22/04/2026

എന്നിട്ട്.. എന്നിട്ടെന്താ അവൻ നിന്നെ ചെയ്തത്.. “അത് ചോദിക്കുമ്പോൾ സഞ്ജുവിന്റെ കണ്ണുകൾ കുറുകിയിരുന്നു..വല്ലാത്തൊരു ആവേശത്തോടുകൂടിയായിരുന്നു അവനത് ചോദിച്ചത്…

രചന – സലീൽ ബിൻ കാസിം

“എന്നിട്ട്.. എന്നിട്ടെന്താ അവൻ നിന്നെ ചെയ്തത്.. “അത് ചോദിക്കുമ്പോൾ
സഞ്ജുവിന്റെ കണ്ണുകൾ കുറുകിയിരുന്നു..വല്ലാത്തൊരു ആവേശത്തോടുകൂടിയായിരുന്നു അവനത് ചോദിച്ചത്…

“എന്നിട്ട്.. അവൻ പതിയെ എന്റെ കയ്യിൽ പിടിച്ചു….
അതിന് ശേഷം എന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ അവന്റെ നെഞ്ചിടിപ്പിന്റെ താളം എനിക്ക് കേൾക്കാമായിരുന്നു ”

പറഞ്ഞു പറഞ്ഞു കാട് കയറാൻ തുടങ്ങുമ്പോൾ ഉള്ളിൽ എന്തെന്നില്ലാത്തൊരു ആധി..

മറ്റൊരാളുമായുള്ള സ്വകാര്യത..

അതും അയാൾ പോലുമറിയാതെ സ്വന്തം കാമുകനോട്..
അതിലുപരി
കല്യാണം കഴിക്കാൻ പോകുന്ന പുരുഷനോട്
പറയേണ്ടി വരുന്നവളുടെ നിസ്സഹായാവസ്‌ഥ…

അത്തരമൊരു കാര്യത്തിലേക്ക് നിർബന്ധിച്ചു തള്ളിവിട്ട ശേഷം അവിടെ നടന്ന കാര്യങ്ങൾ വിശദമായി പറഞ്ഞു കേൾക്കാൻ ആഗ്രഹിക്കുന്ന സ്വന്തം കാമുകന്റെ മാനസികാവസ്ഥ എന്താണെന്ന് എത്ര ചിന്തിച്ചിട്ടും പിടികിട്ടാത്ത അവസ്ഥ..

എല്ലാം ഓർത്തപ്പോൾ തല പെരുക്കുന്നതുപോലെ തോന്നി..
കണ്ണൊക്കെ നിറഞ്ഞു വാക്കുകളോ ചോദ്യങ്ങളോ പുറത്ത് വരാതെ എന്ത് പറയണം ചോദിക്കണം എന്നറിയാതെ അവന്റെ മുന്നിൽ ഉരുകി ഇല്ലാതാവുന്നതുപോലെ തോന്നിത്തുടങ്ങി…

“നീ.. ഒന്ന് പെട്ടെന്ന് പറയുന്നുണ്ടോ… ഞാനത് കേൾക്കാൻ വേണ്ടി കാത്തിരിക്കുകയാണ് ”

മുടിയിഴകളിൽ പതിയെ തലോടി സൗമ്യമായാണ് അത് പറഞ്ഞതെങ്കിലും അവന്റെ ക്ഷമ നശിച്ചു തുടങ്ങിയെന്നു ആ മുഖഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു…

“നിനക്കിതിൽ നിന്ന് എന്ത് ആനന്ദമാണ് കിട്ടുന്നത് സഞ്ജു….
സ്വന്തം പെണ്ണിനെ മറ്റൊരുത്തന്റെ കൂടെ… ഛെ..
എന്നിട്ടവിടെ നടന്നത് കേൾക്കാൻ കാത്തിരിക്കുന്നു… ”

അത്രയെങ്കിലും അവനോട് പറഞ്ഞില്ലെങ്കിൽ താൻ ഉരുകി ഇല്ലാതായിത്തീരും എന്ന് തോന്നിയപ്പോൾ സകല ധൈര്യവും സംഭരിച്ചാണത് പറഞ്ഞത്…

പക്ഷേ അത് കേട്ടതും.. അവന്റെ മുഖം വാടി കണ്ണുകൾ നിറഞ്ഞുതുടങ്ങി…
അല്പം അകന്നിരുന്ന ശേഷം അവൻ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ഏങ്ങലടിക്കുന്നത് കണ്ടപ്പോൾ എന്തോ അവനോടുള്ള വെറുപ്പൊക്കെ അലിഞ്ഞില്ലാതെയാവുന്നത് പോലെ…

