രചന – ഡോ. വീനസ്
മകൻ
‘അമ്മമ്മേ, മമ്മി വന്നൂട്ടോ. വാതിൽ തുറന്നുകൊടുക്കണില്ലേ? അമ്മമ്മ കേൾക്കണില്ലേ?’ തട്ടിപ്പിടഞ്ഞെഴുന്നേറ്റു വാതിലിന്നടുത്തേക്കു നടക്കുമ്പോൾ ഓർത്തു, താൻ കേട്ടില്ലല്ലോ കോളിംഗ് ബെൽ . ഡൈനിംഗ് ടേബിളിൽ എടുത്തു വച്ച കപ്പ് നിവർത്തി വച്ച് ഫ്ലാസ്ക്കിൽ നിന്നും കാപ്പി പകരുമ്പോൾ തുളുമ്പിയൊഴുകിയതറിഞ്ഞത് അഞ്ജുവിൻ്റെ ശബ്ദം കേട്ടിട്ടാണ്. ” അമ്മ എത് ലോകത്താണ്? കപ്പ് നിറഞ്ഞത് കണ്ടില്ലേ?- ” സാരിത്തലപ്പുയർത്തി കണ്ണു തുടച്ചു കൊണ്ട് തിരിഞ്ഞു നടക്കുമ്പോൾ “അമ്മമ്മ കരച്ചിലാണ്.നാലു മണിയായപ്പോൾ ഫോൺ വന്നു. അമ്മമ്മേടെ ഫ്രണ്ടിൻ്റെ വീട്ടിലെ അങ്കിൾ മരിച്ചു പോയത്രേ! കഴിഞ്ഞ ദിവസം അമ്മമ്മ പോയിക്കാണണമെന്നു പറഞ്ഞില്ലേ, ആ അങ്കിൾ. അമ്മമ്മനാട്ടിൽ പൊയ്ക്കോട്ടെ മമ്മീ .ഫ്രെണ്ടിനെ കാണാൻ അമ്മമ്മക്ക് മോഹം ണ്ടാകും.”
” അതാണോ കാര്യം? ഇനിയിപ്പോൾ പോയിട്ടെന്തിനാ? അതുമല്ല; ഇവിടെ അമ്മയില്ലാതെ ഒരു കാര്യവും നടക്കില്ല. മോൻ സ്കൂളിൽ നിന്നു വരുമ്പോൾ വീട്ടിൽ ആളു വേണ്ടേ. എനിക്ക് ഓഫീസിൽ നിന്നു നേരത്തേ ഇറങ്ങാനൊന്നും പറ്റില്ല ” ”പാവം അമ്മമ്മേല്ലേ ! വല്ലാത്ത സങ്കടം ഉണ്ട്. നാട്ടിൽ പോയി വരട്ടേ മമ്മീ ” ”നീ പോയി പഠിയ്ക്കണുണ്ടോ?” അഞ്ജുവിൻ്റെ ശബ്ദം ഉയർന്നു കേട്ടു . നെഞ്ചിൽ വല്ലാത്ത ഭാരം പോലെ. നാട്ടിലേയ്ക്ക്, ശാരിയുടെ അടുത്തേയ്ക്ക് പറന്നെത്തി ,വിതുമ്പുന്ന അവളുടെ കരംകവർന്ന്, വിരലുകൾ അമർത്തി ശക്തി പകരാൻ ,ഞാൻ കൂടെയുണ്ട് എന്ന് പറയാതെ പറയാൻ മനസ്സ് വെമ്പി. വെറും സുഹൃത്തുക്കളായിട്ടല്ല, വെറും സഹപ്രവർത്തകർ ആയിട്ടുമല്ല താനും ശാരിയും ഇക്കാലമത്രയും ജീവിച്ചത്, താൻ റിട്ടയർമെൻ്റിനു ശേഷം താൻ ബാംഗ്ലൂരിൽ അഞ്ജുവിൻ്റെ വീട്ടിലേക്ക് മാറും വരെ ,തൻ്റെ മനസ്സറിഞ്ഞ് എല്ലാ പ്രതിസന്ധികളിലും കൂടെ നിന്നവൾ.
