The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – പ്രീത സുധിർ
വിവാഹം
…………….
ഇന്നു എന്റെ വിവാഹമാണ്.. ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും സ്വപ്നതുല്യമായ മുഹൂർത്തങ്ങൾ അരങ്ങേറുന്ന
ദിനം… പക്ഷേ എനിക്ക്….? ഈ കണ്ണാടിയുടെ മുന്നിൽ അണിഞ്ഞു ഒരുങ്ങാൻ നിൽക്കുന്ന നീ ആരാണ്.? വേണി….
ഇന്നലെ വരെ തന്റെ പ്രിയപ്പെട്ടവൻ ഉച്ചരിച്ച ആ പേര് ഇന്നു മുതൽ വേറെ ആരോ ഉച്ചരിക്കാൻ പോകുന്നു. അതേ അധികാരത്തോട് കൂടി.തന്റെ മനസ്സിന്റെ ശരീരത്തിന്റെ… വേണി എന്ന വ്യക്തിയുടെ ഓരോ പരമാണുവിന്റെ സമ്മതം പോലും ഇല്ലാതെ നടക്കാൻ പോകുന്ന വിവാഹം.
മേശപ്പുറത്തിരുന്ന മുല്ലമാലയിലേക്കു നിറകണ്ണുകളോടെ നോക്കി.ചിരിച്ച മുഖത്തോടെ സന്തോഷത്തോടെ ഞാൻ അണിയാറുള്ള മുല്ലപ്പൂക്കൾ… മുല്ലപ്പൂക്കൾ പോലും കരയുന്നുവോ? സുഗന്ധമില്ലാതെ വാടി പോയ തന്റെ സ്വപ്നങ്ങൾ പോലെ.
ഒരു പക്ഷേ തന്റെ ജീവിതത്തിലെ ഓരോ സ്വപ്നങ്ങളും അഗ്നിയിൽ ഹോമിച്ചിട്ടായിരിക്കും ഓരോ പെൺകുട്ടികളുടെയും കഴുത്തിൽ താലി വീഴുന്നത്.
അഗ്നി സാക്ഷിയാണ്.മൂക സാക്ഷി.തന്റെ സ്വപ്നങ്ങൾ ഹോമിക്കുന്ന ആ അഗ്നിയെ വലം വച്ചാണ് ഞാൻ വിവാഹിതയാവേണ്ടത്..
അഞ്ചു വർഷം തന്റെ മനസ്സിൽ കൊണ്ടു നടന്ന പ്രണയത്തെയാണ് ഹോമിക്കുന്നതു.. ഹൃദയം വിങ്ങുന്നു.പിടയുന്നു.
അമ്മ ഗർഭം പേറി പ്രസവിച്ച കണക്കു പറഞ്ഞു.അച്ഛൻ വളർത്തിയ കണക്കുകൾ നിരത്തി.ഏട്ടൻ അഭിമാനത്തിന്റെ കണക്കുകൾ ചൂണ്ടികാണിച്ചു.
എന്റെ സ്വപ്നങ്ങളുടെ സ്നേഹത്തിന്റെ ജീവിതത്തിന്റെ കണക്കുകൾ എവിടെയും കണ്ടില്ല.തോൽവി സമ്മതിച്ചു മടങ്ങി.