“സോറി ബേബീ…. എനിക്കറിയാം നിനക്കിതൊന്നും ഇഷ്ടമല്ലെന്ന്..
പക്ഷേ ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്നുണ്ട് എനിക്ക് നീയല്ലാതെ വേറാരാ ഉള്ളത് ”

അതും പറഞ്ഞു അവൻ അടുത്തേക്ക് വന്നു ഇറുകെ ഒന്ന് ചേർത്തു പിടിക്കുകകൂടി ചെയ്തപ്പോൾ അതുവരെ ഉണ്ടായിരുന്ന എല്ലാ കാർമേഘങ്ങളും ഒഴിഞ്ഞു അവനിലേക്ക് തന്നെ ഇഴുകിച്ചേരുന്നതുപോലെ തോന്നിത്തുടങ്ങി..

ഉള്ളിൽ ഭയവും ഉണ്ടായിരുന്നു…

അവനെ തിരസ്കരിക്കാൻ
അല്ലെങ്കിൽ എന്തുകൊണ്ട് പറിച്ചെടുത്തു കളയാൻ പറ്റുന്നില്ലെന്നുള്ള ഭയം…

സംശയമുണ്ടായിരുന്നു..
അവന്റെ സ്നേഹം പ്രണയം അതൊക്കെ സത്യമാണോ മിഥ്യയാണോ എന്നുള്ള സംശയം..

ഇനി സത്യമാണെങ്കിലും മിഥ്യ ആണെങ്കിലും അവന്റെ സാമീപ്യം താൻ വല്ലാതെ ആസ്വദിക്കുന്നുണ്ട് അത് നഷ്ടപ്പെടുമോ എന്നുള്ള ആധി…

അതോടൊപ്പം ഇത് ഇനിയും ഇങ്ങനെത്തന്നെ മുന്നോട്ട് പോയാൽ താൻ എവിടെ എത്തിച്ചേരും..
ഈ പോക്ക് എങ്ങോട്ടാണ് എന്നൊക്കെ ഓർത്തുള്ള മാനസിക സംഘർഷം…

കോളേജിൽ സീനിയർ ആയിരുന്ന അവനെ ആദ്യമായി കണ്ടപ്പോൾ തോന്നിയ ഇഷ്ടമാണ്..

എപ്പോഴും തല താഴ്ത്തി നടന്നിരുന്ന ആരോടും കാര്യമായി സംസാരിക്കാൻ പോലും ഇഷ്ടപ്പെടാത്ത അന്തർമുഖനായ അവനെ പുറകേ നടന്നു പ്രൊപ്പോസ് ചെയ്തതും ഇഷ്ടമാണെന്ന് പറയിപ്പിച്ചതും താൻ തന്നെ ആണല്ലോ എന്നോർത്തപ്പോൾ വല്ലാത്ത കുറ്റബോധം തോന്നി…

അതുകൊണ്ടാവാം അവൻ ഇത്രത്തോളം വൃത്തികെട്ടവൻ ആണെന്നറിഞ്ഞിട്ടും വിട്ടു പോകാൻ പറ്റാത്തത്…

ഇനിയിപ്പോ രണ്ടും കല്പിച്ചു അവനെ ഇട്ടെറിഞ്ഞു പോയാൽ പിന്നീടങ്ങോട്ടുള്ള അവന്റെ സമീപനം ഏത് നിലയിൽ ആയിരിക്കും എന്നും പറയാൻ പറ്റില്ല..
ഈ കാണുന്നതിന്റെയും കാണിക്കുന്നതിന്റെയും അപ്പുറത്ത് അവന്റെ ഉള്ളിന്റെ ഉള്ളിൽ എവിടെയോ പുറത്ത് ചാടാൻ വെമ്പി നിൽക്കുന്ന ക്രൂരനായ മറ്റൊരു സൈക്കോ കൂടി ഒളിഞ്ഞിരിപ്പുണ്ടെങ്കിലോ.?

********

എല്ലാം കേട്ടുകഴിഞ്ഞ രാഹുലിന്റെ മുഖത്ത് തന്നോടുള്ള പുച്ഛമായിരുന്നു പ്രതീക്ഷിച്ചതെങ്കിലും അയാൾ ഒരു ദീർഘനിശ്വാസം പൊഴിച്ചുകൊണ്ട് ചേർത്തു പിടിക്കുകയാണ് ചെയ്തത്….

