The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന :ഗായത്രി സുരേന്ദ്രൻ
പെട്ടന്നു തന്നെ മാധവ് മിഴിയിൽ നിന്നും അകന്നുമാറി….. റിംങ് ചെയ്തുകൊണ്ടിരിക്കുന്ന മൊബൈൽ ചെവിയോടു ചേർത്തു വച്ചു മുറിയിലേക്കു നടന്നു….മിഴി സംഭവിക്കുന്നതെന്തെന്നറിയാതെ ചുവരോരം ചാരി നിന്നു….. പെട്ടന്നുള്ള മാധവിന്റെ പരിഭ്രമം അവളിൽ ആശങ്കയുളവാക്കി…..അവളും അവനടുത്തേക്കു നടന്നു….. അപ്പോഴേക്കും അവൾക്കു മുന്നിൽ അവൻ വാതിലുകൾ കൊട്ടിയടച്ചുകഴിഞ്ഞിരുന്നു……..അവൾക്കു കരച്ചിലടക്കാൻ കഴിഞ്ഞില്ല….. മുറിയിൽ വീണ്ടും അടക്കിപ്പിടിച്ച സംസാരം…… തേങ്ങിക്കരഞ്ഞുകൊണ്ട് അവൾ താങ്ങിനായി ചുവരിലേക്കു ചാരി നിന്നു……
♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡
“കുഞ്ഞോളേ, ഈ കുട്ടിക്കു കോളേജിൽ പോവണ്ടേന്റെ കൃഷ്ണാ…… ഒരുങ്ങി കഴിഞ്ഞില്ലേ നീയ്യ്?…..”ഭക്ഷണമേശയിൽ പ്രാതലിനുള്ള വട്ടം കൂട്ടുന്നതിനിടയിൽ പത്മിനിയമ്മ വിളിച്ചു ചോദിച്ചു…… ചെമ്പാവരി വറുത്തു പൊടിച്ചു ആവി നിറച്ച പുട്ടിന്റെ സുഗന്ധം മുറിയാകെ വ്യാപിച്ചു …… രണ്ടു പ്ലേറ്റുകളിൽ പുട്ടു മാറ്റി വച്ച് അതിനൊപ്പം പഴവും പപ്പടവും ചൂടോടെ കടലക്കറിയും വിളമ്പി…..അപ്പോഴേക്കും മാധവ് താഴത്തേയ്ക്കു വന്നുകഴിഞ്ഞിരുന്നു……”ആഹാ….. ന്റെ പത്മിനിയമ്മേ….. എന്താ ഒരു വാസന!!!!
ഡൽഹീലു പഠിച്ച നാലു വർഷോം ചിലപ്പോ അമ്മേക്കാള്ളും മിസ്സ് ആയത് ദേ, ഇതിനെയായിരിക്കും……
വായേൽക്കൂടെ വള്ളംകളിക്കുള്ള വെള്ളാ ഇപ്പ ഒഴുകണത്…….. ഹോ…….””ദേ ന്റെ കണ്ണാ…. നിന്റെ വായ്ത്താരി നിർത്തീട്ടു വന്നു കഴിക്കണുണ്ടോ നീയ്യ്??……ഈയ്യിടെ നിനക്കിത്തിരി കൂടണുണ്ട്…. കുറുമ്പ്…..നീയ്യെന്തിനാ കുട്ട്യേ കുഞ്ഞോളെ ഏതു നേരോം വഴക്കു പറേണേ…. ആ കുട്ടിക്കെന്തോരം സങ്കടംണ്ടെന്നറിയ്യോ?….”
അതേയ്, അതാ കാന്താരീടെ കയ്യിലിരിപ്പു കൊണ്ടാ….. കഴുത്തിനു ചുറ്റും നാക്കാന്നേയ്….. അപ്പോ അവളെ ഇട്ടു കളിപ്പിച്ചില്ലേലേ എനിക്കൊരു മനസ്സമാധനോം ഉണ്ടാവില്ല്യാ…..”മാധവ് കഴിക്കുന്നതിനിടയിൽ ചിരിച്ചു കണ്ണിറുക്കിക്കൊണ്ടു പറഞ്ഞു…..അപ്പോഴാണ് മിഴി അങ്ങോട്ടേയ്ക്കു വന്നത്……. പതിവിനു വിപരീതമായി അവളുടെ മുഖത്തെ പ്രകാശം മങ്ങിയിരുന്നു….. ഉദാസീനമായി അവൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു…..
