20/04/2026

സ്ക്കൂളിൽ നിന്ന് തിരികെ വരുമ്പോഴാണ് ബാലചന്ദ്രന്റെ സ്ഥാപനങ്ങൾക്ക് മുൻപിൽ കറുത്ത കൊടി ഉയരുന്നതു കണ്ടത്,

രചന – ഭദ്ര വേണുഗോപാൽ

സ്ക്കൂളിൽ നിന്ന് തിരികെ വരുമ്പോഴാണ് ബാലചന്ദ്രന്റെ സ്ഥാപനങ്ങൾക്ക് മുൻപിൽ കറുത്ത കൊടി ഉയരുന്നതു കണ്ടത്, പ്രതീക്ഷിച്ചതാണെങ്കിലും നെഞ്ച് വല്ലാതെ കൊളുത്തി വലിച്ചു. ഒരു നിമിഷം കൈകൾ അറിയാതെ ബ്രേക്കിലമർന്നു. ജംഗ്ഷനിൽ തന്നെ ഒരു സ്റ്റേഷനറിക്കടയും ഹാർഡ്വെയർ ഷോപ്പും ചിറ്റ് ഫണ്ടും ഉണ്ട് ബാലചന്ദ്രന്. മറ്റു ചില സ്ഥാപനങ്ങൾ ടൗണിലാണ്.
ചിറ്റ്ഫണ്ടിന്റെ മുന്നിലെ അയാളുടെ ചിരിക്കുന്ന ചിത്രത്തിലേക്ക് അൽപ്പനേരം നോക്കി . ആ കണ്ണുകൾ തന്നെ തിരയുന്നുണ്ടോ? പേരറിയാത്ത ഒരു നോവ് മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നു.

വീട്ടിലെത്തിയിട്ടും വസ്ത്രം പോലും മാറാതെ കോണിപ്പടികളിൽ ജാലകത്തിനടുത്ത് ചടഞ്ഞിരുന്നു. ജാലകത്തിന് പുറത്ത് മരക്കൊമ്പിലിരുന്ന് ഒരു അണ്ണാൻ ചിലയ്ക്കുന്നു, പിന്നെ വിഹ്വലതയോടെ ചുറ്റും നോക്കുന്നു. ആകാശത്ത് സൂര്യനെ മറയ്ക്കുന്ന കറുത്ത മേഘക്കൂട്ടങ്ങൾ , വിങ്ങി വിതുമ്പുന്ന ഒരു ആകാശക്കീറാണ് തന്റെ ഹൃദയം എന്ന് വിമലയ്ക്ക് തോന്നി . ഇപ്പോൾ ബാലുവിന്റെ ശരീരം വീട്ടിൽ എത്തിച്ചിട്ടുണ്ടാവുമോ? അവസാനമായി ഒരു കാഴ്ച …. വേണ്ട , എപ്പോഴും തന്നെ തിരഞ്ഞിരുന്ന അയാളുടെ മിഴികൾ അടഞ്ഞിരിക്കുന്നത് സഹിക്കാനാവില്ല.
ബാലചന്ദ്രന്റെ അച്ഛന്റെയായിരുന്നു നാട്ടിലെ ആദ്യത്തെ ഹാർഡ്വെയർ ഷോപ്പ് , പേരില്ലാത്തതു കൊണ്ട് വിജയൻ മാഷിന്റെ ഇരുമ്പുകട എന്നായിരുന്നു നാട്ടുകാർ പറഞ്ഞിരുത്തത്.
തന്റെ പ്രീഡിഗ്രിക്കാലത്താണ്
ഹാർഡ് വെയർ കടയുടെ അടുത്ത ഒരു കൊച്ചു മുറിയിൽ ചെറിയ ഒരു ലേഡീസ്റ്റോർ കൂടി മാഷ് തുടങ്ങുന്നത്. അക്കാലത്ത് ടൗണിൽ മാത്രമാണ് ലേഡീസ് സ്റ്റോറുകൾ ഉള്ളത്. ഞങ്ങൾ പെൺകുട്ടികൾ അതിനെ രഹസ്യമായി കവലയിലെ വളക്കട എന്ന് വിളിക്കാൻ തുടങ്ങി , ഈ രണ്ടു കടകളും ഒന്നിച്ചാണോ രണ്ടായിട്ടാണോ എന്ന് പുറത്തുനിന്ന് കാണുന്നവർക്ക് പറയാൻ പറ്റില്ല. വളക്കടയിലാണ് ബാലചന്ദ്രനെ ആദ്യം കണ്ടത്. പിന്നീട് രണ്ടു കടകളിലും മാറി മാറി കാണാൻ തുടങ്ങി , തിളങ്ങുന്ന കണ്ണുകളും പൊടി മീശയും ചുണ്ടിൽ മങ്ങാത്ത ചിരിയുമായി ബാലചന്ദ്രൻ അവിടിവിടെ ഓടി നടന്നു.
