രചന – പ്രിൻസി സജിത്ത്
ഡിവോഴ്സ് !!!!
എഴുന്നേൽക്കു നിമ , എന്തൊരു ഉറക്കാ, എത്ര സമയമായി, മണികുട്ടീം ശ്രീകുട്ടീം ഒക്കെ എപ്പോഴേ എണീറ്റു, എന്നിട്ടും അവരുടെ ഏട്ടത്തിഅമ്മ ഇപ്പഴും കൂർക്കം വലിച്ചോറങ്ങാ പറഞ്ഞാൽ, മോശം മോശം നിമ കുട്ട്യേ… എണീക്ക്…..
അരുൺ പ്ലീസ്. 😴😴എനിക്കുറങ്ങണം,
പതിയെ കണ്ണു തുറന്നു, മുറിയിലിപ്പോഴും ഇരുട്ടാണ്.എഴുന്നേൽക്കാതെ തന്നെ ചുറ്റും നോക്കി,
ഓഹ്, ഇതെന്റെ റൂം ആണല്ലോ, അപ്പോൾ അരുൺ എവിടെ, തോന്നിയതാണോ, സ്വയം തലയിൽ ഒന്ന് കൊട്ടി,
ഇന്നലെയോടെ ഒരു പാട് റൂൾസ് കൊണ്ട് ശ്വാസം മുട്ടിച്ച ആ ലൈഫ് ഞാൻ അവസാനിപ്പിചിരിക്കുന്നു..
ഓർക്കുമ്പോൾ തന്നെ ഒരു ഉന്മേഷം വന്നു നിറയുന്നു,
ക്ലോക്ക്ലേക്ക് നോക്കി..
അയ്യേ… 6 മണി ആയെ ഉള്ളോ പിന്നെന്തിനാ ഞാൻ നേരത്തെ ഉണർന്നത്, ഛെ.. ആരുടേം ശല്യമില്ലാതെ ഉറങ്ങാമായിരുന്നു,…വീണ്ടും കണ്ണടച്ച് പുതച്ചു മൂടി കിടന്നു പോയ ഉറക്കം തിരിച്ചു പിടിക്കാൻ നോക്കി..
ഇല്ല പറ്റുന്നില്ല. എണീറ്റു…
പപ്പയും മമ്മിയും ഒന്നും ഇപ്പൊ എഴുന്നേൽക്കില്ല..ടൈം പോകുന്നില്ലല്ലോ എന്ത് ചെയ്യും🤔🤔 യാ.. കിച്ചണിൽ കല്യാണി ആന്റി ഉണ്ടാകും.. അവരുടെ അടുത്ത് പോകാം..
അവൾ ഫ്രഷ് ആയി താഴേക്ക് പോയി
ഹായ് ആന്റി…
അവർ അവളെ അത്ഭുതത്തോടെ നോക്കി
എന്താ ഇങ്ങനെ നോക്കുന്നെ എന്നെ മുൻപെ കണ്ടിട്ടില്ലേ
അല്ല മോളെ ഇത് ആദ്യമായിട്ടല്ലേ ഈ നേരത്ത് മോളെ കാണുന്നെ അതും അടുക്കളയിൽ… ഒക്കെ അരുൺ മോന്റെ അമ്മ പഠിപ്പിച്ചതാവും ലെ
അവളുടെ മുഖം ഇരുണ്ടു..
കല്യാണി ആന്റി അരുണിന്റെയും അയാൾടെ ഫാമിലിയുടെയും കാര്യം ഇനി ഇവിടെ സംസാരിക്കരുത് ഞങ്ങൾ പിരിയാൻ തീരുമാനിച്ചു,
അവൾ പുറത്തേക്ക് നടന്നു.
അവൾടെ വാക്കുകളിൽ ഞെട്ടി നില്ക്കായിരുന്നു അവർ.. ആറ് മാസം മുൻപെ തുടങ്ങിയ വിവാഹ ജീവിതമാണ് ഇത്രയും ലളിതമായി അവസാനിപ്പിച്ചു എന്ന് പറഞ്ഞ് പോയത്…
ഇന്നത്തെ കാലത്തെ കുട്ടികളല്ലേ.. ഇങ്ങനെയൊക്കെ ആവും.. അവർ നെടുവീർപ്പോടെ ഓർത്തു.
ഭക്ഷണം എടുക്കട്ടെ മോളെ?
വേണ്ട ആന്റി പപ്പയും മമ്മിയും കൂടി വന്നിട്ട് മതി.
