23/04/2026

മൗനം : ഭാഗം 03

രചന – റോസാ തോമസ്

എല്ലാം കഴിഞ്ഞിട്ട് ഒരാഴ്ചയായി. ആരുടെയും തീരുമാനത്തിൽ ഒരു മാറ്റവുമില്ല. പക്ഷേ ഞാൻ തീരുമാനിച്ചു.. എന്തായാലും ഇത്രയുമൊക്കെ പറയാനുള്ള ധൈര്യം കിട്ടി. ഇനി ഒരു തിരിച്ചു പോക്കില്ല.പിന്നീടങ്ങോട്ട് ചോദ്യംചെയ്യലും ഉപദേശങ്ങളും ഭീഷണികളും ഒക്കെ ആയിരുന്നു. മമ്മി കണ്ണുനീരോടെ എന്റെ കാലു പിടിച്ചു ചോദിച്ചു പപ്പ പറയുന്നത് ഒന്ന് കേൾക്കാൻ. എനിക്ക് ദേഷ്യവും സങ്കടവും സഹിക്കാൻ കഴിഞ്ഞില്ല. മമ്മി എന്തെ എന്നെ മനസ്സിലാക്കാത്തത്.. ഞാൻ അനുഭവിച്ച ഒക്കെ ആരോടെങ്കിലും ഒന്ന് പറയാൻ പറ്റിയെങ്കിൽ.. അത് കേൾക്കാനുള്ള മനസ്സ് ആരെങ്കിലും കാണിച്ചിരുന്നെങ്കിൽ..മമ്മി… പറഞ്ഞിട്ട് ഒന്നും കേൾക്കുന്നില്ല… പപ്പ പിന്നീട് എന്റെ റൂമിലേക്ക് വന്നിട്ടില്ല.. ജിത്തു വിന്റെ വീട്ടുകാരൊക്കെ വന്നു എന്നോട് സംസാരിക്കാൻ ശ്രമിച്ചു.. ഞാൻ ആരെയും കാണാൻ പോലും കൂട്ടാക്കിയില്ല.. അവർ എന്തൊക്കെയോ പപ്പയോട് പറഞ്ഞിട്ട് പോയി.. എന്താണെന്ന് പോലും എനിക്കറിയേണ്ട..നിയ എന്റെ അടുത്ത് വന്നു.. എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് ചോദിച്ചു.. എന്താ എന്റെ ചേച്ചി കുട്ടിക്ക് പറ്റിയതെന്ന്.. ഞാൻ എല്ലാം അവളോട് തുറന്നു പറഞ്ഞു.. പത്തിൽ പഠിക്കുന്ന കുട്ടിയാണ്.. അവർക്ക് മനസ്സിലാവുമോ എന്തോ… എനിക്കിപ്പോൾ തുറന്നുപറയാൻ അവൾ മാത്രമേ ഉള്ളൂ.. പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് അവൾ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.. എന്താ ഇതൊന്നും അവരോട് പറയാഞ്ഞത് എന്ന് പരിഭവിച്ചു.. എന്നെ ആശ്വസിപ്പിച്ചു.. കൂടെ നിൽക്കും എന്ന് ഉറപ്പു തന്നു.

ഞാൻ പിന്നെ കോളേജിൽ പോകാൻ കൂട്ടാക്കിയില്ല.. എന്റെ മനസ്സ് മടുത്തു പോയിരുന്നു.. പഠനത്തിൽ ശ്രദ്ധിക്കാനോ എന്തെങ്കിലും ചെയ്യാനോ ഒന്നും തോന്നുന്നില്ല.. ഞാൻ എന്റെ മുറിയിൽ തന്നെ അഭയം പ്രാപിച്ചു. കരഞ്ഞുകരഞ്ഞ് കണ്ണുകൾ ചുമന്ന് വീർത്തു തുടങ്ങി.. വിശപ്പു സഹിക്കാൻ പറ്റാത്ത പോൾ മാത്രം കിച്ചണിൽ പോയി എന്തെങ്കിലും കഴിക്കും. ഭക്ഷണം തൊണ്ടയിൽ നിന്ന് ഇറക്കാൻ പോലും പറ്റുന്നില്ല.. വല്ലാത്ത ഒരു അവസ്ഥ.

