18/04/2026

നവവധു : ഭാഗം 25

രചന – സുധീ മുട്ടം

അടുത്ത ദിവസം രാവിലെ എഴുന്നേറ്റു സാഗര ജോലികൾ പെട്ടന്ന് ഒതുക്കി..ഇന്നലെ തീരുമാനിച്ചത് പോലെ മൂന്ന് പേരും മൂന്നിടങ്ങളിലായി ആളുകളെ ക്ഷണിക്കാനായി പുറപ്പെട്ടു… “എന്റെ അച്ഛന്റെ വിവാഹമാണ് എല്ലാവരും വരണം.. സാഗയെ അറിയാവുന്നവരെല്ലാം നിറഞ്ഞ മനസ്സോടെ ആശീർവദിച്ചു.. ” മകളായാൽ സാഗരയെ പോലെ വേണം.. ഓരോത്തരും അനുഗ്രഹിച്ചതോടെ മനസ്സ് നിറഞ്ഞു.. തന്റെ തീരുമാനം ശരിയാണെന്ന് ഉറപ്പായി.. രണ്ടുമണിയോടെ മൂവരും തിരികെയെത്തി.. “ഇനി ഊണ് കഴിച്ചിട്ട് മതി സംസാരം…” എല്ലാവരും കുറച്ചു സമയം വിശ്രമിച്ചു..സാഗര ഭക്ഷണം വിളമ്പി..സംതൃപ്തിയോടെ കഴിച്ചു.. ഊണ് കഴിഞ്ഞു മൂവരും കൂടി ഒത്തുകൂടി വിശേഷങ്ങൾ പങ്കുവെച്ചു… “മോളേ…നീ ആയിരുന്നെടീ ശരി…എല്ലാവർക്കും സന്തോഷമായി” ശേഖരൻ മകളെ അഭിമാനത്തോടെ ചേർത്തു പിടിച്ചു…

സന്തോഷത്താൽ മനം തുടിച്ചു.. “മോളുടെ ബുദ്ധി നന്നായി.. അല്ലെങ്കിൽ കല്യാണം എത്ര ദിവസം വിളിച്ചാലും തീരില്ല” അവളൊന്ന് പുഞ്ചിരിച്ച ശേഷം അകത്തേക്ക് കയറി… അമ്മക്ക് ഉടുക്കാനുളള തുണികളും കല്യാണ പുടവയും എടുത്ത് നോക്കി സംതൃപ്തിപ്പെട്ടു… “അമ്മക്കെല്ലാ കളറും നന്നായി ഇണങ്ങും… കട്ടിലേക്ക് കിടന്നതും മയങ്ങിപ്പോയി..രാവിലെ മുതലുള്ള അലച്ചിലായിരുന്നു..നല്ല ക്ഷീണവുമുണ്ട്.. വൈകുന്നേരം എഴുന്നേറ്റു അച്ഛനു പതിവ് ചായ കൊടുത്തു.. രാമൻകുട്ടി വീട്ടിലേക്ക് മടങ്ങിയിരുന്നു…അച്ഛനും മകളും അടങ്ങിയ പകൽ രാത്രിയിലേക്ക് കൊഴിഞ്ഞു വീണു… ” അച്ഛാ വൈകിട്ട് അമ്മയുടെ വീട്ടിലേക്കൊന്നു പോകണ്ടേ” ഉച്ചക്കത്തെ ഊണും കഴിഞ്ഞു ശേഖരൻ പൂമുഖത്ത് കസേരയിൽ ഇരിക്കുകയായിരുന്നു..കൂടെ രാമൻകുട്ടിയും ഉണ്ട്.. “അതു വേണോ മോളേ” “വേണം അച്ഛാ…ആഘോഷങ്ങളില്ല കാര്യം.. നമ്മൾ അവിടെ വരെ ചെന്നാലത് അമ്മക്കൊരു സന്തോഷമാണ്”.. ” അതന്നെ ശേഖരാ..നമുക്ക് വൈകുന്നേരം ഒന്നു പോകാം” രാമൻ കുട്ടിയും അഭിപ്രായപ്പെട്ടതോടെ പോകാമെന്ന് അയാൾ സമ്മതിച്ചു..

