17/04/2026

നീ വരുവോളം : ഭാഗം 06

രചന – ജിഫ്ന നിസാർ

അതിജീവനത്തിന്റെ നാളുകൾ.. അവഗണന യുടെ കൈപ്പു നീർ… ഒറ്റപ്പെടലിന്റെ നോവ്.. ആഗ്രഹത്തിന്റെ തീവ്രത…

മരണം എത്രയോ ഭേദം ആണെന്ന് തോന്നിയ ദിവസങ്ങൾ.. ഇടയ്ക്കിടെ ഇച്ചായന്റെ കൂട്ടുകാർ വന്നിരുന്നു..

ഒരക്ഷരം മിണ്ടാതെ അവരുടെ വാക്കുകൾ കെട്ടിരിക്കും..

ഉള്ളിലൊരു ജീവൻ ഉണ്ടെന്ന് ഹൃദയം ഇടക്ക് ഓർമിപ്പിച്ചു..

ഹോസ്പിറ്റലിൽ പോലും പോവാൻ നിവർത്തി ഇല്ലാത്ത അവസ്ഥ..

ഇച്ചായന്റെ അമ്മയുടെ ദേഷ്യം പുറമെ ആർക്കും അറിയില്ല..

പക്ഷേ അകത്തു അതിനു ഒരാനയുടെ ശക്തി ഉണ്ടായിരുന്നു.. അതിനെതിരെ ചെറുത്തു നിൽക്കാൻ മനസ്സിൽ ബലം ഉണ്ടായിരുന്നു…

അല്ല.. ഉണ്ടാക്കി എടുത്തു.. തോറ്റു പോയാൽ അതെന്റെ ഇച്ചായൻ കൂടി ആണെന്ന് മനസ്സിൽ പറഞ്ഞു പഠിച്ചു..

വയറ്റിൽ കൈ ചേർത്ത് പപ്പയെ കുറിച്ച് കുഞ്ഞിനോട് വാ തോരാതെ പറഞ്ഞു കൊടുത്തു..

സാധാരണ ഗർഭിണികൾ വല്ലതും ആഗ്രഹം പറയും എന്ന് കേട്ടിട്ടുണ്ട്..

അങ്ങനെ പോലും ഉള്ളിൽ കിടന്നു എന്റെ കുഞ്ഞു മോഹിപ്പിചിട്ടില്ല..

മമ്മയുടെ ആഗ്രഹം പോൽ വാങ്ങി കൊടുക്കുവാൻ പപ്പ കൂടെ ഇല്ലെന്ന് അന്നേ മനസ്സിലാക്കിയ പോലെ…

ആ വീട്ടിൽ തുടരുന്നത് തനിക്കു തന്റെ കുഞ്ഞിനെ കൂടി നഷ്ടം വരാൻ കാരണം ആവുമ്മെന്ന് തോന്നിയ ഒരു ദിവസം അവിടെ നിന്നും ഇറങ്ങി..

ഇച്ചായന്റെ ഓർമകൾ ഉണ്ടായിരുന്ന മുറിയിൽ നിന്നും ഇറങ്ങി പോരുമ്പോൾ ഹൃദയം ചിന്നി ചിതറി..

ഒരു ദിവസം കൊണ്ട് അവനൊരു സ്വർഗം പണിത… അവന്റെ ഗന്ധം ഇപ്പോഴും ഒളിഞ്ഞിരിക്കുന്ന ആ മുറിയിൽ ഇനി പറ്റില്ലല്ലോ എന്നത് മാത്രം ആണ് അവിടെ നിന്നും പോരുമ്പോൾ വേദനിപ്പിച്ചത്.

പക്ഷേ തോറ്റില്ല..

തൊട്ടാവാടി ഒരു തലോടൽ കൊണ്ട് വാടുന്നതേ എല്ലാവർക്കും അറിയൂ.. പക്ഷേ വീണ്ടും ഉള്ളിലൊരു വാശി നിറച്ചെന്ന പോൽ പൂർവാധികം ശക്തിയോടെ തല ഉയർത്തി എഴുന്നേറ്റു നിൽക്കുന്നത് ആരും ശ്രദ്ധിക്കാറില്ലല്ലോ..

ജീവന്റെ പാതി മറ്റെവിടെങ്കിലും ആവുമ്പോൾ മനസ്സിൽ തോന്നുന്നൊരു പിടച്ചിലുണ്ട്.. ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് തോന്നുന്ന നിമിഷങ്ങൾ ഉണ്ട്.. മറ്റാർക്കും പറഞ്ഞു കൊടുക്കാൻ കഴിയാത്തൊരു ഫീലിംഗ്സ്…

ആരും കാണാതെ താഴിട്ടൊരു മനസ്സുണ്ട് അവൾക്ക്.. അതിനുള്ളിൽ അവൾ സ്നേഹിക്കുന്ന ഒരാളുണ്ട്..അയാളോട് അവളുടെ അടങ്ങാത്ത പ്രണയം ഉണ്ട്.. നടക്കുമോ എന്നറിയാതെ കുറെ സ്വപ്നങ്ങൾ ഉണ്ട്.. ഒരു നോക്ക് കാണാനുള്ള കോതിയുണ്ട്…പറയാൻ അറിയാത്ത മോഹം ഉണ്ട്.. നഷ്ടം വരുമോ എന്ന പേടിയുണ്ട്.. നഷ്ടം വരരുതേ എന്ന പ്രാർത്ഥന ഉണ്ട്..

അത് കൊണ്ട് തന്നെ തോൽക്കില്ല അവൾ…
വീട്ടിലേക്ക് തന്നെ ആണ് പോയത്..

കൈ നീട്ടി സ്വീകരിക്കും എന്നൊന്നും ഉള്ള പ്രതീക്ഷ ഇല്ല..
പക്ഷേ ഇപ്പോഴും എന്റെ വീട് തന്നെ ആണ്.. എന്റെ അപ്പനും അമ്മയും തന്നെ ആണ് അവിടെ ഉള്ളത്..

അവരുടെ വാക്കിനെ ധിക്കരിച്ചു ഇറങ്ങി പോയതാണ്.. അതൊരിക്കലും ന്യായികരിക്കാൻ നിൽക്കുന്നില്ല. തെറ്റ് തെറ്റ് തന്നെ.

പക്ഷേ അന്നൊന്നു ചേർത്ത് പിടിച്ചിരുന്നു എങ്കിൽ.. അൽപ്പം സമയം തന്നിരുന്നു എങ്കിൽ.. വേറെ ഒരാളെ സ്വീകരിക്കില്ലായിരിക്കും..ജീവിതാവസാനം വരെയും കാത്തിരുന്നേനെ.. ഞാനും എന്റെ ഇച്ചായനും..

കാലുകൾ പൊറുക്കി വെച്ചു വീട്ട് പടിക്ക് മുന്നിൽ എത്തിയപ്പോൾ പോലും പേടി തോന്നിയില്ല.. മാസങ്ങൾ ആയിരുന്നു ഇവിടെ നിന്നും പോയിട്ട്.

പിന്നെ മരവിച്ച ജീവിതം ആയത് കൊണ്ട് ആരും മനസ്സിൽ ഉണ്ടായിരുന്നില്ല..

കാണാൻ തോന്നിയത് ഇച്ചായനെ മാത്രം ആണ്..

വേറെ ആരും.. ഒന്നും ഓർമ യിൽ പോലും ഇല്ല..

ബെല്ലടിച് കാത്തിരുന്നു.. വാതിൽ തുറന്നു പുറത്തേക്ക് വന്നത് സിനി ചേട്ടത്തി ആയിരുന്നു..

തന്നെ കണ്ടപ്പോൾ ആ കണ്ണിൽ ആദ്യം അമ്പരപ്പ് ആയിരുന്നു. പതിയെ അത് പുച്ഛം ആയി മാറുന്നത് ആനി നോക്കി നിന്നു..

“എന്തുവാ… പെട്ടന്ന് പോന്നേ.. ആരെ കാണാനാ.. അറിഞ്ഞിരുന്നെങ്കി അങ്ങോട്ട്‌ വരുമായിരുന്നല്ലോ തമ്പുരാട്ടിയെ കാണാൻ..”കളിയാക്കി ചേട്ടത്തി പറഞ്ഞപ്പോൾ കൈകൾ ഉദരം പൊതിഞ്ഞു..
എവിടെ നിന്നോ ഒരു ധൈര്യം പൊതിഞ്ഞു…

“ഞാൻ വന്നത് എന്റെ വീട്ടിലോട്ട.. ചേട്ടത്തിയുടെ കുടുംബത്തിലോട്ട് അല്ലല്ലോ. വഴീന്ന് മാറ്. എനിക്ക് കാണേണ്ടവരെ ഞാൻ പോയി കണ്ടോളാം. അതിന് എനിക്ക് ആരുടേയും സഹായം വേണ്ട..”ആനി മുറുകിയ മുഖത്തോടെ പറഞ്ഞു…

“ഓ.. അഹങ്കാരം ലവലേശം കുറഞ്ഞിട്ടില്ല ഇത്രേം നടന്നിട്ടും അവള്ടെ.. ഇവിടെ കാണാൻ അത്രയും വിലപ്പെട്ടവർ ഉണ്ടായിട്ടും എന്തേ ഇറങ്ങി പോയപ്പോൾ അതോർത്തില്ലേ നീ “സിനി അവളുടെ മറുപടി ഇഷ്ടപെടാതെ ദേഷ്യത്തോടെ ചോദിച്ചു..

“അതെനിക്ക് നിങ്ങളെ ബോധിപ്പിക്കേണ്ട കാര്യം ഇല്ല.. ചേട്ടത്തിക്ക് അമ്മേടെ സ്ഥാനം ഞാൻ തന്നിരുന്നു. പക്ഷേ കാര്യം ഇല്ലാതെ നിങ്ങൾക്ക് ഞാൻ ശത്രു ആയിരുന്നു. പിന്നെ എനിക്ക് മാത്രം സ്നേഹം തോന്നിയിട്ട് എന്താ കാര്യം.. അത് കൊണ്ട് വല്ലാതെ ഭരിക്കാൻ വരേണ്ട..”ചിരിച്ചു കൊണ്ടാണ് പറഞ്ഞതെങ്കിലും അവർക്കത് പൊള്ളിയിരുന്നു..

ആനി അകത്തേക്ക് കടന്നു.. ഹാളിൽ ആരെയും കണ്ടില്ല. അപ്പച്ചൻ ഉണ്ടാവില്ല. ഇല്ലെങ്കിൽ ഇപ്പൊ വർത്താനം കേട്ട് വന്നിരുന്നു.
അവൾ അകത്തേക്ക് നടന്നു.. കയ്യിലുള്ള ബാഗ് ടേബിളിൽ വെച്ച് കൊണ്ട് അടുക്കളയിൽ എത്തി നോക്കി..

അമ്മച്ചിയെ കാണാൻ.. അവിടെ പക്ഷേ ആരും ഇല്ലായിരുന്നു..

അവരുടെ റൂമിന്റെ വാതിൽ തള്ളി തുറന്നു അകത്തേക്ക് കടന്നപ്പോൾ..

ബെഡിന്റെ നടുവിൽ നിവർന്നു കിടക്കുന്ന അപ്പച്ചൻ.. ആനിക്ക് ഒന്നും മനസ്സിലായില്ല..

അരികിൽ ഒരു കസേരയിൽ അമ്മച്ചി ഇരിക്കുന്നു..
മുറിയിൽ ആകമാനം മരുന്നിന്റെ ഗന്ധം നിറഞ്ഞു നിൽക്കുന്നു..

“എന്നതാ അമ്മച്ചി.. എന്നതാ അപ്പച്ചന്.. പനി വല്ലോം ആണോ..”അയാളുടെ നെറ്റിയിൽ കൈ വെച്ച് നോക്കി അവൾ വെപ്രാളത്തോടെ ചോദിച്ചു..

കത്രീനാമ്മ അവളെ തുറുപ്പിച്ചു നോക്കി ഇരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല..

അനക്കമില്ലാത്ത അയാളുടെ ശരീരം കാണവേ ആനി പകച്ചുപോയി..

സ്നേഹം പുറമെ കാണിച്ചിട്ടില്ല.. ചേർത്ത് പിടിച്ച ഓർമ പോലും ഇല്ല.. പക്ഷേ തന്റെ അപ്പനാണ്..

അന്നം തരാൻ ഒരിക്കലും കുറവ് വരുത്തിയിട്ടില്ല. ആനിക്ക് കണ്ണുകൾ നിറഞ്ഞു..

“എന്താ അമ്മച്ചി.. ഒന്ന് പറഞ്ഞു താ എനിക്ക്..”അമ്മച്ചിയെ പിടിച്ചു കുലുക്കി കൊണ്ട് ആനി വീണ്ടും ചോദിച്ചു..

“.. ഒരു രാത്രിയിൽ ഭക്ഷണം കഴിഞ്ഞു കിടന്നതാ.. രാവിലെ ഉണരുന്നത് കാണാതെ ഞാൻ ചെന്ന് നോക്കുമ്പോൾ ബോധം ഇല്ലായിരുന്നു.. പിന്നെ കുറച്ചു നാൾ ആശുപത്രിയിൽ കിടന്നു.. പ്രതേകിച്ചു ഗുണം ഉണ്ടാവില്ല എന്ന് പറഞ്ഞപ്പോൾ ഇങ്‌ കൊണ്ട് പോന്നു “മറ്റെങ്ങോ നോക്കി കടമ പോലെ വികാരം ഏതും ഇല്ലാതെ അമ്മച്ചി പറഞ്ഞപ്പോൾ ആനി തകർന്ന് പോയിരുന്നു..

അറിഞ്ഞിരുന്നില്ല.. ഒന്നും..

കണ്ണടച്ച് കിടക്കുന്ന അപ്പച്ചനെ കാണുമ്പോൾ ആനിക്ക് വീണ്ടും കണ്ണുകൾ നീറി പുകഞ്ഞു..
കരച്ചിൽ തൊണ്ട കുഴിയിൽ പിടഞ്ഞു..

അവൾ പുറത്തേക്ക് ഇറങ്ങി..

അവളുടെ മുറിയിൽ എത്തുമ്പോൾ പിടിച്ചു നിൽക്കാൻ കഴിയാതെ കരഞ്ഞു പോയിരുന്നു…

❤❤❤❤❤❤❤❤❤❤❤❤❤❤❤

വൈകുന്നേരം അജി വന്നപ്പോൾ അവളോട്‌ വെറുതെ വിശേഷം ചോദിച്ചു..
എല്ലാം അവൻ അറിഞ്ഞിരുന്നു.

ഒറ്റ വാക്കിൽ ചോദ്യം.. അതിന് അളന്നു മുറിച്ചു അവളുടെ മറുപടി..
അത്രയേ അവരുടെ ബന്ധം ഒള്ളു..

ഇനി പോകുന്നില്ല.. ഇച്ചായൻ വരും വരെയും..”പതിയെ പറഞ്ഞപ്പോൾ ആരും ഒന്നും മിണ്ടിയില്ല.

നിനക്ക് സുഖമാണോ.. എന്ന് ആരും ചോദിച്ചില്ല..

സിനി മാത്രം മുഖം വീർപ്പിച്ചു നടന്നു.. കാണുമ്പോൾ ഒക്കെയും..
ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ അവരുടെ മുഖം ഒന്നൂടെ കടുത്തു.

അമ്മച്ചി അപ്പോഴും ഒന്നും പ്രതികരിച്ചില്ല..

ആനിക്ക് വല്ലാത്ത വേദന തോന്നി അവരുടെ മനോഭാവം.

അമ്മയുടെ കരുതൽ കൊതിക്കുന്ന കാലം കൂടി ആണല്ലോ അത്..

പക്ഷേ തനിക്കു വിധിയില്ല.

അമ്മച്ചി അപ്പച്ചന്റെ മുറിയിൽ തന്നെ ആയിരുന്നു ഏറെയും.

“ഈ കുഞ്ഞൊരു ബാധ്യത ആവും.. നമ്മുക്കിതു വേണ്ട.. നിനക്ക് ഇനിയും ഒരു ജീവിതം ബാക്കി ഉണ്ട്. സാം ഇപ്പോഴും റെഡിയാണ്. നിന്റെ പ്രിൻസ് ഇനി പുറലോകം കാണാൻ വർഷങ്ങൾ കഴിയണം. അപ്പോഴേക്കും നിന്റെ നല്ല പ്രായം തീരും “മധുരമായി ചേട്ടായി പറഞ്ഞപ്പോൾ ചേട്ടത്തി വാതിൽ പടിയിൽ ഒളിഞ്ഞു നോക്കിയത് വെക്തമായി കണ്ടിരുന്നു..

ഇതിന് പിന്നിൽ അവരെന്നു ഉറപ്പിച്ചു..

രണ്ടു മക്കളുടെ അമ്മ ആയിരുന്നിട്ട് കൂടി ഒരു കുഞ്ഞിനെ കൊല്ലാൻ പ്രേരിപ്പിക്കുന്നത് സഹിക്കാൻ കഴിഞ്ഞില്ല. ക്ഷമിക്കാനും..

പൊട്ടി തെറിച്ചു.. ഭയങ്കര മായ് തന്നെ..

ആദ്യമായി തന്റെ കുഞ്ഞിന് വേണ്ടി ഉയർന്ന ശബ്ദം..

സ്വയം അഭിമാനം തോന്നി.. അവരോടു തീരാത്ത ദേഷ്യവും..

അതോടെ ചേട്ടായി കൂടി ശത്രു ആയി മാറി..
തളർന്നില്ല..എല്ലാത്തിനെയും പൊരുതി തോൽപ്പിക്കാൻ ഉള്ളൊരു ശക്തി എവിടെ നിന്നോ കിട്ടി..

അടുത്തുള്ള കുട്ടികൾക്കു ട്യൂഷൻ എടുക്കാവോ എന്ന് ചോദിച്ചത് സിജോ ആണ്.

ഇച്ചായന്റെ ആത്മ മിത്രം..
ജീവിക്കാൻ അവനൊരു വഴി വെട്ടി തെളിയിച്ചു തരികയായിരുന്നു..

വീട്ടിൽ ആരും എതിർത്തില്ല.. അനുകൂലിച്ചതും ഇല്ല.
ഏറ്റു.. അതിൽ നിന്നുമുള്ള ചെറിയ വരുമാനം കൂട്ടി വെച്ച് തുടങ്ങി.. ഹോസ്പിറ്റലിൽ പോവാനുള്ള കാശ് അങ്ങനെ കിട്ടും.

അതൊരു ആശ്വാസം തന്നെ ആയിരുന്നു..

ഇച്ചായനെ കാണാൻ ഉള്ള ആഗ്രഹം കടൽ പോലെ അനന്ത മാവുന്നത് നോവോടെ അവഗണിച്ചു..
കൊതിച്ചു കൊതിച്ചു ഒരിക്കൽ അവസരം കിട്ടി..

നിറ വയറും താങ്ങി താൻ വരുന്നത് നിറഞ്ഞ കണ്ണോടെ നോക്കുന്നത് കാണെ ഹൃദയം നിലച്ചു പോയി..

പറയാൻ കാത്തു വെച്ചതൊക്കെ മറന്നു പോയിരുന്നു…

വെറുതെ നോക്കി നിന്ന് പോയി.. അതിനും വല്ലാത്ത കൊതി തന്നെ ആയിരുന്നു..

“ഇനി ഈ വയറും താങ്ങി വരരുത് കൊച്ചേ.. എനിക്ക് സഹിക്കുന്നില്ല “സമയം കഴിഞ്ഞെന്ന് ഓർമ്മിച്ചപ്പോൾ കൈ വിരലിൽ പിടിച്ചു ഇച്ചായൻ പറഞ്ഞപ്പോൾ.. അറിഞ്ഞിരുന്നു ആ ഹൃദയം പിടച്ചത്..

പിന്നെയും വേദന നിറഞ്ഞ ദിവസങ്ങൾ.. ഒറ്റപെട്ടു എന്ന് തോന്നിയപ്പോൾ ഒക്കെയും ആ ചാര കണ്ണുകൾ കൂടെ ഉണ്ടെന്ന് ഓർമപ്പിച്ചു..

പ്രസവ വേദന കൊണ്ട് ഹോസ്പിറ്റലിൽ പോയപ്പോൾ എന്തോ… അമ്മച്ചിയും കൂടെ പോന്നിരുന്നു.. വേദന പോലും മറന്നു ആ നിമിഷം..

ഇച്ചായന്റെ കരുതൽ ഏറ്റവും കൊതിച്ചു പോയി ആ സമയം..

എന്നിട്ടും കരഞ്ഞില്ല.. എന്റെ ഇച്ചായ ന് വേണ്ടി ആവുമ്പോൾ ആനിക്ക് വേദനിക്കില്ല..

മോന്റെ മുഖം കണ്ടപ്പോൾ പക്ഷേ കരഞ്ഞു പോയിരുന്നു..

പിന്നെയും കാത്തു കാത്തിരുന്നു മോനെ കാണിക്കാൻ ഓടി പിടഞ്ഞു പോയിരുന്നു..

പക്ഷേ ഇച്ചായൻ കാണാൻ കൂട്ടാക്കിയില്ല..

നിരാശയിൽ തിരികെ പോന്നു..

പിന്നെ ഒരിക്കലും മോനെ കൊണ്ട് പോയിട്ടില്ല.. ഇച്ചായൻ പറയുന്നത് ശെരിയാണ് എന്ന് തോന്നി..
അവരുടെ കൂടി കാഴ്ചയിൽ അതിർ വരമ്പുകൾ പാടില്ല…

മോനോട് എപ്പോഴും പപ്പയെ കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു..

അവനും തന്നിലൂടെ അറിഞ്ഞ അവന്റെ പപ്പയെ ഒരുപാട് സ്നേഹിച്ചു..

വികൃതി ഒന്നും ഇല്ലാത്ത പ്രകൃതം ആയിരുന്നു കൊച്ചൂട്ടൻ..

പക്ഷേ റോണിയും ജിനിയും തരം കിട്ടുമ്പോൾ ഒക്കെയും അവനെ ഉപദ്രവിച്ചു..

സിനി കുട്ടികളോട് ഒന്നും പറയില്ല.. കൊച്ചൂട്ടനെ എന്ത് ചെയ്താലും

ഒരു തരം പ്രതികാരം പോൽ..

അപ്പച്ചൻ പിന്നെയും മാറ്റം ഇല്ലാതെ കുറെ നാൾ കിടന്നു..

ഒരിക്കൽ രാത്രിയിൽ ഉറങ്ങിയ അപ്പച്ചൻ പിന്നെ ഉണർന്നതേ ഇല്ല..

മരവിച്ച മനസ്സോടെ അതിനും സാക്ഷി യായി..

❤❤❤❤❤❤❤❤❤❤❤❤❤❤

ടീച്ചർ… ആരോ കുലുക്കി വിളിച്ചതറിഞ്ഞ ആനി മുഖം ഉയർത്തി നോക്കി..

മുന്നിൽ മുഴുവനും കുട്ടികൾ ഇരിക്കുന്നു..

ഓർമയുടെ ചിറകിൽ പറന്നപ്പോൾ പരിസരം പോലും മറന്നു പോയി..

തണുപ്പുള്ള ആ സമയത്തും അവൾ നന്നായി വിയർത്തു പോയിരുന്നു..

ഉള്ളിലെ ചൂടിനാൽ..

കുട്ടികളോട് ഇരിക്കാൻ പറഞ്ഞു ആനി എഴുന്നേറ്റു മുഖം കഴുകി വന്നു..

❤❤❤❤❤❤❤❤❤❤❤❤❤❤❤തിരികെ കൊച്ചൂട്ടാനോടപ്പം ബസ്സിറങ്ങി നടക്കുമ്പോൾ.. ആനി വേറേതോ ലോകത്തു എന്ന പോലെ ആയിരുന്നു..

കൊച്ചൂട്ടൻ എന്തൊക്കെയോ പറയുന്നുണ്ട്..

മൂളി കൊണ്ട് അവന്റെ കയ്യും പിടിച്ചു അവൾ പതിയെ നടന്നു..

അവന് വിശേഷം പറഞ്ഞിട്ട് മതിയാവുന്നില്ല..
കളിക്കാൻ കൂട്ടുകാരെ കിട്ടിയ സന്തോഷം ആയിരുന്നു..

ജിനിയും റോണിയും അവനെ കൂട്ടാറില്ല.. അവരുടെ അടുത്ത് നിൽക്കാൻ പോലും സിനി സമ്മതിച്ചു കൊടുക്കാറില്ല..

ഇതിപ്പോ അവനോടപ്പം കളിക്കാൻ അവിടെ ഒരുപാട് കുട്ടികൾ ഉണ്ടായിരുന്നു…

നേരം ഇരുട്ടി തുടങ്ങിയിരുന്നു ആനി വീട്ടിൽ ചെന്ന് കയറുമ്പോൾ..

അവളുടെയും കൊച്ചൂട്ടാന്റെയും കുളിയും ജോലിയും കഴിഞ്ഞപ്പോൾ തന്നെ ഒരുപാട് നേരം ആയിരുന്നു..

മൂടി പുതച്ചു കിടക്കുകയാണ് അവൾ മുറിയിൽ എത്തുമ്പോൾ കൊച്ചൂട്ടൻ

പത്തു മണി ഒക്കെ കഴിഞ്ഞിരുന്നു അപ്പോൾ..
വെറുതെ അവനെ ഒന്ന് തൊട്ട് നോക്കി..

വെറുതെ അല്ല.. പുതപ്പ് ഇഷ്ടം അല്ലാത്ത അവൻ പുതച്ചു കിടക്കുന്നത്..

പനിക്കുന്നുണ്ട്..

ചെറിയ പനിയെ ഒള്ളു..

അലമാരയിൽ നോക്കിയപ്പോൾ അവന്റെ മരുന്ന് തീർന്നു പോയിരുന്നു..

അമ്മച്ചിയുടെ കയ്യിൽ ഗുളിക കാണും. തത്കാലം അത് കൊടുക്കാം.. നാളെ രാവിലെ ഹോസ്പിറ്റലിൽ കൊണ്ട് പോകാം.. ആനി കരുതി..

അവനെ കാണിക്കുന്ന ഹോസ്പിറ്റലിൽ വിളിച്ചു ബുക്ക്‌ ചെയ്തു കൊണ്ട് ആനി അമ്മച്ചിയുടെ മുറിയിലേക്ക് നടന്നു..

ഹാളിൽ വെളിച്ചമില്ല.. എല്ലാവരും കിടന്നു കാണും.. പക്ഷേ ഉമ്മറത്തു വെളിച്ചം കാണുന്നുണ്ട്.. ആരുടെയോ സംസാരം കൂടി കേൾക്കാം.. ആരാ ഈ നേരത്.. ആനി ഒന്ന് എത്തി നോക്കി..

എന്നാൽ അവിടെ ഉയർന്നു കേട്ട സംസാരം അവളുടെ കേട്ട് അവളുടെ ഉള്ളം വിറച്ചു പോയിരുന്നു.. ശ്വാസം വിടാൻ പോലും മറന്നു നിന്ന് പോയി ആനി…

തുടരും..