കൂട്ടുകാരികളുമൊത്ത് കടയിലെത്തുമ്പോഴൊക്കെ ബാലുവിന്റെ ആഴമുള്ള കണ്ണുകൾ തന്നെ തിരയുന്നുണ്ടെന്ന് തോന്നി.
കോളേജിൽ പോകുമ്പോഴും വരുമ്പോഴും കണ്ണുകൾ കൊണ്ട് അയാൾ അനുയാത്ര ചെയ്യുന്നുണ്ടെന്ന് കൂട്ടുകാരികൾ പറഞ്ഞപ്പോൾ ആദ്യമൊക്കെ വല്ലാത്ത ഈർഷ്യയാണ് തോന്നിയത്.

ക്ഷേത്രത്തിൽ പോയി ഒറ്റയ്ക്ക് മടങ്ങിയ ഒരു വൈകുന്നേരമാണ് അയാൾ പിന്നാലെയെത്തി ഇഷ്ടം പറഞ്ഞത് . പിറ്റേന്ന് കൂട്ടുകാരിയുമൊത്ത് അവരുടെ ഇരുമ്പുകടയിലേക്ക് കയറി കൗണ്ടറിൽ ബാലു ഇരിക്കുന്നത് ഒളികണ്ണിട്ട് നോക്കി. കടയിൽ സഹായത്തിന് നിൽക്കുന്ന മേരി ചേച്ചിയോട് ചോദിച്ചു ചേച്ചീ നല്ല മൂർച്ചയുള്ള കത്തിയുണ്ടോ? എന്തിനാ മോളെ ? ഓ! ഞങ്ങൾ പെമ്പിള്ളേർക്ക് ഒറ്റയ്ക്ക് ഒരിടത്തും പോവാൻ പറ്റുന്നില്ല , നല്ല പൂവാല ശല്യം , ബാലുവിന്റെ മുഖം വിവർണ്ണമാകുന്നത് ശ്രദ്ധിച്ചു കൊണ്ട് പറഞ്ഞു നല്ല മൂർച്ചയുള്ള ഒരു കത്തി വേണം ശല്യക്കാരുടെ നാവരിയാൻ പറ്റിയത്. മേരി ചേച്ചി ചിരിച്ചു , അത്രയ്ക്ക് ശല്യമാണെങ്കിൽ കത്തി ഒരെണ്ണം കയ്യിൽ കരുതുന്നത് നല്ലതാ. താൻ കടയിൽ നിന്നും മടങ്ങുംവരെ ബാലു മുഖമുയർത്തി നോക്കിയില്ല.

പിന്നീടെന്തുകൊണ്ടോ ബാലു സംസാരിക്കാൻ ശ്രമിച്ചില്ല , കണ്ണുകൾ തമ്മിലുടക്കുമ്പോഴൊക്കെ മങ്ങിയ ഒരു ചിരിയോടെ നോട്ടം മാറ്റും , എങ്കിലും താനറിയാതെ ബാലുവിന്റെ കണ്ണുകൾ അനുയാത്ര ചെയ്യുമെന്ന് അറിഞ്ഞിരുന്നു. ബാലു കടയിലില്ലാത്തപ്പോൾ തന്റെ കണ്ണുകളും അയാളെ തിരയാൻ തുടങ്ങിയിരുന്നു.
