19/04/2026

മൊഹബത്ത് : ഭാഗം 04

രചന – ഗ്രീഷ്മ വിപിൻ

“സഖാക്കളേ.., വർത്തമാന കാലത്ത് ക്യാംപസ് രാഷ്ട്രീയത്തിന്റെ പ്രസക്തി എന്ത് എന്ന് നമ്മുടെ നീതിപീഠങ്ങൾ പോലും ചോദ്യമുയർത്തുന്ന ഈ കാലത്ത് എന്താണ് രാഷ്ട്രീയത്തിന് കലാലയങ്ങൾക്കകത്തു കാര്യം എന്നതിനെ കുറിച്ച് നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് ഈ കാലത്തിൻറെ ആവശ്യമായി തീർന്നിരിക്കുകയാണ്, അറിവ് മാത്രം പ്രദാനം ചെയ്യുന്നു എന്നതുകൊണ്ട് മാത്രം ഒരു കലാലയങ്ങളും അതിന്റെ പൂർണ അർത്ഥത്തിൽ കലാലയങ്ങളാകുന്നില്ല എന്നതാണ് സത്യം, കാരണം വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ആവശ്യം എന്ത് എന്ന് ചോദിക്കുന്നവരോട് വിദ്യാർത്ഥികൾക്ക് രാഷ്ട്രീയ പ്രവർത്തനത്തിനുള്ള അവസരം നിഷേധിച്ചു പ്രവർത്തിക്കുന്ന കോളേജ്കളുടെ അവസ്ഥ എന്ത് എന്ന മറുചോദ്യം ചോദിക്കാനാണ് എനിക്കിഷ്ടം,

കാരണം അത്തരം കോളേജ്കളിൽ നിന്നും നമ്മളെപ്പഴും കേട്ടുകൊണ്ടിരിക്കുന്ന വാർത്തകൾ മാനേജുമെന്റ്കളുടെ മാനസിക പീഡനം മൂലം ആത്മഹത്യചെയ്ത അല്ലെങ്കിൽ ചെയ്യാൻ ശ്രമിച്ച വിദ്യാർത്ഥികളുടെതാണ് ഇടിമുറികളിൽ ആക്രമിക്കപ്പെട്ട വിദ്യാർത്ഥികളുടെതാണ്, വിവേചന പരമായ പക്ഷബാതപരമായ സമീപനത്തിന്റെതാണ്, മാത്രവുമല്ല ഇത്തരം കലാലയങ്ങളിൽ വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകളെ കണ്ടെത്തുന്നതിനോ അതിനെ പ്രോത്സാഹിപ്പിക്കുന്നതിനോ ഉള്ള ഒരു പ്രവർത്തനങ്ങളും നടത്തുന്നില്ല, ഇത്തരം പ്രവർത്തിയിലൂടെ മാനസിക പിരിമുറുക്കം നേരിടുന്ന കുട്ടികളെ പുസ്തകത്തിൽ ഉള്ള അക്ഷരങ്ങൾ അടിച്ചേൽപ്പിച്ചുകൊണ്ട് ഒരു പുസ്തകപുഴു മാത്രമാക്കി തീർക്കുന്ന പ്രക്രിയയാണ് ഇവിടങ്ങളിൽ അരങ്ങേറുന്നത്…… ” ഭദ്ര കോളേജിൽ എത്തിയപ്പോൾ മീറ്റിംഗ് തുടങ്ങിയിരുന്നു…. ഷാനുന്റെ പ്രസംഗമായിരുന്നു ഭദ്രയെ വരവേറ്റത്.. അവൾ ഷാനുവിന്റെ വാക്കുകൾ ശ്രവിച്ച് ചുമരിൽ ചാരി നിന്നു….

