രചന – ജ്വാലാമുഖി
“ധനു… നീ ഇവിടെ നിൽക്കുവാനോ…?? ”
“എന്താ അമ്മേ… ”
“മോൾക്ക് ആ പയ്യനെ ഇഷ്ടം ആയോ…?? ”
“അമ്മയുടെ ഇഷ്ടം അല്ലെ ധനു ഇന്നുവരെ നോക്കിയിട്ടുള്ളു… ”
“ഉം… അമ്മക്ക് അതറിയാം… എന്നാലും… ”
“അമ്മക്ക് ഇഷ്ടം ആയെങ്കിൽ അതുമതി… ”
“എനിക്കെന്തോ ഈ ആലോചന അത്ര സുഖം ആയി തോന്നുന്നില്ല മോളെ… ആ പയ്യനാണേൽ അച്ഛനും അമ്മയും ഒന്നും ഇല്ല… നാളെ എന്റെ ഗതി നിനക്ക് വരരുത് മോളെ… ”
ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു…
അമ്മ പറഞ്ഞതിലും കാര്യം ഉണ്ട്… അച്ഛൻ പോയതിൽ പിന്നെ എന്നെ വളർത്താൻ എന്റെ അമ്മ ഒരുപാട് പാടുപെട്ടിട്ടുണ്ട്…. കൂടപ്പിറപ്പുകളോ അച്ഛനും അമ്മയോ ഒന്നും ഇല്ലാത്ത എന്റെ അച്ഛനു മുന്നിൽ കഴുത്തു നീട്ടുമ്പോൾ… അമ്മക്ക് ഉള്ളിൽ സ്നേഹത്തേക്കാൾ സഹതാപം ആയിരുന്നു…
പക്ഷെ .. പാതിവഴിയിൽ അച്ഛനെ ഭഗവാൻ തിരിച്ചു വിളിച്ചപ്പോൾ അമ്മയും പെരുവഴിയിൽ ആയിപോയി…
“അവരോടു എന്താ പറയാ ധനു… ”
“അമ്മേടെ ഇഷ്ടം… ”
“ഇത് നടക്കില്ല എന്ന് പറയാം അല്ലെ… ”
“ഉം… ”
“പിന്നെ മോൾടെ മനസ്സിൽ ആരെങ്കിലും ഉണ്ടോ.. അമ്മയെ മോൾ ചതിക്കില്ല എന്നറിയാം… എന്നാലും… !!”
ഇല്ല എന്ന് തലയാട്ടുമ്പോളും ഒരു തുള്ളി കണ്ണുനീർ എന്നിൽ നിന്നും പുറത്തു ചാടാൻ കാത്തു നില്പുണ്ടായിരുന്നു… ഞാൻ അത് തുടച്ചു കൊണ്ടു മുറ്റത്തേക്ക് നടന്നു…
******
രാവിലെ അമ്മ ജോലിക്ക് പോയപ്പോ തൊട്ടു ഉമ്മറത്തെ തിണ്ണയിൽ ഇരിക്കുന്നതാ ഞാൻ…
എന്തോ മനസ്സൊക്കെ വല്ലാത്ത പോലെ…
“ധനു… ”
“എന്താ രമണി ചേച്ചി.. ”
“രണ്ടു ടിസ്പൂൺ മുളക് പൊടി ഉണ്ടെങ്കിൽ തന്നെ മോളെ.. അതിയാൻ വൈകിട്ട് വരുമ്പോൾ കൊണ്ടു വരും… അപ്പൊ തരാം ട്ടാ…. ”
അകത്തു പോയി ഒരു കടലാസ്സിൽ മുളക് പൊടി കൊണ്ടു കൊടുത്തതും… നന്ദി സൂചകമായി ഒന്ന് ചിരിച്ചു കൊണ്ടു രമണി ചേച്ചി പോയി..
