24/04/2026

ദയ ദുർഗ്ഗ : ഭാഗം 42

രചന – നിമ സുരേഷ്

“”പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ ദച്ചൂ??””ഇരുട്ടിൽ , ദയയെ ശ്രീറാമിന്റെ മുറി വാതിൽക്കൽ കൊണ്ട് നിർത്തി , അടക്കി പിടിച്ച ശബ്ദത്തോടെ ഗോപിക ഒരുറപ്പിനെന്ന പോൽ വീണ്ടും ചോദിച്ചു …..””എനിക്ക്…. എനിക്ക് പേടിയാ ഗോപു….ശ്രീയേട്ടൻ വഴക്ക് പറയും….””ദയയുടെ മുഖം ദയനീയമായി…..
ഇരുട്ടിൽ ഗോപികയ്ക്കത് കാണാൻ സാധിച്ചില്ലെങ്കിലും അവളുടെ ശബ്ദത്തിൽ പ്രതിഫലിച്ച ഭയം ഗോപിക തിരിച്ചറിയുകയുണ്ടായി…..””ഏട്ടൻ നിന്നെ ഒന്നും പറയില്ലെന്റെ ദച്ചൂ….നീ ഏട്ടനെ വിളിക്ക്… സമയം പോവുന്നു……
ഞങ്ങൾ താഴെയുണ്ടാവും…..””ദയയുടെ മറുപടിക്ക് കാതോർക്കാതെ കയ്യിലെ ടോർച്ച് തെളിയിച്ച് ഗോപു കോണി പടികൾ താഴേക്കിറങ്ങി….ഗോപിക പോയതോടെ ദയയാകെ വിറയ്ക്കാൻ തുടങ്ങി….
അതേ വിറയലോടെയവൾ മുന്നിലെ ശ്രീറാമിന്റെ വാതിൽ പൊളിയിൽ കൈപത്തിയാൽ അമർത്തി തട്ടി….””ശ്രീയേട്ടാ……””ഉറക്കത്തിലായിരുന്ന ശ്രീറാം ദയയുടെ ശബ്ദം കേട്ട് ഞെട്ടിയുണർന്നു…..പിന്നീട് ശബ്ദമൊന്നും കേൾക്കാതെ വന്നപ്പോൾ താൻ സ്വപ്നം കണ്ടതാണെന്ന് ധരിച്ചവൻ അബദ്ധം പിണഞ്ഞത് പോലെ തന്റെ നെറ്റിയിലൊന്ന് കൊട്ടി വീണ്ടും കിടക്കയിലേക്ക് ചാഞ്ഞു….
ഉറങ്ങുമ്പോൾ പോലും ചിന്തകളിൽ ദുർഗ്ഗയാണ് …..!!സ്വയം പരിഹസിച്ചു ശ്രീറാം….വീണ്ടും വാതിലിൽ കൊട്ട് കേട്ടപ്പോൾ അവൻ ധൃതിപിടിച്ചെഴുന്നേറ്റ് മുറിയിലെ വെട്ടം തെളിയിച്ചു….
സ്വപ്നമല്ലേ!!!ആത്മഗതത്തോടെ , എഴുന്നേറ്റ് ഉടുത്തിരുന്ന മുണ്ടൊന്ന് മുറുക്കിയുടുത്തവൻ ധൃതിയിൽ ചെന്ന് വാതിൽ തുറന്നു….മുന്നിൽ കൈകൾ കൂട്ടി തിരുമ്മി പരിഭ്രമത്തോടെ നിൽക്കുന്നു ദയ…..

