18/04/2026

സ്നേഹമയി : ഭാഗം 21

രചന – ആരുണി കൃഷ്ണ

പ്രതികാരം ചെയ്തു മടങ്ങി വരുന്ന നീ ഈ ഭൂമിയിൽ പിന്നെ ഉണ്ടാവില്ല … പതിയെ ശ്രീ എന്റേതാവും….” ലക്ഷ്മി ഭ്രാന്തമായി ചിരിച്ചു…. ***** മുറിയിൽ എത്തിയപ്പോൾ ശ്രീക്കുട്ടിയും ശ്രീയോടൊപ്പം ഉണ്ടായിരുന്നു… ശ്രീ മിഥുവിനെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി… “ഏട്ടത്തി ഈ സാരി ഒക്കെ മാറ്റ്… ആ ഷെൽഫിൽ ഉണ്ട് എല്ലാം… പിന്നെ കോസ്മെറ്റിക്സ്‌ എല്ലാം ഈ മിറർ ഉള്ള കബോർഡിൽ വെച്ചിട്ടുണ്ട്… ഏട്ടത്തിക്ക് എന്തെങ്കിലും വേണേൽ എന്നെ വിളിച്ചാ മതി… ” “ശ്രീക്കുട്ടി, നീ പഴയത് പോലെ എന്നെ മിഥു എന്ന് വിളിച്ചാ മതി..ഈ ഏട്ടത്തി വിളി എന്തോ പോലെ … ” “അയ്യോ, ഇത് അമ്മേടെ ഓർഡറാ… സ്ഥാനം കൊണ്ട് ഏട്ടന്റെ ഭാര്യ ഏട്ടത്തി അല്ലെ… ആ പിന്നെ കുളിച്ചിട്ട് താഴേക്ക് വാ, ഭക്ഷണം കഴിക്കാം… ” ശ്രീകുട്ടി വാതിൽ അടച്ചു പുറത്തേക്ക് പോയി… മിഥു ഷെൽഫ് തുറന്നതും അത് നിറയെ ഒരുപാട് പുതിയ ഡ്രെസ്സുകൾ… ഒരുനിമിഷം എന്തോ ഓർത്തിട്ട്, അവൾ അതിൽ നിന്നും ഒരു പിങ്ക് നിറത്തിലുള്ള ചുരിദാർ എടുത്തു ബാത്ത്റൂമിലേക്ക് പോയി… കുളി കഴിഞ്ഞു പുറത്തിറങ്ങിയതും ശ്രീ ബെഡിൽ ഫോൺ നോക്കി ഇരുന്ന് ചിരിക്കുക ആയിരുന്നു…

അവൻ അവളെ ശ്രദ്ധിക്കുന്നതെ ഇല്ല… അവൾ പതിയെ നടന്നു കണ്ണാടിക്ക് അഭിമുഖം ആയി നിന്നു… കബോർഡ് തുറന്നു അതിൽ നിന്ന് ഒരു പോട്ടെടുത്ത് നെറ്റിയിൽ തൊട്ടു… പെട്ടന്നാണ് അവളുടെ പിന്കഴുത്തിൽ ഒരു നിശ്വാസം ഏറ്റത്… ശ്രീ…. അവൻ പതിയെ അവളോട്‌ ചേർന്ന് നിന്നപ്പോൾ അവൾ ശ്വാസം അടക്കിപിടിച്ചു കണ്ണാടിയിലേക്ക് നോക്കി… ശ്രീ തന്നെ കണ്ണെടുക്കാതെ നോക്കുകയാണ്.. അവൻ പെട്ടന്ന് അവൾ തലയിൽ ചുറ്റിയിരുന്ന ടവൽ അഴിക്കിച്ചെടുത്ത് ബാത്റൂമിലേക്ക് പോയി… അപ്പോഴാണ് മിഥുവിന് ശ്വാസം