ഇച്ചായന്റെ പെണ്ണ്…. 6
ഭാഗം ആറ് 🤍
“ഞാൻ പല വട്ടം പറഞ്ഞു അവൾ അങ്ങനെ ഒരാൾ അല്ലെന്ന്, ജെന്നിഫറിനെപ്പറ്റി പപ്പ ഇനിയൊന്നും പറയരുത്, ഞാൻ ഇതിന് സമ്മതിച്ചില്ലങ്കിൽ? പപ്പാ എന്നെ എന്താ ചെയ്യുക?” മാർക്കോ വെല്ലുവിളിക്കുന്നതുപോലെ ചോദിച്ചു.
“ഇല്ലെങ്കിൽ…” വർഗീസ് നിർത്തി. “ഇന്നലെ ഞാൻ നിന്നോട് പറഞ്ഞത് നിനക്ക് ഓർമ്മയുണ്ടോ? എന്റെ ഈ കാണുന്ന സ്വത്തുക്കളും കമ്പനികളും ബംഗ്ലാവുമൊന്നും നിന്റെ പേരിലല്ല. എന്റെ തീരുമാനത്തിന് എതിരായി നീ ഞാൻ പറഞ്ഞ പെണ്ണിനെ കെട്ടില്ല എന്ന് പറഞ്ഞ് ഇറങ്ങിപ്പോകാനാണ് ഭാവമെങ്കിൽ… ഈ നിമിഷം ഞാൻ എന്റെ മുഴുവൻ സ്വത്തുക്കളും ആ അനാഥാലയത്തിനും ചാരിറ്റിക്കും എഴുതിവെക്കും! വേണ്ടിവന്നാൽ ക്ലാരയുടെ പേരിലും, നിനക്ക് ഒരു ചില്ലിക്കാശ് പോലും ഞാൻ തരില്ല! വെറുമൊരു ഭിക്ഷക്കാരനായി നീ തെരുവിൽ ഇറങ്ങേണ്ടി വരും!”
ആ വാക്കുകൾ മാർക്കോയുടെ നെഞ്ചിൽ ആഞ്ഞടിച്ചു!
സ്വത്തുക്കളെല്ലാം നഷ്ടപ്പെടുമെന്ന ഭയം അവന്റെ ഞരമ്പുകളിൽ പടർന്നുപിടിച്ചു. പപ്പ പറഞ്ഞാൽ അത് ചെയ്യുമെന്ന് അവന് നന്നായി അറിയാമായിരുന്നു. ആ വാക്കുകളിൽ അത്രമേൽ ദൃഢതയുണ്ടായിരുന്നു. ബിസിനസ്സും പണവും പ്രതാപവുമില്ലാതെ തനിക്ക് ജീവിക്കാനാകില്ല എന്ന് മാർക്കോ തിരിച്ചറിഞ്ഞു.
ദേഷ്യവും നിരാശയും സഹിക്കാനാവാതെ മാർക്കോ അമ്മയെ നോക്കി. “മമ്മേ… മമ്മയെങ്കിലും എന്തെങ്കിലും പറ! പപ്പ എന്താ ഈ കാണിക്കുന്നത്?”
ആനി തലതാഴ്ത്തി നിന്നു. “മാർക്കോ… പപ്പ പറയുന്നതിലും തെറ്റില്ലെടാ. നീ പപ്പയുടെ വാക്ക് കേൾക്ക്…”
അമ്മയും പപ്പയുടെ വശം ചേർന്നത് കണ്ടപ്പോൾ മാർക്കോയുടെ നിയന്ത്രണം വിട്ടു.
“കഷ്ടം!” അവൻ അലറിക്കൊണ്ട് മേശയിലിരുന്ന ഗ്ലാസ്സ് എറിഞ്ഞുടച്ചു.
പിന്നീട് അവിടെ ഒരു നിമിഷം പോലും നിൽക്കാതെ, തന്റെ കാറിന്റെ ചാവി എടുത്ത് അവൻ വീട്ടിൽ നിന്ന് ഇറങ്ങിയോടി.
