The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ഐശ്വര്യ അനിൽകുമാർ
“മോളേ…” അപ്പോഴേക്കും അവൾ എഴുനേറ്റ് അവരെ കെട്ടിപ്പിടിച്ചു. അവർ അവളെ കട്ടിലിൽ ഇരുത്തി. “ഞാൻ എന്ത് തെറ്റാ ചെയ്തേ അമ്മേ…വിനുവേട്ടൻ എന്നെ ഇങ്ങനെ അന്യയായി കാണാൻ” “മോള് ഒരു തെറ്റും ചെയ്തിട്ടില്ലാന്ന് ഈ അമ്മക്കറിയാം. മോള് കരയാതിരിക്കൂ” “ഇല്ലമ്മേ…ഇനി ഈ വീട്ടിൽ നിൽക്കാൻ എനിക്കാവില്ല. ഞാൻ നാളെ പോകുകയാണ്.അമ്മയ്ക്കും അച്ഛനും വിഷമമാകുമെങ്കിലും എന്റെ സന്തോഷമാകും അവർക്ക് വലുത്.” “മോള് എടുത്തു ചാടി ഒരു തീരുമാനമെടുക്കരുത്.” “അമ്മയ്ക്കറിയോ ഏട്ടൻ സ്നേഹത്തോടെ എന്നോടൊന്ന് സംസാരിച്ചിട്ടില്ല.ഒരു ഭാര്യ എന്ന പരിഗണന തന്നിട്ടില്ല. എന്നെ അപ്പു എന്നൊന്ന് വിളിച്ചിട്ട് കൂടിയില്ല. പലപ്പോഴും ഞാൻ ഈ വീട്ടിലുള്ളതായി ഭാവിക്കുക പോലുമില്ല.എത്രയെന്നും വച്ചാ സഹിക്കുന്നത്.എപ്പോഴും ഞാൻ അങ്ങോട്ട് എന്തെങ്കിലും പറഞ്ഞോണ്ടിരിക്കും.അങ്ങനെ എങ്കിലും ഒന്ന് മിണ്ടട്ടേന്ന് കരുതി.ആദ്യമൊക്കെ ഒരു ഫ്രണ്ടിനെ പോലെയെങ്കിലും കണ്ടിരുന്നു.വന്ന് വന്ന് ഞാനിപ്പോൾ ശല്യമായത്രേ.”
അവർ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. “സ്ത്രീകളോട് വെറുപ്പാണത്രെ… പിന്നെന്താ എന്റെ ജീവിതം കൂടി തകർത്തത്.എനിക്ക് വയ്യമ്മേ… ഞാൻ നാളെ പോകുവാ..അമ്മ എതിരൊന്നും പറയരുത്.” “ഇല്ല മോളേ…നിന്റെ തീരുമാനം ഞാൻ എതിർക്കില്ല.പക്ഷേ മോള് അറിയണം..അവന്റെ ഭൂതകാലം” അവൾ അവരെത്തന്നെ നോക്കി. “വിനു എന്റെ സ്വന്തം മോനല്ല…ഞാൻ അവന്റെ വളർത്തമ്മയാണ്.” “എന്താ അമ്മേ ഈ പറയുന്നത്.” “അതേ മോളേ…ഞാൻ പ്രഭേട്ടന്റെ രണ്ടാം ഭാര്യയാണ്…ആദ്യത്തെ ഭാര്യ ഹേമലത ആണ് അവന്റെ പെറ്റമ്മ” “പ്രഭേട്ടനും ഞാനും ഇവിടുത്തുകാരല്ല. പ്രഭേട്ടൻ എന്റെ മുറച്ചെറുക്കാനായിരുന്നു.എനിക്ക് പണ്ട് തൊട്ടേ ഏട്ടനെ ഇഷ്ടമായിരുന്നു. പക്ഷേ ഏട്ടൻ പ്രണയിച്ചത് എന്റെ സുഹൃത്ത് ഹേമയെയാണ്.അവർ പരസ്പരം പ്രണയിച്ച് വിവാഹം കഴിച്ചു. ഏട്ടൻ അന്ന് നാട്ടിലെ പ്രമാണിയുടെ മകനാണ്.പക്ഷേ ധൂർത്തടിച്ചുള്ള ജീവിതം കാരണം തറവാട് നാൾക്കുനാൾ ക്ഷയിക്കാൻ തുടങ്ങി.