“”എന്ത് പറ്റി ദുർഗ്ഗ??””ശ്രീറാം ആധിയോടെ ആരാഞ്ഞു……””അ.. അത്… പിന്നേ….എനിക്ക്…..”””എന്താ… എന്തെങ്കിലും വയ്യാതെയുണ്ടോ?? എന്താണെങ്കിലും പറയ്….”””ഒ.. ഒന്നുല്ല… എനിക്കിത്തിരി വെള്ളം….ഒറ്റയ്ക്ക് പോകാൻ പേടിയായപ്പോ….””പാതി മുറിഞ്ഞു പോയെങ്കിലും ഗോപിക പഠിപ്പിച്ചു വിട്ട സംഭാഷണം ബുദ്ധിമുട്ടോടെ പൂർത്തിയാക്കി ദയ….””ഹോ…. അതാണോ…..ചോദ്യത്തോടെ ശ്രീറാം ദീർഘമായൊന്ന് നിശ്വസിച്ചു….
താഴേക്ക് പോകണ്ട… എന്റെ ഫ്ലാസ്ക്കിലുണ്ട് ചൂട് വെള്ളം….””ശ്രീറാം പിന്തിരിഞ്ഞ് മുറിയിലേക്ക് കയറി…
പദ്ധതികൾ പൊളിഞ്ഞു പോകുന്ന നിരാശയാൽ അവൾ പരിഭ്രമം പൂണ്ടു , പിന്നീടുതിച്ച ബുദ്ധിയിൽ അവൾ ശ്രീറാമിനെ തടഞ്ഞു….””അല്ല…….”” ദയയുടെ ശബ്ദം ഉയർന്നപ്പോൾ ശ്രീറാം ഞെട്ടലോടെ പിന്തിരിഞ്ഞു…. “”എന്താടോ???””””എ.. എനിക്ക്.. ചൂട് വെള്ളം വേണ്ട… തണുത്ത വെള്ളം…..
തണുത്ത വെള്ളം മതി……താഴേക്ക് പോകാം…..””ദയയുടെ ഭാവ പകർച്ച ശ്രീറാമിൽ സംശയമുണർത്തി….
അവനവളെ ചുഴിഞ്ഞ് നോക്കി അവൾക്കരികിലേക്ക് നടന്നടുത്തു…..””ഓർഗനൈസേഴ്സ് താഴെ ഉണ്ടാകും അല്ലെ….???””നെഞ്ചിൽ കൈകൾ പിണച്ച് വാതിൽ കട്ടിളയിലേക്ക് ഒരു വശം ചാരി നിന്നവൻ ഗൗരവത്തിൽ ചോദിച്ചു…ദയ കോമരം തുള്ളും പോലെ വിറച്ച് തുള്ളി…..അവനെല്ലാം മനസ്സിലായിരിക്കുന്നെന്ന വസ്തുത കുറച്ചൊന്നുമല്ല അവളെ ഭയപ്പെടുത്തിയത്…!!ദയ ഉമിനീർ വിഴുങ്ങിയ ശബ്ദം ശ്രീറാം തന്റെ കാതുകളിൽ കേട്ടു…..
അവന് ചിരി വന്നു…..

“”എന്തായാലും പരിപാടി മുടക്കണ്ട…ഉറക്കമൊഴിച്ച് കഷ്ടപ്പെട്ടതല്ലേ… വാ……””ദയയെ കടന്ന് ശ്രീറാം മുന്നിൽ നടന്നു….കോണി പടികൾ ഇറങ്ങവേ അവനവളെയൊന്ന് പിന്തിരിഞ്ഞു നോക്കി….നിന്ന നിൽപ്പിൽ നിന്നും ഒരിഞ്ച് പോലും അനങ്ങിയിട്ടില്ല ദയ ….””വാ…….””ശ്രീറാം ദയക്ക് നേരെ കൈ വെള്ള നീട്ടി…വിയർപ്പൊലിച്ച തന്റെ വലത് കൈതലം ദയ ശ്രീറാമിന്റെ കയ്യിലേക്ക് ചേർത്ത് വച്ചു ….ഇരുവരുടെയും വിരലുകൾ തമ്മിൽ കോർത്തു ….
ഇരുട്ടിലൂടെ തപ്പി തടഞ്ഞവർ പതിയെ ഓരോ പടികളായി താഴേക്കിറങ്ങി….അവസാന പടിയിറങ്ങിയതും ദയ വിക്കി വിക്കി ചുമച്ചു….അവർ താഴെയെത്തിയെന്നതിനുള്ള സൂചന…..!!
ഇല്ലാത്ത ചുമ ഉണ്ടാക്കാൻ കഷ്ടപ്പെടുന്നവളുടെ പ്രവർത്തി ശ്രീറാമിനെ വീണ്ടും രസിപ്പിച്ചു….”ഈ പെണ്ണിനെ കൊണ്ട്….. “മന്ത്രിച്ച് കൊണ്ടവൻ വലത് കയ്യാൽ തന്റെ മുഖം മറച്ച് കുലുങ്ങി ചിരിച്ചു…..അല്പ നിമിഷങ്ങൾക്കകം ഇരുട്ടിനെ ബേദിച്ച് ഹാളിൽ അലങ്കാര ബൾബുകൾ തെളിഞ്ഞു….പാർട്ടി പോപ്പറുകൾ ഉച്ചത്തിൽ പൊട്ടി..യ ഞെട്ടലോടെ ശ്രീറാമിനോട് ചേർന്നു നിന്നു…..