സാധാരണ വായ്തോരാതെ കിന്നാരം പറഞ്ഞുകൊണ്ടിരുന്നവൾ പെട്ടന്നു നിശബ്ദയായതിൽ പത്മിനിയമ്മയ്ക്കത്ഭുതം തോന്നി…..അവളാകെ വിഷാദത്തിലമർന്നു കിടന്നു….. എന്തൊക്കെയോ മനോവ്യഥകൾ അവളെ അലട്ടും പോലെ തോന്നി…….ഞൊടിയിടയിൽ ഭക്ഷണം കഴിച്ചെഴുന്നേറ്റു അമ്മായിയോടു യാത്ര പറഞ്ഞു ബാഗും എടുത്തവൾ കൊളേജിലേക്കു യാത്രയായി…..കണ്ണാ….. എന്തേ കുഞ്ഞോൾക്കു പറ്റീത്…… കിലുങ്ങനെ ചിരിക്കണ കുട്ടീടെ മുഖം എന്താപ്പോ ഇങ്ങനെ??…സത്യം പറയ്, നീ വല്ലതും പറഞ്ഞോ അവളെ?….”ആ, ഇനീപ്പോ എന്നെപ്പറയ്…… എനിക്കെങ്ങും അറീല്ലാ അതിന്റെ മുഖം വീർത്തതിന്റെ കാരണം….. എന്നെ വെറുതേ വിട്ടേക്ക്….. അതിന്റെ മുഖത്തു വല്ല കടന്നലും കുത്തീട്ടുണ്ടാവും….”
“ആ, അതേ….. അതിന്റെ മുഖത്തു കുത്തിയ കടന്നലിന്റെ പേരു മാധവെന്നാണോന്നാ ചോദിച്ചേ……..”ആഹാ…….പത്മിനിയമ്മേയ്……. വേണ്ടാ……. വേണ്ടാട്ടോ…….”
മാധവ് ചിരിച്ചുകൊണ്ട് പുറത്തേക്കു പോയി…..
ഇടവഴിലൂടെ പതിയെ മിഴി… പാടം കടന്നു വേണം ബസ്സ്സ്റ്റോപ്പിലെത്താൻ….. ഇപ്പോത്തന്നെ സമയം വൈകി…. അവൾ ധൃതിയിൽ നടക്കാൻ തുടങ്ങി…..വയലിനു കുറുകെക്കൂടെ ഒഴുകുന്ന തോടിന്റെ ഓരം ചേർന്നു നടക്കവേ…. വെള്ളത്തിൽ വിടർന്നു നിൽക്കുന്ന വെള്ളാമ്പൽപ്പൂക്കൾ അവളുടെ മനം കവർന്നു….കുഞ്ഞായിരുന്നപ്പോൾ തന്റെ ജീവനായിരുന്നുആമ്പൽപ്പൂക്കൾ…..അതറിയാവുന്നതു കൊണ്ടു തന്നെ തന്റെ പിണക്കം മാറ്റിയെടുക്കാൻ കുഞ്ഞേട്ടൻ കണ്ടു പിടിക്കാറുള്ള മാർഗ്ഗവും അതുതന്നെയായിരുന്നു……
കഴുത്തൊപ്പം വെള്ളത്തിൽ നിന്നുകൊണ്ട് ആമ്പൽപൂക്കളിറുത്ത് വലിയ കെട്ടാക്കി തന്നരികിലേക്ക് എത്തും…. വെള്ളവും ചെളിയും പുരണ്ടുവെന്നാലും മുഖത്തു കണ്ണുകളിലെ ആ പുഞ്ചിരിത്തിളക്കം മാത്രം മതിയായിരുന്നു….
മിഴി അൽപനേരം ആമ്പൽപ്പൂക്കളെ നോക്കി നിന്നു…..”ഓയ്, തമ്പുരാട്ടിക്കുട്ടി മനോരാജ്യം കണ്ടോണ്ടു നിൽക്കുവാണോ….ഇങ്ങനെ വൈകിട്ടു വരെ നിൽക്കാച്ചാൽ മാധവേട്ടനോടു പറഞ്ഞു പാടത്തു വച്ചേക്കണ കോലം എടുത്തു മാറ്റാം….
എന്തിനാ വെറുതേ രണ്ടു കോലങ്ങളൊന്നിച്ച്…..
അല്ലേടീ മിഴിപ്പെണ്ണേ….”പുറകിൽ നിന്നും ശബ്ദം കേട്ടു തിരിഞ്ഞുനോക്കിയപ്പോഴാണ് കണ്ടത്….
