ജോയ്സി അടുക്കളയിൽ നിന്നും പോയി.

“വല്ലാത്ത കൈപ്പ് , കുറച്ചു പഞ്ചാര ഇട്ടു താ മോളേ..”

” പഞ്ചാര…അവിടെങ്ങാനും പോയിരുന്നു കുടിക്ക് തള്ളേ.. കാപ്പി തന്നതായോ ഇപ്പൊ കുറ്റം”

എന്നെ അവജ്ഞയോടെ നോക്കിയിട്ടു ജോയ്സി അടുക്കളയിൽ നിന്നും പോയി. വീട്ടുസാധാനങ്ങൾ വെയ്ക്കുന്ന അലമാര താഴിട്ടു പൂട്ടിവെച്ചിരിക്കുന്നത് നോക്കി നെടുവീർപ്പിട്ടു അടുക്കളയുടെ അരികിലുള്ള കൊച്ചുമുറിയിലേക്കു ഞാൻ നടന്നു.

മുറിയടച്ച ശേഷം കട്ടിലിനടിയിലെ കാർഡ്ബോർഡ് പെട്ടി വലിച്ചെടുത്തു. മുകളിൽ അടുക്കിവെച്ചിരിക്കുന്ന തുണികൾ മാറ്റിയ ശേഷം ഞാൻ ശബ്ദം കേൾപ്പിക്കാതെ അതിനുള്ളിലുള്ള റെസ്‌കിന്റെ കവറെടുത്തു . അതിൽ നിന്നും രണ്ടെണ്ണമെടുത്തിട്ടു അതുപോലെ തന്നെ തിരികെയെടുത്തു വെച്ചു.

കഴിഞ്ഞ തവണ ഷൈനി മോൾ വന്നപ്പോൾ കൊണ്ടുവന്നു തന്നതാണ്. അവൾ ഇടയ്ക്ക് വരുമ്പോൾ ഇങ്ങനെയെന്തെങ്കിലും കൊണ്ടുവന്നു തരുന്നത് കൊണ്ടു വൈകുന്നേരത്തെ വിശപ്പിനു അല്പം ആശ്വാസമാകും.

ജോയ്സി കണ്ടാൽ അതും എടുത്തു വലിച്ചെറിയും. അതുകൊണ്ട് ആരും കാണാതെ വെച്ചാണ് ഒന്നോ രണ്ടോ എണ്ണമെടുത്തു കഴിക്കുന്നത്.

അതിയാനുള്ളപ്പോൾ ഒന്നും അറിഞ്ഞിരുന്നില്ല. വെളുപ്പിനെ ഞാൻ എണീറ്റു ചായേം കുളിക്കാനുള്ള വെള്ളവും തിളപ്പിച്ച ശേഷം അതിയാനെ വിളിച്ചെണീപ്പിക്കണം. അതാണ് പതിവ്. എന്നും രാവിലെ നേരത്തെ പണിക്ക് പോകും. പിന്നെ വീട്ടിലേക്കു തിരികെ വരുമ്പോൾ ഇരുട്ടാകും. വരുമ്പോൾ അതിയാന്റെ കൈയിൽ പിള്ളേർക്കുള്ള എന്തെലും മധുരപലഹാരങ്ങൾ ഉണ്ടാവും. അവർ ചെറുതായിരുന്നപ്പോൾ മുതലുള്ള ശീലമാണ്. തോമാച്ചനും ഷൈനിയും അപ്പൻ വരുന്നത് നോക്കി കാത്തിരിക്കും. അപ്പൻ വാതിൽക്കൽ എത്തുമ്പോൾ തന്നെ രണ്ടും ഓടിച്ചെന്നു കൈയിലുള്ള ബേക്കറി കൂടിൽ പിടുത്തമിടും. അവർക്കുള്ള പലഹാരം കഴിച്ചിട്ടെ അവർ കിടക്കു.

മുറിയിലെത്തുമ്പോൾ മുണ്ടിന്റെ മടികുത്തിൽ നിന്നും ഒരു പൊതി എടുത്തു മക്കൾ കാണാതെ എന്നെ ഏൽപ്പിക്കും. എനിക്ക് പ്രിയപ്പെട്ട കപ്പലണ്ടിമിഠായിയോ മക്രോണി മിഠായിയോ ആയിരിക്കും. ഞാനതു കഴിക്കുന്നതും നോക്കി എന്റെ അടുത്തു തന്നെയിരിക്കും.