“”ഹാപ്പി ബർത്ത്ഡേ ഏട്ടാ……..”ഗോപു ഉറക്കെ വിളിച്ചു കൂവി….ശ്രീറാമിന്റെ ഭാവമറിയാനുള്ള ജിജ്ഞാസ അവളുടെ കണ്ണുകളിൽ തെളിഞ്ഞു…..അവളിൽ മാത്രമല്ല ശരണിലും…അവരിരുവരെയും നിരാശപ്പെടുത്താൻ അവന്റെ മനസ്സനുവദിച്ചില്ല….താൻ ഞെട്ടിയത് പോലെ കണ്ണുകൾ മിഴിച്ച് ശ്രീറാം വലത് കയ്യാൽ തന്റെ വാ മൂടി പിടിച്ചു…അവൻ ആശ്ചര്യപ്പെട്ടത് കാണെ ഗോപു സന്തോഷം കൊണ്ട് രണ്ട് ചാട്ടം ചാടി ഓടി വന്നവനെ പുണർന്നു….ഒരു കൊച്ച് കുഞ്ഞായിരുന്നു അവളപ്പോൾ…തന്റെ ഏട്ടന്റെ സന്തോഷം മാത്രമാഗ്രഹിക്കുന്നൊരു പൊട്ടി പെണ്ണ്….ശ്രീറാം ചിരിയോടെ…. നിറഞ്ഞ മനസ്സോടെ അവളെ തന്റെ നെഞ്ചിലേക്കമർത്തി…..”താങ്ക്യൂ മൈബേബി ഡോൾ …..””

