20/04/2026

ഭാര്യ : ഭാഗം 13

രചന – റോസിലി ജോസഫ്

ജയേട്ടാ ഇതല്ലേ ആ അമ്മ പറഞ്ഞ വഴി..? മ്മ് ആണെന്ന് തോന്നുന്നു. ആണ് ജയേട്ടാ ദാ ബോർഡ് വെച്ചിരിക്കുന്ന കണ്ടില്ലേ.. അവർ ബോർഡിൽ കാണിച്ചിരിക്കുന്ന വഴിയേ പോയി. കുറച്ചു ദൂരം ചെന്നപ്പോൾ വലിയൊരു കുന്ന് കണ്ടു. ജയേട്ടാ.. അവൾ അവിടേയ്ക്ക് കയ്യ് ചൂണ്ടി. നിരന്നു നിൽക്കുന്ന പാറക്കൂട്ടങ്ങൾക്കിടയിലൂടെയുള്ള ചെറിയ വഴി. വണ്ടി പോവില്ല നടന്നു തന്നെ പോണം അത്രയ്ക്ക് ഇടുങ്ങിയതാണ്. ജയേട്ടാ ആ കയ്യൊന്ന് തന്നെ ഇവിടം കേറാൻ വല്യ പാടാ.. അവൾ കയ്യ് നീട്ടി സാരി പൊക്കി പിടിച്ചു കൊണ്ട് അവൾ ഒരുവിധം അവന്റെ പിന്നാലെ നടന്നു. അങ്ങ് മുകളിൽ ഉള്ള ആ ചെറിയ അമ്പലം കണ്ട് അവൾ കോരിതരിച്ചുപോയി . അവൾ യാന്ദ്രികമായി അവിടേയ്ക്ക് നടന്നു. കണ്ടത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന സംശയത്തിൽ ആയിരുന്നു അവൾ.

ജയേട്ടാ നമ്മുക്ക് അവിടെ പോയി പ്രാർഥിക്കാം ഞാനില്ല നീ പോയാൽ മതി. ഈ ജയേട്ടൻ. കയ്യും കെട്ടി മാറി നിന്ന അയാളെ അവൾ ദേഷ്യത്തിൽ നോക്കി. നീ പോയിട്ട് വാ ശ്രീ ഞാനിവിടെ ഇരിക്കാം നടന്നു നടന്നു മടുത്തു. ചില്ലറ കുന്നാണോ..? അവൾ പിന്നീടൊന്നും പറഞ്ഞില്ല. ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാമായിരുന്നു. കയ്യ് കൂപ്പി കണ്ണുകൾ അടച്ചു സകലദൈവങ്ങളെയും വിളിച്ചു തന്റെ ജയേട്ടനെ കാത്തോളണേ എന്ന ഒറ്റ പ്രാർത്ഥന മാത്രമായിരുന്നു അവൾക്ക്. ശ്രീ ഡീ വാ സമയം പോണു അവന്റെ വിളികൾ ഒന്നും അവൾ ശ്രദ്ധിച്ചില്ല. ഒടുവിൽ പ്രാർത്ഥന കഴിഞ്ഞു കുറി തൊട്ട് തിരിഞ്ഞു നോക്കുമ്പോൾ ജയേട്ടൻ അരിശത്തോടെ തന്നെയും നോക്കി നിൽക്കുന്നു എന്തിനാ ഏട്ടാ ദേഷ്യപെടുന്നെ നമ്മുക്ക് വേണ്ടിയല്ലേ ഞാൻ പ്രാർത്ഥിചെ..