ഞാൻ കടിച്ചതിന്റെ ബാക്കി ഒരു കഷണം വായിലേക്ക് വെച്ചു കൊടുക്കുമ്പോൾ ഒരു ചിരിയുണ്ട്. പണ്ട് ഞാൻ പള്ളിക്കൂടം വിട്ടു വരുമ്പോൾ കവലയിലെ കളേഴ്‌സ് ടെക്‌സ്റ്റൈൽസിന്റെ മുൻപിലുള്ള വരാന്തയിൽ നിന്നും ഞായറാഴ്ചകളിലെ രണ്ടാം കുർബാന കഴിഞ്ഞിറങ്ങുമ്പോൾ പള്ളിമുറ്റത്തു നിന്നും ചിരിക്കാറുണ്ടായിരുന്ന അതേ ചിരി.

അന്നൊക്കെ ഒരു വായിനോക്കി ആയെ അതിയാനെ ഞാൻ കണ്ടുള്ളൂ. പക്ഷെ അപ്പനെയും കൂട്ടി വീട്ടിൽ വന്നു എന്നെ പെണ്ണ് ചോദിച്ചപ്പോഴാണ് അതിയാന്റെ ഇഷ്ടം എനിക്ക് ശെരിക്കും മനസിലായത്. മിന്നു കെട്ടി കൂടെ കൂട്ടിയ അന്ന് മുതൽ മരിക്കും വരെ എനിക്ക് സ്നേഹം മാത്രം തന്നു.

മരിച്ച ദിവസവും രാവിലെ പതിവ് പോലെ പണിക്ക് പോയതാണ്. അന്ന് മുറ്റത്തിറങ്ങിയിട്ടു പതിവില്ലാതെ എന്നെ തിരിഞ്ഞുനോക്കി ഒന്നുകൂടി ചിരിച്ചു. പിന്നെ വരുന്നത് രാത്രി അനക്കമില്ലാതെ ആംബുലൻസിലാണ്. ഹാർട്ട് അറ്റാക്ക് ആയിരുന്നത്രേ. മനുഷ്യനെ കൊല്ലാൻ ഇങ്ങനെ ഒരോരൊ പുതിയ രോഗങ്ങൾ ഉണ്ടല്ലോ.. എന്തായാലും എന്നെ തനിച്ചാക്കി വല്ലാത്തൊരു പൊക്കായിപ്പോയയി. അതിയാൻ ഇനി എന്റെയൊപ്പമില്ല എന്നു പൊരുത്തപ്പെടാൻ തന്നെ ഒരുപാട് നാളെടുത്തു.

മരുമകൾ ജോയ്സി പതിയെ വീട്ടുകാര്യങ്ങൾ ഏറ്റെടുത്തു. ഷൈനി മോളുടെ കല്യാണം കഴിഞ്ഞപ്പോഴാണ് തോമാച്ചൻ കൂടെ പഠിച്ച ഒരു പെണ്ണിനെ ഇഷ്ടമാണെന്ന് എന്നോട് വന്നു പറയുന്നത്. അതിയാനോട് പറഞ്ഞപ്പോൾ മോനും എന്റെ വഴിയിലാണല്ലൊടി എന്നു പറഞ്ഞു ചിരിച്ചു. ജോയ്സിയുടെ വീട്ടിൽ പോയി കല്യാണം ആലോചിച്ചു അവരുടെ ഇഷ്ടപ്രകാരം കെട്ടും നടത്തികൊടുത്തു.

അതിയാൻ ഉണ്ടായിരുന്നപ്പോൾ അമ്മച്ചീന്നു സ്നേഹത്തോടെ വിളിച്ചു കൊണ്ടു നടന്നവളാണ്.അതിയാൻ പോയപ്പോൾ ഞാൻ അവൾക്കു തള്ളയായി. അവളുടെ കേട്ട്യോന്റെ സമ്പാദ്യം തിന്നു മുടിപ്പിക്കുന്നവളായി. പ്രമേഹം വരുമെന്ന് പറഞ്ഞു അവളാദ്യം എനിക്കുള്ള ചായിലെ പഞ്ചസാര ഒഴിവാക്കി, പതിയെ പാലും. അങ്ങനെ ഓരോ ഭക്ഷണങ്ങൾക്കും നിയന്ത്രണമായി.

തോമാച്ചൻ വാങ്ങിച്ചോണ്ട് വരുന്നത് അവൾക്കും കൊചുങ്ങൾക്കും ഉള്ളതാണത്രേ. ഞാനെടുക്കുമെന്നു പേടിച്ചു അവൾ അടുക്കളയിലെ സാധങ്ങൾ വെച്ചിരിക്കുന്ന ചെറിയ അലമരകളൊക്കെ പൂട്ടിവെയ്ക്കാൻ തുടങ്ങി. പതിയെ എന്റെ കിടപ്പും ആ കൊച്ചുമുറിയിലേക്കു മാറ്റപ്പെട്ടു.