ഫോൺ അടിച്ചു കൊണ്ടിരുന്നു.. ഞാൻ ഫോൺ സൈലന്റ് ആക്കി.. ആരു വിളിച്ചാലും എടുക്കില്ല.. ലാൻഡ് ഫോണിലേക്ക് കോളുകൾ വരുന്നുണ്ട്.. ആരെങ്കിലും ആയിക്കോട്ടെ.. ഞാൻ ശ്രദ്ധിച്ചില്ല.

അവസാനം ജിത്തു വന്നു. ഞാൻ ബാത്ത്റൂമിൽ കയറിയതായിരുന്നു ആ സമയം.. ഇറങ്ങിയപ്പോൾ തൊട്ടുമുന്നിൽ ജിത്തു.. പെട്ടെന്ന് ആയതുകൊണ്ട് ഭയന്നു പോയി. അവന്റെ ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകിയ മുഖം കണ്ടു, സംഭരിച്ചു വച്ച ധൈര്യം മുഴുവൻ ചോർന്ന് പോകുന്നത് ഞാനറിഞ്ഞു. അവൻ എന്നെ ഒന്നു നോക്കി. മുഖത്തെ ഭാവം മാറുന്നത് ഞാൻ കണ്ടു.

എന്താടി എന്റെ ഫോൺ കോൾ എടുക്കാത്തത്? എന്നുപറഞ്ഞുകൊണ്ട് എന്റെ അടുത്തേക്ക് ഓടി വന്നു മുടിയിൽ പിടുത്തം ഇട്ടതും എനിക്ക് പേടിച്ചിട്ട് സൗണ്ട് ഒന്നും പുറത്തു വന്നില്ല… പെട്ടെന്നായിരുന്നു ഡോർ തുറന്ന് മമ്മി കേറി വന്നത്.. ഞാൻ മമ്മിയുടെ അടുത്തേക്ക് ഓടിപ്പോയി കെട്ടിപ്പിടിച്ചു. നിയ പരീക്ഷയെഴുതാൻ പോയതായിരുന്നു.
” ജിത്തു മോൻ വന്നോ ” എന്ന് മമ്മി ചോദിച്ചതും മേശയിൽ ഇരുന്ന എന്റെ ഫോണെടുത്ത് അവൻ ഭിത്തിയിൽ ഇട്ട് അടിച്ചു പൊട്ടിക്കാൻ തുടങ്ങി. റൂമിലെ എല്ലാ സാധനവും വലിച്ച് എറിഞ്ഞു. എന്തൊക്കെയോ എടുത്ത് എറിഞ്ഞ് അലമാരയുടെ ചില്ല് പൊട്ടി.. അപ്പോഴേക്കും മമ്മിയുടെ കരച്ചിൽ കേൾക്കാൻ തുടങ്ങി.. എനിക്ക് സൗണ്ട് പോലും പുറത്തുവന്നില്ല. അവൻ പെട്ടെന്ന് ഞങ്ങളുടെ അടുത്തേക്ക് തിരിഞ്ഞു.. മമ്മി പെട്ടെന്ന് എന്നെയും കൊണ്ട് എങ്ങനെയൊക്കെയോ താഴേക്കിറങ്ങാൻ ശ്രമിച്ചു .. ജിത്തു കട്ടില് വലിക്കുന്നതോ എന്തൊക്കെയോ ശബ്ദം മുകളിൽ നിന്ന് കേൾക്കാം..
മമ്മി എന്നെ എങ്ങനെ ഒക്കെയോ താഴെ കൊണ്ടുവന്നു സോഫയിലിരുത്തി. എന്നിട്ട് ആരെയൊക്കെയോ ഫോണിൽ വിളിച്ചു. എനിക്ക് ദേഹം തളരാൻ തുടങ്ങി..

