രചന – രോഹിണി ആമി
അമലു………………. ഉണ്ണികൃഷ്ണന്റെ ചുണ്ടനങ്ങി……………
എല്ലാവരുടെയും ചോദ്യവും പരിചയപ്പെടലും എല്ലാം കഴിഞ്ഞ് ഉണ്ണി അമലയുടെ അടുത്തെത്തി……………..
അമലു…….. നീയിവിടെ ആയിരുന്നോ……… ശരിക്കും വലിയൊരു സർപ്രൈസ് ആണ് ഈ കാഴ്ച കേട്ടോ………
കണ്ടപ്പോൾ ശരിക്കും ഞാനും ഞെട്ടി ഉണ്ണിയേട്ടാ……….എത്ര നാളായി കണ്ടിട്ട്……….. ഒരുപാട് മാറിപ്പോയിരിക്കുന്നു ആള് ………..
അതെ……. നമ്മൾ അവസാനം കണ്ടത് നിന്റെ വിവാഹത്തിന് ആണ്………. കുറച്ചേറെ വർഷങ്ങൾ ആയിരിക്കുന്നു……..
വീട്ടിൽ എല്ലാവർക്കും സുഖമാണോ…….. അമ്മയും ദേവുവും……..
………. അമ്മ കിടപ്പിലാണ്……… നീ ഇറങ്ങ് ഒരു ദിവസം വീട്ടിലേക്ക്……… ദേവുവും ഉണ്ട് ഇപ്പോൾ അവിടെ………. ഓണത്തിന് അവൾ അവിടെയുണ്ടാവും………. അതുകൊണ്ടാണ് ഞാൻ ഇങ്ങോട്ട് പോന്നത് ജോയിൻ ചെയ്യാൻ………. അല്ലെങ്കിൽ ഓണം കഴിഞ്ഞേ വരുന്നുള്ളൂ എന്ന് വിചാരിച്ചതാണ്………..
ഇത്രയും ദൂരം ഡെയിലി വന്നു പോകാനോ…….. പിന്നെ കിട്ടുന്നത് അതിനെ തികയു മാഷേ……. അമല കളിയാക്കി പറഞ്ഞു……….
ആഹാ നിങ്ങൾ പരിചയക്കാരാണോ……… അമലയോട് കൂടെയുള്ള ടീച്ചർ ചോദിച്ചു ………
അതെ……… ഞങ്ങൾ ഒരേ നാട്ടുകാരാണ്…….. പിന്നെ എന്റെ കൂട്ടുകാരി ദേവ്നിയുടെ ഏട്ടനാണിത്……..
ചിരിച്ചു സംസാരിച്ചുകൊണ്ട് രണ്ടാളും വെളിയിലേക്കിറങ്ങി………
ഇനി പറയു ഉണ്ണിയേട്ടാ…….. എപ്പോളാ വന്നത് നാട്ടിലേക്ക്……….. എന്റെ കല്യാണം കഴിഞ്ഞു പോയതാണ് നിങ്ങൾ എല്ലാവരും അമ്മ വീട്ടിലേക്ക്…….. പിന്നീട് ഇന്നാണ് കാണുന്നത്…….. ദേവുവിനെ കണ്ടിട്ട് പോലും എത്ര നാളായി……… ആ ഒരു ബന്ധം പോലും മറന്നു ഞങ്ങൾ……..
ഞങ്ങൾ അല്ല അമലു….. നീ എന്നു പറയുന്നതാവും നല്ലത്……… ഉണ്ണിയുടെ മുഖത്തു കുറച്ചു ഗൗരവം തോന്നി………..
ശരിയാണ്……. എല്ലാം മറന്നത് താനാണ്……. മനഃപൂർവം……… അമല ഓർത്തു…….
അതൊക്കെ പോട്ടേ……. നിന്റെ വിശേഷം ഒക്കെ പറ……. അമലയുടെ മുഖം മാറിയപ്പോൾ ഉണ്ണി വിഷയം മാറ്റി…..
കാറിൽ വന്നിറങ്ങിയ കണ്ണന്റെ നേരെ കൈ ചൂണ്ടി……. കണ്ണൻ……….. ഇവിടെ തന്നെയാണ് പഠിക്കുന്നത്…….. നാലിൽ………. പിന്നെ അത് ഹേമന്ത്…….. കല്യാണത്തിന് കണ്ടതല്ലേ……..