കഴുത്തിലെ മനോഹരമായ ആ വെളുത്ത മണിമാലയിൽ കൈകൾ പരതി. പ്രണയത്തിന്റെ മനോഹരമായ നിമിഷങ്ങളിൽ എപ്പോഴോ ആദി സമ്മാനിച്ചതാണ്. തന്റെ ഹൃദയത്തിൽ ആണ് അതു ചേർന്നു കിടന്നതു.. ഇന്നത് അഴിച്ചു മാറ്റണം. ഇന്നലെ ഉമേച്ചി പറഞ്ഞു. “വേണി നീ അതു അഴിച്ചു മാറ്റി വേറെ മാല എടുത്തിട്.. “അഴിച്ചു മാറ്റാൻ തോന്നിയില്ല.. ഒരു രാത്രി കൂടി അതവിടെ കിടക്കട്ടെ…
ആദി…
എന്നായിരുന്നു അവൻ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്.. ജൂണിലെ ഒരു പെരുമഴയിൽ ബസ്സ് സ്റ്റോപ്പിൽ നനഞ്ഞു നിന്ന എന്റെ അരികിൽ അവനുണ്ടായിരുന്നു… പരസ്പരം നോക്കിയപ്പോൾ ഇതു വരെ ജീവിതത്തിൽ അനുഭവിച്ചിട്ടിലാത്ത ഏതോ ഒരു വികാരം ഹൃദയത്തിൽ അനുഭവപെട്ടു.. മടങ്ങാൻ അനുവദിക്കാതെ മനസ്സും കണ്ണുകളും…
ഒരേ കോളേജ്… ആദി സീനിയർ ആയിരുന്നു.. കോളേജിന്റെ നീണ്ട വരാന്തകളിൽ ഞങ്ങൾ പരസ്പരം കണ്ടു മുട്ടി.. എന്റെ ക്ലാസ്സ് റൂമിന്റെ മുന്നിൽ അവന്റെ സാന്നിധ്യം ഞാൻ അറിഞ്ഞു….ഒരു ദിവസം “തന്നെ എനിക്കിഷ്ടമാണ് വേണി “എന്ന് പറഞ്ഞപ്പോൾ അവന്റെ മുന്നിൽ നിന്നും പരിഭ്രമിച്ചു ഓടി മറഞ്ഞു…. എന്തിനെന്നറിയാതെ എന്റെ മനസ്സ് പിടച്ചു കൊണ്ടിരുന്നു…
പിന്നെ പിന്നെ എനിക്ക് മനസ്സിലായി ഞാൻ അവനെ സ്നേഹിച്ചു പോകുന്നുവെന്ന്… ഒരു വർഷത്തിന് ശേഷമാണ് അവന്റെ ഇഷ്ടത്തിന് മുന്നിൽ ഞാൻ തോറ്റു കൊടുക്കുന്നത്…
പിന്നീട് പ്രണയത്തിന്റെ മനോഹരമായ നാളുകൾ… എന്നിലേക്ക് പുലരിയിൽ സൂര്യരശ്മികൾ കടന്നു വന്നത് അവന്റെ മുഖത്തെ ഓർമിപ്പിച്ചു കൊണ്ടായിരുന്നു…. രാത്രികളിൽ കണ്മിഴികളിൽ നിദ്ര വന്നണഞ്ഞത് അവന്റെ സ്വപ്നങ്ങൾ കണ്ടു കൊണ്ടായിരുന്നു…. അവന്റെ ഇഷ്ടങ്ങൾ എന്റേതായി മാറി… അവൻ നടന്ന വഴിയിൽ എന്റെ കാൽപാദങ്ങൾ പതിഞ്ഞിരുന്നു…
ഒരു വാക്ക് കൊണ്ടോ നോക്കു കൊണ്ടോ കളങ്കമില്ലാത്ത സ്നേഹം… പക്ഷേ എന്നോട് അവനു സ്വാർത്ഥത നിറഞ്ഞ സ്നേഹമായിരുന്നു എന്ന് തോന്നി പോകാറുണ്ട്.. എന്നിലേക്ക് പാറി വീഴുന്ന നോട്ടങ്ങളെ അവനെ അസ്വസ്ഥനാക്കുമായിരുന്നു…