സാറും മാഡവും പോയല്ലോ മോളെ, ദൂരെ എവിടെയോ പോണം പറഞ്ഞു നേരത്തെ പോയി, മോളോട് പറഞ്ഞില്ലെ..
ഞാൻ ഇന്നലെ നേരത്തെ കിടന്നു, അതാവും എന്നോട് പറയാഞ്ഞേ, ആന്റി ഫുഡ് എടുത്തോളൂ..
ആ വലിയ ഊണ് മേശയിൽ ഒരു കസേര വലിച്ചിട്ടു അവൾ ഇരുന്നു. കല്യാണി അവളുടെ പ്ലേറ്റിലേക്ക് വിളമ്പി.
നിമ കഴിക്കാൻ വാ എല്ലാരും ഇരുന്നു, നീ മാത്രേ വരാനുള്ളു..
എനിക്കിപ്പോ വേണ്ട അരുൺ, നിങ്ങൾ കഴിച്ചോളൂ അതിനെന്തിനാ ഞാൻ, എന്നെ ഒന്ന് വെറുതെ വിട്
അതൊന്നും പറഞ്ഞാൽ പറ്റില്ല നിമ കുട്ട്യേ.. ജോലി തിരക്കിനിടയിൽ ആകെ കിട്ടുന്ന ഇത്തിരി സമയം ആണ്, അതെനിക്കെന്റെ കുടുംബതോടൊപ്പം ചിലവഴിക്കണം, ഈ ഫോൺ ഞാൻ പോയിട്ട് മോളെടുത്ത് കളിച്ചോ ട്ടോ ഇപ്പൊ താഴേക്ക് വാ…
മോളെന്താ കഴിക്കാത്തെ? കല്യാണി ആന്റിയുടെ ചോദ്യമാണ് എന്നെ ഉണർത്തിയത്..
ഛെ.. നിനക്കിത് എന്തു പറ്റി നിമ.. നീ വെറുക്കുന്നവരെ നീ എന്തിനോർക്കണം.. സ്വയം തലയിൽ ഒന്നു കൊട്ടി അവൾ കഴിക്കാൻ തുടങ്ങി.
വിശപ്പ് തോന്നുന്നില്ല, മുന്നിലെ ഇഷ്ട വിഭവത്തിന് രുചി പോര. മതിയാക്കി റൂമിലേക്ക് നടന്നു. പതിയെ പടികൾ കയറി…
“ഏട്ടത്തി ചാമ്പക്ക വേണോ ഓടി വായോ ”
ഒരേ സമയം രണ്ടു കുറുമ്പികളുടെ ശബ്ദം, അവൾ വെട്ടി തിരിഞ്ഞു.
ഇല്ല ആരും ഇല്ല, തോന്നിയതാണ്
ഛെ, അവരെ പറ്റി എന്തിനോർക്കണം??
എപ്പോഴും തന്റെ പ്രൈവസിയിലേക്ക് ഇടിച്ചു കയറി വരുന്നവർ, അരുണിന്റെ ഇരട്ടഅനിയത്തിമാർ…
എത്ര അവഗണിച്ചാലും പുറകെ വരുന്നവർ.
അതിൽ നിന്നെല്ലാം ഞാനിപ്പോൾ ഫ്രീ ആണ് എന്നിട്ടും എന്റെ ഓർമകളിലേക്ക് ഇവരെന്തിന് തളളികയറി വരണം 🤔🤔
ഫ്രഷ് ആയി പുറത്തേക്കിറങ്ങിയ അവൾ ടവൽ കിടക്കയിലേക്ക് അലസമായി ഇട്ടു, ബാൽക്കണിയിലേക്ക് ഇറങ്ങി…
എത്ര വട്ടം പറയണം നിമ, ഈ നനഞ്ഞ ടവൽ ഇങ്ങനെ ബെഡിൽ ഇടരുതെന്നു.. എത്ര പറഞ്ഞാലും നിനക്ക് മനസിലാവില്ലേ..നിന്നെക്കാളും എത്ര ചെറുതാ മണിക്കുട്ടീം ശ്രീക്കുട്ടിം അവർക്ക് വരെ ഞാൻ ഒറ്റ തവണ പറഞ്ഞാൽ മതി.. നിനക്ക് മാത്രമെന്താ ഇത്ര പ്രത്യേകത…??
അവൾ റൂമിൽ വന്ന് ബെഡിൽ ഇട്ട ടവൽ എടുത്ത് മാറ്റി ഇട്ടു.
അത്രത്തോളം തന്നെ ദേഷ്യം പിടിപ്പിച്ച അരുണിന്റെ റൂൾസ് അരുണില്ലാത്തപ്പോൾ ഞാനെന്തിന് അനുസരിക്കണം??