വളരെ പതിയെ ഗോപികയുടെ കാതോരം മൊഴിഞ്ഞവൻ അവളുടെ നെറുകിൽ തലോടി…ശേഷം നിറ ചിരിയോടെ നിൽക്കുന്ന ശരണിനെ നോക്കി ചുണ്ടുകൾ വിടർത്തി….അതിൽ തന്റെ അനുജനോടുള്ള നന്ദിയവൻ ഒളിപ്പിച്ചിരുന്നു….ഹാളിനോരോ കോണിൽ നിന്നും കൈലാസ് ഒഴികെ ആ വീട്ടിലുള്ള എല്ലാവരും അവർക്കരികിലേക്കെത്തി ചേർന്നു….ശ്രീറാമിനെ ആശംസകൾ കൊണ്ട് പൊതിഞ്ഞു…..പിന്നീടവർ കേക്ക് മുറിച്ചു….സമ്മാനങ്ങൾ കൈമാറി…
ദയക്കെല്ലാം പുതിയ അനുഭവങ്ങളായിരുന്നു……ശ്രീറാം വായിൽ വച്ചു കൊടുത്ത കേക്കവൾ വിടർന്ന മിഴികളോടെ രുചിച്ചിറക്കി……
ആദ്യമായിട്ടായിരുന്നു അവളതിന്റെ സ്വാദറിയുന്നത്…..നാവിൽ തൊട്ടയുടൻ രസമുകുളങ്ങളിലേക്കലിഞ്ഞിറങ്ങുന്നയാ പുതുരുചി അവൾക്കേറെ ഇഷ്ടപ്പെട്ടു …..””എങ്ങനെയുണ്ട്??””കുഞ്ഞിനോടെന്ന പോൽ ശ്രീറാം കണ്ണുകൾ വിടർത്തി പുരികം പൊക്കി ചോദിച്ചു….ദയ നാവിനാൽ അധരങ്ങൾ തൊട്ടുഴിഞ്ഞ് അവനെ നോക്കി ഇഷ്ടപ്പെട്ടെന്ന അർത്ഥത്തിൽ തല കുലുക്കി…..ശ്രീറാം ഒന്ന് മന്ദഹസിച്ച് ഒരു കഷ്ണം കൂടെ മുറിച്ചെടുത്ത് അവൾക്ക് നൽകി…
ദയയത് ആസ്വദിച്ച് കഴിക്കുന്ന കാഴ്ച്ച അവന്റെ മനസ്സ് നിറയ്ക്കാൻ പാകത്തിനുള്ളതായിരുന്നു…സമയം കടന്നു…..മുത്തശ്ശനൊഴികെയാരും അന്നുറങ്ങിയില്ല…..പൊട്ടിച്ചിരിച്ചും…
പരസ്പരം കളിയാക്കിയും ..ഓർമ്മകൾ പങ്ക് വച്ചും ..പാട്ടുകൾ പാടിയും …..
ആ രാവ് പുലരും വരെ അവരെല്ലാവരും ആഹ്ലാദിച്ചു…ആസ്വദിച്ചു…..ഓർമ്മകളിലേക്ക് ചേർത്ത് വയ്ക്കാൻ പാകത്തിൽ ഓരോ നിമിഷവും മതി മറന്ന് തന്നെ ആഘോഷിച്ചു….

🦋🦋🦋
വന്ന അഥിതികളെല്ലാവരും തിരികെ മടങ്ങിയപ്പോൾ ശ്രീറാം പതിയെ തന്റെ മുറിയിലേക്ക് വലിഞ്ഞു ……രാവിലെ മുതൽ ആരൊക്കെയോ വരികയും , പോവുകയും ചെയ്യുകയുണ്ടായി…
എല്ലാവരെയും സൽക്കരിച്ച് വയ്യാതെയായിരിക്കുന്നു….!!
ഇന്നലെ രാത്രി ഉറങ്ങുകയും ചെയ്തില്ല….അതിനാലാകണം വല്ലാത്ത ക്ഷീണം……തല പൊട്ടി പൊളിയുന്ന പോലെ….അവൻ തന്റെ ഇടത് കൈ നെറ്റിക്ക് കുറുകെ വച്ചു…..””വയ്യേ …??”വളരെ പതിഞ്ഞ സ്വരം…..!!
കണ്ണുകൾ തുറന്നവൻ ദയയെ നോക്കി പുഞ്ചിരിച്ചു….പക്ഷേ അവൾക്ക് വല്ലാത്ത പരിഭ്രമം പോലെ..കൈകൾ രണ്ടും പിന്നിലേക്ക് മറച്ച് പിടിച്ചിരിക്കുകയാണ്.. “എന്താടോ??””””ഞാൻ… ഞാനൊരു കാര്യം തന്നാൽ വാങ്ങിക്കുവോ??””അവൾ മടിയോടെ ചോദിച്ചത് കേൾക്കെ ശ്രീറാം ആകാംഷയോടെ ദയക്ക് നേരെ മറു ചോദ്യമെറിഞ്ഞു..”എന്താത്??”ദയ വളരെ പതിയെ തന്റെ കയ്യിലെ നാലാക്കി മടക്കിയ ഡ്രോയിങ് ക്യാൻവാസിലെ വെള്ള പേപ്പർ ശ്രീറാമിന് നേരെ നീട്ടി…അവനത് ധൃതിയിൽ വാങ്ങി തുറന്നു നോക്കി……ശ്രീറാമിന്റെ കണ്ണുകൾ ഒരേസമയം സന്തോഷത്തോടെയും , അത്ഭുതത്തോടെയും മിഴിഞ്ഞു…..അവന്റെ ചിത്രം വരച്ച് നൽകിയതായിരുന്നു ദയ…..
അവനെ ജീവനോടെ പകർത്തി വച്ചത് പോലെ…..