നേരെ വീണത്… അവൾ മുടി കോതി ഒതുക്കി താഴേക്ക് ചെന്നു… അടുക്കളയിൽ ശ്രീകുട്ടിയും ലതയും പാചകത്തിൽ ആയിരുന്നു… “ആ മോള് കുളിച്ചു വന്നോ… വിശക്കുന്നുണ്ടാവും അല്ലെ… കറികൾ ഒക്കെ ഇപ്പൊ ശരിയാവും… ” “ഞാനും സഹായിക്കാം അമ്മേ… ” ലത വേണ്ട എന്ന് പറഞ്ഞിട്ടും, മിഥു അവരോടൊപ്പം എല്ലാത്തിനും കൂടി… ശ്രീയും കൂടി വന്നതോടെ എല്ലാവരും ഒന്നിച്ചിരുന്നു കഴിക്കാൻ തുടങ്ങി… “ഏട്ടാ ഈ കറി ഒന്ന് കഴിച്ചു നോക്ക്… ഏട്ടത്തിടെ പ്രിപറേഷൻ ആണ്… ” “ടേസ്റ്റ് ഇല്ലേ മോനെ…? ” “നന്നായിട്ടുണ്ട്… ” ശ്രീ പറഞ്ഞത് കേട്ട് മിഥു ഒന്ന് പുഞ്ചിരിച്ചു…

“മോൾക്ക്‌ കുക്കിംഗ്‌ നന്നായി അറിയാം അല്ലെ…? ” ദേവൻ തിരക്കി… “മ്മ്, അച്ഛന് വലിയ ഇഷ്ടമായിരുന്നു കുക്കിംഗ്‌… വീട്ടിൽ ഉള്ളപ്പോ ഞങ്ങൾ എല്ലാരും ഒന്നിച്ചു കുക്ക് ചെയ്യും… ” മിഥു അത് പറഞ്ഞു ദേവനെ ഒന്ന് നോക്കി.. ദേവന്റെ കണ്ണുകളിൽ ഒരു നോവ് പടർന്നു… എല്ലാവരും കഴിച്ചു എഴുന്നേറ്റു… ശ്രീക്കുട്ടിയും മിഥുവും ലതയെ പാത്രം കഴുകാൻ ഒക്കെ സഹായിച്ചു… “ഈ അടുക്കളയിൽ നിൽക്കുന്ന കുറച്ചു നേരമാണ് മനസ്സ് ഒന്ന് ശാന്തമാകുന്നത്… ” മിഥു ഓർത്തു…. “മോളെ പെട്ടന്ന് ഉള്ള വിവാഹം അല്ലെ… ഒരുപാട് ചടങ്ങുകൾ നമ്മൾ വേണ്ടെന്ന് വെച്ചു… പക്ഷെ മോളും ശ്രീകുട്ടനും ഒരു പുതിയ ജീവിതം തുടങ്ങുകയാണ്… മനസ്സിൽ നന്നായി പ്രാർത്ഥിക്കണം … ” ലത അവളെ ചേർത്ത് നിർത്തി പറഞ്ഞു… “ശരി അമ്മേ… ” “ദാ, ഈ പാല് പിടിച്ചോ… ഈ ചടങ്ങിന് ഒരു കുറവ് വരുത്തേണ്ട… ” മിഥുവിന്റെ കൈകൾ വല്ലാതെ വിറച്ചു… അവൾ ഗ്ലാസ്‌ വാങ്ങി പടികൾ കയറിയതും മുകളിൽ നിൽക്കുന്ന ശ്രീയെ കണ്ടു… നെഞ്ചിടിപ്പ് ക്രമാധീതമായി ഉയരുന്നതിന് ഒപ്പം കൈ വിറച്ചു, പാല് തുളുമ്പി പോകുന്നുണ്ടായിരുന്നു… അവളെകണ്ടതും ശ്രീ അകത്തേക്ക് കയറി….