ഞാനും ചേട്ടനും തറവാട്ടിൽ തന്നെയായിരുന്നു താമസം.ഇതിനിടയിൽ ഹേമ വിനുവിനെ പ്രസവിച്ചു. അമ്മയാകാൻ കഴിവില്ലാത്ത എനിക്ക് വിവാഹമെന്നത് നടക്കാത്ത സ്വപ്നമായിരുന്നു. ഒരു ദിവസം സ്കൂൾ വിട്ട് വന്ന വിനുവിനെ എതിരേറ്റത് അവന്റെ അമ്മ മറ്റൊരാളുമായി ഒളിച്ചോടി എന്ന വാർത്തയാണ്. ഒരു തമിഴ്നാട്ടുകാരൻ ഗൗണ്ടർ.പ്രഭേട്ടനുമായി എന്തോ ഭൂമിക്കച്ചവടത്തിന് വന്നയാൾ.അവൻ ആദ്യമൊന്നും വിശ്വസിച്ചില്ല.കുറച്ചു കാലം എന്റെ കുട്ടി വാതിൽക്കൽ തന്നെ കാത്തിരുന്നു അമ്മയുടെ വരവ്.കുഞ്ഞു മനസല്ലേ ഒരുപാട് വേദനിച്ചു.കൂടാതെ കൂട്ടുകാരുടെ പരിഹാസവും.അവൻ ആകെ തകർന്ന് പോയിരുന്നു. പ്രഭേട്ടനും.. ഞാനും ചേട്ടനും കൂടിയാണ് അവർക്ക് താങ്ങായി നിന്നത്.പതിയെ പതിയെ ഞാൻ അവന്റെ അമ്മയായി മാറുകയായിരുന്നു.
ഇതിനിടയിൽ എന്റെ ചേട്ടൻ ഒരു പെണ്കുട്ടിയുമായി ഇഷ്ടത്തിലായിരുന്നു.പക്ഷേ ആ കുട്ടി മറ്റൊരാളെ വിവാഹം കഴിച്ചത് ചേട്ടന് താങ്ങാൻ കഴിഞ്ഞില്ല.ചേട്ടൻ സ്വയം ഗൾഫിലേക്ക് കുടിയേറി.ചേട്ടന്റെ പോക്ക് അവനെ ഒരുപാട് ബാധിച്ചു. മറ്റുള്ളവരുടെ പരിഹാസങ്ങൾക്കു മുന്നിൽ അവൻ പതറാൻ തുടങ്ങി.അവൻ ആ നാടിനെ വെറുത്തു തുടങ്ങി.ഗത്യന്തരമില്ലാതെ പ്രഭേട്ടൻ എല്ലാം വിറ്റുപറക്കി ഈ നഗരത്തിലേക്ക് വന്നു.ഒപ്പം എന്നെയും കൂട്ടി.വിനുവിന് ഒരു അമ്മയായി…ഏട്ടന് ഒരു ഭാര്യയായി…. മോളെ ഞാൻ കുറ്റം പറയില്ല…വിനു അവനിപ്പോൾ സ്നേഹിക്കാൻ പേടിയാണ്. അവൻ സ്നേഹിക്കുന്നവരൊക്കെ അവനിൽ നിന്ന് അകന്ന് പോയിട്ടേ ഉളളൂ. ഒരുപക്ഷേ ആ പേടി കൊണ്ടാവാം മോളോട് അകന്നു നിൽക്കുന്നത്.എന്റെ കുട്ടീടെ മനസ്സ് എനിക്കറിയാം.