“”എല്ലാവരും തന്നത് പോലെ വിലപിടിപ്പുള്ള സമ്മാനമൊന്നും തരാൻ ന്റെ കയ്യിൽ ഒന്നുല്യ…””ദയ വിഷമത്തോടെ കൂട്ടി ചേർത്തു…ശ്രീറാമിന് എന്ത് ചെയ്യണമെന്നറിയുന്നുണ്ടായില്ല….
സന്തോഷം കൊണ്ടവന്റെ ഹൃദയം പൊട്ടി പോകുമെന്ന് തോന്നി….
കണ്ണുകൾ പതിയെ നിറഞ്ഞ് തുടങ്ങി…അവനേറെപ്രിയപ്പെട്ടവൾക്കരികിൽ നിന്നും അത്രയേറെ മൂല്യമുള്ള പിറന്നാൾ സമ്മാനം……!!ശ്രീറാം കിടക്കയിൽ നിന്നും നിരങ്ങിയിറങ്ങി ദയക്കഭിമുഖമായി നിന്നു…””ഞാൻ…. ഞാൻ തന്നെയൊന്ന് കെട്ടിപ്പിടിച്ചോട്ടെടോ ……??”””ഏഹ്..!!എന്താ…..??”ദയ ഉമിനീർ വിഴുങ്ങി….അവളുടെ കണ്ണുകൾ തുറിച്ചു….””ഒന്ന്കെട്ടിപിടിച്ചോട്ടേന്ന്…..””ശ്രീറാംആവർത്തിച്ചു…ദയ താനേതോ മായാലോകത്തിലെത്തിപ്പെട്ടെന്ന പോൽ അവനെ നോക്കി മന്ദതയോടെ തലയാട്ടി ……അടുത്ത നിമിഷം ശ്രീറാമവളെ വാരി പുണർന്നു…..””ഇതെന്റെ ലൈഫിലെ ഏറ്റവും ബെസ്റ്റ് ബർത്ത്ഡേയ് ഗിഫ്റ്റ് ആടോ….. ഇതിൽ കൂടുതൽ വിലപിടിപ്പുള്ളതൊന്നും ആർക്കും തരാൻ കഴിയില്ല…..താങ്ക്യൂ…. താങ്ക്യൂ സോ മച്ച്….””ഇളം കാറ്റ് പോൽ ശ്രീറാമിന്റെ അതിമൃദുലമാർന്ന സ്വരം ദയയുടെ ചർമ്മത്തെ തഴുകിയുണർത്തി… അവനൊന്ന് കൂടെ വളരെ സ്നേഹത്തോടെ ദയയുടെ കുഞ്ഞുടലിനെ ദേഹത്തോടണച്ചു പിടിച്ചു……ദയക്ക് തന്റെ മേലാകെ കുളിര് കോരി…..ആരുമറിയാതെ അവളിലവളായി ഒളിപ്പിച്ച് വച്ച ശ്രീറാമിനോടുള്ള സ്നേഹം അതിന്റെ എല്ലാ സീമകളും ലംഘിച്ച് പുറത്തേക്ക് പ്രവഹിച്ചു…..മറ്റൊന്നും ചിന്തിക്കാതെ…
തന്റെ കുറവുകളെയോർത്ത് വേവലാതിപ്പെടാതെ….ദയയുടെ ഇരു കൈകളും ശ്രീറാമിനെ ശക്തമായി പുണർന്നു…..അല്പ നേരം സ്വയം മറന്നവർ അതേ നിൽപ്പ് തുടർന്നു..””ദുർഗ്ഗ…..”””മ്മ്മ് …..”അവന്റെ നെഞ്ചിൻ ചൂടിലേക്കൊന്ന് കൂടെ കുറുകി ചേർന്നവൾ അലസമായി മൂളി….””ഇത്രേം ദിവസം എന്റടുത്ത് നിന്നൊളിച്ച് നടന്നതെന്തിനാ??
ഞാനിഷ്ടം പറഞ്ഞത് കൊണ്ടാണോ??”അവളൊന്നും മിണ്ടിയില്ല…..”എന്നെ ഇഷ്ടല്ലാന്നുണ്ടോ തനിക്ക്….??എന്റെ പ്രായം… അതാണോ ത……….”വാക്കുകൾ പൂർത്തിയാക്കും മുമ്പേ ദയ തന്റെ കൈപ്പത്തിയാൽ ശ്രീറാമിന്റെ ചുണ്ടുകൾക്ക് മീതെ മറ തീർത്തു ….അവനെ നോക്കി അരുതെന്ന് വിലങ്ങനെ തലയനക്കുമ്പോൾ അവളുടെ മിഴികൾ തുളുമ്പിയിരുന്നു….
തന്റെ കുറവുകളോർത്തുള്ള നിസ്സഹായത ആ മുഖത്ത് പ്രകടമായി….