അവൻ മുഖം തിരിച്ചു അതൊന്നും കേൾക്കാത്ത ഭാവത്തിൽ നിന്നു. ദേ ഇങ്ങോട്ട് നോക്കിക്കേ എന്റെ നല്ല ഏട്ടൻ അല്ലെ.. അവൻ മുഖം തിരിച്ചു അവളെ നോക്കി. നെറ്റിയിൽ കുറി ചാർത്തി കവിളിൽ ഒരു മുത്തവും കൊടുത്തു അവൾ പറഞ്ഞു ഇതൊന്നും പാടില്ല ഇവിടെ അറിയാലോ പിന്നെ എന്റെ ഭർത്താവ് പിണങ്ങി മാറി നിൽക്കുന്നത് കണ്ട് ഞാൻ തന്നതാ.. അവൻ അവളുടെ സംസാരം കേട്ട് പുഞ്ചിരിച്ചു. ജയേട്ടൻ നിൽക്ക് ഞാനിപ്പോ വരാം നീ എവിടെ പോകുന്നു നിക്ക് ജയേട്ടാ.. അമ്പലത്തിന്റെ സൈഡ് ചേർന്ന് നിൽക്കുന്ന ആ വലിയ ആൽമരത്തിന്റെ ചുവട്ടിലേയ്ക്ക് അവൾ ഓടി. നിറയെ മണി കെട്ടിയിട്ടുള്ളത് കൊണ്ട് കാറ്റടിക്കുമ്പോ ണിം ണിം എന്നുള്ള ഒച്ച കേൾക്കാമായിരുന്നു. ഓരോ മണിയിലും തൊട്ടും തലോടിയും അവൾ നടന്നു. അപ്പോഴാണ് കാലിൽ എന്തോ തട്ടിയത്.

നോക്കുമ്പോ ഒരു മണി. താഴെ വീണതാണ്. അവൾ അതെടുത്തു കെട്ടാൻ തുടങ്ങി. പെട്ടന്ന് എന്തോ ഓർത്തിട്ടെന്നപോലെ ജയേട്ടനെ വിളിച്ചു ജയേട്ടാ ഒന്നിങ്ങു വന്നേ.. എന്താടി.. ദേ ഞാനീ മണി കെട്ടാം നിങ്ങള് അതിന്റെ ഫോട്ടോ എടുക്കണം എന്തിന്റെ ..? മണി കെട്ടുന്നതിന്റെ.. ഒന്ന് പോടീ എനിക്കെങ്ങും വയ്യ.. പ്ലീസ് ജയേട്ടാ പ്ലീസ് പ്ലീസ് പ്ലീസ്.. ന്റെ ചക്കരയല്ലേ.. അയ്യടാ എന്തൊരു സ്നേഹം എടുക്ക് ജയേട്ടാ.. അയാൾ അവൾ മണി കെട്ടുന്നതിന്റെ രണ്ടുമൂന്നു ഫോട്ടോസ് എടുത്തു. നോക്കട്ടെ. ഓടിവന്നവൾ ഫോൺ തട്ടിപറിച്ചു അയ്യേ ഇത് കൊള്ളില്ല ഇങ്ങേർക്ക് ഫോട്ടോ എടുക്കാനും അറിയില്ല.. നീ വരുന്നുണ്ടോ ഞാൻ പോവാ.. പ്ലീസ് ജയേട്ടാ നമ്മൾ ഒന്നിച്ചുള്ള ഒരു സെൽഫി എടുക്കാം പ്ലീസ്.. മ്മ് ശരി ഇങ്ങോട്ട് വാ.. ചിരിക്ക് ജയേട്ടാ.. മുഖം വീർപ്പിച്ചു നിന്ന അയാളോട് അവൾ പറഞ്ഞു.

