23/04/2026

നവവധു : അവസാന ഭാഗം

രചന – സുധീ മുട്ടം

കല്യാണ ദിവസം അതിരാവിലെ സാഗര എഴുന്നേറ്റു കുളിച്ചു… സേതുവിനൊപ്പം അമ്പലത്തിൽ പോയി തൊഴുതു വന്നു… രാവിലെ ആയപ്പോഴേക്കും എല്ലാവരും തിരക്കിൽ അലിഞ്ഞു ചേർന്നു.. സാഗര അമ്മയുടെ കുഴിമാടത്തിനു മുന്നിൽ കൈകൾ കൂപ്പി മൗനമായി പ്രാർത്ഥിച്ചു… അവിടെ നിന്ന് വന്നു ശേഖരനും സേതുവിനും രാമൻകുട്ടിക്കും ദക്ഷിണ നൽകി കാൽ തൊട്ടു വണങ്ങി… “ദീർഘ സുമംഗലീ ഭവാ… ശേഖരൻ മകളെ ചേർത്തു പിടിച്ചു ആശീർവദിച്ചു… അച്ഛയുടേയും അമ്മയുടേയും അനുഗ്രഹം വാങ്ങി ക്ഷേത്ര നടയിലേക്ക് പുറപ്പെട്ടു.. കുഞ്ഞാവ സാഗയുടെ കയ്യിൽ ആയിരുന്നു… ക്ഷേത്ര നടപന്തലിൽ അണിയിച്ചൊരുക്കിയ കതിർമണ്ഡപം…നിരവധി ആളുകൾ ഒത്തുകൂടി നിൽക്കുന്നു. പലതും പരിചിത മുഖങ്ങൾ… സാഗയുടെ ഓർമ്മകളിലൂടെ അമ്പുവുമായുളള വിവാഹ ചടങ്ങുകൾ തെളിഞ്ഞു…

അന്നു മുതൽ ഇന്നുവരെ നടന്ന സംഭവങ്ങൾ… എല്ലാം ഓർത്ത ശേഷം മനസ്സ് നിറഞ്ഞു ചിരിച്ചു…. ഗൗതമിയും വീട്ടുകാരും നേരത്തെ എത്തിയിരുന്നു.. സാഗയും കൂട്ടുകാരിയും തമ്മിൽ സംസാരിച്ചു…സമയം കടന്നു പോയി… സച്ചിയും സച്ചുവും വരാൻ കുറച്ചു വൈകിയത് കുറച്ചു പരിഭ്രമം പടർത്തിയെങ്കിലും ശുഭ മുഹൂർത്തത്തിനു മുമ്പേ എത്തി.. ” വഴിയിൽ ഒരു ബ്ലോക്ക് കിട്ടി….അതാ… “എന്നാൽ വേഗം ആയിക്കോട്ടെ..മുഹൂർത്തം അടുക്കാറായി….പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു… ദക്ഷിണ ചടങ്ങുകൾ കഴിഞ്ഞു സച്ചിക്ക് സമീപം സാഗരയും സച്ചുവിനു അടുത്തായി ഗൗതമിയും ഇരുന്നു…

സാഗയെ നോക്കി സച്ചി പുഞ്ചിരിച്ചതും അവളും ഒന്നു മന്ദഹസിച്ചു…താലി ചാർത്താനുളള സമയം ആയതോടെ നാദസ്വരമേളം മുഴങ്ങി..പൂജാരി പൂജിച്ച താലി  വരന്മാരുടെ കയ്യിൽ കൊടുത്തു…. ശുഭമുഹൂർത്തത്തിൽ സച്ചി സാഗരക്കും സച്ചു ഗൗതമിക്കും താലി ചാർത്തി…ഒരു നുള്ള് സിന്ദൂരം അണിയിച്ചു അവരെ സുമംഗലിയാക്കി…പരസ്പരം മാല ചാർത്തി കരം ഗ്രഹിച്ചു കതിർമണ്ഡപത്തെ പ്രദക്ഷിണം ചുറ്റി… ഒരുഗ്രാമം മുഴുവനും വിവാഹ ചടങ്ങിൽ പങ്കെടുത്തു… വധൂവരന്മാരെ ആശീർവദിച്ചു… വീഡിയോയും ഫോട്ടോസിന്റെയും തിരക്കിലേക്ക് അവർ അലിഞ്ഞു ചേർന്നു… സാഗയുടെ കഴുത്തിൽ സച്ചി താലി ചാർത്തിയതും ശേഖരന്റെയും രാമൻ കുട്ടിയുടെയും കണ്ണിൽ നനവ് ഇറങ്ങി..

