18/04/2026

വേനൽമഴ : ഭാഗം 06

രചന – ഭദ്ര ശ്രീ

തിരികെ പോരുന്ന വഴിയിൽ ഉടനീളം അനു മൗനമായിരുന്നു, ഫ്രണ്ട് സീറ്റിൽ വിൻഡോയിലൂടെ പുറത്തേക്ക് നോക്കിയിരിക്കുന്ന അവളെ അല്പം ആകുലതയോടെയാണ് നിരഞ്ജൻ നോക്കിയത്. ഇപ്പോൾ അവളുടെ വീട്ടുകാരുടെതെന്ന പോലെ അനുവിന്റെ കാര്യത്തിൽ അവനും ടെൻഷൻ അനുഭവിക്കുന്നുണ്ടായിരുന്നു.

“നീ എന്താ അമ്മൂ ഒന്നും കഴിക്കാൻ പോലും നിക്കാതെ പോന്നത്…. അമ്മായി നല്ല അടിപൊളി ഉണ്ണിയപ്പം ഉണ്ടാക്കിയിട്ടുണ്ടായിരുന്നു….”

അവൾ നിർവികാരതയോടെ പുറത്തേക്ക് നോക്കിയിരിക്കുന്നതല്ലാതെ ഒന്നും മിണ്ടിയില്ല, ഒരു ചലനം പോലും ഉണ്ടായില്ല.

“തന്റെ അച്ഛനും അമ്മായിക്കും ഒക്കെ നല്ല വിഷമം ആയി താൻ ഇറങ്ങിപോന്നതില്….”

അപ്പോഴും അവൾ ഒന്നും മിണ്ടിയില്ല.

“എടോ ഞാൻ തന്നോടാണ് സംസാരിക്കണേ…..”

ഡ്രൈവ് ചെയ്യുന്നതിനിടയിൽ നിരഞ്ജൻ അനുവിന്റെ മുഖത്തേക്ക് നോക്കി.

“എനിക്ക് വിശപ്പ് ഉണ്ടായിരുന്നില്ല, അതോണ്ടാ….”

“അയ്യോ അത് ഏതായാലും കഷ്ടായി…. നല്ല ഉണ്ണിയപ്പം ആയിരുന്നു…..”

അനു വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു, ചെറിയ മഴചാറ്റൽ ഉണ്ടായിരുന്നു, അതിനോടൊപ്പം അവളുടെ കണ്ണുകളും പൊഴിഞ്ഞു കൊണ്ടിരുന്നു….

“നീയെന്തിനാ അനൂ ഇങ്ങനെ വെറുതെ ആവശ്യമില്ലാതെ കരയണേ…. കഴിഞ്ഞു പോയത് പോയി, പാസ്റ്റ് ഈസ്‌ പാസ്റ്റ്, അതിനെ കുറിച്ചോർത്ത് കരഞ്ഞിട്ടോ വിഷമിച്ചിട്ടോ ഒരു കാര്യവും ഇല്ല.

എവെരി ഡേ ഈസ്‌ എ ന്യൂ ബിഗിനിങ്, നീ പഠിക്കുന്ന കുട്ടി അല്ലേ. സ്വയം മനസിലാക്കാൻ ശ്രമിക്ക്, ലൈഫ് ഒന്നേയുള്ളു…..”

നിരഞ്ജൻ കാർ നിർത്തി, അനു അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി,

“നിനക്ക് വിശക്കുന്നുണ്ടോ….?”

“ഇല്ല….”

“അത് നിന്റെ ഈ മോന്ത കണ്ടാൽ തന്നെ അറിയാം, എന്തായാലും എനിക്ക് വിശക്കുന്നുണ്ട്, നീ ഇറങ്ങ്….”

അപ്പോഴാണ് അനു പുറത്തേക്ക് ശ്രദ്ധിച്ചത്, വീട് വിട്ട് ഒരുപാട് ദൂരം വന്നിരിക്കുന്നു. അവൾ കാർ വിട്ടിറങ്ങി, അവളെയും കൂട്ടി നിരഞ്ജൻ അടുത്ത്കണ്ട ഒരു ബേക്ക് ഹൗസിലേക്ക് നടന്നു, പിന്നാലെ അനുസരണയുള്ള നായ്കുട്ടിയേ പോലെ അനുവും.