പുറത്തു പോകുമ്പോഴും അവർ എന്നെക്കൂട്ടില്ല. വയസായാൽ വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കണമത്രെ. കേട്ട്യോൾ അതു പറയുമ്പോൾ തോമാച്ചൻ എന്നെ നിസ്സഹായതയോടെ നോക്കും. അതു കാണുമ്പോൾ ഞാൻ എന്റെ കൊച്ചുമുറിക്കുള്ളിലേക്കു കയറിപ്പോകും. അവർ തിരികെ വരുന്ന വരെ ആപത്തൊന്നും കൂടാതെ എന്റെ മക്കൾ തിരികയെത്തണെയെന്നു കർത്താവിനോട് പ്രാർത്ഥിക്കും

തോമാച്ചൻ ആദ്യമൊക്കെ അവളോട് എനിക്ക് വേണ്ടി വാദിക്കുമായിരുന്നു. മനസമാധാനം ഓർത്തിട്ടാവും പതിയെ അവനും മിണ്ടാതായി. അല്ലെങ്കിൽ അവൾ അവനു ചെവിതല കൊടുക്കില്ല. അവരുടെ ഇളയമകൻ അലൻ ഇടയ്ക്ക് ആരും കാണാതെ അവന്റെ പങ്കിൽ നിന്നും ഓരോ ആപ്പിൾ കഷണമോ കേക്കോ ഒക്കെ എന്റെ വായിൽ വെച്ചു തരും. ആൻമോൾ പക്ഷെ ജോയ്സി വരച്ച വരയുടെ അപ്പുറത്തേക്ക് പോകില്ല. അവളുടെ മമ്മി പറയുന്നത് കേട്ടു ഇടയ്ക്ക് എന്നെ തള്ളേന്നുള്ള വിളിയുമുണ്ട്. അതുകേൾക്കുമ്പോൾ മാത്രം എന്റെ ചങ്ക് കലങ്ങും .

പണ്ടൊരിക്കലെന്നോട് അതിയാൻ ചോദിച്ചിട്ടുണ്ട് നമ്മളിൽ ആരായിരിക്കുമെടി ആദ്യം മരിക്കുകയെന്നു. ഒന്നിച്ചു മരിച്ചാൽ മതിയെന്ന് പറഞ്ഞപ്പോൾ അതിനു കർത്താവ് അനുവദിച്ചു തന്നില്ലെങ്കിൽ ഞാനാദ്യം പോകുമെന്ന് അതിയാൻ പറഞ്ഞു. ആ വാക്ക് പാലിക്കുകയും ചെയ്തു. അന്നത്‌ കേട്ടപ്പോൾ എനിക്ക് വിഷമം തോന്നിയിരുന്നു എങ്കിലും ഇന്നെനിക്ക് തോന്നുന്നു അതിയാൻ ആദ്യം പോയത് നന്നായെന്നു. ഒരു ചയക്കോ അല്പം ആഹാരത്തിനോ മധുരത്തിനോ മരുമകളുടെ മുന്നിൽ അതിയാൻ കൈനീട്ടേണ്ടി വരുന്ന അവസ്ഥ എനിക്ക് സഹിക്കൂല്ല.

എങ്കിലും എത്ര വേദനിച്ചാലും ഞാൻ എന്റെ മക്കളെ മനസുകൊണ്ട് കുറ്റപ്പെടുത്തില്ല, ശപിക്കില്ല, കാരണം ജോയ്സിക്ക് എന്തെങ്കിലും പറ്റിയാൽ പോലും വേദനിക്കുന്നത് എന്റെ തോമാച്ചന്റെ മനസല്ലേ.. എന്റെ കുഞ് എന്നും സന്തോഷത്തോടെ ജീവിക്കട്ടെ. അതുകൊണ്ടാണ് ഇപ്പോൾ അവന്റെ മുന്നിൽ വെച്ചു ഞാൻ ഒരു പരിഭവം പോലും പറയാത്തത്.

പള്ളിയിൽ പോകുമ്പോഴൊക്കെയും. എനിക്ക് സ്നേഹം മാത്രം പകർന്നു തന്ന അതിയാന്റെ കല്ലറയ്ക്കു മുന്നിൽ നിന്നു ഞാനെന്റെ എല്ലാ സങ്കടങ്ങളും സന്തോഷങ്ങളും അതിയാനോട് പറയും. തന്റെ നല്ലപാതി കൂടെയുള്ളപ്പോഴുള്ള സ്നേഹവും കരുതലുമൊന്നും ജീവിതത്തിൽ ഒരിക്കലും മറ്റാരിൽ നിന്നും ലഭിക്കില്ല. ഉള്ളകാലത്തു സ്നേഹത്തോടെയും സന്തോഷത്തോടെയും പരസ്പരം മനസിലാക്കി ജീവിച്ചാൽ ഒറ്റയ്ക്കാവുമ്പോൾ ഓർത്തു സന്തോഷിക്കാൻ കുറെ നല്ല ഓർമ്മകളെങ്കിലും ബാക്കിയുണ്ടാവും.

Leave a Reply