ഒരിക്കൽ വിവാഹത്തിനു കുറച്ചു നാൾ ശേഷിക്കേ കല്യാണം മുടങ്ങിയ പെൺകുട്ടിയെ അവരോർത്തു…എല്ലാം സഹിച്ചും അതിജീവിച്ചും അവൾ കരുത്ത് നേടി… അവൾ സാഗര… കടലിന്റെ ശാന്തതയും തിരമാലയുടെ കരുത്തുമുളളവർ … മകളെ ഓർത്തു അച്ചന്മാരും അമ്മയും അഭിമാനം കൊണ്ടു….. ഇരുപത്തിനാലു കൂട്ടം കറികളും നാലുതരം പായസവും കൂട്ടി വിഭവ സമൃദ്ധമായ സദ്യയും കഴിച്ചു പലരും വയറ് നിറഞ്ഞ സംതൃപ്തിയോടെ ഏമ്പക്കം വിട്ടു… വർണ്ണത്തൂലികയിൽ നിന്നും പ്രതിലിപിയിൽ നിന്നുമായി കുറെ ആളുകൾ വിവാഹത്തിനു  എത്തിയിരുന്നു… വിവാഹം കഴിഞ്ഞയുടനെ സദ്യപ്പുരയിലേക്ക് ഒരോട്ടമായിരുന്നു പെണ്ണുങ്ങൾ… കൊതിയൂറും കറികളുടെയും പായസത്തിന്റെയും മണം വിശന്നു കാഞ്ഞ വയറിനെ കൂടുതൽ ആളിക്കത്തിച്ചു… സദ്യയുടെ ടേസ്റ്റ് കാരണം പലരും ഇലവരെ വടിച്ചു നക്കി🤭🤭🤭….

“എടീ സത്യം പറയാലോ ഇത്രയും രുചികരമായ ആഹാരം ഇതുവരെ കഴിച്ചിട്ടില്ല… കൈ നക്കിയട്ടും നക്കിയട്ടും മതിയാകാതെ വസു ചേച്ചി ചിക്കുവിനെയും  രമ്യനെയും ഷീജയേയും രുദ്രപ്രിയയേയും നോക്കി.. രുദ്രേച്ചി ഇതൊന്നും അറിയുന്നതേയില്ല..വരണ ചോറും കറികളും  മുന്നോട്ട് വിടാതെ ഇലയിലേക്ക് കമഴ്ത്തിക്കുകയാണ്…. ബീഫ് ഇല്ലാത്തതിന്റെ സങ്കടം ഉണ്ടായിട്ടു കൂടി ഷീജേച്ചി രുദ്രേച്ചിയുടെ തൊട്ടു പിന്നാലെ എത്തി.. വസു ചേച്ചിയും ഒട്ടും മോശമല്ല..പിന്നെ ചിക്കുവേച്ചിയും രമ്യേച്ചിയും തീരെ മോശമല്ലാതാനും.. ” എടീ കുറച്ചു ഫോട്ടോ എടുത്തേക്ക് നമ്മൾ ഉണ്ടാക്കിയ രുചികരമായ സദ്യയാണെന്ന് പറഞ്ഞു എഫ്ബിയിൽ സ്റ്റാാസ് ഇട്ട് ഒന്നു മിന്നാം… ഷീജേച്ചി ബുദ്ധി പ്രയോഗിച്ചു…എല്ലാവരും സെല്ഫിയും അല്ലാതെയും ഫോട്ടോ എടുത്തു വധുവരന്മാരെ കണ്ടു യാത്ര ചോദിച്ചിറങ്ങി…