വൈകുന്നേരം ആയതോടെ രാമൻകുട്ടി കാറുമായെത്തി…എല്ലാവരും സേതുലക്ഷ്മിയുടെ വീട്ടിലേക്ക് യാത്രയായി.. നാളെ വിവാഹമാണ്…ബഹളങ്ങളോ ആരവങ്ങളോ  ഒന്നുമില്ലാതെ പതിവ് പോലെ ആയിരുന്നു അവിടം‌.. ശേഖരനും രാമൻകുട്ടിയും സാഗരയും കൂടി കയറി വരുമ്പോൾ സച്ചിയും സച്ചുവും അവരുടെ അമ്മയും സേതുവും കൂടി സംസാരിച്ചു ഇരിക്കുകയായിരുന്നു..കയറി വന്നവരെ അവർ ക്ഷണിച്ചു ഇരുത്തി… സാഗയുടെ മിഴികൾ സച്ചിയിൽ പതിഞ്ഞതും ഒരു പുഞ്ചിരി വിടർന്നു… അവൾ അമ്മയുടെ മുറിയിലേക്ക് കയറിയതോടെ അവനും പിന്നാലെ എത്തി.. “ഫോൺ വിളിച്ചാൽ മിണ്ടാനെന്താടോ ഇത്രമടി.. സാഗയൊന്നു ചിരിച്ചു..

“എനിക്ക് മടിയൊന്നും ഇല്ല.. ” പിന്നെന്താ മിണ്ടാതിരുന്നത്… “അതുപിന്നെ എനിക്കങ്ങനെ തോന്നി.. ” എങ്ങനെ… ” “മിണ്ടാതെ ഹൃദയമിടിപ്പിന്റെ താളം കേട്ടു മൗനമായി പ്രണയിക്കുന്നതാണെന്ന്.. ” താൻ കൊള്ളാവല്ലോടോ … സച്ചി പൊട്ടിച്ചിരിച്ചു.. “കൊള്ളാഞ്ഞിട്ടാണോ എന്നെ കെട്ടാൻ പോകുന്നത്… ” എടീ കാന്താരി.. നിന്നെ ഞാൻ.. “പോടാ… കുറുമ്പോടെ അവളൊന്ന് ചുണ്ട് വക്രിച്ചു… സച്ചി അവൾക്ക് അരികിലേക്ക് വരുന്നതിനു അനുസരിച്ച് സാഗര പിന്നോക്കം ചുവടുകൾ വെച്ചു…ഒടുവിൽ പിന്നിലെ ഭിത്തിയിൽ തട്ടി അവൾ നിന്നു.. ” ഇനി എങ്ങോട്ട് പോകും… രണ്ടു കൈകളും നീട്ടി  ഭിത്തിയിൽ വെച്ചു… സച്ചിയുടെ മുഖം കൂടുതൽ അടുത്തേക്ക് വന്നു…അവളുടെ ചുടുനിശ്വാസങ്ങൾ അവന്റെ മുഖത്ത് പതിച്ചു…മിഴികൾ തമ്മിൽ കോർത്തു…

അവളുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു തുടങ്ങി.. “പറയെടീ കാന്താരി.. എങ്ങോട്ടു പോകും.. ” ദാ ഇങ്ങോട്ട്… കുനിഞ്ഞ് അവൾ തെന്നി മാറിയിട്ട് കുലുങ്ങി ചിരിച്ചു… നുണക്കുഴികൾ വിരിഞ്ഞ പുഞ്ചിരിക്ക് മാഴവിൽ ചാരുത നിറഞ്ഞിരുന്നു.. “സാഗേ” “എന്തോ… അവൻ നീട്ടി വിളിച്ചതോടെ അവൾ വിളി കേട്ടു.. ” നാളെ എന്റെ അമ്മയെ കൊണ്ടു പോകുവാ അല്ലേ” സ്വരത്തിൽ വേദന കലർന്നത് സാഗര തിരിച്ചറിഞ്ഞു…അവനെത്രമാത്രം സേതുവിനെ സ്നേഹിച്ചിരുന്നെന്ന് മനസ്സിലായി..അവളൊരു നോവോടെ അവനെ നോക്കി.. “പാവാമാ എന്റെ അമ്മ സേതുലക്ഷ്മി.. പഞ്ച പാവം..സ്നേഹിക്കാൻ മാത്രം അറിയാവുന്നൊരു സ്ത്രീ..ഞാനിതൊന്നും പ്രത്യേകം പറഞ്ഞു തരേണ്ട ആവശ്യമില്ലെന്ന് അറിയാം..സാഗക്ക് അറിയാവുന്നതാണു എല്ലാം… സാഗര മെല്ലെ തലയാട്ടി.. ” സന്തോഷം എന്തെന്ന് പാവം അറിഞ്ഞത് ഭർത്താവ് ഉപേക്ഷിച്ചു പോയതോടെ ആണ്..അത്രക്കും ദുഷ്ടനായിരുന്നു അയാൾ… അവനിൽ മിഴിനീര് പൊടിഞ്ഞു..