തനിക്കെന്താണ് സംഭവിക്കുന്നത് എന്നറിയാതെ… ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ അവളെ അസ്വസ്ഥയാക്കി.
റൂമിലെ ഈ നിശബ്ദത വല്ലാതെ ശ്വാസം മുട്ടിക്കുന്നു, നല്ല ഉച്ചത്തിൽ പാട്ട് വച്ചു, ഇല്ല… ആസ്വദിക്കാൻ കഴിയുന്നില്ല, ഇതല്ല ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദം, അത്…. അത്….മറ്റെന്തോ ആണ്..
രണ്ട് കുറുമ്പികളുടെ വഴക്കടിക്കുന്ന, നിർത്താതെ കല പില കൂട്ടുന്ന ശബ്‌ദം, ഒരമ്മ വടിയെടുത്തു ഉച്ചത്തിൽ വഴക്ക് പറഞ്ഞ് അവരെ ഓടിക്കുന്നു, നിലവിളിചോണ്ട് ഓടി രണ്ടു പേരും അച്ഛന്റെയും ഏട്ടന്റെയും പിറകിൽ ഒളിക്കുന്നു.. പൊട്ടിച്ചിരിയോടെ ആ അച്ഛനും ഏട്ടനും അവരെ പൊതിഞ്ഞു പിടിക്കുന്നു..
തല്ലാൻ കഴിയാത്ത നിരാശയിൽ ആ അമ്മ എന്തൊക്കെയോ പതം പറഞ്ഞു പിണങ്ങുന്നു.. ആ അച്ഛനും മക്കളും അമ്മയെ ചിരിപ്പിക്കാൻ പുറകെ നടന്ന് കോമാളി കാട്ടുന്നു… ഒടുവിൽ ആ നാലു പേരും നിർത്താതെ പൊട്ടി പൊട്ടി ചിരിക്കുന്നു.
അതേ അതൊക്കെയാണ് ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദങ്ങൾ…
വല്ലാതെ ശല്യപെടുത്തിയ, ഇവറ്റകൾക്കൊന്നു മിണ്ടാതെ ഇരുന്നൂടെ എന്ന് പറയിപ്പിച, കേൾക്കാതിരിക്കാൻ ചെവിയിൽ ഇയർ ഫോൺ തിരുകി ഉച്ചത്തിൽ പാട്ട് വച്ച്, വെറുപ്പോടെ അവഗണിച്ച ആ ശബ്ദങ്ങൾ ആണ് ഇപ്പോൾ കേൾക്കാൻ കൊതി തോന്നുന്നു.
വീണ്ടും മനസ് അസ്വസ്ഥമായി… നിമ നിനക്കെന്തു പറ്റി ഇത് നീ അല്ല… നീലിമ ചന്ദ്രശേഖർ എവിടെ..??? മനസാക്ഷിയോട് വെറുതെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് എപ്പോഴോ അവൾ മയങ്ങി പോയി.
ഡോറിലെ മുട്ട് കേട്ടാണ് ഉണർന്നത്, മമ്മി ആയിരുന്നു..
മോളുറങ്ങുകയായിരുന്നോ??
ആ മമ്മി, നിങ്ങളെപ്പോഴാ വന്നേ പപ്പ എവിടെ,
ഞാനുറങ്ങി പോയി, പീരിയഡ്സ് ആയി നല്ല പെയിൻ.
എന്നാൽ മോൾ കിടന്നോ, ഇത് ഡിവോഴ്സ്ന്റെ പേപ്പർ ആണ് ടൈം ആവുമ്പോൾ മൂവ് ചെയ്യാം സൈൻ ചെയ്ത് വച്ചേക്ക്,
മമ്മി തന്ന പേപ്പർ ടേബിളിൽ വച്ച് വീണ്ടും വന്ന് ചുരുണ്ടു കിടന്നു.കൈകൊണ്ട് വയറിൽ അമർത്തി പിടിച്ചു.
നിമ മോളെ.. വയ്യേ.. ഡേറ്റ് ആയോ.. എന്തേലും കഴിക്കണ്ടേ എണീക്കെടോ??
എനിക്ക് വയ്യ അരുൺ എനിക്കൊന്നും വേണ്ട.
നിമിഷങ്ങൾക്ക് ശേഷം വയറിൽ ഹോട് ബാഗിന്റെ ചൂട് അറിഞ്ഞു. ഒരു കൈ കൊണ്ട് ചൂട് വച്ച് മറു കൈ കൊണ്ട് അവളെ ആ നെഞ്ചിലെക്ക് ചായ്ച്ചു കിടത്തി,
ഉലുവ ഇട്ട് തിളപ്പിച്ച വെള്ളവുമായി അമ്മ വന്നു,
വേണ്ട എന്ന് പറഞ്ഞിട്ടും നിർബന്ധപൂർവ്വം വായിലേക്കൊഴിച്ചു തന്നു. കട്ടിലിന്റെ കാൽ ഭാഗത്ത് കുറുമ്പികൾ സ്ഥാനം പിടിച്ചു, കടയുന്ന കാലുകൾ കുഞ്ഞി കൈ കൊണ്ട് മെല്ലെ ഉഴിഞ്ഞു തന്നു. വേദനകൾ മറന്ന് ശാന്തമായി ഉറങ്ങി..
ഞെട്ടി എഴുന്നേറ്റ് ചുറ്റും നോക്കി, ഇല്ല എല്ലാം തന്റെ തോന്നലുകൾ ആയിരുന്നു.
മമ്മിക്ക് കുറച്ച് നേരം എന്റെടുത്ത് ഇരിക്കാമായിരുന്നില്ലേ…..
എന്തിനോ വെറുതെ കണ്ണ് നിറയുന്നു..
പിറ്റേന്ന് എഴുന്നേറ്റു താഴേക്കു ചെന്നപ്പോൾ മമ്മിയും പപ്പയും ഒരുങ്ങി നിൽക്കാർന്നു.
ആ മോളെ ഞങ്ങൾക്ക് ഒരു ബിസിനസ് ടൂർ, ഒഴിവാക്കാൻ പറ്റില്ല, ആ പിന്നെ ഇന്ന് കല്യാണി കുറച്ച് ലേറ്റ് ആകും, ബ്രേക്ക്‌ഫാസ്റ്റ് മോളൂന് ഇഷ്ടമുള്ളത് ഓർഡർ ചെയ്തോ ട്ടോ..
പപ്പ അടുത്തേക്ക് വന്ന് തലയിൽ ഒന്ന് തലോടി.
കിരണിന്റെ കാര്യം മോളിനി ഓർക്കേണ്ട ട്ടോ, മമ്മിക്കും പപ്പക്കും ഒരു തെറ്റു പറ്റി, ഉയർന്ന ജോലിയൊക്കെ ഉള്ള ചെറുപ്പകാരന്റെ മനസ്സിൽ ഇത്രയും ഇടുങ്ങിയ ചിന്താഗതി ആവും കരുതീല, അവൻ മോളെയും കൊണ്ട് ടൗണിൽ സെറ്റിൽ ആവും കരുതി, ബട്ട് അവൻ ഇങ്ങനെ ഫാമിലി സെന്റിമെൻസ് പറഞ്ഞ് മോളെ ആ വീട്ടിൽ തളച്ചിടും എന്ന് ചിന്തിച്ചതെ ഇല്ല.
ഇനി മോൾ ടെൻഷൻ ആവണ്ട, now u are free,
പപ്പയും മമ്മിയും one week കഴിഞ്ഞേ വരൂ. അപ്പോഴേക്കും മോൾ ഫ്രണ്ട്‌സ്ന്റെ ഒക്കെ കൂടെ ഒന്ന് ചുറ്റി അടിച്ചോ..
ആ പിന്നെ മോളെ, ഓഫീസ് റൂമിൽ കുറച്ച് ഫയൽസ് ഉണ്ട്, നല്ല പയ്യൻമാരുടെ പ്രൊഫൈൽ ആണ്, ഈ മൂഡ് ഒക്കെ ok ആവുമ്പോൾ മോൾ അതൊന്ന് നോക്കി വക്കോണ്ടുട്ടോ😌
അപ്പോൾ ok മോളു, ഭായ്…
വീണ്ടും ആ വലിയ ഊണ് മേശയുടെ അരികിൽ ഒറ്റക്കായപ്പോൾ ഓർമ്മകൾ വിരുന്നെത്തി.
ഒരു മേശക്ക് ചുറ്റും കളി പറഞ്ഞും തല്ലു കൂടിയും ഭക്ഷണം കഴിക്കുന്ന അച്ഛനും അമ്മയും മൂന്ന് മക്കളും, ആ അച്ഛൻ കുഴച്ചുരുട്ടിയ ഉരുള ആദ്യം വാങ്ങിക്കാൻ തല്ലു കൂടുന്ന മക്കൾ, മൂന്ന് പേർക്കും വാരി കൊടുത്ത്, ഒരു ഉരുളയോടൊപ്പം ആ കൈ എനിക്ക് നേരെ നീണ്ടപ്പോൾ അവജ്ഞയോടെ മുഖം തിരിച്ചിരുന്നു.