ആരൊക്കെയോ വരുന്നു..സംസാരിക്കുന്നു..ബഹളം കേൾക്കുന്നു.. കുറെ നേരം എന്തൊക്കെയോ ബഹളങ്ങൾ കേട്ടു.. പോലീസിനെ വിളിച്ചാലോ എന്നൊക്കെ പപ്പയുടെ സ്വരം കേൾക്കാം. പപ്പയുടെ അനിയന്മാർ ഒക്കെ വന്നു ന്നു എന്നു തോന്നുന്നു..
കുറച്ചുകഴിഞ്ഞ് മമ്മി എന്റെ അടുത്ത് വന്നു എന്നെ ആശ്വസിപ്പിച്ചു അതിൽ നിന്നും എനിക്ക് മനസ്സിലായി എല്ലാം എല്ലാവർക്കും മനസ്സിലായി എന്ന്.. പപ്പയുടെ അനിയന്മാർ ഒക്കെ പപ്പയോട് എന്തൊക്കെയോ പറഞ്ഞു എന്ന മമ്മി പറഞ്ഞു. അവസാനം ജിത്തുവിന് വീട്ടുകാർ വന്നു അവനെ എങ്ങനെയൊക്കെ വലിച്ച് കൊണ്ടു പോവാൻ തുടങ്ങി. അവനെ അവർ എങ്ങനെയൊക്കെയോ ഉന്തിത്തള്ളി താഴെ എത്തിച്ചപ്പോൾ ആണ് സോഫയിൽ ഞാൻ ഇരിക്കുന്നത് അവൻ കണ്ടത്. എന്നെ കണ്ടതും അവൻ അക്രമാസക്തമായി.. അത്രയും പേർ അവിടെ ഉണ്ടായിട്ടും ഭയത്തോടെ ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു പക്ഷേ ബാലൻസ് കിട്ടാതെ തലകറങ്ങി വീണു.

ബോധം വന്ന കണ്ണുതുറന്നപ്പോൾ മമ്മി എന്റെ അടുത്ത് കരഞ്ഞുകൊണ്ട് ഇരിപ്പുണ്ട്. പപ്പയുടെയും മുഖത്ത് നല്ല വിഷമം ഉണ്ട് എന്ന് എനിക്ക് മനസ്സിലായി. പപ്പയുടെ അനിയന്മാർ ഒക്കെ എന്നെ ആശ്വസിപ്പിച്ച് ഒരു കുഴപ്പവും ഇനി ഉണ്ടാവില്ല എന്ന് പറഞ്ഞു യാത്ര പറഞ്ഞു പോയി.

അങ്ങനെ ആ ആലോചന അവിടെവച്ച് അവസാനിപ്പിച്ചു.. എന്നെ എല്ലാവർക്കും മനസ്സിലായല്ലോ അതാണ് എന്റെ ആശ്വാസം.. നിയ എന്റെ അടുത്തു നിന്ന് വിട്ടുമാറാതെ നിൽപ്പുണ്ട്.

അവന്റെ ശല്യം പിന്നീടും ഉണ്ടായി. പുതിയ ഫോൺ വാങ്ങി സിം ഇട്ടു പപ്പാ മമ്മി യുടെ കയ്യിൽ കൊടുത്തു വിട്ടു. ഞാൻ അത് വാങ്ങിയില്ല. ഏതു നമ്പർ മാറിയാലും അവൻ കണ്ടുപിടിക്കും.. ഇനി എനിക്ക് ഫോൺ വേണ്ട എനിക്ക് പേടിയാ എന്ന് ഇടറി കൊണ്ട് ഞാൻ പറഞ്ഞപ്പോൾ മമ്മി കണ്ണു തുടച്ചു കൊണ്ട് പുറത്തേക്ക് പോയി

” മോളെ നീ കോളേജിൽ പോയിട്ട് എത്ര ദിവസമായി “? മമ്മി വന്നു ചോദിച്ചു.

” എനിക്ക് പറ്റുന്നില്ല മമ്മി.. എനിക്ക് ആരെയും ഫെയ്സ് ചെയ്യാൻ പറ്റില്ല. മാര്യേജ് ഇന്റെ കാര്യം ഫ്രണ്ട്സിനെ ഒക്കെ അറിയാം. അതു മാറ്റിവച്ചു എന്ന് പറഞ്ഞാൽ എനിക്ക് നാണക്കേടാണ്.. എല്ലാവർക്കും പറഞ്ഞു നടക്കാൻ ഒരു വിഷയമാകും..