അവന് മോളെ ഒത്തിരി ഇഷ്ടമാ…പുറത്ത് കാണിക്കുന്നില്ലന്നെയുള്ളു.. മോള് അവനെ ഉപേക്ഷിച്ച് പോകരുത്.ഈ അമ്മയ്ക്ക് ഇത്രേ പറയാനുള്ളൂ.ഇനിയെല്ലാം മോൾടെ ഇഷ്ടം.അമ്മ ഒന്നിനും എതിരു നിക്കില്ല.” അവർ പുറത്തേക്ക് പോയി.അവൾ കണ്ണുനീർ തുടച്ചു.കുറച്ചു നേരം അതേ ഇരുപ്പിരുന്ന് എന്തൊക്കെയോ ആലോചിച്ചു. എന്നിട്ട് എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെ എല്ലാ സാധനങ്ങളും ഒരു ബാഗിലാക്കി… പിറ്റേന്ന് രാവിലെ ഓഫീസ് തുറന്ന സെക്യൂരിറ്റി വിനു കാബിനിൽ ഇരുന്ന് ഉറങ്ങുന്നതാണ് കണ്ടത്. “സർ” അവൻ ഞെട്ടിയെഴുനേറ്റു. “സാറെന്താ ഇവിടെ.ഇന്നലെ ഞാൻ പോകുന്നത് വരെ ഇല്ലായിരുന്നല്ലോ” അവൻ മറുപടിയൊന്നും പറയാതെ കീയുമായി പുറത്തേക്കിറങ്ങി. ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഇന്നലെ നടന്ന വഴക്കിനെ പറ്റി ആലോചിച്ചു.
അവളടുത്ത് അത്രക്ക് ദേഷ്യപ്പെടേണ്ടയിരുന്നു എന്ന് ചിന്തിച്ചു.ചെന്നിട്ട് ഒരു സോറി പറയണം എന്ന് തീരുമാനിച്ചു. വീട്ടിൽ എത്തിയപ്പോൾ പതിവ് പോലെ അച്ഛൻ പത്രം വായിച്ചു കൊണ്ടിരിപ്പുണ്ട്. “ഗുഡ് മോർണിംഗ് അച്ഛാ” അയാൾ കേട്ടെങ്കിലും അവനെ ദേഷ്യത്തോടെ നോക്കിയതല്ലാതെ പ്രതികരിച്ചില്ല.അവൻ അടുക്കളയിൽ നോക്കിയപ്പോൾ അമ്മ ജാനുവിനോട് എന്തോ സംസാരിക്കുകയാണ്. അവൻ റൂമിലേക്ക് പോകാനായി സ്റ്റെപ്പുകൾ കയറി.റൂം തുറന്ന് അകത്തേക്ക് കയറി.കട്ടിലൊക്കെ നല്ല വൃത്തിയായി വിരിച്ചിട്ടിട്ടുണ്ട്.അവന്റെ കണ്ണുകൾ ആരെയോ തിരഞ്ഞുകൊണ്ടിരുന്നു.അവൻ ബാത്റൂമിലൊക്കെ നോക്കി.പക്ഷേ നിരാശയായിരുന്നു ഫലം. അവൻ ശരവേഗത്തിൽ അടുക്കളയിലേക്ക് പാഞ്ഞു. “അമ്മേ അവൾ എവിടെ”അവൻ ഗീതയോട് ചോദിച്ചു.
“അവൾ പോയി.” “പോയോ….എവിടേക്ക്” “എവിടേക്കായാൽ നിനക്കെന്താ…നിന്നെ അതൊന്നും ബാധിക്കില്ലെന്നല്ലേ ഇന്നലെ പ്രസംഗിച്ചത്” “ആ…എനി… ക്കെന്താ…അവള് പോയാൽ.പോട്ടേ.. എനിക്കെന്താ” അവൻ പുലമ്പിക്കൊണ്ട് മുറിയിലേക്ക് പോയി.അത് കണ്ട് ചിരിച്ചുകൊണ്ട് ഗീത ഫോൺ എടുത്ത് അപ്പുവിനെ വിളിച്ചു. ആദ്യത്തെ റിങ്ങിൽ തന്നെ അവൾ ഫോൺ എടുത്തു. “എന്തായി അമ്മേ…ഏട്ടൻ വന്നോ?എന്നെ തിരക്കിയോ?ഞാൻ പോയന്ന് പറഞ്ഞോ?എന്നിട്ടെന്ത് പറഞ്ഞു?”അവൾ എല്ലാം ഒറ്റശ്വാസത്തിൽ ചോദിച്ചു. “ഒന്ന് സമാധാനിക്ക് അപ്പൂ…ഞാൻ പറയാം”അവർ ചിരിച്ചു. “എന്തായമ്മേ?” “ഇപ്പോൾ വന്നതെയുള്ളൂ…മുറിയിലേക്ക് വിട്ട സ്പീഡിൽ തിരിച്ചെത്തി.” “എന്നിട്ട്” “നിന്നെ തിരക്കി…ഞാൻ മോള് പോയെന്ന് പറഞ്ഞു.” “അപ്പോഴോ?” “എനിക്കെന്താ എന്നൊക്കെ പിറുപിറുത്തു കൊണ്ട് പോകുന്നത് കണ്ടു.പാവം” “പാവോ… കള്ള ബംഗാളി…ആ വായ കൊണ്ട് ഞാൻ പറയിക്കും എന്നെ ഇഷ്ടമാണെന്ന്.