കാർ സ്റ്റാർട്ട് ചെയ്ത്, ഭ്രാന്തമായ വേഗതയിൽ അവൻ റോഡിലേക്ക് പാഞ്ഞുപോയി.
മനസ്സിൽ ദേഷ്യവും പപ്പയോടുള്ള വെറുപ്പും പുകഞ്ഞെരിയുകയായിരുന്നു.
‘എല്ലാം ആ അനാഥ പെണ്ണ് കാരണമാണ്! അവൾ എവിടെ നിന്നോ വന്ന് എന്റെ ജീവിതം നശിപ്പിക്കാൻ നോക്കുന്നു. ഇതിനൊരു തീരുമാനം ഉണ്ടാക്കിയേ പറ്റൂ…’
മാർക്കോയുടെ കാർ പാഞ്ഞുപോയത് ടൗണിന്റെ ഒടുവിലുള്ള, കോളനി പ്രദേശത്തുള്ള ജെന്നിഫറിന്റെ ചെറിയ വീടിന് മുന്നിലേക്കായിരുന്നു.
കാർ നിർത്തി, ദേഷ്യത്തോടെ അവൻ വാതിലിൽ മുട്ടി.
വാതിൽ തുറന്ന ജെന്നിഫർ, ദേഷ്യം കൊണ്ട് വിറയ്ക്കുന്ന മാർക്കോയെ കണ്ട് ഞെട്ടിപ്പോയി.
“മാർക്കോ! എന്നതാടാ… എന്താ പറ്റിയത്?”
മാർക്കോ അകത്തേക്ക് കയറി വാതിൽ ശക്തിയായി അടച്ചു. അവൻ സോഫയിലേക്ക് തളർന്നിരുന്നു.
“എല്ലാം തീർന്നു ജെന്നി… എല്ലാം തീർന്നു!” അവൻ തലയിൽ കൈവെച്ചു.
ജെന്നിഫർ ഭയത്തോടെ അവന്റെ അടുത്തിരുന്നു. “എന്നതാടാ നീ ഈ പറയുന്നത്? എന്താ ഉണ്ടായത്? പപ്പ വീണ്ടും പ്രശ്നമുണ്ടാക്കിയോ?”
മാർക്കോ നടന്ന സംഭവങ്ങളെല്ലാം വികാരഭരിതനായി ജെന്നിഫറിനോട് വിവരിച്ചു.
“പപ്പ എന്റെ കല്യാണം നിശ്ചയിച്ചു ജെന്നി! ഏതോ ഒരു അനാഥ പെണ്ണുമായി… പള്ളിയിലെ അനാഥാലയത്തിൽ കഴിയുന്ന ക്ലാര എന്ന് പറയുന്ന ഒരുത്തിയുമായി! ഞാൻ എതിർത്തപ്പോൾ പപ്പ പറയുവാ ഞാൻ അവളെ കെട്ടിയില്ലെങ്കിൽ മുഴുവൻ സ്വത്തും ആ അനാഥാലയത്തിന് എഴുതിവെക്കുമെന്ന്! വേണ്ടിവന്നാൽ അവൾക്കും കൊടുക്കുമെന്ന്, എനിക്ക് ഒരു രൂപ പോലും തരില്ലെന്ന്!”
സ്വത്തുക്കൾ അനാഥാലയത്തിന് എഴുതിവെക്കും എന്ന വാക്ക് കേട്ടതും ജെന്നിഫറിന്റെ ഉള്ളിലൊരു മിന്നൽ പിണർ പാഞ്ഞുപോയി! അവളുടെ മുഖത്തെ കാരുണ്യം നിമിഷനേരം കൊണ്ട് മാഞ്ഞു. കണ്ണുകളിൽ ഭയവും കൗശലവും ഒരുപോലെ തെളിഞ്ഞു.
‘എഹ്?! സ്വത്ത് മുഴുവൻ അനാഥാലയത്തിന് കൊടുക്കുമെന്നോ? അപ്പോൾ ഇത്രയും നാൾ ഞാൻ മാർക്കോയുടെ പിന്നാലെ നടന്നതൊക്കെ വെറുതെയാകുമോ? കോടികളുടെ സ്വത്ത് കൈക്കലാക്കാൻ വേണ്ടിയാണ് ഞാൻ ഇവനെ വലയിലാക്കിയത്. ആ സ്വത്ത് മുഴുവൻ പോയാൽ പിന്നെ ഇവനെക്കൊണ്ട് എനിക്ക് എന്ത് പ്രയോജനം?!’ ജെന്നിഫറിന്റെ മനസ്സ് അതിവേഗം ചിന്തിച്ചു.