“അമ്മ പ്രസവിക്കാഞ്ഞത് അമ്മയുടെ കുഴപ്പം കൊണ്ടല്ലെടോ..അയാളുടെ കഴിവുകേടുകൾ അമ്മയുടെ പുറത്ത് കെട്ടിവെച്ചു അയാൾ മാന്യത ചമയുകയായിരുന്നു… അവളൊന്ന് നടുങ്ങി പിടഞ്ഞു.. അമ്മ അനുഭവിച്ച വേദനകൾ മനസ്സിലൂടെ കടന്നു പോയതോടെ ഇടനെഞ്ച് പകുത്ത് മാറി.. ” അമ്മ ഇങ്ങനെ ആകില്ല പറഞ്ഞതെന്ന് എനിക്ക് അറിയാം…അതുകൊണ്ട് ആണ് ഞാനെല്ലാം തുറന്നു സംസാരിക്കുന്നത്… സാഗയെ ശ്രദ്ധിച്ചു കൊണ്ട് സച്ചി സംസാരം തുടർന്നു… “വിവാഹം കഴിഞ്ഞു അമ്മക്കൊരു കുഞ്ഞവാവ ഉണ്ടായാൽ വെറുക്കരുത് നീ അവരെ…. ഒരുമിന്നൽ പിണർ പാദം മുതൽ ഉച്ചിവരെ പാഞ്ഞു കയറി…. അവളാകെ ഉലഞ്ഞു പോയി.. ഒറ്റക്ക് വളർന്ന നാൾ മുതൽ ഒരുപാട് ആഗ്രഹിച്ചതാണൊരു കുഞ്ഞുവാവയെ..ഒരനിയനയോ അനിയത്തിയേയോ…എല്ലാവർക്കും കൂടപ്പിറപ്പ് ഉണ്ടെന്ന് മനസ്സിലായതോടെ അച്ഛനോടും സങ്കടം പറഞ്ഞു.

അമ്മ പോയതോടെ ഇനി കുഞ്ഞാവയെ കിട്ടില്ലെന്ന് അറിഞ്ഞു ഒരുപാട് വിഷമിച്ചു.. കാലം കടന്നു പോകെ തനിക്ക് അച്ഛനും,,, അച്ഛനു താനും മാത്രമേ ഉള്ളുവെന്നു വിശ്വസിച്ചു ..അതായിരുന്നു സത്യവും..അമ്മ എന്ന സത്യം എപ്പോഴും മനസ്സിലൊരു നോവായി നിറഞ്ഞു നിന്നു..അച്ഛനൊരു വിവാഹം കഴിച്ചിരുന്നെങ്കിൽ ഒരമ്മയേയും കുഞ്ഞാവയേയും കിട്ടുമായിരുന്നെന്ന് ആഗ്രഹിച്ചിട്ടുണ്ട്..ഒത്തിരി പ്രാവശ്യം… ” സാഗ വിഷമിക്കാൻ പറഞ്ഞതല്ല..ഇത്രയും ഏജ്ഡ് ആയതിനാൽ സംഭവിക്കില്ല..എന്നാലും ഒന്ന് സൂചിപ്പിച്ചെന്നെയുള്ളൂ… അവളുടെ ഓരോ ഭാവവും ചലനവും സൂക്ഷമതയോടെ നിരീക്ഷിക്കുകയായിരുന്നു സച്ചി..ഉടനെ അവളൊരു പൊട്ടിക്കരച്ചിലോടെ അവനിലേക്ക് ചാഞ്ഞു… “എന്റെ അമ്മക്കൊരു കുഞ്ഞുവാവ ഉണ്ടായാൽ ഞാനാകും സച്ചി ഏറ്റവും കൂടുതൽ സന്തോഷിക്കുക…എപ്പോഴും ഇപ്പോഴും ന്റെ ആഗ്രഹമാ നിക്കൊരു കൂട്ട്… അവളിലെ കണ്ണുനീർ അവനിലേക്ക് ഒലിച്ചിറങ്ങി..