മുഖം നിറയെ കുസൃതിച്ചിരിയുമായി ഉണ്ണിയേട്ടൻ……എന്തേ മാഷേ വല്ല്യമ്മ രാവിലെത്തന്നെ കപ്പയാണോ കഴിക്കാൻ തന്നേ? !!
കപ്പേടെ ചെളി ഒന്നും കഴുകീട്ടില്ലാന്നു തോന്നണല്ലോ….. വായിൽക്കൂടെ നല്ലോണം ചളിയൊഴുകണൂ…..!!!!”ഡീ കാന്താരീ…. കൊള്ളാലോ….. എന്റെ പൊന്നുമോനേ കൊള്ളിക്കല്ലേ…..അല്ലാ എന്താ പതിവില്ലാതെ രാവിലെ കുളിച്ചു കുറിയൊക്കെത്തൊട്ട് ഇതെങ്ങോട്ടാ…..””ആ, അതേയ്…. അതു നിന്നോട് പറയാൻ വിട്ടുപോയി…. എനിക്കേ നമ്മടെ ആ ഗവൺമെന്റ് ഹൈസ്കൂളിലു മാഷായിട്ടു ജോലി കിട്ടീ…..
അമ്മായി നിന്നോടു പറഞ്ഞിട്ടുണ്ടാവൂല്ലോ….
പിന്നേയ് വെറും മാഷല്ലാ… കണക്കുമാഷാ കേട്ടോടീ….. അതിന്റെ ഒരു ഭയഭക്തി ബഹുമാനം ഒക്കെ ആയിക്കോട്ടെട്ടോ….””ന്നോടു ആദ്യം പറഞ്ഞില്ലാലോ…. എന്നിട്ടിപ്പോ പറയാൻ വന്നേക്കണൂ……കണക്കു മാഷല്ലാ കൊരങ്ങൻ മാഷാ….. ആ പിള്ളേർടെ തലേലെഴുത്ത് അല്ലാണ്ടെന്താ പറയാ ന്റെ കൃഷ്ണാ…….””നിന്നോടൊക്കെ പറയാൻ നിന്ന എന്നെ തല്ലണം…. ഞാനും നിന്റെ കോളേജിലേക്കുള്ള വഴീലേക്കാ…..ഇവിടിങ്ങനെ നിന്നാ മതിയോ…… പോവണ്ടേ പെണ്ണേ……. നടക്ക്…..”ശ്രീനാഥ് മുന്നിൽ നടന്നു…. പിന്നാലെ മിഴിയും……
കിലുങ്ങനെ ചിരിച്ചും കൊഞ്ചിയും പിന്നാലെ വരുന്ന മിഴിയെക്കുറിച്ചവൻ കൗതുകത്തോടെയോർത്തു…….ശരിക്കും ഒരു കൗതുകമാണീപ്പെണ്ണ്….. കൊച്ചുകുട്ടികളുടെ കൂട്ട് ഇണങ്ങിയും പിണങ്ങിയും….. നിഷ്കളങ്കമായ ഹൃദയമുള്ളവൾ……അവളുടെ കൂടെ ചിലവഴിക്കുന്ന ഓരോ നിമിഷവും തന്റെ മനസ്സും നിർമലമാവും പോലെ…..ഒരു വെള്ളാമ്പൽ പൂ പോലെ തരളം…… എന്തുകൊണ്ടോ അവൾക്കൊപ്പം നിൽക്കാൻ മനസ്സു വല്ലാതെ വാശി പിടിക്കുന്നു……
കൃഷ്ണാ…… മിഴിയെന്നുമെന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ…… അവൻ പതിയെ തിരിഞ്ഞു മിഴിയെ നോക്കി……ഈ ലോകത്തൊന്നുമല്ലവൾ….. എന്തൊക്കെയോ ചിന്തിച്ചുകൂട്ടിക്കൊണ്ടാണു നടപ്പ്…..
