ലീഷൻ. റിപ്പോർട്ടിൽ എഴുതിയിരിക്കുന്നത് എല്ലാം

ഉണ്ണിയേട്ടന്റെ കയ്യിൽ നിന്നും ബയോപ്സി റിപ്പോർട്ട് വാങ്ങി നോക്കുമ്പോൾ ആകെയൊരു മരവിപ്പായിരുന്നു. പേടിച്ചു പേടിച്ചാണ് തുറന്നു നോക്കിയത്. സ്റ്റേജ് 2 മാലിഗ്നൻറ് കാർസിനോമ ഓഫ് ബ്രെസ്റ്റ് വിത് ഹെപ്പാറ്റിക്ക് ലീഷൻ. റിപ്പോർട്ടിൽ എഴുതിയിരിക്കുന്നത് എല്ലാം മനസിലായില്ലെങ്കിലും എനിക്ക് ക്യാൻസർ രണ്ടാം സ്റ്റേജ് ആണെന്ന് മനസിലായി. ഒരു നിമിഷം ഹൃദയം നിലച്ചത് പോലെ എനിക്ക് തോന്നി. എന്റെ കയ്യിൽ തൂങ്ങി കളിക്കുന്ന മൂന്നു വയസുകാരി അമ്മൂട്ടിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ കണ്ണീർ നിയന്ത്രിക്കാനായില്ല. ഉണ്ണിയേട്ടനും എന്റെ മുന്നിൽ കാരയാതിരിക്കാൻ പാടുപെടുന്നുണ്ടായിരുന്നു.

റിപ്പോർട്ടുമായി ഡോക്ടറെ ചെന്നു കണ്ടു. ഡോക്ടർ അസുഖത്തെ കുറിച്ചും ചികിത്സയെ കുറിച്ചുമെല്ലാം വിശദമായി തന്നെ പറയുന്നുണ്ടായിരുന്നു. നാലര മാസം കൊണ്ട് കീമോതെറാപ്പി എട്ട് സെക്ഷൻ എടുക്കണമെന്നു പറഞ്ഞു. കൂടാതെ ഇനിയും ക്യാൻസർ കൂടുതൽ അവയവങ്ങളിലേക്കു വ്യാപിക്കാതിരിക്കാനായി എത്രയും വേഗം വലതു വശത്തെ അസുഖം ബാധിച്ച ബ്രെസ്റ്റ് സർജറി ചെയ്തു നീക്കം ചെയ്യണമെന്നും പറഞ്ഞു. ബാക്കിയൊക്കെ ദൈവത്തിന്റെ കയ്യിലാണ്.. പേടിക്കാതെ പ്രാർത്ഥിച്ചു കൃത്യമായി ചികിത്സകൾ ചെയ്യാനും നിർ്ദേശിച്ചു.

എന്റെ അമ്മ മരിച്ചതും എനിക്ക് പരിചയമുള്ള ജലജ ചേച്ചി മരിച്ചതും ബ്രെസ്റ്റ് ക്യാൻസർ വന്നിട്ടാണ്. അതുകൊണ്ടു തന്നെ ഡോക്ടർ എന്തു പറഞ്ഞിട്ടും ക്യാൻസർ ആണെന്നറിഞ്ഞപ്പോൾ ഞാനെന്റെ മരണം ഉറപ്പിച്ചു. അന്ന് വീട്ടിൽ ശെരിക്കും മരണ വീട് പോലെയായിരുന്നു. ശബ്ദവും ബഹളവുമില്ലാതെ . കുഞ്ഞിനേയും ഉണ്ണിയേട്ടനെയുമോർത്തായിരുന്നു എനിക്കേറ്റവും വിഷമം. എനിക്കെന്തെങ്കിലും സംഭവിച്ചു പോയാൽ പിന്നെ അവർക്കാരാണ്. കുഞ്ഞുമോളേയും കൊണ്ട് ഏട്ടൻ ഒറ്റയ്ക്ക് എന്തു ചെയ്യും. അവരെയോർത്തു കരഞ്ഞു കൊണ്ടിരുന്ന എന്റെയരികിൽ ഏട്ടൻ വന്നിരുന്നതൊന്നും ഞാനറിഞ്ഞില്ല. ഉണ്ണിയേട്ടൻ ആ കൈകളിൽ എന്റെ കവിൾ ചേർത്തു പിടിച്ചു നെറ്റിയിൽ അത്രമേൽ വാത്സല്യത്തോടെ ഉമ്മ വെച്ചപ്പോഴാണ് ഉണ്ണിയേട്ടന്റെ സാന്നിധ്യം ഞാനറിഞ്ഞത്. ഞാൻ മരിച്ചാലും എന്റെ ഏട്ടൻ ഒറ്റയ്ക്കാവരുത്. വേറൊരാളെ കല്യാണം കഴിക്കണമെന്ന് പറഞ്ഞു ഞാൻ ആ തോളിൽ ചാഞ്ഞ് ഒരു കുഞ്ഞിനെപ്പോലെ ഒരുപാട് കരഞ്ഞു. നിനക്കൊന്നും സംഭവിക്കില്ല പൊന്നേ, എന്റെ മരണം വരെയും എന്റെ കെട്ട്യോളാായി തന്നെ എന്റേം മോൾ്ടെമൊപ്പം നീയുമുണ്ടാവും നോക്കിക്കോ എന്നു പറഞ്ഞു ഏട്ടനെൻറെ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു.