ഷാനു…… തന്റെ ഏറ്റവും അടുത്ത ബാല്യകാല സുഹൃത്ത്……. തന്റെ അച്ഛന്റെ പ്രിയസുഹൃത്തിന്റെ മകൻ…… അച്ഛന്റെ ആത്മാവായിരുന്നു…. ഷാനുന്റെ ഉപ്പ…. മരണം പോലും രണ്ട് സുഹൃത്തുക്കളെയും ഒരുമിച്ച് കൊണ്ട് പോയി……. എന്ന് മുതലാണ് ഷാനു എന്റെ പ്രണയമായി മാറിയത്……. അറിയില്ല തനിക്ക്…. ഇന്ന് ഷാനു എനിക്ക് ഏറ്റവും വിലപ്പെട്ട നിധിയാണ്….. തന്റെ അച്ഛനെ പോലെ എന്റെ മനസ്സറിഞ്ഞിട്ടുള്ളത് ഷാനു മാത്രമാണ്…. പെറ്റമ്മ പോലും തന്റെ മനസ് അറിയാൻ ശ്രമിച്ചിട്ടില്ല….. പിന്നെ എന്തിനാ ഷാനു നീ എന്നിൽ നിന്ന് അകലുന്നത്…… “എല്ലാം തന്നെ വിദ്യാർത്ഥികളാണ് അവധിയില്ലാതെ സന്ധിയില്ലാത്ത സമരങ്ങളിൽ ഏർപ്പെട്ടിട്ടുള്ളത്. ഇവയെല്ലാം കൊണ്ടുതന്നെ ക്യാംപസ് രാഷ്ട്രീയത്തിന് പ്രസക്തി നഷ്ടപ്പെടുന്നില്ല എന്ന് പറഞ്ഞുകൊണ്ട് നിർത്തുന്നു, നിങ്ങൾക്കെന്റെ അഭിവാദ്യങ്ങൾ…” നീണ്ടു നിന്ന കരഘോഷം കേട്ടാണ് ശിവ ഞെട്ടിയത്…. “എന്താ ഭദ്രേ തന്നോട് ഞാൻ ഇന്നലെ പറഞ്ഞിരുന്നതല്ലെ കൃത്യ സമയത്ത് എത്തണം എന്ന്…. ” ഷാനു ശിവയ്ക്ക് അരികിലേക്ക് ചെന്നു..

“ഷാനു… അത്… ” “ഹ്മ്മ്… ഇനി കൂടതൽ വിസ്തരിക്കേണ്ട… പോയി അവിടെ ഇരിക്ക്…. ” “ഷാനു…. ” തിരിച്ചു പോകാൻ പോയ അവനെ അവൾ വിളിച്ചു… ഷാനു പുരികം ഉയർത്തി അവളെ നോക്കി… “എനിക്ക് കുറച്ച് സംസാരിക്കാൻ….. ” “മ്…. പറഞ്ഞോ…. ” കൈ രണ്ടും കെട്ടിവെച്ചു അവൻ പറഞ്ഞു… “ഇപ്പൊ…. അല്ല ഈവെനിംഗ് ക്ലാസ്സ്‌ കഴിഞ്ഞിട്ട് …… വാകയുടെ കിഴിൽ വന്ന മതി…. ” അവൻ മറുപടി ഒന്നും പറയാതെ തിരിഞ്ഞു നടന്നു… “ഷാനു നീ വരില്ലേ….. ഞാൻ കാത്തിരിക്കും… ” അവൾ അവൻ പോകുന്നതും നോക്കി നിന്നു… കോളേജ് യൂണിയൻ തീരഞ്ഞെടുപ്പായിരുന്നു മീറ്റിംഗിൽ ചർച്ച വിഷയം… ചെയർമാൻ സ്ഥാനത്തേക്ക് ഷാനവാസും സെക്രട്ടറി സ്ഥാനത്തേക്ക് ശിവയേയും മത്സരിപ്പിക്കാൻ തീരുമാനിച്ചു… മീറ്റിംഗ് കഴിഞ്ഞതിനു ശേഷം ഭദ്ര ക്ലാസിലേക്ക് പോയി…. അന്നത്തെ ദിവസം അവൾക്ക് ഒന്നിലും ശ്രദ്ധ ചെലുത്താൻ കഴിഞ്ഞിരുന്നില്ല..

വേണിയ്ക്കും ഷഹനയ്ക്കും എല്ലാം അറിയുന്നത് കൊണ്ട് അവളെ തനിച്ചു വിട്ടു… വാകയുടെ ചുവട്ടിൽ അവനായി കാത്തിരിക്കുമ്പോൾ അവൻ വരുമെന്ന് പ്രതീക്ഷ അവളിൽ ഉണ്ടായിരുന്നില്ല… അവളുടെ കണ്ണുകൾ അവനായി ചുറ്റി നടന്നു… ഒടുവിൽ അവളുടെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു…. അവൻ അടുത്ത് വരുംതോറും അവളുടെ ഹൃദയമിടിപ്പ് മിടിപ്പ് കൂടി വന്നു…. ഒരുനിമിഷം അവരുടെ കണ്ണുകൾ പരസ്പരം കോർത്തു….. അവന്റെ കണ്ണുകളിലെ വികാരമെന്തെന്ന് അവൾക്ക് തിരിച്ചറിയുന്നതിന് മുന്നേ അവൻ അവളിൽ നിന്ന് നോട്ടം മാറ്റി……. അവർക്കിടയിൽ കുറേ നേരം മൗനം നിറഞ്ഞു നിന്നു…. “കാര്യം എന്തായാലും വേഗം പറയും…. എനിക്ക് പാർട്ടി ഓഫീസിൽ പോകാനുള്ളതാണ്… ” മൗനത്തിന് വിരാമം ഇട്ട് കൊണ്ട് ഷാനു പറഞ്ഞു…. “ഷാനു….. നിനക്ക് അറിയാം എനിക്ക് എന്താ പറയാനുള്ളതെന്ന്…. പിന്നെ എന്തിനാ….. ഇങ്ങനൊരു ചോദ്യം… ” അവളുടെ കണ്ണുകൾ അവന്റെ മുഖത്ത് തന്നെ ആയിരുന്നു….