അമ്മ നോക്കിക്കോ.അമ്മയ്ക്ക് തന്ന വാക്ക് ഞാൻ പാലിച്ചിരിക്കും” “പാവാ മോളേ അവൻ.അവനെ അധികം വിഷമിപ്പിക്കരുത്” “അമ്മ കണ്ടോളൂ…അപ്പുവിന്റെ തന്ത്രങ്ങൾ ബംഗാളി കാണാനിരിക്കുന്നതേ ഉളളൂ.” അവൾ ഫോൺ വച്ചിട്ട് ചിരിക്കാൻ തൂടങ്ങി.അതുവഴി പോയ രേവതി അത് കണ്ടു. “വിശ്വേട്ടാ മോള് ഇവിടെ രണ്ട് ദിവസം നിൽക്കാൻ വന്നതല്ലെന്നാ തോന്നുന്നത്.പ്രാന്തായത് കൊണ്ട് അവര് പറഞ്ഞേച്ചതാണെന്നാ തോന്നുന്നത്.ഒറ്റയ്ക്കിരുന്ന് ചിരിച്ചു മറിയുന്നു.” “നിനക്ക് ഏത് നേരവും അവളെ കളിയാക്കാൻ മാത്രേ അറിയൂ…” “പിന്നെ വെളുപ്പാൻ കാലത്തേ തന്നെ ഇവിടെ ഒറ്റക്ക് വന്നിട്ട് ചിരിച്ചോണ്ട് ഇരിക്കുന്ന ഇവളെ എന്തോ പറയണം” “എന്താ മോളേ വിനു വരാത്തത്” “ഇതാപ്പോൾ കുറ്റായെ… അച്ഛനേം അമ്മേം കണ്ട് രണ്ട് ദിവസം പഴയ പോലെ നിൽക്കാന്ന് വച്ച് വന്നപ്പോൾ ചോദ്യം ചെയ്ത് വെറുപ്പിക്കുന്നോ…എങ്കിൽ ഞാൻ അങ്ങ് പോയേക്കാം” “അതല്ല മോളേ…നീ ഒറ്റയ്ക്ക് വന്നപ്പോൾ ഞങ്ങൾ കരുതി എന്തോ പ്രശ്നം…” “ഒരു പ്രശ്നവുമില്ല.ഞാൻ വൈകിട്ട് അങ്ങ് പോകില്ലേ”അവൾ പറഞ്ഞുകൊണ്ട് മുറിയിലേക്ക് പോയി. വിനു തിരിച്ച് റൂമിൽ വന്ന് ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു.
“ഏയ് അവളങ്ങനെ പോകത്തൊന്നുമില്ല. അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ…’അമ്മ വെറുതെ പറഞ്ഞതാകും..” അപ്പോൾ ജാനു ചായയുമായി അങ്ങോട്ട് വന്നു.കതക് തുറക്കുന്ന ശബ്ദം കേട്ട് അവൻ കരുതി അത് അവളാകുമെന്ന്. “അമ്മായിയും മരുമകളും കൂടി എന്നെ പറ്റിക്കാൻ നോക്കിയതാണല്ലേ. എനിക്കറിയാം.അല്ലേൽ തന്നെ നീ എവിടെ പോകാനാ”അവൻ തിരിഞ്ഞ് നോക്കാതെ തന്നെ പറഞ്ഞു. “കുഞ്ഞേ…ഇത് ഞാനാ”ജാനു പറഞ്ഞു. “കുഞ്ഞോ” അവൻ തിരിഞ്ഞു നോക്കി.ചായയുമായി നിൽക്കുന്ന ജാനുവിനെയാണ് കണ്ടത്. “ജാനുവേച്ചി ആയിരുന്നോ…ഞാൻ കരുതി അവളാകുമെന്ന്.” “മോള് രാവിലെ തന്നെ പോയി കുഞ്ഞേ.മാഡം കുഞ്ഞിന് ചായ കൊണ്ട് തരാൻ പറഞ്ഞോണ്ടാ ഞാൻ വന്നത്.” അവർ ചായ കപ്പ് കൈമാറിയിട്ട് പുറത്തേക്ക് പോയി.പെട്ടെന്ന് എന്തോ ഓർത്തത് പോലെ അലമാര തുറന്ന് നോക്കി.അതിൽ അമ്മ അവൾക്കായി വാങ്ങിയ വസ്ത്രങ്ങൾ ഒഴികെ മറ്റൊന്നും ഇല്ലായിരുന്നു. അവന് മനസിലായി അപ്പു അവനെ വിട്ട് പോയി എന്ന സത്യം.