തീരുമാനിക്കപ്പെട്ട ദിവസം തന്നെ സർജറി നടന്നു. ഒരു ബ്രെസ്റ്റ് നീക്കം ചെയ്തപ്പോൾ എനിക്കാദ്യമൊക്കെ വല്ലാത്ത അപകർഷത ആയിരുന്നു . എന്റെ ശരീരത്തിന്റെ രൂപമാറ്റം ആദ്യമെനിക്കു ഉൾക്കൊള്ളുവാനായതെയില്ല. പക്ഷെ പതിയെ അതിനോട് പൊരുത്തപ്പെട്ടു. എങ്കിലും എന്തോ ഒരു വിഷമം. ഒരു മുലയുടെ വലിപ്പം അൽപ്പം കുറഞ്ഞിരുന്നാലൊന്നും നിന്നോടുള്ള സ്നേഹം കുറയില്ലെടി പൊട്ടിക്കാളി, നിന്റെ മനസ്സിനെയാണ് ഞാൻ സ്നേഹിച്ചത് അല്ലാതെ നിന്റെ ശരീരത്തിന്റെ അഴകളവുകളെയല്ല എന്നു പറഞ്ഞു ഉണ്ണിയേട്ടനെൻറെ കൂടെത്തന്നെ നിന്നു. ഒടുവിൽ എന്റെ സങ്കടം കണ്ട് ഉണ്ണിയേട്ടൻ തന്നെയാണ് പാഡുള്ള ബ്രെസിയർ വാങ്ങിച്ചുകൊണ്ടു തന്നതും.

കീമോതെറാപ്പി തുടങ്ങിയപ്പോഴാണ് ഞാനാകെ തളർന്നു പോയത്. ഛർദ്ദിച്ചു ഛർദ്ദിച്ചു ഞാനൊരു വഴിയായി. കീമോയുടെ മരുന്നു കയറ്റുമ്പോൾ പലപ്പോഴും കൈതണ്ട നീര് വന്നു വീർത്തു. അപ്പോൾ അടുത്ത കയ്യിലേക്ക് സൂചി മാറ്റി കുത്തും. ക്ഷീണം കൊണ്ടു അമ്മൂട്ടിയുടെ കാര്യങ്ങൾ പോലും മര്യാദയ്ക്ക് നോക്കാൻ പറ്റാത്തത്തിൽ ഞാൻ വിഷമിച്ചു. എന്റെ ഉണ്ണിയേട്ടൻ എനിക്ക് വയ്യാതായപ്പോഴൊക്കെ എന്റെയും അമ്മൂട്ടിയുടെയും കാര്യങ്ങൾ ഒരു കുറവുമില്ലാതെ നോക്കീ. എന്റെ ദേവി എന്റെ ഏട്ടന് ദീർഘായുസ്സ് കൊടുക്കണെ. ഞാനില്ലാതായാലും എന്റെ അമ്മൂട്ടിക്ക് അവളുടെ അച്ഛന്റെ സ്നേഹം എന്നും ഉണ്ടായിരിക്കണെയെന്നു ഞാനെപ്പോഴും പ്രാർത്ഥിച്ചു.

