18/04/2026

ധനു : ഭാഗം 03

രചന – ജ്വാലാമുഖി

അമ്മ വന്നപ്പോളേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു….

” ശീലു… ഞാൻ നാരായണേട്ടന്റെ ഓട്ടോ വിളിച്ചാണ് ഇങ്ങോട്ട് വന്നത്… മോളെ ആന്റി ആ വണ്ടിയിൽ വീട്ടിൽ ഇറക്കാൻ പറഞ്ഞിട്ടുണ്ട്… ”

“ആ.. അതുമതി ആന്റി… പിന്നെ രാവിലെ ഞാൻ വരാം… ആന്റി പൊക്കൊളു… ”

“നാളെ ഡിസ്ചാർജ് ആകുമോ എന്ന് നോക്കട്ടെ.. ”

അമ്മ ശീലു നെ വണ്ടി കേറ്റി വിടാൻ പോയി… ഞാൻ കട്ടിലിൽ എഴുന്നേറ്റു ഇരുന്നു…ഈ നേരം കൊണ്ടു കിടന്നു കിടന്നു മടുത്തു…

ട്രിപ്പ്‌ ഊരിയത് കൊണ്ടു കൈ ഫ്രീ ആയി… എന്നാലും ഇൻജെക്ഷൻ ഉണ്ട്…

ചുരിദാർ ന്റെ ഷാൾ ഊരി പുതച്ചു ചുവരിൽ ചാരി ഞാൻ ഇരുന്നു…

ഹൈ സ്പീഡിൽ ആണ് ഫാൻ കറങ്ങുന്നത്… തണുപ്പ് ഉച്ചി വരെ അരിച്ചു കയറുന്നു ..

“ഗൗതം… ”

“എന്താടാ… ”

“ഞാൻ നമ്മുടെ സാക്ഷിയെ അങ്ങ് കെട്ടിയാലോ… ”

ഞാൻ ഞെട്ടിത്തരിച്ചു ആ തലേക്കെട്ടിന്റെ മുഖത്തേക്ക് നോക്കി..

പേടിച്ചിട്ടാണേൽ നാവും പൊന്തുന്നില്ല…

“ടാ… നിനക്ക് ഇതിലും നല്ല ഒരു കുട്ടിയെ ഇട്ടില്ലേ വിമലേ… ”

“എനിക്ക് ഇതിലും നല്ലത് വേണ്ട എങ്കിലോ… ”

അവരുടെ സംസാരം ഒരു തീക്കൊള്ളി പോലെ എന്റെ കാതുകളെ പൊള്ളിച്ചു…

ഞാൻ അവിടന്ന് എഴുന്നേറ്റു ബാത്രൂം ലക്ഷ്യമാക്കി നടന്നു… വിറയ്ക്കുന്ന കാലടികൾ പതറാതിരിക്കാൻ ഞാൻ പാടുപെട്ടു…

ബാത്റൂമിനോട് ചേർന്ന വരാന്തയുടെ ചുവരിൽ ചാരി ഞാൻ നിന്നു..

ഇരുട്ട് മൂടി മൂടി വന്നു…

സത്യത്തിൽ അവിടെ നിൽക്കാൻ എനിക്ക് വല്ലാത്ത പേടി തോന്നി.. പക്ഷെ ആ കട്ടിലിൽ കിടക്കാൻ ആയിരുന്നു എനിക്ക് അതിലും പേടി…

പുറത്തെ വാഷ് ബേസണിൽ മുഖം കഴുകി തിരിഞ്ഞതും എനിക്ക് തല ചുറ്റുന്ന പോലെ തോന്നി…

പെട്ടന്ന് എന്നെ ആരോ താങ്ങി പിടിച്ചത് ഞാൻ അറിഞ്ഞു…

“ടി… പെണ്ണേ.. കണ്ണു തുറക്ക്…. ”

മുഖത്തു വീണ്ടും വെള്ളത്തുള്ളികൾ ശക്തിയായി അടിച്ചപ്പോൾ ഞാൻ കണ്ണു തുറന്നു… എന്റെ കണ്ണുകൾക്ക്‌ നേരെ എന്നെയും താങ്ങി നിൽക്കുന്ന ആ കൈകൾ ഗൗതമിന്റെ ആയിരുന്നു…

“പാടില്ലേൽ അവിടെ കിടന്നാൽ പോരെ … മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ… ”

ഞാൻ ഒന്നും മിണ്ടിയില്ല… സ്ഥലകാലബോധം വീണ്ടെടുത്ത് ആ കൈകളിൽ നിന്നും നീങ്ങി മാറി നിൽകുമ്പോൾ സങ്കടം കൊണ്ടെന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി തുടങ്ങിയിരുന്നു…

“താൻ ഇപ്പൊ എന്തിനാ കരയണേ… ഞാൻ നിന്നെ പിടിച്ചു തിന്നൊന്നും ഇല്ല… വീഴാൻ പോയപ്പോൾ ഒന്ന് പിടിച്ചതാ… ഇവിടെ ഒക്കെ ഒറ്റക്ക് വന്നു നിൽകുമ്പോൾ ഒന്ന് ശ്രദ്ധിച്ചുടെ… ”

“ഉം… ”

കണ്ണു തുടച്ചു തിരിഞ്ഞു നടക്കാൻ പോയ എന്റെ കൈകളെ അയാൾ പിടിച്ചു നിർത്തി…

“പെൺകുട്ടികൾക്ക് ഇത്തിരി തന്റേടം ഒക്കെ ആകാം… ”

എന്ന് പറഞ്ഞു അയാൾ എന്നെ നോക്കി ഒന്ന് കണ്ണിറുക്കി കാട്ടി…

ഞാൻ തിരിച്ചു കട്ടിലിൽ വന്നു കിടന്നു… അപ്പോളും അമ്മ വന്നിട്ടില്ലായിരുന്നു…

കുറച്ചു കഴിഞ്ഞതും അമ്മ എത്തി ..