അവൾ പാല് ടേബിളിൽ വെച്ച് മാറി നിന്നു … “സാധാരണ ആദ്യ രാത്രി ചോദിക്കുന്ന ചില ക്ലിഷേ ചോദ്യങ്ങൾ ഉണ്ട്… വീടൊക്കെ ഇഷ്ടായോ, വീട്ടുകാരെ ഇഷ്ടായോ…. ഇവിടിപ്പോ അതിന്റെ ആവശ്യം ഇല്ലല്ലോ… തനിക്ക് എല്ലാം പരിചയം ഉള്ളതല്ലേ… സോ ടെൻഷൻ ഒന്നും വേണ്ട… ” അവളൊന്ന് ചിരിച്ചു… “പിന്നെ തന്റെ അമ്മക്ക് ഞാൻ കൊടുത്തൊരു വാക്ക് ഉണ്ട്.. തന്റെ ലക്ഷ്യങ്ങൾ ഒക്കെ നേടി എടുക്കാൻ ഞാൻ ഒരു തടസ്സം ആവില്ലെന്ന്… കൂടാതെ എല്ലാത്തിനും കൂടെ ഉണ്ടാവുമെന്നും… അതുകൊണ്ട് ഒരു ജീവിതം തുടങ്ങാൻ ഇനിയും ഒരുപാട് സമയം ഉണ്ട് .. നമുക്ക് 2 പേർക്കും… പരസ്പരം പൂർണമായും മനസ്സിലാക്കിയതിന് ശേഷം മാത്രം താൻ എന്റെതായാൽ മതി… ഞാൻ വെയിറ്റ് ചെയ്തോളാം….” ശ്രീ പറഞ്ഞതും അവൾ ഇമചിമ്മാതെ അവനെതന്നെ നോക്കി നിൽക്കുകയായിരുന്നു… “താൻ എന്താ ഇങ്ങനെ നോക്കുന്നെ…? ” “ഒന്നുമില്ല…. ” അവൾ നേരിയൊരു ആശ്വാസത്തോടെ പറഞ്ഞു.. അവൻ മെല്ലെ അവളുടെ അടുത്തേക്ക് വന്നു… അവൾ പിന്നിലേക്ക് നീങ്ങിയതും ഒരു കള്ളച്ചിരിയോടെ അവൻ വീണ്ടും അവൾക്ക് അരികിലേക്ക് ചെന്നു… അവൾ എന്തിലോ തട്ടി നിന്നു…

“ഭഗവാനെ ഇയാൾ എന്തിനുള്ള പുറപ്പാടാ… ഒച്ച വെച്ചാലോ… വേണ്ട നാണക്കേടാകും… ” എന്തും വരട്ടെ എന്ന് കരുതി കണ്ണടച്ചവൾ കുറച്ചു നേരം നിന്നു… പക്ഷെ ഒന്നും ഉണ്ടായില്ല… കണ്ണു തുറന്നപ്പോൾ അതെ കള്ള ചിരിയോടെ അവൻ അതെ നിൽപ് തന്നെ… മുന്നിലേക്ക് മാറാൻ ഒരുങ്ങവെ അവന്റെ ഇടത് കൈ അവളുടെ ഇടുപ്പിൽ ചുറ്റി പിടിച്ച്, വീണ്ടും അവനിലേക്കു ചേർത്തു.. ആ നിമിഷം അവൾ വല്ലാതെ വിയർത്തു… അവൻ മെല്ലെ അവളുടെ വലതു കയ്യിൽ അവന്റെ കൈ ചേർത്തുപിടിച്ചു, എന്നിട്ട് ആ കയ്യിൽ അവന്റെ ചുണ്ടുകൾ അമർത്തി… ആ സ്പർശം മിഥുവിന്റെ സപ്ത നാഡികളെയും ഉണർത്തി… പകയുടെ തീക്കനലുകൾക്ക് പകരം പ്രണയത്തിന്റെ പൂക്കൾ ശരീരത്തെ വികാരഭരിതം ആക്കുന്നത് അവൾ അറിഞ്ഞു… ശ്രീ മെല്ലെ അവളിൽ നിന്ന് അകന്ന് മാറി… “ഈശ്വരാ, ഇല്ല… ഞാൻ ഇയാളെ ഇഷ്ടപ്പെടാൻ പാടില്ല, പ്രണയിക്കാൻ പാടില്ല… ” മിഥുവിന്റെ ഉള്ളിൽ ഒരു സങ്കട കടൽ ഇരമ്പി… “സോറി, ഇതൊരു പ്രായശ്ചിത്തമാണ്… ഒരിക്കൽ മനഃപൂർവം അല്ലെങ്കിലും ഈ കൈകൾ വേദനിപ്പിച്ചതിന്… ഇനി താൻ കിടന്നോ… ”