മനസ്സ് നിറഞ്ഞ സ്ംതൃപ്തിയോടെ അവളെ ആശ്ലേഷിച്ചു…. “നല്ല മനസ്സാടോ തന്റെ…എന്റെ സിലക്ഷൻ ഒരിക്കലും തെറ്റിയിട്ടില്ല… സച്ചി അഭിമാനത്തോടെ പറഞ്ഞു..സാഗയുടെ മനസ്സ് സന്തോഷത്താൽ നിറഞ്ഞു..എന്തുകൊണ്ട് അമ്പുവിനേക്കാൾ അനുയോജ്യൻ സച്ചിയാണ്..അന്ന് അയാളെ ഒഴിവാക്കി വിട്ടത് എത്രയോ  നന്നായി… ” വാ നമുക്ക് അങ്ങോട്ടേക്ക് പോകാം” സച്ചിക്ക് പിന്നാലെ അവളും നടന്നു..ഇരുവരും ഒരുമിച്ച് വരുന്നത് കണ്ടു എല്ലാവരുടെയും മനസിലൊരു സന്തോഷമുണ്ടായി.. “സാഗരക്ക് സച്ചി നന്നായി ഇണങ്ങും… ” അമ്മേ… “എന്താ മോളേ.. സാഗര വിളിച്ചതോടെ സേതു വിളികേട്ടു.. ” അച്ഛാ അതങ്ങ് കൊടുത്തേക്ക്… “ശരി മോളേ… കാ എല്ലാവരും അമ്പരന്നു ഒന്നു… രാമൻ കുട്ടിക്ക് കാര്യം എന്താണെന്ന് മനസ്സിലായി.. ” അമ്മ ഒന്ന് എഴുന്നേറ്റു നിൽക്കൂ… ഒന്നും മനസ്സിലായില്ലെങ്കിലും അവർ എഴുന്നേറ്റു നിന്നു..ശേഖരൻ അവർക്ക് അരികിലേക്ക് നീങ്ങി നിന്നു..

കയ്യിൽ കരുതിയ ചുവപ്പ് സഞ്ചി സേതുവിന്റെ കയ്യിൽ കൊടുത്തു.. “ഇതണിഞ്ഞു വേണം നാളെ ക്ഷേത്രത്തിലെത്താൻ… അവർ പൊതി അഴിച്ചു നോക്കി..കുറെയേറെ സ്വർണ്ണാഭരണങ്ങൾ.. ” എന്തിനാ ശേഖരേട്ടാ എനിക്ക് ഇതെല്ലാം.. മോൾക്ക് കൊടുത്തേക്ക്… സ്വരമൊന്ന് ഇടറി… പിന്നെ മിഴിനീരു പൊഴിച്ചു…സന്തോഷത്തോടെ… “മോളായിട്ട് തരണതാ എന്റെ അമ്മക്ക്… പറയുമ്പോൾ മിഴികൾ നിറഞ്ഞിട്ടും സാഗര പുഞ്ചിരിച്ചു.. ” എന്റെ അമ്മ സുന്ദരിയായി വേണം വരാൻ… അവളമ്മയെ കെട്ടിപ്പിടിച്ചു… നെറ്റിയിൽ മുത്തി.. “എന്റെ അമ്മയാ…എന്റെ സ്വന്തം അമ്മ..എനിക്ക് കിട്ടിയ പുണ്യം…. സേതുലലക്ഷ്മി സന്തോഷത്തോടെ അവളെ അണച്ചു പിടിച്ചു… ” ഇതുപോലൊരു മകളുടെ അമ്മയാകാൻ കഴിയുകയെന്നതൊരു സൗഭാഗ്യമാണ്…. ചേർത്ത് മൂർദ്ധാവിൽ ചുംബിച്ചു..