നിരഞ്ജൻ ഒരു ടേബിളിൽ ഇരുന്നു, അവന് അഭിമുഖമായി അനുവും.

“നിനക്കെന്താ വേണ്ടേ….”

“എനിക്കൊന്നും വേണ്ട….”

“അതൊന്നും പറഞ്ഞാ പറ്റൂല, ഞാൻ തന്നെ ഓർഡർ ചെയ്യാം….”

മെനുകാർഡിലൂടെ കണ്ണോടിച്ചു നിരഞ്ജൻ അവിടെയുള്ള ഒരു സർവിംഗ് ഗേളിനെ വിളിച്ചു.

“ഗുഡ് നൂൺ സാർ….., ഓർഡർ എന്താണ് സാർ…..”

“ആഹ്…. എനിക്ക് ഒരു ബ്ലൂബെറി സ്കൂപ്പ്, ആൻഡ് ഒരു ഡാർക്ക്‌ ചോക്ലേറ്റ് കൂടി. ദെൻ രണ്ട് പീസ് ക്യാരറ്റ് കേക്ക് കൂടി….. ഉണ്ടല്ലോ അല്ലേ….”

ഇങ്ങേർക്ക് ക്യാരറ്റ് വിട്ടൊരു പരിപാടിയും ഇല്ലേ ദൈവമേ…. അനു കുനിഞ്ഞിരുന്നു ചിന്തിച്ചു.

“യെസ് സാർ…, മാഡത്തിന് വേറെന്തെങ്കിലും…… ഹേയ് അനൂ…. അനൂ നീ എന്താ ഇവിടെ….?”

പരിചയമുള്ള ഒരു സ്വരം കേട്ടതും അനു തലയുയർത്തി നോക്കി, ആളെ കണ്ടു അവളൊന്നു ഞെട്ടി. കുറച്ചു നിമിഷത്തേക്ക് അവൾക്ക് സ്വയം നിയന്ത്രണം വിട്ടുപോയിരുന്നു.

“പ്രിയാ……..”

അനു എഴുന്നേറ്റു ആ പെൺകുട്ടിയെ കെട്ടിപിടിച്ചു, നിരഞ്ജൻ ഒന്നും മനസിലാവാതെ അവരെ തന്നെ മാറി മാറി നോക്കിയിരിക്കുകയായിരുന്നു. നിരഞ്ജന്റെ ഓർഡർ മറ്റൊരു പയ്യനെ ഏല്പിച്ചു പ്രിയ അനുവിനെയും കൂട്ടി മാറിയിരുന്നു, അനുവിന്റെ ക്ലാസ്മേറ്റ്‌ ആണ് പ്രിയ, അവളുടെ അച്ഛൻ ആണ് ആ പാർലറിന്റെ ഉടമ, ക്ലാസ്സ്‌ ഇല്ലാത്ത ദിവസങ്ങളിൽ പ്രിയ അച്ഛനെ ഹെല്പ് ചെയ്യാൻ ഷോപ്പിൽ വരാറുണ്ട്. അനു നടന്നതൊക്കെ പ്രിയയോട് തുറന്നു പറഞ്ഞു,

“എന്തായാലും നിന്റെ തീരുമാനം ആയിരുന്നു ശരി, അർജുൻ ഒരിക്കലും നീ വിചാരിച്ച പോലൊന്നും ആയിരുന്നില്ല.”

അനു ഒന്നും മനസിലാകാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.

“അതേ അനൂ… അവന് വേറെയും ഒരുപാട് പേരുമായി റിലേഷൻ ഉണ്ട്, പോരാത്തതിന് അവന്റെ പേരിൽ ഇപ്പൊ ഒരു കേസ് കൂടി ആയിട്ടുണ്ട്. മാനേജ്മെന്റ് അവനെ പുറത്താക്കണം എന്നുള്ള തീരുമാനത്തിൽ ആണ്….

കോളേജിൽ അധികം ആരും ഇതിനെപറ്റി വലുതായി അറിഞ്ഞിട്ടില്ല, ഞാൻ കോളേജ് ചെയർമാൻ പറഞ്ഞാ അറിഞ്ഞത്…..”