ഫോട്ടോ എടുപ്പെല്ലാം കഴിഞ്ഞു അവൾ വീണ്ടും അമ്പലമുറ്റത്തേയ്ക്ക് ഓടി ഞങ്ങൾ പോവാട്ടോ.. അടുത്ത പ്രാവശ്യം വരുമ്പോ നല്ല ഒരു മണി കെട്ടാം ഒന്നല്ല നാലു. മ്മ്.. അപ്പൊ ശരി അവൾ എന്തൊക്കെയോ പറഞ്ഞു തിരിഞ്ഞു നടന്നു. പോകാൻ നന്നേ വിഷമം ഉണ്ടായിരുന്നു അവൾക്ക്. ജയേട്ടാ.. ആ കഴിഞ്ഞോ.. മ്മ്.. ന്നാ വാ സന്ധ്യക്ക്‌ മുന്നേ വീട്ടിൽ എത്തണം ഭയങ്കര മഴ വരുന്നു അവൾ ഒന്നും മിണ്ടാതെ അവന്റെ കയ്യ് പിടിച്ചു കുന്നിറങ്ങി നീയെന്താ ഒന്നും മിണ്ടാത്തത്..? ഇവിടുന്ന് പോകുന്നത് കൊണ്ടാണോ.. അടുത്ത പ്രാവശ്യം വരാഡോ .. വാടിയ മുഖത്തെയ്ക്കു നോക്കി അയാൾ പറഞ്ഞു അവർ വീട്ടിലേയ്ക്ക് യാത്ര തിരിച്ചു. ആകാശം അപ്പോഴേക്കും നിറഞ്ഞു തുള്ളി പെയ്തു. സ്വർണ്ണവളകൾ ഇട്ട കൈകൾ കൊണ്ട് വട്ടം ചുറ്റി പിടിച്ചു കൊണ്ട് ഓർമ്മകളെ മനസ്സിൽ താലോലിച്ചു തോളിലേയ്ക്ക് ചേർന്ന് കിടന്നു അവൾ.

രാത്രിയോടെ വീട്ടിലേക് എത്തിയ അവരെ കണ്ട് സന്തോഷത്തോടെ ഓടിയെത്തി കാർത്തിക. മുറ്റത്തു വണ്ടിയുടെ ശബ്ദം കേട്ട് സുലോചനയും തമ്പിയും സിറ്റഔട്ടിലേയ്ക്ക് എത്തി. നിങ്ങൾ ഇന്ന് വരില്ലെന്ന ഞങ്ങൾ കരുതിയെ വാ മോളെ നനയാതെ അകത്തോട്ട് കയറു . അച്ഛന്റെ വാക്കുകൾ കേട്ട് അവർ അകത്തെയ്ക്ക് കയറി. സുലോചനയുടെ മുഖത്ത് അധികം തെളിച്ചം ഇല്ലായിരുന്നു. അവർ ഒന്നും മിണ്ടാതെ അകത്തെയ്ക്ക് പോയി നിങ്ങൾ വല്ലതും കഴിച്ചായിരുന്നോ..? കഴിച്ചു അച്ഛാ.. എങ്കിൽ പോയി കുളിക്കുവൊ തല തുവർതുകയോ ചെയ് പനി പിടിപ്പിക്കണ്ട . ചെല്ല് മോളെ.. അച്ഛൻ സ്നേഹത്തോടെ പറഞ്ഞു. മോള് പോയി കിടന്നോ.. ശ്രീദേവിയെ ചുറ്റിപറ്റി നിന്ന കാത്തുവിനോടും അയാൾ പറഞ്ഞു.

മുറിയിലേയ്ക്ക് ചെന്ന അയാൾ കുളിച്ചു വേഷം മാറി കിടക്കയിലേയ്ക്ക് കയറി നല്ല ക്ഷീണം. അയാൾ പറഞ്ഞു. ജയേട്ടൻ ഉറങ്ങിക്കോ.. മ്മ്.. പറഞ്ഞു തീരും മുൻപേ നിദ്രയിലേക്ക് അയാൾ ആഴ്ന്നിറങ്ങി. തൊട്ടടുത്തായി അവന്റെ കണ്ണിലെയ്ക്ക് നോക്കി കിടന്നു അവൾ എപ്പോഴോ ഉറങ്ങി പോയി പിറ്റേന്ന് ഉറക്കം ഉണർന്നപ്പോൾ കണ്ടത് പനിച്ചു വിറയ്ക്കുന്ന ഏട്ടനെയാണ് ജയേട്ടാ , ജയേട്ടാ.. നല്ല പനി ഉണ്ടല്ലോ.., ഈശ്വരാ.. ആർക്കാ ചുക്ക് കാപ്പി..? അടുക്കളയിൽ വന്നു കാപ്പി ഇടുന്ന അവളോട് അമ്മ ചോദിച്ചു. ഇന്നലതെന്റെ ദേഷ്യം ആ മുഖത്തു നന്നായി ഉണ്ടായിരുന്നു അമ്മേ.. ജയേട്ടനു നല്ല പനി.. കണക്കായി പോയി അവനത് തന്നെ വേണം. അച്ചിടെ പിറകെ നടക്കുന്ന പെൺകോന്തൻ. അരിശം മൂത്തു പിന്നെയും എന്തൊക്കെയോ പറഞ്ഞു.