ഇഷ്ടമില്ലാഞ്ഞിട്ടല്ല മമ്മി.. സഹിക്കാൻ പറ്റില്ലാന്ന് ഇട്ടാണ് ഇതിൽ നിന്ന് പിന്മാറിയത് …. ഫോൺ വിളിച്ച് എത്രയോതവണ സംസാരിച്ചതാണ്… ഇതാണ് എന്റെ ആള് എന്ന് മനസ്സിൽ പതിപ്പിച്ചതാണ് .. മമ്മിക്ക് അറിയോ എത്ര പേർ എന്റെ പുറകെ പ്രൊപ്പോസൽ ആയിട്ട് വന്നിട്ടുണ്ടെന്ന്. അപ്പോഴൊക്കെ നമ്മുടെ കുടുംബത്തെ ഓർത്ത്,ഒരു ചെറിയ പേരുദോഷം പോലും കേൾപ്പിക്കരുതെന്ന് ആശിച്ച ആണ് വീട്ടുകാർ കണ്ടുപിടിച്ച് തരുന്ന ആളാണ് എന്റെ പാതി എന്ന് മനസ്സിൽ ഉറപ്പിച്ചത്. ഒരു ഫോൺ വിളി കൊണ്ടുപോലും കളങ്കം വരരുത് എന്ന് ആശിച്ചിരുന്ന എന്നോട് എന്തൊക്കെ വൃത്തികേടുകൾ അയാൾ പറഞ്ഞിട്ടുണ്ട് എന്ന് മമ്മിക്ക് അറിയുമോ?.. പോരാഞ്ഞിട്ട് സംശയവും.. എവിടെപ്പോയാലും സംശയം.. പഠിച്ച് ഒരു ജോലി വാങ്ങണമെന്ന് എന്റെ ആഗ്രഹം ആയിരുന്നു.. പെണ്ണു കാണാൻ വന്നപ്പോൾ സമ്മതിച്ചതുമാണ്.. പിന്നീട് പറയുന്നത് ഇനി എന്തിനാണ് ജോലിക്ക് പോകുന്നത് എന്റെ ശമ്പളം കൊണ്ട് ജീവിച്ചാൽ മതിയല്ലോ എന്ന്.. പുറത്തൊന്നും ഇറങ്ങി നടക്കണ്ട എന്നു പറയുന്ന ആളെ വിവാഹം കഴിച്ചാൽ ഞാൻ എങ്ങനെ ജീവിക്കും . ആരോടും പ്രണയം ഉണ്ടായിട്ടില്ല എന്ന് പറഞ്ഞപ്പോൾ ആരെങ്കിലും പുറകെ നടന്നിട്ട് പ്രൊപ്പോസ് ചെയ്തിട്ടുണ്ടോ എന്നായി ചോദ്യം.. ഉണ്ടെന്നു പറഞ്ഞപ്പോൾ അവരുടെ പേരു വിവരങ്ങളും ഒക്കെ അറിയണം.. അത് ഞാൻ എങ്ങനെ അറിയാനാണ്… എന്തു മറുപടി പറയാനാണ് ഇതിനൊക്കെ.. ഇനി കോളേജിൽ പോയാൽ അയാളവിടെ വരും.. പ്രശ്നമുണ്ടാക്കും.. നാണം കെടുത്തും.. അതുകൊണ്ട് എനിക്ക് കോളേജിൽ പോകാൻ പേടിയാണ്.. എന്റെ വിഷമങ്ങൾ ഞാൻ മമ്മിയോട് പറഞ്ഞു.. മമ്മിക്ക് സങ്കടം വന്നു..മമ്മി എന്നെ ആശ്വസിപ്പിച്ചു. കുറച്ചു ദിവസത്തേക്ക് ആണെങ്കിലും എന്നെ തെറ്റിദ്ധരിച്ചതിൽ മമ്മിക്ക് കുറ്റബോധമുണ്ട്.. എന്റെ മമ്മി അല്ലേ അതൊന്നും സാരമില്ല എന്ന് ഞാൻ പറഞ്ഞു..