“വിനായക് ചേട്ടൻ ആണോ…. അയാൾ എന്തിനാ നിന്നോട് പറഞ്ഞത്…..?”

“നീ അർജുനും ആയി കമ്മിറ്റ് ആയ ഗ്യാപ്പിൽ ഞങ്ങൾ ഒന്ന് അടുത്തായിരുന്നു, വിനുവേട്ടൻ നിന്നോട് പറയാനാ പറഞ്ഞത്,

ഞാൻ നിന്റെ നമ്പറിൽ കുറെ വിളിച്ചു, സ്വിച്ച്ഓഫ്. പിന്നെ ദൈവാ നിന്നെ ഇപ്പൊ എന്റെ കണ്ണിൽ കാട്ടിയതും…. എല്ലാം വിധി, ആ വിധി നല്ലതിനും….”

അനുവിന് ഒന്നും വിശ്വസിക്കാൻ ആവുമായിരുന്നില്ല. അവൾ തിരികെ നിരഞ്ജന്റെ അരികിൽ വന്നിരുന്നു, അവൻ എന്തൊക്കെയോ ചോദിക്കുന്നുണ്ടെങ്കിലും അനുവിന് മറുപടി ഒന്നും പറയാൻ കഴിഞ്ഞില്ല.തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഐസ്ക്രീം ആണ് ഓർഡർ ചെയ്തത്, പക്ഷെ കഴിക്കാൻ പോലും പറ്റുന്നില്ല. നെഞ്ചിൽ എന്തോ ഭാരം കയറ്റിവച്ച പോലെ.

പ്രിയക്ക് നമ്പർ കൂടി കൊടുത്തിട്ടാണ് അവർ ഷോപ്പിൽ നിന്ന് ഇറങ്ങിയത്, കൂടെ ഒരു ഫാമിലി പാക്ക് ഐസ്ക്രീമും ഒരു ക്യാരറ്റ് കേക്ക് വാങ്ങാനും മറന്നില്ല നിരഞ്ജൻ.

വീട്ടിലേക്ക് പോകുന്ന വഴിയിൽ അനു തീവ്രമായ ചിന്തയിൽ ആയിരുന്നു, പെട്ടെന്നാണ് അവൾ നിരഞ്ജനോട് വണ്ടി നിർത്താൻ പറഞ്ഞത്.

പ്രിയ തന്നോട് പറഞ്ഞതൊക്കെ അവൾ അവനോട് പറഞ്ഞു, ആരോടെങ്കിലും മനസ്സ്തുറന്നു സംസാരിക്കണം എന്ന് അവൾ തീവ്രമായ് ആഗ്രഹിക്കുന്നുണ്ടായിരുന്നു. പറഞ്ഞു തീർന്നതും കരഞ്ഞു പോയി അവൾ,

“ഒരു അരകിലോമീറ്റർ കൂടി കഴിഞ്ഞാൽ ഇവിടുത്തെ ബീച്ച് ആണ്, ഒന്ന് നടന്നിട്ട് വന്നാലെന്താ….”

നിരഞ്ജന്റെ ചോദ്യത്തിന് അവൾ തലയാട്ടി. കാർ പാർക്ക് ചെയ്തു രണ്ടുപേരും നടക്കാനിറങ്ങി. കടൽതീരത്തു കൂടി നടക്കുമ്പോൾ അലകളുടെ ശബ്ദവും കാറ്റും കാലിൽ വന്നു തൊട്ടുരുമ്മുന്ന തിരകളും… നിരഞ്ജനും അനുവും ഒരു മണൽതിട്ടമേൽ ഇരുന്ന് അഗാധതയിലേക്ക് നോക്കിയിരുന്നു……..

“ലോകത്തിൽ ഇന്നോളം ഒന്നുചേരില്ല എന്നറിഞ്ഞിട്ടും പ്രണയിക്കുന്നവരാണ് ഈ തിരയും തീരവും, പരാതികളും പരിഭവങ്ങളുമില്ലാതെ…..”