പടികൾ കയറുമ്പോൾ അവള്ടെ കണ്ണുകൾ നിറഞ്ഞിരുന്നു ഒക്കേത്തിനും കാരണക്കാരി താനാണല്ലോ എന്നോർത്ത്.. അലമാരയിൽ നിന്നും പുതിയ പുതപ്പെടുത്ത് പുതപ്പിക്കുമ്പോഴും കണ്ണുനീർതുള്ളികൾ കവിളിലൂടെ ഒഴുകിയിറങ്ങി. എന്തിനാ ശ്രീ നീ കരയുന്നത് എനിക്ക് ചെറിയ പനിയല്ലേ അത് കുറച്ചു കഴിയുമ്പോൾ മാറും. മഴ നനയണമെന്നുള്ള എന്റെ വാശി കാരണമല്ലേ.. ഓ പിന്നേ അങ്ങനെ ഒന്നുമില്ല.. ദേ ഇനി കരഞ്ഞാൽ ഉണ്ടല്ലോ എനിക്ക് ദേഷ്യം വരുമെ.. ശ്രീ.. എന്താ ജയേട്ടാ..? ദേഹം ഒക്കെ നല്ല വേദന. ഭയങ്കര ക്ഷീണം തോന്നുന്നു. കണ്ണടച്ച് കിടന്നോ മാറിക്കോളും.. നീയെങ്ങും പോവല്ലേ എന്റെ അടുത്ത് വേണം.. ഞാനെങ്ങും പോവില്ല ഈ ജന്മം മുഴുവൻ കൂടെയുണ്ടാവും. അടുത്ത. ജന്മത്തിലും പറഞ്ഞതൊന്നും അയാൾ കേട്ടില്ല. ഉറക്കം പിടിച്ചിരുന്നു അപ്പോഴേക്കും.. കണ്ണുകൾ തുറന്നപ്പോൾ അടുത്ത് ആരും ഇല്ലായിരുന്നു ശ്രീ… ശബ്ദം പുറത്തേക്ക് വരുന്നില്ല.

ശരീരം മൊത്തം നുറുങ്ങുന്ന വേദന. അവൻ, അവൾ അടുത്ത് വരുവാനായി കൊതിച്ചു എല്ലാവരും മുറിയിൽ കേറി ഇരിക്കും. അടുക്കളയിൽ വന്നു ആർക്കും ഒന്നും ചെയ്യാൻ മേലാ തിന്നാൻ നേരം ആകുമ്പോ കയ്യും കഴുകി വന്നിരുന്നേച്ചാൽ മതി.. പാത്രം കഴുകുകയായിരുന്നു ശ്രീദേവി. അവൾ കേൾക്കട്ടെ എന്ന് കരുതി തന്നെ ഉച്ചത്തിൽ ആണ് സുലോചന പറഞ്ഞത്.. മുകളിൽ പാത്രം വീഴുന്ന ഒച്ച കേട്ട് ശ്രീദേവി ഞെട്ടി തിരിഞ്ഞു ജയേട്ടൻ… അവൾ ഓടി മുറിയിൽ വന്നപ്പോൾ കട്ടിലിൽ നിന്നെഴുന്നേൽക്കാൻ ശ്രമിക്കുന്ന ജയേട്ടനെയാണ് കണ്ടത് എനിക്കൊന്ന് ബാത്‌റൂമിൽ പോണം. അതും പറഞ്ഞയാൾ പയ്യെ എഴുന്നേറ്റു ബാത്‌റൂമിലേയ്ക്ക് നടന്നു. അവൾ അവൻ തിരികെ വരുന്നത് വരെ അവിടെ തന്നെ നിന്നു. ഏട്ടാ നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം ഇങ്ങനെ വാശിപിടിക്കല്ലേ.. എന്തിനാ ശ്രീ അതിന്റെ ആവശ്യം ഒന്നുമില്ല ഒരു പാരസെറ്റമോളും ചുക്ക് കാപ്പിയും ഉണ്ടെങ്കിൽ ഞാൻ ഓകെയാ.. എന്തിനാടാ നീ ഇങ്ങനെ വാശി പിടിക്കുന്നത്.