“ഞാൻ എന്താണ് വിശ്വസിക്കെണ്ടത്, കണ്ണിൽ കാണുന്നതും അറിഞ്ഞതും തമ്മിൽ പൊരുത്തക്കേടുകൾ മാത്രം ആണല്ലോ… ഇല്ല ഈ നാടകത്തിൽ വീഴാൻ പാടില്ല…. ” അവൾ ഒരു തലയിണ എടുത്ത് സോഫയിൽ പോയി കിടന്നു…. “എടൊ ഈ കട്ടിലിൽ കിടന്നെന്നു കരുതി ഒന്നും സംഭവിക്കില്ല… ” “സാരമില്ല… ഞാൻ ഇവിടെ കിടന്നോളാം.. ” “മര്യാദക്ക് കട്ടിലിൽ വന്നു കിടക്കടി… ഇല്ലെങ്കിൽ ഞാൻ പൊക്കി എടുത്ത് ഇവിടെ കൊണ്ട് ഇടും… ” ശ്രീ മീശ പിരിച്ചുകൊണ്ട് പറഞ്ഞതും അവൾ ഒന്ന് ഭയന്നു… ഒരു പൂച്ചക്കുഞ്ഞിനെ പോലെ തലയിണയും പൊക്കി എടുത്തു വന്നു കട്ടിലിൽ കിടന്നു… “മ്മ്, അങ്ങനെ വഴിക്ക് വാടി… ” ശ്രീ അവളെ നോക്കി മനസ്സിൽ പറഞ്ഞു കൊണ്ട് ലൈറ്റ് അണച്ചതും… “അയ്യോ… ” “എന്താടി പോത്തേ, വിളിച്ചു കൂവി നാട്ടുകാരെ അറിയിക്കുവോ…? ” ഇല്ല എന്ന അർത്ഥത്തിൽ അവൾ തല കുലുക്കി.. “നിനക്ക് എന്നെ ഒട്ടും വിശ്വാസം പോരല്ലേ… ? ” അവൻ രണ്ട് തലയിണ എടുത്ത് കട്ടിലിനു നടുക്കായി വെച്ചു… എന്നിട്ട് ലൈറ്റ് അണച്ചു കിടന്നു… മിഥു ഓരോന്ന് ചിന്തിക്കും തോറും കൂടുതൽ ആശയക്കുഴപ്പത്തിൽ ആയി… രാവിലെ ശ്രീ എഴുന്നേറ്റു നോക്കുമ്പോൾ മിഥു ശ്രീയോട് ചേർന്ന് അവനെ ചുറ്റിപ്പിടിച്ചു കിടക്കുന്നു… അവന് ചിരി വന്നു…

“ഹോ ഇന്നലെ എന്തൊക്കെ ആയിരുന്നു… സോഫയിൽ കിടക്കുന്നു…. തലയിണ വെക്കുന്നു… ഇങ്ങനെ ചേർന്ന് കിടക്കാൻ ഇതിന്റെ വല്ല കാര്യമുണ്ടോ മോളെ… ” നിഷ്കളങ്കമായ ആ മുഖം നോക്കി അവൻ കുറച്ചു നേരം കൂടി അവളോട്‌ ചേർന്ന് കിടന്നു… പിന്നെ പതിയെ അവളെ ഉണർത്താതെ എഴുനേറ്റു…. “നിന്റെ ഗ്രേറ്റ്‌ വാൾ ഇവിടെ ഇരിക്കട്ടെ…ഇനി അത് കണ്ടില്ല എന്ന് കരുതി ടെൻഷൻ ആകണ്ട.. ” അത് പറഞ്ഞുകൊണ്ട് അവൻ ആ തലയിണ നടുക്ക് എടുത്തു