ശിവയുടെ നോട്ടം നേരിടാനാകാതെ അവൻ മുഖം തിരിച്ചു… “അമ്മ രുദ്രനുമായുള്ള വിവാഹം മുന്നോട്ട് കൊണ്ട് പോവാൻ തിരുമാനിച്ചിരിക്കുവാ…. നിന്റെ ഒരു വാക്ക് മതി… ” “ഭദ്രേ നിനക്ക് എന്താ പറഞ്ഞാൽ മനസിലാവാത്തത്….. നീ അതിന് സമ്മതിക്കണം….. ” ഷാനു അവളുടെ മുഖത്തു നോക്കാതെ പറഞ്ഞു… “ഷാനു….. എല്ലാം അറിഞ്ഞിട്ടും….. നീ ആ അസുരൻ മുന്നിലേക്ക് എന്നെ….. ” നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് അവൾ തുടർന്നു… “ഷാനു നീ ഇന്ന് ഒരുപാട് മാറിയിരിക്കുന്നു…. ഞാൻ അറിയുന്ന ഷാനു ഇങ്ങനെ ആയിരുന്നില്ല….. ഷാനു നിനക്ക് അറിയാം ഞാൻ നിന്നെ എത്ര മാത്രം സ്‌നേഹിക്കുന്നുണ്ടെന്ന്….. ” “ഭദ്രേ…. പ്ലീസ്‌….. നീ…. ” “ഷാനു ഞാൻ… എനിക്ക് അറിയില്ല… .മറക്കാൻ പറ്റില്ല….. നീ ഇല്ലാതെ എനിക്ക് പൂർണതയില്ല…. എനിക്ക് അറിയാം നിനക്കും എന്നെ ഇഷ്ടമാണെന്നു….. നിന്റെ ഓരോ നോട്ടത്തിലും അത് ഉണ്ട്‌…. എന്നോടുള്ള നിന്റെ ദേഷ്യം അത് നിന്റെ വെറുമൊരു മുഖമുടിയാണ്…… ” “ഭദ്രേ ഞാനും നീയും നമ്മിൽ കുറേ അന്തരമുണ്ട്…. നമ്മൾ തമ്മിൽ ഒരിക്കലും യോജിക്കില്ല…. ” “എന്ത് അന്തരമാണ്…… നമ്മൾ രണ്ട് മതമായതാണോ….. പറ…… ദൈവത്തിന്റെ മതമെന്താ ഷാനു…. അവർക്ക് ജാതിയുണ്ടോ.. പറ…. മനുഷ്യർ ഉണ്ടാക്കിയ വേലികളാണ് മതവും ജാതിയും എല്ലാം… അല്ലെങ്കിൽ ഈ മതത്തിലും ജാതിയിലും നീ എന്ന് മുതലാണ് ഷാനു വിശ്വസിച്ചു തുടങ്ങിയത്…..

മതവും ജാതിയും നോകിയാണോ നീ സുഹൃത്ത് ബന്ധങ്ങൾ തിരഞ്ഞെടുക്കുന്നത്…. നീ മൂന്ന് മാസം കൂടുമ്പോൾ ബ്ലഡ്‌ കൊടുക്കുന്നുണ്ടല്ലോ അത് മതം നോകിയാണോ…. പറ ഷാനു…. മതം നോകിയാണോ നീ ഓരോരുത്തരെയും സഹായിക്കുന്നത്……… ഈ മതവുംജാതിയും ആചാരവും എല്ലാം മനുഷ്യർ സൃഷിട്ടിച്ചതല്ലേ…. സാക്ഷാൽ പരമശിവൻ പോലും മുക്കുവ കുലത്തിൽ ജനിച്ച പാർവതി ദേവിയെ തന്റെ പാതി ആയി സ്വീകരിച്ചില്ലേ….. ഷാനു നമ്മുടെ വിശ്വാസങ്ങൾ തമ്മിലെ വ്യത്യാസമുള്ളൂ… നമ്മൾ വിശ്വസിക്കുന്ന ശക്തി അത് ഒന്നാണ് എന്നും….. ” അവൾ ഒരു കിതപ്പോടെ പറഞ്ഞു നിർത്തി… “ഭദ്രേ നീ ചിന്തിക്കുന്നത് പോലെ എല്ലാവരും ചിന്തിച്ചെന്ന് വരില്ല…. എല്ലാവരുടെയും കാഴ്ച്ചപ്പാട് വ്യത്യാസമാണ്….. ” “ഷാനു മതി….. എനിക്ക് ഒന്ന് മാത്രം അറിഞ്ഞാൽ മതി നിനക്ക് എന്നെ ഇഷ്ടമാണോ അല്ലയോ….. ഒരുമിച്ച് ജീവിക്കുന്നത് മാത്രമല്ല പ്രണയം…… എന്റെ മരണവരെയും ഭദ്രയുടെ മനസ്സിനും ശരീരത്തിനും ഒരേയൊരു അവകാശി മാത്രമേ ഉണ്ടാവും സഖാവ് ഷാനവാസ്‌…… ” അവന്റെ മറുപടി കാത്തുനിൽക്കാതെ അവൾ നടന്നു നീങ്ങി…. ശിവ പോകുന്നതും നോക്കി ഷാനു ആ മരച്ചോട്ടിൽ ഇരുന്നു……