കാക്കിക്കുള്ളിൽ നിന്നും സാഹിത്യം പൊഴിയുന്നത് കേട്ടപ്പോൾ അനു കണ്ണുംതുറിച്ചു നിരഞ്ജനെ നോക്കി, ഇങ്ങേർക്ക് ഇങ്ങനെയൊക്കെയും വർത്താനം പറയാൻ അറിയാരുന്നുല്ലേ.

“നിന്റെ ഫ്രണ്ട് പറഞ്ഞത് വച്ചു നോക്കുവാണേൽ നീ പ്രേമിച്ചത് ഒരു കോഴിയെ ആണ്,

ആ ഗിരിരാജനെ ഓർത്താണ് നീ ഈ മോങ്ങണതെങ്കി വെറും പാഴാ അമ്മൂ….”

നിരഞ്ജൻ പറഞ്ഞതാണ് ശരിയെന്നു അനുവിനും തോന്നി. എങ്കിലും അർജുനെയും അവനോടൊപ്പമുള്ള നല്ല നിമിഷങ്ങളും അവൾക്ക് മറക്കുവാൻ ആകുമായിരുന്നില്ല.

പക്ഷെ…. ഇനിയെന്തായിരുന്നാലും തന്റെ ജീവിതം ഇനി അർജുനൊപ്പം അല്ല, ഇനിയൊരിക്കലും അർജുൻ തന്റെ ലൈഫിൽ വരികയും ഇല്ല. അനു കണ്ണുകൾ അമർത്തി തുടച്ചു നിരഞ്ജനെ നോക്കി,

“പ്രോമിസ്… ഇനി ഞാൻ ആ കാര്യം ഓർത്തു കരയില്ല….”

“ഷുവർ….”

“യെസ് ഷുവർ…..”

അവന്റെ കൈകളിൽ കൈചേർത്ത് അനു അവന് വാക്ക് കൊടുത്തു, പുതിയ ജീവിതത്തിലേക്ക് പുതിയ അനുവായി തുടരണം എന്നുള്ള ആദ്യ ശപദം…….

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

വീട്ടിലെത്തിയപ്പോൾ സന്ധ്യയാകാൻ തുടങ്ങിയിരുന്നു, വീട് പൂട്ടികിടക്കുന്ന കണ്ടാണ് നിരഞ്ജൻ അമ്മയെ വിളിച്ചത്.

“അച്ഛൻപെങ്ങടെ വീട്ടിൽ പോയേക്കുവാണെന്ന്… വരാൻ നേരം വൈകുംത്രെ… ”

നിരഞ്ജൻ അനുവിന്റെ കൈയിൽ ഐസ്ക്രീം പാക്കറ്റ് കൊടുത്ത് ചെടിചട്ടിയിൽ നിന്ന് താക്കോൽ എടുത്തു വാതിൽ തുറന്നു. അനു കേക്കും ഐസ്ക്രീമും ഫ്രിഡ്ജിൽ കൊണ്ടുപോയി വച്ചു.

“ചായ വേണോ….?”

അനു ടീവിക്ക് മുന്നിലിരിക്കുന്ന നിരഞ്ജനെ നോക്കി ചോദിച്ചു.

“കട്ടൻ മതി…ഒരു പ്ലേറ്റ് കൂടി ഇങ്ങോട്ടെടുത്തോ…”

അനു കട്ടൻ രണ്ട് മഞ്ഞകപ്പിലാക്കിയെടുത്ത് ഒരു പ്ലേറ്റും എടുത്തു നിരഞ്ജനോടൊപ്പം സോഫയിൽ വന്നിരുന്നു. അവളുടെ കൈയിൽ നിന്ന് പ്ലേറ്റ് വാങ്ങി കൈയിൽ ഉണ്ടായിരുന്ന പാക്കറ്റിൽ നിന്ന് ഉണ്ണിയപ്പം നിരത്തി വച്ചു.

“നീ തിന്നാത്തത് കൊണ്ട് ഞാൻ അങ്ങ് പൊതിഞ്ഞെടുത്തു, നീ എന്തായാലും സങ്കടത്തിൽ അല്ലേ… എന്തിനാ ഉണ്ണിയപ്പം വേസ്റ്റ് ആക്കണേ……”

അവൾ കൈനീട്ടി പത്രത്തിൽ നിന്നൊരു ഉണ്ണിയപ്പം എടുത്തു ആസ്വദിച്ചു തിന്നുന്നത് കണ്ടു നിരഞ്ജൻ ചോദിച്ചു.