ഇളം കാറ്റിൽ പാറിപ്പറക്കുന്ന അവളുടെ ചുരുണ്ട മുടിയിഴകളും പഞ്ചിരി തുളുമ്പുന്ന അധരങ്ങളും ഇടയ്ക്കിടെ കവിളത്തു മിന്നിമായുന്ന നുണക്കുഴിയും അവളെഒരിക്കൽകൂടിസുന്ദരിയാക്കിത്തീർക്കുന്നു…..അവൻ പതിയെ പുഞ്ചിരിച്ചു….. വീണ്ടും നടന്നു തുടങ്ങി……കോളേജിലെത്തിയിട്ടും മിഴി അവളുടെ ചിന്തകളിൽ തന്നെ തങ്ങിനിന്നു……ആരാധ്യ എന്ന പേര് പലവുരു അവൾ മന്ത്രിച്ചു…. അതാരെന്നറിയാൻ അവളുടെ മനസ്സു വെമ്പി….എത്രയും പെട്ടന്നു വീട്ടിൽലേക്കു മടങ്ങിയെത്താനവളാഗ്രഹിച്ചു…… കുഞ്ഞേട്ടനോടു രാവിലെ നടന്നതിന്റെ സത്യാവസ്ഥ ചോദിക്കണമെന്നു തീരുമാനിച്ചുറപ്പിച്ചു…..
“മിഴി സ്റ്റാൻഡപ്പ്…..!ക്ലാസെടുക്കുമ്പോ മനോരാജ്യം കാണാനാണോ കുട്ടി കോളേജിലോട്ടു വരുന്നേ….ക്ലാസിലിരിക്കുന്നെങ്കിൽ ക്ലാസ്സിൽ ശ്രദ്ധിക്കണം…..സോ ഗെറ്റ് ഔട്ട് ഫ്രം മൈ ക്ലാസ്…..”മിഴി ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു….. ബാഗുമെടുത്ത് ക്ലാസിനു പുറത്തേക്കിറങ്ങി….എല്ലാം തന്റെ തെറ്റാണ്… ഓരോന്നും ആലോചിച്ച് ഇരുന്നു പോയതാണ്…. ഇനിയിപ്പോ ഇവിടെ നിന്നിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല…. പെട്ടന്നു വീട്ടിലെത്തണം….അവൾ പുറത്തേക്കിറങ്ങി നടന്നു….. അവളുടെ മനസ്സ് കലുഷിതമായിരുന്നു…..അല്ലാ ന്താ കുട്ട്യേ നേർത്തേ….. ക്ലാസ്സു കഴിഞ്ഞുവോ…..”അമ്മായി തിരക്കി…..ആ….ഇന്നിത്രേണ്ടായുള്ളൂ…..കണ്ണേട്ടനെവടെ അമ്മായ്യ്യേ….?”അവൾ പത്മിനിയമ്മയുടെ മടിയിൽ തല വച്ചു കിടന്നു….. അവരവളുടെ മുടിയിഴകളെ മെല്ലെ തഴുകി…..അവരുടെ മടിയിൽ കിടന്നപ്പോൾ അവൾക്ക് അവളറിയാതെ പോയ അമ്മയുടെ സ്നേഹവായ്പ് അനുഭവപ്പെട്ടു…..അവൾ പതിയെ മയക്കത്തിലേക്കു വീണു….
“ദീപം….. ദീപം….. ദീപം…..”സന്ധ്യയ്ക്കു മിഴി നിലവിളക്കു കൊളുത്തുന്ന നേരത്തായിരുന്നു മാധവ് വീട്ടിലേക്കു പ്രവേശിച്ചത്……ഒറ്റനോട്ടത്തിൽ തന്നെ അവനാകെ ക്ഷീണിതനാണെന്നു മിഴിക്കു ബോധ്യപ്പെട്ടു….പുതിയ ജോലിയിലേക്കു പ്രവേശിച്ചതല്ലേയുള്ളൂ….. അതിന്റെയാവും….. ചുരുങ്ങിയ കാലം കൊണ്ടു തന്നെ മികച്ച എൻജിനീയർ എന്ന പേരെടുത്തതിനു പിന്നിൽ അധ്വാനത്തിന്റെ വിയർപ്പില്ലാതെയാവില്ലാ….
അവൾ തുളസിത്തറയിൽ തിരി തെളിയിച്ച് പതിയെ വലം വച്ചാ അകത്തേക്കു നടന്നു……മാധവ് മുകളിലാണ് പോയിരിക്കുന്നത്… മുറിയിലേക്കാവും…. അവളും പതിയെ മുകളിലേക്കു കയറി….
മുറിയിൽ മാധവ് ആകെ സമ്മർദ്ദത്തിലായിരുന്നു….. ജോലിയിൽ ഇനിയും ചെയ്തു തീർക്കാനുള്ള നിർദ്ദേശങ്ങളുടെ നൂലാമാലകളെക്കുറിച്ച് ആകുലപ്പെട്ടു നിൽക്കുകയായിരുന്നു അവൻ…..മിഴി പതിയെ മുറിയിലേക്കു കടന്നു ചെന്നു….. മാധവ് ചോദ്യഭാവത്തിൽ അവളെ നോക്കി….