ചെറുക്കന്റെ വീട്ടിലേക്ക് ഇറങ്ങാൻ സമയം സാഗയുടെ കണ്ണുകൾ നിറഞ്ഞു…. അച്ഛനേയും അമ്മയേയും കെട്ടിപ്പിടിച്ചു.. കുഞ്ഞാവയെ എടുത്തു ഒരുപാട് ഉമ്മവെച്ചു “എന്തിനാടീ പെണ്ണേ കരയുന്നത്.. ഞങ്ങളും ഇന്ന് അങ്ങോട്ട് വരുവാ” “സത്യാണോ അമ്മേ” സന്തോഷത്താൽ സാഗയുടെ കണ്ണുകൾ മിഴിഞ്ഞു…. “ഞങ്ങൾ ഇപ്പുറത്തെ വീട്ടിലുണ്ടാകും..ഒരു വിളിപ്പുറത്ത്… ശേഖരൻ അരുമയോടെ മകളെ തലോടി… ” അച്ഛേ ഇടക്കിടെ വരണം എന്നെ കാണാൻ… രാമൻകുട്ടിക്ക് അരികിലായെത്തി… “നീ പറഞ്ഞില്ലെങ്കിലും അച്ഛ വരും എന്റെ ആൺകുട്ടിയെ കാണാൻ… നിറഞ്ഞ മനസ്സോടെ അയാൾ അവളുടെ തലയിൽ കൈവെച്ചു… ” അച്ഛേടെ കുട്ടിക്ക് നല്ലതേ വരൂ…. “എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ … സച്ചി എല്ലാവരെയും നോക്കി… ‘പോയി വരൂ മക്കളെ…. സച്ചിയും സാഗയും ഒരു കാറിലും മറ്റൊന്നിൽ സച്ചുവും ഗൗതമിയും കയറി…

കാറ് നീങ്ങി കണ്ണിൽ നിന്ന് മറയുവോളം നോക്കി നിന്നു… സാഗ അവരെ നോക്കി കൈ വീശിയത് മറഞ്ഞു… ആകെയൊരു മ്ലാനത അവരെ പിടികൂടി… സാഗയുടെ ഇല്ലാത്തതിന്റെ കുറവ് ശരിക്കും അനുഭവപ്പെട്ടു തുടങ്ങിയെന്ന് അവർക്ക് മനസ്സിലായി.. കാറുകൾ സച്ചിയുടെ വീടിനു മുമ്പിലായി നിന്നു ..വധു വരന്മാർ പുറത്തേക്കിറങ്ങി…സാഗ കൂടെയുളളത് ഗൗതമിക്ക് വലിയൊരു ആശ്വാസമായിരുന്നു… ഗൗരി കത്തിച്ച നിലവിളക്ക് മരുമക്കളെ ഏൽപ്പിച്ചു… “ഇതുപോലെ ഒത്തൊരുമയോടെ ഒന്നിച്ചു എപ്പോഴും ഉണ്ടാകണം അമ്മയുടെ മക്കൾ… സാഗരയേയും ഗൗതമിയേയും അനുഗ്രഹിച്ചു… അവർ ആ വീടിന്റെ വലതുകാൽ ചവിട്ടി അകത്തേക്ക് കയറി… പൂജാമുറിയിൽ നിലവിളക്ക് വെച്ചു പ്രാർത്ഥിച്ചു… വൈകുന്നേരത്തെ ചടങ്ങുകൾ കഴിഞ്ഞു…

കുളിച്ചു ഫ്രഷായി വേഷം മാറി സാഗയും ഗൗതമിയും എത്തി… രാത്രി ഏഴുമണിക്ക് മുമ്പായി സാഗയുടെയും ഗൗതമിയുടേയും വീട്ടിൽ നിന്ന് എല്ലാവരും എത്തി…വീണ്ടും അവരിൽ സന്തോഷം നിറഞ്ഞു… ചടങ്ങുകൾ കഴിഞ്ഞു.. എല്ലാവരും പോകാനായി ഇറങ്ങി… “എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ… ഗൗതമിയുടെ അച്ഛനും അമ്മയും യാത്ര ചോദിച്ചു… ” ശരി അങ്ങനെ ആകട്ടെ..വീണ്ടും കാണാം ” ഗൗരി പറഞ്ഞതോടെ അവർ പോകാനായി  ഇറങ്ങി…. “മോളെ നോക്കിയും കണ്ടും നിൽക്കണം..ഇവിടെ ഒരു കുറവും ഉണ്ടാകില്ല..എല്ലാവരും നല്ലവരാ” ഗൗതമിയെ മാതാപിതാക്കൾ ചേർത്തു പിടിച്ചു… “ഇവിടെ യാതൊരു കുഴപ്പവുമില്ല..അച്ഛനും അമ്മയും വിഷമിക്കേണ്ടാ..കൂടെ സാഗരയുണ്ട്… സാഗയിലുളള വിശ്വാസം വാക്കുകളിൽ നിറഞ്ഞു…