നാട്ടിലെ വീടുവിട്ട് ബാംഗ്ലൂരിലെ ഫ്ലാറ്റിലേയ്ക്ക് മാറാൻ മടിച്ച തന്നോട്… ‘ “നമ്മുടെ കുട്ട്യല്ലേ ? നമ്മളല്ലാതെ ആരാ അവളെ സഹായിക്കാൻ!അമ്പലോം നാടുമൊക്കെ കാണാൻ നിനക്ക് തോന്നുമ്പോഴൊക്കെ ഇവിടേയ്ക്ക് തിരിച്ചു വരാല്ലോ? ജോലീം വീടുമായി ഓടിയോടി കഷ്ടപ്പെടണുണ്ടാകും അവിടെ അഞ്ജുകുട്ടി. നീയവിടുണ്ടേൽ ഉണ്ണിക്കുട്ടനുമൊരു കൂട്ടായി .പിന്നെ നീയവിടെ ഒറ്റയ്ക്കാവു മെന്നൊന്നും പേടിക്കണ്ട! ഫോണിൻ്റെ ഇങ്ങേത്തലയ്ക്കൽ ഞാനുണ്ട്, ഉണ്ണ്യേട്ടനും,നിൻ്റെ വിളിപ്പുറത്ത്! പിന്നെ കാണണമെന്നു തോന്നിയാൽ ആ നിമിഷം ഞാൻ അവിടുണ്ട്. നിന്നെ ഞങൾ ഒറ്റയ്ക്കാക്വോ?? നിനക്കിനീം ഞങ്ങളെ മനസ്സിലായില്ലെന്നുണ്ടോ ” തൻ്റെ നിറഞ്ഞ കണ്ണുകളെ കണ്ടില്ലെന്നു നടിച്ച്, ഇടറുന്ന ശബ്ദത്തിൽ ചിരിയുടെ ഊർജ്ജം കലർത്തി ശാരി പറഞ്ഞു നിർത്തിയപ്പോൾ തലയാട്ടി സമ്മതം മൂളാൻ മാത്രമേ തനിക്കായുള്ളു. ജീവിതത്തിലൊറ്റയ്ക്കായ തന്നെ, താൻ തനിച്ചല്ല എന്ന് ഒരു നിമിഷം പോലും ഓർമ്മ വരുത്താത്ത വിധം കൂടെ നിന്നവളാണ് ശാരി.
വീടുപണി കഴിഞ്ഞ് എറെക്കഴിയും മുൻപ് അഞ്ജുവിനുവന്ന വിവാഹാലോചന നല്ലതാണെന്ന് കണ്ട് തന്നെക്കൊണ്ട്കൂട്ടിയാൽ കൂടുന്ന തത്രയും തരപ്പെടുത്തിയ കല്യാണത്തലേന്ന് തൻ്റെ കൈവെള്ളയിൽ വച്ചു തന്ന ആഭരണം കണ്ട് ചോദ്യഭാവത്തിൽ മിഴകളുയർത്തിയതന്നോട്, “ഒന്നും ചോദിക്കണ്ട.ഈ നെക്ക് ലേസിൽ അഞ്ജുക്കുട്ടീടെ ഭംഗി ഇരട്ടിക്കുമെന്നും പറഞ്ഞ് ഉണ്യേട്ടൻ്റെ സെലക്ഷനാണ്. എന്നോടു പോലും പറഞ്ഞില്ല. ഞാൻ ചോദിച്ചപ്പോൾ പറയാണ് ശാരിയ്ക്കും സർപ്രൈസ് ആയിക്കോട്ടേന്ന് ” തനിക്കില്ലാതെ പോയ കൂടപ്പിറപ്പുകൾ പോലെയായിരുന്നു ശാരിയും ഉണ്യേട്ടനും. രണ്ടു ദിവസം മുമ്പ് ഉണ്യേട്ടൻകുഴഞ്ഞു വീണു ഹോസ്പിറ്റലിൽ അഡ്മിറ്റഡ് ആയെന്നു ശാരിയുടെഫോൺ വന്നപ്പോൾ തന്നെ നാട്ടിൽ പോകണമെന്ന് പറഞ്ഞതാണ്.
പക്ഷേ കയറില്ലാതെ കെട്ടിയിട്ടിരിയ്ക്കുന്ന ഇവിടെ നിന്നെങ്ങനെ രക്ഷപ്പെടാൻ? ” അമ്മമ്മയെവിടെ? എന്ത്? കിടക്കാണെന്നോ ?. എന്തു പറ്റി ?ഈ നേരത്ത് കിടപ്പ് പതിവില്ലല്ലോ, വയ്യായ്ക വല്ലതും?” – ചോദ്യങളുടെ കൂമ്പാരവുമായി സ്വിച്ചിൽ വിരലമർത്തി ഇരുളകറ്റി മുറിയിലേയ്ക്ക് ഉണ്ണിയോടൊപ്പം കടന്നു വന്ന വിനുവിന് മുന്നിൽ കണ്ണു തുടച്ച് എഴുന്നേറ്റിരുന്നു. ” ഉണ്ണി പറഞ്ഞു, കാര്യങ്ങൾ .ഞാനൊന്നു വിളിച്ചു നോക്കട്ടെ നാട്ടിലേക്ക്. അമ്മ ഏതായാലും പോകാൻ റഡിയായിക്കോളൂ, നേരം വെളുക്കട്ടെ! — ” “അത് – അഞ്ജു …. ” ” അവളോട് ഞാൻ പറഞ്ഞോളാം…” വിനുവിൻ്റെ ശബ്ദത്തിന് പതിവില്ലാത്ത മൂർച്ച . തൻ്റെ ബാഗെടുത്ത് റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെടാൻ നിൽക്കുന്ന വിനുവിനെ ഏൽപ്പിക്കുന്നതിനിടെ “അമ്മ രണ്ടു ദിവസത്തിനകം തിരിച്ചു വരുമല്ലോ അല്ലേ വിനുവേട്ടാ? അമ്മയില്ലാതെ ഇവിടെ കാര്യങ്ങളൊക്കെ കുഴങ്ങും. അല്ലെങ്കിൽ തന്നെ ഇപ്പോൾ പോയിട്ടെന്തിനാ?- മുഴുമിപ്പിയ്ക്കാതെ നിറുത്തിയ അഞ്ജുവിൻ്റെ വാക്കുകൾ. ” അമ്മ ഫ്രണ്ട് സീറ്റിലിരിയ്ക്ക്, ….”വിനു. ‘ഞാൻ പിന്നിലിരുന്നോളാം മോനേ. അമ്മേം ഉണ്ണീം എപ്പഴും പിന്നിലാണല്ലോ ഇരിക്കാറ്” “അതിനിപ്പോൾ ഉണ്ണി സ്കൂളിലല്ലേ. നമുക്കൊപ്പംകൂടെയില്ലല്ലോ? എന്നെ വെറുതെ ഡ്രൈവറാക്കണ്ട “- സന്ദർഭത്തിൻ്റെ ഗൗരവം കുറയ്ക്കാൻ ചിരിച്ചു കൊണ്ട് പറയുന്ന വിനുവിനൊപ്പം മുൻ സീറ്റിൽ കടന്നിരുന്നു.