ഇടയ്ക്കിടെ പിണക്കങ്ങൾ…. ഇണക്കങ്ങൾ…
അവനിൽ നിന്നും എനിക്ക് കിട്ടാറുള്ള ചെറിയ സമ്മാനങ്ങൾ ഞാൻ സൂക്ഷിച്ചു എടുത്തു വച്ചിരുന്നു…
ക്യാമ്പസുനുള്ളിലെ ഗുൽമോഹർ പൂക്കളുടെ ചുവപ്പിന് ഞങ്ങളുടെ പ്രണയത്തിന്റെ നിറമാണെന്ന് തോന്നുമായിരുന്നു…. ആ പൂക്കൾക്കിടയിലൂടെ ഞങ്ങൾ നടന്നു നീങ്ങി…
ഇടയ്ക്കു അവൻ വീടിന്റെ ഇടവഴികളിൽ എന്നെ കാണാൻ കാത്തു നിൽക്കും… നെഞ്ചിടിപ്പോടെയാണ് അവനരികിൽ ഓടിയെത്തുക…. ആരെങ്കിലും കണ്ടാൽ എന്നുള്ള ഭയം… അവനു എന്നെ കാണാൻ തോന്നുമ്പോൾ ഓടി എത്തിയിരുന്നു…
വീട്ടിൽ അറിയാൻ അധികം താമസം ഉണ്ടായില്ല… വല്ലാത്തൊരു അവസ്ഥയായിരുന്നു വീട്ടിൽ..എല്ലാവരുടെയും കുറ്റപ്പെടുത്തൽ… അമ്മ വല്ലാതെ പകയോടെ പെരുമാറുന്നത് പോലെ തോന്നി …. ഒരു ദിവസം കൊണ്ടു വീട്ടിൽ ഞാൻ ഒറ്റപെട്ടു…
പലരുടെയും പല ഉപദേശങ്ങളും കാതിൽ പതിച്ചു… ഒരിക്കലും വീട്ടുകാർക്ക് അംഗീകരിക്കാൻ കഴിയാത്ത ബന്ധം. വീട്ടിൽ വിവാഹം പെട്ടെന്ന് നടത്താനുള്ള തീരുമാനം. ആരൊക്കെയോ വരുന്നു.. പോകുന്നു… ഇനി എന്ത്?
സ്വയം ഉരുകി തീരുന്ന അവസ്ഥ…
അവനെ ഒന്ന് കാണണം…
ഒടുവിൽ അവസാന കൂടി കാഴ്ച… നിറഞ്ഞ കണ്ണുകളോടെ ഞാൻ അവനോടു പറഞ്ഞു.”ആദി വീട്ടിൽ വരണം.. അച്ഛനോട് ഒന്ന് സംസാരിക്കണം.”
ആദി അസ്വസ്ഥനായിരുന്നു.
എന്റെ കൈ വിരലുകളിൽ അമർത്തി പിടിച്ചു കൊണ്ട് അവൻ പറഞ്ഞു.
“വേണി നീ കാത്തിരിക്കണം.. ഒരു അഞ്ചു വർഷം കഴിയാതെ നിന്നെ എന്റെ ജീവിതത്തിലേക്ക് കൊണ്ടു വരാൻ എനിക്ക് പറ്റില്ല… നമ്മൾ ഇത്രയും സ്നേഹിച്ചതല്ലേ… നിനക്കു കാത്തിരുന്നൂടെ… ഇപ്പോൾ എനിക്ക് വന്നു സംസാരിക്കാനുള്ള അവസ്ഥ ഇല്ല… നീ കാത്തിരിക്കണം… കാത്തിരുന്നേ പറ്റു.”
അവന്റെ സ്വരത്തിൽ വല്ലാത്ത വിങ്ങൽ എനിക്ക് അനുഭവപ്പെട്ടു…
“ഞാൻ ഒരു പെണ്ണാണ്… എനിക്ക് പിടിച്ചു നില്ക്കുന്നതിന് ഒരു പരിധിയുണ്ട് .. ഞാൻ കരഞ്ഞു തുടങ്ങി.”