പെട്ടെന്ന് വളരെ പെട്ടെന്നായിരുന്നു തന്റെ വിവാഹം ഡിഗ്രി പരീക്ഷക്കിടയ്ക്ക് പെണ്ണുകാണലും പരീക്ഷ തീർന്ന ഉടനെ വിവാഹവും എല്ലാം കൂടി ഒരു പത്തിരുപത് ദിവസം , ഉടനെ വിവാഹം വേണ്ട എന്ന തന്റെ ചിണുങ്ങലൊന്നും ആരും വകവെച്ചില്ല. അപ്പോഴും വിവാഹ സ്വപ്നങ്ങളിൽ നിറയാൻ മാത്രമൊന്നും ബാലുവിനോടുള്ള കൗതുകം വളർന്നിരുന്നില്ല.
പിന്നീട് വിവാഹ നിശ്ചയത്തിന് രണ്ടു ദിവസം മുൻപാണ് ബാലുവിനെ കണ്ടത്, പുരികം ഒന്ന് ഷേപ്പാക്കാനായി കൂട്ടുകാരിയുമായി ടൗണിലെ ബ്യൂട്ടീ പാർലറിൽ പോയി മടങ്ങുകയായിരുന്നു. വിമലയോട് എനിക്കൽപ്പം സംസാരിക്കാനുണ്ട് അഞ്ചുമിനിട്ട് എന്ന് ബാലു കൂട്ടുകാരിയോട് പറഞ്ഞപ്പോൾ അവൾ അൽപ്പം മാറി നിന്നു.
ബാലുവിനെ മുഖമുയർത്തി നോക്കാനാവാതെ നിന്ന ഒരു നിമിഷമായിരുന്നു അത്. “രണ്ടു ദിവസം മുൻപാണറിഞ്ഞത് വിവാഹം നിശ്ചയിച്ചു എന്ന് , കേട്ടപ്പോൾ വല്ലാത്തൊരു ശൂന്യത തോന്നി , പിന്നെയോർത്തു വിമല എന്നെ ഇഷ്ടപ്പെട്ടിരുന്നെങ്കിൽ എന്നെ ഈ വിവരം നേരത്തേ അറിയിച്ചേനേ എന്ന്. മനസ്സിൽ ആദ്യമായിഷ്ടം തോന്നിയത് തന്നോടാ , ജീവിതം മുഴുവൻ കൂടെക്കൂട്ടണം എന്ന് തന്നെയാ കരുതിയെ “ബാലു പറഞ്ഞു..
പിന്നെയും എന്തൊക്കെയോ ബാലുപറഞ്ഞു കൊണ്ടിരുന്നു.. ഒരു വാക്കും മറുപടിയില്ലാതെ തറഞ്ഞു നിന്നത് ഓർമ്മയുണ്ട്. കൂട്ടുകാരി വന്ന് കയ്യിൽ പിടിച്ച് നീയെന്തിനാ കരയുന്നത് എന്ന് ചോദിച്ചപ്പോഴാണ് പരിസര ബോധം വന്നത് , അപ്പോഴേക്കും ബാലു പോയിക്കഴിഞ്ഞിരുന്നു.
വർഷങ്ങൾ ഓടി മറഞ്ഞു കൊണ്ടിരുന്നു , വസന്തവും ഗ്രീഷ്മവും ശൈത്യവും പലയാവർത്തി വിരുന്നു വന്നു. കർക്കശക്കാരനായ ഭർത്താവിന്റെ ഭാര്യയായി രണ്ട് കുട്ടികളുടെ അമ്മയായി കുറേ വർഷങ്ങൾ. ഭർത്താവിന്റെ മരണമാണ് വീണ്ടും നാട്ടിലും വീട്ടിലും തിരികെയെത്തിച്ചത്.
കരഞ്ഞിരിക്കാനുള്ളതല്ല ജീവിതമെന്നു പറഞ്ഞ് ബി.എഡിന് ചേർത്തത് അച്ഛനാണ് , നാട്ടിലെ സ്കൂളിൽ തന്നെ അധ്യാപികയായി ചേർന്നു.
ജീവിതം പതിയെ സാധാരണ നിലയിലായി.