നിറഞ്ഞ മനസ്സോടെ… “എങ്കിൽ രാത്രിയിൽ യാത്ര പറച്ചിലില്ല…രാവിലെ അമ്പലത്തിൽ വെച്ചു കാണാം… രാമൻകുട്ടി എഴുന്നേറ്റു.. ഒപ്പം ശേഖരനും സാഗരയും… അവൾ സച്ചിയോടെ കണ്ണുകളാൽ യാത്ര ചോദിച്ചു…. പത്തുമണി കഴിഞ്ഞാണു വീട്ടിലെത്തിയത്..രാമൻകുട്ടി പോയതോടെ കുളി കഴിഞ്ഞു അത്താഴം കഴിച്ചു അവർ ഉറങ്ങി…. അടുത്ത ദിവസം രാവിലെ പതിവ് സമയത്ത് അലാറാം ഇട്ടത് പോലെ സാഗര എഴുന്നേറ്റു… കുളി കഴിഞ്ഞു അച്ഛനെ വിളിച്ചുണർത്തി.. ” പോയി കുളിച്ചിട്ട് വാ അച്ഛാം..ഒരുമിച്ച് ക്ഷേത്രത്തിൽ പോയി തൊഴുത് വരാം” ശേഖരൻ എഴുന്നേറ്റു കുളിക്കാനായി പോയി..തിരികെ വന്നപ്പോഴേക്കും അവൾ ഒരുങ്ങി കഴിഞ്ഞു…അയാൾ മുണ്ടും ഷർട്ടും ധരിച്ച് എത്തിയതോടെ അവർ ക്ഷേത്രത്തിലേക്ക് പോയി… “കാത്ത് രക്ഷിക്കണേ..എല്ലാം ശുഭമാക്കി തരണേ… മനസ്സ് നിറഞ്ഞു അവൾ പ്രാർത്ഥിച്ചതോടെ ഉള്ളിലൊരു തണുപ്പ് നിറഞ്ഞു…ശ്രീകോവിലിനു മൂന്ന് വലത്തിട്ട് പുറത്തേക്കിറങ്ങി ഒരിക്കൽ കൂടി തിരിഞ്ഞു നിന്നു നെഞ്ചിലേക്ക് കൈ ചേർത്ത ശേഷം വീട്ടിലേക്ക് നടന്നു.. പ്രഭാതമായി വരുന്നതേയുള്ളൂ…പരിചിതമായ മുഖങ്ങളെ പുഞ്ചിരിയാൽ നേരിട്ടു..

ഏഴര കഴിഞ്ഞതോടെ വീട്ടിലേക്ക് ആളുകളുടെ വരവ് തുടങ്ങി… രാമൻകുട്ടി രാവിലത്തേക്കുളള ഇഡ്ഡിലിയും സാമ്പാറും കാറ്ററിങ്ങുകാരെ ഏൽപ്പിച്ചിരുന്നു..കൃത്യസമയത്ത് അവരത് എത്തിച്ചു… ഒമ്പത് മണി കഴിഞ്ഞപ്പോഴേക്കും നാട് മുഴുവനും ഒരുങ്ങി വന്നു… ” ഞങ്ങളുടെ സാഗര കൊച്ചിന്റെ അമ്മയെ കൊണ്ട് വരുന്നതിനു ഗ്രാമം മുഴുവനും ഒരുങ്ങിയട്ടുണ്ട് ശേഖരാ…രണ്ടാം വിവാഹം എന്നാൽ ആരെയും അറിയിക്കാതെ നടത്തുന്ന വിവാഹം അല്ലെന്ന് മോളു തെളിയിച്ചു.. നമ്മൾ ആഘോഷ പൂർവ്വമായി ഇതങ്ങ് നടത്തുവാ..ചെവിനെ ഓർത്ത് താൻ വിഷമിക്കേണ്ടാ..അതൊക്കെ ഞങ്ങൾ നോക്കിക്കൊള്ളാം.. ഒരുഗ്രാമം മുഴുവനും തങ്ങളെ സ്നേഹിക്കുന്നുവെന്ന തിരിച്ചറിവിൽ ശേഖരന്റെ കണ്ണുകൾ നിറഞ്ഞു.. വിളിക്കാത്തവർ പോലുമുണ്ട് വിവാഹത്തിന്..

അപരിചിതമായ പല മുഖങ്ങളും കണ്ടു..പക്ഷേ അവർക്കൊക്കെ ശേഖരനും മകളും പരിചയക്കാരായിരുന്നു… “എല്ലാം എന്റെ അച്ഛന്റേയും അമ്മയുടേയും ഭാഗ്യമാ… സന്തോഷത്തോടെ സാഗര അശ്രുകണങ്ങൾ പൊഴിച്ചു… ഗ്രാമവാസികൾ അവരുടെ ചിലവിൽ വാഹനങ്ങൾ വിളിച്ചിരുന്നു… പത്തുമണിയോടെ എല്ലാവരും വിവാഹം നടക്കുന്ന ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു… ഒരുഗ്രാമം മുഴുവനും ഒരുമിച്ച് വിവാഹത്തിൽ പങ്കെടുക്കുന്നു…അതും രണ്ടാം വിവാഹം.. കേട്ടവർക്ക് പലർക്കും അത്ഭുതമായി…വിവാഹം സെൻസേഷണൽ ന്യൂസായി വാർത്താ മാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെ അയൽ നാടുകളിൽ നിന്നുള്ളവരെ വിവാഹത്തിൽ പങ്കു കൂടാനെത്തി…. ” വിവാഹത്തേക്കാൾ സാഗര എന്ന മകളെ കാണണം എല്ലാവർക്കും… അച്ഛന്റേയും അമ്മയുടേയും വിവാഹം നടത്താനായി മുൻ കയ്യെടുത്ത രാജകുമാരിയെ എല്ലാവരും അഭിമാനത്തോടെ നോക്കി കണ്ടു.. “പെണ്ണായാൽ,,,മക്കളായാൽ സാഗരയെ പോലെയാകണം…ഓരോ മാതാപിതാക്കളും സഹോദരങ്ങളും മനസ്സാൽ ആഗ്രഹിച്ചു… സേതുലക്ഷമിയിൽ ആദ്യമൊരു അങ്കലാപ്പ് നിറഞ്ഞു..