സഞ്ജുവിൽ നിന്ന് ഒരിക്കലും തനിക്ക് കിട്ടാതെ പോയൊരു ഫീൽ ഉണ്ടായിരുന്നു ആ പിടുത്തത്തിന്…
സംരക്ഷണത്തിന്റെ…
നിനക്ക് ഞാൻ ഉണ്ടെന്നുള്ള തോന്നലുളവാക്കുന്ന..
നിന്നെ മറ്റൊരാൾക്കും വിട്ടുകൊടുക്കാൻ ഒരുക്കമല്ലെന്ന് പറയാതെ പറയുന്ന ഒരു ഫീൽ….

“നീ ഇതൊക്കെ പറയുന്നത് വരെ എന്റെയുള്ളിലും വല്ലാത്തൊരു കുറ്റബോധം ഉണ്ടായിരുന്നു…

ഉറ്റ സുഹൃത്ത് എന്നൊന്നും വിശേഷിപ്പിക്കാൻ പറ്റില്ലെങ്കിലും സഞ്ജുവിനെ എനിക്കറിയാം..
അവൻ നിന്നെ കെട്ടാൻ പോവുകയാണെന്നും എനിക്കറിയാം.. നമ്മൾ രണ്ടുപേരും നല്ല സുഹൃത്തുക്കളും ആയിരുന്നു..

എന്നിട്ടും നീയന്ന് അങ്ങനെ ഒരു താല്പര്യം കാണിച്ചപ്പോൾ എനിക്ക് റെസിസ്റ്റ് ചെയ്യാൻ പറ്റാതെ പോയതോർത്തു എനിക്ക് നല്ല മനപ്രയാസം ഉണ്ടായിരുന്നു….

പക്ഷേ ഇപ്പൊ അത് മാറി….
ആ വൃത്തികെട്ടവൻ ആണ് നിന്നെ ഉന്തിത്തള്ളി എന്റെയടുത്തേക്ക് പറഞ്ഞു വിട്ടതെന്നറിഞ്ഞപ്പോൾ എനിക്കിപ്പോൾ ആശ്വാസം തോന്നുന്നുണ്ട് ”

രാഹുൽ അത് പറയുമ്പോൾ അവന്റെ മുഖത്ത് പരിഹാസമാണോ അതോ സഹതാപമാണോ ഇനി അവൻ പറഞ്ഞതുപോലെത്തന്നെ ആശ്വാസത്തിന്റെ ഭാവമാണോ അതെന്ന സംശയം വന്നപ്പോൾ

“എന്നാൽ ഞാൻ പോട്ടെ”

എന്ന് പറഞ്ഞു അവിടുന്ന് ഇറങ്ങാൻ നോക്കുന്നതിനിടക്ക് അവൻ പെട്ടെന്ന് കയ്യിൽ കേറി പിടിച്ചു….

എന്നിട്ടു കണ്ണുകളിലേക്ക് നോക്കിക്കൊണ്ട്

“പോവുകയാണോ… അപ്പൊ ഇന്ന് അവന്റടുത്ത് പോയി പറയാൻ പറ്റിയ കഥയൊന്നും വേണ്ടേ ”

ഒരു വഷളൻ ചിരിയോടുകൂടിയുള്ള അവന്റെ ചോദ്യത്തിൽ തന്നെ അവൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമായിരുന്നു….

ഒരുപാട് പ്രതീക്ഷകളോ
എല്ലാം തുറന്നു പറഞ്ഞതുകൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും മാറ്റം ഉണ്ടാവുമെന്ന പ്രതീക്ഷയോ ഇല്ലാതെയാണ് കാര്യങ്ങൾ തുറന്നു പറഞ്ഞത്…
സ്വന്തം മനസാക്ഷിയെ വഞ്ചിക്കാൻ പറ്റിയില്ല…

അതോടൊപ്പം
പ്രത്യേകിച്ച് ഗുണമൊന്നുമില്ലെങ്കിലും എല്ലാം ആരെങ്കിലുമൊരാൾ അറിഞ്ഞിരിക്കുന്നതും നല്ലതാണെന്നു തോന്നി

അതുകൊണ്ട് തന്നെ പെട്ടെന്നുള്ള രാഹുലിന്റെ ഭാവമാറ്റത്തിൽ അതിശയമൊന്നും തോന്നിയില്ല….