എല്ലാം കേട്ട് കൊണ്ട് മൂന്നാമതൊരാൾ കൂടി പക എരിയുന്ന മനസ്സോടെ മരത്തിന് മറവിൽ നിൽപ്പുണ്ടായിരുന്നു…. 💮💮💮 ശിവമഠത്തിൽ ഭദ്രയെ ഒരു അതിഥി കാത്തിരിപ്പുണ്ടായിരുന്നു…. ഉമ്മറത്തിരിക്കുന്ന ആളെ കണ്ടതും ശിവയുടെ മുഖത്ത് ഒരു ചിരി പ്രത്യക്ഷപ്പെട്ടു… “കണ്ണേട്ടൻ ” വേണിയുടെ സഹോദരൻ കൃഷ്ണകുമാറായിരുന്നു…. ഭദ്രയുടെ കോളേജിൽ ഫിസിക്സ്‌ പ്രൊഫസറാണ് കക്ഷി… പാർട്ടി സമ്മേളനം കഴിഞ്ഞുള്ള വരവാണ്… “സഖാവ് സമ്മേളനം ഒക്കെ കഴിഞ്ഞു എപ്പോ എത്തി….. ” അവൾ അവന്റെ അടുത്ത് ചെന്നിരുന്നു… “ഇന്ന്….. ഞാൻ കോളേജിൽ വന്നിരുന്നു….. നിന്നെ കാണാത്തതു കൊണ്ട് നേരെ ഇങ്ങോട്ട് വെച്ച് പിടിച്ചു….. ” “സമ്മേളനം എന്തുണ്ട്….. അടുത്ത ഇലക്ഷന് സീറ്റ് കിട്ടോ…. ” “പിന്നെ കിട്ടും കിട്ടും…… ഞാൻ കോളേജിലെ വിശേഷമൊക്കെ അറിഞ്ഞു….. നിന്റെ ഷാനുനെ കണ്ടായിരുന്നു.. ..” അവന്റെ പേര് കേട്ടതും ശിവേടെ മുഖം വാടി…

“എന്താടാ…… എന്റെ ശിവ ഇങ്ങനെ അല്ലല്ലോ…. പുലികുട്ടി അല്ലെ….. ” കണ്ണൻ അവളുടെ താടി പിടിച്ചുയർത്തി….. “ഷാനു അവൻ ഇതുവരെ ഒരു അനുകൂല മറുപടി പറഞ്ഞിട്ടില്ല…. ” “ഞാൻ സംസാരിക്കണോ അവനോട്….. ” അവൾ എന്തെങ്കിലും പറയുന്നതിന് മുന്നേ നിർമ്മല ചായയുമായി വന്നു… “നീ എത്തിയോ…… ഇന്ന് നേരത്തെ ആണല്ലോ…. ” കണ്ണൻ ചായ കൊടുക്കുവെ ശിവയെ നോക്കി ചോദിച്ചു…. അവൾ അവരെ നോക്കി മുഖം കോട്ടി…… “അമ്മായി ഞാൻ വന്നത്…. മറ്റന്നാൾ അമ്മാവന്റെ ആണ്ട് അല്ലെ…. ” പെട്ടെന്ന് എന്തോ ആലോചിച്ച പോലെ അവൻ ശിവയെ നോക്കി… അവൾ അപ്പോഴേക്കും അവിടെ നിന്ന് പോയിരുന്നു…. അവൾ നേരെ തന്റെ അച്ഛന്റെ മുറിയിലേക്കാണ് പോയത്….. അവളുടെ ഓർമയിൽ ഒരിക്കലും ഓർക്കാൻ ഇഷ്ടപെടാത്ത ആ ദിവസം നിറഞ്ഞു നിന്നു….. തുടരും….