വെച്ചു… “ഏട്ടാ, ഏട്ടത്തി… ” ശ്രീക്കുട്ടി ആയിരുന്നു… “ആ ഡി, ദാ വരുന്നു… ” “ഏയ്‌ വരണ്ടാ… രണ്ടാളും കുളിച്ചു റെഡി ആയി ക്ഷേത്രത്തിൽ പോകാൻ അമ്മ പറഞ്ഞു… ” അത് പറഞ്ഞു അവൾ ഓടി… മിഥു അപ്പോഴേക്കും കണ്ണ് തുറന്നു… “ആ എണീറ്റോ, പോയി കുളിക്ക്, ഒരുങ്ങാൻ ഒക്കെ സമയം എടുക്കില്ലേ…. ക്ഷേത്രത്തിൽ പോയി വരാൻ പറഞ്ഞു… ” ശ്രീ പറഞ്ഞതും അവൾ നേരെ ബാത്‌റൂമിലേക്ക് പോയി…. അവൾ വന്നപ്പോ ശ്രീ റെഡി ആയി നിൽക്കുന്നു … മിഥു നോക്കുന്നെ കണ്ടപ്പോൾ അവൻ പറഞ്ഞു, “നേരം വൈകണ്ട എന്ന് കരുതി ഞാൻ താഴെ പോയി കുളിച്ചു.. ” “മ്മ്…” അവളൊന്ന് മൂളി “ദാ സെറ്റ് മുണ്ടും ആണെന്ന് തോന്നുന്നു… അമ്മ തന്നിട്ട് പോയതാ… ” അവൾ അത് എടുത്ത് നോക്കി… കരിനീല കരയുള്ള സെറ്റ് മുണ്ട്… ശ്രീ പുറത്തിറങ്ങിയതും അവൾ ഒരുങ്ങാൻ തുടങ്ങി…

കുറച്ചു കഴിഞ്ഞു വീണ്ടും ശ്രീ മുറിയിലേക്ക് വന്നു… “കഴിഞ്ഞോ…? ” “മ്മ്… പോകാം.. “അവൾ പറഞ്ഞു അവൾ നടക്കാൻ തുടങ്ങിയതും അവൻ ആ കയ്യിൽ പിടിച്ചു.. “എന്തോ ഒന്ന് മറന്നില്ലേ….” “എന്താ? ” അവൾ ചുറ്റിനും നോക്കി… “ഓർമയില്ലേ… ” അവൻ ഒരു പുഞ്ചിരിയോടെ ചോദിച്ചു.. “ഇല്ല.. എന്താ…” കബോർഡ് തുറന്നു ഒരു കുഞ്ഞു ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്ത് അവൻ അവളുടെ നെറുകിൽ ചാർത്തി.. “ഇപ്പൊ ഓർമ വന്നോ… ” “മ്മ്… ” അവളുടെ നോട്ടം അവന്റെ ഹൃദയത്തിലേക്ക് ആഴ്ന്ന് ഇറങ്ങി… “വാ, ഇങ്ങനെ നിന്നാ ചിലപ്പോ അമ്പലത്തിൽ പൊക്ക് മുടങ്ങും… ” ചുണ്ടിൽ ചെറിയൊരു ചിരിയോടെ അവളുടെ കൈ പിടിച്ചു അവൻ പുറത്തേക്ക് ഇറങ്ങി… ©ആരുണി കൃഷ്ണ ❤️ കോട്ടൂരും ശ്രീനിലയത്തിലും ആയി അവരുടെ ദിവസങ്ങൾ കൊഴിഞ്ഞു പോയി… കോളേജിൽ ക്ലാസ്സ്‌ തുടങ്ങാൻ ഇനി കുറച്ചു ദിവസങ്ങൾ കൂടിയേ ബാക്കി ഉള്ളു…. മിഥു വീട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ ആയി മാറി… ശ്രീയോട് ഇടക്കൊക്കെ ഒരു അകലം ഇട്ട് നിൽക്കാൻ അവൾ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു….