വളരെ വർഷങ്ങൾക്ക് ശേഷം ഒരു ഉത്സവകാലത്ത് അമ്പല നടയിൽ വെച്ചാണ് വീണ്ടും ബാലുവിനെ മുഖാമുഖം കണ്ടത് , അപ്പോഴേക്കും ബാലു നാട്ടിലെ ഒരു മുതലാളി
ആയിക്കഴിഞ്ഞിരുന്നു. കണ്ടിട്ട് ഒത്തിരി
ക്കാലമായല്ലോ എന്ന തന്റെ ചോദ്യത്തിന്
“വിമലയെ ഞാനെന്നും സ്കൂളിലേക്ക് പോകുമ്പോഴും വരുമ്പോഴും കാണാറുണ്ട് ” എന്നായിരുന്നു മറുപടി , വിവരങ്ങളൊക്കെ ഞാൻ അറിയുന്നുണ്ട് വിമലാ , നിന്റെ മുന്നിലേക്ക് വരാനൊരു മടി , ബാലു ചിരിച്ചു. നമ്മൾ ഇപ്പോൾ വയസ്സായില്ലേ? ഞാൻ ചിരിച്ചു. അതൊക്കെ ആ കാലത്തിന്റെ കുസൃതികൾ.
നിനക്കങ്ങനെ ആയിരിക്കാം വിമല പക്ഷേ എനിക്കങ്ങനെ ആയിരുന്നില്ല , ബാലു തിരിഞ്ഞ് നടന്നു.
ഇടയ്ക്കെപ്പോഴെങ്കിലും വഴിയരുകിൽ വെച്ച് കാണുമ്പോഴൊക്കെ ഒരു ചിരി പരസ്പരം പങ്കു വെച്ചിരുന്നു. ബാലുവിന്റെ ബിസിനസ്സ് ടൗണിലേക്കും വ്യാപിച്ചു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. ചിലപ്പോഴൊക്കെ സുന്ദരിയായ ഭാര്യയുമൊത്ത് ബാലു ക്ഷേത്രത്തിൽ എത്തുന്നത് കണ്ടിട്ടുണ്ട് .അപ്പോഴൊക്കെ അവർക്ക് മുന്നിൽപെടാതെ ഒഴിഞ്ഞ് നിന്നു.
ദിവസങ്ങൾ ഓടി മറഞ്ഞു കൊണ്ടിരുന്നു , ചിലപ്പോഴൊക്കെ സൂര്യൻ ആകാശത്ത് മുഖം ചുവപ്പിച്ച് ജ്വലിച്ച് നിന്നു, മറ്റു ചിലപ്പോൾ വിളറിയ മുഖത്തോടെ പകൽ ദൂരം നടന്നു തീർത്തു. മുഖമൊളിപ്പിക്കാൻ സൂര്യന് ഒരു കടലുള്ളത് എത്ര ആശ്വാസമാണ്.
: മുടിയിഴകളിൽ നരപടർന്നത് കണ്ടപ്പോൾ വിമലയ്ക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല , ഓർത്തു വെയ്ക്കാൻ കാര്യമായി ഒന്നും തരാത്ത കാലത്തോട് പരിഭവവും തോന്നിയില്ല. നിലക്കണ്ണാടിക്കുമുന്നിൽ നരയെണ്ണി നിന്ന ഒരു പകലിലാണ് മകൾ ചോദിച്ചത് അമ്മ ആ ജംഗ്ഷനിൽ ചിറ്റ് ഫണ്ട് ഒക്കെയുള്ള ഒരങ്കിളിനെ അറിയുമോ? ഞാൻ ചോദ്യഭാവത്തിൽ നോക്കി . എന്റെ ജൂനിയറായി പഠിക്കുന്ന ദർശനയുടെ ഫാദറാ , ബാലചന്ദ്രൻ എന്നാണ് പേര് , ആ അങ്കിളിന് ക്യാൻസറാ , അൽപ്പം കുഴപ്പമാ എന്നൊക്കെ ദർശനയുടെ ക്ലാസ് മേറ്റ്സ് പറഞ്ഞു കേട്ടു. അമ്മ അറിയുമോ? മകൾ ചോദ്യമാവർത്തിച്ചു
സതീഷിനെയാണ് ഓർമ്മ വന്നത് പണ്ടു മുതലേ
ബാലുവിന്റെ വലം കൈയാണ് . ഇവിടെ ബിസിനസ്സ് ഒക്കെ നോക്കി നടത്തുന്നത് അയാളാണ്. സതീഷിനെ വിളിച്ചപ്പോഴാണ് ബാലുവിനൊപ്പം ഹോസ്പിറ്റലിൽ അയാളാണ് എന്നറിഞ്ഞത്.