ഇപ്പോൾ ആ ഉരുളക്കായി മാത്രം കൊതി തോന്നുന്നു.
ദിവസങ്ങൾ കൊഴിഞ്ഞു പോയി……..
ഒരു ഞായറാഴ്ച ദിവസം,
മോളെങ്ങോട്ടാ ഇത്ര രാവിലെ, വല്ല ട്രിപ്പും ഉണ്ടോ??
ആ മമ്മി ഒരു യാത്ര ഉണ്ട്, ആ ഡിവോഴ്സ് പേപ്പേഴ്സും പിന്നെ പയ്യൻ മാരുടെ ഡീറ്റൈൽസും എന്റെ റൂമിൽ ഉണ്ട്, അത് രണ്ടും എനിക്കിനി ആവശ്യമില്ല. ഇങ്ങോട്ട് വരുന്ന വരെ ഞാൻ കരുതിയത് എനിക്ക് വേണ്ടത് ഡിവോഴ്സ് ആണെന്ന് ആയിരുന്നു. ബട്ട് ഇപ്പോൾ എനിക്ക് മനസിലായി എനിക്ക് വേണ്ടത് എന്താണെന്ന്, അപ്പോൾ പോട്ടെ മമ്മി പപ്പാ..
പിന്നെ പപ്പയോടും മമ്മിയോടും ഒരു പാട് നന്ദി ഉണ്ട്, അരുണിനെ എനിക്ക് തന്നതിന്..
ഭായ്…..
കാറിൽ അരുണിന്റെ വീട്ടിലേക്ക് പോകുമ്പോൾ മനസ്സിൽ ചില കണക്കെടുപ്പുകൾ നടത്തുകയായിരുന്നു. പറഞ്ഞു പോയതിന്റെയും ചെയ്തു കൂട്ടിയതിന്റെയും.
ഇനിയും എനിക്ക് പറ്റില്ല അരുൺ നിന്റെ വീട്ടിൽ. ഒട്ടും മാനേഴ്സ് ഇല്ലാത്തവരാണ് നിന്റെ ഫാമിലി, ഇനിയും എനിക്കിവരെ സഹിക്കാൻ പറ്റില്ല.
നിമ, ഇതാണ് കുടുംബം..
ഓഹോ നിനക്ക് മാത്രേ കുടുംബമുള്ളു, ഒന്ന് അനങ്ങാൻ സമ്മതിക്കോ നിന്റ്മ്മ, മോളെ തല നേരെ തുവർത്തു, അങ്ങനെ അല്ല ഇങ്ങനെ, ഓരോ കാര്യവും പറഞ്ഞ് പിറകെ നടക്കുന്നു. പിന്നെ നിന്റെ അനിയത്തിമാർ മനുഷ്യന് ഒരു സമാധാനോം തരില്ല, എപ്പോഴും കല പില കൂട്ടികൊണ്ട്, അവറ്റകൾ നിന്റെ അനിയത്തിമാർ ആണെന്ന് പറയാൻ തന്നെ എനിക്ക് നാണക്കേടാണ്, 28വയസുള്ള നിനക്ക് 5വയസുള്ള അനിയത്തിമാർ, എന്തൊരു നാണക്കേടാണ്, വയസ്സാൻ കാലത്ത് വേറെ പണി ഇല്ലാത്തോണ്ടല്ലേ…
നിർത്തടി ഇനി ഒരക്ഷരം നീയെന്റെ വീട്ടുകാരെ കുറിച്ച് മിണ്ടരുത്. നീയീ പറഞ്ഞതിന് നിന്റെ മുഖത്തൊന്നു തരാൻ അറിയാഞ്ഞിട്ടല്ല, സ്ത്രീകളെ ഉപദ്രവിക്കരുതെന്ന് ന്റെ അമ്മ എന്നെ പഠിപ്പിച്ചതുകൊണ്ടാ.
എനിക്ക് മറ്റെന്തിനെക്കാളും എന്റെ കുടുംബം തന്നെയാണ് വലുത്, നിന്റെ കഴുത്തിൽ ഈ താലി കെട്ടിയ നിമിഷം മുതൽ നീയും എന്റെതാർന്നു. വളർന്നു വന്ന സാഹചര്യം കൊണ്ടാവും അഡ്ജസ്റ്റ് ആവാൻ സമയമെടുക്കും എന്നൊക്കെ അമ്മ പറഞ്ഞപ്പോൾ ഞാനും വിശ്വസിച്ചു. നിനക്കൊരിക്കലും എന്നെയോ എന്റെ കുടുംബത്തെയോ മനസിലാവില്ല.