കണ്ണൻ അമലയെ കണ്ടപ്പോൾ കൈ വീശി കാണിച്ചു…….. പിന്നെ ക്ലാസ്സിലേക്ക് ഓടിപ്പോയി……….. ഉണ്ണിയുടെ കണ്ണുകൾ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന ആളുടെ മുഖത്തായിരുന്നു………… ഒന്നു കണ്ണു പാളി പോലും അമലയെ നോക്കുന്നില്ല……. അമലയെ നോക്കിയപ്പോൾ ആ മുഖത്തും ഒരു പരിചയ ഭാവം കണ്ടില്ല…….. കണ്ണൻ പോയ വഴി നോക്കി നിൽക്കുവായിരുന്നു അവളും………… ചെറിയൊരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടോ……… അതോ തനിക്ക് തോന്നിയതാണോ……….. അമലു ഹാപ്പി ആണ്……. മുഖത്തു പ്രത്യേകിച്ച് ഭവമാറ്റം ഒന്നുമില്ല………. തന്റെ തോന്നൽ മാത്രമാവട്ടെ എല്ലാം…………. അമലു ഉണ്ണിയെയും കൂട്ടി ക്ലാസ്സിലേക്ക് നടന്നു……
ഇനി എപ്പോഴാണ് ഉണ്ണിയേട്ടൻ നാട്ടിലേക്ക്……..
ഇന്ന് ഉച്ചക്ക് ശേഷം പോണം……….
എങ്കിൽ ഞാനുമുണ്ട് ഒപ്പം……… വീട്ടിൽ ആഘോഷിക്കാമെന്ന് വിചാരിക്കുന്നു……… കണ്ണൻ ഉണ്ടാവും കൂടെ………
അതിനെന്താ ഒരുമിച്ചു പോകാം നമുക്ക്…….. അത്രയും നേരം ബോറടിക്കാതെ ഇരിക്കാമല്ലോ………. ഞാൻ ട്രെയിൻന് ആണ് കേട്ടോ…… ബസ്സിൽ പറ്റില്ല അത്രയും ദൂരം…….
ഓഹ്…… ആയിക്കോട്ടെ…… ഒരു ചേഞ്ച് നല്ലതാ………..
അമലയുടെ കൂടെ നടന്നു ക്ലാസ്സിലേക്ക് കയറി……….
വീട്ടിൽ എത്തിയപ്പോളും കണ്ണന്റെ മുഖം തെളിഞ്ഞിട്ടില്ല……… അവൻ മാത്രേ അങ്ങനെ ഡ്രസ്സ് ഇട്ട് ചെന്നുള്ളുവെന്ന്……. കൂട്ടുകാർ കളിയാക്കിയെന്ന്……. ഞാനും ഇത് തന്നെയല്ലേ അവനോട് പറഞ്ഞത്……….. അപ്പോൾ അവന്റെ അപ്പക്കേ അറിയൂ അവന്റെ ചോയ്സ് എന്ന്…….. ബ്ലഡി ഫൂൾ……. അതിനിടയിൽ തന്റെ കൂടെ വീട്ടിലേക്ക് വരുന്നില്ലെന്നാണ് പറയുന്നത്……. ആകെ ദേഷ്യത്തിൽ ആണ് അവൻ……… അത് എന്നോട് തീർക്കുവാണ്…….. കേൾക്കാൻ കാത്തിരുന്നത് പോലെ അമ്മയും അവന് സൈഡ് പിടിക്കാൻ തുടങ്ങി………. ഒടുവിൽ തനിയെ പോകാൻ തീരുമാനിച്ചു……… ഓണം കഴിഞ്ഞു അവൻ അപ്പയോടൊപ്പം വന്നേക്കാമെന്ന്………. അമ്മ പോലും പറഞ്ഞില്ല ഓണത്തിന് ഇവിടെ നിൽക്കാൻ….. ഒരുമിച്ചു കൂടാം എന്നൊന്നും……….കണ്ണനും ഹേമന്തും ഉണ്ടായാൽ മതി അമ്മക്ക്……. വീട്ടിൽ പോകുന്ന കാര്യം ഹേമന്തിനോട് വിളിച്ചു പറഞ്ഞില്ല……… അങ്ങനെ ഒരു ശീലമില്ല…….. താൻ എവിടെ പോയാലും ചോദിക്കില്ല…… തിരിച്ചു വീട്ടിൽ എത്തിയൊന്ന് പോലും അന്വേഷിക്കില്ല………. പിന്നെന്തിന് പറയണം……. ഇങ്ങനെ ഒരാൾ ഈ വീട്ടിൽ ഉണ്ടെന്ന് എനിക്ക് മാത്രേ അറിയൂ………
ചെറിയൊരു ബാഗും കയ്യിലെടുത്തു ഇറങ്ങി……. കണ്ണൻ കൈവീശി റ്റാറ്റാ തന്നിട്ട് ഞാൻ ഗേറ്റ് കഴിയും മുന്നേ അകത്തോട്ടു പോയി………. മുൻപൊക്കെ ഇങ്ങനെ പോകുമ്പോൾ കണ്ണൻ കൂടെയുണ്ടാവും….. …. ഇന്നിപ്പോൾ വല്ലാത്തൊരു വിഷമം……. ..