തിരിച്ചു തരത്തൊന്നും ഇല്ല.. ഇതു സ്ഥിരം പതിവാ… വല്ല പാത്രത്തിലും കൊടുത്താൽ പിന്നെ പാത്രവും കിട്ടില്ല…
“മോളെ… ”
ഇനി എന്താണാവോ അടുത്ത ആവശ്യം…
ഞാൻ വേലിക്കൽ നിൽക്കുന്ന രമണി ചേച്ചിയെ നോക്കി വിളികേട്ടു…
“അന്ന് അമ്പലത്തിൽ വച്ചു വെട്ടു നടന്നില്ലേ… നമ്മുടെ മുല്ലശ്ശേരി മനയ്ക്കലെ ചെക്കനെ പോലീസ് പിടിച്ചു ന്നു…. ”
“അതാരാ… ”
“മോൾ അറിയില്ല… അന്ന് വെട്ടു നടക്കുമ്പോൾ നിങ്ങൾ ഒക്കെ അവിടെ ഉണ്ടായില്ലേ… ”
“ഞങ്ങൾ അപ്പോളേക്കും പോന്നു ചേച്ചി… ”
“ഓഹ്… ഈ മുല്ലശ്ശേരി മനക്കൽ ഒരു തല്ലുകൊള്ളി ചെക്കൻ ഉണ്ട്… ഗൗതം… ”
ഞാൻ ഒരു ഞെട്ടലോടെ രമണി ചേച്ചിയെ നോക്കി…
“അവൻ ലോക തല്ലുകൊള്ളി ആണ്… കഴിഞ്ഞ കൊല്ലം ഉത്സവത്തിന്റെ സമയത്തു താലി സെറ്റ് പോകുമ്പോൾ കൂട്ടത്തിൽ ഒരുത്തൻ കുടിച്ചു ലക്കുകെട്ട് തെക്കും കരക്കാരിലെ ഒരു പെണ്ണിനെ ഞോണ്ടാൻ ചെന്നു… അത് പറഞ്ഞു ഉന്തും തള്ളും ആയി… വഴക്കു മൂത്ത് തടയാൻ ചെന്ന ഇവന്റെ കൂട്ടുകാരനെ അതിൽ ഒരുത്തൻ വെട്ടി… ഉത്സവം ആയോണ്ട് പല സ്ഥലത്തുന്നും ആൾക്കാർ വരുലോ.. ഇവർ അവനെ അന്നെഷിച്ചു നടന്നു എങ്കിലും ഇക്കൊല്ലം ഉത്സവത്തിനാണ് അവനെ കയ്യിൽ കിട്ടിയത്… ”
എനിക്ക് പറയാൻ മറുപടി ഒന്നും ഇല്ലായിരുന്നു…
“ആ ചെക്കൻ ആണെങ്കിൽ മന്ത്രവും പൂജയും ഒക്കെ പഠിച്ച ചെക്കനാ… എവിടെയോ കോളേജിൽ പടിപ്പിക്കനും ഉണ്ടായിരുന്നു… പിന്നെ എങ്ങനെ തല തിരിഞ്ഞു എന്ന ആർക്കും മനസിലാക്കാത്തെ… ”
“ഉം… ”
“കൂട്ടുകെട്ടൊക്കെ മാറി കിട്ടട്ടെ എന്ന് കരുതി ആണ് അവനെ ഒരു പെണ്ണ് കെട്ടിച്ചത്… പക്ഷെ… ഒടുവിൽ അവൾ ഇവനെ ഇട്ടിട്ടു പോയി… ”
എന്റെ കൃഷ്ണ അയാൾ കല്യാണം കഴിച്ചത് ആയിരുന്നോ…. !!!
എനിക്ക് തല ചുറ്റുന്ന പോലെ തോന്നി… എന്റെ കണ്ണാ…. എന്നിട്ടാണോ ഈ പൊട്ടിപ്പെണ്ണിന്റെ പൊട്ട ബുദ്ധിയിൽ നീ ഇങ്ങനെ ഒക്കെ തോന്നിപ്പിച്ചത്…
ഒന്ന് ഉറക്കെ പൊട്ടിക്കരയണം എന്ന് തോന്നി… എങ്കിലും തളരാതെ ഞാൻ പിടിച്ചു നിന്നു…
രമണി ചേച്ചി അതും പറഞ്ഞു അകത്തേക്ക് പോകുന്നതും നോക്കി ഞാൻ നിന്നു…
പണികൾ ഒക്കെ തീർത്തു…
വീടിനു മുന്നിലെ ഒതുക്കുകല്ലിൽ താടിക്കു കയ്യും കൊടുത്തു ഇരുന്നു പോയി ഞാൻ…
******
വൈകിട്ട് വീടൊക്കെ അടിച്ചു തുടച്ചു വിളക്ക് വച്ചു നാമം ജപിക്കുമ്പോൾ ആണ് അമ്മ വന്നത്…
“ഇതൊക്കെ അകത്തേക്ക് വെക്കൂ മോളെ… ”
എന്റെ കയ്യിൽ തന്ന കവർ എടുത്തു അകത്തേക്ക് നടക്കുമ്പോൾ അമ്മ എന്നെ വിളിച്ചു…
“ധനു… ”
“ഉം.. ”
“ആ ഗൗതമിനെ പോലീസ് പിടിച്ചു… ”
“ഉം… ”
“അല്ലേലും ഇങ്ങനത്തെ തല്ലുകൊള്ളികളെ ഒക്കെ പിടിച്ചു ജയിലിൽ ഇടണം… ”
“ഉം.. ”
അമ്മക്കുള്ള ചായ എടുത്തു ഞാൻ മേശമേൽ വച്ചു..