ഞാൻ ഇത്രേം വർഷത്തിനിടക്ക് എന്റെ അമ്മയുടെ കണ്ണ് നിറഞ്ഞ് കണ്ടത് കുട്ടന്മാരെ ഞങ്ങൾക്ക് തരാൻ വേണ്ടി വേദന വന്നപ്പോഴാ,
പക്ഷെ എനിക്കറിയാം ഇപ്പോൾ ഈ മുറിക്കു പുറത്ത് ന്റെ അമ്മ കരയാവും, നീന്റെ ഓരോ വാക്കും ന്റെ അമ്മയെ വല്ലാതെ നോവിക്കുന്നുണ്ട്, എന്നിട്ടും സഹിച്ചത് നിന്നെ എനിക്ക് ഒരുപാട്….. വേണ്ട.
നീലിമ ചന്ദ്രശേഖറിന് പോകാം, അരുണിനും നിന്നെ ഇനി വേണ്ട.
അന്ന് ഇറങ്ങി പോന്നതാണ്, ഞാൻ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത സ്നേഹത്തിന്റെ പുതിയ ഭാവങ്ങൾ പെട്ടെന്ന് അംഗീകരിക്കാൻ കഴിയാതെ, അഹങ്കാരത്തിന്റെ മേമ്പൊടിയോടെ പറഞ്ഞു പോയ വാക്കുകൾക്ക് അവരെനിക്ക് മാപ്പ് നൽകുമോ? അറിയില്ല സൺഡേ ആയതുകൊണ്ട് എല്ലാരും വീട്ടിൽ കാണും, മാപ്പ് തന്നാലും ഇല്ലേലും എല്ലാരോടും ക്ഷമ ചോദിക്കണം ആ കുറുമ്പികളോടുൾപ്പെടെ.
അവർ തരുന്ന എന്ത് ശിക്ഷയും സ്വീകരിക്കാൻ ഞാനിപ്പോൾ തയ്യാറാണ്.
വീട്ടിലെത്തി…
കുറുമ്പികളുടെ ബഹളം പ്രതീക്ഷിച്ചെങ്കിലും നിശബ്ദമായിരുന്നു, എന്തു വേണമെന്ന് ഒരു നിമിഷം ആലോചിച്ചു നിന്നു ഒടുവിൽ ധൈര്യം സംഭരിച്ച് അകത്തേക്ക് കയറി, ആരെയും കണ്ടില്ല, പതിയെ അടുക്കളയിലേക്ക് നടന്നു, അമ്മ എന്തോ പാചകത്തിലാണ്,
ജോലിചെയ്യുമ്പോൾ എപ്പോഴും അമ്മയുടെ ചുണ്ടിൽ ഒരു മൂളിപ്പാട്ടും പുഞ്ചിരിയും ഉണ്ടാകും, പക്ഷെ ഇന്നാ മുഖത്തു വിഷാദമാണ്, അതിന്റെ കാരണവും ഞാനാണെന്നോർക്കേ മിഴികൾ നിറഞ്ഞു, ഓടി പോയി അമ്മയെ പിറകിലൂടെ കെട്ടിപിടിച്ചു ആ തോളിൽ മുഖം ചേർത്ത് പൊട്ടി കരഞ്ഞു.
അമ്മയും തിരിഞ്ഞെന്നെ ആ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു. അമ്മയും കരയാർന്നു.
സോറി അമ്മേ…
വിതുമ്പലുകൾക്കിടയിൽ നിന്ന് അത്ര മാത്രം…
മോള് അമ്മയോട് ഒന്നും പറയണ്ട, അമ്മേടെ കുട്ടി വന്നല്ലോ, അമ്മക്കറിയാർന്നു മോള് വരുമെന്ന്,
മോള് പോയി ഡ്രെസ്സൊക്കെ മാറ്റി വാ അമ്മ കഴിക്കാനെടുക്കാം..
അവൾ അവരെ മിഴി ചിമ്മാതെ നോക്കി, ഇത്രയും വേദനിപ്പിച്ചിട്ടും ഒട്ടും ദേഷ്യമില്ലാതെ അവർ തന്നെ ചേർത്ത് പിടിച്ചിരിക്കുന്നു…. കാരണം, അവർ അമ്മയാണ്..
അമ്മെ അരുണും അച്ഛനും പിള്ളേരും അവർക്കൊക്കെ എന്നോട് ക്ഷമിക്കാൻ പറ്റോ?