കയ്യൂന്യവും ചുവന്ന ചെമ്പരത്തിയിതളും ഉണക്ക നെല്ലിക്കയുമിട്ടു കാച്ചിയ എണ്ണ തേച്ചു ഞാൻ പരിപാലിച്ചു പോന്ന മുട്ടറ്റം നീളമുള്ള എന്റെ മുടി കൊഴിഞ്ഞു തുടങ്ങിയപ്പോൾ എനിക്കോട്ടും വിഷമം തോന്നിയില്ല. കാരണം എന്റെ മുടി കൊഴിയാൻ തുടങ്ങിയപ്പോൾ തന്നെ ഇപ്പോൾ ഇതാണ് ഫാഷൻ എന്നു പറഞ്ഞു എന്റെ ഉണ്ണിയേട്ടൻ തലയും മൊട്ടയടിച്ചു എന്റെ മുന്നിൽ വന്നു ചിരിച്ചു നിന്നു. ഇനിയും എനിക്കൊരു അപകർഷതയോ വിഷമമോ തോന്നാതിരിക്കാനാണ് എന്റെ ഉണ്ണിയേട്ടൻ അങ്ങനെ ചെയ്തതെന്ന് അറിയാം. അതുകൊണ്ടു തന്നെ എന്നെ ഇത്രയും സ്നേഹിക്കുന്ന, എന്നോടിത്രയും കരു്തലുള്ള ആ മനുഷ്യന്റെ മുൻപിൽ ഞാനിനി വിഷമിച്ചു കൂടാ..

എങ്കിലും കണ്ണാടിയിൽ നോക്കുമ്പോളൊക്കെ അറിയാതൊരു വിഷമം വരും. മെലിഞ്ഞു പോയ ശരീരവുമായി , മുടിയും ഇല്ലാതെ , ശരീരത്തിന്റെ ആകാര ഭംഗിയും പോയ എന്നെ കാണുമ്പോൾ എന്തോ പോലെ തോന്നും. പക്ഷെ എന്റെ ഉണ്ണിയേട്ടന്റെ സ്നേഹവും കരുതലും സാമീപ്യവും എനിക്കതെല്ലാം തരണം ചെയ്യാനുള്ള ശക്തി നൽകി.

അങ്ങനെ ഡോക്ടർ നിർദേശിച്ച എട്ടു സെക്ഷൻ കീമോയും പൂർത്തിയായി. സ്കാനിങ് റൂമിലേക്ക് കയറുമ്പോൾ എന്റെ ഹൃദയം സെക്കൻഡിൽ രണ്ടു പ്രാവശ്യം വീതം മിടിക്കുന്നുണ്ടായിരുന്നു. റീസൾട്ടു വാങ്ങി നോക്കിയപ്പോൾ ഞാൻ എന്റെ ഉണ്ണിയേട്ട്ന്റടുത്തേക്കു ഓടിച്ചെന്നു പരിസരം പോലും മറന്നു ഞാനാ നെഞ്ചിൽ കെട്ടിപ്പിടിച്ചു ഉറക്കയുറക്കെ കരഞ്ഞു. എന്റെ കരച്ചിൽ കണ്ട് ഉണ്ണിയേട്ടൻ പേടിച്ചു പോയിൻ എന്താ മോളെ എന്നു ചോദിച്ചു എന്റെ കൈയിൽ നിന്നും റിപ്പോർട്ട് പിടിച്ചു വാങ്ങി നോക്കിയ ഏട്ടനും കരച്ചിലായി. എന്റെ അസുഖം ഭേദമായിരിക്കുന്നു. സന്തോഷം കൊണ്ട് ഞങ്ങൾ രണ്ടാൾക്കും കരച്ചിൽ നിയന്ത്രിക്കാനായില്ല. മരണം പ്രതീക്ഷിച്ചു കഴിഞ്ഞിട്ട് ജീവിതം തിരിച്ചു കിട്ടുംപോളുള്ള ആ ഒരു സന്തോഷമുണ്ടല്ലോ, അതു പറഞ്ഞറിയിക്കാനാവില്ല. അനുഭവിച്ചവർക്കു മാത്രമേ അതു മനസിലാകു. എനിക്കുറപ്പാണ്, മരുന്നുകളെക്കാൾ എന്റെ ഏട്ടന്റെ സ്നേഹവും പ്രാർത്ഥനയും തന്നെയാവും എന്റെ ജീവൻ എനിക്ക് തിരികെ നൽകിയത്.

ഇത്തവണ സന്തോഷത്തോടെ ഡോക്ടറെ കണ്ടു. നന്ദി പറഞ്ഞു. ഇനി മൂന്നു മാസത്തിൽ ഒരിക്കൽ ചെക്കപ്പ് വേണം.. പിന്നീട് അതു വർഷത്തിൽ ഒരിക്കൽ മതിയാവും.. ഒരൂപാട് സന്തോഷത്തോടെ, പ്രതീക്ഷകളോടെ, ഭാവിയിലേക്കുള്ള സ്വപ്നങ്ങളോടെ ഞങ്ങൾ കൈകൾ കോർത്തു പിടിച്ചു ആശുപത്രിയുടെ പടികൾ ഇറങ്ങി. പ്രണയവും ചിരിയും നിറഞ്ഞ ഞങ്ങളുടെ ആ പഴയ ജീവിതത്തിലേക്ക്…

Rose Mary

Leave a Reply