“കുഞ്ഞേട്ടാ……ഞാനൊന്നു ചോദിച്ചോട്ടെ…..?”അവൾ അവനരികിലേക്കു നീങ്ങി…..ഓഹ്…. മനുഷ്യനിവിടെ….. നിന്നോടു ഞാൻ പറഞ്ഞിട്ടില്ലേ…. കൊഞ്ചാനൊന്നും എനിക്കു നേരം പോരെന്ന്….. എന്തേ പറയാനുള്ളതെന്നു പറഞ്ഞിട്ടു പോ….ഒരു നിമിഷമവൾ ആശങ്കപ്പെട്ടു നിന്നു…. പിന്നെ ധൈര്യം സംഭരിച്ചുകൊണ്ടു ചോദിച്ചു ….
“അത്…… ആരാധ്യ…… പുലർച്ചെ…….
കുഞ്ഞേട്ടൻ വാതിലടച്ചത്….ആരാ അത്?…. എന്തിനേ വിളിച്ചേ? …..””നോക്ക് മിഴി…. എന്നെ പലരും വിളിക്കും പലരോടും സംസാരിക്കേണ്ടി വരും…. അതൊക്കേം നിന്നെ ബോധ്യപ്പെടുത്താനെനിക്കു കഴിഞ്ഞെന്നു വരില്ല……””എന്നാലും നിക്കറിയണം എട്ടാ അതാരെന്ന്…… ഇല്ലാച്ചാൽ നിക്കൊരു സമാധാനം കിട്ടാണ്ടാവും….. എന്നോടെന്തിനേ മറച്ചു വയ്ക്കുന്നേ…. ഞാനേട്ടന്റെ ആരും അല്ലേ? ഇന്നു ഞാനിതോർത്തെത്ര ഉരുകീന്നറിയോ…. ഇനിയെങ്കിലും നിക്കറിയണം അതാരെന്ന്…. ഇത്ര പുലർച്ചെ ഇത്ര അടക്കിപ്പിടിച്ചു സംസാരിക്കണമെങ്കിൽ അതു വെറുതെയാവില്ല്യാന്നെനിക്കറിയാം……
എനിക്കതറിയണം ഏട്ടാ… പറയാണ്ടിവിടുന്നു മിഴി പോവില്ല്യാ….. എത്രാന്നു വച്ചിട്ടാ ഈ അവഗണനേം ദേഷ്യോം ഞാൻ സഹിക്കണേ…..?!!!”മാധവിനു സർവ്വനിയന്ത്രണങ്ങളും നഷ്ടപ്പെട്ടു…. ക്രോധം ഞരമ്പുകളെ പിടിച്ചു മുറുക്കി……. എന്തൊരു തലവേദനയാണിത്….. അവളുടെ വക വീട്ടിലെ ക്രോസ് വിസ്താരത്തിന്റെ കുറവു കൂടിയേ ഉണ്ടായിരുന്നുള്ളൂ……”നിനക്കെന്താ അറിയേണ്ടിയിരുന്നത്????….. ആരാധ്യയെപ്പറ്റിയല്ലേ….. അവളാരെന്നല്ലേ…… എന്തിനു ഞാൻ രഹസ്യമായി സംസാരിച്ചുവെന്നല്ലേ…..
എങ്കിൽ കേട്ടോളൂ ഞാൻ പ്രണയിക്കുന്ന പെണ്ണാണവൾ……അവളോടു സംസാരിക്കുന്നതിന്റെ അർഥവ്യർത്ഥങ്ങളെനിക്കാരെയും ബോധ്യപ്പെടുത്തേണ്ടതില്ല……ഇതെന്റെ വ്യക്തിപരമായ കാര്യമാണ് അതിൽ നീയെന്നല്ല ആരും ഇടപെടുന്നതെനിക്കിഷ്ടമല്ല…..
ഇനിയും അവളെക്കുറിച്ചു കൂടുതൽ പറഞ്ഞു മനസിലാക്കാൻ എനിക്കു നിന്നോടൊപ്പം ചിലവഴിക്കാൻ സമയവുമില്ലാ…..ദയവായി ഇനിയെങ്കിലും ഒന്നു തനിയെ വിടണം എന്നെ….”മാധവ് നിർദാക്ഷിണ്യം അവളെ മറികടന്നു മുറിക്കു പുറത്തേക്കിറങ്ങിപ്പോയി…..
…….തുടരും……….