ആ സമയത്തെ നിസ്സഹായാവസ്ഥയിൽ അവനും എന്റെ അവസ്ഥ മനസ്സിലാക്കാൻ പറ്റുന്നില്ലെന്ന് തോന്നിപോയി.”നീ വരണം… ഞാൻ കാത്തിരിക്കും.” അവസാനനിമിഷം വരെ… നീ വിളിച്ചാൽ ഞാൻ വരും… അതിനു മാറ്റമുണ്ടാവില്ല. വന്നില്ലെങ്കിൽ…” എന്റെ സ്വരം ഇടറി.”
നിന്നെ നഷ്ടപെടുന്നത് എനിക്ക് ചിന്തിക്കാൻ വയ്യാ.” അവന്റെ കണ്ണുകൾ നിറയുന്നു.ഒരു നിമിഷം..
അവൻ എഴുന്നേറ്റു.
കണ്ണുകളിലേക്കു നോക്കി. പിന്നെ നടന്നകന്നു.
ഒന്നും പറയാതെ എന്നിൽ നിന്നും അവൻ ഇറങ്ങി പോയി.ഹൃദയത്തിൽ ആഴത്തിലൊരു മുറിവേറ്റിരിക്കുന്നു. അങ്ങനെ തോന്നി പോയി.
പാവം അവന്റെ നെഞ്ചു പിടയുന്നത് ഞാൻ അറിയുന്നുണ്ട്. എന്നിട്ടും…. ഒന്നും ചെയ്യാൻ ആവാതെ. കണ്ണുനീരിൽ മറയുന്ന കാഴ്ചകളുമായി മടങ്ങി പോകുന്നു ഞാനും.
പിന്നീട് വീട്ടിൽ ബന്ധനസ്ഥയായ അവസ്ഥ.. ഒന്ന് കാണാനും മിണ്ടാനും പറ്റാതെ ദിനങ്ങൾ കഴിഞ്ഞു പോയി…
ഒടുവിൽ ഞാൻ ആ സത്യം ഞാൻ മനസ്സിലാക്കി.. എന്റെ വിവാഹം ഉറപ്പിച്ചിരിക്കുന്നു… എന്നോ എന്റെ മുന്നിൽ വന്നു പോയ ഒരു മുഖം.. അയാളെ ഞാൻ വിവാഹം കഴിക്കാൻ പോകുന്നു…. ഉരുകുന്ന മനസ്സുമായി ഞാൻ കാത്തിരുന്നു… അവൻ വരും…
എതിർത്തു നോക്കി… ഭക്ഷണം കഴിക്കാതെ കിടന്നു… ഒടുവിൽ അമ്മ എനിക്ക് മുന്നിലേക്ക് സാരിയിൽ തീർത്ത ഒരു കുരുക്കുമായി വന്നു… “നീ സമ്മതിച്ചില്ലെങ്കിൽ ഇതിൽ ഞാൻ കിടന്നാടും.”അമ്മയുടെ ഉറച്ച ശബ്ദം.ഭ്രാന്ത് പിടിക്കുന്ന അവസ്ഥ. മൗനമായി മുറിയിൽ കഴിഞ്ഞു കൂടി…
എന്റെ വിവാഹം നിശ്ചയിച്ചതറിഞ്ഞു അവൻ എന്നെ വിളിച്ചു… ആ സ്വരം കടുത്തിരുന്നു… നഷ്ടപ്പെടുന്ന ജീവന്റെ വേദന പോലെ വിറയർന്ന സ്വരം.”നീ എന്നെ ഉപേക്ഷിച്ചു പോകാണല്ലേ.”അവനിൽ കുറ്റപ്പെടുത്തലിന്റെ ധ്വനി.”എനിക്കു ആ മാല തിരികെ വേണം.”
അവന്റെ സംസാരം എന്നെ എന്തോ ദേഷ്യം പിടിപ്പിക്കുകയാണ് ചെയ്തതു.. “ഞാൻ തരാം.എല്ലാം തിരികെ തരാം.”വിങ്ങിപൊട്ടി കരഞ്ഞു കൊണ്ടു പറഞ്ഞു… ഫോൺ വച്ചു… പിന്നെ വിളിച്ചില്ല..