“ഇഷ്ടാ…. ഒരുപാട്….. ഒരുപാടിഷ്ടാ…”
അവളുടെ ഹൃദയം അലമുറയിട്ടു..
പക്ഷേ ഒരു വാക്ക് പോലും നാവിൻ തുമ്പിൽ നിന്നുമുതിർന്നു വീണില്ല….
അവൾ തീർത്തും മൗനിയായി….ദയയുടെ മൗനം ശ്രീറാമിനെ നൊമ്പരപ്പെടുത്തിയെങ്കിലും അവനൊന്നും മിണ്ടിയില്ല….അവളെ നിർബന്ധിക്കാനോ…
തന്നെ ഇഷ്ടപ്പെടാത്തതിന് പഴിക്കാനോ..
പരാതി പറയാനോ… അവനൊരുക്കമായിരുന്നില്ല…..
ചിന്തകളിലും , പ്രവർത്തികളിലും ദയയെന്ന പെൺകുട്ടി ഇനിയുമൊരുപാട് ദൂരം മുമ്പോട്ട് സഞ്ചരിക്കാനുണ്ടെന്ന് അവനറിയാമായിരുന്നു…

🦋🦋🦋

“”മഹിയമ്മേ…ദച്ചു എവിടെ??””അടുക്കളയിലേക്ക് കയറിയ കൈലാസിന്റെ ചോദ്യം കേട്ട് മഹാലക്ഷ്മിയും , ശാന്തിയക്കയും ഒരുപോലെ അവനെ ഉറ്റ് നോക്കി…..””മുറിയിലുണ്ട്…. എന്താ മോനെ??””അവർ വളരെ സൗമ്യമായി തിരക്കി…”എന്റെ ഓഫീസിലെ രണ്ട് കൊളീഗ്സ് വരുന്നുണ്ട് വീട്ടിലേക്ക്…അവരെ ഒന്ന് വെൽക്കം ചെയ്യാൻ……എനിക്കവളുടെ ഹെല്പ് വേണം… ഗോപു ഉണ്ടായിരുന്നെങ്കിൽ അവള് മതിയായിരുന്നു…പക്ഷെ അവള് രാവിലെ പോയില്ലേ……'”അതിനെന്താ കിച്ചു…. അവരോട് ഇവിടേക്ക് വരാൻ പറയൂ…. ഞാനുണ്ടല്ലോ ഇവിടെ…..””മഹാലക്ഷ്മി പുഞ്ചിരിയോടെ പറഞ്ഞു..”ഇവിടെ ഞങ്ങൾക്കൊരു പ്രൈവസി ഉണ്ടാവില്ല മഹിയമ്മേ…..”””എങ്കിൽ ഞാനങ്ങ് വരാം….വരൂ…””ഉടുത്തിരുന്ന സാരി തുമ്പിൽ കൈ തുടച്ച് മുന്നോട്ട് നടക്കാനൊരുങ്ങിയതും കൈലാസവരെ തടഞ്ഞു…””വേണ്ട മഹിയമ്മേ
ദച്ചു ഇവിടെ വെറുതെയിരിക്കുവല്ലേ…… മേലനങ്ങി വല്ലതും എടുക്കട്ടെയവൾ…””കളിയായി പറഞ്ഞതാണെങ്കിലും അവന്റെ വാക്കുകളിൽ അവളോടുള്ള പരിഹാസം ഒളിഞ്ഞിരുന്നു….””ഞാൻ അവളെ വിളിച്ചിട്ട് വരാം…..അവരിപ്പോ ഇങ്ങ് എത്തും…””