“അമ്മ എവിടെ ആയിരുന്നു… ”

“നമ്മുടെ ദേവകിടെ മോനെ ഒരു ആക്‌സിഡന്റ് ആയിട്ട് കൊണ്ടു വന്നേക്കണൂ… ഞാൻ അത്രേടം വരെ ഒന്ന് പോയതാ… ”

അമ്മ എനിക്ക് കൊണ്ടു വന്ന കഞ്ഞിയും മുളക് ചുട്ടരച്ച ചമ്മന്തിയും എടുത്തു പ്ലേറ്റിൽ പകർത്തി… എന്റെ മടിയിൽ വച്ചു തന്നു …

രണ്ടു ടിസ്പൂൺ കുടിച്ചപ്പോളേക്കും എനിക്ക് മതിയായി..

“മുഴുവൻ കഴിക്കു മോളെ… എഴുന്നേറ്റു നടക്കണ്ടേ… നാളെ ഡോക്ടർ വരുമ്പോൾ കുറവില്ലേൽ വിടില്ലാട്ടോ… ”

“അമ്മക്ക് നാളെ ജോലി ഉള്ളതല്ലേ.. ”

“ഞാൻ കമ്പനിയിൽ വിളിച്ചു ലീവ് പറഞ്ഞിട്ടുണ്ട്… അയാൾ കുറെ വഴക്കു പറഞ്ഞു… ”

ആരോരും ഇല്ലാത്ത ഈ അമ്മയ്ക്കും മോൾക്കും ആകെ ഉള്ള ആശ്രയം ആണ് അമ്മേടെ തീപ്പെട്ടി കമ്പനി ലെ ജോലി…. അതുടെ പോയാൽ…?? !!!

കഞ്ഞി മതിയാക്കി കിടക്കുമ്പോളും എന്റെ ഉള്ളിൽ ചിരിക്കാൻ പോലും മറന്നു പോയ എന്റെ ബാല്യം ആയിരുന്നു… എനിക്ക് പതിനൊന്നു വയസ്സ് ഉള്ളപ്പോൾ ആണ് അച്ഛൻ മരിക്കുന്നത്… അന്നെന്റെ അമ്മക്ക് മുപ്പതു വയസ്സ്…

പിന്നീട് ഓരോ രാത്രിയും വെട്ടുകത്തി തലയിണയുടെ അടിയിൽ വച്ചു ഉറങ്ങിയ നാളുകൾ ആയിരുന്നു… അമ്മ കാണാൻ സുന്ദരി ആയിരുന്നു എന്നതുകൊണ്ട് ആയിരിക്കാം… ഉമ്മറത്തെ കതകിന്റെ ബലം നോക്കാൻ ഒരുപാട് പേർ വന്നു മുട്ടി നോക്കിയത്… അവർക്ക് മുന്നിൽ അമ്മ ഒരു പെൺപുലി ആയിരുന്നു…

ഗൗതം…. !!! ഇന്ന് ഇയാളെ കാണുമ്പോൾ ഇതുപോലെ ഒരാണു എന്റെ വീട്ടിൽ ഉണ്ടെങ്കിൽ ഒരു രാത്രി എങ്കിലും സമാധാനം ആയി ഉറങ്ങാം എന്നെന്റെ മനസ്സ് പറഞ്ഞു…

ഓരോന്ന് ഓർത്തു ഞാൻ കിടന്നു… അമ്മ എന്റെ കട്ടിലിന്റെ അടിയിൽ പായ വിരിച്ചു കിടന്നു… പാവം.. ഉറങ്ങി തുടങ്ങി…

ഞാൻ അപ്പുറത്തെ ബെഡിലേക്ക് നോക്കി കിടന്നു…

അവരൊന്നും ഉറങ്ങിയിട്ടില്ല….

ഇടയ്ക്കിടെ എന്റെ കണ്ണുകൾ ഗൗതമിന്റെ കണ്ണുകളിൽ തട്ടി വൈദ്യുതി ഏറ്റ പോലെ പിടഞ്ഞു മാറി കൊണ്ടിരുന്നു…

എപ്പോളോ ഞാനും ഉറക്കത്തിലേക്ക് വീണു…

*****

ആ കയ്യും പിടിച്ചു പാടം കടന്നു ഞങ്ങൾ ഓടി… പെട്ടന്ന് ആരോ പിറകിലൂടെ വന്നു എന്റെ ഗൗതമിന്റെ കഴുത്തിലൂടെ വെട്ടി… ചോര ഒഴുകുന്ന ആ ശരീരം മടിയിൽ താങ്ങി ഞാൻ ആ പാടത്തു ഇരുന്നു പോയി…

“അയ്യോ….. !!!”

ഞെട്ടി എണീറ്റു കണ്ണു തുറന്നു നോക്കുമ്പോൾ എല്ലാവരും നല്ല ഉറക്കം… പക്ഷെ അപ്പോളും ആ കണ്ണുകൾ എനിക്ക് നേരെ തുറന്നു തന്നെ നിന്നിരുന്നു….

തുടരും…