സ്റ്റേഷൻ എത്തിയപ്പോൾ കണ്ടു ഉണ്ണിയേട്ടനെ…… ചുറ്റും നോക്കുന്നുണ്ടായിരുന്നു……. കണ്ണനെ ആവും…..
അവൻ വന്നില്ല…… ഹേമേട്ടന്റെ കൂടെയേ ഉള്ളൂന്ന്……………. അമല പറഞ്ഞു…………
ഒരേ സീറ്റിൽ ഒരുമിച്ച് ഇരിക്കുമ്പോഴും ഉണ്ണിക്ക് ഒരുപാട് ചോദ്യങ്ങൾ തികട്ടി വന്നു അമലയോട് ചോദിക്കാൻ……….. പക്ഷേ എന്തോ ഒരു തടസ്സം പോലെ തോന്നി അയാൾക്ക്……….. പുറത്തെ കാഴ്ചകൾ കണ്ടിരിക്കുകയാണ് അമല… …….. എന്തും വരട്ടെ എന്നു കരുതി ഉണ്ണി ചോദിച്ചു…..
അമലു എന്താ ഓണം ഹസ്ബന്റിന്റെ കൂടെ കൂടാത്തത്……….
അതെന്താ ഉണ്ണിയേട്ടാ അങ്ങനെ വല്ല നിയമവും ഉണ്ടോ………
അതല്ല……… സാധാരണ അങ്ങനെ ആണല്ലോ……… ദേവു അവിടെ കയറു പൊട്ടിക്കുവാണ് കെട്ടിയോന്റെ വീട്ടിൽ ഓണം കൂടാൻ പോകാൻ…….
അവൾ ഭാഗ്യവതി ആണ്…… അതുകൊണ്ട്………
കണ്ണടച്ച് ചാരി കിടക്കുന്ന അമലയോട് കൂടുതലൊന്നും ചോദിക്കാൻ ഉണ്ണിയുടെ മനസ്സ് അനുവദിച്ചില്ല………… ഉണ്ണി തട്ടി വിളിച്ചപ്പോഴാണ് അമല അറിഞ്ഞത് സ്റ്റേഷൻ എത്തിയെന്ന്……. ബാഗും എടുത്തു കൂടെയിറങ്ങി……..
ഉണ്ണിയേട്ടാ നമുക്ക് ചെറിയൊരു ഷോപ്പിംഗ് നടത്തണം………. വീട്ടിലേക്ക് എല്ലാവർക്കും ഡ്രസ്സ് എടുക്കണം………. .
എങ്കിൽ വാ………. എനിക്കും എടുക്കണം അമ്മയ്ക്കും ദേവൂനും…………
ഡ്രസ്സ് എല്ലാം എടുത്തു കഴിഞ്ഞപ്പോൾ ബില്ല് പേ ചെയ്തത് അമല ആണ്………..
ഇതിന് ഞാൻ പേ ചെയ്യുമായിരുന്നു അമലു……… ചുമ്മാ കാശിന്റെ വിലയറിയാതെ ഇങ്ങനെ കളയല്ലേ……. ഉണ്ണി ദേഷ്യത്തിൽ പറഞ്ഞു…………
ഇതിങ്ങനെ കൂട്ടി വെച്ചിട്ട് എന്തിനാ ഉണ്ണിയേട്ടാ……. കൊടുക്കാൻ എനിക്കും ആരെങ്കിലും ഉണ്ടെന്ന് ഒന്നു തോന്നട്ടെ………..
ആർക്ക് തോന്നട്ടെ ന്നു………….
എനിക്ക് തന്നെ……….. വേറെ ആർക്കാ…….
തന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ നിൽക്കുന്ന ഉണ്ണിയുടെ മുഖത്തേക്ക് നോക്കി ചുമ്മാ……… ന്ന് കണ്ണടച്ചു കാണിച്ചു…….
ഉണ്ണിയേട്ടനെ ഏറെ നിർബന്ധിച്ചു വീട്ടിൽ ഒന്നു കയറിയിട്ട് പോകാൻ……… സമ്മതിച്ചില്ല……..