“അല്ലേലും അവനൊക്കെ തിന്നിട്ട് എല്ലിന്റെ ഉള്ളിൽ കേറിയിട്ടുള്ള കുഴപ്പം ആണ്…. അവന്റെ അമ്മയെ കണ്ടിട്ടുണ്ടോ ധനു… ഒരു മഹാലക്ഷ്മി ആണവർ… കണ്ടാൽ തൊഴുതു പോകുന്ന ഒരു ദേവി രൂപം.. അതുപോലെ തന്നെ ആണ് അവരുടെ സ്വഭാവവും… ”
“ഉം… ”
ഞാൻ ഒന്നും ശ്രദ്ധിക്കാത്ത മട്ടിൽ അമ്മ കൊണ്ടു വന്ന പൊടികൾ ഒക്കെ ടപ്പകളിൽ പകർത്തികൊണ്ടിരുന്നു…
“ധനു കണ്ടിട്ടുണ്ടാകും അവരെ… എന്നും കൃഷ്ണന്റെ അമ്പലത്തിൽ വരാറുണ്ട്… സെറ്റ് മുണ്ടൊക്കെ ഉടുത്തു നെറ്റിയിൽ വലിയ കുങ്കുമ പൊട്ടു വച്ചൊരു ദേവി… ”
“എനിക്ക് ഓർമ ഇല്ലമ്മേ… ”
എന്തായാലും നാളെ രാവിലെ അമ്പലത്തിൽ പോണം… ആ അമ്മയെ എനിക്കും ഒന്ന് കാണണം… അമ്മ പറഞ്ഞ ദേവിയെ….
******
രാവിലെ നേരത്തെ എണീറ്റു പണികൾ തീർത്തു..കുളിച്ചു വിളക്ക് വച്ചു… നല്ലൊരു സാരി എടുത്തു ഉടുത്തു ഞാൻ കൃഷ്ണന്റെ അമ്പലത്തിലേക്ക് നടന്നു….
ചുറ്റമ്പലം കടന്നു അകത്തു കയറി തൊഴുതു… മഞ്ഞച്ചേല ചുറ്റിയ കള്ളക്കൃഷ്ണനെ കണ്ടു മതിവരാതെ അവിടെ തന്നെ നിന്നു പോയി ഞാൻ…
നടപ്പുരയിൽ അമ്മമാർ മാല കെട്ടുന്ന തിരക്കിൽ ആണ്…ഞാനും ഒരു വാഴനാരെടുത്തു അവർക്കൊപ്പം ഇരുന്നു മാല കെട്ടി… തൃപ്പടിയിൽ വച്ചു… തിരുമേനി അൽപ്പം വെള്ളം തളിച്ചു ആ മാല എടുത്തു കണ്ണനെ ചാർത്തി…
മതിവരുവോളം ആ തിരുവുടൽ കണ്ടു തൊഴുതു ഇറങ്ങുമ്പോൾ പിന്നിൽ നിന്നും ആരോ വിളിച്ചു…
“മോളെ… ”
തിരിഞ്ഞു നോക്കുമ്പോൾ…. സെറ്റുടുത്ത.. നെറ്റിയിൽ വലിയ കുങ്കുമ പൊട്ടുള്ള…. ചന്ദനത്തിന്റെ നിറമുള്ള… അമ്മ പറഞ്ഞ പോലെ ഒരു ദേവി…
“എന്നെ മനസ്സിലായോ… ”
“ഇല്ല… ”
“ഞാൻ ഗൗതമിന്റെ അമ്മ ആണ്…… !!”””
തുടരും….

by