ഒന്ന് ഹോസ്പിറ്റലിൽ പോയി എന്ന് വെച്ച് എന്ത് സംഭവിക്കാനാ.. മുറിയിലേയ്ക്ക് കയറി വന്ന അച്ഛൻ ദേഷ്യപ്പെട്ട് പറഞ്ഞു. അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു. ഞാൻ താഴേയ്ക്ക് പോകുവാ കുറച്ചു ജോലി കൂടി ബാക്കി ഉണ്ട്. ഏട്ടൻ കിടന്നോളു.. മോള് പൊയ്ക്കോ ഞാനിവിടെ ഉണ്ട് ശരി അച്ഛാ.. അവൾ പോയതും അച്ഛൻ മകന്റെ അരികിലേക്ക് അല്പം കൂടി നീങ്ങിയിരുന്നു. ഇപ്പൊ എങ്ങനെ ഉണ്ട് കുറവുണ്ടോ..? ഒരു കുറവും ഇല്ലച്ഛാ.. മ്മ് നീ റെഡിയാവ് നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം ഞാനവളോട് പറയാം.. വേണ്ടച്ചാ.. മരുന്ന് ഇവിടെ ഇരിപ്പുണ്ടല്ലോ.. അത് പോരാ ഇപ്പഴത്തെ പനിയാ സമയത്തിന് ചികിത്സ കിട്ടിയില്ലെങ്കിൽ എന്ത് സംഭവിക്കും എന്ന് പറയാൻ ഒക്കുകേല… മോളേ.. എന്താ അച്ഛാ.. ഞാൻ അവനെയും കൊണ്ട് ഹോസ്പിറ്റലിൽ പോയിട്ട് വരാം.. ഞാനും കൂടി വരാം അച്ഛാ.. വേണ്ട മോളേ എല്ലാവരും കൂടി പോകേണ്ട കാര്യം ഒന്നൂല്ലല്ലോ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞാൻ വിളിക്കാം.. മ്മ്.. മോള് വിഷമിക്കാതെ , അവനു വേണ്ട ഡ്രസ്സ് എടുത്തു കൊടുക്ക്.. അവൾ മുറിയിലേയ്ക്ക് ചെല്ലുമ്പോൾ കിടക്കയിൽ തിരിഞ്ഞു കിടക്കുകയായിരുന്നു ജയൻ എന്റെ ശ്രീ നീയൊന്ന് അച്ഛനോട് പറ ഹോസ്പിറ്റലിൽ പോകണ്ടാന്നു..

ഏട്ടന്റെ പനി മാറാൻ അല്ലെ , നല്ല കുട്ടിയായിട്ട് എഴുന്നേറ്റു റെഡിയായിക്കെ.. എന്നാ നീയും കൂടി വാ.. അയ്യോ എനിക്കിവിടെ ഒരുപാട് ജോലി ഉണ്ട് തീർത്തില്ലെങ്കിൽ അമ്മ വഴക്ക് പറയും. എന്തിനാ വിഷമിക്കുന്നെ അച്ഛൻ കൂടെയുണ്ടല്ലോ… ജയാ നീ റെഡിയായില്ലേ.. ദേ അച്ഛൻ വിളിക്കുന്നു. വന്നേ… അവൾ അവന്റെ കയ്യിൽ പിടിച്ചു പുറത്തേയ്ക്ക് നടന്നു. മോനേ കേറ്.. കാറിന്റെ ഡോർ തുറന്നുകൊണ്ടചൻ പറഞ്ഞു. കണ്ണിൽ നിന്നും വണ്ടി ദൂരെ എത്തുന്നത് വരെ അവൾ അവിടെ നോക്കിനിന്നു. ശ്രീദേവി.. അടുക്കളയിൽ നിന്നും അമ്മയുടെ വിളി കേട്ടവൾ തിരിഞ്ഞു. തുടരും..