പക്ഷെ അവൻ അവളോട്‌ അടുത്ത് കൊണ്ടേ ഇരുന്നു… ആ സ്നേഹത്തിൽ അവൾ തളരുമ്പോൾ ലക്ഷ്മിയുടെ ഫോൺ കാളുകൾ മിഥുവിൽ വിഷം നിറച്ചു…അവളുടെ പെരുമാറ്റത്തിലെ വൈരുധ്യങ്ങളിൽ ശ്രീക്ക് സംശയം തോന്നിയെങ്കിലും, പെട്ടന്നുണ്ടായ മാറ്റങ്ങളോട് പൊരുത്തപ്പെടാൻ സമയം എടുക്കുന്നതാകും എന്ന് കരുതി അവൻ ആശ്വസിച്ചു… സംശയങ്ങൾ ഊട്ടിഉറപ്പിക്കാൻ അവൾ ഒരിക്കൽ റൂം വൃത്തി ആക്കാൻ എന്ന വ്യാജേന ദേവന്റെ ഓഫീസ് റൂമിൽ കയറി…. പക്ഷെ ഡിഎം ടീ പ്ലാന്റഷൻസും ആയി ബന്ധപ്പെട്ട ഒരു രേഖകളും അവൾക്ക് ലഭിച്ചില്ല… പകരം പഴയ ഒരു കമ്പനി സ്റ്റാഫ്‌ ഡീറ്റെയിൽസ് രജിസ്റ്ററിൽ ആ ഡ്രൈവറുടെ ഫോട്ടോയും ഡീറ്റെയിൽസും ഉണ്ടായിരുന്നു… “അപ്പോൾ ലക്ഷ്മി പറഞ്ഞപോലെ അയാൾ ദേവരാജന്റെ ജോലിക്കാരനാണ്…. ഇയാളെ കൊണ്ടല്ലേ എന്റെ അച്ഛനെ …” മിഥു ഫോൺ എടുത്തു ലക്ഷ്മിയെ വിളിച്ചു… “ലക്ഷ്മി, ഒരു തെളിവ് കിട്ടി… ” “എന്താ, രേഖകൾ കിട്ടിയോ…” “ഇല്ല, എന്റെ അച്ഛന്റെ മരണത്തിന് കാരണക്കാരൻ ആയ ആ ഡ്രൈവർ ദേവരാജന്റെ ഫാക്ടറിയിലെ സ്റ്റാഫ്‌ ആണെന്ന് തെളിയിക്കുന്ന രേഖ… ” “അതുകൊണ്ട് മാത്രം ഒരു കാര്യവും ഇല്ല, ആ ഡ്രൈവറെ കൊണ്ട് നിന്റെ അച്ഛനെ കൊല്ലിക്കാൻമാത്രം എന്ത് വൈരാഗ്യം ഉണ്ട് എന്ന് ചോദിച്ചാൽ, അതിന് തെളിവ് വേണ്ടേ… ”

“മ്മ്….”മിഥു നിരാശയോടെ ഫോൺ കട്ട്‌ ചെയ്തു…പക്ഷെ അവൾ മനസ്സിൽ ചില ഉറച്ച തീരുമാനങ്ങൾ എടുത്തിരുന്നു അപ്പോഴേക്കും… “മോളെ…. “ലത ആയിരുന്നു… “ദാ, വരുന്നമ്മേ… ” “നാളെ അല്ലെ ക്ലാസ്സ്‌ വീണ്ടും തുടങ്ങുന്നത്… ” “അതെ അമ്മേ… ” “വൈകിട്ട്, 2 ആളും കൂടെ തറവാട്ടിലേക്ക് ഒന്ന് പോകണം… അമ്മ രണ്ടാളെയും തിരക്കുന്നു… നാളെ മുതൽ പിന്നെ പഠിപ്പും പഠിപ്പിക്കലും ആയിട്ട് തിരക്കാവില്ലേ…. ” “ആ ഇന്ന് തന്നെ പോയി കണ്ടോളാം എന്റെ ലതയമ്മേ…” ശ്രീ അവരുടെ കവിളിൽ പിടിച്ചു കൊണ്ട് പറഞ്ഞു… “ആഹാ, അപ്പൊ നാളെ തൊട്ട് സാറും