നീയിറങ്ങു വീട്ടിലേക്ക്…….. പറ്റിയാൽ ഓണം അവിടെയാക്കാം……… പറഞ്ഞിട്ട് ഉണ്ണി പോയി……….
ഒരുപാട് ദൂരമില്ല ഉണ്ണിയേട്ടന്റെ വീട്ടിലേക്ക്………. പഠിക്കുന്ന സമയത്തു ഞാനും ദേവൂവും ഒരുമിച്ച് ആണ് ഓണം കൂടുന്നത്………. തറവാട്ടിൽ പോകാറില്ല………. പോയാലും തിരുവോണത്തിന് രാവിലെ ദേവുവിന്റെ അടുത്തേക്ക് എത്തിയിരിക്കും………… അത്രയും കൂട്ടായിരുന്നു………. പിന്നീട് എപ്പോഴാണ് തന്റെ മനസ്സ് പോലെ കൂടെ നടന്നവൾ തനിക്ക് ആരുമല്ലാതെ ആയത്………… കല്യാണം കഴിഞ്ഞു കെട്ടിപ്പിടിച്ചു കരഞ്ഞു പിരിഞ്ഞതാണ്……… എന്നും വിളിക്കുമായിരുന്നു…….. പിന്നീട് അത് കുറഞ്ഞു……. പോകെപ്പോകെ ആ വിളി തീരെയില്ലാതായി…………… ആ വീട്ടിൽ ബന്ധങ്ങളുടെ വില തിരിച്ചറിയാൻ കഴിയുമായിരുന്നില്ല ………… തന്നിലേക്ക് തന്നെ ഒതുങ്ങാൻ പഠിച്ചത് അവിടെ നിന്നുമാണ്…….. എന്തായാലും ഈ ഓണത്തിന് എനിക്ക് ദേവൂന് ഒപ്പം ഉണ്ണണം………. പഴയ ആ കൂട്ട് പൊടി തട്ടി എടുക്കണം………. ഒപ്പം കുറച്ചേറെ ബന്ധങ്ങളും…………
ആലോചിച്ചു വീടിന്റെ പടി കയറിയത് അറിഞ്ഞില്ല…………. അമലു………. വിളി കേട്ട് തിരിഞ്ഞു നോക്കി അമല………..
കുഞ്ഞേച്ചി………….
നീയെന്താ അമലു ഒന്ന് വിളിച്ചു പറയാഞ്ഞത് വരുന്ന കാര്യം……… എന്നിട്ട് ചുറ്റും നോക്കുവാണ്………….
നോക്കണ്ട കുഞ്ഞേച്ചീ……….. കണ്ണൻ വന്നിട്ടില്ല……….. അവൻ പറ്റിയാൽ ഹേമേട്ടന് ഒപ്പം വരാമെന്ന് പറഞ്ഞു ………..
കുഞ്ഞേച്ചിയുടെ മുഖം വാടുന്നത് കണ്ടപ്പോൾ അമല പറഞ്ഞു……….. ഞാൻ പോരേ കുഞ്ഞേച്ചിയെ…….. വാന്നേ…. നമുക്ക് അടിച്ചു പൊളിക്കാം……….. അല്ലേലും ആ ചെക്കൻ വന്നാൽ എന്റെ സ്ഥാനം പോകും…….. പിന്നെ എല്ലാവരും അവനേ കൊഞ്ചിച്ചു അവന്റെ പിറകെ നടക്കും…….. എന്നെ ആരും നോക്കില്ല……….അല്ല……. ഇതിപ്പോ എവിടുന്നാ ഓടി വരുന്നേ………
ഞാനാ കുട്ടികൾക്ക് നാളത്തേക്ക് കുറച്ചു പൂക്കൾ പൊട്ടിച്ചു കൊടുക്കുവായിരുന്നു……. എന്തെങ്കിലും ഒരു പണി വേണ്ടേ എനിക്ക്………..
അമ്മ എവിടെ………… അമല വിഷയം മാറ്റി ചേച്ചിയുടെ കയ്യിൽ തൂങ്ങി വീടിന് ഉള്ളിലേക്ക് കയറി………….
അടുക്കളയിൽ നിന്ന അമ്മയെ പിറകിൽ കൂടി പോയി കെട്ടിപ്പിടിച്ചു…………… വന്നോ നീ…….. എത്ര ദിവസം ഉണ്ടാവും…….. ഇങ്ങനെ ഒക്കെ ഓരോ ആഘോഷങ്ങൾ വരണം നിന്നെയൊന്നു കാണാൻ………. അല്ലേ അമലു………..