മാർക്കോ അവളുടെ കൈകളിൽ പിടിച്ച് കരച്ചിലിന്റെ വക്കോളമെത്തി.
“ജെന്നി… എനിക്ക് നിന്നെ ഉപേക്ഷിക്കാൻ പറ്റില്ലടി. നിന്നെക്കൂടാതെ എനിക്ക് ജീവിക്കാൻ പറ്റില്ല. നമുക്ക്… നമുക്ക് എങ്ങോട്ടെങ്കിലും ഓടിപ്പോകാം! പപ്പയുടെ ഒരു സ്വത്തും എനിക്ക് വേണ്ട. എനിക്ക് നിന്റെ കൂടെ ജീവിച്ചാൽ മതി…”
ആ വാക്കുകൾ കേട്ടതും ജെന്നിഫറിന്റെ ഉള്ളിൽ ദേഷ്യം ഇരച്ചുകയറി. ‘സ്വത്ത് വേണ്ടെന്നോ? ഭ്രാന്ത് പറയുന്നത് കേട്ടില്ലേ! ഇവന്റെ കൂടെ പട്ടിണി കിടക്കാൻ എന്നെ കിട്ടില്ല!’
പക്ഷേ അവൾ അത് പുറത്തുകാണിച്ചില്ല. വശ്യമായ പുഞ്ചിരിയോടെ അവൾ മാർക്കോയുടെ താടിയിൽ പിടിച്ച് അവനെ തന്നിലേക്ക് അടുപ്പിച്ചു.
“മാർക്കോ… നീ എന്താ ഈ ഭ്രാന്ത് പറയുന്നത്? സ്വത്തൊക്കെ ഉപേക്ഷിച്ച് ഓടിപ്പോകാനോ? നിനക്ക് തലയ്ക്ക് വെളിവില്ലേ?”
“പിന്നെ ഞാൻ എന്ത് ചെയ്യണം ജെന്നി? പപ്പ എന്നെക്കൊണ്ട് ആ അനാഥയെ കെട്ടിക്കും!”
ജെന്നിഫർ കുറച്ചുനേരം ആലോചിച്ചു. അവളുടെ തലയിൽ ഒരു കടും കുതന്ത്രം രൂപപ്പെടുകയായിരുന്നു.
അവൾ മാർക്കോയുടെ കണ്ണുകളിലേക്ക് നോക്കി.
“മാർക്കോ… നീ ഞാൻ പറയുന്നത് കേൾക്ക്. ഇപ്പോൾ നീ പപ്പയെ എതിർത്താൽ നിനക്ക് ഒന്നും കിട്ടില്ല. സ്വത്ത് മുഴുവൻ ആ അനാഥാലയത്തിന് പോകും. നമ്മൾ തെരുവിൽ അനാഥരാകും. അതിന് പകരം… നമ്മൾ ബുദ്ധിപൂർവ്വം പ്രവർത്തിക്കണം.”
“എന്ത് ബുദ്ധി?” മാർക്കോ സംശയത്തോടെ ചോദിച്ചു.
ജെന്നിഫർ ദുരൂപദേശത്തിന്റെ വിത്തുകൾ അവന്റെ മനസ്സിൽ വിതറാൻ തുടങ്ങി.
“ഇപ്പോൾ പപ്പ പറയുന്നതിന് നീ സമ്മതിക്കുക!”
“ഏഹ്?! ഞാൻ ആ അനാഥയെ കല്യാണം കഴിക്കണമെന്നോ?” മാർക്കോ ഞെട്ടി.
“കേൾക്ക് മാർക്കോ… തിടുക്കം കൂട്ടരുത്!” ജെന്നിഫർ അവനെ ആശ്വസിപ്പിച്ചു. “നീ ഇപ്പോൾ ആ കല്യാണത്തിന് സമ്മതിക്കുക. പപ്പയുടെ കണ്ണിൽ നീ നല്ല മകനാകുക. കല്യാണം കഴിയുന്നതോടെ പപ്പ ആശ്വാസത്തിലാകും. തുടർന്ന്, പപ്പയുടെ സ്വത്തുക്കളൊക്കെ നിന്റെ പേരിലേക്ക് മാറ്റാനുള്ള വഴികൾ നോക്കുക. മകൻ നല്ലവനായെന്ന് കരുതി പപ്പ സ്വത്തുക്കളൊക്കെ നിന്റെ പേരിലേക്ക് മാറ്റിത്തരും.”
മാർക്കോ അവൾ പറയുന്നത് ശ്രദ്ധയോടെ കേട്ടു.
“സ്വത്തുക്കളൊക്കെ നിന്റെ പേരിലായിക്കഴിഞ്ഞാൽ…” ജെന്നിഫറിന്റെ ചുണ്ടിൽ ഒരു ക്രൂരമായ പുഞ്ചിരി വിരിഞ്ഞു. “…അതുകഴിഞ്ഞാൽ ആ അനാഥ പെണ്ണിന് എന്തെങ്കിലും ചെറിയൊരു തുക കൊടുത്ത്, അവളെ ഉപേക്ഷിച്ച് ഇറക്കിവിടുക! ആരും ചോദിക്കാനും പറയാനുമില്ലാത്ത ഒരു അനാഥ പെണ്ണല്ലേ അവൾ? അവൾക്ക് വേണ്ടി കേസിന് വരാനോ വഴക്കിടാനോ ആരുമുണ്ടാകില്ല!”
മാർക്കോ അവളുടെ വാക്കുകൾ കേട്ട് അത്ഭുതത്തോടെ നോക്കി.
“അവളെ ഉപേക്ഷിച്ച ശേഷം… നമ്മൾ വിവാഹം കഴിക്കുക. പപ്പയുടെ മുഴുവൻ സ്വത്തുക്കളോടെ നമ്മൾ രണ്ടുപേരും രാജാവിനെയും റാണിയെയും പോലെ ജീവിക്കുക! അതാണ് നമ്മുടെ പ്ലാൻ!”
ജെന്നിഫറിന്റെ വാക്കുകൾ മാർക്കോയുടെ മനസ്സിൽ വലിയൊരു വഴിത്തിരിവായി തോന്നി. പപ്പയുടെ സ്വത്ത് നഷ്ടപ്പെടുകയുമില്ല, അതേസമയം ജെന്നിഫറിനെ സ്വന്തമാക്കാനും കഴിയും! അനാഥയായ ക്ലാരയെ ഉപേക്ഷിച്ചാൽ അവൾക്ക് വേണ്ടി ചോദിക്കാൻ ആരുമുണ്ടാകില്ല എന്ന ജെന്നിഫറിന്റെ വാക്ക് അവന്റെ മനസ്സിനെ സ്വാധീനിച്ചു.
“ജെന്നി… നീ… നീ എന്തൊരു ബുദ്ധിയുള്ള പെണ്ണാടി!” മാർക്കോ സന്തോഷത്തോടെ അവളെ കെട്ടിപ്പിടിച്ചു. “ഇത് അടിപൊളി ആശയമാണ്! പപ്പയുടെ സ്വത്ത് എന്റെ പേരിലാകുന്നതുവരെ ഞാൻ ആ അനാഥ പെണ്ണിനെ സഹിക്കാം. അത് കഴിഞ്ഞാൽ അവളെ ഇറക്കിവിട്ട് ഞാൻ നിന്റെ അടുത്തേക്ക് വരും!”
“അതെ മാർക്കോ… അതാണ് ബുദ്ധി. കുറച്ചുനാൾ നീ അത് സഹിക്കണം. നമുക്ക് വേണ്ടിയാണ് ഇത്.” ജെന്നിഫർ അവനെ മുറുകെ പിടിച്ചുകൊണ്ട് മനസ്സിൽ ചിരിച്ചു.
‘പപ്പയുടെ സ്വത്ത് മുഴുവൻ നിന്റെ പേരിലാകട്ടെ മാർക്കോ… അതുകഴിഞ്ഞാൽ ആ അനാഥയെ മാത്രമല്ല, നിന്നെയും ഞാൻ എന്റെ വഴിക്ക് കൊണ്ടുവരും. ആ സ്വത്ത് മുഴുവൻ എന്റേതാകും!’ ജെന്നിഫറിന്റെ കണ്ണുകളിൽ വഞ്ചനയുടെ തിളക്കം മിന്നിമറഞ്ഞു.
പദ്ധതി ഉറപ്പിച്ച സന്തോഷത്തിൽ മാർക്കോ ജെന്നിഫറിന്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു. വിധി തങ്ങൾക്കായി ഒരുക്കിവെച്ചിരിക്കുന്ന കെണികളെക്കുറിച്ച് അറിയാതെ, തങ്ങളുടെ കുതന്ത്രങ്ങളിൽ അവർ രണ്ടുപേരും സന്തോഷിച്ചു.
…..
മാതാവിന്റെ തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായുള്ള അലങ്കാരങ്ങളെല്ലാം ക്ലാരയുടെ മേൽനോട്ടത്തിൽ അതിമനോഹരമായി പൂർത്തിയായിക്കഴിഞ്ഞിരുന്നു.
അൾത്താരയിൽ പുതിയ പട്ടുതുണികളും റോസാപ്പൂക്കളും നിരന്നപ്പോൾ പള്ളിക്കുള്ളിൽ വിചിത്രമായൊരു ദിവ്യശോഭ പടർന്നതുപോലെ തോന്നി.
താൻ ചെയ്ത പണികളൊക്കെ തൃപ്തിയോടെ നോക്കിക്കണ്ട്, കയ്യിലെ ചെറിയ പൂപാത്രവും പിടിച്ചു നിൽക്കുകയായിരുന്നു ക്ലാര.
പെട്ടെന്നാണ് പള്ളിയുടെ വശത്തെ വാതിലിലൂടെ ജോർജ് അച്ചനും എൽസമ്മ സിസ്റ്ററും നടന്നു വരുന്നത് അവൾ കണ്ടത്. അച്ചന്റെ മുഖത്ത് മനോഹമായ ഒരു പുഞ്ചിരിയുണ്ടായിരുന്നു.
“ക്ലാരേ…” അച്ചൻ വിളിച്ചത് കേട്ടതും അവൾ പൂപാത്രം അവിടെ വെച്ച് ഓടിയെത്തി.
“എന്നതാ അച്ഛാ… എന്തെങ്കിലും കുറവുണ്ടോ അൾത്താരയിൽ?” അവൾ പരിഭ്രമത്തോടെ ചോദിച്ചു.
“ഏയ്, അതൊന്നുമല്ല മോളേ… അൾത്താര കാണാൻ നല്ല ഭംഗിയുണ്ട്. ഞാൻ നിന്നെ വി വിളിച്ചത് മറ്റൊരു കാര്യം പറയാനാണ്. എൽസമ്മേ, നമ്മൾ ഇത്രയും നാൾ പ്രാർത്ഥിച്ച പ്രാർത്ഥനകൾക്ക് കർത്താവ് മറുപടി തന്നിരിക്കുന്നു…” അച്ചന്റെ ശബ്ദത്തിൽ വലിയൊരു ആശ്വാസം തങ്ങിനിന്നു.
ക്ലാരയും എൽസമ്മ സിസ്റ്ററും ഒരുപോലെ അച്ചന്റെ മുഖത്തേക്ക് നോക്കി.
“അതില്ലേ നമ്മുടെ ക്ലാര മോളുടെ തുടർപഠനം… അവളുടെ പഠനച്ചെലവുകൾ മുഴുവൻ ഏറ്റെടുക്കാൻ ദൈവം ഒരാളെ നിയോഗിച്ചിരിക്കുന്നു!”
അത് കേട്ടതും എൽസമ്മ സിസ്റ്റർ കർത്താവിനെ സ്തുതിച്ചുകൊണ്ട് സന്തോഷത്തോടെ നെഞ്ചിൽ കൈവെച്ചു.