” അറിയാം മോളേ..സാഗമോൾ നന്മയുളള കുട്ടിയാ…അതോണ്ടല്ലേ  മോൾക്കൊരു നല്ല ജീവിതം കിട്ടിയത്” “അതേ അച്ഛാ” അവർ സംസാരിച്ചു നിൽക്കുമ്പോഴേക്കും സാഗര അങ്ങോട്ടേക്ക് എത്തി.. “മോളേ നിന്നോട് ഞങ്ങൾ ജീവിതകാലം മുഴുവനും കടപ്പെട്ടിരിക്കും” “കടപ്പാടൊന്നും വേണ്ടാ അച്ഛാ….എല്ലാവരും സ്നേഹമായി ഇരിക്കണം എനിക്കത്രയേയുള്ളൂ…. സാഗര തന്റെ നിലപാട് വ്യക്തമാക്കി…ഗൗതമിയുടെ മാതാപിതാക്കളുടെ മനസ്സ് നിറഞ്ഞു.. സ്നേഹത്തോടെ അവർ അവളെ ചേർത്തു പിടിച്ചു… ” ഡീ പിന്നെ… അവൾ കൂട്ടുകാരിയുടെ നേർക്ക് തിരിഞ്ഞു… “പഴയത് പോലെ എടീ പോടീന്ന് വിളിച്ചാൽ മതി.. അതാ എനിക്ക് ഇഷ്ടം.. ഏട്ടത്തിയമ്മേന്ന് വിളിച്ചു വന്നാൽ നിന്നെ ഞാൻ പറപ്പിക്കും…. എല്ലാവരും അതുകേട്ട് ഉറക്കെ ചിരിച്ചു…

” മോളേ സാഗേ… അച്ഛന്റെ സ്നേഹം നിറഞ്ഞ വിളി എത്തിയപ്പോൾ സാഗ തല ചരിച്ചു നോക്കി.. ശേഖരനും സേതുവും രാമൻകുട്ടിയും അവർക്ക് അരികിലേക്ക് നടന്നു വന്നു.. “സമയം ഒരുപാടായി മോളെ ഞങ്ങളും ഇറങ്ങട്ടെ… മനസ്സിലൊരു നോവ് ഉണർന്നെങ്കിലും പുഞ്ചിരിയോടെ തലയാട്ടി.. കുഞ്ഞാവയെ എടുത്തു ഉമ്മവെച്ചു… ” കൂടെ ഞാനില്ലെങ്കിലും എനിക്ക് പകരമായി എന്റെ കുഞ്ഞാവ അച്ഛനും അമ്മക്കും കൂട്ടായി ഉണ്ട്…. “മോളേ… സേതു കണ്ണുനീരോടെ വിളിച്ചു… ” ആർക്കും ആരും പകരമാകില്ല മോളെ…ഞങ്ങൾക്ക് നീ കഴിഞ്ഞേയുള്ളൂ..നീയാ ആദ്യമായി ഞങ്ങളെ അമ്മേ എന്നു വിളിച്ച ആദ്യത്തെ മകൾ…അല്ലേ ശേഖരേട്ടാ… ശരിയല്ലേന്ന ഭാവത്തിൽ ഭർത്താവിനെ നോക്കി… “അതേ…. ” അമ്മേ.. ഇതെന്റെ അമ്മ തന്നാ ട്ടൊ… സാഗ സേതുവിനെ കെട്ടിപ്പിടിച്ചു…..