മമ്മിയോട് എല്ലാം തുറന്നു പറഞ്ഞപ്പോൾ വല്ലാത്ത ആശ്വാസമായിരുന്നു.. മമ്മി എല്ലാം പപ്പയോട് പറഞ്ഞു എന്നു തോന്നുന്നു.. കോളേജിൽ പോകാതെ വീട്ടിൽ ഇരുന്നു പഠിക്കുന്ന കാര്യം പപ്പയെ കൊണ്ട് മമ്മി സമ്മതിപ്പിച്ചു. നീയ യുടെ ഐഡിയ ആയിരുന്നു അത്. അങ്ങനെ പരീക്ഷ വരെ ഞാൻ വീട്ടിൽ ഇരുന്നു പഠിച്ചു. ആരോഗ്യ പ്രശ്നങ്ങൾ മൂലം വീട്ടിൽ ഇരിക്കുന്നു എന്ന് പറഞ്ഞു പ്രിൻസിപ്പാളിനെ അനുവാദം വാങ്ങിച്ചു.. നോട്സ് ഒക്കെ ഫ്രണ്ട്സ് തന്ന് സഹായിച്ചു.. അതിനുവേണ്ടി മമ്മി തന്ന ഫോൺ തിരിച്ചു വാങ്ങിച്ചു.. പുതിയ സിം ഇട്ട് ഉപയോഗിച്ചു.. അറിയാവുന്ന ആരെങ്കിലും വിളിച്ചാൽ മാത്രമേ എടുക്കൂ. അതിനിടെ നിയ കുട്ടിയുടെ പത്തിലെ പരീക്ഷ കഴിഞ്ഞു.

അങ്ങനെ ആറു മാസത്തിനു ശേഷം ഞാൻ പുറത്തിറങ്ങി. പരീക്ഷയാണ്… കോളേജിൽ പോയി എഴുതണം.. വേറെ വഴിയില്ല… മമ്മിയുടെ പ്രാർത്ഥന ആയിരിക്കും എവിടുന്നോ എനിക്ക് ധൈര്യം കിട്ടിയത് പോലെ.. കൂടെ ആരും വരണ്ട എന്ന് ഞാൻ പറഞ്ഞു.. എന്നാലും പപ്പാ കാറിൽ ഡ്രോപ്പ് ചെയ്യും.. അങ്ങനെ പരീക്ഷ എഴുതാൻ തുടങ്ങി.. ആദ്യ ദിവസം കഴിഞ്ഞപ്പോൾ ആത്മവിശ്വാസം തോന്നി.. അങ്ങനെ പരീക്ഷ കുഴപ്പമില്ലാതെ നടന്നു അവസാന ദിവസം വരെ..

അവസാന ദിവസം പപ്പാ കാറിൽനിന്ന് ഡ്രോപ്പ് ചെയ്തു… ഞാൻ ഇറങ്ങി നടക്കാൻ തുടങ്ങി.. കുറച്ചു കഴിഞ്ഞപ്പോൾ ആരോ ഫോളോ ചെയ്യുന്നത് പോലെ തോന്നി.. ഞാൻ വേഗത്തിൽ നടന്നു.. മുന്നിൽ ആരോ വന്നു തട്ടി എന്ന് തോന്നിയപ്പോൾ മുഖമുയർത്തി നോക്കി.. ജിത്തു.. പേടിച്ചതുപോലെതന്നെ.. ഞാൻ തിരിഞ്ഞു ഓടി.. അവൻ പുറകെ ഉണ്ട് എന്നു തോന്നുന്നു. ഞാൻ രക്ഷിക്കണേ എന്നുപറഞ്ഞ് കരയാൻ തുടങ്ങി.. പെട്ടെന്ന് ഒരു കല്ലിൽ അടിച്ച് ഞാൻ വീണു.

എന്റെ നെറ്റി പൊട്ടി രക്തം വരുന്നുണ്ട്. നിലത്തു കിടന്ന മെറ്റൽ ഇടിച്ചത് കൊണ്ട് നല്ല വേദന. ഞാൻ നെറ്റിൽ ശക്തമായി അമർത്തിപ്പിടിച്ചു. ആരൊക്കെയോ ഓടിക്കൂടി. കുറെ പേരുണ്ട് എന്ന് കണ്ടപ്പോൾ എനിക്ക് ധൈര്യമായി. ആരൊക്കെയോ വന്ന് എന്റെ കൈ വിടുവിക്കാൻ നോക്കുന്നുണ്ട് മുറിവിൽനിന്ന്.. എന്റെ കൂടെ പഠിക്കുന്ന കൂട്ടുകാരുടെ ശബ്ദം കേട്ടപ്പോൾ ഞാൻ കൈവിട്ടു. അവർ മുറിവ് ഡ്രസ്സ് ചെയ്ത ബാൻഡേജ് വെച്ചു. ഞാൻ ചുറ്റും നോക്കി ജിത്തുവിനെ കണ്ടില്ല… എങ്ങനെയെങ്കിലും പരീക്ഷ എഴുതി തീർക്കണം.. മറ്റെല്ലാം മറന്നു കൊണ്ട് ഞാൻ പരീക്ഷ ഹാളിൽ കയറി പരീക്ഷയെഴുതി.

പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോൾ മുന്നിൽ പപ്പാ. ആ ഒരു നിമിഷം എന്റെ എല്ലാ വേദനകളും ഞാൻ മറന്നു.. ഓടിപ്പോയ പപ്പായെ കെട്ടിപിടിച്ചു. അപ്പൊ സ്നേഹം ഒക്കെ ഉണ്ട്.. അത്രയും മതി.. എനിക്ക് ഒരു ആവശ്യം വന്നപ്പോൾ എന്റെ കൂടെ നിന്നല്ലോ അതുമതി.പപ്പാ പോലീസിൽ കേസ് കൊടുത്തു.. എനിക്ക് ഭയക്കാതെ പുറത്തിറങ്ങി നടക്കണം അല്ലോ.. അവന്റെ ശല്യം ഇനി ഒഴിവാക്കണം… അവന്റെ പപ്പ വീട്ടിൽ വന്നു കേസ് പിൻവലിക്കാൻ പപ്പയുടെ കാലുപിടിച്ചു.കേസ് ഉണ്ടായാ അവന് തിരിച്ചു പോകാൻ പറ്റില്ലല്ലോ.. തിരിച്ചു പോകുന്നതാണ് നമുക്ക് നല്ലത്.. അതുകൊണ്ടാണ് പപ്പാ കേസ് പിൻവലിക്കാൻ തീരുമാനിച്ചത് എന്ന് മമ്മി പറഞ്ഞു അറിഞ്ഞു. അങ്ങനെ അവൻ തിരിച്ചു പോയി. അതെനിക്ക് ആശ്വാസമായിരുന്നു.

എങ്കിലും എനിക്ക് എന്തോ വീണ്ടും ഭയമുണ്ടായിരുന്നു.. അടങ്ങിയിരിക്കുമോ അതോ പ്രതികാരം ചെയ്യുമോ എന്നൊക്കെയുള്ള ഭയം. നിയയുടെപരീക്ഷ കഴിഞ്ഞ് അവൾ എന്റെ അടുത്ത് ഇരിക്കാൻ തുടങ്ങി. ഇതുവരെ അവൾക്ക് പരീക്ഷ തിരക്കായിരുന്നു.കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും പപ്പ വിവാഹാലോചന തുടങ്ങി. അത് എനിക്ക് സഹിക്കാൻ പറ്റിയില്ല.. മനസ്സ് ഇതുവരെ ശരിയായിട്ടില്ല. ഉടനെയൊന്നും ഇനി വിവാഹത്തെക്കുറിച്ച് ആലോചിക്കാൻ വയ്യ. അത്രയ്ക്ക് വേദന ഉണ്ട്.. പുറമേ സാധാരണ രീതിയിൽ പെരുമാറുന്നു എങ്കിലും മനസ്സ് വിങ്ങി പൊട്ടുകയാണ്..ഇപ്പോൾ വിവാഹം ആലോചിക്കരുത് എന്ന് മമ്മിയോട് കാലുപിടിച്ചു പറഞ്ഞു.. മമ്മി ഒന്നും പറഞ്ഞില്ല.. പപ്പയോട് പറഞ്ഞു നോക്കാം എന്ന് മാത്രം പറഞ്ഞു.. മമ്മിയുടെ കണ്ണുകൾ കലങ്ങി ആണ് ഇരിക്കുന്നത്.. മമ്മി ഒരുപക്ഷേ ഇത് നേരത്തെ പറഞ്ഞുകാണും.. പപ്പാ സമ്മതിക്കാത്തത് ആയിരിക്കും.