“പോട്ടേ… എനിക്കെന്താ പോയാൽ…എന്നെ വേണ്ടത്തോർ കളഞ്ഞിട്ട് പോകുന്നത് ആദ്യമായിട്ടൊന്നുമല്ലല്ലോ.” അവൻ കുളിച്ചു റെഡിയായി താഴേക്ക് ചെന്നു. എല്ലാവരും ചേർന്ന് ബ്രേക്ഫാസ്റ്റ് കഴിച്ചു.എന്നും കഴിക്കാനിരിക്കുമ്പോൾ എന്തൊക്കിലുമൊക്കെ പറഞ്ഞ് അച്ഛനെയും അമ്മയെയും ചിരിപ്പിക്കുന്നവൾ ഇന്നില്ല.പലപ്പോഴും അവളുടെ മണ്ടത്തരങ്ങൾ കേട്ട് ചിരി അടക്കിപ്പിടിച്ചിരുന്നിട്ടുണ്ട്.ഇപ്പോൾ എന്തോ ഒരു വലിയ ഒറ്റപ്പെടൽ പോലെ അവന് തോന്നി.അവൻ ഭക്ഷണം മുഴുമിക്കാതെ എഴുനേറ്റ് പോയി.ഇതുകണ്ട പ്രഭാകരനും ഗീതയും പരസ്പരം നോക്കി ചിരിച്ചു. പതിവ് പോലെ ഓഫീസിൽ കൃത്യ സമയത്തെത്തി. പക്ഷേ തന്റെ കാബിനിന്റെ തൊട്ടടുത്ത കാബിൻ ആർക്കോ വേണ്ടി സജ്ജീകരിക്കുന്നതാണ് കണ്ടത്. “മൂർത്തി അങ്കിൾ…ഇതെന്താ ഈ കാണിക്കുന്നത്.” “അത് സാർ പറഞ്ഞു….ഇന്ന് മുതൽ സാറിന്റെ അതേ പോസ്റ്റിൽ മറ്റൊരാൾ കൂടി വരുന്നുണ്ട്.” “വാട്ട്… ഞാനറിയാതെയോ” അവൻ ഉടനെ തന്നെ അച്ഛനെ വിളിച്ചു.
“ഹലോ അച്ഛാ…ഞാൻ ഇതെന്തൊക്കെയാ കേൾക്കുന്നത്” “നീ എന്താ കേട്ടതെന്ന് എനിക്കെങ്ങനെ അറിയാം”അയാൾ തമാശയായി ചോദിച്ചു. “അച്ഛാ…ഐ ആം സീരിയസ്… ഇന്ന് ഏതോ പുതിയ എംഡി വരുന്നെന്ന് പറയുന്നു.” “അത് മോനേ.. ഒരു പ്രത്യേക സാഹചര്യത്തിൽ എനിക്ക് നമ്മുടെ കമ്പനിയുടെ ഫിഫ്റ്റി പേർസെന്റജ് ഷെയർ മറ്റൊരാൾക്ക് നൽകേണ്ടി വന്നു” “ങേ…വാട്ട് ദ ഹെൽ ആർ യൂ ടാക്കിങ്?” “എല്ലാം നിനക്ക് വഴിയേ മനസിലാകും.നീ വരുന്ന ആളെ വെൽക്കം ചെയ്യാനുള്ള പരിപാടികൾ നോക്ക്.”അയാൾ ഫോൺ കട്ട് ചെയ്തു. “ഈ അച്ഛൻ ഇതെന്താ പറയുന്നത്.” അവൻ മനസ്സിൽ ഒരായിരം സംശയങ്ങളുമായി റിസപ്ഷനിലേക്ക് നീങ്ങി.മൂർത്തി സാർ അവന്റെ കയ്യിൽ ഒരു ബൊക്കെ കൊടുത്തു.അവൻ അയാളെ തുറിച്ചു നോക്കി. അപ്പോഴേക്കും ഒരു ഫോർഡ് എക്കോ സ്പോട്ട് കാർ അവിടെ വന്നു.അത് എവിടേയോ വച്ച് കണ്ടിട്ടുള്ളതായി അവൻ ഓർത്തു. അതിൽ നിന്നും അപ്സര ഇറങ്ങി കീ സെക്യൂരിറ്റിയെ ഏൽപ്പിച്ചു.
