19/04/2026

കൂട്ടുകാരിയുടെ മകളുടെ കല്യാണമാണ് നാളെ .. ഒരേ ബെഞ്ചിലിരുന്ന് പഠിച്ചവർ.. കോളേജ് പഠനത്തിന് ശേഷം പലവഴി പിരിഞ്ഞു പോയവർ .

രചന – ബിന്ദു

ക്ഷണിക്കാത്ത കല്ല്യാണം
************ **********

കൂട്ടുകാരിയുടെ മകളുടെ കല്യാണമാണ് നാളെ .. ഒരേ ബെഞ്ചിലിരുന്ന് പഠിച്ചവർ.. കോളേജ് പഠനത്തിന് ശേഷം പലവഴി പിരിഞ്ഞു പോയവർ . ബന്ധങ്ങൾ വീണ്ടും തളിർത്തു തുടങ്ങിയത് കോളേജ് റീ യൂണിയൻ കഴിഞ്ഞതിനു ശേഷമായിരുന്നു ..

അവൾ പ്രത്യേകം വിളിച്ചതാണ് അതുകൊണ്ട് തന്നെ പോകാതിരിക്കാനാവില്ല.. നാളെ കുടുംബത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒരു ചടങ്ങുള്ളത് കൊണ്ട് ഇന്ന് ഒന്ന് പോയി വരാമെന്ന് കരുതി ..

വീട്ടിൽ നിന്നിറങ്ങുമ്പോ ഫോൺ എടുക്കാൻ മറന്നു പോയിരുന്നു..
അവളുടെ വീട്ടിൽ ഇത് ആദ്യമായാണ് പോകുന്നത്..

ബസ്സ് ഇറങ്ങിയ ശേഷം ഒരു ഓട്ടോ പിടിച്ചാൽ മതി എന്നവൾ പറഞ്ഞിരുന്നു . അതുകൊണ്ട് തന്നെ ആദ്യം കണ്ട ഓട്ടോയിൽ കയറി.” ഇവിടെ അടുത്തൊരു കല്യാണം ഉണ്ടല്ലോ നാളെ.. ആ വീട്ടിലേക്കാണ് പോകേണ്ടത് “എന്ന് പറഞ്ഞപ്പോൾ “നാളെ ഇതിനടുത്ത് രണ്ട് കല്യാണങ്ങൾ ഉണ്ടല്ലോ ചേച്ചീ അതിൽ ഏതു വീട്ടിലാണ് ”
“ഒരു ബീനയുടെ മോളുടെ കല്യാണമാണ്..എന്ന് പറഞ്ഞപ്പോൾ അറിയാമെന്ന അർത്ഥത്തിൽ അയാൾ തല കുലുക്കി..

ഓട്ടോ നേരെ അങ്ങോട്ടേക്ക് വിട്ടു.. കല്യാണ വീടെത്തുമ്പോ നേരം സന്ധ്യയോട് അടുത്തിരുന്നു.. ഒന്ന് തല കാണിച്ചിട്ട് വേഗം തിരിച്ചു പോരാമെന്ന് മനസ്സിൽ കരുതിക്കൊണ്ട് അവിടെ കയറി ചെന്നു..

അകത്തേക്ക് കയറിയെങ്കിലും അവളെ അവിടെയൊന്നും കണ്ടില്ല..കല്യാണപ്പെണ്ണിനെ കണ്ടു സംസാരിച്ചു… “മോളേ അമ്മയെ കണ്ടില്ലല്ലോ” എന്ന് ചോദിച്ചപ്പോൾ “അമ്മ ഇപ്പോ ഇവിടെ ഉണ്ടായിരുന്നു ആന്റീ.. ആരോ വിളിച്ചപ്പോ അകത്തേക്ക് പോയതാ..”
“ഒന്ന് അമ്മയോട് ഇങ്ങോട്ട് വരാൻ പറയ്യോ “എന്ന് കല്യാപ്പെണ്ണ് ഒരു സ്ത്രീയെ വിളിച്ചു പറയുകയും ചെയ്തു .

അതിനിടയിൽ ആരോ വന്ന് ഫുഡ്‌ കഴിക്കാൻ ഒഴിവുണ്ട്. തിരക്കുള്ളവർക്ക് ഇരിക്കാമെന്ന് പറഞ്ഞപ്പോൾ ആ സ്ത്രീ പറഞ്ഞു “എങ്കിൽ നിങ്ങള് ഭക്ഷണം കഴിക്കൂ.. അപ്പോഴേക്കും ഞാൻ അവളെ വിളിച്ചു കൊണ്ട് വരാമെന്ന് …”വേഗം തിരിച്ചു പോകേണ്ടത് കൊണ്ട് തന്നെ ഞാൻ ഭക്ഷണം കഴിക്കാൻ ഇരുന്നു..

ഭക്ഷണം കഴിച്ച് കൈകഴുകുമ്പോൾ അടുത്തു നിൽക്കുന്ന രണ്ടു സ്ത്രീകൾ പറയുന്നത് കേട്ടു ..
“ബീനയെ പോലെ തന്നെയാ മോളും അല്ലേ .. നോക്കിയേ ..”

അപ്പോഴാണ് സ്റ്റേജിലേക്ക് ഞാനും നോക്കിയത്. അവിടെ ഫാമിലി ഫോട്ടോ എടുക്കുന്നു . പെണ്ണിന്റ അമ്മയെ കണ്ടപ്പോഴാണ് ശരിക്കും ഞെട്ടിയത്. ഈശ്വരാ അതേത് ബീന?സ്റ്റേജിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സ്ത്രീ ..ഇത് എന്റെ കൂട്ടുകാരി ബീന അല്ലല്ലോ …

അപ്പൊ ഓട്ടോക്കാരന്റെ ചോദ്യം ഓർമ്മയിൽ വന്നു . ഇവിടെ രണ്ട് കല്യാണമുണ്ട് നാളെ ..അതിൽ ഏതു വീടാ…?”

ഈശ്വരാ .. ഇതും ഒരു ബീനയുടെ
മകൾ ആയിരുന്നോ .

എനിക്ക് വീട് മാറിയിരിക്കുന്നു .. ഒരുനിമിഷം ഞാൻ പതർച്ചയോടെ നിന്നുപോയി..

അപ്പോഴാണ് ഞാൻ ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. നേരത്തെ ബീനയെ തിരക്കിപ്പോയ ആ സ്ത്രീ എന്നെയും നോക്കി വരുന്നു.. ഇനിയെന്ത് ചെയ്യും?

പെട്ടന്ന് എന്റെ മനസ്സ് എന്നോട് മന്ത്രിച്ചു.. എസ്‌കേപ്പ്…

പിന്നൊന്നും ഞാൻ നോക്കിയില്ല… അവരുടെ കണ്ണു വെട്ടിച്ച് ഞാൻ എങ്ങനെയോ പുറത്തു കടന്നു..

ആരെങ്കിലുംഎന്നെ ശ്രദ്ധിക്കുന്നതിനു മുന്നേ അവിടെ നിന്നിറങ്ങി ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടിൽ അതുനടുത്തുള്ള എന്റെ കൂട്ടുകാരി ബീനയുടെ കല്യാണ വീട് ലക്ഷ്യമാക്കി ഞാൻ വേഗത്തിൽ നടന്നു.