“ഇന്ന് ഒരുദിവസം ഒന്ന് കരയാതെ സന്തോഷമായിട്ടിരിക്ക് മോളെ.. ” ആനന്ദക്കണ്ണീരാ അമ്മക്കുട്ടി” നനവാർന്ന മിഴിനീരിലും അവൾ പുഞ്ചിരിച്ചു… “ഞങ്ങൾ ഇന്നു വീട്ടിൽ കാണും ..നാളെയെ മടങ്ങൂ… സേതുവിന്റെ വീടിനെ അർത്ഥമാക്കിയാണു ശേഖരൻ പറഞ്ഞത്.. ” എങ്കിൽ പിന്നെ ഗൗതുവിന്റെ അച്ഛനും അമ്മയും കൂടി അവിടെ തങ്ങട്ടെ..നാളെ ഒരുമിച്ച് പോകാം… സാഗ അഭിപ്രായപ്പെട്ടു… “അതൊരു നല്ല കാര്യമാണ്… എന്നത്തേയും പോലെ രാമൻകുട്ടി സാഗരയുടെ അഭിപ്രായത്തെ പിന്തുണച്ചു…എല്ലാവർക്കും അത് തൃപ്തികരമായി. ‘”അച്ഛേ….എന്നും കൂടെ ഉണ്ടാകണം.. ” അച്ഛ എന്നും കൂടെയുണ്ട് മോളെ…ശരീരം കൂടെയില്ലെങ്കിലും ന്റെ കുട്ടീടെ കൂടെ അച്ഛയുടെ മനസ്സ് ഉണ്ടാകും..ഒപ്പം ആശീർവാദവും.. രാമൻകുട്ടി അവളെ ചേർത്തു പിടിച്ചു… അയാളുടെ നയനങ്ങൾ നിറഞ്ഞിരുന്നു… “എന്നെ വീണ്ടും കരയിക്കോ” കുസൃതിയോടെ ചോദിച്ചു.. “ഒന്നു പോടീ പെണ്ണേ” കണ്ണുകൾ തുടച്ചു രാമൻകുട്ടി കൈ വീശി…സാഗര കുടുകുടെ ചിരിച്ചു…

രാത്രിയിൽ ഗൗതമിയുടെ മാതാപിതാക്കളും ശേഖരനും സേതുവും രാമൻകുട്ടിയും സേതുവിന്റെ അവരുടെ വീട്ടിൽ തങ്ങി…മോൾ അടുത്തില്ലെന്നൊരു തോന്നൽ ഉണ്ടാകരുത്…അവൾക്ക് തങ്ങളും…അതിനാലാണ് അവരവിടെ നിന്നത്… അലങ്കരിച്ച മുറിയിൽ സച്ചി സാഗയെ കാത്തിരുന്നു…. ഗൗരി രണ്ടു മരുമക്കളുടെ കയ്യിലും പാൽ ഒഴിച്ചു കയ്യിൽ കൊടുത്തു.. “പതിവുകളൊന്നും തെറ്റിക്കേണ്ടാ… രണ്ടു പേരും ഒന്നു പുഞ്ചിരിച്ചു.. ” രണ്ടു പേരും അമ്മക്ക് ഒരുപോലെയാ ട്ടൊ..മൽസരങ്ങളൊന്നും വേണ്ടാ.. നിറഞ്ഞ മനസ്സോടെയാണു അവരത് പറഞ്ഞത്… ഗൗതമി സച്ചുവിന്റെയും സാഗര സച്ചിയിടെ മുറിയിലേക്കും പോയി…അവരെയും പ്രതീക്ഷിച്ചു സച്ചിയും സച്ചുവും കാത്തിരുന്നു…

മുറിയിലേക്ക് കയറി വന്ന സാഗരയെ കണ്ടു സച്ചിയൊന്നു പുഞ്ചിരിച്ചു… അവളും അതുപോലൊരു പുഞ്ചിരി തിരികെ സമ്മാനിച്ചു… സാഗരക്ക് നാണമൊന്നും തോന്നിയില്ല..തോന്നേണ്ട കാര്യമില്ല..അവൾക്ക് ചിരപരിചിതനാണു അവൻ… “പതിവുകൾ തെറ്റിക്കേണ്ടെന്ന് അമ്മ പറഞ്ഞു… ” അതിനെന്താ തെറ്റിക്കണ്ടാ… അവൻ അർത്ഥം വെച്ച് ഒന്നു പുഞ്ചിരിച്ചു… അത് മനസ്സിലായതും അവളുടെ മുഖം ചെമ്പരത്തി പൂവ് പോലെ ചുമന്ന് തുടുത്തു…. “നിന്നു കാലു കഴിക്കാതെ ഇരിക്കെടോ” സാഗ സച്ചിക്ക് അരികിലായി ഇരുന്നു..പാതി കുടിച്ച പാൽ അവൾക്ക് നേരെ നീട്ടിയത് മടി കൂടാതെ വാങ്ങിക്കുടിച്ചു…

“നമുക്ക് ഇടയിൽ എടാ പോടാ ബന്ധം മതി സാഗ…നല്ല സൗഹൃദം..അതിലുപരി നല്ലൊരു ഭാര്യയും ഭർത്താവും… സച്ചി അവന്റെ മനസ്സ് തുറന്നു… അവൾക്കും അതു കൂടുതൽ ഇഷ്ടപ്പെട്ടു… നല്ലൊരു സുഹൃത്തിനു മാത്രമേ നല്ലൊരു ശ്രോതാവാകാൻ കഴിയൂ…എങ്കിൽ മാത്രമേ പരസ്പരം മനസ്സ് തുറന്നു സംസാരിക്കാൻ കഴിയൂ…സംസാരിച്ചാലെ ഇരുവർക്കും ഇടയിലുള്ളത് അറിയാൻ കഴിയൂ.. അതിനു ഏറ്റവും നല്ലത് സൗഹൃദമാണു…ആണിനും പെണ്ണിനും മേൽക്കോയ്മ ഇല്ലാത്തത് സൗഹൃദത്തിൽ മാത്രമേയുള്ളൂ…. ” മറ്റുള്ളവർക്ക് മുമ്പിൽ ആയാലും ഇങ്ങനെ മതി സച്ചി….അല്ലെങ്കിൽ ദാമ്പത്യത്തിൽ പിന്നീട് എന്നെങ്കിലും ഇതൊരു അഭിനയം മാത്രമാകും… “അതേ സാഗ..നൂറു ശതമാനം സത്യം…ജീവിതത്തിൽ രണ്ടു കൂട്ടരും അഡ്ജസ്റ്റ് ചെയ്യണം.. കുറവുകൾ എല്ലാവർക്കും ഉണ്ടാകും..അത് പരസ്പരം അംഗീകരിച്ചു ചേർത്തു പിടിക്കുമ്പോൾ മാത്രമേ ജീവിതം മനോഹരമാകും…. ‘

” അതെ…സച്ചി… അവൻ പുണർന്നതോടെ അവൾ അവന്റെ നെഞ്ചിലക്ക് ചാഞ്ഞു കിടന്നു… പരസ്പരം പിന്നെയും കുറച്ചു സമയം കൂടി സംസാരിച്ചു… “ഇങ്ങനെ സംസാരിച്ചു ഇരുന്നാൽ നേരം വെളുക്കും” സച്ചി പറഞ്ഞതും കള്ളച്ചിരിയോടെ അവൾ ഇമകളടച്ചു….പതിയെ അവളെ കിടക്കയിലേക്ക് ചായിച്ചു… “അതേ ലൈറ്റ് ഓഫ് ചെയ്യണ്ടാ…ജീവിതം ആരംഭിച്ചു തുടങ്ങുന്നതും ജീവിക്കേണ്ടതും വെളിച്ചത്തിൽ തന്നെയാ…. സാഗ മിഴികൾ തുറക്കാതെ പറഞ്ഞു… അർത്ഥം മനസ്സിലയതും സച്ചി അവളെ ആലിംഗനം ചെയ്തു അവളിലേക്കണഞ്ഞു…. ഇനിയുള്ള പ്രഭാതങ്ങളും രാവുകളും ഇനിയെന്നും അവർക്ക് കൂടി വേണ്ടിയാണ്… ജീവിക്കട്ടെ അവരെന്നും പ്രണയത്തോടെ….. (അവസാനിച്ചു) ഇതുവരെ ഒരു റിവ്യൂ എഴുതാത്തവരും തന്നവരും നവവധു സ്റ്റോറി അവസാനിക്കുന്ന ഈ സമയത്ത് എങ്കിലും നീണ്ട ഒരു റിവ്യൂ തരുമെന്ന് പ്രതീക്ഷിക്കുന്നു.. കാരണം നിങ്ങളുടെ അഭിപ്രായങ്ങൾ തന്നെയാണ്‌ തുടർന്നും എഴുതാൻ ഏതൊരു എഴുത്തുകാർക്കും ഊർജ്ജം… മനസ്സിലെ ക്ലൈമാക്സ് തന്നെയാണ് എഴുതിയത്… ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരു പാട് ലുബ്..ഇനിയും സപ്പോർട്ട് തുടർന്നു പ്രതീക്ഷിക്കുന്നു… ലവ്വ് യൂ ഓൾ…🥰🥰🥰