“നീ ആ മാല ഊരി വച്ചിട്ട് വേഗം ഒരുങ്ങാൻ നോക്കു.” ഉമേച്ചിയാണ്. ചിന്തകളിൽ നിന്നും ഉണർന്നു. കണ്ണു നിറയുന്നു… മാലയുടെ കൊളുത്തുരി താഴെ വച്ചു… അവന്റെ ആദ്യത്തെ സമ്മാനമാണ്…. അതിട്ട ശേഷം ഒരിക്കൽ പോലും ഊരിയിട്ടില്ല.. ആ വെളുത്ത മണികളിൽ സ്വർണം കെട്ടി ഇടണമെന്ന് മോഹിച്ചു.. മോഹങ്ങളെല്ലാം അഗ്നിയിൽ ഹോമിക്കാൻ പോവുകയാണ്…
വെറുതെ പുറത്തേക്കു നോക്കി… കല്യാണത്തിന്റ ഒരുക്കങ്ങൾ…ആദി വരുമോ…
അവസാനനിമിഷമെങ്കിലും എന്നെ വന്നു വിളിച്ചിരുന്നെങ്കിൽ….
വെറുതെ ഒരു പ്രതീക്ഷ…
ചുവന്ന പട്ടുസാരിയിൽ വിരൽ ഓടിച്ചു… ഒരു ചുവന്ന പട്ടു സാരിയുടുത്തു അവന്റെ കൈ പിടിച്ചു അഗ്നിയിൽ വലം വയ്ക്കുന്നത് ഞാൻ സ്വപ്നം കണ്ടിരുന്നു…. അവനും…
ഞാൻ ഒന്നുറക്കെ പൊട്ടികരഞ്ഞു…. തന്റെ പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കും മുൻപ് സ്വപ്നങ്ങൾ കണ്ണുനീരിൽ ഒഴുകിതീരട്ടെ…
പക്ഷേ എത്ര കാലം കഴിഞ്ഞാലും മനസിന്റെ ഒരു കോണിൽ ആദിയും ഞങ്ങളുടെ സ്വപ്നങ്ങളും നിറഞ്ഞു നിൽക്കും… സ്നേഹത്തിന്റെ എല്ലാ പവിത്രതയും കാത്തു സൂക്ഷിച്ചു തന്നെ ഞാൻ മറ്റൊരാളുടെതാകുന്നു….
എന്നിട്ടും എന്തോ എന്റെ കണ്ണുകൾ പുറത്തെ ഇടവഴികളിൽ അവനെ അന്വേഷിച്ചു കൊണ്ടിരുന്നു.എന്റേത് മാത്രമായിരുന്ന.. എന്നെ വിട്ടു അകന്നു പോയ ഒരു നിഴൽ.പ്രണയത്തിന്റെ ശവകുടിരത്തിൽ അവശേഷിക്കുന്ന എന്റെ സ്വപ്നത്തിന്റെ നിഴൽ.
എന്നിലെ പ്രാണൻ വേർപെടുന്ന നിമിഷം വരെ അതെന്നിൽ നഷ്ടമായ എന്റെ പ്രണയത്തിന്റെ ഓർമ്മയായി എന്നോട് ചേരട്ടെ..
ഇപ്പോഴും ഈ അവസാനനിമിഷവും എന്റെ കണ്ണുകൾ നിന്നെ അന്വേഷിക്കുന്നതെന്തേ…
വെറുതെ.. സത്യമാവില്ലെന്നറിഞ്ഞിട്ടും
മനസ്സ് വഴി തെറ്റി ഇടവഴിയിലെ കരിയിലകളിൽ അമരുന്ന ആ പാദങ്ങളുടെ സ്വരത്തിനായി കാതോർക്കുന്നുണ്ട്. വെറുതെ….