വണ്ടി റെയിൽവേ സ്റ്റേഷനും പിന്നിട്ട് മുന്നോട്ട് കുതിയ്ക്കുമ്പോൾ ചോദ്യഭാവത്തിൽ മുഖമുയർത്തി. “അമ്മയെ സുരക്ഷിതമായി ശാരിയാൻ്റീടെ വീട്ടിലെത്തിയ്ക്കാൻ കാറേർപ്പാടാക്കിയിട്ടുണ്ട് ഞാൻ, നേരത്തേ സ്ഥലത്തെത്താൻ വേണ്ടി. ഇവിടെ നിന്ന് എനിക്കിപ്പോൾ മാറി നിൽക്കാൻ പറ്റില്ലാലോ ?.ശരിക്കും ഞങ്ങളുംവരേണ്ടതാണ് അമ്മയോടൊപ്പം.ശാരിയാൻ്റീടടുത്ത് അമ്മ ഇപ്പോൾ നിന്നില്ലെങ്കിൽ പിന്നെയെന്താണ് നിങ്ങൾ തമ്മിലുള്ള ബന്ധത്തിൻ്റെ അർത്ഥം?പിന്നെ ഈ നീല ബാഗിൽ അമ്മയുടെ കുറച്ചേറെഡ്രസും ,മരുന്നുംഎടുത്ത് വച്ചിട്ടുണ്ട്. കുറച്ച് പണവും. ഡ്രസ്മാച്ചാണോ,ശരിയായോ, വേണ്ടതെല്ലാമുണ്ടോ എന്നൊന്നു മറിയില്ല. എന്നാലും അമ്മേടെ മനസ്സെനിയ്ക്കറിയാം. അമ്മയുടെ മനസ്സു പറയും വരെ അമ്മയ്ക്ക് നാട്ടിൽ നിൽക്കാം. ഇവിടെ അടുക്കളയും വീട്ടുജോലിയുമായി ഫ്ലാറ്റിൽ കൂട്ടിലിട്ട കിളി പോലെ കഴിയേണ്ടയാളല്ല അമ്മ. നാട്ടിലെ അമ്പലോം, ശാരിയാൻ്റീം ബന്ധുക്കളുമൊക്കെയായി, എഴുത്തുമൊക്കെയായി പണ്ടത്തെപ്പോലെ കഴിയ്.
ബാംഗ്ലൂരിൽ എത്തിയതിനു ശേഷം അമ്മ പേന കയ്യിലെടുത്തിട്ടുണ്ടോ?അമ്മയുടെ കഥയും കവിതയുമൊക്കെ വായിച്ചിട്ടെത്ര നാളായി? അതിന്നായിഎന്നെപ്പോലെ കാത്തിരിയ്ക്കുന്നവരെ നിരാശപ്പെടുത്തേണ്ട ” “അവിടെ അഞ്ജു, ഉണ്ണിക്കുട്ടൻ…..?” അർദ്ധോക്തിയിൽ നിറുത്തി. “അതൊക്കെ ഞാൻ നോക്കിക്കോളാമമ്മേ! പിന്നെ എന്നെക്കാണണമെന്ന് തോന്നുമ്പോൾ ഞാനവിടെയുണ്ടാകും, ഇങ്ങോട്ടു പോരണമെന്നു തോന്നുമ്പോൾ കൂടെക്കൂട്ടാൻ!’ കൈ വീശി യാത്രയാക്കി, താൻ കയറിയ കാറ് കണ്ണിൽ നിന്നു മറയുന്നതും നോക്കി നിൽക്കുന്ന വിനുവിനെ തിരിഞ്ഞു നോക്കുമ്പോൾ മനസ്സു പറയുന്നതു കേട്ടു .. ” അമ്മയുടെ മനസ്സറിയുന്ന നല്ല മകനാകാൻ സ്വന്തംവയറ്റിൽ പിറക്കണമെന്നില്ല.”

by