കുട്ടിയും ആവാൻ പോകുവാ അല്ലെ… ഈ ഏട്ടന്റെ ക്ലാസ്സിൽ ഏട്ടത്തി ഇരിക്കുന്ന ഒന്ന് ആലോചിച്ചു നോക്കെ… ചിരി വരുന്നു.. ” ശ്രീക്കുട്ടി കളിയാക്കാൻ തുടങ്ങിയപ്പോ മിഥുവിനും ചിരി വന്നു… “അതെന്താടി എന്റെ ക്ലാസിനു ഒരു കുഴപ്പം…..? ” ” ഏട്ടത്തി പറ…. ഏട്ടന്റെ ക്ലാസ്സിന് ഏട്ടത്തി എത്ര മാർക്ക്‌ കൊടുക്കും… പത്തിൽ മതി… ” ശ്രീ മിഥുവിന്റെ വാക്കുകൾ കേൾക്കാൻ കാത്തുനിന്നു… മിഥു ഒരു നിമിഷം പകച്ചു നിന്നു…എന്നിട്ട് ഓർത്തു… ” ഒരു അധ്യാപകൻ എന്ന രീതിയിൽ ഇയാൾ നന്നായി പഠിപ്പിക്കാറില്ലേ… ആ കോളേജിലെ മറ്റാരേക്കാളും നന്നായി.. ” മിഥു അവളോട് തന്നെ മനസ്സിൽ ചോദിച്ചു, ഉത്തരവും ലഭിച്ചു…. “പത്തിൽ ഞാൻ ഒരു 9.5 കൊടുക്കും… മിഥു അത് പറഞ്ഞു അവളുടെ ജോലികളിൽ മുഴുകി…

” ശ്രീക്കുട്ടി ഞെട്ടിപ്പോയി… ഒപ്പം ശ്രീയും… പക്ഷെ അത് പുറത്ത് കാണിക്കാതെ ശ്രീ, ശ്രീക്കുട്ടിയെ നോക്കി ഷർട്ടിന്റെ കോളർ പൊക്കി കാണിച്ചു… അവൾ തിരിച്ചു കൊഞ്ഞനം കുത്തി കാണിച്ചു.. “പണ്ട് തന്റെ ക്ലാസിൽ ശ്രദ്ധിക്കാതെ ഇരുന്നതിന് വഴക്ക് പറഞ്ഞതാ… എന്നിട്ടും……അല്ല, എന്നാലും ഇത്രയൊക്കെ നന്നായി ഞാൻ ക്ലാസ്സ്‌ എടുക്കാറുണ്ടോ… ” അവൻ മിഥുവിനെ തന്നെ നോക്കി നിന്ന് കൊണ്ട് ഓർത്തു… മുറ്റത്ത് ഒരു വണ്ടി വന്ന ശബ്ദം കേട്ട് ശ്രീ മുന്നിലേക്ക് ചെന്നു… ദേവൻ ഓഫീസിൽ പോകാൻ റെഡി ആയി താഴേക്ക് എത്തിയിരുന്നു… “ആ അഭി… നീ ആണോ.. എന്താ യൂണിഫോമിൽ… ഡ്യൂട്ടിക്ക് ഇടയിൽ ആണോ… ” “ആ ശ്രീകുട്ടാ… വന്നത് ഒരു ഒഫീഷ്യൽ കാര്യത്തിനാണ്..” “ആഹാ, വന്നിട്ട് ആദ്യായിട്ടാ ഐ പി എസ്സിനെ യൂണിഫോമിൽ കാണുന്നത്… കലക്കിയല്ലോ… ” ശ്രീ പറഞ്ഞപ്പോൾ അഭി ഒന്ന് ചിരിച്ചതെ ഉള്ളു.. “അങ്കിൾ എന്റെ കൂടെ സ്റ്റേഷൻ വരെ ഒന്ന് വരണം…” “അച്ഛൻ എന്തിനാടാ വരുന്നേ…? “ശ്രീ സംശയത്തോടെ ചോദിച്ചു.. “ഒരു കേസിന്റെ ആവശ്യത്തിനാ… ” “നീ പൊക്കോ ഞാനും അച്ഛനും കൂടി അങ്ങ് വന്നേക്കാം… ” “അത് ശരിയാവില്ല ശ്രീ… ഇതൊരു അറസ്റ്റ് വാറന്റ് ആണ്… ” “അറസ്റ്റ് വാറന്റ് ഓ…? ” ലതയും ശ്രീക്കുട്ടിയും കൂടി ഞെട്ടലോടെ ചോദിച്ചു…