ഒന്നു പോ അമ്മേ……. അവൾ വന്നു കയറിയതല്ലേ ഉളളൂ…………. അപ്പോഴേക്കും തുടങ്ങിയോ…………
അമ്മ പറയട്ടെ ചേച്ചീ…… ഇതൊക്കെ കേൾക്കാൻ കൊതിച്ചു തന്നെയാ വന്നതും……..
അല്ലെങ്കിലും ചേച്ചിയും അനിയത്തിയും ചേർന്നു കഴിഞ്ഞാൽ ഞാൻ പടിക്ക് പുറത്താണല്ലോ…….. അമ്മ പരിഭവിച്ചു………..
ഒന്നുകൂടി ഇറുക്കി പിടിച്ചു അമ്മയെ……… അമ്മയുടെ മണം ഉള്ളിലേക്ക് ശ്വസിച്ചു………. പിറകിൽ കുഞ്ഞേച്ചിയും വന്ന് ഞങ്ങളെ രണ്ടാളെയും ചേർത്തു പിടിച്ചു………. മൂന്നാളുടെയും കണ്ണുകൾ ഹാളിൽ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോയിൽ ചെന്നു നിന്നു……….. കണ്ണുനീർ വന്നില്ലെന്നേ ഉളളൂ…….. ഒരേപോലെ മനസ്സ് കലങ്ങി മറിയുന്നത് മൂന്നാളുമറിഞ്ഞു………….
ഒന്ന് ഫ്രഷ് ആയി അമ്മയ്ക്കും ചേച്ചിക്കും ഒപ്പമിരിക്കുമ്പോഴും കണ്ണനെ കൊണ്ടുവരാഞ്ഞതിന്റെ പരിഭവത്തിലായിരുന്നു അമ്മ………….ഞാൻ മനഃപൂർവം കൊണ്ടു വരാഞ്ഞത് പോലെ………… എങ്ങനെ പറഞ്ഞു മനസ്സിലാക്കും അമ്മയോട് അമ്മയുടെ ഈ മകൾ എല്ലായിടത്തും ഒരു പരാജയം ആണെന്ന്………. കണ്ണന്റെയോ ഹേമന്തിന്റെയോ സ്റ്റാറ്റസിന് ചേർന്നവളല്ല താനെന്നു…….. ശരിക്കും അവരൊക്കെ തന്നെ സഹിക്കുകയാണെന്ന് എങ്ങനെ പറയും………….. അമലു ഓർത്തു……..
ആരായിരുന്നു അമലു നിന്റൊപ്പം ഉണ്ടായിരുന്നത്……… നീ സംസാരിക്കുന്നത് കണ്ടല്ലോ…….. പുറംതിരിഞ്ഞു നിന്നത് കൊണ്ട് ഞാൻ കണ്ടില്ല…………. അനുവേച്ചി ചോദിച്ചു…..
അത് എനിക്ക് വേണ്ടപ്പെട്ട ഒരാളാണ് കുഞ്ഞേച്ചി………… ഒരുമിച്ചാണ് വന്നത്……… വീട്ടിൽ കയറാൻ പറഞ്ഞതാണ്…….. വന്നില്ല…….. പക്ഷേ ഒരിക്കൽ വരേണ്ടി വരും……. അമല ഇരുട്ടിലേക്ക് നോക്കി പറഞ്ഞു………….
കിടക്കുമ്പോൾ അമലുവിന്റെ രണ്ടു വശത്തു കിടന്നു അമ്മയും ചേച്ചിയും വിശേഷങ്ങൾ പറഞ്ഞു കൊണ്ടേയിരുന്നു…….. മാവ് പൂത്തത് മുതൽ തറവാട്ടിലെ ഭാഗം വെപ്പ് വരെ അമ്മയും ……… നട്ടു നനച്ച ചെടിയിൽ പൂക്കൾ ഉണ്ടായത് മുതൽ തൊഴുത്തിലെ പശു കിടാവിന്റെ കാര്യം വരെ കുഞ്ഞേച്ചിയും പറഞ്ഞു………… തനിക്ക് മാത്രം ഒന്നുമില്ല പറയാൻ………… വിശേഷങ്ങൾ കേൾക്കാനുള്ള ഭാഗ്യമല്ലാതെ പറയാനുള്ള ഭാഗ്യം എന്നെങ്കിലും ഉണ്ടാകുമോന്നു അറിയില്ല………
പിന്നെ വരാം……

by