“എന്തോ… എനിക്കിന്ന് അതിനോടൊന്നും താല്പര്യമില്ല… പക്ഷേ നിർബന്ധമാണെങ്കിൽ എന്ത് വേണമെങ്കിലും ആയിക്കോളൂ ”

അതും പറഞ്ഞു അവന്റെ മുന്നിലേക്ക് നീങ്ങി നിന്നപ്പോൾ അവൻ കൈ രണ്ടും ചുമലിലേക്ക് വച്ചു കണ്ണുകളിലേക്ക് നോക്കിക്കൊണ്ട്…

“അപ്പൊ അന്ന് താല്പര്യം ഉണ്ടായിരുന്നോ ”
എന്നൊരു ചോദ്യം തൊടുത്തുവിട്ടു….

അതിനെന്ത്‌ മറുപടി പറയണം എന്നറിയില്ലായിരുന്നു…
താല്പര്യം ഒട്ടും ഇല്ലായിരുന്നു എന്നതാണ് നേര് എന്ന് പറയാനും തോന്നിയില്ല….

അവന്റെ കണ്ണുകളിലേക്ക് നോക്കാനുള്ള ശേഷിയില്ലാതെ കണ്ണുകൾ ഇറുക്കെ അടച്ചുകൊണ്ട് നിന്നുകൊടുക്കാൻ അല്ലാതെ മറ്റൊന്നിനും അപ്പോൾ പറ്റുമായിരുന്നില്ല…..

“ഇന്ന് നീ അവനോടൊരു കഥ പറയണം….

ഈ പ്രണയം കാമം മൈ….
അതിലൊന്നും വല്യ കാര്യമില്ല….
അതൊക്കെ ആർക്കും ആരോടും എപ്പോ വേണമെങ്കിലും തോന്നാം തോന്നാതിരിക്കാം…
പക്ഷേ ഒരിക്കലും ഒരു പെണ്ണിന്റെ ആത്മാഭിമാനത്തിനു വില പറഞ്ഞിട്ടോ അവളെ മറ്റൊരാൾക്ക്‌ കൂട്ടിക്കൊടുത്തിട്ടോ സുഖിക്കരുത് കേട്ടോടാ പന്ന… #%%$%&& മോനെ..

എന്നായിരിക്കണം അതിന്റെ അവസാനം ”
അവളപ്പോൾ രാഹുലിന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു..
അത് പറയുമ്പോൾ അവന്റെ മുഖത്തെ പേശികൾ വലിഞ്ഞു മുറുകിയിരുന്നു പക്ഷേ കണ്ണുകളിൽ അതുവരെ കാണാത്ത മറ്റെന്തോ ഭാവമായിരുന്നു…..

“അപ്പൊ കഥയുടെ തുടക്കം..?? ”

അവളുടെ ചോദ്യം കേട്ട രാഹുൽ ചെറുതായൊന്നു പുഞ്ചിരിച്ചു…
എന്നിട്ട് ഒന്നുകൂടി അവളോട് ചേർന്നു നിന്ന ശേഷം അവളെ ചേർത്തു പിടിച്ചുകൊണ്ട്

“കഥയുടെ തുടക്കം വളരെ സിംപിൾ ആണ്…

“അവനെ പറഞ്ഞു കേൾപ്പിക്കാൻ പറ്റിയ കഥയൊന്നും സ്റ്റോക്കില്ല
കാരണം ഇന്നിവിടെ ഡിങ്കോൾഫി ഒന്നും നടന്നിട്ടില്ല..

പിന്നൊരു പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വച്ചാൽ
ഞാനും നീയും തമ്മിൽ ഇന്നുമുതൽ പ്രണയത്തിലാണ്..

അതിന്റെ ഇടക്ക് കേറി കടുക് വറുക്കാൻ വന്നാൽ ഓന്റെ മുട്ടുകാൽ തല്ലി ഒടിക്കും എന്നുള്ളതാണ് കഥയുടെ തുടക്കം ”

അതും പറഞ്ഞു പൊട്ടിച്ചിരിച്ച അവനോട് എന്ത് മറുപടി പറയണമെന്നറിയാതെ അവന്റെ കരവലയത്തിനുള്ളിൽ കിടന്ന് വീർപ്പുമുട്ടിയ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു..