22/04/2026

പരിണയം : ഭാഗം 08

രചന – സായ്ഹാന

ജാലകത്തിലൂടെ കടന്നു വരുന്ന നനുത്ത നിലാവെട്ടവും, ഇളം കാറ്റും…!!
അതിനു പിന്നണിയെന്നോണം മ്യൂസിക്‌ സിസ്റ്റത്തിൽ നിന്ന് മനോഹരമായൊരു ഗാനവും….!!

” രാവിൻ നിഴൽ വീണ കോണിൽ..
പൂക്കാൻ തുടങ്ങീ നീർമാതളം…
താനേ തുളുമ്പും കിനാവിൽ…
താരാട്ടു മൂളീ പുലർതാരകം…!!

ഒരു പൂത്തളിരമ്പിളിയായ്…
ഇതൾ നീർത്തുമൊരോർമ്മകളിൽ…
ലോലമാം… ഹൃദയമേ…പോരുമോ നീ….!? ”

ആ ഗാനത്തിൻ്റെ വരികൾ പോലെ തന്നെ അതിലോലമായ് തിരയടങ്ങാത്തൊരു കടൽ പോലെ , ഒരു ശരത്കാല മേഘം പോലെ , കാശി അവൻ്റെ ശിവാനിയിലേക്ക്
പെയ്തൊഴിഞ്ഞു…!
മഴയായ് പൊഴിഞ്ഞ വിയർപ്പുതുള്ളികളാൽ നനഞ്ഞ് ഒരു മെയ്യായ് പുണർന്നു കിടക്കവേ ശിവാനി അവൻ്റെ കവിളിൽ ചുണ്ടമർത്തി…

“താങ്ക്സ്….!! ”

കാശിയുടെ കൈകൾ ഒന്നുകൂടി മുറുകി….

രജിസ്ട്രാർ ഓഫീസിലെ ഒരൊപ്പിനാൽ അവർ ബന്ധിക്കപ്പെട്ടിട്ട് മൂന്നു മാസങ്ങളാകുന്നു…
ഇതു വരെയും ഉടൽ പങ്കിടുന്നത് ചിന്തിച്ചിരുന്നില്ല…

രണ്ടു മൂന്ന് തവണ അവധി ദിനങ്ങളിൽ അലക്സും, മിനുവും കൂടെയുള്ളപ്പോൾ കാശി താമസിക്കുന്ന വീട്ടിൽ ചെലവഴിച്ചിട്ടുണ്ട്…

ശിവാനിയുടെ ഹോസ്റ്റൽ വാർഡൻ ട്രാൻസ്ഫർ കിട്ടിപ്പോയി.. പകരം വന്ന ആൻസി മാഡം ഈ നാട്ടിൽ പുതിയ ആളാണ്…
തനൂജയും , ലയയും എല്ലാ ആഴ്ചകളിലും വീട്ടിൽ പോയിത്തുടങ്ങി..

അതോടെ ശിവാനി വീക്കെൻ്റിൽ റൂമിൽ തനിച്ചായി..
ഈയാഴ്ച അലക്സും, മിനുവും അവൻ്റെ കസിൻ്റെ മാരേജിനു പോയിരിക്കയാണ്…

വെള്ളിയാഴ്ച രാത്രി റൂമിൽ ഒറ്റയ്ക്കിരുന്നു ബോറടിച്ചപ്പോൾ ശിവാനി കാശിയെ വിളിച്ചു..
വീട്ടിലേക്കു പോന്നോളാൻ അവൻ അനുവാദം കൊടുക്കുകയും ചെയ്തു..

ശനിയാഴ്ച രാവിലെ വാർഡനോട് പെർമിഷനും വാങ്ങി അവൾ ബസ് സ്റ്റാൻ്റിൽ കാത്തു നിന്ന കാശിയുടെ ഒപ്പം അവൻ താമസിക്കുന്ന വീട്ടിലേക്കു പോന്നു…

പകൽ സമയം കുറേ കറക്കമൊക്കെ കഴിഞ്ഞ് സന്ധ്യയ്ക്ക് മടങ്ങിയെത്തി കുളി കഴിഞ്ഞ് അത്താഴം കഴിക്കവേ രണ്ടാൾക്കും ഉള്ളിൽ പേടിയും , അതിലുപരി മോഹവുമുണ്ടായിരുന്നു…
ആ മോഹമാണ് ഇപ്പോൾ പെയ്തു തോർന്നത്…!!

അവൻ്റെ വിരലുകൾ വീണ്ടും കവിത രചിച്ചു തുടങ്ങിയപ്പോൾ ശിവാനി ഒരു കുറുകലോടെ ചുറ്റിപ്പിടിച്ചു…!!

ഞായറാഴ്ച കാലത്ത് ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോൾ കാശി ചോദിച്ചു –

” നമ്മുടെ ഹൗസിംഗ് കോളനിയിലെ ഒന്നാമത്തെ വീട് ശ്രദ്ധിച്ചിട്ടുണ്ടോ ശിവാ…?? ”

” ഡോക്ടർ ശ്രാവൺ അല്ലേ…? വിമലഗിരിയിലെ സർജൻ…?? ”
ശിവാനി ചായക്കപ്പ് അവനരികിലേക്കു നീക്കിവെച്ചു കൊണ്ട് ചോദിച്ചു..

” യേസ്… അദ്ദേഹത്തിൻ്റെ വൈഫ് മിസിസ് കൗസല്യാ ശ്രാവൺ വിമലഗിരിയിലെ ഗൈനേ ആണ്…! ”
കാശി പറഞ്ഞു..
അവൾ ചോദ്യഭാവത്തിൽ നോക്കുന്നതു കണ്ട് അവൻ തുടർന്നു –

” ജോഗിങ്ങിനു പോകുമ്പോ രണ്ടാളെയും കണ്ടു പരിചയമുണ്ട്… അലക്സ് പണ്ടേ പറഞ്ഞതാണ് ഇക്കാര്യം…!! നിന്നേം കൊണ്ട് അവരെ ഒന്നു കൺസൾട്ട് ചെയ്യാൻ…!! ”
അവൻ്റെ ചിരി കണ്ട് ശിവാനി ചുവന്നു –

” അയ്യേ…. അവർക്കു രണ്ടാൾക്കും വേറൊന്നും പറയാനില്ലേ…?? ”

കാശി പൊട്ടിച്ചിരിച്ചു –

” ഇക്കാര്യത്തിൽ അവർക്കല്ലേടാ എക്സ്പീരിയൻസ് കൂടുതൽ..?? ”

അവൻ്റെ ചോദ്യത്തിന് ശിവാനിയുടെ തുടുത്ത മുഖം ലജ്ജയാൽ താഴ്ന്നു..

കഴിച്ചു കഴിഞ്ഞ് ഒരുമിച്ച് ജോലികളെല്ലാം തീർത്ത ശേഷം കാശി, അവളെയും കൂട്ടി ഡോക്ടർ കൗസല്യയെ ചെന്നു കണ്ടു..

മധുരതരമായ ഒരവധി ദിനം കൂടിക്കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ ശിവാനി മടങ്ങി..

പിന്നീടുള്ള എല്ലാ വീക്കെൻ്റുകളിലും അവൾ കാശിയുടെ അടുത്തേയ്ക്കു പോരുക പതിവായി…
മാസത്തിൽ ഒരു തവണ രണ്ടാളും വീട്ടിൽ പോകും…

ശിവാനിയുടെ കാര്യം കാശി അച്ഛനോടും, അമ്മയോടും, കീർത്തനയോടും സൂചിപ്പിച്ചിട്ടുണ്ട്..
അച്ഛനും, അമ്മയ്ക്കും കുടുംബങ്ങളുടെ സാമ്പത്തികാന്തരം ഓർത്ത് തെല്ലു ഭയമുണ്ടായിരുന്നുവെങ്കിലും , മകൻ്റെ ആഗ്രഹത്തിന് എതിരു നിന്നില്ല..
ഇഷ്ടമാണെന്നല്ലാതെ, തങ്ങൾ വിവാഹിതരായ കാര്യം കാശി അവരോടു പറഞ്ഞതുമില്ല…!!

കാരണം ആ വിവാഹം ഒരുറപ്പിനു വേണ്ടിയാണ്.. പേരൻ്റ്സറിയാതെ കല്യാണം കഴിച്ചതറിഞ്ഞാൽ അവർക്കു സങ്കടമാകും…
ശിവാനിയുടെ ഫൈനൽ പരീക്ഷ കഴിഞ്ഞ് സൗകര്യം പോലെ ദേവദത്തൻ സാറിനെക്കണ്ട് വിഷയം അവതരിപ്പിച്ച് , മഹാദേവൻ്റെ നടയ്ക്കു മുന്നിൽ വെച്ച് എല്ലാവരുടെയും സാന്നിധ്യത്തിൽ ഒരിക്കൽ കൂടി അവളുടെ കഴുത്തിൽ താലി കെട്ടണമെന്നാണ് അവൻ്റെ ആഗ്രഹം..!!

പ്രണയം അതിൻ്റെ എല്ലാ തീവ്രതയോടും കൂടി പതഞ്ഞൊഴുകിക്കൊണ്ടിരുന്നു..
ഓരോ സംഗമത്തിൻ്റെയും അന്ത്യത്തിൽ അവൾക്കു പറയാനുള്ളത് ഒരു കാര്യം മാത്രമായിരുന്നു –

” എന്നെങ്കിലും ഈ ബന്ധം വേണ്ടെന്നു തോന്നിയാൽ , “പിരിയാം… ” എന്ന ഒറ്റവാക്കിനു പകരം എന്നെ കൊന്നു കളഞ്ഞേക്കണം…! ”

ഒരിക്കൽ കാശി അതിന് അവളോടു വഴക്കിടുക കൂടി ചെയ്തു –

”നിനക്കെന്താ ശിവാ…?? പകുതിക്കു വെച്ച് ഇട്ടിട്ടു പോകാനാണോ നിന്നെ നിയമപരമായും അല്ലാതെയും സ്വന്തമാക്കിയത്…?? ”
കാശി പിണങ്ങി മാറിയിരുന്നപ്പോൾ അവൾ പറഞ്ഞു –

” കാശിയേട്ടനറിയില്ല…. എൻ്റെയുള്ളിലെ തീ… എനിക്ക് പിരിയാനാവാത്തതോണ്ടല്ലേ ഇങ്ങനെ കൂടെക്കൂടെ പറയുന്നെ…!!
അമ്മേടെ സ്വഭാവം ഓർക്കുമ്പോ പേടിയാ…! ദേവിയമ്മേപ്പോലല്ല എൻ്റെയമ്മ ശ്രീരഞ്ജിനി…!! ”

അവളുടെ പരിഭവം കേട്ട് കാശി അരുമയോടെ അവളെ ചേർത്തു പിടിച്ചു… വിതുമ്പുന്ന ചുണ്ടുകളെ ഒരു ഗാഢ ചുംബനത്തിലൊതുക്കി..

” കാശിനാഥൻ്റെ അവസാന ശ്വാസം വരെയും എൻ്റെ നെഞ്ചോടു ചേർന്ന് നീയും ഉണ്ടാകും…!! ”
പറഞ്ഞു കൊണ്ട് കാശി അവളെ ഇരു കൈകയ്യിലുമായി കോരിയെടുത്ത് ബെഡിലേക്കു കിടത്തി… ഉള്ളിൽ തുളുമ്പുന്ന സ്നേഹം മുഴുവനായി അവളിലേക്കു പകർന്നു…!!
നിറഞ്ഞ മനസോടെ ശിവാനി അവനെ തന്നിലേക്കു സ്വീകരിച്ചു…!’

ഡിപ്പാർട്ട്മെൻ്റിൽ മറ്റാരുമില്ലാതിരുന്ന നേരത്ത് മിനു , അലക്സിനോടായി പറഞ്ഞു –

“ഇച്ചായാ നമ്മുടെ വെഡിങ് ആനിവേഴ്സറീടെ കാര്യം ശിവാനിയോടു പറഞ്ഞോ…?? ”

“ഇല്ലടീ… ശിവൂനെ തനിച്ചു കിട്ടിയില്ല.. ”
” ഞാൻ പറഞ്ഞിട്ടുണ്ട് മിനൂ… ”

കാശി പറഞ്ഞു കൊണ്ട് മുഖമുയർത്തി നോക്കിയത് വാതിൽക്കൽ നിന്ന പ്രവീണാ മിസ്സിൻ്റെ മുഖത്തേക്കാണ്..!
അവിടത്തെ ചോദ്യ ഭാവം കണ്ട് അവൻ ഒന്നും സംഭവിക്കാത്തതു പോലെ ചിരിച്ചു..

തെല്ലു സംശയത്തോടെ നടന്നു വന്ന് തൻ്റെ ചെയറിലിരുന്നു കൊണ്ട് പ്രവീണ മടിച്ചു മടിച്ചു ചോദിച്ചു –

“ഈ ശിവാനീന്നു പറഞ്ഞത് കാശിസാറിൻ്റെ നാട്ടിലെ കുട്ടിയല്ലേ…?? ”

കാശി തലയാട്ടി..

” അതു മാത്രമല്ലാ ട്ടോ മിസ്സേ… ”
മിനു പറഞ്ഞു..

” ഇങ്ങേര്ടെ വൈഫാ അത്..!! ”

പ്രവീണ മലച്ചുപോയി.
മിനുവിൻ്റെ തുറന്നു പറച്ചിലിൽ കാശി മാത്രമല്ല , അലക്സും ഞെട്ടി..

” വേറാരും അറിയണ്ടാട്ടോ മിസ്സേ… !!
ഇയാളായതു കൊണ്ട് പറഞ്ഞതാ. സംഗതി ഇത്തിരി വിപ്ലവമാ .. ”

മിനു വീണ്ടും പറഞ്ഞു..
പ്രവീണാ മിസിൻ്റെ കണ്ണുകൾ നിറഞ്ഞതു പോലെ തോന്നി.. അവളുടെ മുഖത്ത് ഒരു പരാജയ ഭാവം തെളിഞ്ഞു…

ബെൽ ശബ്ദം കേട്ട് രക്ഷപ്പെട്ടതു പോലെ പ്രവീണ ചാടിയെണീറ്റ് ഏതോ ബുക്കും കയ്യിലെടുത്ത് പുറത്തേക്കു പോയി..

“നീയെന്തു പണിയാടീ കാണിച്ചെ..?? പ്രവീണ ആരോടെങ്കിലും പറഞ്ഞാലോ..??
ഫൈനൽ എക്സാമിന് ഇനീമുണ്ട് മാസങ്ങള്… അതൊന്നു കഴിഞ്ഞു കിട്ടണ്ടേ..?? ”
അലക്സ് ശകാരിച്ചു..

മിനു ശാന്തമായി രണ്ടു പേരെയും നോക്കി –
” ഇച്ചായാ… പ്രവീണാ മിസിന് കാശിയോട് താൽപ്പര്യമുണ്ട്… അതറിഞ്ഞിട്ടും നമ്മളിതു പറഞ്ഞില്ലെങ്കിൽ അവസാനം അവർക്കത് താങ്ങാൻ പറ്റിയെന്നു വരില്ല..!!
ഇപ്പോ പറയണതു തന്നെയാ നല്ലത്..!! ”

അതു കേട്ടപ്പോഴാണ് ശരിയാണല്ലോ എന്ന് കാശിയും, അലക്സും ചിന്തിച്ചത്…

രണ്ടു ദിവസം പ്രവീണ ലീവായിരുന്നു… അതു കഴിഞ്ഞ് വന്ന് അവൾ തെല്ലു ദുഃഖത്തോടെയാണെങ്കിലും യാഥാർത്ഥ്യം അംഗീകരിച്ചു…!!

മൂന്നു മാസങ്ങൾക്കു ശേഷം.. ശിവാനിയുടെ സ്റ്റഡി ലീവ് ആരംഭിച്ചു… വളരെ നന്നായിത്തന്നെ അവൾ പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുത്തു…
ഇടയ്ക്കൊരു ദിവസം ഡോക്ടർ വൈഭവ് അവളെ വിളിക്കുകയുണ്ടായി.

” എന്തായി ശിവാനീ കാര്യങ്ങൾ..? തനിക്കെതിർപ്പുണ്ടെങ്കിൽ അത് വീട്ടിൽ തുറന്നു പറയണം.. അവസാനം പുലിവാലു പിടിക്കരുത്…!! ”
അവൻ്റെ ചോദ്യം ശിവാനിയിലെ ഭയം വർദ്ധിപ്പിച്ചതേയുള്ളൂ..
എക്സാം ഇനി മൂന്നു പേപ്പർ ബാക്കിയുണ്ട്..
രണ്ടാഴ്ച കൊണ്ടേ തീരൂ…

മനസ്സിൽ വല്ലാത്ത പേടി നിറഞ്ഞപ്പോൾ അവൾ കാശിയെ വിളിച്ചു –

” കാശിയേട്ടാ ഞാൻ.. ഞാനങ്ങോട്ടു വന്നോട്ടെ…?? ”
എന്തോ ടെൻഷനുണ്ടെന്നു മനസ്സിലായതോടെ അവൻ സമ്മതം മൂളി..

കാശിയുടെ മുന്നിലെത്തിയപ്പോൾ ശിവാനി കാറ്റു പോലെ വന്ന് അവനെ കെട്ടിപ്പിടിച്ചു..

” ശിവാ.. എന്താടാ പറ്റിയെ..?? ”
അവൻ പരിഭ്രമിച്ചു…

” എന്നെ വിട്ടു കൊടുക്കല്ലേ കാശിയേട്ടാ.. ഞാൻ.. ഞാൻ ജീവിച്ചിരിക്കില്ല…!! ”
വിങ്ങലോടെ അവൾ പറഞ്ഞു കൊണ്ടിരുന്നു…

“ശിവാ….?? ”
കാശി ഒന്നും മനസ്സിലാകാതെ വിളിച്ചു… അവളുടെ കൈകൾ പക്ഷേ വീണ്ടും മുറുകിയതേയുള്ളു.. അതോടെ അവൻ ഡോർ അടച്ച് അവളെയും കൊണ്ട് ബെഡ് റൂമിലെത്തി..

ഏറെ നേരത്തിനു ശേഷം കാശി എണീറ്റിരുന്നു കൊണ്ടു ചോദിച്ചു –

” ശിവാ… നിനക്കെന്താ പറ്റിയെ…?? നിൻ്റെ കയ്യിൽ മെഡിസിൻ സ്റ്റോക്കുണ്ടോ…?? ”
അവളും ഇപ്പോഴാണ് അതേപ്പറ്റി ഓർത്തത്..

പരീക്ഷാ ചൂടിനിടയിൽ ഇങ്ങനെയൊരു കൂടിച്ചേരൽ രണ്ടാളും പ്രതീക്ഷിച്ചിരുന്നില്ല.. വീട്ടിൽ ചെല്ലുമ്പോൾ അമ്മ ബാഗെല്ലാം ചെക്ക് ചെയ്യുമെന്നതു കൊണ്ട് ഡോക്ടർ കൗസല്യ പ്രിസ്ക്രൈബ് ചെയ്ത ടാബ്ലറ്റ്സ് വാങ്ങി വച്ചതുമില്ല…!!

” ശിവാ…!?? ”
അവൻ്റെ വിളി കേട്ട് ശിവാനി ഞെട്ടി –

” ഞാൻ നോക്കട്ടെ കാശിയേട്ടാ.. മുമ്പ് വാങ്ങിച്ചത് കെടപ്പുണ്ടോന്ന്.. ഇല്ലെങ്കിൽ നാളെ വാങ്ങിയാ പോരേ…?? ”

” മറക്കരുത് ട്ടോ..! ”
കാശി ഓർമ്മിപ്പിച്ചു…
അതിനു മറുപടി കൊടുക്കാതെ അവൾ ഒരിക്കൽക്കൂടി അവനെ ദേഹത്തേക്കു വലിച്ചിട്ടു..

ശിവാനിയുടെയുള്ളിലെ പേടി അവനു മനസ്സിലാവുന്നുണ്ടായിരുന്നു… അതിനു മരുന്നെന്നോണം കാശിനാഥിൻ്റെ ചുണ്ടുകളും, വിരലുകളും അവളുടെ ഉടലിനെ തഴുകി…!!

അവശേഷിച്ച പരീക്ഷകളും കഴിഞ്ഞ് ശിവാനി ഹോസ്റ്റൽ വെക്കേറ്റ് ചെയ്ത് വീട്ടിലേക്കു മടങ്ങി.. ഒരാഴ്ച കഴിഞ്ഞതും അമ്മമ്മ വന്നു…
അതോടെ വൈഭവിൻ്റെ പ്രപ്പോസൽ വീണ്ടും പൊടി തട്ടിയെടുത്തു..

ശിവാനി പക്ഷേ നിശിതമായിത്തന്നെ എതിർത്തു..

“എനിക്കിപ്പോ ഒരു കല്യാണം വേണ്ട..ജോലിയാവട്ടെ… കഴിക്കുന്ന ഭക്ഷണത്തിൻ്റെയും, ധരിക്കുന്ന വസ്ത്രത്തിൻ്റെയും കാര്യത്തിൽ അമ്മേടെയിഷ്ടം നോക്കുന്ന പോലെയല്ല ഇത്…!!
എൻ്റെ ലൈഫാണ്… ഞാനാണ് ജീവിക്കേണ്ടത്… നിങ്ങളൊക്കെ കാഴ്ചക്കാർ മാത്രമാണ്.. അമ്മയ്ക്കു മനസ്സിലായെന്നു കരുതുന്നു…!! ”

കർശനമായി ഇത്രയും പറഞ്ഞ ശേഷം ശിവാനി മുറിയിലേക്കു പോയി…!!!

……………..*………………..*……………….

തനിക്കെതിരെയുള്ള കസേരയിൽ അൽപ്പം ജാള്യത്തോടെയിരിക്കുന്ന ബാലചന്ദ്രനെ , ദേവദത്തൻ സൂക്ഷിച്ചു നോക്കി..

പാൻ്റും, ഷർട്ടുമാണ് വേഷം.. ഏതോ വില കുറഞ്ഞ സെൻ്റിൻ്റെ വാസന…!!
ജീവിത പ്രാരാബ്ധങ്ങൾ നൽകിയ ആവലാതികളുടെ അടയാളങ്ങൾ ആ മുഖത്തു തെളിഞ്ഞു കാണാം…

ദേവദത്തൻ സ്വയം ഒന്നു നോക്കി..
RDO യുടെ അധികാരക്കസേര…!!
അല്ലലുകളറിയാത്ത മനസ്സും , ദേഹവും…!!
ഒരു നേർത്ത ചുളിവു പോലുമില്ലാത്ത ബ്രാൻ്റഡ് വസ്ത്രങ്ങൾ…!!
വിദേശ നിർമ്മിത പെർഫ്യൂമിൻ്റെ മയക്കുന്ന ഗന്ധം..!!

PGക്കു പഠിക്കുന്ന മകളുണ്ടെന്ന് തന്നെയോ , ശ്രീ രഞ്ജിനിയെയോ കണ്ടാൽ ആരും പറയില്ല…!!
കഷ്ടി നാൽപതു വയസ്… അത്രേ തോന്നൂ…!!

RDO ദേവദത്തൻ്റെ മകൾ, ഒരു ലോറി ഡ്രൈവറുടെ മകൻ്റെ ഭാര്യയാകുന്നത് അയാൾക്ക് ചിന്തിക്കാൻ പോലുമായില്ല…!!!

…………………. (തുടരും)………………….

അച്ഛൻ സമ്മതിക്കുമെന്ന ശിവാനിയുടെ കണക്കുകൂട്ടൽ പിഴയ്ക്കുന്നോ…??

ആത്മാർത്ഥ പ്രണയത്തിൻ്റെ രക്തസാക്ഷികളാവാനാണോ കാശിയുടെയും, ശിവാനിയുടെയും വിധി…???

കാത്തിരിക്കൂ….