അവൾ അവനടുത്തേക്ക് നീങ്ങി. അവന്റെ കയ്യിൽ നിന്നും ബൊക്കെ വാങ്ങി താങ്ക്സ് പറഞ്ഞ് അവൾ മൂർത്തി സാറിന്റെ പുറകേ കാബിനിലേക്ക് നീങ്ങി. അവൻ ഷോക്കേറ്റപോലെ അവിടെ തന്നെ നിൽപ്പുണ്ടാരുന്നു. അവൾ ഇടക്ക് തിരിഞ്ഞു നോക്കി ചിരിച്ചു. അവൾ എല്ലാവരെയും പരിചയപ്പെട്ട ശേഷം കാബിനിൽ പോയി ഇരുന്നു.വിനു അവളുടെകാബിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറി. “ആ അച്ഛാ…മൂർത്തി സാർ എല്ലാം പറഞ്ഞുതന്നു.” അപ്പോഴാണ് അവൾ അവൻ വരുന്നത് കണ്ടത്. “അച്ഛാ..ഞാൻ പിന്നെ വിളിക്കാം” “അപ്സര…വാട്ട് ആർ യൂ ടൂയിങ് ഹിയർ?” “ഓ റിയലി….ഇതുവരെയും മനസിലായില്ലേ ഏ… ട്ടാ..”അവൾ കളിയാക്കി ചോദിച്ചു. “നിന്റെ കളിയൊക്കെ അങ്ങ് വീട്ടിൽ മതി.ദിസ് ഈസ് മൈ ഓഫീസ്” “അത് ഇന്നലെ വരെ…ഇതിപ്പോൾ എന്റെ കൂടെ ഓഫീസാണ്” “നീ എന്ത് ഉദ്ദേശിച്ചാണ് ഇവിടെ വന്നത്.നിനക്ക് പറ്റിയ പണിയൊന്നുമല്ല ബിസിനസ്. സോ..” “അയ്യോ ഏട്ടാ.. അങ്ങനെ പറയല്ലേ.ഏട്ടൻ മറന്നു പോയതാവും.ചിലപ്പോൾ അറിയാത്തതുമാകാം.ഞാനേ എം ബി എ റാങ്ക് ഹോൾഡറാ.
പറഞ്ഞു വരുമ്പോൾ ഏട്ടനേക്കാളും ക്വാലിഫിക്കേഷൻ എനിക്കാ” “അപ്പൂ..” “സോറി ഏട്ടാ…ഞാൻ അല്പം ബിസിയാണ്. ഇപ്പോൾ വന്നതല്ലേ ഉളളൂ.നമുക്ക് പിന്നെ സംസാരിക്കാം” അവൾ ഒരു ഫയലിലേക്ക് തല താഴ്ത്തി.അവൻ ഒന്നും പറയാതെ തിരിച്ചു പോയി. “നിങ്ങളെ കൊണ്ട് ഞാൻ അപ്പൂ എന്ന് വിളിപ്പിച്ചു. ഇനി നിങ്ങള് ഇങ്ങോട്ട് ഐ ലവ് യൂ വരെ പറയും.ഞാൻ പറയിപ്പിച്ചിരിക്കും” അങ്ങനെ എല്ലാ സ്റ്റാഫ്‌സിനെയും പരിചയപ്പെട്ടും മറ്റുമായി അന്നത്തെ ദിവസം കടന്നു പോയി.ഇടക്കിടക്ക് അവന്റെ കാബിനിൽ നോക്കുമ്പോൾ മാറി നിന്ന് തന്നെ നോക്കുകയാണെന്ന് അവൾക്ക് മനസിലായി.അവൾ അത് നോക്കി ചിരിച്ചു. അവൾ എല്ലാവരുമായും പെട്ടെന്ന് കൂട്ടായി.അവിനാശിന്റെ ഭാര്യ ആണെന്നുള്ള കാര്യം എല്ലാവർക്കും അറിയാമായിരുന്നു.അതുകൊണ്ട് തന്നെ അവരുടെ പിണക്കത്തിന്റെ കാര്യങ്ങൾ എല്ലാവർക്കും ഊഹിക്കാവുന്നതേയുള്ളൂ. അവൾ ഉച്ചയ്ക്ക് എല്ലാവർക്കും ഒപ്പം കാന്റീനിൽ ഇരുന്നാണ് ഭക്ഷണം കഴിച്ചത്.