“അല്ല നീ സങ്കടത്തിൽ ആണെന്ന് പറഞ്ഞിട്ട്…..”

“ഉണ്ണിയപ്പത്തിൽ എന്തോന്ന് സങ്കടം….”

“ആ അതും ശരിയാണ്….”

“ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ…..”

“മ്മ്മ് ചോദിച്ചോളൂ….”

“ഏട്ടന്റെ അച്ഛ…..”

“നീ അമ്മയോട് ചോദിച്ചിരുന്നോ ഇത്….?”

“ഇല്ല….”

“അതേതായാലും നന്നായി ചോദിക്കാഞ്ഞത്…., അച്ഛൻ നാല് വർഷം മുന്നേ പോയി…..ഹാർട്ട് അറ്റാക്ക് ആയിരുന്നു…..”

“സോറി……”

“ഇറ്റ്സ് ഓക്കെ…”

“ഈ കപ്പിൽ എന്തോ കഥ ഉണ്ട് പിന്നീട് പറഞ്ഞു തരാം ന്ന് പറഞ്ഞിട്ട്…..”

അനു വിഷയം മാറ്റാനായി കപ്പിന്റെ കാര്യം എടുത്തിട്ടു.

“അതോ… അത് വേറൊന്നൂല്ല, ഈ കപ്പ് ഞാൻ വേറൊരാൾക്ക് വേണ്ടി വാങ്ങിയതാ… പിന്നെ അതൊരു വാശിയായി… ഇപ്പൊ താൻ ഇതിൽ ചായ കുടിക്കുന്നത് ആ വാശിയാടോ…..”

“അതാരാ…..”

“സമീറ…..”

“സമീറയോ…..?”

അപ്പോഴേക്കും കാളിങ് ബെൽ മുഴങ്ങി, അനുവിന് കഥ മുഴുവനും കേൾക്കാൻ പറ്റാത്തതിൽ നിരാശ തോന്നി. അച്ഛൻപെങ്ങടെ വീട്ടിൽ നിന്ന് അമ്മയും പിള്ളേരും വന്നിരുന്നു. വൈകുന്നേരത്തേ ഭക്ഷണം ഉണ്ടാക്കലും വിശേഷം പറയലുമൊക്കെയായി അനു തിരക്കുകളിൽ മുഴുകി.

💛💛💛💛💛💛💛💛💛💛💛💛

അത്താഴം കഴിഞ്ഞു പാത്രമൊക്കെ കഴുകി വച്ച് അനാമിക നേരത്തെ മുറിയിലേക്ക് പോയി, ലാപ്ടോപ്പിൽ കാര്യമായി എന്തോ പരതിക്കൊണ്ടിരിക്കുകയായിരുന്നു നിരഞ്ജൻ അപ്പോൾ. കാര്യമായ ടെൻഷനിൽ ആണെന്ന് അവന്റെ മുഖഭാവം വ്യക്തമാക്കുന്നുണ്ടായിരുന്നു.

“എന്തുപറ്റി……?”

അനു ചോദിച്ചു,

“ഒന്നൂല്ല, കേസ്ന്റെ ടെൻഷൻ ആണ് വേറെ പ്രശ്നം ന്നും ഇല്ല….”

അവൻ കണ്ണുകൾ വിരലുകൊണ്ട് അമർത്തി തിരുമികൊണ്ട് അനുവിനോട് ചോദിച്ചു.

“നല്ല തലവേദന ണ്ട്… ഒരു ചായ കിട്ടോ….?”

“ഈ നേരത്ത് ചായ കുടിച്ചാൽ ഉറക്കം പോവോള്ളൂ…”

“തലവേദനയാടോ…..”

“ശരി, ഞാൻ എടുത്തു വരാം….”