ക്ലാരയുടെ കണ്ണുകൾ വിടർന്നു, കൈകൾ പതുക്കെ വിറക്കാൻ തുടങ്ങി. താൻ കേട്ടത് സത്യമാണോ എന്ന് അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
“അച്ഛാ… എന്താ… എന്താ ഈ പറയുന്നത്? ആരാ… ആരാണ് എന്നെ പഠിപ്പിക്കാമെന്ന് പറഞ്ഞത്?” ക്ലാരയുടെ വാക്കുകൾ ഇടറി.
“തേവർമറ്റത്തിൽ വർഗീസ്! പാലായിലെ വലിയ പ്രമാണി വർഗീസാണ് നിന്റെ പഠനത്തിന്റെ മുഴുവൻ ചെലവും ഏറ്റെടുക്കാമെന്ന് ഏറ്റത്! നീ ആഗ്രഹിച്ചതുപോലെ ഡോക്ടറാകാനുള്ള വഴികൾ അവൻ തുറന്നുതരും മോളേ. ഒരു രൂപക്ക് പോലും നീ ഇതിനായി ഇനി വിഷമിക്കേണ്ടതില്ല. എത്ര ലക്ഷം ചിലവായാലും വർഗീസ് സാർ വഹിച്ചുകൊള്ളാമെന്ന് എനിക്ക് ഉറപ്പു തന്നിട്ടുണ്ട്.”
ആ വാക്കുകൾ കേട്ട നിമിഷം, ക്ലാരയുടെ നെഞ്ചിലൂടെ വലിയൊരു സന്തോഷത്തിന്റെ അലയോളം പാഞ്ഞുപോയി. ഇത്രയും നാൾ ഉള്ളിലൊതുക്കിയ സങ്കടങ്ങളും, ആഗ്രഹങ്ങൾ നടക്കില്ലല്ലോ എന്നോർത്തുള്ള ഭയവും, നിരാശയുമെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് ഉരുകിയൊലിച്ചു.
അവളുടെ കണ്ണുകളിൽ നിന്ന് വിങ്ങിപ്പൊട്ടിയ ആനന്ദക്കണ്ണീർ കവിളിലൂടെ ഒഴുകിയിറങ്ങി.
“ഈശോയേ ഒത്തിരി നന്ദി…” അവൾ വാവവിട്ട് കരഞ്ഞുപോയി. സന്തോഷം സഹിക്കാനാവാതെ അവൾ നിലത്തു മുട്ടുകുത്തി, കർത്താവിന്റ തിരുസ്വരൂപത്തിന് മുന്നിൽ കൈകൾ കൂപ്പി.
“എന്റെ പ്രാർത്ഥന കേട്ടല്ലോ തമ്പുരാനേ… എന്നെ കേട്ടല്ലോ…” അവൾ വിതുമ്പി.
എൽസമ്മ സിസ്റ്റർ ക്ലാരയുടെ അടുത്തേക്ക് ചെന്ന് അവളെ ചേർത്തുപിടിച്ചു. സിസ്റ്ററുടെ കണ്ണുകളും നിറഞ്ഞിരുന്നു.
“ഞാൻ നിന്നോട് പറഞ്ഞില്ലേ മോളേ… നമ്മൾ വിശ്വസത്തോടെ ചോദിച്ചാൽ ദൈവം തരാതിരിക്കില്ലെന്ന്. നിന്റെ ആഗ്രഹം ഈശോ കണ്ടു. കരയേണ്ട മോളേ…”
ക്ലാര എഴുന്നേറ്റ് ജോർജ് അച്ചന്റെ കാൽക്കൽ തൊട്ടു വന്ദിച്ചു.
” ഒരുപാട് നന്ദിയുണ്ട് അച്ചോ, എന്റെ കാര്യം പറഞ്ഞതിന്, ഇതിന് എത്ര നന്ദി പറഞ്ഞാലും തീരില്ല ” അവൾ അച്ഛന്റെ മുന്നിൽ നിറ കണ്ണുകളോടെ കൈ കൂപ്പി..
തുടരും 🤍