ടൗണിലെ പ്രശസ്തമായ ആശുപത്രിയിലെ ഇളം നീല നിറമുള്ള മുറിയിൽ പാതിമയക്കത്തിലായിരുന്നു ബാലു. സതീഷാണ് വിളിച്ചുണർത്തിയത്. അൽപ്പനേരം നോക്കിയിരുന്നിട്ടാണ് ബാലുവിന്റെ കണ്ണുകളിലെ നക്ഷത്രങ്ങൾ തിളങ്ങിയത്. സതീഷ് ബാലുവിനെ ചാരിയിരുത്തി പുറത്തേക്കിറങ്ങി.

“ഇന്നലെയാണറിഞ്ഞത് ” മൗനം മുറിക്കാനായി ഞാൻ പറഞ്ഞു. അധിക ദിവസങ്ങളൊന്നും ഇല്ലെടോ ഇനി. വളരെ താമസിച്ചാ അറിഞ്ഞത്. എന്തായാലും താൻ വന്നല്ലോ , ബാലുവിന്റെ കണ്ണുകളിൽ വേദന നിറഞ്ഞ് തുളുമ്പി , ബാലുവിന്റെ കൈകൾ തലോടി എത്ര നേരം ഇരുന്നു എന്നോർമ്മയില്ല. ഇടയ്ക്കിടെ സതീഷ് വന്ന് എത്തി നോക്കിപ്പോയി, അധികമൊന്നും സംസാരിച്ചില്ല. പരസ്പരം വിരലിൽ തെരുപ്പിടിച്ച് ഏറെ നേരം , ഇടയ്ക്കിടെ സതീഷ് വന്ന് ബാലുവിനെ കിടത്തും പിന്നെ ചാരിയിരുത്തും , ലിക്വിഡ് ഫുഡ് പോലും ബുദ്ധിമുട്ടായിരുന്നു ബാലുവിന് .
പോരാനിറങ്ങുമ്പോൾ ബാലു പറഞ്ഞു, “ഈ രോഗത്തോട് ഇപ്പോൾ എനിക്ക് അൽപ്പം സ്നേഹമൊക്കെ തോന്നുന്നുണ്ട് , അതു കൊണ്ടല്ലേ താൻ വന്ന് ഇത്ര നേരം എന്റെയടുത്ത് ഇരുന്നത് , ഈയൊരു ജന്മം മുഴുവൻ ഞാനാഗ്രഹിച്ച ഒരു കാര്യമാണ് ഇത് ” “.ബാലുവിന്റെ ശബ്ദം വല്ലാതെ ഇടറി , നിറഞ്ഞ ആ കണ്ണുകളിൽ നോക്കി നിൽക്കെ നിയന്ത്രണം വിട്ടു പോയി , രണ്ടു കൈകളിലും ആ മുഖം ചേർത്ത് പിടിച്ച് നെറ്റിയിൽ ഉമ്മ വെയ്ക്കുമ്പോൾ മുറിയിൽ സതീഷുണ്ടെന്നതൊന്നും സാരമായി തോന്നിയില്ല.
അവിടെ നിന്ന് തിരികെ നടക്കുമ്പോഴാണ് തോന്നിയത് എത്രയോ കാലമായി താൻ അയാളെ സ്നേഹിച്ചിരുന്നു എന്ന്.

മകൾ വൈകിട്ട് വന്ന് അപ്പൂപ്പനോട് പറയുന്നുണ്ടായിരുന്നു , ദർശനയുടെ അച്ഛന്റെ ഫ്യൂണറലിന് ഒരുപാട് വലിയ ആൾക്കുട്ടമായിരുന്നു എന്ന് . തന്നെ സ്നേഹിച്ചിരുന്ന ഒരു ഹൃദയം ഇപ്പോൾ അഗ്‌നിയിൽ എരിഞ്ഞു തീർന്നിട്ടുണ്ടാവും എന്ന ഓർമ്മയിൽ വിമല കണ്ണുകൾ ഇറുകെ പൂട്ടി തലയിണയിൽ മുഖമമർത്തി