താഴേക്ക് പോയ അനു 5 മിനിറ്റ് കഴിഞ്ഞപ്പോൾ കട്ടനും ഒരു ചെറിയപിഞ്ഞാണപാത്രവുമായി വന്നു. കട്ടൻ വാങ്ങി ഊതികുടിച്ചു കൊണ്ട് നിരഞ്ജൻ അവളോട് ചോദിച്ചു,

“എന്താ ഈ പാത്രം….?”

“ചായ കുടിക്ക് എന്നിട്ട് പറയാം….”

ചായ കുടിച്ചു കഴിഞ്ഞ് അവന്റെ കൈയിൽ നിന്നും കപ്പ് വാങ്ങി മേശമേൽ വച്ചു. തലയിണ കട്ടിലിൽ ചുവരിനോട്‌ ചാരി വച്ചു നിരഞ്ജനെ ചാഞ്ഞു കിടക്കാൻ പറഞ്ഞു അനു. അവൻ അവളുടെ മുഖത്തേക്ക് നോക്കി എന്തിന് എന്നുള്ള ഭാവത്തിൽ നോക്കി.

അനു അവന്റെ കൈയിൽ നിന്നും ലാപ്ടോപ് വാങ്ങി ഓഫ് ആക്കി മാറ്റി വച്ചു അവനെ ചാഞ്ഞു കിടത്തി. പിഞ്ഞാണപാത്രത്തിൽ കൊണ്ട്വന്ന ഐസ് വാട്ടറിൽ മുക്കിയ പഞ്ഞി നിരഞ്ജന്റെ കൺപോളകളിൽ വച്ചു കൊണ്ട് പറഞ്ഞു.

“എപ്പോഴും സ്‌ക്രീനിൽ നോക്കി ഇരിക്കുന്ന കൊണ്ടാ തലവേദനിക്കുന്നെ…., ഉറങ്ങിക്കോ നാളെ നോക്കാം ഇനി കേസും കുന്ത്രാണ്ടവും ഒക്കെ, ഉറക്കം വന്നപ്പോൾ അനു ലൈറ്റ് അണച്ചുകിടന്നു.

 

റൂമിൽ ടേബിൾ ലാമ്പിന്റെ അരണ്ട വെളിച്ചം, അനു ഉറങ്ങാതെ കണ്ണുതുറന്നു കിടക്കുകയാണ്. അപ്പോഴാണ് നിരഞ്ജൻ അവളെ തട്ടി വിളിച്ചത്.

“തനിക്ക് ബുദ്ധിമുട്ടില്ലെങ്കിൽ എന്റെ തലയൊന്നു മസ്സാജ് ചെയ്തു തരാവോ…?”

പറ്റില്ലെന്ന് പറയാൻ തോന്നിയില്ല അവൾക്ക്, എഴുന്നേറ്റു നിരഞ്ജന്റെ അടുത്തേക്ക് വന്ന അവൾക്ക് പാകത്തിന് നീങ്ങി കിടന്നു അവൻ.

ബെഡിൽ അവന്റെ സമീപം ഇരുന്ന അനു നിരഞ്ജന്റെ ഇരുചെവിയുടെ സൈഡിൽ കൂടി വിരലുകൾ കൊണ്ട് മൃദുവായി മസാജ് ചെയ്തു കൊടുത്തു. മുടിയിഴകൾക്കിടയിലൂടെ ആർദ്രമായി അവൾ വിരലുകളോടിക്കുമ്പോൾ അവൻ കണ്ണുകളടച്ചു കിടക്കുകയായിരുന്നു.

വേഗത്തിൽ തന്നെ അവൻ ഉറങ്ങിപ്പോയി, തലവേദനയുടെ കാഠിന്യം കൊണ്ടാവാം. എന്നിട്ടും അവൾ അവന്റെ നെറുകയിൽ വെറുതെ തലോടി,

പെട്ടന്നവൻ അനുവിന്റെ മടിയിലേക്ക് തലചേർത്ത് വച്ചു കിടന്നപ്പോൾ അക്ഷരാർഥത്തിൽ അവൾ ഞെട്ടിപ്പോയി. അനുവിന് എന്തെന്നറിയില്ല, എന്തോ ഒരാന്മബന്ധം നിരഞ്ജനോട് തോന്നി. ശാന്തമായി ഉറങ്ങുന്ന അവന്റെ മുഖത്തേക്ക് നോക്കി എത്രയോ നേരം ഉറക്കമൊഴിഞ്ഞിരുന്നു അനാമിക.

