അപ്പുറത്തെ മുറിയിലേക്ക് മാറുകയാണ്. ഇനി എന്നെയെങ്ങാനും ശല്യപ്പെടുത്തി കൊണ്ടങ്ങോട്ട് വന്നാ….”
ഡെയ്സി ചൂണ്ടിയ വിരൽ തുമ്പിലേക്ക് വർക്കി പകച്ചുകൊണ്ട് നോക്കി…
തുടരും…

by