അവർക്കാർക്കും മോളോടൊരു ദേഷ്യവും ഇല്ല, ഇനിയും മോള് വന്നില്ലെങ്കിൽ തട്ടി കൊണ്ട് വരാനുള്ള പ്ലാനിടാർന്നു ഇന്നലെ അച്ഛനും ആ കുറുമ്പികളും. അവരിന്ന് ഒന്ന് അമ്പലത്തിൽ പോയതാ.
മോളോട് അപ്പോഴത്തെ ദേഷ്യത്തിന് എന്തൊക്കെയോ പറഞ്ഞൂന്നേ ഉള്ളു, മോള് പോയെ പിന്നെ അരുൺ മര്യാദക്കൊന്നു ഉണ്ടിട്ടും ഉറങ്ങീട്ടും ഇല്ല, ദാ ഇന്ന് നേരം ഇത്രേം ആയിട്ടും എണീറ്റ് വന്നിട്ടും ഇല്ല, മോള് പോയി അവനേം വിളിച്ചോണ്ട് വാ.
അവളുടെ മിഴികൾ വീണ്ടും നിറഞ്ഞു, ആ കണ്ണീരോടെ തന്നെ റൂമിലേക്ക് നടന്നു, മുറിയുടെ വാതുക്കൽ ചെന്നപ്പോൾ തന്നെ നെഞ്ചിടിപ്പേറി, എന്തു തന്നെ പറഞ്ഞാലും അതൊക്കെ താൻ അർഹിക്കുന്നു എന്ന തിരിച്ചറിവിൽ ഉള്ളിലേക്ക് കടന്നു. കതകടച്ചു.
കട്ടിലിൽ ശാന്തമായി ഉറങ്ങുന്നവനെ നോക്കി, ഉള്ളിൽ ഭയത്തിനും അപ്പുറം വിരഹവും പ്രണയവും തുടിച്ചു, ഒരു വേള കഴിഞ്ഞതെല്ലാം വിസ്മരിച് അവളുടെ കാലുകൾ അവനരികിലേക്കു ചലിച്ചു, അറിയാതെ തന്നെ ആ നെറ്റിയിൽ പതിയെ തലോടി,
അടുത്ത നിമിഷം കയ്യിൽ പിടി വീണു അപ്പോഴാണ് താൻ എന്താണ് ചെയ്തത് എന്നോർത്തത്,
അവളൊന്ന് കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് അവളെ കട്ടിലിലേക്ക് വലിച്ചിട്ടു, അവൻ അവൾക്കു മുകളിലായി കൈകൾ കുത്തി നിന്നു.
അവനെ നോക്കാൻ കഴിയാതെ, കുറ്റബോധം കൊണ്ട് താഴ്ന്നു പോയ മുഖം അവൻ ചൂണ്ടുവിരലാൽ ഉയർത്തി,
നിറഞ്ഞ മിഴിയോടെ അവനെ നോക്കവേ. അവൾ കണ്ടു അവന്റെ മിഴികളിൽ ആർത്തിരമ്പുന്ന വിരഹത്തിന്റെയും പ്രണയത്തിന്റെയും തിര.
പ്രതീക്ഷിച്ച വെറുപ്പോ ദേഷ്യമോ ആ മുഖത്തില്ല, അത് അവളെ അത്ഭുത പെടുത്തി.
അരുൺ.. എന്നോട് ക്ഷ……
ഒരു ഏറ്റുപറച്ചിലിന് പോലും അവസരം കൊടുക്കാതെ അവനാ അധരങ്ങളെ സ്വന്തമാക്കി.
ആത്മാവിലേക്കിറങ്ങിയ ചുംബനം…
ഇത്രനാളത്തെ വിരഹവും പ്രണയവും ഒരു പോലെ ആ ചുംബനത്തിൽ ലയിച്ചു. അത്രമേൽ പ്രേമത്തോടെ, അത്രമേൽ തീവ്രമായ ചുംബനം.
ആയിരം വാക്കുകൾക്ക് സാധിക്കാത്തത് ചിലപ്പോൾ ഒരു ചുംബനത്തിന് സാധിചേക്കാം.
പിണക്കവും, പരിഭവവും, ദേഷ്യവും, കുറ്റബോധവും എല്ലാം അവിടെ അവസാനിച്ചു, അവന്റെ നെഞ്ചോട് ഒട്ടികിടക്കുന്ന ആ പെണ്ണിന്റെയും അവന്റെയും ഹൃദയത്തിൽ ഇപ്പോൾ പ്രണയം മാത്രം…….