പിന്തിരിഞ്ഞ് നെടുവീർപ്പോടെ നടന്ന മമ്മിയെ ഞാൻ ഓടിപ്പോയി കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.. ഒക്കെ മമ്മി..എനിക്ക് കുഴപ്പമില്ല… മമ്മി ഇനി പപ്പയോട് ഒന്നും പറയാൻ പോകണ്ട. ആലോചിച്ചു തുടങ്ങിയിട്ടേയുള്ളൂ.. എല്ലാം ഒത്തു വരാൻ സമയമെടുക്കും. മമ്മിയെ ആശ്വസിപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു.” എടി ചേച്ചി ഒരു ഐഡിയ ഉണ്ട്.. വിവാഹത്തിന് സമ്മതമാണെന്ന് പറയുക.. വരുന്ന ആലോചനകൾ എല്ലാം ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞു നീട്ടി കൊണ്ടു പോവുക.. ചേച്ചിക്ക് ഓക്കേ ആകുന്നതുവരെ ഈ കലാപരിപാടി തുടരുക.. വെറും സിമ്പിൾ എങ്ങനെയുണ്ട് എന്റെ ഐഡിയ..”നീ സൂപ്പർ അല്ലേ ഡി” എന്നും പറഞ്ഞു അവൾക്ക് ഒരു ചെറിയ മുത്തം കൊടുത്തു.

” ഇതാണ് എന്റെ ചേച്ചി.. ഇങ്ങനെ വേണം.. അല്ലാതെ ചുമ്മാ കരഞ്ഞ് നിലവിളിച്ച്..
നമുക്ക് അടിച്ചു പൊളിക്കാം.. ചെക്കന്മാരെ വരട്ടെ..ചുമ്മാ കാണാലോ.. എന്നുപറഞ്ഞ് സൈറ്റ് അടിച്ചു കാണിച്ച അവളെ ഞാൻ ഓടിച്ചു.വാതിൽക്കൽ നിന്ന് മമ്മിയുടെ സ്വരം കേട്ടു.. “ഓ എല്ലാം ഒളിച്ചുനിന്ന് കേൾക്കുമായിരുന്നു അല്ലേ മിസ്സ് പോരാളി “നിന്നെ ഇന്ന് ഞാൻ.. ” അവൾ ഓടി..അവളുടെ പുറകെ മമ്മിയും .. അപ്പോൾ മമ്മയുടെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു.ആ പുഞ്ചിരി ഒരു ഇളം കാറ്റായി എന്റെ മുറിവുകളെ തൊട്ടു.. അതെ എന്റെ അമ്മയുടെ പുഞ്ചിരിതൂകുന്ന മുഖം.. അതിനുവേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും ഞാൻ തയ്യാറാണ്.. വീട്ടിലെ കെടാവിളക്ക് അണഞ്ഞു പോയാൽ വീടുമുഴുവൻ അന്ധകാരം ആകും.. ആ കെടാവിളക്ക് ആണ് എന്റെ മമ്മി.. അമ്മയുടെ മുഖത്തെ പ്രകാശം ആണ് ഞങ്ങളെയും പ്രകാശിപ്പിക്കുന്നത്.. നല്ല ജോലി ഉണ്ടായിരുന്നെങ്കിലും കുടുംബത്തിനു വേണ്ടി അതു മാറ്റിവെച്ച് ഞങ്ങളെ വളർത്തിയ ഞങ്ങളുടെമമ്മി.അങ്ങനെ വിവാഹാലോചനകൾ വീണ്ടും തുടങ്ങി. എം ബി എ യുടെ റിസൾട്ട് വരുന്നതേയുള്ളൂ.. കുറച്ചു പേർ വന്നു കണ്ടു ഒന്നുരണ്ടെണ്ണം പപ്പയ്ക്ക് ഇഷ്ടപ്പെട്ടു.. അങ്ങോട്ടുമിങ്ങോട്ടും വീടുകാണാൻ ഒക്കെ പോയി വരുന്ന കാര്യം അനിയന്മാരെ വിളിച്ചു ഫോണിൽ കൂടി പറയുന്നത് കേട്ടു. അങ്ങനെ ഇരിക്കുമ്പോഴാണ് ആ ആലോചന വന്നത്…..തുടരും…