അപ്പോഴാണ് ഫോൺ വൈബ്രേറ്റ് ചെയ്തത്, അവൾ ഫോൺ സ്ക്രീനിലേക്ക് നോക്കി, പ്രിയയാണ്. അനു നിരഞ്ജനെ പയ്യെ മടിയിൽ നിന്നിറക്കി തലയിണ ചേർത്ത് വച്ച് അവൾ ഫോണുമെടുത്ത് ബാൽക്കെണിയിലേക്കിറങ്ങി. ബാൽക്കെണിവാതിൽ ക്ലോസ് ചെയ്തിട്ടാണ് അവൾ കാൾ അറ്റൻഡ് ചെയ്തത്.

“ഹലോ…..”

അവൾ പതിഞ്ഞ സ്വരത്തിൽ സംസാരിച്ചു.

“ഹലോ ഡീ ഞാൻ ഇപ്പോഴാ ഷോപ്പീന്ന് വന്നേ… ബുദ്ധിമുട്ടായോ….”

“ഏയ്‌ ഇല്ലാടി… നീ പറയ്….”

“നീ എന്താ അനു കുശുകുശുക്കുന്നെ…. ഹസ്ബൻഡ് ചീത്ത പറയോ….”

“ഏയ്‌ അതല്ലാടി… പുള്ളിക്കാരന് നല്ല സുഖമില്ല, ഉറങ്ങിക്കോട്ടെ ന്ന് കരുതി…”

“ആഹ് അതെയോ…. അതൊക്കെ പോട്ടെ എങ്ങനെയുണ്ട് ആഫ്റ്റർ മാര്യേജ് ലൈഫ് ഒക്കെ, നീ ഹാപ്പി ആണോ….”

“ആയല്ലേ പറ്റൂ….”

“നിന്റെ ഹസ്ബൻഡും വീട്ടുകാരും….?”

“ആ കാര്യത്തിൽ ഞാൻ ലക്കിയാ പ്രിയാ….”

“പിന്നെ നിനക്കെന്തിന്റെ കുരുവാ…. നീ ഇനി എന്നാ കോളേജിലേക്ക്….”

“ഞാനിനിയില്ലെടി…. എനിക്കിനി വയ്യ…..”

“കോപ്പ്…. നിനക്കെന്താ മനസികമായിട്ട് പ്രാന്താണോ… നിന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹാ ഇതെന്ന് നീ എന്തോരം വട്ടം എന്നോട് പറഞ്ഞിട്ടുണ്ട്, അതിനൊക്കെ നീ അല്പമെങ്കിലും വില കൽപ്പിക്കുന്നെങ്കി അടുത്താഴ്ച തൊട്ട് നീ ക്ലാസ്സിന് വാ….”

“ശ്രമിക്കാടി…..”

“ശ്രമിക്കാം ന്നല്ല, നീ വരണം, വരും… ഇല്ലെങ്കിൽ ഞാൻ നിന്റെ മാപ്പളെടെ വീട്ടിലേക്കൊരു വരവ് വരും…..”

അനു ചിരിച്ചു കൊണ്ട് പറഞ്ഞു,

“ഞാൻ വരാടി…”

“എന്നാ നിനക്ക് കൊള്ളാം, എന്നാ ശരിയാടി നീ പോയ്‌ ഉറങ്ങിക്കോ… ഗുഡ് നൈറ്റ്‌..”

“ഗുഡ് നൈറ്റ്‌…”

കാൾ കട്ട്‌ ചെയ്തു മുറിയിലേക്ക് വന്ന അനു നിരഞ്ജനെയൊന്ന് നോക്കി. നല്ല ഉറക്കത്തിലാണ്, അവൾ ബെഡ്ഷീറ്റ് എടുത്തു പുതപ്പിച്ചു. കിടന്നിട്ടും ഏറെ നേരം കഴിഞ്ഞാണ് അവൾ ഉറങ്ങിയത്, പക്ഷെ അവൾ വാതിൽ സാക്ഷയിടാൻ മറന്നിരുന്നു.

💚 തുടരും 💚