“മോനെ…. അറസ്റ്റ് ചെയ്യാൻ മാത്രം എന്താ ദേവേട്ടന്റെ പേരിലുള്ള കുറ്റം… “ലത കരച്ചിൽ അടക്കിപിടിച്ചു കൊണ്ട് ചോദിച്ചു… “മിഥുവിന്റെ അച്ഛന്റെ മരണവും ആയി ബന്ധപ്പെട്ട കേസിൽ ആണ് അറസ്റ്റ്… ” എല്ലാവരും സ്തബ്ധരായി… മിഥു ഭാവഭേദങ്ങൾ ഇല്ലാതെ നോക്കി നിന്നു… “അങ്കിൾ എന്നോട് സഹകരിക്കണം… ” “അഭിയേട്ടാ പ്ലീസ്, അച്ഛൻ ഒരു തെറ്റും ചെയ്യില്ല… ” ശ്രീക്കുട്ടിയുടെ കരച്ചിൽ കണ്ടു ദേവന്റെ നെഞ്ച് പിടച്ചു…. “മോളെ അച്ഛൻ മടങ്ങി വരും, അച്ഛൻ തെറ്റ് ചെയ്യില്ല എന്ന് മോൾക്ക്‌ വിശ്വാസം ഇല്ലേ… ” “അച്ഛാ… “അവൾ അയാളെ ചേർത്ത് പിടിച്ചു… “ശ്രീപ്പി, പറഞ്ഞല്ലോ,…ഈ അറസ്റ്റ് നടന്നെ പറ്റു… ” “അഭി, ഞാൻ നിന്റെ കാല് പിടിക്കാം… എന്റെ അച്ഛൻ ഒരു തെറ്റും ചെയ്യില്ല എന്ന് എനിക്ക് ഉറപ്പുണ്ട്… ഇങ്ങനെ അറസ്റ്റ് ചെയ്തുകൊണ്ട് പോകാൻ സമ്മതിക്കില്ല ഞാൻ… ” ശ്രീയുടെ ഭാഷയിൽ യാചനയും ദേഷ്യവും ഒരുപോലെ മാറിമറിഞ്ഞു .… “ഹ്മ്മ്…. ഇപ്പോഴും സമർത്ഥമായി എല്ലാവരെയും പറ്റിക്കാൻ ഈ അച്ഛനും മകനും ഒരു മടിയും ഇല്ലേ…? ” മിഥു പുച്ഛത്തോടെ മുഖം തിരിച്ചു… ബഹളവും സംസാരവും കേട്ട്, കോട്ടൂർ നിന്നും എല്ലാവരും ശ്രീനിലയത്തിൽ എത്തി… കാര്യം എന്തെന്ന് അറിയാതെ അവരും ആകെ ധർമ്മ സങ്കടത്തിൽ ആയി… “ശ്രീകുട്ടാ, പറഞ്ഞല്ലോ… അറസ്റ്റ് നടന്നെ മതിയാകു…കൊലപാതകത്തിൽ സംശയം ഉണ്ടെന്ന് കംപ്ലയിന്റ് കിട്ടിയ സ്ഥിതിക്ക്, അതും മരിച്ച വ്യക്തിയുടെ മകളിൽ നിന്ന്, എനിക്ക് എന്റെ ജോലി പൂർത്തിയാക്കിയേ മതിയാകു….” “മരിച്ചയാളുടെ മകളോ…? “ശ്രീ ഇടർച്ചയോടെ ചോദിച്ചു… “അതെ നിന്റെ ഭാര്യ തന്നെ… മൈഥിലിയാണ് അങ്കിളിന് എതിരെ കംപ്ലയിന്റ് തന്നത്…” തുടരും….