വലിയൊരു ജനസമുദ്രം സാക്ഷിയാണ് വിവാഹത്തിന്… അതിന്റെ പതർച്ച നന്നായിട്ടുണ്ട്.. ” അമ്മ ഒട്ടും ആശങ്കപ്പെടരുത്.എല്ലാവരും നമ്മളെ സ്നേഹിക്കുന്നവരാ…അനുഗ്രഹിക്കാൻ വന്നവരാ‌.. അമ്മക്ക് അവൾ ധൈര്യം പകർന്നു നൽകി…അതോടെ സേതുവിനു ആത്മവിശ്വാസമായി…. പതിനൊന്ന് മണി കഴിഞ്ഞതോടെ ശുഭമുഹൂർത്തം ആരംഭിച്ചു… നാദസ്വര മേളം മുഴങ്ങി…. പൂജിച്ച താലി പൂജാരി ശേഖരനെ ഏൽപ്പിച്ചു… “സമയമായി…. ശേഖരൻ താലി ചാർത്താനൊരുങ്ങി…സേതു തല കുനിച്ചതോടെ താലി കെട്ടി..ഒരുനുള്ള് സിന്ദൂരം എടുത്തു നിറുകയിൽ ചാർത്തി കൊടുത്തതോടെ അവർ വീണ്ടും സുമംഗലിയായി…കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു തുളുമ്പി.. അച്ഛൻ അമ്മയുടെ കഴുത്തിൽ താലി കെട്ടുന്നത് സാഗര സന്തോഷത്തോടെ നോക്കി നിന്നു…

ഇപ്പോൾ അമ്മ സ്വന്തമായി കഴിഞ്ഞിരിക്കുന്നു… അമ്മയെ കെട്ടിപ്പിടിച്ചു അഭിമാനത്തോടെ മനസ്സിൽ ഉറക്കെ പറഞ്ഞു.. ” എനിക്കെന്റെ അമ്മയെ കിട്ടിയേ… കണ്ണുകൾ സച്ചിയിൽ ചെന്നു തറഞ്ഞു…തളള വിരൽ മുകളിലേയ്ക്ക് ഉയർത്തി അവൻ സന്തോഷം അറിയിച്ചു… വിവാഹ ചടങ്ങുകൾ കഴിഞ്ഞതോടെ ഗ്രാമവാസികളുടെ വക അടിപൊളി സദ്യയും കഴിച്ചു വീട്ടിലേക്ക് മടങ്ങി… രാമൻകുട്ടി ആയിരുന്നു എല്ലാത്തിനും മുമ്പിൽ നിന്നത്.. അമ്മക്കും അച്ഛനും ഒപ്പം കൊതി തീരുവോളം ഫോട്ടോ എടുത്തു… വീഡിയോക്കും പോസ് ചെയ്തു… ഉച്ച കഴിഞ്ഞു മൂന്നുമണിക്ക് ആയിരുന്നു വീട്ടിലേക്ക് കയറേണ്ടത്…സാഗര ഏഴു തിരിയിട്ട് നിലവിളക്ക് കൊളുത്തി അമ്മയെ ഏൽപ്പിച്ചു… “ഇനി ഈ വീടിന്റെ വിളക്ക് എന്റെ അമ്മയാ ട്ടൊ… സന്തോഷത്താൽ ഇരുവരുടെയും കണ്ണുകൾ തിളങ്ങി… ശേഖരന്റെ ഭാര്യയായി,സാഗമോളുടെ അമ്മയായി നിലവിളക്കും പിടിച്ചു സേതുലക്ഷ്മി ആ വീടിന്റെ പടികൾ വലതുകാൽ വെച്ചു കയറി…