അവൻ പതിവുപോലെ തന്റെ കാബിനിലും. വൈകുന്നേരം അവൾ നേരത്തേ തന്നെ ഇറങ്ങിയിരുന്നു.അവൻ അവളെ അന്വേഷിച്ചപ്പോഴാണ് പോയെന്ന് അറിഞ്ഞത്. അവൻ വീട്ടിലേക്ക് പോയി.ആരോടും മിണ്ടാതെ റൂമിലേക്ക് പോയി കതക് കുറ്റിയിട്ടിരുന്നു.അവൻ ഒറ്റക്കായത് പോലെ അവന് തോന്നി. കുറച്ചു കഴിഞ്ഞപ്പോൾ കതകിൽ ഒരു മുട്ട് കേട്ടു.ആദ്യമൊന്നും തുറന്നില്ലെങ്കിലും മുട്ടിന്റെ തീവ്രത കൂടിയപ്പോൾ കതക് തുറന്നു.മുന്നിൽ നിൽക്കുന്ന അപ്പുവിനെ കണ്ട് അവൻ ഞെട്ടി. “താനോ…” അവൾ അവനെ മൈൻഡ് ചെയ്യാതെ അകത്തേക്ക് കയറി.അവളുടെ കയ്യിൽ ഒരു ഹാൻഡ് ബാഗ് മാത്രമേ ഉണ്ടായിരുന്നു. ‘ബാക്കി സാധനങ്ങൾ ഒന്നുമില്ലല്ലോ… അപ്പോൾ തിരിച്ചുവന്നതല്ലേ’അവൻ ചിന്തിച്ചു. അവൾ കട്ടിലിന്റെ കീഴിൽ നിന്ന് തന്റെ സാധനങ്ങൾ അടങ്ങിയ ബാഗ് എടുത്തിട്ട് അലമാരയിൽ എല്ലാം അടുക്കി വയ്ക്കാൻ പോയി.
“അപ്പോൾ എന്നെ പറ്റിക്കാനായി മാറി നിന്നതാ അല്ലേ…എന്നെ തോൽപ്പിക്കാൻ നോക്കി സ്വയം തോറ്റല്ലേ” അവൾ മറുപടിയൊന്നും പറഞ്ഞില്ല.അവളുടെ മൗനം അവനെ വേദനിപ്പിച്ചു. “എന്താടി നിന്റെ നാവിറങ്ങിപ്പോയോ.ഓഫീസിൽ വച്ച് വല്യ ഷോ ആയിരുന്നല്ലോ” “ഹലോ… കൂടുതൽ ഡയലോഗ് ഒന്നും പറയണ്ട.തോറ്റോടാൻ ഞാൻ ഭീരുവല്ല.ഇത് എന്റെയും കൂടി വീടാ.ഇവിടെ ഞാൻ ഇഷ്ടമുള്ളപ്പോൾ വരും.ഇഷ്ടമുള്ളപ്പോൾ പോകും.അതിൽ കേറി അഭിപ്രായങ്ങൾ പറയാൻ വരണ്ട” അവളുടെ മറുപടിയിൽ അവൻ ഒന്ന് പതറി.അവൾ തന്റെ പ്രവൃത്തി തുടർന്നു. എന്നാലും അവന് നല്ല സന്തോഷം തോന്നി.അവളുടെ തിരിച്ചുവരവ് അവൻ മനസുകൊണ്ട് ആഗ്രഹിച്ചതാണ്. (തുടരും)