എന്താണ് ഒരൊറ്റ ഉമ്മയിൽ തളർന്ന് പോയോ നീലിമ ചന്ദ്രശേഖർ അപ്പോൾ…….
അവനെ മുഴുവനാക്കാൻ അനുവദിക്കാതെ അവൾ വിരലുകൾ കൊണ്ട് അവന്റെ അധരങ്ങളെ തടഞ്ഞു.
നീലിമ അല്ല അരുൺ. നിന്റെ മാത്രം നിമ, എനിക്ക് കൊതിയായി കേൾക്കാൻ, ഒന്ന് വിളിക്കു അരുൺ അങ്ങനെ..
ആണോ മ്മ്മ്മ്… ഞാൻ വിളിക്കാം ബട്ട് ഒരു കണ്ടീഷൻ.. മോൾ എന്നെ ചേട്ടാ എന്നൊന്ന് വിളിച്ചേ, എന്തായാലും നിന്നെക്കാൾ അഞ്ചാറു വയസ്സിനു മൂത്തതല്ലേ, വിളി ഞാനൊന്ന് കേൾക്കട്ടെ….
അവന്റെ മിഴികളിലേക്കു തന്നെ നോക്കികൊണ്ട് അവൾ വിളിച്ചു…
ചേ…..
ഏട്ടത്തീ……..
അവളെ മുഴുവനാക്കാൻ അനുവദിക്കാതെ പുറത്ത് കുരുന്നുകളുടെ ബഹളം കേട്ടു.
അവനിൽ നിന്നും പിടഞ്ഞു മാറി അവൾ ഓടി പോയി കതകു തുറന്നു.
രണ്ടും കൂടെ അവളെ ചുറ്റിപിടിച്ചു മുട്ടുകുത്തിയിരുന്നു അവൾ അവരെ ചുംബനം കൊണ്ട് മൂടി, ഇത്രനാൾ കൊടുക്കാൻ മടിച്ച സ്നേഹം മുഴുവൻ പകർന്നു കൊടുത്തു,
അവരെയും കൊണ്ട് താഴേക്ക് ചെന്നു, പിറകെ തന്നെ അരുണും ഉണ്ടായിരുന്നു, അവന്റെ മുഖത്തു കൊതിച്ചതെന്തോ നഷ്ടമായതിന്റെ പരിഭവമായിരുന്നു.
സോഫയിൽ ഇരിക്കുന്ന അച്ഛന്റെ കാൽക്കൽ ചെന്നിരുന്നു, ആ മടിയിലേക്കു തല ചായ്ച്ചു പതിയെ പറഞ്ഞു, സോറി അച്ഛാ….
മോളോട് ഞങ്ങൾക്കാർക്കും ഒരു ദേഷ്യവും ഇല്ല ട്ടോ, ഞങ്ങളതൊക്കെ എപ്പോഴേ ക്ഷമിച്ചു, മോളുടെ അറിവില്ലായ്മ കൊണ്ടല്ലേ പോട്ടെ, ഇനി ഇങ്ങനെ ഒന്നും എടുത്ത് ചാടി പോവരുത് ട്ടോ..
അവളുടെ തലയിൽ പതിയെ തലോടി കൊണ്ട് പറഞ്ഞു.
അയ്യടാ ആര് പറഞ്ഞു ക്ഷമിച്ചൂന്ന്, അവളെ എന്റെ ഭാര്യയാ, ഞാനാ ശരിക്കും ക്ഷമ കൊടുക്കേണ്ടത്, ഞാനൊന്നും ക്ഷമിച്ചിട്ടില്ല നിങ്ങൾടെ പുന്നാര മരുമോളോട്
എല്ലാരും അരുണിന്റെ വാക്കുകളെ ഞെട്ടലോടെയാണ് കേട്ടത്.
ആദ്യം അച്ഛന്റെ മോൻ ആ മുഖത്തു പടർന്ന സിന്ദൂരം കഴുകീട്ടു വാ, ബാക്കി വന്നിട്ട് ക്ഷമിക്കാം.
അച്ഛന്റെ ആ ഒറ്റ ഡയലോഗിൽ ഇനി എങ്ങോട്ട് ഓടുമെന്നറിയാതെ അവൻ അമ്മേടെ മുന്താണിയിൽ മുഖം ഒളിപ്പിച്ചു.
വീണ്ടും ആ വീട്ടിൽ പൊട്ടിച്ചിരികൾ ഉയർന്നു…ഇപ്രാവശ്യം കൂടുതൽ ഉച്ചത്തിൽ ചിരിച്ചത് അവളായിരുന്നു…

by