കൈലാസ് പിന്തിരിഞ്ഞു നടന്നു….
മഹാലക്ഷ്മിയും ശാന്തിയക്കയും പരസ്പരം നോക്കി….അക്ക….റാം പാപ്പയെ വിളിക്ക്…..”ശാന്തിയക്കയിൽ ഒരമ്മയുടെ വേവലാതിയും , വെപ്രാളവും നിറഞ്ഞു..””ശ്രീ…….!!ശ്രീ സ റ്റുഡിയോയിലായിരിക്കും…അവനെയിപ്പോ വിളിച്ചാൽ.. അവൻ ടെൻഷനാവും….ഹാ… ശരൺ… ശരണിനെ വിളിക്കാം…..””!!അവർ പരിഭ്രാന്തിയോടെ തന്റെ മുറി ലക്ഷ്യമാക്കി ഓടി ..ഹാളിലെത്തിയപ്പോൾ കണ്ടു , ദയയെ കൂട്ടി പടികളിറങ്ങി വരുന്ന കൈലാസിനെ…മഹാലക്ഷ്മി ദയയെ നോക്കി ….അവളുടെ കണ്ണുകൾ ഒരാശ്രയത്തിനായി നാല് പാടും വ്യഗ്രതയോടെ ചലിക്കുന്നുണ്ട്…””കിച്ചു……..
ദച്ചു മോളെ കൊണ്ട് പോയാൽ….. ശ്രീയ്ക്കത് ഇഷ്ടപ്പെടില്ല….””കൈലാസിനെ പിന്തിരിപ്പിക്കാനുള്ള അവസാന ശ്രമമെന്നോണം മഹാലക്ഷ്മി വീണ്ടും പറഞ്ഞു നോക്കി……””അതെന്താ അമ്മേ…??ദച്ചു എന്റെ കസിൻ അല്ലെ…. ഇവളുടെ മേൽ നിങ്ങളേക്കാളുമൊക്കെ അവകാശം എനിക്കില്ലേ.. പിന്നെ അടുക്കള പണി ഇവൾക്ക് പുതുമയുള്ളതൊന്നും അല്ലല്ലോ…പണ്ട് ഇവളുടെ ജോലി അത് തന്നെയല്ലായിരുന്നോ…..””!!തനിക്കുള്ളിലെ വാശിയും പകയുമെല്ലാം വാക്കുകളിൽ നിറച്ചവൻ മഹാലക്ഷ്മിയോട് തുറന്നടിച്ച് സംസാരിച്ചു…അവർ വിളറി പോയി….
ദയയുടെ മേൽ അവനോളം അവകാശം ശ്രീറാമിന് പോലുമില്ലെന്നത് നിഷേധിക്കാനാകാത്ത വസ്തുതയാണെന്ന് അവർക്കും തോന്നി….
ഇനിയുമൊന്നും പറയാനില്ലാത്ത പോൽ മഹാലക്ഷ്മിനിശബ്ദയായി….””വാ……””ദയയോടായി ആജ്ഞാപിച്ചവൻ മുമ്പോട്ട് നീങ്ങി…..തുടരും